Prabodhanm Weekly

Pages

Search

2022 ജൂലൈ 08

3259

1443 ദുല്‍ഹജ്ജ് 09

ബലിപെരുന്നാള്‍ ആഘോഷിക്കേണ്ട കാലം

എം.ഐ അബ്ദുല്‍ അസീസ് അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള

ഒരു ഈദുല്‍ അദ്ഹാ (ബലിപെരുന്നാള്‍) കൂടി സമാഗതമാകുന്നു. ഇസ്‌ലാം വിശ്വാസികള്‍ക്ക് നിര്‍ണയിച്ചു നല്‍കിയ രണ്ട് ആഘോഷങ്ങളിലൊന്ന്. ഏത് സാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നതെങ്കിലും ഇസ്‌ലാമിക സമൂഹം പെരുന്നാള്‍ സന്തോഷങ്ങളിലൂടെ കടന്നുപോകണമെന്ന അല്ലാഹുവിന്റെ തീരുമാനം സമുദായത്തിന് നല്‍കുന്നത് വലിയ അതിജീവനബലമാണ്. 
അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താല്‍ പഴയപോലെ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ഇസ്‌ലാമിക സമൂഹത്തിന് വീണ്ടും അവസരം ലഭിച്ചിരിക്കുന്നു. ഹജ്ജ് യാത്രക്കുള്ള ഒരുക്കങ്ങളായും ക്ലാസുകളായും യാത്രയയപ്പുകളായും സജീവമാവുന്ന സമുദായ പരിസരം എത്ര വലിയ ദീനീബോധവും അന്തരീക്ഷവുമാണ് നമുക്ക് നല്‍കിയിരുന്നതെന്ന് കഴിഞ്ഞ രണ്ട് വര്‍ഷം കോവിഡ് കാലത്ത് നാം തിരിച്ചറിഞ്ഞു. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍നിന്ന് വിശുദ്ധ ഹജ്ജ് ലക്ഷ്യമിട്ട് പുറപ്പെട്ട എല്ലാവര്‍ക്കും മഖ്ബൂലും മബ്‌റൂറുമായ ഹജ്ജ് നിര്‍വഹിക്കാന്‍ സാധിക്കുമാറാകട്ടെ.
ബലിപെരുന്നാള്‍ മനുഷ്യന്റെ ഹൃദയ മസ്തിഷ്‌കങ്ങളിലേക്ക് കൊണ്ടുവരുന്നത് ഹജ്ജിന്റെയും ഇബ്‌റാഹീമി(അ)ന്റെയും കുടുംബത്തിന്റെയും സ്മരണകളാണ്. ജീവിതത്തെ സമ്പൂര്‍ണമായി അല്ലാഹുവിന് സമര്‍പ്പിക്കാനുള്ള ആഹ്വാനവും സമര്‍പ്പിതര്‍ക്ക് കടന്നുപോകാനുള്ള വഴികളും തരണം ചെയ്യേണ്ട പ്രതിബന്ധങ്ങളും എത്തിച്ചേരേണ്ട മഹിത സ്ഥാനങ്ങളുമാണ് ഇബ്‌റാഹീമി(അ)ന്റെ ജീവിതം പഠിപ്പിക്കുന്നത്. ഹൃദയം നുറുങ്ങിപ്പോവുന്ന, രക്തം മരവിക്കുന്ന പീഡാനുഭവങ്ങള്‍ക്ക് ശേഷവും ജീവിതം സ്വഛമായൊഴുകും, തിന്മയുടെ സിംഹാസനങ്ങള്‍ വീണുടയും എന്ന പ്രതീക്ഷയാണ്, കൂടുതല്‍ ഭീകരമായേക്കാവുന്ന ഭാവിയെ മുന്നില്‍ കാണുന്നവര്‍ക്ക് ഇബ്‌റാഹീമീ ജീവിതം നല്‍കുന്നത്. ഒരു ഉപാധിയുണ്ട്: ജീവിതം അല്ലാഹുവിന് സമര്‍പ്പിക്കണം (ഖുര്‍ആന്‍ 2:131).
ഇബ്‌റാഹീം ഒറ്റക്കല്ല വിപ്ലവം നയിച്ചത്. അദ്ദേഹത്തോടൊപ്പം കുടുംബവുമുണ്ടായിരുന്നു. വിജനമായ പ്രദേശത്ത് പിഞ്ചോമനയെയും തന്നെയും തനിച്ചാക്കി പുറപ്പെട്ടത് ദൈവഹിതപ്രകാരമാണെന്നറിഞ്ഞപ്പോള്‍ ആകുലതകള്‍ വഴിമാറി, ആത്മബലം വീണ്ടെടുത്ത്, ആവേശം നല്‍കിയ സ്ത്രീഹൃദയവും, അതേ ദൈവഹിതമനുസരിച്ച്  ജീവിതം ബലി നല്‍കാന്‍ സന്നദ്ധനായ മകന്‍ ഇസ്മാഈലും -എല്ലാവരും ചേര്‍ന്നാണ് സമര്‍പ്പണത്തിന്റെ ആ മാതൃകാ ചരിത്രവിസ്മയം തീര്‍ത്തത്.
ബഹുദൈവത്വ(ശിര്‍ക്ക്)ത്തെ ജീവിതത്തിന്റെ അടിസ്ഥാനമായി സ്വീകരിച്ച, ജീവിപ്പിക്കാനും മരിപ്പിക്കാനുമുള്ള ദൈവിക അവകാശത്തെ കവര്‍ന്നെടുത്ത ഭരണകൂടം, വിയോജിക്കുന്നവരെ വേട്ടയാടലും വിചാരണ ചെയ്യലും ശിക്ഷ വിധിക്കലും നീതിവ്യവസ്ഥയായി പുലരുന്ന നാട്, അവയെ താങ്ങിനിര്‍ത്തുന്ന മതവ്യാഖ്യാനങ്ങള്‍, ബഹുദൈവാരാധനയുടെ വിപണിയെ സജീവമാക്കുന്ന പുരോഹിതന്മാര്‍,  ഇവക്കെല്ലാം പിന്തുണ നല്‍കുന്ന ജനസാമാന്യം- ഇങ്ങനെ ശിര്‍ക്കില്‍ ഊട്ടപ്പെട്ട സാമൂഹികാന്തരീക്ഷത്തില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തന പദ്ധതിയുടെ മാര്‍ഗരേഖ വരച്ചുവെക്കുകയാണ് ഇബ്‌റാഹീം (അ) ചെയ്തത്.
തന്റെ ജനതയും ഭരണകൂടവും അകപ്പെട്ടിരിക്കുന്ന ഭീമാബദ്ധത്തില്‍ നിന്ന് അവരെ രക്ഷിച്ചെടുക്കാന്‍ എത്ര സാഹസികമായ വഴികളിലൂടെയായിരുന്നു  അദ്ദേഹത്തിന്റെ സഞ്ചാരം. സൂര്യ-ചന്ദ്ര-നക്ഷത്രാദികളെ ദൈവമായി സ്വീകരിച്ചവരോട് നടത്തിയ സംവാദം, നിര്‍ജീവ വസ്തുക്കളെ ദൈവമാക്കുന്നതിലെ അയുക്തികതയെ കുറിച്ച പ്രഘോഷണം, അധികാര ഗര്‍വിനുനേരെയുള്ള വിമതത്വം- ഇബ്‌റാഹീം പിന്നിട്ട പ്രബോധന വഴികള്‍. പിതാവിന്റെ ആട്ടിപ്പുറത്താക്കല്‍, അഭയം നല്‍കില്ലെന്ന നാട്ടുകാരുടെ ഭീഷണി, ഭരണകൂട വേട്ടയും ഏകപക്ഷീയ വിചാരണയും തീകുണ്ഡത്തിലെറിയലും- ഇബ്‌റാഹീം അതിജീവിച്ച  പ്രതിസന്ധി പര്‍വങ്ങള്‍! സ്വദേശത്ത് നിന്ന് പുറപ്പെട്ട് ഈജിപ്ത്, സിറിയ, ഫലസ്ത്വീന്‍, ഹിജാസ്, മക്ക- പ്രബോധകനായ ഇബ്‌റാഹീമിന്റെ പാദസ്പര്‍ശംകൊണ്ട് പുളകംകൊണ്ട ഇവിടങ്ങളിലെ മണല്‍ത്തരികള്‍. ഇസ്‌ലാമിക പ്രബോധകര്‍ക്കുള്ള എക്കാലത്തേക്കുമുള്ള മാതൃകയും നേതൃത്വവുമാണ് ഇബ്‌റാഹീം (അ). ''താങ്കളെ നാം ജനങ്ങളുടെ ഇമാമായി നിശ്ചയിച്ചിരിക്കുന്നു'' (2:124).
ജീവിതാന്ത്യത്തിലാണ് കഅ്ബയുടെ നിര്‍മാണം. നിര്‍മാണവേളയില്‍ അദ്ദേഹം നടത്തിയ പ്രാര്‍ഥന ഒരു ജീവിതദര്‍ശനം കൂടി പഠിപ്പിക്കുന്നുണ്ട്. തന്റെ പിറകെ കടന്നുവരുന്ന മനുഷ്യസാഗരങ്ങള്‍ക്ക് സമൃദ്ധമായ ജീവിതം സാധ്യമാകുന്നതിനു വേണ്ടിയാണ്  ആ പ്രവാചകന്‍ ത്യാഗം കൊണ്ടൊരു ജീവിതം തീര്‍ത്തത്, ഒരു ആരാധനാലയം പണിതത്. ''ഇബ്റാഹീം പ്രാര്‍ഥിച്ചതോര്‍ക്കുക: എന്റെ നാഥാ, ഇതിനെ നിര്‍ഭയമായ പട്ടണമാക്കേണമേ, അതിലെ വാസികള്‍ക്ക്, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചവര്‍ക്ക് നീ നാനാവിധ ഫലങ്ങള്‍ അന്നമായി നല്‍കേണമേ. മറുപടിയായി നാഥന്‍ അരുളി: അവിശ്വാസികള്‍ക്കും ഞാന്‍ ഈ ലോകത്തെ ക്ഷണികജീവിതത്തിനുള്ള വിഭവങ്ങള്‍ നല്‍കും'' (2:126). കഅ്ബ പ്രതിനിധീകരിക്കുന്ന ഈ ക്ഷേമജീവിത കാഴ്ചപ്പാടിനെ തകര്‍ക്കാനുള്ള കുതന്ത്രങ്ങളെ അല്ലാഹു തന്നെ കൈകാര്യം ചെയ്യുമെന്ന് ചരിത്രം പഠിപ്പിക്കുന്നു.(വിശുദ്ധ ഖുര്‍ആന്‍ 105:1-5).
വീട്ടില്‍ നിന്നിറങ്ങേണ്ടി വന്നപ്പോള്‍, അഭയം നഷ്ടപ്പെട്ടപ്പോള്‍, രാജസമക്ഷം വിചാരണ നേരിട്ടപ്പോള്‍, തീകുണ്ഡത്തിലേക്കെറിയപ്പെട്ടപ്പോള്‍, വിജനമായ ദേശത്ത് കുടുംബത്തെ ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍, മകന്റെ കഴുത്തില്‍ കത്തിവെച്ചപ്പോള്‍- അപ്പോഴൊന്നും ഇടറാതിരുന്ന ഇബ്‌റാഹീമിന്റെ ഹൃദയം ചഞ്ചലപ്പെട്ട ഒരു സന്ദര്‍ഭമുണ്ട്. മനുഷ്യചരിത്രത്തില്‍ സമാനതകളില്ലാത്ത സഹജീവിസ്‌നേഹത്തിന്റെ സാഗരപ്രവാഹമായിരുന്നു ആ നിമിഷങ്ങള്‍. ലൂത്വ് നബി (അ)യുടെ ജനതയുടെ മേല്‍ അല്ലാഹുവിന്റെ ശിക്ഷ നടപ്പാക്കാനായി മലക്കുകള്‍ എത്തിയ സന്ദര്‍ഭത്തില്‍. 'ഇബ്റാഹീം ലൂത്വിന്റെ ജനതയുടെ കാര്യത്തില്‍ നമ്മോടു തര്‍ക്കിച്ചുതുടങ്ങി' എന്ന് ഖുര്‍ആന്‍ (11: 74).
വിശുദ്ധ ഹജ്ജ് കര്‍മത്തിനുള്ള പരസ്യപ്രഖ്യാപനവും ഇബ്‌റാഹീം നബിയുടേതാണ്. ഹജ്ജ് കര്‍മത്തിലൂടെ അനുസ്മരിക്കപ്പെടുന്നതും ഇബ്‌റാഹീമി(അ)ന്റെ പ്രബോധനമാര്‍ഗത്തിലെ സമര്‍പ്പിത ജീവിതമാണ്. അതായത്, ഓരോ ഹജ്ജ് കര്‍മവും ഇസ്‌ലാമിക പ്രബോധനത്തിന് വേണ്ടിയുള്ള ആഹ്വാനമാണ്. ഹജ്ജിനുള്ള ഇബ്‌റാഹീം നബിയുടെ വിളംബരം സമുദായത്തോടല്ല, മുഴുവന്‍ മനുഷ്യസമൂഹത്തോടുമാണ്. 'വിദൂര ദിക്കുകളില്‍' ആ വിളംബരം എത്തണമെങ്കില്‍ അവരെ ചെന്ന് മുട്ടിവിളിക്കണമല്ലോ. ഇസ്‌ലാം കെട്ടിയുയര്‍ത്തപ്പെട്ട പഞ്ചസ്തംഭങ്ങളില്‍ ഒന്നായി ഹജ്ജിനെ മുഹമ്മദ് നബി (സ) പരിചയപ്പെടുത്താനുള്ള കാരണവും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സമര്‍പ്പണം മുസ്‌ലിം ജീവിതത്തില്‍ ഇടവേളകളില്ലാതെ നിലനില്‍ക്കണമെന്നതിനാലാണ്. 
കഅ്ബാ നിര്‍മാണ വേളയില്‍ ഇബ്‌റാഹീം നടത്തിയ മറ്റൊരു പ്രാര്‍ഥനയുണ്ട്: ''ഞങ്ങളുടെ നാഥാ, ഈ ജനത്തില്‍ അവരില്‍നിന്നുതന്നെ, നിന്റെ വചനങ്ങള്‍ കേള്‍പ്പിക്കുകയും അവരുടെ ജീവിതത്തെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ നിയോഗിക്കേണമേ, സര്‍വശക്തനും യുക്തിജ്ഞനുമല്ലോ നീ''(2:129). ഈ പ്രാര്‍ഥനയുടെ ഫലമെന്നോണമാണ് മുഹമ്മദ് നബി (സ) നിയോഗിതനാകുന്നത്. 23 വര്‍ഷക്കാലത്തെ  തന്റെ ജീവിതത്തിന് തിരശ്ശീലയിടുന്നത് ഇബ്‌റാഹീം നബിയുടെ ഹജ്ജിനെ പുനഃസ്ഥാപിച്ചുകൊണ്ടാണ്. ഇബ്‌റാഹീം നബിയുടെ പ്രാര്‍ഥനയോട് താദാത്മ്യപ്പെട്ടുകൊണ്ട് മനുഷ്യന്റെ ജീവനും സമ്പത്തും അഭിമാനവും പവിത്രമാണെന്ന് ആ വിടവാങ്ങല്‍ പ്രഭാഷണത്തിലും തിരുനബി (സ) പ്രഖ്യാപിക്കുകയുണ്ടായി. തുടര്‍ന്ന്, ഇബ്‌റാഹീം മാതൃക കാണിച്ച, താന്‍ സാക്ഷാല്‍ക്കരിച്ച ജീവിതദൗത്യം അനന്തരമെടുക്കാന്‍ മുസ്‌ലിം സമൂഹത്തെ അദ്ദേഹം ആഹ്വാനം ചെയ്യുകയുണ്ടായി. ജീവിത നിയോഗത്തിന്റെ, ഇബ്‌റാഹീം - മുഹമ്മദ്- മുസ്‌ലിം സമുദായം, തുടര്‍ച്ചയെ ബലപ്പെടുത്തിക്കൊണ്ട് അല്ലാഹു പറയുന്നു: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യേണ്ടവണ്ണം സമരം ചെയ്യുവിന്‍. അവന്‍ തന്റെ ദൗത്യത്തിനുവേണ്ടി നിങ്ങളെ തെരഞ്ഞെടുത്തിരിക്കുകയാകുന്നു. ദീനില്‍ നിങ്ങളുടെ മേല്‍ ഒരു ക്ലിഷ്ടതയുമുണ്ടാക്കിവെച്ചിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്റാഹീമിന്റെ മതത്തില്‍ നിലകൊള്ളുന്നവരാകുവിന്‍. അല്ലാഹു പണ്ടേതന്നെ നിങ്ങള്‍ക്ക് 'മുസ്ലിംകള്‍' എന്ന് നാമകരണം ചെയ്തിട്ടുണ്ടായിരുന്നു; ഇതിലും. ദൈവദൂതന്‍ നിങ്ങള്‍ക്ക് സാക്ഷിയാകേണ്ടതിന്; നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളാകേണ്ടതിനും. അതിനാല്‍, നമസ്‌കാരം നിലനിര്‍ത്തുവിന്‍. സകാത്ത് കൊടുക്കുവിന്‍. അല്ലാഹുവിനെ മുറുകെ പിടിച്ചുകൊള്ളുവിന്‍. അവനാകുന്നു നിങ്ങളുടെ രക്ഷകന്‍. എത്ര വിശിഷ്ടനായ രക്ഷകന്‍! എത്ര വിശിഷ്ടനായ സഹായി!'' (22:78).
അതിനാല്‍ 'മില്ലത്ത അബീക്കും ഇബ്‌റാഹീം' (നിങ്ങളുടെ പിതാവ് ഇബ്‌റാഹീമിന്റെ പാത പിന്തുടരുക) എന്നതു തന്നെയാണ് എക്കാലത്തും നമ്മുടെ കര്‍മപാത എന്നാണ് ഹജ്ജും ബലിപെരുന്നാളും നമ്മെ ഓര്‍മപ്പെടുത്തുന്നത്. അതിനാല്‍ പരിവര്‍ത്തനം അനിവാര്യമായ, സമര്‍പ്പണവും ത്യാഗവും സ്ഥൈര്യവും ആവശ്യമായ സമകാലിക ലോകത്ത് മുസ്‌ലിം സമുദായത്തിന്, ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് ബലിപെരുന്നാളും ഹജ്ജും ആവേശമാണ്... ആഘോഷമാണ്... അനുഷ്ഠാനമാണ്... ആരാധനയാണ്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-37-40
ടി.കെ ഉബൈദ്‌

ഹദീസ്‌

അറഫാ ദിനത്തിന്റെ പ്രാധാന്യം
ഡോ. മുഹമ്മദ് പാണ്ടിക്കാട്‌