Prabodhanm Weekly

Pages

Search

2022 ജൂലൈ 08

3259

1443 ദുല്‍ഹജ്ജ് 09

ഫുഖഹാക്കളുടെ അഭിപ്രായങ്ങള്‍

മൗലാനാ മൗദൂദി

ബലികര്‍മത്തിന്റെ 
ശറഈ നിലപാട് - 2

ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നുമുള്ള ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുസ്‌ലിം സമുദായത്തിലെ ഫുഖഹാക്കള്‍ (നിയമജ്ഞന്മാര്‍) ഒന്നടങ്കം ബലി ഇസ്‌ലാമിലെ ശറഇയായ ഒരു നടപടിക്രമമാണെന്ന് ഐകകണ്‌ഠ്യേന അഭിപ്രായപ്പെട്ടിരിക്കുന്നു. അഭിപ്രായവ്യത്യാസം വല്ലതുമുണ്ടെങ്കില്‍ അത് നിര്‍ബന്ധ(വാജിബ്) മാണോ അല്ലേ എന്നതില്‍ മാത്രമാകുന്നു. എന്നാല്‍, അത് ശറഇല്‍ അംഗീകരിക്കപ്പെട്ടതും സുന്നത്തുമാണെന്നതില്‍ യാതൊരു അഭിപ്രായ ഭേദവുമില്ല. അല്ലാമഃ ഇബ്‌നു ഹജറില്‍ അസ്ഖലാനി ബുഖാരിയുടെ വ്യാഖ്യാനമായ ഫത്ഹുല്‍ ബാരിയില്‍ മദ്ഹബുകളിലെ ഫുഖഹാക്കളുടെ അഭിപ്രായങ്ങള്‍ ഇങ്ങനെ സംക്ഷേപിച്ചതായി കാണാം:
''ബക്രീദിലെ ബലികര്‍മം ദീനിലെ നിയമാനുസൃത അനുഷ്ഠാനങ്ങളില്‍ പെട്ടതാണോ എന്ന കാര്യത്തില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ഭൂരിപക്ഷം ഫുഖഹാക്കളുടെ അഭിപ്രായത്തില്‍ കിഫായ (ആരെങ്കിലും ഒരാള്‍ ചെയ്താല്‍ സമുദായം മുഴുവന്‍ ബാധ്യതയില്‍ നിന്നൊഴിവാകുന്ന) സ്വഭാവത്തോടുകൂടിയുള്ള മുഅക്കദായ സുന്നത്ത് (ശക്തമായ സുന്നത്ത്) ആണത്. ഫര്‍ദ് കിഫായ ആണെന്നാണ് ശാഫിഇകളില്‍ മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം. സ്ഥിരവാസിയും സുസ്ഥിതിക്കാരനുമായവന് നിര്‍ബന്ധമാണെന്നാണ് ഇമാം അബൂഹനീഫ പറയുന്നത്. ഒരു റിപ്പോര്‍ട്ട് പ്രകാരം ഇത് തന്നെയാണ് ഇമാം മാലികിന്റെയും അഭിപ്രായം. പക്ഷേ, സ്ഥിരവാസിയായിരിക്കണമെന്ന നിബന്ധന അദ്ദേഹം ചുമത്തുന്നില്ല.
ഔസാഇ, റബീഅ, ലൈസ് എന്നിവരും ഇതേ അഭിപ്രായക്കാരാണ്. ഹനഫികളില്‍ ഇമാം അബൂയൂസുഫും മാലികികളില്‍ സ്വുഹൈബും ഭൂരിപക്ഷം ഫുഖഹാക്കളുടെ അഭിപ്രായത്തിനൊപ്പമാണ്. കഴിവുണ്ടായിട്ടും ബലി അനുഷ്ഠിക്കാത്തത് 'മക്‌റൂഹ്' (അനഭികാമ്യം) ആണ് ഇമാം അഹ്മദുബ്‌നു ഹമ്പലിന്റെ അഭിപ്രായത്തില്‍. വാജിബ് (നിര്‍ബന്ധം) ആണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായമെന്ന് മറ്റൊരു റിപ്പോര്‍ട്ടുമുണ്ട്. ഉപേക്ഷിക്കാന്‍ അനുവാദമില്ലാത്ത സുന്നത്താണെന്നാണ് ഹനഫികളിലെ ഇമാം മുഹമ്മദിന്റെ അഭിപ്രായം'' (ഫത്ഹുല്‍ ബാരി, വാള്യം 10, പേ: 2).
ബലികര്‍മം ശറഇല്‍ നിശ്ചയിക്കപ്പെട്ടതും സുന്നത്തുമാണെന്ന വിഷയത്തില്‍ ആദ്യകാലം മുതല്‍ക്കേ സമുദായം ഒറ്റക്കെട്ടാണെന്നും അതില്‍ അഭിപ്രായ വ്യത്യാസമേ ഉണ്ടായിരുന്നില്ലെന്നും ഇതില്‍നിന്ന് മനസ്സിലാക്കാം.

ഉമ്മത്തിന്റെ മുതവാതിറായ പ്രവൃത്തി
ഈ അനുഷ്ഠാനം ശറഇല്‍ സ്ഥാനമുള്ളതും സുന്നത്തുമാണെന്നതിന്റെ ഏറ്റവും വലിയ തെളിവ് പ്രവാചകന്റെ അനുഗൃഹീത കാലഘട്ടം മുതല്‍ ഇന്നേവരെ തലമുറ തലമുറയായി മുസ്‌ലിംകള്‍ അതനുഷ്ഠിച്ചുപോരുന്നു എന്നതത്രെ. രണ്ടോ നാലോ, അഞ്ചോ പത്തോ ആളുകള്‍ മാത്രമല്ല, ആദ്യ തലമുറയിലെ ലക്ഷവും കോടിയും കണക്കില്‍ മുസ്‌ലിംകളും പിന്‍തലമുറകളിലെ ലക്ഷവും കോടിയും കണക്കില്‍ മുസ്‌ലിംകളും ഓരോ പിന്‍തലമുറയും മുന്‍തലമുറയില്‍നിന്നായി പരമ്പര പരമ്പരകളായി സ്വീകരിച്ചുപോരുന്ന അനുഷ്ഠാനമാണിത്. ഇസ്‌ലാമിക ചരിത്രത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ആരെങ്കിലും കണ്ടുപിടിച്ച് ദീനില്‍ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിച്ചതാണെങ്കില്‍ ഒരാളും അതിനെതിരെ ചുണ്ടനക്കാതെ സകലമാന മുസ്‌ലിംകളും ഐകകണ്‌ഠ്യേന എങ്ങനെയാണ് ഇങ്ങനെ ഒരു അനുഷ്ഠാനം അംഗീകരിച്ചു പോരുക? ഈ സമ്പ്രദായം ആര്‍, എപ്പോള്‍, എവിടെ കണ്ടുപിടിച്ചു എന്നറിയാതെ എങ്ങനെയാണത് ചരിത്രത്തില്‍ ഇത്രയും കാലം മറഞ്ഞു കിടക്കുക? ബലി എന്ന പുതിയൊരു അനുഷ്ഠാനം റസൂലിന്റെ പേരില്‍ ആരോപിക്കുന്ന ഹദീസുകളുടെ ഒരു പരമ്പര തന്നെ കെട്ടിച്ചമക്കുമ്പോള്‍ ഒന്നടങ്കം അതിന് നേരെ കണ്ണടച്ചു അത് സ്വീകരിക്കാന്‍ മാത്രം ഈ സമുദായം അപ്പാടെ മുനാഫിഖുകളുടെ ഒരു കൂട്ടമാണെന്നാണോ മനസ്സിലാക്കേണ്ടത്? നമ്മുടെ കഴിഞ്ഞ തലമുറകള്‍ ഇമ്മട്ടില്‍ മുനാഫിഖുകളായിരുന്നു എന്നംഗീകരിച്ചാല്‍ പിന്നെ വിഷയം ഒരു ബലിയില്‍ മാത്രം ഒതുങ്ങിനില്‍ക്കുമോ? അപ്പോള്‍ പിന്നെ, നിസ്‌കാരം, വ്രതം, ഹജ്ജ്, സകാത്ത് എന്നിവ മാത്രമല്ല, മുഹമ്മദ് നബിയുടെ പ്രവാചകത്വവും ഖുര്‍ആനും പോലും ദുരൂഹവും സംശയാസ്പദവുമായിത്തീരുകയില്ലേ? കാരണം, എവ്വിധം അവിശ്വസനീയമായ അനവധി പരമ്പരകളിലൂടെ (തവാതുര്‍)യാണോ ബലികര്‍മം നമുക്കെത്തിച്ചേര്‍ന്നത് അതേ പരസഹസ്രം തലമുറകളുടെ പരമ്പരകളിലൂടെ തന്നെയാണ് ഇക്കാര്യങ്ങളൊക്കെ നമുക്കെത്തിക്കിട്ടിയിരിക്കുന്നത്. അവരുടെ 'മുതവാതിറാ'യ പ്രവൃത്തി ഈ ഒരു വിഷയത്തില്‍ സംശയാസ്പദമാണെങ്കില്‍ സംശയത്തിനതീതമായ ഏതൊരു പ്രവൃത്തിയാണ് പിന്നെ അവശേഷിക്കുക?!
ഇക്കാലത്തെ ചില ആളുകള്‍ക്ക് ദൈവഭയമോ സൃഷ്ടികളുടെ മുമ്പില്‍ വഷളാകുന്നതില്‍ ലജ്ജയോ ഇല്ലെന്നത് ഖേദകരമായിരിക്കുന്നു. അറിവോ ഗ്രാഹ്യതയോ ഇല്ലാത്ത ചിലര്‍ ദീനീ വിഷയങ്ങളുടെ നേരെ നിര്‍ബാധം നിസ്സംഗരായി കൊടുവാള്‍ വീശുകയാണ്. ആ വെട്ടുകൊണ്ട് ആ പ്രശ്‌നത്തിന്റെ വേരാണോ അറ്റ് വീഴുന്നത് അതോ അതോടൊപ്പം ദീനിന്റെ അടിവേര് തന്നെ മുറിഞ്ഞു വീഴുന്നുണ്ടോ എന്നൊന്നും അവര്‍ക്ക് പ്രശ്‌നമേയല്ല.

സാമ്പത്തിക വശം
ഖുര്‍ആനും ഹദീസും വായിച്ചിട്ട് അതിലൊന്നും ബലികര്‍മത്തെക്കുറിച്ച് ഒന്നും കാണാത്തതിന്റെ അടിസ്ഥാനത്തിലല്ല യഥാര്‍ഥത്തില്‍ ഇന്നിപ്പോള്‍ അതില്‍ എതിര്‍പ്പ് ഉയര്‍ന്നു വന്നിരിക്കുന്നത്. മറിച്ച്, ഭൗതിക പ്രമത്തമായ ഈ യുഗത്തില്‍ ജനങ്ങളുടെ ഹൃദയ മസ്തിഷ്‌കങ്ങളെ സാമ്പത്തിക താല്‍പര്യങ്ങളുടെ പ്രാധാന്യം ഗര്‍ഹണീയമാംവിധം കീഴടക്കിയിരിക്കുന്നു എന്നതാണ് ഈ എതിര്‍പ്പിന്റെ യഥാര്‍ഥ അടിസ്ഥാനം. സാമ്പത്തിക മൂല്യങ്ങളല്ലാത്ത മറ്റൊരു മൂല്യവും അവരുടെ ദൃഷ്ടിയില്‍ വിലയുള്ളതായി അവശേഷിക്കുന്നില്ല. അവര്‍ കണക്കു കൂട്ടി നോക്കുകയാണ്.
ഓരോ വര്‍ഷവും എത്രലക്ഷം അല്ലെങ്കില്‍ കോടി മുസ്‌ലിംകളാണ് മൃഗബലി നടത്തുന്നത്? അതിന് ശരാശരി എത്ര സംഖ്യയാണ് ചെലവഴിക്കുന്നത്? ഈ കണക്ക് കൂട്ടലില്‍ അവരുടെ മുമ്പാകെ ബലിക്കായി മൊത്തം ചെലവിടുന്ന അതിഭീമമായ ഒരു സംഖ്യ ഉയര്‍ന്നുവരുന്നു. അതോടെ അവര്‍ ചീറുകയാണ്; എത്രമാത്രം ഭീമമായ സംഖ്യയാണ് ജന്തുബലിയിലൂടെ പാഴാക്കിക്കളയുന്നത്? ഇത്രയും സംഖ്യ സമുദായത്തിന്റെ സ്ഥാപനങ്ങള്‍ക്കോ സാമ്പത്തിക പദ്ധതികള്‍ക്കോ ചെലവഴിച്ചിരുന്നെങ്കില്‍ എണ്ണമറ്റ എന്തെല്ലാം നേട്ടങ്ങള്‍ കൈവരിക്കാമായിരുന്നു? അനിസ്‌ലാമിക ചിന്തവഴി നമ്മുടെ ഉള്ളില്‍ ഊട്ടിവളര്‍ത്തപ്പെട്ട മുച്ചൂടും അബദ്ധജടിലമായ ഒരു മനോഭാവമാണിതെന്നാണ് ഞാന്‍ പറയുക. ഈ മനോഭാവത്തെ ഇങ്ങനെ വളരാന്‍ വിടുകയാണെങ്കില്‍ ഇതേ സമര്‍ഥനരീതിയില്‍ അവര്‍ നാളെ ഇങ്ങനെ പറയാന്‍ തുടങ്ങും: ഓരോ വര്‍ഷവും ലക്ഷക്കണക്കില്‍ മുസ്‌ലിംകള്‍ ശരാശരി എത്ര തുകയാണ് ഹജ്ജ് യാത്രക്കായി പാഴാക്കിക്കളയുന്നത്? മൊത്തത്തില്‍ ഇത്രയും കോടിരൂപയുണ്ടാകും അത്. ഏതാനും സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് കൊല്ലം തോറും ചെലവിടുന്ന ഈ സംഖ്യ എന്തുകൊണ്ട് ദേശീയ സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക പദ്ധതികള്‍ക്കും രാജ്യരക്ഷക്കും വേണ്ടി ചെലവഴിച്ചു കൂടാ? ഇത് കേവലമൊരു സാങ്കല്‍പിക ചോദ്യമല്ല. മറിച്ച്, സംഭവയാഥാര്‍ഥ്യം തന്നെയാണ്. ഈ മനോഭാവത്തിന്റെ ഫലമായാണ് തുര്‍ക്കി സര്‍ക്കാര്‍ 25 വര്‍ഷത്തേക്ക് ഹജ്ജിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ഇനി മറ്റൊരാള്‍ ഇങ്ങനെയും കണക്ക് കൂട്ടിക്കൂടായ്കയില്ല. കോടിക്കണക്കില്‍ മുസ്‌ലിംകള്‍ ദിനേന അഞ്ച്‌നേരം നിസ്‌കരിക്കുന്നു. കൂട്ടിനോക്കിയാല്‍ അതിന്റെ സമയം ശരാശരി ഇത്രയും ലക്ഷം മണിക്കൂറുകള്‍ വരും. അത്രയും സമയം ഫലപ്രദമായ എന്തെങ്കിലും സാമ്പത്തിക പ്രക്രിയക്ക് വിനിയോഗിച്ചിരുന്നെങ്കില്‍ ഇത്രയും ദേശീയ സമ്പത്ത് കൈവരിക്കാമായിരുന്നു. അഭിശപ്തരായ മുല്ലമാര്‍ മുസ്‌ലിംകളെ നിസ്‌കാരത്തില്‍ കുരുക്കിയിട്ട് നൂറ്റാണ്ടുകളായി അവര്‍ക്ക് ഭീമമായ നഷ്ടം വരുത്തിക്കൊണ്ടിരിക്കുകയാണ്. ഇതും ഒരു സാങ്കല്‍പിക വാദമല്ല. സോവ്യറ്റ് റഷ്യയില്‍ സംഭവിച്ചതാണ്. ദയാനിധികളായ ഒരുപാട് സാരോപദേശകര്‍ അവിടത്തെ മുസ്‌ലിംകളെ നിസ്‌കാരം വഴിയുണ്ടാകുന്ന ഈ സാമ്പത്തിക നഷ്ടത്തിന്റെ യുക്തി ബോധ്യപ്പെടുത്തുകയുണ്ടായി. ഇതേ യുക്തിതന്നെ നോമ്പിന്റെ വിഷയത്തിലും ഉപയോഗിക്കാവുന്നതാണ്. ഇസ്‌ലാമിന്റെ ഓരോരോ കാര്യവും കേവല സാമ്പത്തിക ത്രാസില്‍ തൂക്കിനോക്കി മുസ്‌ലിംകള്‍ അവ ഓരോന്നോരോന്നായി ഉപേക്ഷിക്കുക എന്നതായിരിക്കും അതിന്റെ അന്തിമഫലം. ആ ത്രാസിന്‍ തട്ടില്‍ കനം തൂങ്ങാത്തതൊക്കെ 'മുല്ലമാരുടെ കണ്ടുപിടിത്ത'മായി പ്രഖ്യാപിച്ചു അവര്‍ ദുര്‍ബലപ്പെടുത്താന്‍ തുടങ്ങും. യഥാര്‍ഥത്തില്‍ ദീനീവിധികള്‍ പരിശോധിക്കാന്‍ മുസ്‌ലിംകള്‍ക്ക് ഈ ഒരു ത്രാസ് മാത്രമേ ഉള്ളോ? (അഖ്ബാറെ ഖാസിദ്, 1950, സെപ്തം 22)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-37-40
ടി.കെ ഉബൈദ്‌

ഹദീസ്‌

അറഫാ ദിനത്തിന്റെ പ്രാധാന്യം
ഡോ. മുഹമ്മദ് പാണ്ടിക്കാട്‌