Prabodhanm Weekly

Pages

Search

2022 ജൂലൈ 08

3259

1443 ദുല്‍ഹജ്ജ് 09

കുട്ടികളെ വളര്‍ത്തേണ്ട കാലമല്ല; അവരോടൊപ്പം വളരേണ്ട കാലം

മെഹദ് മഖ്ബൂല്‍

പലവിധങ്ങളായ തലമുറകള്‍ നമ്മെ കടന്നുപോയി. ഓരോ തലമുറക്കും അവരുടേതായ പ്രത്യേകതകളും മനോഭാവങ്ങളും നിലപാടുകളുമുണ്ടായിരുന്നു. ഓരോ കാലത്തും നടന്ന വ്യത്യസ്ത സംഭവങ്ങളും കണ്ടുപിടിത്തങ്ങളും അവരെ സ്വാധീനിച്ചു. ആ സംഭവങ്ങള്‍ അവരുടെ തീരുമാനങ്ങളെ രൂപപ്പെടുത്തി. ഓരോ കാലഘട്ടത്തിനും അതിന്റേതായ ടെക്നോളജിയും സ്വന്തമായ ചിന്തകളും സാംസ്‌കാരിക സ്വഭാവങ്ങളുമെല്ലാം ഉണ്ടായിരുന്നു.
ഡെമോഗ്രാഫറും ഫ്യൂച്ചറിസ്റ്റുമായ മാര്‍ക് മക്ഗ്രിന്‍ഡില്‍ ആണ് ഓരോ തലമുറക്കും ഓരോ പേരുകള്‍ കണ്ടെത്തിയത്. ഓരോ തലമുറയുടെയും സ്വഭാവ സവിശേഷതകള്‍ പഠിക്കാനുള്ള എളുപ്പത്തിനായിരുന്നു അദ്ദേഹം ഇങ്ങനെ ചെയ്തത്.
1901 മുതല്‍ 1927 വരെയുള്ളവര്‍ ഗ്രെയ്റ്റസ്റ്റ് ജനറേഷന്‍ (The Greatest Generation), 1928 മുതല്‍ 1945 വരെയുള്ളവര്‍സൈലന്റ് ജനറേഷന്‍ (The Silent Generation), 1946-1964 വരെയുള്ളവര്‍ ബേബി ബൂമേഴ്സ് (Baby Boomers), 1965- 1980-നിടയില്‍ ജനിച്ചവര്‍ ജനറേഷന്‍ എക്സ് (Generation X), 1980 മുതല്‍ 1996 വരെയുള്ളവര്‍ മില്ലേനിയല്‍സ് (Millennials), 1996 മുതല്‍ 2010 വരെയുള്ളവര്‍ ജനറേഷന്‍ സീ (Generation- Z), 2010 മുതല്‍ 2024 വരെയുള്ളവര്‍ ജനറേഷന്‍ ആല്‍ഫ (Generation Alpha) എന്നിങ്ങനെയായി തലമുറകളെ മക്ഗ്രിന്‍ഡില്‍ തരം തിരിച്ചു.
കാര്യമായ സാമ്പത്തിക സ്വാധീനം കൊണ്ടു വന്ന തലമുറയായിരുന്നു ജനറേഷന്‍ ബൂമേഴ്സ്. നമ്മുടെ രാഷ്ട്രീയ സാമൂഹിക ലോകത്തെ പുതിയ കണ്ണോടു കൂടി കാണാന്‍ പഠിപ്പിച്ചത് മില്ലേനിയല്‍സ് ആയിരുന്നു. സാങ്കേതിക വിദ്യയും മാനവികതയും തമ്മില്‍ ചേര്‍ത്തുവെക്കുകയായിരുന്നു ജനറേഷന്‍ സീ. സമര രംഗത്ത്  മുന്നില്‍ നില്‍ക്കുന്ന തലമുറ കൂടിയാണ് ജനറേഷന്‍ സീ.  ജനറേഷന്‍ ആല്‍ഫയാകട്ടെ  ഇന്‍ഫ്‌ളുവന്‍ഷ്യല്‍ ചില്‍ഡ്രന്‍ ആണ്. ടെക് സാവി എന്നാണ് അവര്‍ അറിയപ്പെടുന്നത് തന്നെ.
തലമുറ സംഘര്‍ഷങ്ങളെ(generational conflict) ക്കുറിച്ച് പറയാറുണ്ട്. ജനറേഷന്‍ സീയെ എങ്ങനെ വളര്‍ത്തും എന്നറിയാതെ നട്ടം തിരിഞ്ഞ തലമുറയായിരുന്നു ജനറേഷന്‍ ബൂമേഴ്സ്. മില്ലേനിയല്‍സാകട്ടെ  രക്ഷിതാക്കള്‍ പറയുന്നതെല്ലാം കേട്ട് വളര്‍ന്ന തലമുറയായിരുന്നു. എന്നാല്‍, വളരെ പെട്ടെന്ന് ട്രാന്‍സ്ഫോം ചെയ്ത തലമുറയായിരുന്നു ജനറേഷന്‍ സീ. ഡിവൈസുകള്‍ വിലക്കിക്കൊണ്ട് മില്ലേനിയല്‍സിനെ നേരിട്ട മുതിര്‍ന്നവര്‍ ജനറേഷന്‍ സീ എത്തിയപ്പോഴേക്കും അങ്കലാപ്പിലായി. ഇവര്‍ പറഞ്ഞാല്‍ കേള്‍ക്കുന്നില്ല എന്ന് രക്ഷിതാക്കളും, രക്ഷിതാക്കള്‍ക്ക് പറയുന്നത് മനസ്സിലാകുന്നില്ല എന്ന് ജനറേഷന്‍ സീയും പറയാന്‍ തുടങ്ങി. ഈ കുട്ടികളെ എങ്ങനെ മാനേജ് ചെയ്യും എന്നറിയാതെ ശരിക്കും രക്ഷിതാക്കള്‍ കുഴങ്ങി. മില്ലേനിയല്‍സിനെ നേരിട്ട പോലെ ഇവരെ നിയന്ത്രിക്കാന്‍ കഴിയുമായിരുന്നില്ല.
വിലക്കാനല്ല, ഡിവൈസിന്റെ ഗുണവും ദോഷവും പറഞ്ഞു കൊടുത്ത് കുട്ടികള്‍ക്ക് മാനസിക പക്വത നല്‍കുക മാത്രമേ രക്ഷിതാക്കള്‍ക്ക് ചെയ്യാനാകുമായിരുന്നുള്ളൂ.
രക്ഷിതാക്കളും ജനറേഷന്‍ സീയും തമ്മില്‍ ജനറേഷനല്‍ കോണ്‍ഫ്ളിക്റ്റ് നിലനില്‍ക്കവേയാണ് ജനറേഷന്‍ ആല്‍ഫയുടെ കടന്നുവരവ്.  മില്ലേനിയല്‍സ് ആണല്ലോ ഇവരുടെ രക്ഷിതാക്കള്‍. താരതമ്യേന ഈ രക്ഷിതാക്കളും കുട്ടികളും തമ്മില്‍ നല്ലൊരു ബോണ്ടണ്ട് (bond) തന്നെയാണുള്ളത്. മറ്റേതൊരു തലമുറയെക്കാളും നല്ല രക്ഷിതാക്കളും നല്ല മക്കളുമാകാന്‍ ഇവര്‍ക്ക് സാധിക്കും എന്നാണ് വിലയിരുത്തുന്നത്.   അതുകൊണ്ടു കൂടിയാണ്  ആല്‍ഫയെ മിനി മില്ലേനിയല്‍സ് എന്നും വിളിക്കുന്നത്. അവരുടെ പര്‍ച്ചേസിംഗ് മെന്റാലിറ്റിയിലും സാമ്യതയുണ്ടെന്നും നിരീക്ഷിക്കപ്പെടുന്നു.
വണ്‍ സൈസ് ഫിറ്റ്സ് ഓള്‍ (One size fits all)എന്നൊരു പാരന്റിംഗ് രീതിയുണ്ടായിരുന്നു. ഒരു കാര്യം എല്ലാവര്‍ക്കും ഫിറ്റ് ആകും എന്നായിരുന്നു ആ കാഴ്ചപ്പാട്. എന്നാല്‍ ഓരോരുത്തരും ഓരോന്നാണ്, സ്പെഷ്യലാണ്  എന്ന മനോഭാവമാണ് ഈ കാലമെത്തിയപ്പോഴേക്കും രൂപപ്പെട്ടുവന്നത്.
ഡിജിറ്റല്‍ വേള്‍ഡിലേക്ക് ജനിച്ചു വീണ തലമുറയാണ് ജനറേഷന്‍ ആല്‍ഫ. ആസ്വാദനത്തിന് മാത്രമല്ല, വിദ്യാഭ്യാസത്തിനും കൂടി ഡിവൈസുകള്‍ ഉപയോഗിക്കുന്ന തലമുറയാണിത്. ആദ്യത്തെ സ്മാര്‍ട്ട് ഫോണ്‍ മാര്‍ക്കറ്റില്‍ എത്തുന്നതും ജനറേഷന്‍ ആല്‍ഫ ജനിച്ച 2010-ല്‍ ആണ്.
കൂടുതല്‍ ആയുര്‍ദൈര്‍ഘ്യം പറയുന്ന, വൈകി റിട്ടയര്‍ ചെയ്യുന്ന, ആഗോളതലത്തില്‍ തന്നെ വേഗത്തില്‍ കമ്യൂണിക്കേറ്റ് ചെയ്യുന്ന തലമുറയാണ് ആല്‍ഫ. ഈ തലമുറയുടെ ചുറ്റുപാടുകള്‍ തീര്‍ത്തും പുതിയതും വ്യത്യസ്തമായതുമാണ്.   മുമ്പുകഴിഞ്ഞ കാലമേയല്ല എന്നതു കൊണ്ടും ഈ കുട്ടികളുടെ പാരന്റിംഗ് അല്‍പം വെല്ലുവിളി നിറഞ്ഞതായിരിക്കും. അണ്‍ഡിജിറ്റലൈസ്ഡ് കാലത്ത് ജനിച്ച മില്ലേനിയല്‍സിന് അല്‍പം ശ്രദ്ധിച്ചാല്‍ അതിന് കഴിയുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
ലോകത്താകമാനം ഓരോ ആഴ്ചയും 2.5 മില്യന്‍ ആല്‍ഫ തലമുറയില്‍ പെട്ട കുട്ടികള്‍ ജനിക്കുന്നുണ്ട്  എന്നാണ് കണക്ക്.
ഈ ജനിക്കുന്ന കുട്ടികളുടെ കൈയിലെല്ലാം കരച്ചില്‍ നിര്‍ത്താനായി രക്ഷിതാക്കള്‍ ഐപാഡും മൊബൈലും കൊടുത്തുകൊണ്ടേയിരിക്കുന്നു. 2024 അവസാനം രണ്ട് ബില്യനിലധികം ആല്‍ഫ ജനറേഷന്‍ ഉണ്ടാകും എന്നാണ് പറയുന്നത്.
 മില്ലേനിയല്‍സ് തലമുറയുടെ മേല്‍ കുട്ടികള്‍ക്ക് കൃത്യമായ ആധിപത്യമുണ്ടെന്ന് കാണാം. കുട്ടികള്‍ പറഞ്ഞാല്‍ എന്തും വാങ്ങിക്കൊടുക്കുന്ന മാനസികാവസ്ഥയിലുള്ളവരാണ് മില്ലേനിയല്‍സ്. വാശി പിടിച്ചതൊന്നും കിട്ടാതെ പോയ, അത്ര പരിഗണന ലഭിക്കാതിരുന്ന  തലമുറ ആയതു കൊണ്ട് കൂടിയാവാം മില്ലേനിയല്‍സിന് ഈ സ്വഭാവം കൈവന്നത്.
ഇന്ത്യയിലും ചൈനയിലും ഇന്തോനേഷ്യയിലുമാണ് ജനറേഷന്‍ ആല്‍ഫ ഏറ്റവും കൂടുതല്‍ ഉള്ളത്. 2024 വരെയുള്ള കുട്ടികളാണല്ലോ ജനറേഷന്‍ ആല്‍ഫയില്‍ ഉള്ളത്. അതായത്, ഇനിയും ജനിച്ചിട്ടില്ലാത്ത കുട്ടികളും ഈ കാറ്റഗറിയില്‍ ഉണ്ട്. അതുകൊണ്ടാണ് വളരെ കുറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് ഇവരെക്കുറിച്ച് പ്രവചിക്കാന്‍ പറ്റൂ എന്ന് ഡെമോഗ്രാഫറുകള്‍ പറയുന്നത്.
ചരിത്രത്തില്‍ ഇന്നേവരെയില്ലാത്ത അത്രയും ടെക്നോളജികലി അഡ്വാന്‍സ്ഡ് ആയ തലമുറയാണിവര്‍.
മനുഷ്യരോടെന്ന പോലെ റോബോട്ടുകളോടും ഇടപെടുന്ന തലമുറയായിരിക്കും ജനറേഷന്‍ ആല്‍ഫ.  പൂര്‍ണമായും ഡിജിറ്റല്‍ നേറ്റീവ്സ് ആണ് ജനറേഷന്‍ ആല്‍ഫ.
പത്തോ പന്ത്രണ്ടോ വര്‍ഷങ്ങളുടെ സ്‌കൂള്‍ വിദ്യാഭ്യാസമാണല്ലോ ഇപ്പോള്‍ നിലവിലുള്ളത്. പലവിധങ്ങളായ വിദ്യാഭ്യാസ കഴിവുള്ളവരെല്ലാം ഒരു ക്ലാസില്‍ ഒരു വര്‍ഷം തികച്ചും ഇരിക്കേണ്ട ഘടനയാണ് ഇപ്പോഴുള്ളത്. ഒരുപക്ഷേ, അതിനെല്ലാം വരുംകാലങ്ങളില്‍ മാറ്റം സംഭവിക്കുമായിരിക്കും. കാരണം,  ഫോര്‍മല്‍ ഡിഗ്രികളെ ആസ്പദിച്ചായിരിക്കില്ല, സ്‌കില്ലുകളിലേക്ക് ഫോക്കസ് ചെയ്തിട്ടായിരിക്കും വരുംകാല വിദ്യാഭ്യാസം. കുട്ടികള്‍ ഓരോ സ്‌കില്ലും നേടുന്നതിനനുസരിച്ച് അടുത്ത ലെവലിലേക്ക് മാറേണ്ടി വരും.
ചരിത്രത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള തലമുറയായിരിക്കും ജനറേഷന്‍ ആല്‍ഫ. ടെക്നോളജിയാണ്  അവര്‍ക്ക് വേണ്ട വിദ്യാഭ്യാസം നല്‍കുന്നത്. മുമ്പ് കാലത്ത് അധ്യാപകര്‍ക്ക് അറിവിന്റെ പരിമിതിയുണ്ടായിരുന്നു. കുട്ടികളുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ചിലപ്പോള്‍ അധ്യാപകര്‍ എന്തെങ്കിലുമൊക്കെ പറഞ്ഞൊഴിയും. ചിലരോട് കണ്ണുരുട്ടും. അല്‍പം ചിലര്‍ മാത്രം അറിയില്ല, അന്വേഷിച്ചിട്ട് പറയാം എന്ന് പറയും. എല്ലാം അറിയുന്ന ടെക്നോളജിയാണ് ഇന്നത്തെ കുട്ടികളുടെ അധ്യാപകര്‍. അതുകൊണ്ടുതന്നെ ഏത് വിഷയവും ആഴത്തില്‍ പഠിക്കാന്‍ കുട്ടികള്‍ക്ക് പറ്റും.
ആരും പറഞ്ഞുകൊടുക്കാതെ തന്നെ പഠിക്കുന്ന തലമുറയാണിത്. ആപ്പുകള്‍ എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യണം എന്ന് ഈ കുട്ടികള്‍ക്ക് ആരും പറഞ്ഞു കൊടുത്തിട്ടില്ല.  മൂന്ന് വയസ്സായ കുട്ടികള്‍ വരെ രക്ഷിതാക്കളുടെ ഫോണില്‍ നിറയെ ഗെയ്മുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് കാണാം. കുട്ടികളുടെ ഈ വളര്‍ച്ചക്കനുസരിച്ച് സ്‌കൂള്‍ ഘടനകള്‍ തീര്‍ച്ചയായും മാറേണ്ടതായിവരും. ഇവര്‍ മുതിരുംതോറും പഠന ശൈലികളും ഉന്നത വിദ്യാഭ്യാസ രീതികളുമെല്ലാം മാറേണ്ടത് അനിവാര്യമാകും.
മില്ലേനിയല്‍സിന്റെ കാലത്താണ് ഇന്ന് കാണും രൂപത്തിലുള്ള ടെക്നോളജിക്ക് തുടക്കമിടുന്നത്. ജനറേഷന്‍ ആല്‍ഫയാകട്ടെ ജനിക്കുന്നതേ ടെക്നോളജിയിലാണ്. രണ്ട് തലമുറയും ടെക്നോളജിയെ സമീപിച്ച രീതികളില്‍ വ്യത്യാസമുണ്ട്. മൊബൈലും ടിവിയുമെല്ലാം നമ്മെ തകര്‍ക്കാന്‍ വരുന്നു എന്ന മനോഭാവവും അത്തരം സ്റ്റഡി ക്ലാസുകളുമായിരുന്നു മില്ലേനിയല്‍സിന് ലഭിച്ചിരുന്നത്. പുതിയത് എന്തും നമ്മെ തകര്‍ക്കാനാണെന്നും അത് വിലക്കേണ്ടത് അനിവാര്യമാണെന്നുമായിരുന്നു മുതിര്‍ന്നവര്‍ അവരോട് പറഞ്ഞത്. കുറ്റബോധത്തോടെ ടെക്നോളജിയെ സമീപിക്കേണ്ടി വന്ന തലമുറയാണ് മില്ലേനിയല്‍സ്. എന്താണ് ടെക്നോളജിയെന്ന് അറിവില്ലാത്ത മനുഷ്യരുടെ പ്രഭാഷണങ്ങളാണ് നിരന്തരം അവരുടെ സൈ്വരം കെടുത്തിയത്. എന്നാല്‍, ടെക്നോളജിയുടെ സാധ്യതകള്‍ എല്ലാവരും മനസ്സിലാക്കിയ കാലത്താണ് ജനറേഷന്‍ ആല്‍ഫ ജനിക്കുന്നത്.
കുറച്ച് മുമ്പ് സിരി, അലക്സ, ഗൂഗ്ള്‍ അസിസ്റ്റന്റ് എന്നിവയൊന്നും വീടുകളില്‍ നമുക്ക് ആലോചിക്കാന്‍ പോലും കഴിയുമായിരുന്നില്ല. എന്നാല്‍, എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ആണ് ജനറേഷന്‍ ആല്‍ഫയെ ഭരിക്കുന്നത്. ഈ തലമുറയിലെ ചെറിയ കുട്ടികള്‍  ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ പ്രായമാകുമ്പോഴേക്കും ഒരു പക്ഷേ ഡ്രൈവര്‍ലെസ് വാഹനങ്ങള്‍ നിരത്തിലിറങ്ങുമായിരിക്കും. ഡ്രൈവിംഗ് പഠിക്കേണ്ട കാര്യമേ അവര്‍ക്കുണ്ടാവില്ല. അതായത്  മുമ്പു കാലത്തെ തലമുറ നേടേണ്ട സ്‌കില്ലുകള്‍ ആയിരിക്കില്ല പുതിയ തലമുറക്ക് വേണ്ടത് എന്നര്‍ഥം. യുവാല്‍ നോവാ ഹരാരി ഈയടുത്ത് പറഞ്ഞത്, വരുംകാലങ്ങളില്‍ ഡോക്ടറുടെ പണിയെല്ലാം ഒരുപക്ഷേ എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)ഏറ്റെടുക്കും എന്നാണ്. രോഗങ്ങളെ തിരിച്ചറിയാന്‍ മനുഷ്യരെക്കാള്‍ അവയ്ക്ക് സാധിക്കുമല്ലോ. അപ്പോഴും നഴ്സുമാര്‍ വേണ്ടിവന്നേക്കാം. കുറേക്കൂടി സോഷ്യലായി ഇടപെടേണ്ട ജോലിയാണല്ലോ അത്.
വളരെ വേഗതയിലാണ് ആല്‍ഫ തലമുറ കാര്യങ്ങള്‍ പഠിക്കുന്നത്. പരസ്പരം സംവദിക്കാന്‍ സോഷ്യല്‍ മീഡിയയാണ് ഈ തലമുറ ഉപയോഗിക്കുന്നത്. അവരുടെ സങ്കടങ്ങളും സന്തോഷങ്ങളും സ്റ്റോറിയായും റീല്‍സായും കാണാന്‍ സാധിക്കും. നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന തലമുറയായതു കൊണ്ട് അവരെക്കുറിച്ചൊന്നും മുന്‍കൂര്‍ പറഞ്ഞുവെക്കാനാവില്ല. പെരുമാറ്റവും അങ്ങനെ തന്നെയായിരിക്കും. അതുകൊണ്ടൊക്കെ കൂടിയാണ് കുട്ടികളോട് എന്ത് നിലപാടെടുക്കും എന്ന് മുതിര്‍ന്നവരില്‍ ചിലര്‍ക്കെങ്കിലും യാതൊരു തീര്‍ച്ചയും ഇല്ലാത്തത്; ഞങ്ങളൊന്നും ചെറുപ്പത്തില്‍ ഇങ്ങനെയായിരുന്നില്ലല്ലോ എന്ന് സങ്കടപ്പെടുന്നത്.
ടെക്നോളജിയുടെ ഡൗണ്‍സൈഡു കൂടി കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുകയാണ് ഇക്കാലത്ത് വേണ്ടത്. ഡിവൈസുകള്‍ വിലക്കുക എന്നത് പ്രായോഗികമല്ല. കുട്ടികള്‍ ഏറെ പിറകോട്ട് പോകാന്‍ മാത്രമേ അത് ഉപകരിക്കൂ. ഓരോ കുട്ടിയുടെയും സ്‌ക്രീന്‍ ടൈം കൃത്യപ്പെടുത്തണം. രക്ഷിതാക്കള്‍ റോള്‍ മോഡല്‍ ആയി മാറണം. മുമ്പ് കേട്ടു പഠിച്ച തലമുറയായിരുന്നെങ്കില്‍ ഇന്ന്  കണ്ടു പഠിക്കുന്ന തലമുറയാണ്. കണ്ടു പഠിക്കുന്ന തലമുറക്ക് കാര്യങ്ങള്‍ കണ്ടു തന്നെ പഠിക്കണം. അതുകൊണ്ട് മുതിര്‍ന്നവര്‍ക്ക് മാതൃകയാകാതെ മാര്‍ഗമില്ല.
ഇക്കാലത്ത് കുട്ടികളുടെ ബന്ധങ്ങള്‍ അധികവും ഓണ്‍ലൈനില്‍ ആയിരിക്കും. അതിന്റെ പ്രശ്നവശങ്ങളെ കുറിച്ച് അവരെ ബോധവാന്‍മാരാക്കാം. ഓണ്‍ലൈന്‍ സുഹൃദ് ബന്ധങ്ങളെക്കാള്‍ മികച്ച സുഹൃത്തുക്കളാകാന്‍ വീട്ടുകാര്‍ക്ക് കഴിയണം.
  ഫാമിലി ടൈമും സ്‌ക്രീന്‍ ടൈമും ബാലന്‍സ് ചെയ്യാനും കുട്ടികളോടൊപ്പം കളിക്കാനും സംസാരിക്കാനുമെല്ലാം എപ്പോഴും സമയം കണ്ടെത്താനാവണം. കുട്ടികളുമായി നല്ല ബന്ധം സ്ഥാപിക്കുക എന്നത് വളരെ പ്രധാനമാണ്. അവരുമായി തുറന്ന ആശയവിനിമയം നടത്തുകയും മറ്റാരെക്കാളും അവര്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്നവരാണ് തങ്ങളെന്ന് അവരെ ബോധ്യപ്പെടുത്തുകയും വേണം. ഓണ്‍ലൈന്‍ ഫ്രണ്ടിനെക്കാള്‍  വിശ്വാസവും സ്നേഹവും നേടാന്‍ വീട്ടുകാര്‍ക്കാവണം. കുട്ടികളോടൊപ്പം ഇടക്കെങ്കിലും മള്‍ട്ടി പേഴ്സണ്‍ ഗെയിം കളിക്കാനും സമയം കണ്ടെത്താം.
ടെക്നോളജിയോടൊപ്പം വളരുന്നവരായതു കൊണ്ട് ഭാവിയിലെ ഡിജിറ്റല്‍ അവസരങ്ങളെ കുറിച്ചും കുട്ടികള്‍ക്ക് നല്ല ബോധ്യമുണ്ടാകും. ഏത് നേരവും ഗെയ്മും കളിച്ച് സമയം കളയുന്നോ എന്ന് വഴക്ക് പറയാനും വയ്യ. ഗെയിം കളിച്ചും, കളി പഠിപ്പിച്ചും ഗെയ്മുകള്‍ നിര്‍മിച്ചും വലിയ സ്വാധീനമാകുന്ന കുട്ടികളുടെ കാലമാണ്. ഏത് നേരവും സോഷ്യല്‍ മീഡിയയിലാണല്ലോ എന്ന് പഴിക്കാനും പറ്റില്ല. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെയും ഡാറ്റാ സയന്‍സിന്റെയും സാധ്യതകളുടെ കാലമാണ്.
നിങ്ങള്‍ വലുതാകുമ്പോള്‍ ആരാകും എന്ന് കുട്ടികളോട് ചോദിക്കാറില്ലേ? ആ ചോദ്യത്തിന് പോലും പ്രസക്തിയില്ലാത്ത കാലമാണ്. കാരണം, അവര്‍ ഭാവിയില്‍ ചെയ്യാന്‍ പോകുന്നത് ഇപ്പോള്‍ നിലവിലില്ലാത്ത ജോലികളാണ്.
‘സശറളഹൗലിരലൃ’ വളര്‍ന്നു വരുന്ന കാലമാണ്. വെറും പത്തുവയസ്സുകാരനായ റയാന്റെ ഞ്യമി’ െണീൃഹറ പോലുള്ള ചാനലുകള്‍ നല്ല ഉദാഹരണമാണ്.  250 മില്യന്‍ ഡോളറിന്റെ സ്വാധീനമാണ് അവനുള്ളതെന്ന് പറഞ്ഞാല്‍ ആരും മൂക്കത്ത് വിരല്‍ വെക്കും!
അതുകൊണ്ടു തന്നെ കുട്ടികളെ വളര്‍ത്തേണ്ട കാലമല്ല; അവരോടൊപ്പം വളരേണ്ട കാലമാണിതെന്ന ബോധ്യം മുതിര്‍ന്നവര്‍ക്കും വേണം.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-37-40
ടി.കെ ഉബൈദ്‌

ഹദീസ്‌

അറഫാ ദിനത്തിന്റെ പ്രാധാന്യം
ഡോ. മുഹമ്മദ് പാണ്ടിക്കാട്‌