Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 26

3265

1444 മുഹര്‍റം 28

ഖുര്‍ആനിലെ ഈസാ (അ)

നൗഷാദ് ചേനപ്പാടി

അര്‍ഥവും പൊരുളും / 

ഖുര്‍ആനില്‍ ഈസാ നബി(അ)യെപ്പറ്റി മസീഹ് എന്നു മാത്രവും മസീഹുബ്‌നു മര്‍യം എന്നും മസീഹ് ഈസബ്‌നു മര്‍യം എന്നും ഈസബ്‌നു മര്‍യം, ഇബ്‌നു മര്‍യം എന്നും വന്നിട്ടുണ്ട്. എന്താണതിനു കാരണം?
ഈസാ എന്ന നാമം ഇരുപത്തിയഞ്ച് തവണയാണ് ഖുര്‍ആനില്‍ വന്നിട്ടുള്ളത്. അതില്‍ ഇരുപത്തിയൊന്നു തവണ മദനീ സൂറകളിലും നാലു തവണ മക്കീ സൂറകളിലും. ഈസാ എന്ന നാമം അനറബി പദമാണ്. ഖുര്‍ആനില്‍ പേരെടുത്തു പറഞ്ഞ ഇരുപത്തിയഞ്ച് നബിമാരില്‍ പതിനേഴ് നബിമാരുടെ നാമങ്ങളും അനറബി പദങ്ങളാണ്. ഖുര്‍ആനില്‍ മൊത്തം അമ്പത്തിയെട്ട് അനറബി നാമങ്ങള്‍ വന്നിട്ടുണ്ട്. ജിബ്‌രീല്‍ (അ), മീകാല്‍ (അ) എന്നീ രണ്ടു മലക്കുകളുടെയും തൗറാത്ത്, ഇഞ്ചീല്‍ എന്നീ രണ്ടു വേദഗ്രന്ഥങ്ങളുടെയും നാമങ്ങള്‍ അനറബി പദമാണ്. വിശദപഠനത്തിന് ഡോ. സ്വലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദിയുടെ അല്‍അഅ്‌ലാമുല്‍ അഅ്ജമിയ്യ ഫില്‍ ഖുര്‍ആന്‍ നോക്കുക.
സാധാരണ പിതാവിലേക്കു ചേര്‍ത്തുകൊണ്ടാണ് ഏതു മനുഷ്യനും അറിയപ്പെടുക. എന്നാല്‍, ഈസാ(അ)യുടേത്  അസാധാരണ ജനനമായതിനാല്‍ മാതാവിലേക്കു ചേര്‍ത്തുകൊണ്ടാണ് അദ്ദേഹത്തിന്റെ പേര് അറിയപ്പെടുന്നത്. ഇരുപത്തിയഞ്ചില്‍ ഇരുപത്തിമൂന്നു തവണയും ഇബ്‌നു മര്‍യം എന്ന് മാതാവിലേക്കു ചേര്‍ത്തുകൊണ്ടാണ് ഖുര്‍ആനില്‍ അദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചിട്ടുള്ളത്. ഈസാ എന്നത് അദ്ദേഹത്തിന്റെ യഥാര്‍ഥ നാമവും മസീഹ് എന്നത് ലഖബും അഥവാ ഇരട്ടപ്പേരും ഇബ്‌നു മര്‍യം എന്നത് അദ്ദേഹത്തിന്റെ വിശേഷണവുമാണ്. ഖുര്‍ആനില്‍ പേര് പറയപ്പെട്ട ഒരേ ഒരു സ്ത്രീ ഈസാ നബി(അ)യുടെ മാതാവാണ്. അതും മുപ്പത്തിനാലു തവണ.
മര്‍യം എന്ന പേരും അനറബി പദമാണ്. ആ നാമം ഹീബ്രു ഭാഷയിലേതാണെന്ന് തഫ്‌സീര്‍ തഹ്‌രീര്‍ വ തന്‍വീറിന്റെ കര്‍ത്താവ് ഇബ്‌നു ആശൂര്‍ പറയുന്നു. എല്ലാ നബിമാരും തന്റെ ജനതയെ 'യാ ഖൗമീ' അഥവാ എന്റെ ജനമേ എന്നാണ് വിളിച്ചിട്ടുള്ളതും സംബോധന ചെയ്തിട്ടുള്ളതും. എന്നാല്‍, ഈസാ (അ)  യാ ഖൗമീ എന്നു വിളിച്ചിട്ടില്ല. എന്റെ ജനമേ എന്നു  വിളിക്കണമെങ്കില്‍ അവരുമായി പിതാവു വഴിക്കുള്ള കുടുംബബന്ധം സ്ഥാപിതമാകണമല്ലോ. ഈസാ നബി(അ)ക്ക്  പിതാവില്ല. അതിനാല്‍, അങ്ങനെ സംബോധന ചെയ്യല്‍ ശരിയാവുകയുമില്ല. പകരം 'യാ ബനീ ഇസ്രാഈല്‍' എന്നാണ് തന്റെ പ്രബോധിത സമൂഹത്തെ അദ്ദേഹം വിളിച്ചിട്ടുള്ളത്. 'ഇസ്രാഈല്‍ ഭവനത്തിലെ കാണാതെ പോയ ആടുകളിലേക്ക് മാത്രമാണ് ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത്' എന്നദ്ദേഹം പറഞ്ഞതായി ബൈബിള്‍ പുതിയ നിയമം ഉദ്ധരിക്കുന്നുണ്ട്. ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി മുഹമ്മദ് നബി(സ) 'യാ അയ്യുഹന്നാസ്' (ജനങ്ങളേ) എന്നുമാണ് വിളിക്കുന്നത്. നബി(സ)യുടെ മുമ്പില്‍ ഖൗമില്ല;  നാസ് -ജനങ്ങള്‍-  ആണുള്ളത്. കാരണം, അവിടുന്ന് ലോകാന്ത്യം വരെയുള്ള എല്ലാ ജനതതികളിലേക്കുമുള്ള പ്രവാചകനാണ്.
ഈസാ(അ)യുടെ ഇരട്ടനാമമായ മസീഹ് എന്ന പദം 'മസഹ' എന്ന പദത്തില്‍നിന്ന് നിഷ്പന്നമായതാണ്. മസഹ  എന്ന വാക്കിന് പല അര്‍ഥങ്ങളുമുണ്ട്. തടവുക, മായ്ക്കുക എന്നതാണ് അടിസ്ഥാനാര്‍ഥം. അതില്‍നിന്നാണ് മറ്റര്‍ഥങ്ങള്‍ ഉളവായിട്ടുള്ളത്. ഈസാ നബി(അ) കൈകൊണ്ട് രോഗികളെ തടവുന്നതിനാല്‍ അവര്‍ സുഖപ്പെടുന്നു. അതിനാലാണ് അദ്ദേഹത്തിന് ആ പേരു വന്നതെന്നാണ് പ്രബലമായ അഭിപ്രായം.
 ഈസാ(അ)യുടെ മേല്‍പറഞ്ഞ നാലു രീതിയിലുള്ള പ്രയോഗത്തിനും സൂക്ഷ്മമായ അര്‍ഥതലങ്ങളുണ്ട്. മസീഹ് എന്നും മസീഹ് ഇബ്‌നു മര്‍യം എന്നും പറഞ്ഞ സ്ഥലങ്ങളില്‍ അദ്ദേഹത്തെപ്പറ്റിയുള്ള തെറ്റായ വിശ്വാസത്തെ  തിരുത്തുകയും ശരിയായ വിശ്വാസത്തെ സമര്‍ഥിക്കുകയും ചെയ്യുകയാണ്.  അല്ലാഹു അദ്ദേഹത്തിന്റെ സ്ഥാനമഹത്വം ഉയര്‍ത്തിക്കാട്ടുകയും അദ്ദേഹത്തെ പുകഴ്ത്തുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളിലും ഈ പ്രയോഗം കാണാം. അവിടെ അദ്ദേഹത്തിന്റെ ദൗത്യനിര്‍വഹണത്തെപ്പറ്റിയോ തെളിവ് സമര്‍പ്പണത്തെപ്പറ്റിയോ പറയുന്നില്ല. ഈസാ എന്ന നാമം പരാമര്‍ശിക്കുന്ന ആയത്തുകളിലാണ് നബിയെന്ന നിലക്കുള്ള  അദ്ദേഹത്തിന്റെ ദൗത്യനിര്‍വഹണത്തെപ്പറ്റിയും തെളിവ് സമര്‍പ്പണത്തെപ്പറ്റിയും പറയുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കുക. അല്ലാഹു അദ്ദേഹത്തെ വിളിക്കുന്നതും യാ ഈസാ എന്ന് അദ്ദേഹത്തിന്റെ പേരിലാണ് എന്നതും ശ്രദ്ധേയമാണ്. ഇബ്‌നു മര്‍യം- മര്‍യമിന്റെ മകന്‍- എന്നുമാത്രം പറയുന്ന ആയത്തുകളില്‍ അദ്ദേഹത്തിന്റെ ദൗത്യനിര്‍വഹണവും ഉത്തരവാദിത്വവുമായി ബന്ധപ്പെട്ട കാര്യം പറയുന്നില്ല എന്നതും ശ്രദ്ധിക്കുക. പ്രശംസയുടെ സന്ദര്‍ഭത്തിലാണ് ഇബ്‌നു മര്‍യം എന്നുമാത്രം പറഞ്ഞിട്ടുള്ളതും.
ഇനി അതു സംബന്ധമായ ആയത്തുകള്‍ ശ്രദ്ധിക്കുക:
''മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് ദൈവമെന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും സത്യനിഷേധികളായിരിക്കുന്നു. ചോദിക്കുക: അല്ലാഹു മര്‍യമിന്റെ മകന്‍ മസീഹിനെയും അയാളുടെ മാതാവിനെയും ഭൂമിയിലുള്ളവരെയൊക്കെയും നശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അവന്റെ നടപടിയില്‍ മാറ്റം വരുത്താന്‍ ആര്‍ക്കാണ് കഴിയുക?'' (അല്‍മാഇദ: 17)
''മര്‍യമിന്റെ മകന്‍ മസീഹ് ദൈവം തന്നെയെന്ന് വാദിച്ചവര്‍ ഉറപ്പായും സത്യനിഷേധികളായിരിക്കുന്നു. യഥാര്‍ഥത്തില്‍ മസീഹ് പറഞ്ഞതിതാണ്: ''ഇസ്രയേല്‍ മക്കളേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിനു മാത്രം വഴിപ്പെടുക. അല്ലാഹുവില്‍ ആരെയെങ്കിലും പങ്കുചേര്‍ക്കുന്നവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കും; തീര്‍ച്ച. അവന്റെ വാസസ്ഥലം നരകമാണ്. അക്രമികള്‍ക്ക് സഹായികളുണ്ടാവില്ല.'' (അല്‍മാഇദ: 72)
''യഹൂദര്‍ പറയുന്നു, ഉസൈര്‍ ദൈവപുത്രനാണെന്ന്. ക്രൈസ്തവര്‍ പറയുന്നു, മിശിഹാ ദൈവപുത്രനാണെന്ന്. ഇതെല്ലാം അവരുടെ ജല്‍പനങ്ങള്‍ മാത്രമാണ്. നേരത്തെ സത്യത്തെ നിഷേധിച്ചവരെപ്പോലെത്തന്നെയാണ് ഇവരും സംസാരിക്കുന്നത്. അല്ലാഹു അവരെ ശപിക്കട്ടെ. എങ്ങോട്ടാണ് അവര്‍ വഴിവിട്ട് പോയിക്കൊണ്ടിരിക്കുന്നത്?'' (അത്തൗബ: 30)
''അവര്‍ തങ്ങളുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിനു പുറമെ ദൈവങ്ങളാക്കി സ്വീകരിച്ചു. മര്‍യമിന്റെ മകന്‍ മസീഹിനെയും. എന്നാല്‍ ഇവരൊന്നും ഒരേയൊരു ദൈവത്തിന് വഴിപ്പെടാനല്ലാതെ കല്‍പിക്കപ്പെട്ടിരുന്നില്ല. അവനല്ലാതെ ദൈവമില്ല. അവര്‍ പങ്കുചേര്‍ക്കുന്നവയില്‍ നിന്നൊക്കെ എത്രയോ വിശുദ്ധനാണ് അവന്‍.'' (അത്തൗബ: 31)
'മസീഹ്' എന്ന പേര് പരാമര്‍ശിച്ചിട്ടുള്ള ഈ ആയത്തുകളെല്ലാം തെറ്റായ വിശ്വാസത്തെ- അഖീദയെ - തിരുത്തുന്നവയും ശരിയായ വിശ്വാസത്തെ സ്ഥാപിക്കുന്നവയുമാണ്.
''മലക്കുകള്‍ പറഞ്ഞതോര്‍ക്കുക: ''മര്‍യം, അല്ലാഹു തന്നില്‍ നിന്നുള്ള ഒരു വചനത്തെ സംബന്ധിച്ച് നിന്നെയിതാ ശുഭവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ മര്‍യമിന്റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഈ ലോകത്തും പരലോകത്തും ഉന്നതസ്ഥാനീയനും ദിവ്യ സാമീപ്യം സിദ്ധിച്ചവനുമായിരിക്കും. തൊട്ടിലില്‍വെച്ചുതന്നെ അവന്‍ ജനത്തോടു സംസാരിക്കും; പ്രായമായശേഷവും. അവന്‍ സദ്വൃത്തനായിരിക്കും.'' (ആലുഇംറാന്‍: 45,46)
''വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തതൊന്നും പറയരുത്. മര്‍യമിന്റെ മകന്‍ മസീഹ് ഈസാ, അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവനിട്ടുകൊടുത്ത തന്റെ വചനവും അവങ്കല്‍നിന്നുള്ള ഒരാത്മാവും മാത്രമാണ്. അതിനാല്‍, നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. 'ത്രിത്വം' പറയരുത്. നിങ്ങളതവസാനിപ്പിക്കുക. അതാണ് നിങ്ങള്‍ക്കുത്തമം. അല്ലാഹു ഏകനായ ദൈവം മാത്രമാണ്. തനിക്ക് ഒരു പുത്രനുണ്ടാവുകയെന്നതില്‍നിന്ന് അവനെത്ര പരിശുദ്ധന്‍. ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്. കൈകാര്യകര്‍ത്താവായി അല്ലാഹുതന്നെ മതി.'' (അന്നിസാഅ്: 171)
മസീഹ് ഈസബ്‌നു മര്‍യം എന്നു വന്നിട്ടുള്ള ഈ ആയത്തുകളില്‍ അല്ലാഹു ഈസാ(അ)യുടെ സവിശേഷ വ്യക്തിത്വത്തിന്റെ സ്ഥാനത്തെ അടയാളപ്പെടുത്തുകയും അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്യുന്നു. അതോടൊപ്പം വിശ്വാസ വ്യതിയാനത്തെ തിരുത്തുകയും ചെയ്യുന്നു.
''മര്‍യമിന്റെ പുത്രനെയും അവന്റെ മാതാവിനെയും നാമൊരു ദൃഷ്ടാന്തമാക്കി. അവരിരുവര്‍ക്കും നാം സൗകര്യപ്രദവും ഉറവകളുള്ളതുമായ ഒരുയര്‍ന്ന പ്രദേശത്ത് അഭയം നല്‍കി.'' (അല്‍ മുഅ്മിനൂന്‍: 50)
''മര്‍യമിന്റെ മകനെ മാതൃകാ പുരുഷനായി എടുത്തുകാണിച്ചപ്പോഴും നിന്റെ ജനതയിതാ അതിന്റെ പേരില്‍ ഒച്ചവെക്കുന്നു. അവര്‍ ചോദിക്കുന്നു: 'ഞങ്ങളുടെ ദൈവങ്ങളാണോ ഉത്തമം; അതല്ല ഇവനോ?' അവര്‍ നിന്നോട് ഇതെടുത്തുപറയുന്നത് തര്‍ക്കത്തിനുവേണ്ടി മാത്രമാണ്. എന്നാലവര്‍ തീര്‍ത്തും താര്‍ക്കികരായ ജനം തന്നെയാണ്. അദ്ദേഹം നമ്മുടെ ഒരു ദാസന്‍ മാത്രമാണ്. നാം അദ്ദേഹത്തിന് അനുഗ്രഹമേകി. അദ്ദേഹത്തെ ഇസ്രയേല്‍ മക്കള്‍ക്ക് മാതൃകയാക്കുകയും ചെയ്തു.'' (അസ്സുഖ്‌റുഫ്: 57-59)
ഇബ്‌നു മര്‍യം എന്നുമാത്രം പറഞ്ഞിട്ടുള്ള ഈ ആയത്തുകളില്‍ അദ്ദേഹത്തിന്റെ രിസാലത്തുമായി ബന്ധപ്പെട്ട ഒന്നും പറയുന്നില്ല. മറിച്ച്, അദ്ദേഹത്തിന് അനുഗ്രഹവും ദൃഷ്ടാന്തവും നല്‍കിയതിനെപ്പറ്റിയാണ് പറയുന്നത്. അഥവാ പുകഴ്ത്തലാണ്.
''നിശ്ചയമായും മൂസാക്കു നാം വേദം നല്‍കി. അദ്ദേഹത്തിനുശേഷം നാം തുടരെത്തുടരെ ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. മര്‍യമിന്റെ മകന്‍ ഈസാക്കു നാം വ്യക്തമായ അടയാളങ്ങള്‍ നല്‍കി. പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ പ്രബലനാക്കുകയും ചെയ്തു.'' (അല്‍ബഖറ: 87)
''ആ പ്രവാചകന്മാര്‍ക്കുശേഷം നാം മര്‍യമിന്റെ മകന്‍ ഈസായെ നിയോഗിച്ചു. അദ്ദേഹം തൗറാത്തില്‍ നിന്ന് തന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നവനായിരുന്നു. നാം അദ്ദേഹത്തിന് വെളിച്ചവും നേര്‍വഴിയുമുള്ള ഇഞ്ചീല്‍ നല്‍കി.'' (അല്‍മാഇദ: 46)
''മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞത് ഓര്‍ക്കുക: 'ഇസ്രായേല്‍ മക്കളേ, ഞാന്‍ നിങ്ങളിലേക്കുള്ള ദൈവദൂതനാണ്. എനിക്കു മുമ്പേ അവതീര്‍ണമായ തൗറാത്തിനെ സത്യപ്പെടുത്തുന്നവന്‍.'' (അസ്സ്വഫ്ഫ്: 6)
''ഈസാ വ്യക്തമായ തെളിവുകളുമായി വന്ന് ഇങ്ങനെ പറഞ്ഞു: ''ഞാനിതാ തത്ത്വജ്ഞാനവുമായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു.'' (അസ്സുഖ്‌റുഫ്: 63)
ഈസാ എന്ന അദ്ദേഹത്തിന്റെ നാമം വന്നിട്ടുള്ള ഈ ആയത്തുകളില്‍ അല്ലാഹുവിന്റെ റസൂലെന്ന നിലക്കുള്ള അദ്ദേഹത്തിന്റെ ഉത്തരവാദിത്വത്തെയും തെളിവ് സമര്‍പ്പണത്തെയും പറ്റി പ്രതിപാദിക്കുന്നു.
''അല്ലാഹു പറഞ്ഞ സന്ദര്‍ഭം: മര്‍യമിന്റെ മകന്‍ ഈസാ, നിനക്കും നിന്റെ മാതാവിനും നാം നല്‍കിയ അനുഗ്രഹം ഓര്‍ക്കുക: ഞാന്‍ പരിശുദ്ധാത്മാവിനാല്‍ നിന്നെ കരുത്തനാക്കി. തൊട്ടിലില്‍ വെച്ചും പ്രായമായ ശേഷവും നീ ജനങ്ങളോടു സംസാരിച്ചു. നാം നിനക്ക് പ്രമാണവും യുക്തിജ്ഞാനവും തൗറാത്തും ഇഞ്ചീലും അഭ്യസിപ്പിച്ചു.'' (അല്‍മാഇദ: 110)
''ഓര്‍ക്കുക: ഹവാരികള്‍ പറഞ്ഞ സന്ദര്‍ഭം: 'മര്‍യമിന്റെ മകന്‍ ഈസാ, മാനത്തുനിന്ന് ഒരു ഭക്ഷണത്തളിക ഞങ്ങള്‍ക്ക് ഇറക്കിത്തരാന്‍ നിന്റെ നാഥന് കഴിയുമോ?' അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെ സൂക്ഷിക്കുക.' (അല്‍മാഇദ: 112)
''പിന്നീട് അവര്‍ക്കു പിറകെ നാം നിരന്തരം നമ്മുടെ ദൂതന്മാരെ നിയോഗിച്ചു. മര്‍യമിന്റെ മകന്‍ ഈസായെയും അയച്ചു. അദ്ദേഹത്തിനു നാം ഇഞ്ചീല്‍ നല്‍കി. അദ്ദേഹത്തെ അനുഗമിച്ചവരുടെ ഹൃദയങ്ങളില്‍ കൃപയും കാരുണ്യവും വിളയിച്ചു.'' (അല്‍ഹദീദ്: 27)
ഈ ആയത്തുകളില്‍ അദ്ദേഹത്തെ പേരെടുത്തു വിളിക്കലും അദ്ദേഹത്തെ പുകഴ്ത്തലും അദ്ദേഹത്തിനു നല്‍കപ്പെട്ട അനുഗ്രഹത്തെക്കുറിച്ച പരാമര്‍ശങ്ങളുമാണുള്ളത്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-5-7
ടി.കെ ഉബൈദ്‌

ഹദീസ്‌

എതിര്‍ ലിംഗാനുകരണം ശപിക്കപ്പെട്ടതാണ്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്