കത്തെഴുത്തിന്റെ സുവര്‍ണകാലം
കത്തെഴുത്തിന്റെ കാലം കഴിഞ്ഞുവെന്ന് പറയാം. സഹസ്രാബ്ദങ്ങളോളം നിലനിന്നുപോന്ന ആശയവിനിമയ രീതിയായിരുന്നു കത്തെഴുത്ത്. നന്നെച്ചുരുങ്ങിയത് സുലൈമാന്‍ നബി(അ)യുടെ കാലം തൊട്ടേ അത് നിലനിന്നിരുന്നുവെന്നതിന് ഖുര്‍ആന്‍ സാക്ഷി. ആത്മ വിചാരങ്ങളും ഹൃദയ വികാരങ്ങളും ഒട്ടൊക്കെ പൂര്‍ണമായി ഉള്‍ക്കൊള്ളാനും പ്രതിഫലിപ്പിക്കാനും കത്തുകള്‍ക്ക് കഴിഞ്ഞിരുന്നു. പല കാരണങ്ങളാല്‍ നേരില്‍ പറയാന്‍ പ്രയാസമുള്ള കാര്യങ്ങള്‍ ഇപ്പോള്‍ ടെലഫോണ്‍ മെസ്സേജുകളിലൂടെയാണല്ലോ അറിയിക്കാറുള്ളത്. അടുത്തകാലം വരെയും ഈ ദൗത്യവും നിര്‍വഹിച്ചിരുന്നത് കത്തുകളാണ്. സാമൂഹിക പ്രതിബദ്ധതയുള്ള ആരും കത്തുകളെ അവഗണിക്കുമായിരുന്നില്ല. കൃത്യസമയത്ത് വായിക്കുകയും യഥാസമയത്ത് മറുപടി അയക്കുകയും ചെയ്യുമായിരുന്നു. കത്തുകള്‍ കിട്ടിയിരുന്ന കാലത്തൊക്കെയും ഇക്കാര്യത്തില്‍ കണിശത പുലര്‍ത്താന്‍ ശ്രമിച്ചു പോന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലൂടെ അയക്കുന്ന മുഴുവന്‍ സന്ദേശങ്ങള്‍ക്കും അവയുടെ ആധിക്യം കാരണം മറുപടി നല്‍കാന്‍ കഴിയാറില്ല. എങ്കിലും അന്വേഷകന്‍ അനിവാര്യമായും അറിയേണ്ടതാണെന്ന് തോന്നുന്ന അനന്തരാവകാശം പോലുള്ള വിഷയങ്ങളില്‍ കൃത്യമായി മറുപടി അയക്കാറുണ്ട്.
കഥകളില്‍ കളവ് ആകാമോ?
ഗള്‍ഫ് യാത്രയില്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവുമായുള്ള സംഭാഷണത്തിനിടയില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അദ്ദേഹം എഴുതിയ കത്തും അതിന് നല്‍കിയ മറുപടിയും ഓര്‍മിപ്പിക്കുകയുണ്ടായി. അദ്ദേഹം കഥയെഴുതിത്തുടങ്ങുന്ന കാലമാണ്. സ്വാഭാവികമായും സര്‍ഗസാഹിത്യത്തിലെ കഥാപാത്രങ്ങളും അവരുമായി ബന്ധപ്പെട്ട സംഭാഷണങ്ങളും സംഭവങ്ങളുമെല്ലാം തീര്‍ത്തും സാങ്കല്‍പ്പികമായിരിക്കുമല്ലോ. അതിനാല്‍ അങ്ങനെ കള്ളമെഴുതുന്നത് കുറ്റകരമാണെന്ന ധാരണ പലരിലും നിലനിന്നിരുന്നു. അങ്ങനെ കഥയെഴുതുന്നത് അനുവദനീയമാണോ അല്ലേ എന്ന് അന്വേഷിച്ച് കൊണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പൊയ്ത്തുംകടവ് കത്തെഴുതിയതും അതിനു വിശദമായിത്തന്നെ മറുപടി അയച്ചതും അദ്ദേഹം അനുസ്മരിച്ചു. മനസ്സമാധാനത്തോടെ കഥകളെഴുതാന്‍ അത് സഹായകമായ കാര്യം നന്ദിയോടെ പ്രത്യേകം എടുത്തു പറയുകയും ചെയ്തു.
കച്ചവടത്തില്‍ ഇടപെട്ട കത്ത്
കോഴിക്കോട് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസില്‍ നിന്ന് എം.പി. റോഡിലൂടെ മൊയ്തീന്‍ പള്ളിയിലേക്ക് പോകവേ ഒരു ചെറുപ്പക്കാരന്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി. അദ്ദേഹം മാനസികമായി വളരെ പ്രയാസപ്പെടുന്നുണ്ടെന്ന് മുഖം പറയുന്നുണ്ടായിരുന്നു. റോഡിന്റെ ഒരു വശത്തേക്ക് മാറ്റി നിര്‍ത്തി സ്വകാര്യമായി പറഞ്ഞു: ''ഞാന്‍ ഇവിടെ ഒരു കടയില്‍ ജോലി ചെയ്യുകയാണ്. വില്‍പന വസ്തുക്കളില്‍ നിഷിദ്ധമായ ചിലതുമുണ്ട്. കടയിലെ ജീവനക്കാരനെന്ന നിലയില്‍ അത് വില്‍ക്കാനും എടുത്ത് കൊടുക്കാനും ഞാന്‍ ബാധ്യസ്ഥനാണ്. ഞാന്‍ ഈ ജോലിയില്‍ തുടരുന്നത് ശരിയാണോ? മറ്റ് ജോലികളൊന്നും കിട്ടാത്തതുകൊണ്ടാണ് ഈ കടയില്‍ നില്‍ക്കുന്നത്.''
ചോദ്യത്തിനു മറുപടി നല്‍കുന്നതിന് പകരം കടയുടമയെക്കുറിച്ച് അന്വേഷിക്കുകയാണുണ്ടായത്. അദ്ദേഹം കൃത്യമായി നമസ്‌കരിക്കുന്ന മതനിഷ്ഠയുള്ള ആളാണെന്ന് മനസ്സിലായി. അദ്ദേഹത്തിന്റെ വിലാസം ചോദിച്ച് വാങ്ങി. അത് തരുമ്പോള്‍ താനുമായി ബന്ധപ്പെടുത്തി കാര്യം പറയരുതെന്ന് ആ ചെറുപ്പക്കാരന്‍ പ്രത്യേകം ഉണര്‍ത്തി. ഓഫീസില്‍ വന്ന ഉടനെ നിഷിദ്ധമായ വസ്തുക്കള്‍ വില്‍ക്കുന്നതിന്റെ ഇസ്‌ലാമിക വിധി വിശദീകരിച്ചും അതൊഴിവാക്കാന്‍ ആവശ്യപ്പെട്ടും കടയുടമക്ക് കത്തെഴുതി. മൂന്നാം ദിവസം തന്നെ മറുപടി കിട്ടി. ഇക്കാര്യം ആരും തന്നെ തന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നില്ലെന്നും കത്ത് കിട്ടിയ ഉടനെത്തന്നെ എല്ലാം എടുത്തു മാറ്റിയെന്നും ഇനിയൊരിക്കലും അത്തരം വസ്തുക്കള്‍ വില്‍ക്കുകയില്ലെന്നും തെറ്റ് ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദിയുണ്ടെന്നും അറിയിച്ചു കൊണ്ടായിരുന്നു കത്ത്. ഇത് വലിയ പ്രചോദനമായി. പിന്നീട് ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടി വന്നപ്പോള്‍ കത്തെഴുത്തായിരുന്നു സ്വീകരിച്ചിരുന്ന ഒരു രീതി.
കോഴക്കെതിരെ
കോഴിക്കോട് ടൗണ്‍ ഹാളില്‍ മുസ്‌ലിം വിദ്യാഭ്യാസ സമ്മേളനം നടക്കുകയാണ്. പ്രഭാഷകരിലൊരാള്‍ വ്യക്തിപരമായി എന്നെയും ഞാന്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തെയും കുറ്റപ്പെടുത്തിയും ആക്ഷേപിച്ചും സംസാരിച്ചു. അതിന് കാരണം ഒരു കത്തായിരുന്നു. വളരെയേറെ പാരമ്പര്യവും പേരും പ്രശസ്തിയുമുള്ള മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനം. അവിടെ കോഴ കൊഴുക്കാന്‍ തുടങ്ങി. പാവപ്പെട്ട സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിച്ചില്ലെന്നതോടൊപ്പം സ്ഥാപനത്തെയും സമുദായത്തെയും സംബന്ധിച്ച് അത് സമൂഹത്തില്‍ അവമതിപ്പുണ്ടാക്കി. അതിന്റെ പാരമ്പര്യത്തെ ഓര്‍മിപ്പിച്ച് കൊണ്ട് പലരും സംസാരിക്കാന്‍ തുടങ്ങി. അത്തരമൊരു സാഹചര്യത്തില്‍ ആ സ്ഥാപനത്തിന്റെ മഹിതമായ പാരമ്പര്യം ഓര്‍മിപ്പിച്ചും അത് വീണ്ടെടുക്കണമെന്ന് ഓര്‍മിപ്പിച്ചും കോഴസമ്പ്രദായം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടും മാനേജിംഗ് കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും കത്തയച്ചു. ഒരാള്‍ അതിനെ അനുകൂലിച്ചും സ്വാഗതം ചെയ്തും പ്രതികരിച്ചു. മറ്റൊരാള്‍ അങ്ങേയറ്റം പ്രകോപിതനായി. അതിന്റെ പ്രതിഫലനമായിരുന്നു ടൗണ്‍ഹാള്‍ പ്രഭാഷണം.
കാലപ്രവാഹത്തില്‍ വലിയ മാറ്റം സംഭവിച്ചു. അനുകൂലമായി പ്രതികരിച്ചയാള്‍ കമ്മിറ്റിയുടെ തീരുമാനത്തെ സ്വാധീനിക്കുന്ന സ്ഥാനത്തെത്തി. അതോടെ കോഴ സമ്പ്രദായത്തിന് അറുതിയായി.
മദ്യത്തില്‍ നിന്ന് മുക്തിയേകിയ കത്ത്
ഐ.പി.എച്ച് പുസ്തക മേള നടക്കുകയാണ്. നല്ല ജനത്തിരക്കുണ്ട്. അപ്പോള്‍ ഒരാള്‍ അടുത്തുവന്ന് പലതും വിളിച്ച് പറഞ്ഞു. അദ്ദേഹം ലഹരിക്ക് അടിപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ശാന്തമായി മറുപടി നല്‍കി. അല്‍പം കഴിഞ്ഞപ്പോള്‍ അദ്ദേഹം വരാന്തയില്‍ കുഴഞ്ഞു വീണു. വളണ്ടിയര്‍മാര്‍ അദ്ദേഹത്തെ എടുത്ത് ഒഴിഞ്ഞ സ്ഥലത്ത് കിടത്തി. അല്‍പം കഴിഞ്ഞ് ഒന്നും സംഭവിക്കാത്ത മട്ടില്‍ അദ്ദേഹം എഴുന്നേറ്റുപോയി.
ഏതാനും ദിവസങ്ങള്‍ക്കുശേഷം ആ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചും ക്ഷമ ചോദിച്ചും എനിക്കൊരു കത്ത് കിട്ടി. അതിന് വിശദമായ മറുപടി എഴുതി. അതൊന്നും പ്രശ്‌നമല്ലെന്നും അതിന്റെ പേരില്‍ പ്രയാസപ്പെടേണ്ടതില്ലെന്നും എഴുതിയശേഷം അതിനിട വരുത്തിയ മദ്യത്തെ സംബന്ധിച്ച് ചില കാര്യങ്ങള്‍ കുറിച്ചിട്ടു. അത് കുടുംബിനിക്കും കുട്ടികള്‍ക്കുമുണ്ടാക്കുന്ന പ്രയാസങ്ങളാണ് കൂടുതലും വിശദീകരിച്ചത്. മറുപടി കിട്ടിയ ഉടനെ അദ്ദേഹം വീട്ടില്‍ വന്ന് കാണാന്‍ താല്‍പര്യം പ്രകടിപ്പിച്ച് കത്തെഴുതി. അദ്ദേഹത്തെ സ്വാഗതം ചെയ്തും ക്ഷണിച്ചും മറുപടി അയച്ചു. അങ്ങനെ അദ്ദേഹം മകനെയും കൂട്ടി വീട്ടില്‍ വന്നു. ഹൃദ്യമായി സ്വീകരിക്കുകയും നന്നായി സല്‍ക്കരിക്കുകയും ചെയ്തു. തിരിച്ചുപോയപ്പോള്‍ അദ്ദേഹത്തിന്റെ പ്രയാസം മനസ്സിലാക്കി ചെറിയ സഹായവും നല്‍കി.
തുടര്‍ന്നുള്ള നിരന്തര ബന്ധത്തിലൂടെ അദ്ദേഹം പൂര്‍ണമായി മാറി. ഇസ്‌ലാമിക ജീവിതം നയിക്കാനും തുടങ്ങി. ഇന്ന് അദ്ദേഹം നമ്മുടെ കൂടെയില്ല. മക്കള്‍ക്ക് ഇസ്‌ലാമിക വിദ്യാഭ്യാസം നല്‍കിയശേഷമാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. കുടുംബം ഇസ്‌ലാമിക ജീവിതം നയിച്ചും തങ്ങളുടെ മേഖലകളില്‍ ഇസ്‌ലാമിക പ്രവര്‍ത്തനം നടത്തിയും കഴിഞ്ഞു പോരുന്നു. ഇതിനൊക്കെയും വഴിയൊരുക്കിയത് കത്തുകള്‍ തന്നെ.
കത്തെഴുത്ത് നിലച്ചപ്പോള്‍
സാമൂഹികമാധ്യമങ്ങളുടെ വ്യാപനത്തോടെ കത്തെഴുത്ത് നിലച്ചു. അതോടെ വ്യക്തികള്‍ക്കിടയിലെ ആശയ വിനിമയത്തിലും വിവരക്കൈമാറ്റത്തിലും സൗഹൃദങ്ങളുടെ പങ്കുവെപ്പിലും സ്‌നേഹച്ചൂട് പകര്‍ന്ന് നല്‍കലിലും സാരമായ മാറ്റം സംഭവിച്ചു. കത്തുകള്‍ക്ക് വളരെയേറെ സ്വകാര്യത ഉണ്ടായിരുന്നു. അത് ഹൃദയം ഹൃദയത്തോട് സംസാരിക്കലായിരുന്നു. അത് കൊണ്ട് തന്നെ അതിന്റെ ഭാഷ അങ്ങേയറ്റം സൗമ്യവും സ്‌നേഹമസൃണവുമായിരുന്നു. എന്നാല്‍ വാട്‌സ്ആപ്പും ഇ മെയിലും ടെലഫോണും കത്തുകളുടെ സ്ഥാനം കൈയേറ്റതോടെ സ്വകാര്യത നഷ്ടമായി. ഹൃദ്യതക്ക് മങ്ങലേറ്റു. ആര് എന്തൊക്കെ, ആരുടെ മുമ്പിലൊക്കെ വെളിപ്പെടുത്തുമെന്ന് ആര്‍ക്കും ഒരു നിശ്ചയമില്ല. ടെലഫോണിലൂടെ നടക്കുന്ന സംസാരം പകര്‍ത്തി പ്രചരിപ്പിക്കുകയില്ലെന്നതിന് ഒരുറപ്പുമില്ല. അതിനാല്‍ വളരെ ശ്രദ്ധിച്ചേ ഫോണില്‍ സംസാരിക്കുകയുള്ളു.
കത്തെഴുത്തിലേക്ക് തിരിച്ചുപോകാന്‍ ഇനി സാധ്യതയില്ല. അതിനാല്‍ ആശയവിനിമയത്തിന്റെ പുതു മാധ്യമങ്ങളെ കുറേ കൂടി മനുഷ്യപ്പറ്റുള്ളതാക്കി മാറ്റുകയേ നിര്‍വാഹമുള്ളൂ. വ്യക്തിപരമായി അയച്ച സന്ദേശം ബന്ധപ്പെട്ട വ്യക്തിയുടെ അനുവാദമില്ലാതെ പരസ്യപ്പെടുത്തുന്നത് കുറ്റകൃത്യമാണെന്ന കാര്യം വിസ്മരിക്കാവതല്ല. മാറുന്ന ലോകത്തും മാറാത്ത മൂല്യങ്ങള്‍ മുറുകെപ്പിടിക്കാന്‍ കഴിയണമല്ലോ.
Comments