പെരുന്നാളാഘോഷവും സാമുദായിക മൈത്രിയും
മനുഷ്യ സമൂഹത്തിന്റെ ജീവിത യാത്രയില്‍ ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും അനിഷേധ്യമായ പങ്കാണുള്ളത്. സന്തോഷത്തിന്റെതും സംതൃപ്തിയുടെതുമായ അനശ്വര മുഹൂര്‍ത്തങ്ങളാണ് ഓരോ ആഘോഷവും സ്മൃതിപഥത്തിലെത്തിക്കുന്നത്. അത്തരം സുന്ദര സ്മരണകള്‍ അയവിറക്കാനും അതില്‍നിന്ന് ലഭിക്കുന്ന ആത്മസായൂജ്യം ഉറ്റവരും ഉടയവരുമായി പങ്കുവെക്കാനും മനുഷ്യന്‍ എപ്പോഴും ആഗ്രഹിക്കുന്നു. സൗഹൃദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും ഒന്നിപ്പിന്റെയും ഒത്തുചേരലിന്റെയും പുതിയ വാതായനങ്ങള്‍ തുറന്നിടാനും ഇങ്ങനെയുള്ള കൂടിച്ചേരലുകള്‍ വഴിയൊരുക്കുന്നു.
ഓരോ പ്രദേശത്തിന്റെയും ആചാരങ്ങളും സമ്പ്രദായങ്ങളും ജീവിത രീതികളും ആഘോഷങ്ങളുടെ കെട്ടിലും മട്ടിലും ഭാവങ്ങളിലും അവയുടേതായ വൈവിധ്യങ്ങള്‍ നിലനിര്‍ത്തുന്നുണ്ട്. ആചാരാനുഷ്ഠാനങ്ങളോടൊപ്പം തന്നെ അവയുടെ ഉത്സവ പ്രതീതി വര്‍ധിപ്പിക്കാനും മാറ്റു കൂട്ടാനുമുള്ള രീതികള്‍ പണ്ടുമുതലേ നിലനിന്നിരുന്നു. പഴയ തിരു-കൊച്ചി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇന്നും നിലനില്‍ക്കുന്ന പെരുന്നാള്‍ ആഘോഷ രീതികള്‍ ഇതിന്റെ സാക്ഷ്യമാണ്. പെരുന്നാള്‍ രാവ് (പെരുന്നാളിന്റെ തലേ ദിവസം) മുതല്‍ തന്നെ ഉണര്‍വിന്റെയും ഉന്മേഷത്തിന്റെയും നിമിഷങ്ങളാണ്. നിറഞ്ഞൊരുങ്ങി നില്‍ക്കുന്ന കടകമ്പോളങ്ങള്‍, ചന്തകള്‍. പെരുന്നാള്‍ വിഭവങ്ങള്‍ വാങ്ങാനായി എത്തിച്ചേരുന്നവരില്‍ മുസ്‌ലിംകളല്ലാത്തവരും ധാരാളം. ആലപ്പുഴ സക്കരിയാ ബസാറിന്റെ തെരുവുകള്‍ക്ക് അഭിമാനപൂര്‍വം ഓര്‍ക്കാവുന്ന അനുഭവമാണിത്.
മിക്ക വീടുകളിലും നേന്ത്രപ്പഴം ചേര്‍ത്ത മധുരക്കറി പെരുന്നാളിന്റെ രുചികരമായ ഒരു വിഭവമായിരുന്നു. ഇപ്പോഴും മധുരക്കറി രംഗം വിട്ടിട്ടില്ല. മുസ്‌ലിം വീടുകളില്‍നിന്ന് സ്വാദിഷ്ടമായ വിഭവങ്ങള്‍ സഹോദര സമുദായക്കാരുടെ വീടുകളിലെത്തിച്ചു കൊടുക്കുന്നതും പതിവായിരുന്നു. പെരുന്നാള്‍ വിഭവങ്ങളുമായി വീടുകളിലെത്തുന്നവരെ വീട്ടുകാര്‍ സന്തോഷത്തോടെ സ്വാഗതം ചെയ്തിരുന്നു. ഓണാഘോഷ വേളകളിലും ഇതുപോലുള്ള ഒത്തുചേരലുകളുടെ മനോഹാരിത പണ്ടത്തെപ്പോലെ ഇന്നും നിലനില്‍ക്കുന്നു.
ആഘോഷങ്ങള്‍ ആരുടെതായാലും അവ സൗരഭ്യം പരത്തുന്നതായിരിക്കണം. അപ്പോള്‍ മാത്രമേ കൈകള്‍ കോര്‍ത്തും ചേര്‍ത്തു പിടിച്ചുമുള്ള ഒത്തുചേരലുകള്‍ സാധ്യമാവുകയുള്ളൂ. ഈദ് ഗാഹുകളില്‍ ഇതര സമുദായാംഗങ്ങള്‍ കൂടി പങ്കെടുക്കുമ്പോള്‍ അവര്‍ നേടുന്ന അറിവും അനുഭവവും പരസ്പരം മനസ്സിലാക്കാനും മറ്റു വിശ്വാസ സംഹിതകളെപ്പറ്റി കൂടുതല്‍ അറിയാനും അവസരമൊരുക്കുന്നു. ഏകദൈവ വിശ്വാസത്തിന്റെ ശക്തമായ അടിത്തറയില്‍ പടുത്തുയര്‍ത്തപ്പെട്ട ഒരു സമുദായത്തിന്റെ ആദര്‍ശ ഭദ്രത ഇതര വിഭാഗങ്ങള്‍ക്ക് കാണാനും കേള്‍ക്കാനും നിമിത്തമാവുകയും ചെയ്യുന്നു. കേരളത്തില്‍ മത വൈരത്തിനും മതാനുയായികള്‍ തമ്മിലുള്ള ശത്രുതാ മനോഭാവത്തിനും വേരോട്ടം ലഭിക്കാതിരിക്കുന്നതും ആഘോഷ വേളകളില്‍ പുലര്‍ത്തിപ്പോരുന്ന സൗഹൃദ ഇടപെടലുകള്‍ മൂലമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഓണം, പെരുന്നാള്‍, വിഷു, ക്രിസ്തുമസ് തുടങ്ങിയ ആഘോഷ വേളകളിലെല്ലാം സൗഹൃദത്തിന്റെതായ ഈ ഉദാത്ത സൗന്ദര്യം ദര്‍ശിക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ പരമതനിന്ദ കേരളീയര്‍ക്ക് അന്യമാണ്. മതാചാരങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകളിലൊന്നും തന്നെ അന്യമതങ്ങളെ അവഹേളിക്കലോ മതാചാര്യന്മാരെ നിന്ദിക്കലോ കേരളീയ പാരമ്പര്യത്തിന് പരിചിതമല്ല. അടുത്ത കാലത്തായി നടത്തിവരാറുള്ള പെരുന്നാള്‍ സൗഹൃദ സംഗമങ്ങള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒന്നിച്ചിരിക്കാനും ആശയവിനിമയത്തിനും അവസരമൊരുക്കുന്നു. മറ്റെന്തിനെക്കാളുമേറെ മത സൗഹാര്‍ദം കാത്തുസൂക്ഷിക്കേണ്ട ഇക്കാലത്ത് അതിനുപോദ്ബലകമായ രീതിയില്‍ ഈദാഘോഷ പരിപാടികള്‍ ഊര്‍ജസ്വലമാക്കേണ്ടതുണ്ട്.
ഹജ്ജും ഉംറയും
ചെയ്തവര്‍ക്ക്
ബോധവത്കരണം
അലി അക്ബര്‍ ചാമുകുഴി,
കൈപ്പമംഗലം
ഹജ്ജും ഉംറയും നിര്‍വഹിച്ചവര്‍ ഓരോ മഹല്ലിലും ധാരാളമുണ്ടാകും. അവരില്‍ ചിലരുടെ സ്വഭാവവും പ്രവൃത്തികളും കണ്ടാല്‍ അവര്‍ ഹജ്ജ് ചെയ്തിരുന്നുവോ എന്ന് സംശയിച്ചുപോകും. മിക്ക ഇബാദത്തുകളിലും അവര്‍ കണിശത പുലര്‍ത്തുന്നവര്‍ തന്നെയായിരിക്കും. പക്ഷേ, ഹജ്ജ് കഴിഞ്ഞ് വന്നിട്ടും അവര്‍ കൃത്യമായി സകാത്ത് നല്‍കുന്നുണ്ടാവില്ല. ഇത് ഒരുപക്ഷേ, അവര്‍ക്ക് ആ ബാധ്യതയെക്കുറിച്ച് ശരിയായ വിവരമില്ലാത്തതു കൊണ്ടാവാം. അതിനാല്‍, ഹജ്ജും ഉംറയും നിര്‍വഹിച്ചവരുടെ സംഗമം സംഘടിപ്പിച്ച് മഹല്ല് അടിസ്ഥാനത്തിലോ മറ്റോ ഇക്കാര്യം ഉണര്‍ത്തുന്നത് നന്നായിരിക്കും.
Comments