Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 26

3265

1444 മുഹര്‍റം 28

ആ രാഷ്ട്രീയ നീക്കങ്ങളെ  കുറ്റപ്പെടുത്താനാവില്ല

അബൂ സ്വാലിഹ

ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ സാരഥി മുഹമ്മദുല്‍ ബദീഅ് തടവറയിലായതിനാല്‍ സംഘടനയുടെ വര്‍ക്കിംഗ് പ്രസിഡന്റ് ഇബ്‌റാഹീം മുനീറിനാണ് ചുമതല. അദ്ദേഹം ഈയിടെ നടത്തിയ ഒരു പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. തന്റെ സംഘടന അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട് എട്ടുവര്‍ഷം പിന്നിടുന്ന ഈ വേളയില്‍ അധികാരത്തിന് വേണ്ടിയുള്ള ഒരു പുതിയ പോര്‍മുഖം ഇഖ്‌വാന്‍ തുറക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്; അതിന് ഇപ്പോഴും ഗണ്യമായ തോതില്‍ ജനകീയ പിന്‍ബലം ഉണ്ടെങ്കിലും. മറ്റെന്തോ പറയുന്ന കൂട്ടത്തില്‍ ആനുഷംഗികമായി പറഞ്ഞതാണിത്. എന്താണ് ഉദ്ദേശിക്കുന്നതെന്ന് കൃത്യമായി വ്യക്തമാക്കുന്നില്ല. പിന്നീട് അദ്ദേഹമത് വിശദീകരിക്കുകയും ചെയ്തില്ല. എന്നാല്‍, നിഷേധിക്കുകയുമുണ്ടായില്ല. ഏതായാലും ഒരു വെടിനിര്‍ത്തലിന്റെ സ്വരം അതിലുണ്ടായിരുന്നു. തുര്‍ക്കി ഭരണകൂടവും ഫലസ്ത്വീനിലെ ഹമാസും സിറിയന്‍ ഭരണകൂടവുമായി ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നു എന്നതാണ് മറ്റൊരു വാര്‍ത്ത. സ്വന്തം ജനതയെ കൊന്നൊടുക്കുന്ന സിറിയന്‍ ഏകാധിപതി ബശ്ശാറുല്‍ അസദുമായി ഇങ്ങനെയൊരു ധാരണ എങ്ങനെ ധാര്‍മികമാവും എന്ന ചോദ്യം നാനാഭാഗത്ത് നിന്നുമുയര്‍ന്നു. തുനീഷ്യയിലെ അന്നഹ്ദ പാര്‍ട്ടി ഉപാധ്യക്ഷന്‍ നൂറുദ്ദീന്‍ അല്‍ ബുഹൈരി അറബി-21 നോട് പറഞ്ഞത്, അധികാരങ്ങള്‍ ഓരോന്നായി കൈയടക്കിക്കൊണ്ടിരിക്കുന്ന നിലവിലെ പ്രസിഡന്റുമായി ചില ഒത്തുതീര്‍പ്പുകള്‍ക്ക് തങ്ങള്‍ തയ്യാറാണ് എന്നാണ്. അദ്ദേഹം ഇത്ര കൂടി പറഞ്ഞു: 'എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഞങ്ങള്‍ ഒഴിയാന്‍ തയാറാണ്. തുനീഷ്യക്ക് വേണ്ടി ജീവന്‍ വരെ നല്‍കും. അതിലും വലുതല്ലല്ലോ സ്ഥാനമാനങ്ങള്‍. അവക്കൊന്നും സംഘടന കൊതുകിന്റെ ചിറകു വില കാണുന്നില്ല.'
ആഗോള മുസ്‌ലിം പണ്ഡിത വേദി അധ്യക്ഷന്‍ അഹ്മദ് റയ്‌സൂനിക്ക് ഈ സംഭവ വികാസങ്ങളില്‍ തന്റെതായ നിലപാടുണ്ട്. തുര്‍ക്കി സിറിയയിലെ ബശ്ശാറുമായി സംഭാഷണത്തിനൊരുങ്ങുന്നു എന്ന് കേള്‍ക്കുമ്പോഴേക്ക്, ഉഭയകക്ഷി ബന്ധങ്ങള്‍ സാധാരണ നിലയിലാക്കാനുള്ള ശ്രമമായി അതിനെ കാണേണ്ടതില്ലെന്ന് അദ്ദേഹം പറയുന്നു. തുര്‍ക്കിക്ക് സിറിയയുമായി ചില ധാരണകളിലെത്താതെ മുന്നോട്ട് പോകാനാവില്ല. കാരണം, ദശലക്ഷക്കണക്കിന് സിറിയന്‍ അഭയാര്‍ഥികളാണ് തുര്‍ക്കിയിലുള്ളത്. അവരെ ദീര്‍ഘകാലം സംരക്ഷിക്കുക തുര്‍ക്കിക്ക് വലിയ വെല്ലുവിളി തന്നെയാണ്. ഹമാസിന്റെ കാര്യമാണെങ്കില്‍ സിറിയയായിരുന്നു അവരുടെ പ്രധാന താവളങ്ങളിലൊന്ന്, കുറെ കാലം. സിറിയയില്‍ ആഭ്യന്തര കലാപങ്ങള്‍ രൂക്ഷമായപ്പോഴാണ് ഹമാസ് അവിടെ നിന്ന് പുറത്തുകടന്നത്. സിറിയന്‍ ഭരണകൂടത്തിനെതിരെയുള്ള ഒരു നീക്കത്തിലും ഹമാസ് ഉണ്ടായിരുന്നില്ല. അങ്ങനെയൊരു നിലപാടേ അവര്‍ക്ക് സ്വീകരിക്കാന്‍ കഴിയുമായിരുന്നുള്ളൂ. കാരണം, ഹമാസിനെ സംബന്ധിച്ചിടത്തോളം സയണിസത്തിനെതിരെയുള്ള ഒറ്റ പോര്‍മുഖമേയുള്ളൂ. മുമ്പ് അവര്‍ക്ക് സിറിയയില്‍ ഓഫീസുകളും മറ്റു സംവിധാനങ്ങളും ഉണ്ടായിരുന്നെങ്കില്‍ അവ ഇത്തരമൊരു നിര്‍ണായക ഘട്ടത്തില്‍ പുനഃസ്ഥാപിക്കാന്‍ ശ്രമം നടത്തുമ്പോള്‍ അതില്‍ അപാകത കാണേണ്ട കാര്യമില്ല. ഇതവര്‍ക്ക് മാത്രം പ്രത്യേകമായ ഒരു കാര്യമാണ്. വേണ്ടത്ര രാഷ്ട്രീയ അനുഭവങ്ങളും പരിചയങ്ങളുമുള്ള അവര്‍ നന്നായി ആലോചിച്ചെടുത്ത തീരുമാനം തന്നെയാവും ഇത്.
ഈജിപ്തിലെയും തുനീഷ്യയിലെയും ഇസ്‌ലാമിസ്റ്റുകള്‍ തല്‍ക്കാലത്തേക്കെങ്കിലും ഭരണാധികാരികളുമായി ഏറ്റുമുട്ടലിനില്ലെന്ന് സൂചിപ്പിക്കുന്ന പ്രസ്താവനകളെയും വിമര്‍ശിക്കേണ്ടതില്ലെന്നാണ് ശൈഖ് റയ്‌സൂനിയുടെ അഭിപ്രായം. രാഷ്ട്രീയ സാഹചര്യങ്ങളാവാം അവരെക്കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നത്. രക്തച്ചൊരിച്ചിലും പീഡനങ്ങളും അന്യായമായ അറസ്റ്റുകളും നേരിട്ട് എത്ര കാലം മുന്നോട്ടു പോകും. അല്‍പ്പമെന്തെങ്കിലും ബാക്കിയാവുന്നതല്ലേ, പൂര്‍ണമായി ഇല്ലാതാവുന്നതിനെക്കാള്‍ നല്ലത്.
അറബ് ലോകത്തെ ഏറ്റവും വലിയ തിന്മ സ്വേഛാധിപത്യമാണെന്ന കാര്യത്തില്‍ അഹ്മദ് റയ്‌സൂനിക്ക് സംശയമൊന്നുമില്ല. ജനങ്ങളുടെ ദൈനം ദിന ജീവിതത്തെ, അവരുടെ ചലനങ്ങളെ, അവരുടെ ചിന്തകളെ അത് അവതാളത്തിലാക്കുന്നു. അത് എല്ലാവരുടെയും പ്രശ്‌നമാണ്; ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മാത്രം പ്രശ്‌നമല്ല. ദശലക്ഷക്കണക്കിന് സാധാരണ ജനം സ്വേഛാധിപത്യത്തിന് വിധേയപ്പെട്ട് ജീവിക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് മാത്രമായി സ്വേഛാധിപത്യ വിരുദ്ധ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാനാവില്ല. അതിനാല്‍, പൗരസ്വാതന്ത്ര്യം പോലുള്ള വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് അവര്‍ വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. സ്വേഛാധിപത്യം വരുത്തിവെക്കുന്ന കെടുതികളെക്കുറിച്ച് യാതൊരു ബോധവുമില്ലാതെയാണ് സാമാന്യ ജനം കഴിയുന്നതെങ്കില്‍ സ്വേഛാധിപതികള്‍ക്കെതിരെയുള്ള പോരാട്ടം ഇസ്‌ലാമിസ്റ്റുകള്‍ ഏറ്റെടുത്താലും അത് വിജയിക്കാന്‍ പോകുന്നില്ല. സ്ഥിതിഗതികള്‍ മാറി അനുയോജ്യമായ അവസരം വരുമ്പോള്‍ ഇടപെടുകയും വേണം. അറബി -21 ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിലാണ് അഹ്മദ് റയ്‌സൂനിയുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചത്. 


അക് പാര്‍ട്ടിക്ക് ഇരുപത്തിയൊന്ന് 
തികയുമ്പോള്‍
    
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് (അക്) പാര്‍ട്ടി കഴിഞ്ഞ ആഗസ്റ്റ് 14-ന് അതിന്റെ രൂപവത്കരണത്തിന്റെ 21 വര്‍ഷം പൂര്‍ത്തിയാക്കി. അതിന്റെ ഭാഗമായ ആഘോഷ പരിപാടികള്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്നുണ്ട്. ഇതൊന്നും കേവല ആഘോഷ പരിപാടികള്‍ ആയിരിക്കുകയുമില്ല. ഓരോ വര്‍ഷത്തെയും പാര്‍ട്ടി/ഗവണ്‍മെന്റ് പ്രവര്‍ത്തനങ്ങളെക്കുറിച്ച നിശിതമായ വിചാരണയും വിലയിരുത്തലും അവയില്‍ നടക്കും. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ സംബന്ധിച്ചേടത്തോളം 21 അത്ര ദീര്‍ഘിച്ച കാലയളവല്ല. പക്ഷേ, ഈ 21-ല്‍ 20 വര്‍ഷവും തുടര്‍ച്ചയായി അധികാരത്തിലിരുന്ന പാര്‍ട്ടിയാണിത്. സമീപകാല തുര്‍ക്കി രാഷ്ട്രീയത്തിലെ അപൂര്‍വത തന്നെയാണിത്. അകത്ത് നിന്നും പുറത്ത് നിന്നുമുള്ള പലതരം വെല്ലുവിളികളും ഭീഷണികളും നേരിട്ടുകൊണ്ടാണ് ഈ ജൈത്രയാത്ര.
പക്ഷേ, അക് പാര്‍ട്ടിക്ക് മുമ്പത്തെപ്പോലെ അത്ര എളുപ്പമല്ല കാര്യങ്ങള്‍. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ലീറയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. അത് മറികടക്കാനുള്ള ശ്രമങ്ങളൊന്നും ഉദ്ദേശിച്ച ഫലം ചെയ്യുന്നില്ല. അതിന്റെ പ്രതിഫലനങ്ങള്‍ കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കണ്ടു. ഇസ്തംബൂള്‍, അങ്കാറ മേയര്‍ സ്ഥാനങ്ങള്‍ അക് പാര്‍ട്ടിക്ക് നഷ്ടമായി. അടുത്ത വര്‍ഷം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഉര്‍ദുഗാനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരൊറ്റ സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിക്കാനുള്ള ശ്രമത്തിലാണ്.
ഉര്‍ദുഗാന്റെ മുന്‍ രാഷ്ട്രീയ ഉപദേഷ്ടാക്കളില്‍ ഒരാളായ യാസീന്‍ അഖ്ത്വായ് അല്‍ ജസീറ ഡോറ്റ് നെറ്റില്‍ എഴുതിയ കോളത്തില്‍, അടുത്ത തെരഞ്ഞെടുപ്പിലും അക് പാര്‍ട്ടി ഭരണത്തില്‍ തിരിച്ചെത്തും എന്ന ശുഭാപ്തിയാണുള്ളത്. പക്ഷേ, അത് മുമ്പത്തെപ്പോലെ 'ഈസി വാക്കോവര്‍' ആയിരിക്കില്ല. അതേസമയം പ്രതിപക്ഷം അധികാരം പിടിച്ചെടുത്ത അങ്കാറ,  ഇസ്തംബൂള്‍ മെട്രോപോളിറ്റന്‍ മുനിസിപ്പാലിറ്റികളില്‍ അവരുടെ പ്രകടനം ദയനീയമാണെന്നത് അക് പാര്‍ട്ടിക്ക് ആശ്വാസം പകരുന്നു. ഈ നഗരങ്ങളില്‍ വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ ജനം ഒറ്റപ്പെടുന്ന സ്ഥിതിയാണുള്ളത്. അക് പാര്‍ട്ടി ഭരിച്ചിരുന്നപ്പോഴാകട്ടെ, ഏത് ദുരന്തമുഖങ്ങളിലും ഗവണ്‍മെന്റ് സംവിധാനങ്ങളോടൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി മുന്‍നിരയിലുണ്ടാവും. ഇത്ര ചലനാത്മകമായ പാര്‍ട്ടി സംവിധാനങ്ങള്‍ പ്രതിപക്ഷ നിരയിലെ ഒരു കക്ഷിക്കുമില്ല. യാസീന്‍ അഖ്ത്വായ് അഭിപ്രായപ്പെട്ടതു പോലെ, അക് പാര്‍ട്ടിക്ക് മത്സരിക്കാനുള്ളത് അതിന്റെ തന്നെ ഭൂതകാലത്തോടാണ്. നേട്ടങ്ങളുടെ മുന്‍കാല റെക്കോര്‍ഡുകള്‍ ഭേദിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അതിന് കഴിയുകയുള്ളൂ. 

 

ആസിയ ഖാത്തൂന്‍ 
-സ്വാതന്ത്ര്യസമര 
ചരിത്രത്തിലെ ധീരവനിത

ഡോ. മുഹമ്മദ് മുശ്താഖ് തജാറവി, ജാമിഅ മില്ലിയയില്‍ അസി. പ്രഫസറായി ജോലി ചെയ്തിട്ടുണ്ട്. ഉര്‍ദു കവി ഗാലിബിനെ ആഴത്തില്‍ പഠിച്ച നിരൂപകനാണ്. മീവാത്ത് മേഖലയുടെ ചരിത്രകാരനായും അദ്ദേഹം അറിയപ്പെടുന്നു. വാമൊഴിയില്‍ മാത്രം നിലനിന്നിരുന്ന പല മീവാത്ത് കവികളുടെയും രചനകള്‍ അദ്ദേഹം സമാഹരിച്ചിട്ടുണ്ട്. പുറം ലോകം അറിയാതെ പോയ പ്രഗത്ഭരായ ചില മീവാത്തുകാരുടെ ജീവചരിത്ര കുറിപ്പുകളും തയ്യാറാക്കി. അതിലൊന്നാണ്, ആസിയ ഖാത്തൂന്‍ മീവാത്തി: സ്വാതന്ത്ര്യ സമരത്തിലെ അറിയപ്പെടാത്ത പോരാളി എന്ന പുസ്തകം. സ്വാതന്ത്ര്യ സമരത്തില്‍ ഈ ധീര വനിത വഹിച്ച പങ്ക് അനാവരണം ചെയ്യുകയാണ് 64 പേജുള്ള ഈ ചെറിയ പുസ്തകം. അമാന്‍ബീ എന്നാണ് അവര്‍ മീവാത്തില്‍ അറിയപ്പെട്ടിരുന്നത്. ഭര്‍ത്താവ് മൗലാനാ മുഹമ്മദ് ഇബ്‌റാഹീം ഖാന്‍ വറാ അറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അദ്ദേഹം ജയിലിലടക്കപ്പെട്ടപ്പോള്‍ ഉറച്ച പിന്തുണയുമായി അമാന്‍ബീ കൂടെ നിന്നു. അദ്ദേഹത്തിന്റെ ജയില്‍ജീവിതം പല കാരണങ്ങളാല്‍ വളരെ കഠിനമായിരുന്നു. സാഹചര്യം എത്ര മോശമായാലും ഒരു കാരണവശാലും മാപ്പെഴുതി കൊടുക്കരുതെന്നായിരുന്നു അമാന്‍ബീ ഭര്‍ത്താവിനെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നത്.
ഈ ലഘുകൃതി ആസിയാ ഖാത്തൂനെക്കുറിച്ച് മാത്രമുള്ളതല്ല. സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിത്തം വഹിച്ച നിരവധി മീവാത്തീ വനിതകളെക്കുറിച്ചും ഇതില്‍ പരാമര്‍ശമുണ്ട്. മുഖ്യധാരാ ചരിത്രത്തില്‍ നിന്ന് പുറന്തള്ളപ്പെട്ടവരുടെ  ജീവിതം പറയുന്ന ഇത്തരം പ്രാദേശിക ചരിത്ര രചനകള്‍ കൂടി ചേരുമ്പോഴല്ലേ സ്വാതന്ത്ര്യസമര ചരിത്രം പൂര്‍ണമാവുക. 
(ഗ്രന്ഥകാരന്റെ ഇമെയില്‍ വിലാസം: [email protected])

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-5-7
ടി.കെ ഉബൈദ്‌

ഹദീസ്‌

എതിര്‍ ലിംഗാനുകരണം ശപിക്കപ്പെട്ടതാണ്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്