Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 26

3265

1444 മുഹര്‍റം 28

മലബാര്‍  മുസ്‌ലിംകള്‍ നല്ല  ശമരിയാക്കാര്‍

വി.കെ കുട്ടു ഉളിയില്‍


ഈസാ നബി (യേശു) അദ്ദേഹത്തിന്റെ ശിഷ്യന്മാരോടൊപ്പമിരുന്ന് സംസാരിക്കുകയായിരുന്നു. ആ സന്ദര്‍ഭത്തില്‍ അദ്ദേഹം അവരോടൊരു കഥ പറഞ്ഞു; നല്ലവനായ ശമരിയക്കാരന്റെ കഥ.
ഒരു ജൂതന്‍ കഴുതപ്പുറത്ത് കച്ചവടച്ചരക്കുമായി ജറൂസലം പട്ടണത്തെ ലക്ഷ്യമാക്കി യാത്ര ചെയ്യുകയായിരുന്നു. യാത്രാ മധ്യേ കൊള്ളക്കാര്‍ അയാളെ അടിച്ചു പരിക്കേല്‍പിച്ചു നിലത്തിട്ടു കടന്നുകളഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ജൂത പുരോഹിതന്‍ യാത്രാ മധ്യേ കുതിരപ്പുറത്ത് അവിടെയെത്തി. ജൂതക്കച്ചവടക്കാരനെ അടിച്ചിട്ടത് കൊള്ളക്കാരാണെന്ന് മനസ്സിലാക്കിയ അയാള്‍ കുതിരപ്പുറത്ത് നിന്നിറങ്ങാതെ പെട്ടെന്ന് അവിടെ നിന്ന് അപ്രത്യക്ഷനായി. പിന്നെ അവിടെ കഴുതപ്പുറത്തെത്തിയത് ഒരു ശമരിയക്കാരനായിരുന്നു. അയാള്‍ കഴുതപ്പുറത്തുനിന്ന് ഇറങ്ങി, പരിക്കേറ്റു അവശനായ ജൂതനെ തന്റെ കഴുതപ്പുറത്ത് കയറ്റി അകലെയുള്ള സത്രത്തിലെത്തിച്ചു. ജൂതന്റെ ഭക്ഷണത്തിനും ചികിത്സക്കുമുള്ള കാശ് അവിടെ ഏല്‍പിച്ചു സ്ഥലം വിട്ടു.
ഇത്രയും പറഞ്ഞതിനു ശേഷം യേശു ശിഷ്യന്മാരോട് ചോദിച്ചു: ഇവരില്‍ ആരാണ് നല്ലവന്‍? ശിഷ്യന്മാരെല്ലാവരും ഒരുപോലെ പറഞ്ഞു: ശമരിയക്കാരന്‍ (അന്യസമുദായക്കാരന്‍).
''നിങ്ങള്‍ അല്ലാഹുവിന് ഇബാദത്ത് ചെയ്യുവിന്‍. യാതൊന്നിനെയും അവന്റെ പങ്കുകാരായി കല്‍പിക്കാതിരിക്കുവിന്‍. മാതാപിതാക്കളോട് നന്മയില്‍ വര്‍ത്തിക്കുവിന്‍. ബന്ധുക്കളോടും അനാഥകളോടും അഗതികളോടും നന്നായി പെരുമാറുവിന്‍. ബന്ധുക്കളായ അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസികളോടും സഞ്ചാരികളോടും നിങ്ങളുടെ അധീനത്തിലുള്ള ദാസീ ദാസന്മാരോടും നന്നായി വര്‍ത്തിക്കുവിന്‍'' (ഖുര്‍ആന്‍ 4:36).
*****
മുന്‍കാല ചരിത്ര രേഖകള്‍ പരിശോധിച്ചാല്‍, മലബാറിലെ മുസ്‌ലിംകള്‍ സമുദായ മൈത്രിയിലും സമാധാനത്തിലും സഹാനുഭൂതിയിലും അന്യര്‍ക്ക് അഭയകേന്ദ്രമായി ജീവിച്ചിരുന്നവരായിരുന്നു എന്ന് കാണാന്‍ കഴിയും. അധിനിവേശക്കാരും അക്രമികളുമായ പോര്‍ച്ചുഗീസുകാരെയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെയും ഇവിടത്തെ മുസ്‌ലിംകള്‍ ചെറുത്തുനിന്നതിനാല്‍ അധിനിവേശ ശക്തികള്‍ അധികാരത്തിലെത്തിയപ്പോള്‍, മുസ്‌ലിംകള്‍ മത ഭീകരരും അക്രമികളുമാണെന്ന് അവര്‍ പ്രചരിപ്പിച്ചു.
1700-കളുടെ തുടക്കത്തില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തലശ്ശേരിയില്‍നിന്ന് കുരുമുളക് വാങ്ങാന്‍ ഡച്ചുകാരോടും ഫ്രഞ്ചുകാരോടും മത്സരിച്ചുകൊണ്ടിരുന്നു. അവരുടെ പായക്കപ്പലുകള്‍ക്കാവശ്യമായ ഉയരത്തിലുള്ള പായമരങ്ങള്‍ അറക്കല്‍ ഭരണാധികാരി ജമുനാബി ആദിരാജ ബീവിയുടെ അധീനത്തിലുള്ള ധര്‍മടത്താണ് വളര്‍ന്നുനിന്നിരുന്നത്. കമ്പനി മേധാവി മരങ്ങള്‍ വേണമെന്ന് അറക്കല്‍ ബീവിയോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ നല്‍കാന്‍ തയാറായില്ല. തുടര്‍ന്ന് കമ്പനി അറക്കലിനെ ആക്രമിച്ചു അധീനപ്പെടുത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരുന്നു.
സാമൂതിരിയുമായി തെറ്റിപ്പിരിഞ്ഞ പോര്‍ച്ചുഗീസുകാര്‍ക്ക് കോലത്തിരി കണ്ണൂരില്‍ കോട്ട പണിയാന്‍ സ്ഥലം കൊടുത്തതോടെ പോര്‍ച്ചുഗീസുകാര്‍ വടക്കെ മലബാറിലെ സായുധ ശക്തിയായി. 1505 മുതല്‍ 1562 വരെ പോര്‍ച്ചുഗീസുകാര്‍ തലശ്ശേരിയിലെ
യും, തലശ്ശേരിയില്‍ നിന്ന് പത്തു കിലോമീറ്റര്‍ അകലെയുണ്ടായിരുന്ന കോട്ടയത്തങ്ങാടിയിലെയും ധര്‍മടത്തെയും മുസ്‌ലിംകളുടെ സമ്പന്ന വ്യാപാര ശൃംഖല നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. 1505-ല്‍ കണ്ണൂരിലെത്തിയ പോര്‍ച്ചുഗീസ് സഞ്ചാരിയും ചരിത്രകാരനുമായ ദുറാ ദെ ബര്‍ബോസയുടെ വിവരണം ഇങ്ങനെയാണ്:
''അഞ്ചരക്കണ്ടി പുഴയുടെ മുകളിലോട്ട് പോയാല്‍ മാപ്പിളമാരുടെ സമ്പന്നമായ ഒരു നഗരമുണ്ട്. അവിടെ ധാരാളം കച്ചവടം നടക്കുന്നു. നരസിംഹന്റെ നാട്ടിലെ (വിജയനഗര സാമ്രാജ്യം) ജനങ്ങള്‍ കരവഴി ഇവിടെ വന്നു കച്ചവടം നടത്തുന്നു. കോലത്ത് നാട് വിട്ട് തെക്കോട്ട് സഞ്ചരിച്ചാല്‍ ധര്‍മടം പുഴക്കപ്പുറം തലശ്ശേരി പുഴയുടെ തെക്ക് തിരുവങ്ങാട് എന്ന പേരില്‍ മാപ്പിളമാരുടെ ഒരു നഗരമുണ്ട് (തിരുവങ്ങാട് അംശമാണ് തലശ്ശേരി). അവിടെ കടല്‍ കച്ചവടം നടക്കുന്നു. അതിനുമപ്പുറം മറ്റൊരു പുഴയുടെ തീരത്ത് വലിയൊരു സ്ഥലമുണ്ട്. കച്ചവടക്കാരും കപ്പലുടമകളുമായ മുസ്‌ലിംകളുടേതാണ് ആ നഗരം- മയ്യഴി'' (കോലത്ത് പഴമ-പി. കുമാരന്‍).
ഇപ്പോഴത്തെ തലശ്ശേരി മുനിസിപ്പാലിറ്റിയില്‍ മൂന്ന് കിലോമീറ്ററിനുള്ളില്‍ പതിനൊന്ന് പ്രാചീന ഖബ്ര്‍സ്ഥാനുകളുള്ള പള്ളികള്‍ ഈ മുസ്‌ലിം ചരിത്രം ഓര്‍മിപ്പിക്കുന്നു. ''ഇവിടുത്തെ ഭരണാധികാരികള്‍ രാജ്യ വ്യവസ്ഥയില്‍ അവര്‍ക്ക് ഉന്നത സ്ഥാനമാണ് അനുവദിച്ചുകൊടുത്തിട്ടുള്ളത്. ഇതര സമുദായങ്ങളുമായി സഹകരിച്ചു മുസ്‌ലിംകള്‍ സമാധാനത്തിലും മൈത്രിയിലുമാണ് കഴിഞ്ഞിരുന്നത്. ഹിന്ദുക്കള്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ പോലും ആരും അസുഖകരമായി പെരുമാറിയിരുന്നില്ല. ഉത്തര കേരളത്തിലെ വാണിജ്യത്തിന്റെയും വ്യാപാരത്തിന്റെയും കുത്തക മുസ്‌ലിംകള്‍ക്കായിരുന്നതു കൊണ്ട് അവരോട് ഹിന്ദുക്കള്‍ക്ക് വലിയ ബഹുമാനമായിരുന്നു താനും'' (കേരള ചരിത്രം- പത്മഭൂഷന്‍ എ. ശ്രീധരമേനോന്‍ 1967-ല്‍ പ്രസിദ്ധീകരിച്ചത്).
ഇവിടങ്ങളിലെ സമ്പന്ന മുസ്‌ലിം വാണിജ്യ കേന്ദ്രങ്ങള്‍ കൊള്ളയടിച്ചു തകര്‍ത്ത പോര്‍ച്ചുഗീസുകാര്‍, 1563-ല്‍ ഡച്ചുകാര്‍ കണ്ണൂര്‍ കോട്ട അധീനപ്പെടുത്തിയതോടെ വടക്കോട്ട് പോയി ഗോവയടക്കമുള്ള കൊങ്കണ്‍ പ്രദേശങ്ങള്‍ അധീനപ്പെടുത്തി. പോര്‍ച്ചുഗീസുകാരുടെ നിര്‍ബന്ധ മത പരിവര്‍ത്തനത്തിന് വഴിപ്പെടാത്ത കൊങ്കിണി ബ്രാഹ്മണന്‍മാര്‍ തെക്കോട്ടു പലായനം ചെയ്തു.
കോട്ടയത്തങ്ങാടിയും വിജയനഗര സാമ്രാജ്യവുമായുണ്ടായിരുന്ന വാണിജ്യം തകര്‍ത്തതിനു ശേഷം പോര്‍ച്ചുഗീസുകാര്‍ ആ കച്ചവടം ഗോവയും വിജയ നഗരവുമാക്കി അവരുടെ നിയന്ത്രണത്തിലാക്കി. ഈ കച്ചവടം കൊണ്ട് പോര്‍ച്ചുഗീസുകാര്‍ക്ക് പ്രതിവര്‍ഷം പതിനഞ്ച് ലക്ഷം ഡ്യൂക്ക് ലാഭം കിട്ടിയിരുന്നതായി സാസെറ്റിയും കുട്ടോവും പറഞ്ഞിരുന്നു. അതില്‍നിന്ന് അഞ്ചു ലക്ഷം സ്വര്‍ണ പഗോഡ കൊല്ലം തോറും പോര്‍ച്ചുഗീസിലേക്ക് അയച്ചുകൊണ്ടിരുന്നു. ഒരു പഗോഡ അക്കാലത്തെ എട്ടര തങ്കത്തിനു സമാനമായ നാണയമായിരുന്നു (പ്രാചീന മലബാര്‍ -  ഡോ. ശംസുല്ല ഖാദിരി).
കൊങ്കണ്‍ പ്രദേശത്തുനിന്ന് തെക്കോട്ട് പ്രയാണം ചെയ്ത കൊങ്കിണി ബ്രാഹ്മണന്മാര്‍ക്ക് അഭയം നല്‍കിയതും, വീടുകളും ക്ഷേത്രവും പണിയാന്‍ സ്ഥലം നല്‍കിയതും തലശ്ശേരി മെയിന്‍ റോഡിലുണ്ടായിരുന്ന പ്രാചീന മുസ്‌ലിം ജന്മിത്തറവാടായ വയ്യപ്രത്ത് കുന്നത്താണ്. കണ്ണൂര്‍ സിറ്റിക്കടുത്ത തയ്യിലില്‍ അവര്‍ക്ക് ക്ഷേത്രം പണിയാന്‍ സ്ഥലം നല്‍കിയത് മുസ്‌ലിം ഭരണാധികാരിയായ അറക്കല്‍ രാജാവുമായിരുന്നു.
കുന്നത്ത് തറവാട് സ്ഥിതി ചെയ്തിരുന്ന മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് തറവാടിന്റെ പ്രവേശന കവാടത്തിന് നൂറു മീറ്ററിനുള്ളിലാണ് അവരുടെ നരസിംഹ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എന്നാല്‍, ഹൈന്ദവ ഭരണാധികാരികളായിരുന്ന കോലത്തിരിയുടെ ചിറക്കല്‍ കോവിലകത്തിന് സമീപമോ കോട്ടയം രാജ കോവിലകത്തിന് സമീപമോ അവരുടെ ഭൂപ്രദേശത്തോ കൊങ്കിണിമാരുടെ ക്ഷേത്രമോ വാസസ്ഥലങ്ങളോ ഉണ്ടായിരുന്നില്ല (കേരളത്തിലെ ഹൈന്ദവ ഭരണാധികാരികള്‍ ശങ്കരാചാര്യരുടെ അനുയായികളും, കൊങ്കിണി ബ്രാഹ്മണന്മാര്‍ മഥ്യാചാര്യരുടെ അനുയായികളുമായിരുന്നു). 1700-കളില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തലശ്ശേരിയില്‍ ഫ്രഞ്ചുകാരോടും ഡച്ചുകാരോടും കുരുമുളക് വാങ്ങാനായി മത്സരിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു തലശ്ശേരിയിലെ കേയിമാരുടെ സ്ഥാപക കാരണവരായിരുന്ന ആലുപ്പിക്കാക്ക കണ്ണൂരിന് സമീപമുള്ള ചൊവ്വയില്‍ നിന്ന് കുരുമുളക് കച്ചവടത്തിനായി തലശ്ശേരിയില്‍ എത്തിയത്. അദ്ദേഹം സഹോദരീ പുത്രന്‍ മൂസക്കാക്കയെ കുരുമുളക് ശേഖരിക്കാനായി ആലപ്പുഴയിലേക്കയച്ചു. അതോടെ മൂസക്കാക്ക തിരുവിതാംകൂര്‍ രാജാവുമായി അടുക്കുകയും സൗഹാര്‍ദത്തിലാവുകയും ചെയ്തു.
ഹൈദരാലിയുടെയും ടിപ്പു സുല്‍ത്താന്റെയും പടയോട്ടക്കാലത്ത് നമ്പൂതിരിമാരും നായന്മാരും അഭയം തേടി തലശ്ശേരിയിലെത്തിയപ്പോള്‍ അവരെ മൂസക്കാക്ക അദ്ദേഹത്തിന്റെ പായക്കപ്പലില്‍ തിരുവനന്തപുരത്ത് എത്തിച്ചു. ആ സംഭവം, കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരള പത്രികയുടെ പത്രാധിപര്‍ സി. കുഞ്ഞിരാമന്‍ മേനോന്‍ ബി.എ 8-2-1916-ല്‍ കേയിമാരുടെ ചരിത്രം എന്ന പുസ്തകത്തിനു വേണ്ടി എഴുതിയ പ്രസ്താവനയില്‍ വിവരിച്ചിട്ടുണ്ട്്:
''ഈ മൂസാക്കയുടെ ചരിത്രം സാമാന്യം വിവരമായി ഈ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. അതിലും അധികരിച്ചതായി പലതും ചില പഴമക്കാര്‍ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. അവയില്‍ പ്രധാനമായ ഒന്ന് ഇവിടെ പറയാം: ടിപ്പു സുല്‍ത്താന്‍ മലയാളത്തെ ആക്രമിച്ചപ്പോള്‍ അതിനെ ഭയപ്പെട്ട് അതിനോട് എതിര്‍ത്ത് നില്‍ക്കാന്‍ കഴിയാത്ത ഹിന്ദുക്കള്‍ തിരുവിതാംകൂറില്‍ പോയി രക്ഷ പ്രാപിച്ചിരുന്നുവല്ലോ. അങ്ങനെ പോയിട്ടുള്ളവരില്‍ പലരെയും മൂസാക്ക തന്റെ വക പത്തേമാരികളിലും കപ്പലുകളിലും കയറ്റി അവരുടെ ജാതിമതാചാരങ്ങള്‍ക്ക് ദൂഷ്യം തട്ടാത്ത വിധത്തില്‍ കൊണ്ടുപോയി തിരുവിതാംകൂറില്‍ ആക്കിയിട്ടുണ്ടായിരുന്നു. ടിപ്പു സുല്‍ത്താന്റെ പടയോട്ടം അവസാനിച്ച ഉടനെ ഒരു ദിവസം തമ്പുരാനെ മുഖം കാണിക്കാന്‍ ഇദ്ദേഹം തിരുവനന്തപുരത്ത് കൊട്ടാരത്തില്‍ ചെന്നപ്പോള്‍ തമ്പുരാന്‍ മാളികപ്പുറത്ത് നിന്ന് താഴെ ഇറങ്ങി മൂസാക്കയുടെ കൈ പിടിച്ച് ഇങ്ങനെ പറഞ്ഞുപോല്‍: മൂസ എന്റെ പക്കല്‍ വളരെ ആളുകളെ ഏല്‍പിച്ചുതന്നിട്ടുണ്ട്. അവരെ എണ്ണം ചുരുങ്ങാതെ മുഴുവനും ഏല്‍പിച്ചു തരാന്‍ സാധിച്ചിട്ടില്ലെങ്കിലോ എന്ന് വിചാരിച്ചാണ് ഭയം.'' മൂസാക്ക തലശ്ശേരി പട്ടണത്തില്‍ വടക്കുഭാഗത്തായി 'മുഗളാര്‍' പള്ളി പണിതതും കൂടാതെ തലശ്ശേരിക്ക് പുറത്തും പള്ളികള്‍ പണിതിരുന്നു. പട്ടണ മധ്യത്തില്‍ വലിയൊരു പള്ളി നിര്‍മിക്കണമെന്ന ആഗ്രഹത്തോടെ ഡച്ചുകാര്‍ക്കുണ്ടായിരുന്ന പതിനഞ്ചേക്കര്‍ കരിമ്പിന്‍ തോട്ടം (ഓടത്തില്‍) ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയില്‍ നിന്നും വിലയ്ക്കു വാങ്ങി. അദ്ദേഹം തിരുവനന്തപുരത്തെത്തിയപ്പോള്‍ രാജാവുമായി സംസാരിക്കുന്നതിനിടയില്‍, തലശ്ശേരിയില്‍ വലിയൊരു പള്ളി നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ പള്ളിക്കാവശ്യമായ തേക്കു മരങ്ങള്‍ മുഴുവനും ഞാന്‍ തരുന്നതാണെന്നും അത് സ്വീകരിക്കണമെന്നും രാജാവ് പറഞ്ഞു.
തിരുവിതാംകൂറില്‍നിന്നും ലഭിച്ച വന്‍ തേക്കുതടികള്‍ മൂസാക്കയുടെ കപ്പലുകളില്‍ കയറ്റി തലശ്ശേരി ചാലില്‍ കടപ്പുറത്തിറക്കി. അവിടെ നിന്നും പള്ളി നിര്‍മാണ സ്ഥലത്തേക്ക് ആനകള്‍ വലിച്ചുകൊണ്ടുവന്ന വഴിയാണ് പില്‍ക്കാലത്ത് മുകുന്ദ് മല്ലര്‍ റോഡും ലോഗന്‍ റോഡുമായി അറിയപ്പെട്ടത്.
ബ്രിട്ടീഷ് ഭരണകാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍, കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന എ.കെ ഗോപാലനും സി.എച്ച് കണാരനും ഒളിവില്‍ കഴിയാന്‍ അഭയം ലഭിച്ചത് തലശ്ശേരിയിലെ പ്രശസ്ത മുസ്‌ലിം കുടുംബമായ ടി.സി മാളിയക്കലിലായിരുന്നു. കേരളത്തിലെ, വിശേഷിച്ചും മലബാറിലെ മുസ്‌ലിംകളുടെ സമ്പന്നമായ രാഷ്ട്രീയ-സാമൂഹിക പാരമ്പര്യത്തിന്റെ അഭിമാനകരമായ ചില ചരിത്ര സ്മരണകളാണ് ഇവിടെ കുറിച്ചത്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-5-7
ടി.കെ ഉബൈദ്‌

ഹദീസ്‌

എതിര്‍ ലിംഗാനുകരണം ശപിക്കപ്പെട്ടതാണ്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്