Prabodhanm Weekly

Pages

Search

2022 ജൂലൈ 08

3259

1443 ദുല്‍ഹജ്ജ് 09

സൗഹൃദത്തിന് കേരളം എന്നും പാകമാണ്

സി.കെ.എ ജബ്ബാര്‍

കേരളത്തിലെ സമകാലിക സാഹചര്യത്തില്‍ ഏറെ ശ്രദ്ധേയമായ സൗഹൃദ യാത്രയാണ് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. പരസ്പരം വൈരം വളര്‍ത്താനുള്ള കൊണ്ടുപിടിച്ച ശ്രമം നടക്കുന്ന സമകാലിക പശ്ചാത്തലത്തില്‍ സമൂഹത്തിലെ എല്ലാ രംഗങ്ങളിലുമുള്ളവരെ ഒരുമിച്ചു കാണുകയും ഐക്യപ്പെടാവുന്ന മേഖല കണ്ടെത്തുകയും ചെയ്യുകയായിരുന്നു  യാത്രയുടെ ലക്ഷ്യം. കാസര്‍കോട് നിന്ന് ആരംഭിച്ച് മുഴുവന്‍ ജില്ലകളിലും പര്യടനം നടത്തി ജൂണ്‍  23-ന് കോഴിക്കോട്ടാണ് യാത്ര സമാപിച്ചത്. പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, മറ്റു സംസ്ഥാന ഭാരവാഹികള്‍, എം.എല്‍.എമാര്‍ എന്നിവരെല്ലാം പാണക്കാട് തങ്ങളെ അനുഗമിച്ച യാത്രക്ക് ഏറെ പുതുമകളുണ്ടായിരുന്നു.
ഓരോ ജില്ലയിലെയും ക്രൈസ്തവ സഭകള്‍, ക്ഷേത്ര പൂജാരികളും ഭാരവാഹികളും, മുസ്‌ലിം മത സംഘടനാ നേതാക്കള്‍, പണ്ഡിതന്മാര്‍, വ്യാപാര പ്രമുഖര്‍, സാംസ്‌കാരിക നായകന്മാര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി നാനാ രംഗത്തുമുള്ളവരെ സാദിഖലി തങ്ങള്‍ നേരില്‍ കണ്ടു. സാധാരണ രാഷ്ട്രീയ നേതൃത്വം കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ യാത്രകള്‍ നടത്താറുണ്ട്. അത്തരം തെരഞ്ഞെടുപ്പ് യാത്രകള്‍ക്കും സംഘടനാ യാത്രകള്‍ക്കുമപ്പുറം  വലിയ പ്രാധാന്യവും വ്യതിരിക്തതയും ഈ യാത്രക്കുണ്ടായിരുന്നു. 
മുസ്‌ലിം ലീഗിന്റെ സംസ്ഥാന അമരത്ത് എത്തിയ ശേഷം സാദിഖലി തങ്ങള്‍ ജില്ലകളില്‍ എത്തിയത് ഇതാദ്യമായിരുന്നു. വലിയ ബഹുജന  പരിപാടി നടത്തി സ്വീകരണം ഒരുക്കാന്‍ മുസ്‌ലിം ലീഗിന് കഴിയുമായിരുന്നു. പക്ഷേ, പാര്‍ട്ടിയുടെ സ്വീകരണം ഓഡിറ്റോറിയം കണ്‍വന്‍ഷനുകളില്‍ പരിമിതപ്പെടുത്തി. അതിനെക്കാള്‍ പ്രാധാന്യം സമൂഹത്തിലെ നാനാതുറകളിലുള്ളവരുമായി  കൂടിക്കാഴ്ച ഒരുക്കുന്നതിലായിരുന്നു. യാത്രയുടെ ലക്ഷ്യവും മറ്റൊന്നായിരുന്നില്ല. 

തുറന്ന ആശയവിനിമയങ്ങള്‍
പ്രഭാഷണത്തിന് ചുരുക്കം സമയവും വന്നുചേര്‍ന്നവര്‍ക്ക് പറയാനുള്ള അവസരത്തിന് ദീര്‍ഘ സമയവും നല്‍കുന്ന വിധമായിരുന്നു കൂടിക്കാഴ്ചകളുടെ അജണ്ട. മുസ്‌ലിം ലീഗ് മണ്ഡലം കമ്മിറ്റികള്‍ അതത് പ്രദേശങ്ങളില്‍ പ്രമുഖരായ സര്‍വമത-സാംസ്‌കാരിക വ്യക്തിത്വങ്ങളെയും പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നു. ക്ഷണിക്കപ്പെട്ട ഓരോ വ്യക്തിക്കും അഭിപ്രായം പറയാന്‍ അവസരം നല്‍കി. നാലഞ്ച് മണിക്കൂര്‍ നീണ്ട സംഭാഷണങ്ങള്‍ വലിയൊരു മഞ്ഞുരുക്കമായും ഭാവിയിലേക്കുള്ള ആശയവിനിമയമായും മാറി. യുവതലമുറയെ വഴിതെറ്റിക്കുന്ന സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ താഴെ തട്ടിലുള്ള കൂടിച്ചേരലുകള്‍ അനിവാര്യമാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. നേതൃതലത്തിലുള്ള ഒത്തുചേരല്‍ ഗ്രാമത്തിലുള്ള ജാഗ്രതാ സമിതികളായും സൗഹൃദവേദികളായും രൂപപ്പെടുത്തണമെന്ന് ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടു. സാധാരണക്കാര്‍ക്കിടയിലെ തെറ്റിദ്ധാരണകള്‍ നീങ്ങാന്‍ സൗഹൃദപരമായ  മത ഡയലോഗുകളും നടക്കണം. മുദ്രാവാക്യങ്ങളല്ല, ഹൃദയങ്ങളില്‍ മുദ്രചെയ്യപ്പെടേണ്ട വിധം അറിവുകളുടെ വിനിമയങ്ങളാണ് വേണ്ടത് എന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. പാഠ്യപദ്ധതികള്‍ മതാചാര്യന്മാരുടെ മാതൃകാധ്യാപനങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പരിഷ്‌കരിക്കണമെന്നും ആവശ്യമുയര്‍ന്നു. ഇത് ഒരു തുടക്കമാണെന്നും ഇനിയും ഒരുമിച്ചിരിക്കാന്‍ അവസരം ഉണ്ടാക്കണമെന്നും പാണക്കാട് തങ്ങള്‍ മറുപടി നല്‍കി.
കേരളത്തിലെ സൗഹൃദ പര്യടനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഭാവിയെക്കുറിച്ച വലിയ പ്രതീക്ഷയാണ് ഉള്ളതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
''മൗനം വിദ്വാന് ഭൂഷണം എന്ന പഴമൊഴി കേരളത്തിന്റെ സമകാലിക സാഹചര്യത്തില്‍ അപ്രസക്തമാണ്. നിഷ്‌ക്രിയരായിരിക്കാനല്ല സാഹചര്യം നമ്മോട് ആവശ്യപ്പെടുന്നത്. വേദനിക്കുന്ന സമൂഹത്തോടൊപ്പം ഇറങ്ങേണ്ട സമയമാണിത്. കണ്ടു നില്‍ക്കാന്‍ നമുക്ക് സമയമില്ല. പ്രകോപനങ്ങളും സാമുദായിക  ധ്രുവീകരണവും ശക്തിപ്പെട്ടുവരുന്നു. ഈ സമയത്ത് നന്മ മനസ്സുള്ളവര്‍ നിസ്സംഗരാവാന്‍ പാടുണ്ടോ?
''ഞാന്‍ രാഷ്ട്രീയമായി ഒരു പാര്‍ട്ടിയുടെ നേതാവാണ്. പക്ഷേ, ഞങ്ങളുടെ രാഷ്ട്രീയം രാഷ്ട്ര സേവയും ജനനന്മയും ആണ്. തെരഞ്ഞെടുപ്പുകളില്‍ മാത്രമല്ല,  ഈ നന്മ മനസ്സുകള്‍ ഉണരേണ്ടത്. രാഷ്ട്രീയ നേതാവെന്ന നിലയില്‍ സദ്‌വൃത്തി ചെയ്യുക എന്നത് ആരാധനയായി കരുതുന്ന ഒരു മതബോധവും നമുക്കുണ്ട്. ഇവ രണ്ടും ചേര്‍ന്നാല്‍ ഇവിടെ ദുശ്ശക്തികള്‍ക്ക് സ്ഥാനമില്ല. ഇക്കാര്യം മനസ്സിലാക്കി എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്'' - അദ്ദേഹം പറഞ്ഞു.
സാധാരണ പാര്‍ട്ടി നേതൃത്വം ചെയ്യാന്‍ മടിക്കുന്ന ദൗത്യവുമായി ഇറങ്ങിയതിന്റെ പ്രചോദനത്തെക്കുറിച്ച് തങ്ങളോട് ചോദിച്ചപ്പോള്‍ അദ്ദേഹം വിശദീകരിച്ചത് ഇങ്ങനെയാണ്:
''മുസ്‌ലിം യൂത്ത് ലീഗിന്റെ അധ്യക്ഷനായിരിക്കെ സംസ്ഥാന തല ജാഥ നയിച്ചിരുന്നു. യൂത്ത് ലീഗ് ജാഥയുടെ ലക്ഷ്യം നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക എന്നതായിരുന്നു. എന്നാല്‍,  മുസ്‌ലിം പോക്കറ്റുകളില്‍ തീവ്രവാദ നിലപാടുള്ള ചില നീക്കങ്ങള്‍ വേരോടാന്‍ ശ്രമിക്കുന്ന സാഹചര്യം കൂടി അന്നത്തെ യാത്രയില്‍ പരിഗണിച്ചിരുന്നു. അത് വലിയ ഫലമാണ് ചെയ്തത്. പാര്‍ട്ടിയുടെ മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നപ്പോള്‍ ഒരു വര്‍ഷം മുമ്പ് മലപ്പുറം ജില്ലയില്‍ മണ്ഡലം തലങ്ങളില്‍ സൗഹൃദ യോഗങ്ങള്‍ വിളിച്ചുകൂട്ടിയിരുന്നു. ഈ യോഗങ്ങളില്‍ നിന്ന് കിട്ടിയ അനുഭവം വലിയ ആവേശമായി. ഇക്കാര്യം സംസ്ഥാന കമ്മിറ്റിയില്‍ അനുസ്മരിച്ചപ്പോള്‍ സംസ്ഥാന തലത്തില്‍ സൗഹൃദ യാത്ര നടത്താന്‍ പാര്‍ട്ടി ഒന്നടങ്കം തീരുമാനിക്കുകയായിരുന്നു.  അതിനാല്‍, തൊലിപ്പുറത്തെ നാട്യങ്ങളുള്ള യാത്രയല്ല ഇത്. അനുഭവങ്ങളുടെ വെളിച്ചത്തില്‍ ആത്മവിശ്വാസത്തോടെയുള്ള സംഗമങ്ങളാണ്. തീര്‍ച്ചയായും ഇതിന്റെ തുടര്‍ച്ച താഴെ തട്ടില്‍ എല്ലാവരെയും ഒരുമിച്ചിരുത്തുന്ന വിധം വിപുലീകരിക്കും''- തങ്ങള്‍ ഉറപ്പ് നല്‍കി.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലത്ത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഇത്തരം കൂട്ടായ്മകളെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. കോഴിക്കോട് നടന്ന സദസ്സില്‍ അമീര്‍ പങ്കെടുത്ത് സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി എന്നും ഇത്തരം സദസ്സുകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയ പ്രസ്ഥാനമാണെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തിന്റെ പ്രവര്‍ത്തന രീതി തന്നെ പാരസ്പര്യത്തെ ഊട്ടി വളര്‍ത്തുന്നതാണ്. പ്രാദേശിക തലങ്ങളിലാണ് സൗഹൃദ കൂട്ടായ്മകള്‍ ശക്തിപ്പെടേണ്ടതെന്നും അമീര്‍ പറഞ്ഞു.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-37-40
ടി.കെ ഉബൈദ്‌

ഹദീസ്‌

അറഫാ ദിനത്തിന്റെ പ്രാധാന്യം
ഡോ. മുഹമ്മദ് പാണ്ടിക്കാട്‌