പെരുന്നാള്‍ മര്യാദകളും നിയമങ്ങളും
പെരുന്നാളുകളില്‍ തക്ബീര്‍ ചൊല്ലുന്നതിന് നിശ്ചിത സമയമുണ്ട്. ചെറിയ പെരുന്നാളിന് മാസം കണ്ടത് മുതല്‍ ഇമാം പെരുന്നാള്‍ നമസ്‌കാരത്തിന് വരുന്നത് വരെയും, ബലി പെരുന്നാളിനോടനുബന്ധിച്ച് ദുല്‍ഹിജ്ജ ഒന്ന് മുതല്‍ ദുല്‍ഹിജ്ജ 13 സൂര്യാസ്തമയം വരെയും തക്ബീര്‍ ചൊല്ലാം. ബലി പെരുന്നാളിന് ഫര്‍ദ് നമസ്‌കാരങ്ങള്‍ക്ക് ശേഷം അറഫാ ദിവസം ഫജ്ര്‍ മുതല്‍ അയ്യാമുത്തശ്‌രീഖിന്റെ അവസാനം ദിവസം അസ്വ്ര്‍ നമസ്‌കാരാനന്തരം വരെയും ഇത് നിര്‍വഹിക്കാം.
കുളി, സുഗന്ധ ലേപനം,
വസ്ത്ര ധാരണം
പെരുന്നാള്‍ ദിവസങ്ങളില്‍ കുളിക്കുകയും സുഗന്ധദ്രവ്യങ്ങളുപയോഗിക്കുകയും ഭംഗിയുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്നത് സുന്നത്താകുന്നു. നബി (സ) എല്ലാ പെരുന്നാള്‍ ദിവസങ്ങളിലും, യമനിലുണ്ടാക്കുന്ന ഒരുതരം ഭംഗിയുള്ള വസ്ത്രം ധരിച്ചിരുന്നതായി, ജഅ്ഫറുബ്‌നു മുഹമ്മദ് തന്റെ പിതാവ് വഴി നിവേദനം ചെയ്യുന്നു (ശാഫിഈ, ബഗവി).
പെരുന്നാള്‍ ദിവസങ്ങളില്‍, കിട്ടുന്നതില്‍ വെച്ച് നല്ല വസ്ത്രങ്ങള്‍ ധരിക്കാനും ലഭ്യമായതില്‍ നല്ല സുഗന്ധമുപയോഗിക്കാനും ബലിയറുക്കുമ്പോള്‍ കൂടുതല്‍ വിലപിടിച്ചത് ബലിയറുക്കാനും റസൂല്‍ (സ) ഞങ്ങളോട് കല്‍പിച്ചിട്ടുണ്ടെന്ന് ഹസനുസ്സിബ്ത്വ് (റ) പ്രസ്താവിക്കുന്നു. നബി (സ) പെരുന്നാള്‍ ദിനങ്ങളില്‍ ഉള്ളതില്‍ നല്ല വസ്ത്രം ധരിച്ചിരുന്നുവെന്നും പെരുന്നാളുകള്‍ക്കും ജുമുഅക്കും ധരിക്കാനായി തിരുമേനിക്ക് ഒരു മുഴുവസ്ത്രമുണ്ടായിരുന്നുവെന്നും ഇബ്‌നുല്‍ ഖയ്യിം പറയുന്നു.
നബി (സ) ചെറിയ പെരുന്നാളിന് ഭക്ഷണം കഴിച്ചിട്ടല്ലാതെ പുറപ്പെടാറില്ലെന്നും വലിയ പെരുന്നാള്‍ ദിനത്തില്‍ മടങ്ങിവരുന്നതുവരെ ഭക്ഷണം കഴിക്കാറില്ലെന്നും ബുറൈദ (റ) പ്രസ്താവിക്കുന്നു (അഹ്മദ്, തിര്‍മിദി, ഇബ്‌നുമാജ). അഹ്മദിന്റെ നിവേദനത്തില്‍, മടങ്ങിയെത്തിയാല്‍ തന്റെ ബലിയില്‍ നിന്നാണ് നബി ഭക്ഷിച്ചിരുന്നതെന്നു കൂടിയുണ്ട്.
മുസ്വല്ലയിലേക്ക് പുറപ്പെടല്‍
പെരുന്നാള്‍ നമസ്‌കാരങ്ങള്‍ പള്ളിയില്‍ വെച്ച് നിര്‍വഹിക്കാമെങ്കിലും മഴ പോലുള്ള തടസ്സങ്ങളില്ലെങ്കില്‍ അവ പുറത്തുള്ള മൈതാനിയില്‍ വെച്ച് നിര്‍വഹിക്കുന്നതാണ് ഉത്തമം. കാരണം, റസൂല്‍ (സ) പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിച്ചിരുന്നത് മുസ്വല്ലയില്‍ വെച്ചായിരുന്നു. മഴയുടെ തടസ്സം കാരണം ഒരു പ്രാവശ്യം മാത്രമേ തിരുമേനി തന്റെ പള്ളിയില്‍ വെച്ച് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചിട്ടുള്ളൂ.
പെരുന്നാള്‍ ദിനങ്ങളില്‍ സ്ത്രീകളും കുട്ടികളും മുസ്വല്ലയിലേക്ക് പുറപ്പെടാന്‍ ശരീഅത്തില്‍ വിധിയുണ്ട്. ഈ വിഷയത്തില്‍ കന്യകമാരും വിവാഹിതകളും വിധവകളും വൃദ്ധകളും ആര്‍ത്തവമുള്ളവരും തമ്മില്‍ വ്യത്യാസമില്ല. 'പുണ്യകര്‍മത്തിലും മുസ്‌ലിംകളുടെ പ്രാര്‍ഥനയിലും പങ്കെടുക്കാനായി പെരുന്നാള്‍ ദിനങ്ങളില്‍ കന്യകമാരെയും ഋതുമതികളെയും കൊണ്ടുപോരാന്‍ ഞങ്ങളോടാജ്ഞാപിക്കപ്പെട്ടിരുന്നു. എന്നാല്‍, ഋതുമതികള്‍ നമസ്‌കാരത്തില്‍നിന്നൊഴിഞ്ഞു നില്‍ക്കേണ്ടതാണ്' എന്ന് ഉമ്മു അത്വിയ്യ (റ) പ്രസ്താവിക്കുന്നു (ബുഖാരി, മുസ്‌ലിം).
പെരുന്നാള്‍ ദിനങ്ങളില്‍ റസൂല്‍ (സ) അവിടത്തെ പത്‌നിമാരെയും പുത്രിമാരെയും പുറത്തുകൊണ്ടുവന്നിരുന്നതായും ഇബ്‌നു അബ്ബാസ് പ്രസ്താവിക്കുന്നു (ഇബ്‌നു മാജ, ബൈഹഖി). 'ഒരു ചെറിയ പെരുന്നാള്‍ ദിനത്തിലോ വലിയ പെരുന്നാള്‍ ദിനത്തിലോ ഞാന്‍ നബി(സ)യോടൊപ്പം പോയി. തിരുമേനി നമസ്‌കരിക്കുകയും പിന്നെ ഖുത്വ്ബ നിര്‍വഹിക്കുകയും ചെയ്ത ശേഷം സ്ത്രീകളുടെ അടുത്തു ചെന്ന് അവരോട് സദുപദേശം ചെയ്യുകയും ഉദ്‌ബോധനം നടത്തുകയും ധര്‍മം ചെയ്യാന്‍ കല്‍പിക്കുകയും ചെയ്യുകയുണ്ടായി' എന്ന് ഇബ്‌നു അബ്ബാസ് (റ) തന്നെ നിവേദനം ചെയ്യുന്നു.
പെരുന്നാള്‍ നമസ്‌കാരത്തിന്റെ
സമയം
സൂര്യന്‍ കാഴ്ചയില്‍ ഉദ്ദേശം മൂന്ന് മീറ്റര്‍ ഉയര്‍ന്നതു മുതല്‍ ഉച്ച തിരിയുന്നതുവരെയാകുന്നു ഇതിന്റെ സമയം. സൂര്യന്‍ രണ്ട് കുന്തത്തോളം ഉയര്‍ന്ന സമയത്ത് ചെറിയ പെരുന്നാള്‍ നമസ്‌കാരവും ഒരു കുന്തത്തോളം ഉയര്‍ന്ന സമയത്ത് ബലി പെരുന്നാള്‍ നമസ്‌കാരവും ഞങ്ങള്‍ക്ക് ഇമാമായിക്കൊണ്ട് നബി (സ) നിര്‍വഹിച്ചിരുന്നുവെന്ന് ജുന്‍ദുബ് (റ) പ്രസ്താവിച്ചതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഉദുഹിയ്യത്തിന് സമയം ലഭിക്കാന്‍ വേണ്ടി ബലിപെരുന്നാള്‍ നമസ്‌കാരം നേരത്തെ നിര്‍വഹിക്കുന്നതും, ഫിത്വ്ര്‍ സകാത്ത് വിതരണത്തിന് സമയം ലഭിക്കാനായി ചെറിയ പെരുന്നാള്‍ നമസ്‌കാരം പിന്തിക്കുന്നതും സുന്നത്താണെന്നും, ഇതില്‍ അഭിപ്രായ വ്യത്യാസമുള്ളതായി അറിവില്ലെന്നും ഇബ്‌നു ഖുദാമ പറയുന്നു.
പെരുന്നാള്‍ നമസ്‌കാരത്തിലെ
തക്ബീറുകള്‍
പെരുന്നാള്‍ നമസ്‌കാരങ്ങള്‍ രണ്ട് റക്അത്തുകളാണ്. അവയില്‍ ഒന്നാമത്തേതില്‍ തക്ബീറത്തുല്‍ ഇഹ്‌റാമിനു ശേഷം ഏഴു പ്രാവശ്യവും രണ്ടാമത്തേതില്‍ നില്‍ക്കുമ്പോഴുള്ള തക്ബീറിനു ശേഷം അഞ്ചു പ്രാവശ്യവും തക്ബീര്‍ ചൊല്ലുന്നതും ഓരോ തക്ബീറിന്റെയും കൂടെ കൈകള്‍ ഉയര്‍ത്തുന്നതും സുന്നത്താകുന്നു.
നബി (സ) ഒരു പെരുന്നാള്‍ നമസ്‌കാരത്തില്‍ ഒന്നാമത്തേതില്‍ ഏഴും രണ്ടാമത്തേതില്‍ അഞ്ചുമായി പന്ത്രണ്ട് തക്ബീര്‍ ചൊല്ലുകയുണ്ടായെന്നും, അതിന് മുമ്പോ ശേഷമോ തിരുമേനി വേറെ നമസ്‌കാരം നിര്‍വഹിക്കുകയുണ്ടായില്ലെന്നും അംറുബ്‌നു ശുഐബ് തന്റെ പിതാവ് വഴി നിവേദനം ചെയ്യുന്നു (അഹ്മദ്, ഇബ്‌നു മാജ).
രണ്ട് തക്ബീറുകള്‍ക്കിടയില്‍ നബി (സ) അല്‍പസമയം താമസിപ്പിച്ചിരുന്നുവെങ്കിലും തക്ബീറുകള്‍ക്കിടയില്‍ വല്ല പ്രത്യേക ദിക്‌റും ഉള്ളതായി തിരുമേനിയില്‍നിന്ന് നിവേദനമില്ല. പക്ഷേ, ഇബ്‌നു മസ്ഊദ് (റ) അല്ലാഹുവിനെ സ്തുതിക്കുകയും പുകഴ്ത്തുകയും നബി(സ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുകയും ചെയ്തിരുന്നതായും അങ്ങനെ ചെയ്യാന്‍ പറഞ്ഞിരുന്നതായും പ്രബലമായ പരമ്പര വഴി ത്വബ്‌റാനിയും ബൈഹഖിയും രേഖപ്പെടുത്തിയിട്ടുണ്ട്. മേല്‍ പറഞ്ഞ തക്ബീറുകള്‍ സുന്നത്ത് മാത്രമാണ്. മറന്നിട്ടോ അറിഞ്ഞുകൊണ്ടോ അവ ഉപേക്ഷിക്കുന്ന പക്ഷം നമസ്‌കാരം അസാധുവാകുന്നതല്ല.
പെരുന്നാള്‍ നമസ്‌കാരം
ആര്‍ക്കെല്ലാം?
പുരുഷന്മാരും സ്ത്രീകളും കുട്ടികളും സ്ഥിര താമസക്കാരും യാത്രക്കാരുമെല്ലാം ജമാഅത്തായിട്ടോ ഒറ്റക്കോ വീട്ടില്‍ വെച്ചോ പള്ളിയില്‍ വെച്ചോ മുസ്വല്ലയില്‍ വെച്ചോ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചാല്‍ അത് സാധുവാകുന്നതാണ്. ഒരാള്‍ക്ക് ജമാഅത്തായുള്ള നമസ്‌കാരം നഷ്ടപ്പെട്ടാല്‍ അയാള്‍ രണ്ട് റക്അത്ത് നമസ്‌കരിക്കുകയാണ് വേണ്ടത്.
പെരുന്നാള്‍ ഖുത്വ്ബ
പെരുന്നാള്‍ നമസ്‌കാരത്തിനു ശേഷം ഖുത്വ്ബ നിര്‍വഹിക്കലും അത് ശ്രദ്ധിച്ചു കേള്‍ക്കലും സുന്നത്താകുന്നു. അബൂ സഈദ് (റ) പ്രസ്താവിക്കുന്നു: ''നബി (സ) ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും മുസ്വല്ലയിലേക്ക് പുറപ്പെട്ടാല്‍ അവിടുന്ന് ആദ്യമായി ആരംഭിക്കുന്നത് നമസ്‌കാരമായിരുന്നു. അത് കഴിഞ്ഞ ശേഷം അണിയായി ഇരിക്കുന്ന ജനങ്ങളുടെ നേരെ തിരിഞ്ഞുനിന്ന് അവരോട് ഉപദേശിക്കുകയും വസ്വിയ്യത്ത് ചെയ്യുകയും കല്‍പിക്കുകയും ചെയ്യും.''
പെരുന്നാളിനു രണ്ട് ഖുത്വ്ബകളുണ്ടെന്നും അവക്കിടയില്‍ ഇരിക്കണമെന്നും കാണിക്കുന്ന എല്ലാ റിപ്പോര്‍ട്ടുകളും ദുര്‍ബലമാണ്. പെരുന്നാളിന് ഖുത്വ്ബ ആവര്‍ത്തിക്കുന്ന വിഷയത്തില്‍ ഒരു റിപ്പോര്‍ട്ടും സ്ഥിരപ്പെട്ടിട്ടില്ലെന്ന് നവവി പറയുന്നു.
തീറ്റയും കളിയും വിനോദങ്ങളും
സാധാരണ അനുവദനീയവും നിര്‍ദോഷവുമായ വിനോദങ്ങള്‍, നല്ല സംഗീതാലാപനം എന്നിവ ശാരീരിക വ്യായാമത്തിനും മാനസികോല്ലാസത്തിനും വേണ്ടി പെരുന്നാള്‍ ദിനത്തില്‍ അല്ലാഹു നിശ്ചയിച്ചിട്ടുള്ള ഇസ്‌ലാമിന്റെ ചിഹ്നങ്ങളില്‍ പെട്ടതത്രെ. അനസ് (റ) പ്രസ്താവിക്കുന്നു: 'നബി (സ) മദീനയിലെത്തിയ കാലത്ത് അവിടത്തുകാര്‍ക്ക് കളിക്കും വിനോദത്തിനുമായി രണ്ട് ദിനങ്ങളുണ്ടായിരുന്നു' എന്ന് നബി (സ) അവരോട് പറയുകയുണ്ടായി. ആഇശ (റ) പ്രസ്താവിക്കുന്നു: 'ഒരു പെരുന്നാള്‍ ദിനത്തില്‍ ചില അബ്‌സീനിയക്കാര്‍ റസൂലിന്റെ അടുത്ത് കളിക്കുകയായിരുന്നു. അങ്ങനെ ഞാന്‍ അവിടത്തെ ചുമലില്‍ക്കൂടി എത്തിനോക്കിയപ്പോള്‍ തിരുമേനി ചുമല്‍ കുറച്ച് താഴ്ത്തിപ്പിടിക്കുകയും അതിനു മുകളിലൂടെ അവര്‍ കളിക്കുന്നത് മതിയാകുവോളം കണ്ട ശേഷം ഞാന്‍ തിരിച്ചുപോവുകയും ചെയ്തു' (അഹ്മദ്, ബുഖാരി, മുസ്‌ലിം).
ഹാഫിളുബ്‌നു ഹജര്‍ ഫത്ഹുല്‍ ബാരിയില്‍ പറയുന്നു: 'നമ്മുടെ ദീനില്‍ വിശാലതയും സൗകര്യവുമുണ്ടെന്ന് മദീനയിലെ യഹൂദികള്‍ അറിയട്ടെ. ഋജുവും വിശാലവുമായ ഒരു മാര്‍ഗവുമായിട്ടാണ് ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്' എന്നിങ്ങനെ ആ ദിവസം തിരുമേനി പറഞ്ഞുവെന്ന് ആഇശ (റ) പ്രസ്താവിച്ചതായി ഉര്‍വത്തില്‍നിന്ന് അബുസ്സിനാദ് വഴിയായി ഇബ്‌നുസ്സര്‍റാജ് ഉദ്ധരിച്ചിട്ടുണ്ട്. 'തശ്‌രീഖിന്റെ ദിവസങ്ങള്‍ (ദുല്‍ഹജ്ജ് 11,12,13) തീറ്റയുടെയും കുടിയുടെയും അല്ലാഹുവിനെ സംബന്ധിച്ച സ്മരണയുടെയും ദിവസങ്ങളാണ്' എന്നു തിരുമേനി പ്രസ്താവിച്ചതായി നുബൈശത്ത് നിവേദനം ചെയ്യുന്നു (മുസ്‌ലിം, അഹ്മദ്).
പെരുന്നാളാശംസിക്കല്‍
അഭികാമ്യം
'ഈദുകും മുബാറക്, തഖബ്ബലല്ലാഹു മിന്നാ വ മിന്‍കും'... തുടങ്ങിയ ആശംസാ വാക്കുകള്‍ പറഞ്ഞ് പരസ്പരം അഭിവാദ്യം ചെയ്യാം.
റസൂലി(സ)ന്റെ സ്വഹാബിമാര്‍ പെരുന്നാള്‍ ദിനത്തില്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ 'തഖബ്ബലല്ലാഹു മിന്നാ വ മിന്‍ക' (ഞങ്ങളില്‍നിന്നും നിങ്ങളില്‍നിന്നും അല്ലാഹു സ്വീകരിക്കട്ടെ) എന്ന് പറയാറുണ്ടായിരുന്നുവെന്ന് ജുബൈറുബ്‌നു നഫീര്‍ പ്രസ്താവിക്കുന്നു.
Comments