Prabodhanm Weekly

Pages

Search

2022 ജൂലൈ 08

3259

1443 ദുല്‍ഹജ്ജ് 09

വംശഹത്യയുടെ ജീവിക്കുന്ന സ്മാരകങ്ങള്‍

എ. റശീദുദ്ദീന്‍

ബോസ്‌നിയ... 
കണ്ണീര്‍ തടാകങ്ങളുടെ നാട് -2

 

യൂഗോസ്ലാവിയക്കു ശേഷമുള്ള കാലത്ത് മറ്റു ബാല്‍ക്കന്‍ റിപ്പബ്ലിക്കുകളെപ്പോലെ സ്വന്തം സാംസ്‌കാരിക പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടു പോകാനുള്ള തീരുമാനമെടുത്തപ്പോഴാണ് ബോസ്നിയ യൂറോപ്പിന്റെ കണ്ണിലെ കരടായത്. 1992 മാര്‍ച്ചില്‍ നടത്തിയ ഹിതപരിശോധനയില്‍ 99.7 ശതമാനം ജനങ്ങളും  ബോസ്നിയ സ്വതന്ത്ര രാജ്യമായി മാറുന്നതിനെ അനുകൂലിച്ചു. സെര്‍ബിയയിലെ ഭരണകൂടവും അവരുടെ പിണിയാളുകളായ ചില ഓര്‍ത്തഡോക്സ് തീവ്രവാദികളും മാത്രം അതംഗീകരിച്ചില്ല. അങ്ങനെയാണ് ബോസ്നിയന്‍ വംശീയ ഉന്മൂലനത്തിന് കളമൊരുങ്ങുന്നത്. സത്യത്തില്‍ യൂറോപ്പിന്റെ മാനസ പുത്രന്മാരായിരുന്നു സെര്‍ബിയന്‍ വംശീയവാദികള്‍. 1992 മുതല്‍ 1995 വരെ സെര്‍ബുകളുടെ നേതൃത്വത്തില്‍ നടന്ന കൂട്ടക്കുരുതികളും കൂട്ട ബലാത്സംഗങ്ങളും ബോംബുവര്‍ഷവും യൂറോപ്പ് നിശ്ശബ്ദമായി നോക്കിയിരുന്നത് യുദ്ധത്തിനൊടുവില്‍ ബോസ്നിയ ഇല്ലാതാവുമെന്ന പ്രതീക്ഷയിലാണ്.
പുറമേക്ക് എന്തൊക്കെ മേനി നടിക്കുമ്പോഴും ക്രിസ്തുമതത്തിനപ്പുറം മറ്റൊന്നിനെയും അവരുടെ സാംസ്‌കാരിക ഭൂമികക്കകത്ത് ഉള്‍ക്കൊള്ളാനുള്ള ഹൃദയ വിശാലതയൊന്നും യൂറോപ്പിനില്ല. ക്രിസ്തു മതത്തിന്റെ തണലിലോ നിഴലിലോ ഒക്കെ വളരെ ചെറിയ ചില ഇടങ്ങള്‍ മനുഷ്യാവകാശമെന്ന ഓമനപ്പേരിട്ട് അനുവദിച്ചു തന്നെന്നുമിരിക്കും. മാര്‍ഷല്‍ ടിറ്റോയുടെ മരണവും സോവിയറ്റ് യൂനിയന്റെ പതനവും സൃഷ്ടിച്ച ശൂന്യതയില്‍ നിന്ന് കയറാനാവാതെ യൂഗോസ്ലാവിയയിലെ ഓരോ ഉപ ദേശീയതയും വ്യത്യസ്ത രാജ്യങ്ങളായി മാറിയപ്പോള്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായ ബോസ്നിയയിലും കൊസോവോയിലും മാത്രമാണ് രക്തച്ചൊരിച്ചിലുണ്ടായത്. മുസ്ലിം അടയാളങ്ങളെ ചൊല്ലിയാണ് അവര്‍ ആക്രമിക്കപ്പെട്ടതും. ഉസ്മാനിയാ ചക്രവര്‍ത്തിമാരുടെ ഭരണകാലം ബാക്കിയിട്ട ഈ അടയാളങ്ങളെ യൂറോപ്പിന്റെ ശേഷിച്ച ഹൃദയഭൂമികയില്‍ നിന്ന് തുടച്ചു നീക്കാന്‍ ചര്‍ച്ചിന് കഴിഞ്ഞുവെങ്കിലും ബാല്‍ക്കന്‍ രാജ്യങ്ങളില്‍ ഏതാണ്ടെല്ലായിടത്തും അവ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. മലകളും തടാകങ്ങളുമുള്ള നിറയെ പച്ചപ്പുള്ള ഒരു രാജ്യത്തേക്കാണ് വിമാനം ഇറങ്ങുന്നതെങ്കിലും ആകാശത്തു നിന്ന് നോക്കിക്കാണുമ്പോള്‍ നഗരത്തിന്റെ നിര്‍മിതി ഏതോ അറേബ്യന്‍ രാജ്യത്തേതു പോലെയാണ് അനുഭവപ്പെടുക.
ഇന്നത്തെ ബോസ്നിയ - ഹെര്‍സെഗോവിനയിലൂടെ സഞ്ചരിക്കുമ്പോഴൊക്കെയും അതൊരു തുറന്ന യുദ്ധ മ്യൂസിയമാണെന്നാണ് നിങ്ങള്‍ക്ക് തോന്നുക. നീണ്ട 30 വര്‍ഷങ്ങള്‍ക്കിപ്പുറവും യുദ്ധത്തെ കുറിച്ച അവരുടെ ഓര്‍മകള്‍ മരിച്ചിട്ടില്ല. ഞാന്‍ മോസ്റ്റാര്‍ സന്ദര്‍ശിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴാണ് മെയ് 9-ന് ബോസ്നിയയിലെ പത്രങ്ങളില്‍ അഖ്മിചി കൂട്ടക്കൊലയില്‍ അവസാനമായി തിരിച്ചറിഞ്ഞ ഒമ്പത് ഇരകളുടെ ജനാസ നമസ്‌കാരം ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ക്രോട്ടുകളും സെര്‍ബുകളും കൊന്നുകുഴിച്ചു മൂടിയവരുടെ അസ്ഥികൂടങ്ങള്‍ ഇപ്പോഴും ആ രാജ്യത്ത് അങ്ങിങ്ങായി കണ്ടെടുക്കപ്പെടുകയും ഡി.എന്‍.എ പരിശോധന പൂര്‍ത്തിയാക്കി അവരെ തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. സെബ്രെനിസയിലെ കൂട്ടക്കുഴിമാടത്തില്‍ 8372 എന്ന അക്കത്തിന് ശേഷമുള്ളത് ഏതാനും കുത്തുകളാണ്. കൊല്ലപ്പെട്ടവരുടെ കണക്കെടുപ്പ് ഇപ്പോഴും തുടരുന്നുണ്ടെന്ന അര്‍ഥത്തിലാണത്.   
സെബ്രെനിസക്കു ചുറ്റുമുള്ള ഗ്രാമങ്ങളില്‍ നിന്ന് ഇപ്പോഴും കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തുന്നുണ്ട്. അഖ്മിചിയില്‍ 1993 ഏപ്രില്‍ 16-നാണ് ക്രൊയേഷ്യന്‍ സൈന്യം ഇരച്ചു കയറി 116 ഗ്രാമീണരെ വെടിവെച്ചു കൊന്നത്. മൂന്നു മാസം പ്രായമുള്ള ഒരു കുഞ്ഞും അതിലുള്‍പ്പെട്ടു. തെളിവ് നശിപ്പിക്കാനായി ഈ മൃതദേഹങ്ങള്‍ 180 കിലോമീറ്റര്‍ അകലെ കൊണ്ടുപോയി മോസ്റ്റാറിനു സമീപമാണ് അടക്കം ചെയ്തത്. കൊല്ലപ്പെടുമ്പോള്‍ 14-ഉം 16-ഉം വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന തന്റെ സഹോദരന്മാരുടെ ഭൗതികാവശിഷ്ടങ്ങള്‍ ഖബ്‌റടക്കിയതിനു ശേഷം ബിഹാറ കിര്‍മോ അവളുടെ ഓര്‍മകള്‍ പങ്കുവെച്ചതാണ് മാധ്യമങ്ങളിലുണ്ടായിരുന്ന വാര്‍ത്ത. ബിഹാറയുടെ ഉമ്മയും ഉപ്പയും സഹോദരിയുമടക്കം ഒമ്പത് കുടുംബാംഗങ്ങള്‍ അന്ന് തോക്കിനിരയായി. സഹോദരന്മാരുടേത് കണ്ടെടുക്കാനായെങ്കിലും ശേഷിച്ചവരുടെ ശരീരാവശിഷ്ടങ്ങള്‍ ക്രോട്ടുകള്‍ എവിടെ കുഴിച്ചു മൂടിയെന്ന് ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. ബിഹാറ പറഞ്ഞ വാക്കുകളിലൂടെ കണ്ണോടിക്കുമ്പോള്‍, ഒരു നിമിഷം നാം സ്തബ്ധരായിപ്പോകുന്നുണ്ട്. അവളുടെ പില്‍ക്കാല ജീവിതം, കൗമാരക്കാരും വികൃതികളുമായിരുന്ന അനിയന്മാര്‍, അവരെ സൈന്യം വലിച്ചിഴച്ചു കൊണ്ടുപോകുന്നതിന്റെ നടുക്കുന്ന ഓര്‍മ, വര്‍ഷങ്ങള്‍ക്കിപ്പുറം അസ്ഥികൂടങ്ങളായി അവരെ തിരിച്ചറിയുന്ന നിമിഷം ... 
സരായെവോ നഗരത്തില്‍ മാത്രമല്ല ബോസ്നിയന്‍ വംശഹത്യയെ അടയാളപ്പെടുത്തുന്ന മ്യൂസിയങ്ങള്‍ ഏതാണ്ടെല്ലായിടത്തുമുണ്ട്. മിക്ക നഗരങ്ങളില്‍ ചെല്ലുമ്പോഴും നിങ്ങള്‍ കാണുന്നത് അറ്റം കൂര്‍ത്ത വെളുത്ത മാര്‍ബിള്‍ കല്ലുകള്‍ കുത്തനെ നാട്ടി നിര്‍ത്തിയ, ഒരു പ്രത്യേക ഡിസൈനിലുള്ള ഖബ്ര്‍സ്ഥാനുകളാണ്. രക്തസാക്ഷികളുടെതാണവ. മോസ്റ്റാറിലെ ഖബ്ര്‍സ്ഥാനിലെ ഒരു കുഴിമാടത്തിന് മുമ്പില്‍ വൃദ്ധനായ ഒരാള്‍ നിശ്ശബ്ദനായി നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. അയാള്‍ ആ മാര്‍ബിള്‍ ഫലകങ്ങള്‍ക്കു മേലെ വീണ ഉണങ്ങിയ ഇലകള്‍ എടുത്തുമാറ്റുകയും അവിടെ നട്ട പൂക്കള്‍ക്കു മേല്‍ താന്‍ കൊണ്ടു വന്ന ഒരു ചെറിയ കുപ്പിയില്‍ നിന്ന് വെള്ളമൊഴിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. കുറെ നേരം ഞാനത് നോക്കി നിന്നു! ആ മനുഷ്യന്റെ സ്വകാര്യതയില്‍ ഇടപെടുന്നത് ശരിയല്ലല്ലോ.
പേരെഴുതിയ ഫലകത്തില്‍ ഉമ്മവെച്ച് ഒടുവിലദ്ദേഹം പുറത്തേക്കിറങ്ങി വരുമ്പോള്‍ ഞാന്‍ അടുത്തു ചെന്ന്  സംസാരിക്കാന്‍ ശ്രമിച്ചു. നിഷ്‌കളങ്കമായ ചിരിയോടെ ഒമര്‍ എന്നു മാത്രമാണ് ഏത് ചോദ്യത്തിനും പറയാനുണ്ടായിരുന്ന മറുപടി. ഇംഗ്ലീഷ് അല്‍പ്പം പോലും അറിയുമായിരുന്നില്ല. ഒന്നു സംസാരിക്കാന്‍ പോലും കഴിയുന്നില്ലല്ലോ എന്നോര്‍ത്ത് സത്യമായും സങ്കടം വന്നു. ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍ ആ സമയത്ത് പണിമുടക്കുകയും ചെയ്തു. ഞാനദ്ദേഹത്തോട് സംസാരിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ട ഈ ഖബ്ര്‍സ്ഥാന്റെ താഴെയുള്ള ഒരു ഷോപ്പുടമയാണ് പിന്നീട് ആ മനുഷ്യന്റെ കഥ പറഞ്ഞു തന്നത്. ഒമര്‍ സിഹാനോവിച്ച് മകനാണ്. 29 വര്‍ഷങ്ങള്‍ക്കു മുമ്പെ കൊല്ലപ്പെട്ട ഈ മകന്റെ ഈ ഖബ്‌റിനു സമീപം  ഏതാണ്ടെല്ലാ ദിവസവും അയാള്‍ വരുന്നുണ്ട്. അതിനെ തടവിയും ഉമ്മവെച്ചും തിരികെ പോവുകയും ചെയ്യും. സരായെവോ നഗരത്തിലെ പഴയ ടൗണില്‍ ബസ്‌കാര്‍ഷ്യയില്‍ നിന്ന് കൊവാച്ചി കുന്നിന്‍ മുകളിലും ഇതുപോലുള്ള കാഴ്ചകളുണ്ട്. ദിവസവും പുതിയ പൂക്കള്‍ വെച്ചിട്ടു പോയ നൂറു കണക്കിന് ഖബ്‌റുകളാണ് ഇവിടെ.
ജെകൊവാച്ച് സിറോകാച്ച് റോഡുകളുടെ ഇടയിലുള്ള വിശാലമായ ഈ ഖബ്ര്‍സ്ഥാന്റെ മധ്യത്തിലാണ് ആ രാജ്യത്തിന്റെ മുന്‍ പ്രസിഡന്റും അവരുടെ വിമോചന നായകനുമായ അലിയ അലി ഇസ്സത്ത് ബെഗോവിച്ചിന്റെ അന്ത്യ വിശ്രമസ്ഥാനവും സ്ഥിതി ചെയ്യുന്നത്. ബോസ്നിയയുടെ ചരിത്രം യൂറോപ്പിന്റെ കുടിലതക്കു മുന്നില്‍ അടിയറ വെക്കാതിരുന്നത് ഈ ഒറ്റ മനുഷ്യന്റെ ആര്‍ജവം കൊണ്ടായിരുന്നു. അതു തന്നെയാണ് ആ ഖബ്‌റിടത്തില്‍ എഴുതി വെച്ച വാചകവും: 'ദൈവമാണ സത്യം, ഞങ്ങളൊരിക്കലും അടിമകളാവില്ല'.
യുദ്ധം തന്നെയാണ് എക്കാലത്തും ബോസ്നിയയുടെ ചരിത്രത്തിലുണ്ടായിരുന്നത്. മില്‍യാക്കാ നദിയുടെ തീരത്തു കൂടെ നടക്കുമ്പോള്‍ യുദ്ധ കാലത്ത് സെര്‍ബിയന്‍ സൈന്യം ബോംബിട്ടു തകര്‍ത്ത ചില കെട്ടിടങ്ങള്‍ അതേപടി ബാക്കിവെച്ചത് കാണാനാവും. സരായെവോ നഗരത്തിന്റെ കണ്ണായ ഭാഗത്ത് അക്ഷരത്തെറ്റു പോലെ സ്ഥിതി ചെയ്യുന്ന, ഒറ്റ നോട്ടത്തില്‍ തന്നെ കോടികള്‍ വിലമതിക്കുന്ന കെട്ടിടങ്ങള്‍. മറക്കാനും പൊറുക്കാനും കഴിയാത്ത വംശഹത്യയെ കുറിച്ച ഒരുതരം ഓര്‍മപ്പെടുത്തലാണത്.  ഞാന്‍ നഗരത്തിലെത്തിയ ദിവസങ്ങളില്‍ നല്ല മഴ പെയ്തതു കൊണ്ട് മില്‍യാക്കാ നദി ചുവന്നു തുടുത്താണ് ഒഴുകിക്കൊണ്ടിരുന്നത്. 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍ തൊട്ടേ രക്തച്ചൊരിച്ചിലിന്റെ കഥകളാണ് മില്‍യാക്ക പറഞ്ഞുകൊണ്ടിരുന്നത്.
ഈ നദിക്കരയില്‍ നടന്ന ഒരു കൊലപാതകത്തില്‍ നിന്നാണ് ഒന്നാം ലോക യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ആസ്ത്രിയന്‍ - ഹങ്കേറിയന്‍ രാജവംശങ്ങളുടെ കിരീടാവകാശിയായിരുന്ന ഫെര്‍ഡിനാന്റ് രാജകുമാരനും പത്നി സോഫിയയും വെടിയേറ്റു കൊല്ലപ്പെട്ട ആ പാലവും അവര്‍ അവസാനമായി സന്ദര്‍ശിച്ച ടൗണ്‍ഹാളുമൊക്കെ മില്‍യാക്കയോടു ചേര്‍ന്ന് ഇപ്പോഴും ബാക്കിയുണ്ട്. 1914 ജൂണ്‍ 28-നായിരുന്നു യൂറോപ്പിനെ ഞെട്ടിച്ച ആ സംഭവം. ഗാവ്റിലോ പ്രിന്‍സിപ്പ് എന്ന പതിനെട്ടുകാരനായ ഒരു സെര്‍ബ് ദേശീയവാദിയാണ് അന്ന് ഫെര്‍ഡിനാന്റിനെ വെടിവെച്ചു കൊന്നത്. പ്രിന്‍സിപ്പ് പാലത്തിനു സമീപം കാത്തുനിന്ന സ്ഥലം പ്രത്യേകമായി തന്നെ അടയാളപ്പെടുത്തി വെച്ചതും കാണാം. പാലത്തിന്റെ മറുകരയില്‍ ഈ കൊലപാതകത്തിന്റെ ചരിത്രം വിശദീകരിക്കുന്ന മ്യൂസിയവുമുണ്ട്. ഒരു കാലത്ത് യൂറോപ്പിലുടനീളം കൊടും ഭീകരനായി അറിയപ്പെട്ട പ്രിന്‍സിപ്പിനെ പക്ഷേ യൂഗോസ്ലാവിയ പില്‍ക്കാലത്ത് വിമാചന നായകനാക്കി പ്രഖ്യാപിച്ചു. ബോസ്നിയ സ്വന്തം നിലയില്‍ രാജ്യമായപ്പോള്‍ അയാളെ ആഘോഷിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തു. 
പ്രിന്‍സിപ്പിന്റെ സംഘത്തിലുണ്ടായിരുന്ന മുഹമ്മദ് മെഹ്മദ് ബാസിച്ച് ഒഴികെ ബാക്കിയുള്ളവരെല്ലാം ബോസ്നിയക്കാരായ സെര്‍ബ് ഓര്‍ത്തഡോക്സുകളായിരുന്നു. അവരുടെ ദേശീയവാദി സംഘടനയായിരുന്നു യംഗ് ബോസ്നിയ. ബാസിച്ചിനാകട്ടെ വളരെ ചെറിയൊരു റോള്‍ മാത്രമേ ഈ കുറ്റകൃത്യത്തിലുണ്ടായിരുന്നുള്ളൂ. ഏറ്റവും കുറഞ്ഞ ശിക്ഷ ലഭിച്ചതും ഇയാള്‍ക്കാണ്. ഒരു രാജ്യം എന്ന നിലയില്‍ ബോസ്നിയക്ക് ഏതെങ്കിലും പ്രകാരത്തില്‍ പങ്കുണ്ടായിരുന്ന കൊലപാതകമായിരുന്നില്ല അന്ന് നടന്നത്. എന്നിട്ടും യൂറോപ്പിലെ ക്രൈസ്തവ രാജാക്കന്മാര്‍ സംഘം ചേര്‍ന്ന് യുദ്ധത്തിനിറങ്ങി. ഫെര്‍ഡിനാന്റിന്റെ വധത്തിന് പകരം ചോദിക്കുക എന്നതിനെക്കാളുപരി രാജവംശങ്ങള്‍ക്കെതിരെ യൂറോപ്പിലുടനീളം പെരുകി വരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുകയായിരുന്നു ഈ യുദ്ധത്തിന്റെ ലക്ഷ്യം. ബോസ്നിയക്കു പകരം മറ്റേതെങ്കിലുമൊരു യൂറോപ്യന്‍ രാജ്യത്തായിരുന്നു ഈ കൊലപാതകം നടന്നതെങ്കില്‍ ഒരുപക്ഷേ, ഒന്നാം ലോകയുദ്ധം നടക്കുമായിരുന്നില്ല എന്നു നിരീക്ഷിക്കുന്നവരുണ്ട്.
ബോസ്നിയയെ രാജവംശങ്ങള്‍ ലക്ഷ്യമിട്ടിറങ്ങിയത് സ്വാര്‍ഥ താല്‍പര്യങ്ങളുടെ പുറത്താണെങ്കില്‍ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ കൊടുമ്പിരിക്കൊള്ളാന്‍ തുടങ്ങിയ യൂറോപ്പും ലോകരാജ്യങ്ങളും അവരാഗ്രഹിച്ച മറ്റേതോ ലോകക്രമത്തിനു വേണ്ടിയും പൊരുതാനിറങ്ങി. 1878-ലെ ബര്‍ലിന്‍ ഉടമ്പടി മുതല്‍ക്കിങ്ങോട്ടുള്ള ചരിത്രം പരിശോധിച്ചാല്‍, ഉസ്മാനിയാ ചക്രവര്‍ത്തിമാരുടെ നിയന്ത്രണത്തില്‍ നിന്ന് മേഖലയിലെ രാജ്യങ്ങളെ തന്ത്രങ്ങളിലൂടെയോ കുതന്ത്രങ്ങളിലൂടെയോ മോചിപ്പിച്ചെടുക്കുകയാണ് ക്രിസ്ത്യന്‍ യൂറോപ്പ് ചെയ്തുകൊണ്ടിരുന്നത്. അവരുടെ ന്യായങ്ങളും യുക്തികളുമൊക്കെ അവസരോചിതമായി പലപ്പോഴും മാറിമറിഞ്ഞു കൊണ്ടിരുന്നു. 
യൂഗോസ്ലാവിയയുടെ രൂപീകരണമാണ് ബാല്‍ക്കന്‍ രാജ്യങ്ങളെ യൂറോപ്പ് വിഴുങ്ങുന്നതില്‍ നിന്ന് തടഞ്ഞു നിര്‍ത്തിയത്. മാര്‍ഷല്‍ ടിറ്റോയുടെ കമ്യൂണിസത്തോളം മുറ്റിയ സോഷ്യലിസമായിരുന്നു യൂറോപ്പിന്റെ മുഖംമൂടിയിട്ട ജനാധിപത്യത്തെക്കാളും ബോസ്നിയന്‍ മുസ്ലിംകളുടെ സാംസ്‌കാരിക ചിഹ്നങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തിയത്. 1971-ല്‍ ടിറ്റോ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതികള്‍ മുസ്ലിംകള്‍ക്ക് പൗരത്വമുള്‍െപ്പടെയുള്ള അവകാശങ്ങള്‍ നല്‍കിയത് ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ടതാണ്. എന്നാല്‍, ഇത് സെര്‍ബിയന്‍ വംശഹത്യക്കു ശേഷമുള്ള കാലത്തെ യൂറോപ്പുമായി തുലനം ചെയ്യുമ്പോഴാണെന്ന് മറക്കരുത്. യാത്രയില്‍ ഞാന്‍ പരിചയപ്പെട്ടവരില്‍ ഒരാള്‍ പോലും യൂഗോസ്ലാവിയന്‍ കാലഘട്ടത്തെ തള്ളിപ്പറയുന്നുണ്ടായിരുന്നില്ല. അതേസമയം അലിയ അലി ഇസ്സത്ത് ബെഗോവിച്ചിന്റെ ജീവിതം മുഴുവനും ടിറ്റോയുടെ കിരാതമായ കമ്യൂണിസ്റ്റ് അടിച്ചമര്‍ത്തലിന് എതിരെയുമായിരുന്നു.
ബോസ്നിയയിലെ ജനങ്ങളുമായി സംസാരിച്ചപ്പോഴൊക്കെ എനിക്ക് ബോധ്യപ്പെട്ടത്, ടിറ്റോയുടെ കമ്യൂണിസത്തെക്കാളും അവര്‍ക്ക് അപകടകരമായി തോന്നിയത് യൂറോപ്പിന്റെ ജനാധിപത്യ നാട്യങ്ങളെയാണ് എന്നാണ്. സെര്‍ബിയന്‍ വംശീയ യുദ്ധക്കാലത്ത് ബോസ്നിയയിലേക്ക് ഒരു ആയുധവും ആരും കൊടുത്തയക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയാണ് ഐക്യരാഷ്ട്ര സഭ ചെയ്തത്. എന്നാല്‍, സെര്‍ബിയക്ക് എല്ലാതരം സൈനിക സന്നാഹങ്ങളുമുണ്ടെന്നും അവരുടെ വിമാനങ്ങള്‍ ബോസ്നിയയില്‍ തേരാപ്പാര ബോംബുകള്‍ വര്‍ഷിക്കുന്നുണ്ടെന്നും കണ്ടില്ലെന്നു നടിച്ചു. ബോസ്നിയയെ രക്ഷിക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ സൈന്യത്തെ അയച്ചുകൊടുത്തു. എന്നാല്‍, ഈ സമാധാന പാലന സംഘം സെര്‍ബിയയുടെ യുദ്ധകുറ്റകൃത്യങ്ങളുടെ മൂകസാക്ഷികളായി മാറുകയാണ് ഫലത്തില്‍ ഉണ്ടായത്.
ബോസ്നിയയുടെ വടക്കന്‍ പ്രവിശ്യയില്‍ ക്രൊയേഷ്യന്‍ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന നഗരമാണ് ബിഹാച്ച്. അതിമനോഹരമായ വെള്ളച്ചാട്ടങ്ങളും തടാകങ്ങളും പുരാതനമായ കോട്ടയും പ്രകൃതിസുന്ദരമായ ദൃശ്യങ്ങളുമുള്ള സ്ഥലം. പക്ഷേ, യുദ്ധങ്ങള്‍ക്കും രക്തച്ചൊരിച്ചിലിനും കൂടി കുപ്രസിദ്ധി നേടിയ നഗരം. കാത്തലിക് ഭീകരതയുടെ ലോകം കണ്ട ഏറ്റവും വലിയ കൊലനിലങ്ങളിലൊന്നാണിത്. ഹിറ്റ്ലറും മുസ്സോളിനിയും നഗരം കീഴടക്കിയപ്പോള്‍ ഓര്‍ത്തഡോക്സുകളോടും ജൂതന്മാരോടും കമ്യൂണിസ്റ്റുകളോടുമൊക്കെ ബിഹാച്ച് വിട്ടുപോകാന്‍ ആവശ്യപ്പെട്ടു. ജനിച്ചു വീണ മണ്ണില്‍ നിന്ന് എങ്ങോട്ടു പോകാന്‍? കുറെപ്പേരൊക്കെ ഈ ഉത്തരവിനെ അവഗണിച്ച് നഗരത്തില്‍ തന്നെ തുടര്‍ന്നു. പക്ഷേ, അന്ത്യശാസനയുടെ തീയതി കഴിഞ്ഞതോടെ മുഴുവന്‍ ഓര്‍ത്തഡോക്സുകളെയും ജൂതന്മാരെയും നഗരപ്രാന്തത്തിലുള്ള ഗാരാവിക് കുന്നിന്‍ മുകളിലേക്ക് ആട്ടിത്തെളിച്ചു കൊണ്ടുവന്ന് 'അച്ചുതണ്ട് ശക്തികള്‍' എന്നറിയപ്പെട്ട വംശീയവാദി സഖ്യം വെടിവെച്ചു കൊന്നു. കാത്തോലിക്കുകളോടൊപ്പം ക്രോട്ടുകളുമുണ്ടായിരുന്നു ഈ കൂട്ടക്കൊലയില്‍ സഹായികളായി.
ഈ സ്മാരകം കാണാന്‍ പോയപ്പോഴാണ് ഞാന്‍ മുഹമ്മദോവിച്ചിനെ കണ്ടുമുട്ടിയത്. ഗാരാവിക് സ്മാരകത്തില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന അകലത്തില്‍ സ്ഥിതി ചെയ്യുന്ന, 1992-ലെ ബോസ്നിയന്‍ യുദ്ധത്തിന്റെ രക്തസാക്ഷികളുടെ ഖബ്‌റിടത്തില്‍ ആര്‍ക്കോ വേണ്ടി പ്രാര്‍ഥിക്കാന്‍ വന്നതായിരുന്നു അദ്ദേഹം. ബിഹാച്ച് നഗരം മൂന്നു വര്‍ഷത്തോളം സെര്‍ബിയന്‍ സൈന്യത്തിന്റെ ഉപരോധത്തില്‍ കീഴിലായിരുന്നു. പട്ടിണി കൊണ്ടുമാത്രം പതിനായിരങ്ങള്‍ അന്ന് ബിഹാച്ചില്‍ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പറയുന്നത് 4856 പേര്‍ ഈ നഗരത്തില്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തുവെന്നാണ്. മുഹമ്മദോവിച്ച് പറഞ്ഞ ഒരു കാര്യമുണ്ട്: 'ഞങ്ങളെ ആകാശത്തിലൂടെയും കരയിലൂടെയും അവര്‍ രാവും പകലും ആക്രമിച്ചു കൊണ്ടിരുന്നു. തിരിച്ചടിക്കാന്‍ തോക്കുകള്‍ മാത്രം തന്നാല്‍ മതിയായിരുന്നു. ഭീരുക്കളായിരുന്നു സെര്‍ബുകള്‍. പക്ഷേ, യൂറോപ്പ് ഞങ്ങളെ കെട്ടിയിട്ടു. വെറും ചങ്കുറപ്പ് മാത്രമാണ് ബിഹാച്ചിലുള്ളവര്‍ക്ക് ബാക്കിയുണ്ടായിരുന്നത്.'
ബിഹാച്ച് പക്ഷേ ചരിത്രത്തിലെ ചില വിരോധാഭാസങ്ങളെ കൂടി  ബാക്കിവെക്കുന്നുണ്ട്. രണ്ടാം ലോക യുദ്ധകാലത്ത് ഓര്‍ത്തഡോക്സുകള്‍ ഇരകളായിരുന്നുവെങ്കില്‍ ബോസ്നിയന്‍ യുദ്ധകാലത്ത് അവരായിരുന്നു വേട്ടക്കാര്‍. ഓര്‍ത്തോഡക്സുകളെ കൊല്ലാന്‍ കാത്തോലിക്കുകളോടൊപ്പം നിന്ന ക്രോട്ടുകള്‍ പില്‍ക്കാലത്ത് യൂഗോസ്ലാവിയയുടെ ചേരിയിലേക്ക് കൂറു മാറി നല്ല പിള്ളകളായി. അതേ ക്രോട്ടുകള്‍ 1992-ലെ വംശീയ യുദ്ധകാലത്ത് കാത്തോലിക്കുകളോടൊപ്പം നിന്ന് മുസ്ലിംകളെ കൊന്നുമുടിച്ചു. ചരിത്രത്തില്‍ നിന്ന് ഒരു പാഠവും പഠിക്കാന്‍ കൂട്ടാക്കാത്ത ജനതകളായിരുന്നു രണ്ടും. നാസി - ഫാഷിസ്റ്റ് ദേശീയതയുടെ മത്ത് തലക്കു പിടിച്ചപ്പോള്‍ ഒരു കാലത്ത് പുഴുക്കളെപ്പോലെ തങ്ങളുടെ പൂര്‍വ പിതാക്കള്‍ ഇതേ നഗരത്തില്‍ മരിച്ചുവീണുവെന്നത് മറന്ന് അതേ ദേശീയതയുടെ വൃത്തികെട്ട ഉപാസകരായി സെര്‍ബ് ഓര്‍ത്തഡോക്സുകള്‍ മാറി.
മതമാണോ സംസ്‌കാരമാണോ വംശീയ മാഹാത്മ്യങ്ങളാണോ ഈ കൂട്ടക്കൊലകളുടെ കാരണമായതെന്ന് സ്വാഭാവികമായും തോന്നാം. കാരണം എന്തായിരുന്നാലും കൊലയാളികളെ പിന്തിരിപ്പിക്കാന്‍ ആരുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. വര്‍ഷങ്ങള്‍ക്കിപ്പുറം ബോസ്നിയ പഴയപാതയിലൂടെ തന്നെ വീണ്ടും സഞ്ചരിക്കുന്നുണ്ടെന്നും തോന്നും. അകത്ത് നിന്ന് നല്ല തട്ടുപൊളിപ്പന്‍ പാട്ട് പുറേത്തക്കൊഴുകി വരുന്നത് കേട്ടാണ് ബിഹാച്ചിലെ ഒരു കഫേയില്‍ കാപ്പി കുടിക്കാന്‍ കയറിയത്. പുറത്ത് രണ്ട് പ്രായമായ ആളുകള്‍ ഓരോ കപ്പ് കാപ്പിയുമായി ഇരിക്കുന്നുണ്ട്. പാട്ട് മാത്രമല്ല കഫേയുടെ നടത്തിപ്പുകാരിയായ യുവതിയോടൊപ്പം അകത്ത് നൃത്തവും നടക്കുന്നുണ്ട്. ഒരു കൗതുകത്തിന് അതങ്ങനെ കണ്ടുകൊണ്ടിരുന്നപ്പോള്‍ പുറത്തിരുന്ന് കാപ്പി കുടിച്ചു കൊണ്ടിരുന്നവരിലൊരാള്‍ എന്റെയടുത്തേക്കു വന്നു. പേരു ചോദിച്ചു പരിചയപ്പെട്ടതിനു ശേഷം ചെവിയില്‍ സ്വകാര്യമായി പറഞ്ഞു: എന്താ ആ പാട്ടിന്റെ അര്‍ഥമെന്നറിയുമോ? ക്രോട്ടുകളും സെര്‍ബുകളും മതി... മുസ്ലിംകളെ വേണ്ട എന്നാണ്. വംശീയതയുടെ വൈരം അതേപടി നഗരങ്ങളില്‍ ആഘോഷിക്കപ്പെടുന്നുണ്ടെന്ന മരവിപ്പിക്കുന്ന യാഥാര്‍ഥ്യമായിരുന്നു ആ കോഫി ഷോപ്പ്.
സരായെവോവിലെ വലിയ കത്തീഡ്രലില്‍ നിന്നു നോക്കിയാല്‍ കാണാവുന്ന അകലത്തിലാണ് നഗരത്തിലെ ഏറ്റവും പ്രശസ്തമായ വംശഹത്യാ മ്യൂസിയം. ത്വാരിഖിന്റെ ചിത്രങ്ങള്‍ സൂക്ഷിച്ചത് ഈ മ്യൂസിയത്തിലാണ്. കൂട്ടക്കൊലകള്‍ക്കായി പുറപ്പെട്ടു പോകുന്ന സെര്‍ബിയന്‍ സൈനികരെ ചെത്നിക്കിലെ വൈദികന്‍ വെഞ്ചരിച്ചയക്കുന്ന നടുക്കുന്ന വീഡിയോ ദൃശ്യം ഈ മ്യൂസിയത്തിനകത്ത് പ്രദര്‍ശിപ്പിക്കുന്നുണ്ട്. പുതിയ മറ്റൊരു കൂട്ടക്കൊലക്ക് മേല്‍നോട്ടം വഹിക്കാന്‍ താന്‍ തയാറാണെന്ന ഇയാളുടെ സമീപകാലത്തെ അഭിമുഖം അല്‍ജസീറ പുറത്തു വിട്ടിട്ടുമുണ്ട്. സ്വീഡന്റെ നേതൃത്വത്തില്‍ യു.എന്‍ നിയോഗിച്ച സമാധാന പാലന സൈന്യം എന്താണ് ബോസ്നിയയില്‍ ചെയ്തുകൊണ്ടിരുന്നതെന്നും ഇവിടത്തെ ദൃശ്യങ്ങളിലുണ്ട്. സരായെവോ നഗരം അന്ന് ഒരുതരം ഉപരോധത്തിലായിരുന്നു. നഗരത്തിലേക്ക് ആയുധങ്ങളോ ഭക്ഷണമോ മരുന്നോ കുടിവെള്ളമോ എത്തുന്നില്ലെന്ന് ഉറപ്പു വരുത്താനും എന്നാല്‍ സരായെവോ നഗരത്തെ പോര്‍വിമാനങ്ങളുപയോഗിച്ച് ചുട്ടെരിക്കാനും സെര്‍ബിയന്‍ സൈന്യത്തിന് കഴിഞ്ഞു. ഇക്കാലത്ത് ഐക്യരാഷ്ട്ര സഭ ചെയ്ത ഒരേയൊരു സല്‍പ്രവൃത്തി നഗരത്തിലേക്ക് അവശ്യ വസ്തുക്കള്‍ കൊടുത്തയക്കാനായി ഒരു തുരങ്കം നിര്‍മിച്ചു നല്‍കി  എന്നതാണ്. പ്രതീക്ഷയുടെ പേരില്‍ അറിയപ്പെടുന്ന ആ തുരങ്കം ഇപ്പോഴും അവിടെയുണ്ട്. സരായെവോ വിമാനത്താവളത്തിന്റെ വേലിയോടു ചേര്‍ന്ന ബുട്മീര്‍ എന്ന വില്ലേജിലാണിത്.
ഐക്യരാഷ്ട്ര സഭയുടെ വിമാനങ്ങള്‍ ഇറക്കുന്ന മരുന്നും ഭക്ഷണവും നഗരത്തിലേക്ക് എത്തിക്കാനായിരുന്നു ഈ ടണല്‍ ഉപയോഗപ്പെടുത്തിയത്. റണ്‍വേയുടെ അടിയിലൂടെ പരമരഹസ്യമായി തുരന്നുണ്ടാക്കിയ ഈ തുരങ്കത്തിന്റെ മറ്റേ അറ്റം ഡോബ്രിഞ്യയിലെ ഒരു വീടിന്റെ ഗാരേജിലായിരുന്നു തുറന്നുവെച്ചത്. സഞ്ചാരികള്‍ക്ക് അല്‍പ്പദൂരം ഈ ടണലിനകത്തു കൂടെ ഇപ്പോഴും സഞ്ചരിക്കാനാവും. അതിസാഹസികമായി അന്ന് ധാന്യങ്ങളും മരുന്നുമൊക്കെ കടത്തിക്കൊണ്ടുപോകുന്ന വീഡിയോ ദൃശ്യങ്ങളും ഇവിടെയുണ്ട്. ഈ തുരങ്കത്തിന്റെ ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോള്‍ ആരുമോര്‍ക്കുക യു.എന്‍ എന്ന പാവക്കൂത്തിന്റെ പരിഹാസ്യതയെ കുറിച്ചാവും. സെര്‍ബിയന്‍ ക്രൂരതകളെ തരിമ്പുപോലും നിലക്കുനിര്‍ത്താന്‍ കഴിയാതെ ഇരകള്‍ക്കു വേണ്ടി മാളം കുഴിച്ച ഐക്യരാഷ്ട്ര സഭ ആ സംവിധാനത്തെക്കുറിച്ച് സങ്കല്‍പ്പിക്കാനാവുന്ന ഏറ്റവും അപഹാസ്യമായ ചിത്രമാണ് ബുട്മീറില്‍ ബാക്കിയിട്ടത്. 
ബുട്മീറിലെ ഈ തുരങ്കമ്യൂസിയവുമായി അനിതര സാധാരണമായ വൈകാരിക ബന്ധമാണ് അന്നത്തെ നഗരവാസികള്‍ക്കുള്ളത്. ബുട്മീറിനു പകരം ഡോബ്രിഞ്യയിലേക്കായിരുന്നു അബദ്ധവശാല്‍ ഞാന്‍ എത്തിപ്പെട്ടത്. തുരങ്കത്തിന്റെ ഇങ്ങേ അറ്റം സ്ഥിതി ചെയ്യുന്ന ഗാരേജ് പക്ഷേ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കാറില്ല. ഒരു ഹൗസിംഗ് കോളനിയുടെ അകത്താണ് ഈ ഗാരേജുള്ളത്. ബുട്മീര്‍ അവിടെ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റര്‍ ദൂരമെങ്കിലും അകലെയാണ്. എങ്ങനെയാണ് അവിടേക്ക് പോകേണ്ടതെന്ന് കാണിച്ചുതരാനായി പ്രദേശവാസികളിലൊരാള്‍ നട്ടുച്ച നേരത്തും ഒരു കിലോമീറ്ററോളം ഒപ്പം നടന്നു. അന്നത്തെ യുദ്ധത്തിലേറ്റ പരിക്കിന്റെ മുറിപ്പാട് അയാളുടെ മുതുകിലുണ്ട്. ഞാന്‍ എങ്ങനെയാണ് ഇന്ത്യയിലിരുന്ന് ഈ തുരങ്കത്തെക്കുറിച്ച് അറിഞ്ഞതെന്നാണ് അയാള്‍ ചോദിച്ചുകൊണ്ടിരുന്നത്. ആ കാലത്തെ കുറിച്ചു പറയുമ്പോള്‍ പലപ്പോഴും ആ മനുഷ്യന്‍ വികാരാധീനനായി. ധാന്യച്ചാക്കുകള്‍ ചുമന്ന് അതിനകത്തു കൂടെ കിലോമീറ്ററുകള്‍ കുനിഞ്ഞ് നടന്ന അന്നത്തെ വളണ്ടിയര്‍മാരില്‍ ചെറുപ്പക്കാരനായ ഇദ്ദേഹവും ഉണ്ടായിരുന്നുവത്രെ. ആ തുരങ്കം അകത്തു കയറി കാണുമ്പോള്‍ അത്ഭുതപ്പെട്ടു പോകും. ഒരു ചെറിയ ഇടനാഴി മാത്രം! പക്ഷേ ലക്ഷക്കണക്കിന് മനുഷ്യ ജീവനുകളെയാണ് അന്നത് രക്ഷിച്ചത്. 
  (തുടരും)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-37-40
ടി.കെ ഉബൈദ്‌

ഹദീസ്‌

അറഫാ ദിനത്തിന്റെ പ്രാധാന്യം
ഡോ. മുഹമ്മദ് പാണ്ടിക്കാട്‌