Prabodhanm Weekly

Pages

Search

2022 ജൂലൈ 08

3259

1443 ദുല്‍ഹജ്ജ് 09

അക്ഷരങ്ങളുള്ള മനുഷ്യന്‍

ഫായിസ്  നിസാര്‍

 

 

അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യന്‍. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകള്‍ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിര്‍വചനം തന്നെയാണ് അവന് നല്‍കപ്പെട്ടതില്‍ ഏറ്റവും അനുയോജ്യമായത്. മനുഷ്യന്റെ ന്യൂനതകളെക്കുറിച്ച് ആവലാതിപ്പെട്ട മലക്കുകള്‍ക്ക് അല്ലാഹു മറുപടി നല്‍കിയത് ആദമിന് നാമങ്ങളറിയാം എന്ന് പറഞ്ഞായിരുന്നു.  മനുഷ്യന്റെ ന്യൂനതകള്‍ പരിഹരിക്കാന്‍ വാക്കുകള്‍ക്കാവും. അവയില്‍ ശ്രേഷ്ഠം അല്ലാഹുവിന്റെ വചനങ്ങളാണ്. മനുഷ്യനെ നിര്‍വചിക്കുന്നത് വാക്കുകളാണെങ്കില്‍ അവന്റെ ജീവിതം നിര്‍വചിക്കപ്പെടേണ്ടത് അവന് അത് പഠിപ്പിച്ചുകൊടുത്ത റബ്ബിന്റെ വാക്യങ്ങള്‍ കൊണ്ടാണ്.  പരമമായ വിജയത്തിലേക്ക് മനുഷ്യനെ നയിക്കാന്‍ പ്രാപ്തമായ വാക്യങ്ങള്‍. അങ്ങനെ അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്കായി പ്രവാചകന്‍ മുഹമ്മദ് നബി(സ)ക്ക് ദൈവിക വചനങ്ങള്‍ ഇറങ്ങി. 'വായിക്കുക, നിന്നെ സൃഷ്ടിച്ച നിന്റെ റബ്ബിന്റെ നാമത്തില്‍' എന്ന വാക്യശകലംകൊണ്ട് അതിന് ആരംഭം കുറിച്ചു. തുടരെത്തുടരെ മനുഷ്യനെ അനുഗമിക്കുന്ന മഹാപ്രതിഭാസം. അക്ഷരങ്ങള്‍, വാക്കുകള്‍, വാക്യങ്ങള്‍..... അവ തീര്‍ത്ത വായനകള്‍. 
വായനയാണ് മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നത്. അറിവ് അവനെ ശ്രേഷ്ഠനാക്കുന്നു. മലക്കുകള്‍ സുജൂദ് ചെയ്ത മനുഷ്യന്‍ അറിവുള്ളവനായിരുന്നു. അവനെ മലക്കുകളെക്കാള്‍ ഉയര്‍ത്തുന്നത് അറിവാണ്. അല്ലാഹു പറയുന്നു: ''അല്ലാഹുവെ ഭയപ്പെടുന്നത് ദാസന്മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു.'' ആത്മീയതയിലേക്കുള്ള പാതയാണ് അറിവ്. ദൈവത്തിലേക്കെത്താനുള്ള ഉപാധി, ഔന്നത്യത്തിലേക്കുള്ള ചവിട്ടുപടി. പണ്ഡിതനും പാമരനും ഒരേ നിലയിലല്ല.  'അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ' എന്ന് അല്ലാഹു ചോദിക്കുന്നു. നേതൃത്വത്തിന്റെ അളവുകോല്‍ പാണ്ഡിത്യമായിരിക്കണമെന്ന് അല്ലാഹു നിഷ്‌കര്‍ഷിച്ചു. സാമ്പത്തിക സമൃദ്ധിയില്ലാത്ത ത്വാലൂത്തിനെയാണോ രാജാവായി നിശ്ചയിക്കുന്നത് എന്ന ഇസ്‌റാഈല്യരുടെ ചോദ്യത്തിന് അറിവും ശാരീരിക ശക്തിയുമാണ് മാനദണ്ഡം എന്ന് തിരുത്തിക്കാണിച്ചു.
ഓരോ പുസ്തകവും പ്രവിശാലമായൊരു ലോകത്തിലേക്കുള്ള കാല്‍വെപ്പാണ്. ആയിരമായിരം ജീവിതങ്ങളും മരണങ്ങളും അനുഭവിച്ചുതീര്‍ക്കുന്ന നിമിഷങ്ങളാണവ. ഓരോ ജീവിതവും ഓരോ പുസ്തകമാണ്, ഓരോ പുസ്തകവും നിറയെ പാഠങ്ങളാണ്. ഈ ലോകം ഒരു ഗ്രന്ഥാലയവും. ഖുര്‍ആന്‍ ഒരുപാട് കഥകള്‍ പറഞ്ഞുതരുന്നുണ്ട്. പ്രവാചകന്മാരുടെയും സല്‍ക്കര്‍മികളുടെയും സ്വേഛാധിപതികളുടെയും അഹങ്കാരികളുടെയും കഥകള്‍. എന്നാല്‍ ഖുര്‍ആനിലെ കഥകളുടെ പ്രത്യേകത, ആ കഥകളില്‍ അവസാന വിജയം നന്മയുടെ പക്ഷത്താണ് എന്നതാണ്. അതുകൊണ്ട് നന്മയുടെ കഥകളാവണം നമ്മുടെ ജീവിതങ്ങള്‍. കഥനവൈഭവത്തിന്റെ പ്രബോധനരീതി കൂടിയാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. പ്രവാചകന്റെ ജീവിതം നമ്മളിലേക്കെത്തിയത് വാക്കുകളായിട്ടാണ്. ആ വരികളിലൂടെ കടന്നുപോകുന്നവര്‍ അദ്ദേഹത്തിനൊപ്പം ജീവിക്കുന്നു. ആ ജീവിതം വീണ്ടുമാവര്‍ത്തിക്കപ്പെടുന്നു.
വായന സൃഷ്ടിക്കുന്ന പ്രതിഫലനങ്ങള്‍ വായനക്കാരനില്‍  ഒതുങ്ങിനില്‍ക്കില്ല, അത് സാമൂഹികക്രമത്തിലും മാറ്റങ്ങള്‍ കൊണ്ടുവരും. അത് വ്യക്തിയില്‍ നിന്ന് കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും പ്രസരിക്കും. വികസനപരതയും ചലനാത്മകതയുമാണ് യഥാര്‍ഥ ജ്ഞാനത്തിന്റെ സവിശേഷത. ആ ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുന്ന സംസ്‌കാരവും നാഗരികതയും അതിമഹത്തരമായിരിക്കും. അതുകൊണ്ട് അറിവ് കൈമാറ്റം ചെയ്യപ്പെടണം. തന്നിലേക്ക് ചുരുങ്ങിയ അറിവ് കെട്ടിക്കിടക്കുന്ന വെള്ളം പോലെയാണ്, അത് കാലക്രമത്തില്‍ മലിനമാവുകയും പ്രയോജനരഹിതമാവുകയും ചെയ്യും. അത്തരം അറിവുകള്‍ അറിവിന്റെ ഉണ്മയെത്തന്നെ നിഷേധിക്കുന്നു. ഖുര്‍ആന്‍ നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്: ''അവനു നാം രണ്ടു കണ്ണുകള്‍ നല്‍കിയില്ലേ? നാവും രണ്ടും ചുണ്ടുകളും? തെളിഞ്ഞ രണ്ട് വഴികള്‍ നാമവന് കാണിച്ചുകൊടുത്തില്ലേ?'' കണ്ണുകള്‍ അറിവിലേക്കുള്ള സുപ്രധാന മാധ്യമമാണ്. കണ്ണുകള്‍ അക്ഷരങ്ങളെ പിന്തുടരുമ്പോള്‍ വായന സാധ്യമാവുന്നു, അറിവിന്റെ വാതായനങ്ങള്‍ തുറക്കപ്പെടുന്നു. ജ്ഞാനസമ്പാദനത്തിന്റെ ബാഹ്യവും പ്രഥമവുമായ രീതിയാണ് അക്ഷരങ്ങളിലൂടെയുള്ള വായന.
അറിവിന് മനുഷ്യസഹജമായ പരിധികളും പരിമിതികളും സ്വാഭാവികമാണ്. ഭൗതികതയില്‍ നിലകൊള്ളുമ്പോള്‍ അഭൗതികതയെ മറനീക്കിക്കാണാന്‍ അവന് കഴിയുകയില്ല. അതിനാല്‍ അതീന്ദ്രിയമായ ഒരു സ്രോതസ്സ് അനിവാര്യമായിത്തീരും. പ്രവാചകന്മാര്‍ പിറവികൊള്ളുന്നത് അങ്ങനെയാണ്.  ആ ജ്ഞാനം ചില മനുഷ്യരിലൂടെ മറ്റനേകം മനുഷ്യരിലേക്ക് എത്തിച്ചുകൊടുക്കാന്‍ വേണ്ടി. അത് അക്ഷരങ്ങളായും വാക്കുകളായും വാക്യങ്ങളായും മനുഷ്യരിലേക്ക് പ്രവഹിക്കും. ഖുര്‍ആനായി നമ്മുടെ മുന്നിലുള്ള അതേ അക്ഷരങ്ങളും വാക്യങ്ങളും. മേല്‍പറഞ്ഞ ഖുര്‍ആന്‍ വാക്യത്തില്‍ രണ്ടാമതായി പരാമര്‍ശിച്ചിട്ടുള്ളത് നാവും ചുണ്ടുകളുമാണ്. വായിക്കാനും വായിച്ചത് പങ്കുവെക്കാനും ചോദ്യങ്ങള്‍ ഉന്നയിക്കാനും മനുഷ്യനെ പ്രാപ്തനാക്കുന്ന രണ്ടനുഗ്രഹങ്ങള്‍. കണ്ണുകള്‍ വായിച്ചെടുത്തതൊക്കെയും അപരന്ന് പറഞ്ഞ് കൊടുക്കേണ്ടതും അവനെ നേര്‍വഴിയിലേക്ക് ക്ഷണിക്കേണ്ടതുമായ നാവിന്റെ ധര്‍മത്തെയാണ് അത് സൂചിപ്പിക്കുന്നത്. ശേഷം, രണ്ട് വഴികള്‍ മനുഷ്യന്റെ മുമ്പിലുണ്ട്. നേരായ പാതയും തെറ്റായ പാതയും. ഏത് വേണമെന്ന് മനുഷ്യന് തീരുമാനിക്കാം. ഈ അനുഗ്രഹങ്ങളെ നിഷേധിച്ചവര്‍ ഒരുപാടുണ്ട്. കണ്ണുണ്ടായിട്ടും കാണാത്തവര്‍ കാതുകളുണ്ടായിട്ടും കേള്‍ക്കാത്തവര്‍, സത്യത്തിനു നേരെ കണ്ണടക്കുന്നവര്‍.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-37-40
ടി.കെ ഉബൈദ്‌

ഹദീസ്‌

അറഫാ ദിനത്തിന്റെ പ്രാധാന്യം
ഡോ. മുഹമ്മദ് പാണ്ടിക്കാട്‌