Prabodhanm Weekly

Pages

Search

2022 ജൂലൈ 08

3259

1443 ദുല്‍ഹജ്ജ് 09

സംസ്‌കരണം  മക്കള്‍ ക്കൊപ്പമാകട്ടെ

പി.പി ജുമൈല്‍

വിശ്വാസിയുടെ ഇസ്ലാമിക ജീവിതത്തിന്റെ അടിസ്ഥാന യൂനിറ്റാണ് കുടുംബം. അതുകൊണ്ടുതന്നെ കുടുംബത്തിന്റെ ഇസ്ലാമിക സംസ്‌കരണമെന്നത് ഓരോ വിശ്വാസിയുടെയും പ്രഥമ പരിഗണനയിലുള്ള കാര്യമാണ്. ഇണകളും മക്കളും ഇരുലോകത്തും കണ്‍കുളിര്‍മ നല്‍കുന്ന അനുഭവമാകാന്‍ നാഥനോട് അര്‍ഥിച്ചുകൊണ്ടിരിക്കാന്‍ വിശ്വാസികള്‍ കല്‍പിക്കപ്പെട്ടിട്ടുണ്ടല്ലോ.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്താണല്ലോ നമ്മള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ നമ്മള്‍ സാങ്കേതിക ലോകത്തുനിന്ന് തന്നെ പുറത്താകുന്ന അവസ്ഥയാണുള്ളത്. നമ്മുടെ മക്കള്‍ ഈ ലോകത്തേക്കാണ് പിറന്നുവീണത് തന്നെ. വേറൊരു ഭാഷയില്‍ പറഞ്ഞാല്‍ അക്ഷരം പഠിക്കുന്നതിന് മുമ്പ് സൈബര്‍ സാക്ഷരത നേടുന്ന തലമുറയെയാണ് ഇനി നമുക്ക് വളര്‍ത്താനുള്ളത്. ഇത്തരം യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് അവര്‍ക്കൊപ്പം വളര്‍ന്നും വികസിച്ചും പുതുതലമുറയെ വളര്‍ത്താന്‍ നമുക്കാവണം. എന്നാലേ മാറ്റത്തിനൊപ്പം ഇസ്ലാമിക സംസ്‌കാരത്തോടെ മുന്നേറുന്നൊരു തലമുറയെ നമുക്ക് വാര്‍ത്തെടുക്കാനാകൂ. ഉപദേശിച്ചും പഠിപ്പിച്ചുമല്ല, കൂടെ പഠിച്ചും ഒന്നിച്ച് ദീനീ സംസ്‌കാരം ശീലിച്ചുമാകണം പുതുതലമുറയെ വളര്‍ത്തേണ്ടത്.    
കേള്‍വിയെക്കാള്‍ കാഴ്ചക്ക് പരിഗണനയുള്ള തലമുറയെയാണ് നമ്മള്‍ വളര്‍ത്തുന്നതെന്ന് മനസ്സിലാക്കി മാതൃകകള്‍ സൃഷ്ടിക്കാന്‍ നമുക്കാവണം.
അതിരുകടന്ന വ്യക്തിവാദത്തിന്റെയും പരിധികളില്ലാത്ത സ്വതന്ത്രവാദത്തിന്റെയും കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. കുടുംബം, സമൂഹം തുടങ്ങിയ പരിഗണനകള്‍ക്കപ്പുറത്ത് സ്വന്തം താല്‍പര്യങ്ങള്‍ക്കും കാമനകള്‍ക്കുമാകണം പരിഗണനയെന്ന് നിരന്തരം പ്രചരിപ്പിക്കപ്പെടുന്നുണ്ടിപ്പോള്‍. സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാന യൂനിറ്റായ കുടുംബത്തെ തകര്‍ത്തേക്കാവുന്ന ഇത്തരം 'മാരി'കളുടെ കാലത്ത് മക്കള്‍ക്കൊപ്പം ഇസ്ലാമിക സംസ്‌കാരം ശീലിക്കാന്‍ നമുക്കാവണം. കൂടെനിന്നുകൊണ്ട് കൊണ്ടും കൊടുത്തും മക്കള്‍ക്കൊപ്പം ദീനീശീലങ്ങള്‍ പതിവാക്കിയാല്‍ കുടുംബത്തെയും അതുവഴി സമൂഹത്തെയും വികാസത്തിലേക്ക് നയിക്കാന്‍ നമുക്കാവും.
ഇബ്റാഹീമീ പാരമ്പര്യം
ഇബ്റാഹീം നബി(അ)യും അദ്ദേഹത്തിന്റെ ത്യാഗങ്ങളും ഏറ്റവും കൂടുതല്‍ ഓര്‍ക്കപ്പെടുന്ന ദിനരാത്രങ്ങളാണ് ഹജ്ജുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കഴിഞ്ഞുപോകുന്നത്. മക്കളോടൊപ്പം ദീനീ സംസ്‌കരണം ആര്‍ജിക്കുന്നതിന്റെ ഏറ്റവും വലിയ മാതൃകയാണ് ഖലീലുല്ലാഹ്. ഇസ്മാഈല്‍ നബിയുമായി ബന്ധപ്പെടുത്തി ഖുര്‍ആനില്‍ എടുത്തുപറയുന്ന ഭാഗങ്ങളിലെല്ലാം ഈയൊരു അധ്യാപനം നമുക്ക് കാണാം. ഇബ്റാഹീം നബിയുടെ പ്രാര്‍ഥനകളുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ മാത്രം ഇവിടെ പരിശോധിക്കാം:
മക്കള്‍ക്കൊപ്പം പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയെന്ന ഇബ്റാഹീം നബിയുടെ മാതൃക വലിയ പാഠമാണ് നമുക്ക് നല്‍കുന്നത്. അല്ലാഹുവുമായുള്ള ബന്ധം തലമുറക്ക് കൈമാറാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് നാഥനോടുള്ള പ്രാര്‍ഥന. അല്ലാഹുവുമായുള്ള ബന്ധം പ്രായോഗികമായിത്തന്നെ മക്കളുടെ മനസ്സില്‍ ഊട്ടിയുറപ്പിക്കപ്പെടുന്നു എന്നതാണ് ഇത്തരത്തിലുള്ള പ്രാര്‍ഥനകളുടെ സ്വാധീനം. ഇബ്റാഹീം നബിയുടെ പ്രാര്‍ഥനകളുടെ ഉള്ളടക്കത്തിലും മാതാപിതാക്കള്‍ക്കും മക്കള്‍ക്കുമുള്ള നിരന്തരമായ നന്മതേടലുകള്‍ കാണാം. വരുന്ന തലമുറക്കായും സമൂഹത്തിനായുമുള്ള അര്‍ഥനകളും അവയിലുണ്ട്. ഈ പ്രാര്‍ഥനകളില്‍ പലതും കുടുംബത്തോട് പലതരത്തില്‍ ബന്ധപ്പെടുത്തിയായിരുന്നെന്നും കാണാം (ഇബ്റാഹീം 37,40,41; അശ്ശുഅറാഅ് 83,84,85,86; അല്‍ബഖറ 126,128,129).
ഇബ്റാഹീം-ഇസ്മാഈല്‍ ചരിത്രത്തിലെ മറ്റൊരു മാതൃക കഅ്ബയുടെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ടതാണ്. മകനെ കൂട്ടി  ദൈവിക ഭവനത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തീകരിച്ച ശേഷം അവരൊന്നിച്ചുതന്നെ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്ന രംഗമായി തന്നെയാണ് ഖുര്‍ആന്‍ ഇത് വിവരിക്കുന്നത്(അല്‍ബഖറ 127).
കുറെ കാത്തിരുന്നു കിട്ടിയ മകനെ ബലി നല്‍കാന്‍ കല്‍പിക്കപ്പെട്ട സന്ദര്‍ഭവും ഇബ്റാഹീം നബിയുടെ ജീവിതത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ പറയുന്നുണ്ട്. അവിടെയും അദ്ദേഹം സ്നേഹത്തോടെ 'പൊന്നു മകനേ' എന്നു വിളിച്ച് ഇസ്മാഈലിനോട് ദൈവിക കല്‍പനയെക്കുറിച്ച് കൂടിയാലോചിക്കുന്നത് കാണാം. തിരിച്ചും അതേ സമീപനമാണ് 'ഉപ്പാ' എന്ന് വിളിച്ചുകൊണ്ട് ഇസ്മാഈല്‍ നബിയും പുലര്‍ത്തുന്നത്. പുതുതലമുറയോട് കൂടിയാലോചിക്കേണ്ടതിന്റെ -പ്രത്യേകിച്ച് അവരുടെ കാര്യങ്ങള്‍- പ്രാധാന്യം ഇത് വ്യക്തമാക്കുന്നുണ്ട്.
വിശ്വാസികള്‍ക്കൊക്കെ മാതൃകയെന്നും നേര്‍മാര്‍ഗത്തില്‍ എല്ലാവരെയും മുന്‍കടന്ന പിതാവെന്നും വിശേഷിപ്പിക്കപ്പെട്ട ഇബ്റാഹീം നബിയുടെ മാതൃകയാണ് തലമുറകളെ പരിഗണിച്ചുള്ള സംസ്‌കരണ പ്രവര്‍ത്തനമെന്നാണ് പറഞ്ഞുവന്നത്.

മാതൃകയിലൂടെ സംസ്‌കരണം

തലമുറകളെക്കുറിച്ചുള്ള പഠനമെന്നത് ഇന്ന് വളരെ പ്രാധാന്യമുള്ള കാര്യമാണ്. രാജ്യങ്ങളുടെ പോളിസികള്‍, മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ തുടങ്ങി വീടകങ്ങളിലെ ബന്ധങ്ങള്‍ വരെ നിര്‍ണയിക്കുന്നതില്‍ തലമുറകളെ മനസ്സിലാക്കല്‍ പ്രധാനമാണ്. ആരെയാണ് നമുക്ക് അഭിമുഖീകരിക്കേണ്ടതെന്ന് വ്യക്തമായി അറിഞ്ഞിരിക്കണം. നമുക്ക് ശേഷമുള്ള തലമുറയെ മനസ്സിലാക്കാന്‍ നമുക്കാവണം. അവരുടെ ലോകം തിരിച്ചറിയണം. അതിനായി ഇനിയും നാം കുറെയേറെ പഠിക്കേണ്ടിവരും.
ഇപ്പോള്‍ മുതിര്‍ന്നവരായ തലമുറ വളര്‍ന്നത് അധ്യാപകരെയും മാതാപിതാക്കളെയും കേട്ടാണ്. രക്ഷിതാക്കളും അധ്യാപകരും അറിവുകള്‍ പറഞ്ഞു പഠിപ്പിക്കുകയും അത് ജീവിതത്തില്‍ പകര്‍ത്താന്‍ ശകാരിച്ചും അടിച്ചും നിര്‍ബന്ധിക്കുകയുമാണ് ചെയ്തിരുന്നത്. വിദ്യാഭ്യാസം മുതല്‍ ചായക്കടയിലെ ചര്‍ച്ചകള്‍ വരെ അങ്ങനെയായിരുന്നു. റേഡിയോ, പത്രം എന്നിവയായിരുന്നു പലപ്പോഴും അവരുടെ വിവരാഗമന മാര്‍ഗം. കേള്‍വി പ്രധാന മാര്‍ഗമായിരുന്നു. മാതൃകകള്‍ കണ്ട് പഠിക്കുകയെന്നത് വളരെ കുറച്ചാണ് നടന്നിരുന്നത്.
ഇന്നത്തെ തലമുറ കേള്‍വിയെക്കാള്‍ കാഴ്ചക്ക് പ്രാധാന്യം നല്‍കുന്നവരാണ്. അവരുടെ വിദ്യാഭ്യാസ രീതികളങ്ങനെയാണ്. അവരുടെ വിനിമയ രീതികള്‍, സാമൂഹിക മാധ്യമ ചര്‍ച്ചായിടങ്ങള്‍- എല്ലാം കാഴ്ചക്ക് പ്രാധാന്യമുള്ള രീതിയിലാണുള്ളത്. ഈ മാറ്റത്തെ എല്ലാ രീതിയിലും ഉള്‍ക്കൊള്ളാന്‍ നമുക്കാവണം.
ഇവിടെയാണ് മാതൃകയിലൂടെ സംസ്‌കരണം (അത്തര്‍ബിയ്യ ബില്‍ ഖുദ്വ) എന്ന ആശയം പ്രധാനമാകുന്നത്. നബി(സ)യുടെ സംസ്‌കരണ രീതിയെ പഠിച്ചുകൊണ്ട് പണ്ഡിതന്മാര്‍ പറഞ്ഞ കാര്യമാണിത്. കുട്ടികള്‍ക്ക് അവരുടെ കൂടെ ചേര്‍ന്ന് സംസ്‌കരണ നിര്‍ദേശങ്ങള്‍ നല്‍കുന്ന ധാരാളം സംഭവങ്ങള്‍ നമുക്ക് കാണാം. നബിയുടെ കൂടെ വളര്‍ന്ന ചെറുപ്പക്കാരായവരെയെല്ലാം 'പൊന്നു മകനേ' എന്നു വിളിച്ച് ധാരാളം കാര്യങ്ങള്‍ ചെയ്യിച്ച് പഠിപ്പിച്ചതു കാണാം. അതിനെല്ലാം  നബി തന്നെയായിരുന്നു അവര്‍ക്ക് ഏറ്റവും വലിയ മാതൃക.
സമകാലിക സാഹചര്യത്തില്‍ നമ്മുടെ പുതിയ തലമുറ നമ്മളെ കണ്ടാണ് വളരുകയും സംസ്‌കാരം പഠിക്കുകയും ചെയ്യുക. വീട്ടിലും കുടുംബത്തിലും ഇസ്ലാമിക സംസ്‌കാരം തെളിമയോടെ പ്രാവര്‍ത്തികമാക്കിയാല്‍ അത് മക്കള്‍ അതുപോലെ പകര്‍ത്തും. മാതാപിതാക്കളോടുള്ള പെരുമാറ്റം, ഇണതുണകള്‍ തമ്മിലുള്ള സ്നേഹം, വലിയവരോടുള്ള സന്മനസ്സ് തുടങ്ങി ഓരോന്നും ഇപ്രകാരം പിന്‍പറ്റപ്പെടും. ഖലീലുല്ലാഹി ഇബ്റാഹീമിനെപ്പോലെ പ്രാര്‍ഥനകളും ഖുര്‍ആനികാധ്യാപനങ്ങളും ഹദീസ് പാഠങ്ങളും ഒന്നിച്ച് മനപ്പാഠമാക്കാനും ജീവിതശൈലിയാക്കാനും നമ്മള്‍ ശ്രമിക്കണം. അങ്ങനെ മക്കള്‍ക്ക് കാണാനാവുന്ന മാതൃകകളായി നാം മാറണം.

ഇ-ലോകത്തെ മാതൃകകള്‍

വിദ്യാഭ്യാസം, ജോലി പോലെ ബന്ധങ്ങളും ഓഫ്ലൈനിനെക്കാള്‍ ഓണ്‍ലൈനായ കാലംകൂടിയാണിത്. സാമൂഹിക മാധ്യമങ്ങള്‍ ഇന്ന് കുടുംബസംഗമങ്ങള്‍, ചര്‍ച്ചാ സദസ്സുകള്‍, ചായക്കട വര്‍ത്തമാനങ്ങള്‍, പ്രണയ-സ്നേഹ പ്രകടനങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്നുണ്ട്. അവിടെയും മക്കള്‍ക്ക് വലിയ മാതൃകയാകാന്‍ നമുക്കാവണം. രക്ഷിതാക്കളെന്ന നിലയില്‍ നമ്മുടെ ലൈക്കുകള്‍, കമന്റുകള്‍, പ്രതിപക്ഷ ബഹുമാനം, അഹങ്കാരം, തന്‍പോരിമ, മുതിര്‍ന്നവരോടുള്ള നിലപാട്, ചെറിയവരോടുള്ള സമീപനം, സദ്‌സ്വഭാവം എല്ലാം മക്കളും പുതുതലമുറയും കാണുന്നുണ്ടെന്ന ബോധം നമുക്കുണ്ടാവണം. സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വയം മാതൃകയാവുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട മേഖലയാണിത്. കാരണം, പലപ്പോഴും ഓഫ്ലൈാനായി മക്കളെ കാണുന്നതിലും കൂടുതല്‍ ഓണ്‍ലൈനായാണ് കാണുന്നത്. മാത്രമല്ല നമുക്ക് മനസ്സിലാകാത്ത രൂപത്തില്‍ നമ്മെ നിരീക്ഷിക്കാന്‍ ടെക്നോളജിയില്‍ മുന്നേറിയ മക്കള്‍ക്ക് സാധിക്കുമെന്നും നാം മനസ്സിലാക്കണം.

സ്‌ക്രീന്‍ ടൈം

ഓണ്‍ലൈന്‍ കാലത്ത് മക്കളോടൊപ്പം വളരാന്‍ നാമോരോരുത്തരും നിര്‍ബന്ധമായും ദീക്ഷിക്കേണ്ട ഒന്നാണ് സ്‌ക്രീന്‍ ടൈം. ദിവസവും നമ്മള്‍ സ്‌ക്രീന്‍ ടൈം ആവശ്യമനുസരിച്ച് നിര്‍ണയിക്കണം. ജോലി, പഠനം, വിനോദം, ആസ്വാദനം എല്ലാം ഉള്‍പ്പെടെ എത്ര സമയമാണ് മൊബൈലിലും മറ്റ് ഉപകരണങ്ങളിലുമായി നാം ചെലവാക്കുക എന്ന് നാം തീരുമാനിക്കണം. ജോലി, വിദ്യാഭ്യാസം പോലുള്ള അനിവാര്യതകള്‍ മക്കളെയും കുടുംബത്തെയും ബോധ്യപ്പെടുത്തണം. വിനോദങ്ങള്‍ക്കും ആസ്വാദനത്തിനുമുള്ള സമയം ഒന്നിച്ച് മക്കള്‍ക്കൊപ്പം കൂടി പ്ലാന്‍ ചെയ്യാന്‍ തയാറാകണം.
ദിവസവും മൊബൈലും ലാപ്പുമടക്കമുള്ള ഉപകരണങ്ങളുപയോഗിക്കാന്‍ അല്ലെങ്കില്‍ ഉപയോഗിക്കാതിരിക്കാനുള്ള സമയം ഇണതുണകളും മക്കളും നിര്‍ണയിക്കണം. മാനസിക-ശാരീരിക ആരോഗ്യത്തിനും ദീനീ സംസ്‌കാരത്തിന്റെയും ദീനീ ചിട്ടയുടെയും പരിശീലനത്തിനും നമസ്‌കാരമടക്കമുള്ള ആരാധനകളുടെ നിഷ്ഠക്കും ഇത് അനിവാര്യമാണ്. തനിക്കും കുടുംബത്തിനും സ്‌ക്രീന്‍ ടൈമില്‍ കൃത്യതയുണ്ടെന്ന് ഉറപ്പാക്കല്‍ കുടുംബത്തിന്റെ സംരക്ഷണത്തിന് അനിവാര്യമാണ്.

മക്കളുടെ ലോകവും അറിയണം

നമ്മുടെ മക്കള്‍ നമ്മെക്കാള്‍ സൈബര്‍ പരിജ്ഞാനമുള്ളവരാണെന്ന് മനസ്സിലാക്കണം. അതിനനുസരിച്ച് സാങ്കേതിക ലോകത്തെ പുതിയ വികാസങ്ങള്‍ മനസ്സിലാക്കാനാകണം. സോഷ്യല്‍ മീഡിയയെന്നാല്‍ വാട്സാപ്പും, ഫെയ്സ് ബുക്കും ഏറിയാല്‍ ട്വിറ്ററും ഇന്‍സ്റ്റയുമാണെന്ന ധാരണ തിരുത്തണം. അമിനോ, ഡിസ്‌കോഡ് പോലെ ധാരാളം പുതിയ സാധ്യതകളുണ്ട്. അവയെല്ലാം ഉപയോഗിക്കാനായില്ലെങ്കിലും മക്കളില്‍നിന്ന് പ്രാഥമിക പാഠങ്ങളെങ്കിലും പഠിക്കാന്‍ ശ്രമിക്കുക. റീലുകളും മറ്റും കാണുന്നതിനൊപ്പം ഇസ്ലാമികാധ്യാപനങ്ങളും സാമൂഹിക ബാധ്യതകളും ബോധ്യപ്പെടുത്തുന്ന റീലുകളും മീമുകളും (Reels and Memes)ഉണ്ടാക്കാന്‍ മക്കള്‍ക്കൊപ്പം കൂടിക്കൊടുക്കാം. നമ്മള്‍ ചില ആശയങ്ങള്‍ പറഞ്ഞാല്‍ മതിയാകും, ടെക്നോളജിയെല്ലാം അവര്‍ക്കറിയാം.
സര്‍വോപരി നല്ല നിയ്യത്തോടെ പുതിയ തലമുറക്കൊപ്പം പഠിക്കാനും വളരാനും നമ്മള്‍ സന്നദ്ധരാവുക. അത് തീര്‍ച്ചയായും നമ്മള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ മറികടക്കാന്‍ നമ്മെ സഹായിക്കും.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-37-40
ടി.കെ ഉബൈദ്‌

ഹദീസ്‌

അറഫാ ദിനത്തിന്റെ പ്രാധാന്യം
ഡോ. മുഹമ്മദ് പാണ്ടിക്കാട്‌