ഹസ്‌റത്ത് ഇബ്‌റാഹീം പുതുമകള്‍ തേടിയ പ്രവാചകന്‍
പുതുമ എന്നും മനുഷ്യനെ ആകര്‍ഷിക്കുന്ന ഒന്നാണ്. ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത് എന്നത് കേവലം പരസ്യവാചകമല്ല; മനുഷ്യ മനസ്സിന്റെ അഭിരുചിയെക്കുറിച്ച സത്യപ്രസ്താവനയാണ്. പ്രവാചകന്മാര്‍ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ്. അവന്റെ മാര്‍ഗദര്‍ശനത്തിന്റെ വെളിച്ചമാണ് അവരെ നയിച്ചത്. പ്രവാചകന്മാരുടെ സര്‍ഗാത്മകതക്കും പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഒരു പങ്കുണ്ട്. അല്ലെങ്കില്‍ മാനവികം, ദൈവികം എന്ന് വേര്‍തിരിക്കാനാവാത്ത അഭിന്നതയായി പ്രവാചക പ്രവൃത്തികളില്‍ ഈ സര്‍ഗാത്മകത പുഷ്പിച്ചു നില്‍ക്കുന്നുണ്ട്. പ്രവാചക ദൗത്യം തന്നെ ദൈവവും മനുഷ്യനും ചേര്‍ന്നുള്ള ഒരു സര്‍ഗാത്മക പ്രവര്‍ത്തനമാണ്. ദൈവവും മനുഷ്യനും ഇത്രമേല്‍ സന്ധിക്കുന്ന മറ്റൊരു മനുഷ്യാനുഭവവുമില്ലല്ലോ.
ഈ സര്‍ഗാത്മകതയും പുതുമ തേടലും വളരെ കൂടുതല്‍ അനുഭവപ്പെടുന്ന പ്രവാചക ജീവചരിത്രമാണ് ഇബ്‌റാഹീം നബിയുടേത് (അല്ലാഹു അദ്ദേഹത്തിന്റെ മേല്‍ സമാധാനം നിരന്തരം വര്‍ഷിക്കുമാറാകട്ടെ). പ്രതീകാത്മകതയെ ഇബ്‌റാഹീം നബി വളരെ ശക്തിയായി ഉപയോഗിച്ചു. പറച്ചിലിനെക്കാള്‍ പ്രവൃത്തിയാണ് അനുവാചക ഹൃദയത്തില്‍ വേഗത്തിലും ശക്തിയിലും സംവേദനം ചെയ്യപ്പെടുക. വാച്യത്തെക്കാള്‍ വ്യംഗ്യമാണ് ചെന്നുതറക്കുക. അത് ഹൃദയങ്ങളില്‍ കൂടുതല്‍ നിലനില്‍ക്കും. എളുപ്പത്തില്‍ പ്രചരിക്കും. പ്രഹരശേഷിയും പ്രചരണക്ഷമതയും അധികമാണെന്നര്‍ഥം. നാടകീയത ഈ വ്യംഗ്യതയുടെ ഏറ്റവും ഉയര്‍ന്ന രൂപമാണ്. ഭാഷയെയും അതിവര്‍ത്തിക്കുന്ന ഉപമയാണത്.
പ്രവാചകന്‍ മുഹമ്മദ് നബി (അദ്ദേഹത്തിനുമേല്‍ ദൈവം സമാധാനം വര്‍ഷിക്കട്ടെ) പ്രബോധനമാരംഭിക്കുന്നതും ഭാഷക്കുപരിയായ ഈ പ്രതീകാത്മകതയുടെ സാധ്യതയെ പ്രയോജനപ്പെടുത്തിയാണ്. സഫാ മലയുടെ മുകളില്‍ കയറിനിന്ന് ഖുറൈശികളുടെ പരമ്പരാഗത രീതി ഉപയോഗിച്ച് 'വാ സ്വബാഹാ' എന്ന് അദ്ദേഹം അവരെ വിളിച്ചു. അപകടത്തിന്റെ നേരങ്ങളിലാണ് അറബികള്‍ അങ്ങനെ ഉച്ചത്തില്‍ വിളിച്ചിരുന്നത്. പ്രവാചകന്‍ അവരോട് ചോദിച്ചു: ''ഈ മലയുടെ പിറകില്‍ ഒരു സൈന്യം നിങ്ങളെ ആക്രമിക്കാന്‍ കാത്തുനില്‍ക്കുന്നു എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?'' അവര്‍ ഒറ്റ ശബ്ദത്തില്‍ പറഞ്ഞു: ''വിശ്വസിക്കും, നീ ഇതുവരെ ഞങ്ങളോട് സത്യമേ പറഞ്ഞിട്ടുള്ളൂ.'' അപ്പോള്‍ തിരുമേനി പറഞ്ഞു: ''ജനങ്ങളേ, ഞാന്‍ നിങ്ങളെ ഏകദൈവത്തിനുള്ള അടിമത്തത്തിലേക്ക് ക്ഷണിക്കുന്നു. നിങ്ങളെ വിഗ്രഹപൂജയില്‍നിന്ന് മോചിപ്പിക്കാനാഗ്രഹിക്കുന്നു. നിങ്ങള്‍ എന്റെ വാക്കുകള്‍ അംഗീകരിക്കാത്തപക്ഷം നിങ്ങള്‍ക്കനുഭവിക്കേണ്ടിവരുന്ന വേദനാജനകമായ ശിക്ഷയെക്കുറിച്ച് ഞാന്‍ താക്കീത് ചെയ്യുന്നു.''
ഇബ്റാഹീം നബി പ്രബോധനമാരംഭിക്കുന്നതും ഇതിനെക്കാള്‍ പ്രതീകാത്മകതയെ ഉപയോഗപ്പെടുത്തിയാണ്. ഇതിനെക്കാള്‍ നാടകീയമായാണ്. അനുവാചകര്‍ നാട്യമാണെന്നല്ല, സത്യമാണെന്നു കരുതിയ നാടകം. അനുവാചകരറിയാതെ അവരെക്കൂടി പങ്കാളികളാക്കി നടത്തിയ അതിഗംഭീരമായ ആവിഷ്‌കാരം. അഭിനയത്തിന്റെയും യാഥാര്‍ഥ്യത്തിന്റെയും സമ്മിശ്രം കൊണ്ട് നിര്‍മിച്ച നാടകം. മുഹമ്മദ് നബിയുടെ സഫാ മലയിലെ പരസ്യ പ്രബോധനാരംഭത്തിലും ഇതേ ക്രമം പ്രവര്‍ത്തിക്കുന്നുണ്ട്. നബി നടിക്കുന്നു; ജനം യഥാര്‍ഥമായിത്തന്നെ ഈ ആവിഷ്‌കാരത്തിന്റെ ഭാഗമാക്കപ്പെടുന്നു.
ഇബ്‌റാഹീം നബിയുടെ
പ്രബോധനാരംഭം
രാവണഞ്ഞപ്പോള്‍ നക്ഷത്രത്തെ കണ്ടു അദ്ദേഹം പറഞ്ഞു: ഇതാണെന്റെ രക്ഷിതാവ്. അത് അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അസ്തമിച്ചുപോകുന്നവയെ ഞാന്‍ സ്നേഹിക്കുന്നില്ല. പിന്നെ ചന്ദ്രന്‍ ഉദിച്ചുയരുന്നത് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാണെന്റെ നാഥന്‍. അതും അസ്തമിച്ചപ്പോള്‍ പറഞ്ഞു: എന്റെ നാഥന്‍ വഴികാട്ടിയില്ലായിരുന്നെങ്കില്‍ പിഴച്ചവരില്‍ പെട്ടുപോകുമായിരുന്നു. സൂര്യന്‍ ഉദിച്ചുയരുന്നത് കണ്ടപ്പോള്‍ പറഞ്ഞു: ഇതാണ് എന്റെ രക്ഷിതാവ്, ഇതാണ് ഏറ്റവും വലുത്. അതും അസ്തമിച്ചപ്പോള്‍ പറഞ്ഞു: നിങ്ങള്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നെല്ലാം ഞാന്‍ മുക്തനാകുന്നു (അല്‍ അന്‍ആം 76-79).
വിഗ്രഹഭഞ്ജനം
ഇബ്റാഹീം നബിയുടെ പ്രബോധനത്തിലെ വ്യംഗ്യോപയോഗത്തിന്റെ കൊടുമുടിയാണ് വിഗ്രഹധ്വംസനം. വിഗ്രഹങ്ങളെ കൊത്തിനുറുക്കി വലിയ വിഗ്രഹത്തിന്റെ കഴുത്തില്‍ കോടാലി കയറ്റിവെക്കുന്നു. അയല്‍പ്രദേശത്ത് ഉത്സവത്തിനു പോയവര്‍ തിരിച്ചുവന്ന് ദേവാലയ ദര്‍ശനത്തിന് ഒരുങ്ങുമ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. അന്വേഷണങ്ങള്‍ സ്വാഭാവികമായും ഇബ്റാഹീമില്‍ ചെന്നെത്തുന്നു. ഇബ്‌റാഹീം നബി ആഗ്രഹിച്ചപോലെ വിചാരണ ആരംഭിക്കുന്നു. അവര്‍ ചോദിച്ചു: ''ദൈവങ്ങളോട് ഇപ്രകാരം ചെയ്തത് നീയാണോ? അല്ല, അവരില്‍ വലിയവനാണ് ഇതെല്ലാം ചെയ്തത്. അവന്‍ സംസാരിക്കുമെങ്കില്‍ നിങ്ങള്‍ അവനോട് ചോദിച്ചു നോക്കൂ'' (അല്‍ അമ്പിയാഅ് 63 ). ഇവര്‍ സംസാരിക്കില്ലെന്ന് നിനക്കറിയില്ലേ? ഇബ്റാഹീം നബിയുടെ സ്‌ക്രിപ്റ്റിലും ഈ ചോദ്യം അവര്‍ ചോദിക്കും എന്നുണ്ടായിരിക്കണം. എന്നല്ല, ഈ ചോദ്യം അവരെക്കൊണ്ട് ചോദിപ്പിക്കാനാണ് ഇബ്‌റാഹീം നബി വിഗ്രഹങ്ങള്‍ ഉടച്ചുകളഞ്ഞത്. ഇബ്റാഹീം നബിയുടെ നാടകീയ സംവാദം മുന്നേറുകയാണ്. പ്രതീക്ഷിത ചോദ്യത്തിന് ആ പ്രബോധകന്റെ കൈയില്‍ നേരത്തെ തയാറാക്കിയ മറുപടി ഉണ്ടായിരുന്നു. എന്നല്ല, ഈ സംവാദത്തിനു വേണ്ടിയാണ് അദ്ദേഹം വിഗ്രഹങ്ങളെ തകര്‍ത്തത്. ''അപ്പോള്‍ നിങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെയാണോ അല്ലാഹുവിനെ വിട്ടു നിങ്ങള്‍ ആരാധിക്കുന്നത്? അല്ലാഹുവിനെ വിട്ട് നിങ്ങള്‍ ആരാധിക്കുന്നവരുടെയും നിങ്ങളുടെയും കാര്യം കഷ്ടംതന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ?'' (അല്‍ അമ്പിയാഅ് 66,67). വ്യംഗ്യവും വാച്യവും പാകത്തില്‍ ചേര്‍ന്ന സംവാദാവിഷ്‌കാരം.
ഇത്രയും തീക്ഷ്ണമായ പ്രബോധന ശൈലി, സംവാദരീതി അതിനു മുമ്പോ ശേഷമോ മറ്റൊരു പ്രവാചകനും സ്വീകരിച്ചതായി കാണാന്‍ കഴിയുന്നില്ല. ഇബ്‌റാഹീം നബി ഇത്തരമൊരു സംവാദ ശൈലി സ്വീകരിച്ചതിന്, വിഗ്രഹങ്ങളെ ഇവ്വിധം കൈകാര്യം ചെയ്തതിന് അദ്ദേഹത്തിന്റേതായ കാരണങ്ങളും പശ്ചാത്തലങ്ങളുമുണ്ട്. അതിനൊപ്പം, അതിലപ്പുറം സന്ദേശ പ്രചാരണ വഴിയില്‍ പുതുരീതികള്‍ പ്രയോഗിച്ച, യഥാതഥയെക്കാള്‍ പ്രതീകാത്മകതക്ക് പ്രാധാന്യം നല്‍കിയ സര്‍ഗാത്മകത ഇവിടെ കാണാനാവും.
സംവാദം
അധികാരം ഇബ്‌റാഹീമിനോട് ചോദിച്ചു; അല്ല തര്‍ക്കിച്ചു: ആരാണ് നിന്റെ ദൈവം? ഇബ്‌റാഹീം പറഞ്ഞു: എന്റെ ദൈവം ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണ്. കൊല്ലും കൊലയും കുലാധികാരമാണെന്ന് വിശ്വസിച്ചവന്‍ പറഞ്ഞു: ഞാനാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവന്‍. ഇബ്‌റാഹീം പറഞ്ഞു: എന്റെ ദൈവം സൂര്യനെ കിഴക്കുദിപ്പിക്കുകയും പടിഞ്ഞാറ് അസ്തമിപ്പിക്കുകയും ചെയ്യുന്നവനാണ്. നീയാണ് ഉടയതമ്പുരാനെങ്കില്‍ സൂര്യനെ പടിഞ്ഞാറുദിപ്പിക്കുക. ഇത്രയും പറഞ്ഞ് തൊട്ടു ശേഷം ഖുര്‍ആന്‍ പറഞ്ഞത് 'നിഷേധിക്ക് ഉത്തരംമുട്ടി' എന്നാണ്.
തര്‍ക്കത്തിന്റെ ആദ്യ ഖണ്ഡത്തില്‍തന്നെ ഇബ്‌റാഹീം നബിക്ക് ഇനിയും സംവാദത്തിന് സാധ്യതകളുണ്ടായിരുന്നു. യഥാര്‍ഥത്തില്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവന്‍ നംറൂദല്ല. അല്ലാഹുവാണ്. പക്ഷേ, അവിടെത്തന്നെ പിടിച്ചുനില്‍ക്കാതെ മറ്റൊരു വഴിയിലൂടെ അതേ കാര്യം സമര്‍ഥിക്കുകയാണ്. ദൈവത്തിന്റെ മറ്റൊരു സവിശേഷത മുന്നോട്ടു വെക്കുകയാണ്. അതാവട്ടെ ആദ്യത്തേതില്‍ നിന്ന് വ്യത്യസ്തമായി നംറൂദിന് ഒരിക്കലും അവകാശവാദം ഉന്നയിക്കാനാവാത്ത ദിവ്യസവിശേഷതയുമാണ്. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ദൈവമാണ് എന്റെ ദൈവം. അത് ഉള്ളടക്കത്തിലെ ഒത്തുതീര്‍പ്പല്ല. എന്റെ ദൈവം കേവല പ്രാപഞ്ചിക ദൈവമാണ്, ജീവിതത്തിലെ ദൈവമല്ല എന്ന ദൈവാധികാരത്തിന്റെ വിഭജനവാദമല്ല. പ്രപഞ്ചത്തിലെ ദൈവം തന്നെയാണ് ജീവിതത്തിലെയും ദൈവമാകേണ്ടത് എന്നതില്‍ ഉറച്ചുനിന്നുകൊണ്ടു തന്നെയുള്ള സംവാദത്തിലെ ചുവടുമാറ്റമാണ്.
ഒരു വഴിമുട്ടുമ്പോള്‍, കുടുസ്സാകുമ്പോള്‍ അതിനെക്കാള്‍ എളുപ്പമുള്ള മറ്റൊരു വഴി കണ്ടെത്തി ലക്ഷ്യസ്ഥാനം പ്രാപിക്കുന്ന സര്‍ഗാത്മകമായ യാത്രയാണ്. എന്തുവന്നാലും കുഴിച്ചേടം തന്നെ കുഴിക്കണം എന്ന ശാഠ്യം പിടിക്കാതിരിക്കലാണ്. ഫലാധിഷ്ഠിതമായി പ്രവര്‍ത്തിക്കുക എന്ന കര്‍മരീതിയാണ്. സന്ദര്‍ഭത്തെ മുന്‍നിര്‍ത്തി ആവശ്യാനുസൃതം ചുവടുമാറ്റാനുള്ള ഒരു പ്രബോധകന്റെ വളരെ വലിയ ശേഷിയുടെ പ്രകാശനമാണിത്. എത്ര എളുപ്പമാണ് ഇബ്‌റാഹീം നബിക്ക് മാറാനാവുന്നത്. ലക്ഷ്യം ഒട്ടും പിഴക്കാതെ വഴികള്‍ മാറാന്‍ കഴിയുന്ന സമര്‍ഥനായ യാത്രികന്‍. ലക്ഷ്യം മാറരുത്. അതേസമയം മാര്‍ഗത്തെ സര്‍ഗാത്മകമായി മാറ്റിക്കൊണ്ടിരിക്കണം. ഇബ്‌റാഹീമില്‍ നിങ്ങള്‍ക്ക് മാതൃകയുണ്ട് എന്ന് ഖുര്‍ആന്‍ പറയുന്നതില്‍ ഈ അര്‍ഥയാത്രകളെല്ലാമില്ലേ? ഒരു അനുവാചകന്‍ ഒരു പ്രസ്താവനയുടെ എല്ലാ അര്‍ഥ അതിരുകളിലേക്കും യാത്ര ചെയ്യണം.
ഞാന്‍ പറഞ്ഞതുതന്നെ പറഞ്ഞുകൊണ്ടിരിക്കും, കൂടുതല്‍ ഫലപ്രദമായ വേറെ വഴികള്‍ ഉണ്ടോ ഇല്ലേ എന്നതൊന്നും എന്റെ പ്രശ്നമല്ല എന്ന ശാഠ്യം പ്രബോധകന്റേതല്ല. ഞാന്‍ പറഞ്ഞതിനെ കൊടുമുടിയാക്കി മാറ്റുകയല്ല, അനുവാചക ഹൃദയത്തെ കീഴടക്കുകയാണ് വേണ്ടത്. ഒരു വഴിക്ക് എളുപ്പമാവുന്നില്ലെങ്കില്‍ അതിനെക്കാള്‍ അനായാസമായ വഴികള്‍ ഉണ്ടെങ്കില്‍ ആ വഴികളിലൂടെ സഞ്ചരിച്ച് ലക്ഷ്യം നേടുകയാണ് ചെയ്യേണ്ടത്. പ്രവാചകനെക്കുറിച്ച് ആഇശ ബീവി പറയുന്നുണ്ടല്ലോ. 'തന്റെ മുന്നില്‍ എളുപ്പമുള്ളതും പ്രയാസകരവുമായ കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ എളുപ്പം നിഷിദ്ധമാകാത്തിടത്തോളം പ്രവാചകന്‍ എളുപ്പത്തെയായിരുന്നു തെരഞ്ഞെടുത്തിരുന്നത്' എന്ന്. എളുപ്പം പാപമല്ല. പുണ്യത്തില്‍ കുറഞ്ഞതല്ല. പാപമാവാത്തേടത്തോളം എളുപ്പമാണ് പുണ്യം.
തെറ്റായ 'ഞാനെ'ന്ന ബോധം പ്രബോധനത്തിലും പ്രവര്‍ത്തനത്തിലും പലരെയും വഴിതെറ്റിക്കാറുണ്ട്. നന്നെച്ചുരുങ്ങിയത് പ്രവര്‍ത്തനത്തെ ഫലപ്രദമല്ലാതാക്കാറുണ്ട്. ഞാന്‍ പറഞ്ഞതുതന്നെ പറയും, ചെയ്തതുതന്നെ ചെയ്യും എന്ന രീതിയാണത്. നിഷ്ഫലതക്കുമേല്‍ അടയിരിക്കലാണത്. പ്രബോധകന്റെ ചക്രവാളത്തില്‍ ആദര്‍ശം സുസ്ഥിരവും ലക്ഷ്യം സുനിര്‍ണിതവും മാര്‍ഗം ഏറെ തുറസ്സുകളുള്ളതുമാണ്. പ്രബോധകന്‍ സന്ദര്‍ഭത്തിനനുസരിച്ച് ഉയരാനും താഴാനും കഴിയുന്ന ചലനാത്മകതയുള്ളവനാണ്. അവന് ലക്ഷ്യമാണ് പ്രധാനം, താന്‍ പറഞ്ഞതല്ല.
സംവാദമണ്ഡലത്തില്‍ മാത്രമല്ല, പ്രവര്‍ത്തനപഥത്തിലും ഇബ്റാഹീം നബി നിന്നേടത്തുതന്നെ നില്‍ക്കാതെ പുതിയ ചക്രവാളങ്ങളിലേക്ക് വികസിക്കുന്നത് കാണാം. അഗ്നി മോചിതനായ ഇബ്‌റാഹീം ഊര്‍പട്ടണം ഉപേക്ഷിക്കുകയാണ്. വളരെക്കുറച്ച് പേരെ മാത്രമേ അദ്ദേഹത്തിന് അവിടെ നിന്ന് ലഭിച്ചുള്ളൂ. അത്ഭുതകരമായ അഗ്നി മുക്തിക്കുശേഷം അദ്ദേഹത്തില്‍ വിശ്വസിച്ചത് വകയില്‍ സഹോദരനായ ലൂത്വ് മാത്രമാണ്. ആദ്യം വിശ്വസിച്ചത് സാറയാണ്. ഇബ്‌റാഹീം നബിയാണ് ചരിത്രത്തിലെ ആദ്യത്തെ പലായകന്‍. ഈ പലായനങ്ങളാണ് നിരവധി ഭൂഭാഗങ്ങളില്‍ ഇസ്‌ലാമിന്റെ വിത്തുവിതച്ചത്. ഈ വിതകളാണ് ഇസ്‌ലാമിനെ ആഗോളമതത്തിന്റെ വടവൃക്ഷമാക്കി വളര്‍ത്തിയത്. അല്ലെങ്കില്‍ നൂഹിന്റെ പാരമ്പര്യത്തിലേക്ക് നൂഹിന്റെ മക്കളെ തിരികെ വിളിച്ചത്. ഇബ്‌റാഹീമാനന്തര ചരിത്രം സത്യവഴിയിലെ പലായനങ്ങളുടെ ചരിത്രം കൂടിയാണ്. ചരിത്രം നിര്‍മിച്ചതില്‍ പലായനങ്ങളുടെ പങ്ക് നിസ്തര്‍ക്കമാണ്. ഇബ്റാഹീം നബി പലായനത്തിലൂടെ മക്ക നിര്‍മിക്കുന്നു. മുഹമ്മദ് നബി പലായനത്തിലൂടെ മക്ക ഉപേക്ഷിച്ച് പുതിയ മദീന നിര്‍മിക്കുന്നു. പിന്നെ ഇബ്റാഹീമിന്റെ മക്ക തിരിച്ചുപിടിക്കുന്നു.
പുതുമ പുതുമയായതു കൊണ്ടു മാത്രം നന്മയാവില്ല. പുതിയത് എപ്പോഴും ശരിയായിരിക്കും എന്നത് ഒരു ന്യായവൈകല്യമാണ് (Logical Fallacy). എന്നാല്‍, നന്മയും പുതുമയും ഒത്തുചേരുമ്പോള്‍ അത് ഹൃദയങ്ങളെ കൂടുതല്‍ തൊടും. കര്‍മങ്ങളെ ഫലപ്രദമാക്കും. എന്തുവന്നാലും നടന്നവഴിയേ നടക്കൂ, പഠിച്ചതേ പാടൂ എന്നു ശഠിക്കുന്നവര്‍ക്ക് ഇബ്റാഹീം നബിയില്‍ നിന്ന് ചലനാത്മകതയുടെ പാഠങ്ങള്‍ അഭ്യസിക്കാനുണ്ട്.
Comments