Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 18

3244

1443 ശഅ്ബാന്‍ 15

യുദ്ധാനന്തരം

 യാസീന്‍ വാണിയക്കാട്

1
ആകാശത്ത് നിന്ന് നോക്കുമ്പോള്‍
താഴെ
ചെടി നടുന്നു, നനയ്ക്കുന്നു
ഒരു പെണ്‍കുട്ടി
പ്രാവിന്
ഗോതമ്പു മണികള്‍ 
വിതറുന്നു ആണ്‍കുട്ടി

ഗ്രോ ബാഗില്‍ നിന്നും
പഴുത്ത തക്കാളി
അടര്‍ത്തിയെടുത്ത്
തിളയ്ക്കുന്ന എണ്ണയിലേക്ക്
നാലായി അരിഞ്ഞിടുന്നു മമ്മ.

അക്വേറിയത്തിലെ 
ഓരോ മീനുകളേയും
പാബ്ലോ നെരൂദ
നിസാര്‍ ഖബ്ബാനി
വില്യം വേര്‍ഡ്‌സ്‌വര്‍ത്ത്
എന്നിങ്ങനെ പേരിട്ടു കൊഞ്ചിക്കുന്നു പപ്പ

ഒരൊറ്റ ഗ്രനേഡ്
നശിപ്പിച്ചു നല്ല കാഴ്ചകള്‍

ഗോതമ്പു മണികളില്‍
അരിപ്പിറാവിന്റെ ചോര
കഴുകന്റെ കൊക്കില്‍
മൂപ്പെത്താത്ത മാംസത്തുണ്ടുകള്‍

താഴേക്ക് നോക്കുമ്പോള്‍
കഴുകനേത്
മനുഷ്യനേത്
തിരിച്ചറിയാനാവാത്തത്
എനിക്ക് മാത്രമോ.

2
പണ്ടെന്നോ
ആറ്റംബോംബ് വീണിടം
ഇന്നൊരു ചെടി കിളിര്‍ത്തു.
ആരും നട്ടതല്ല
കാലമേറെയായില്ലേ
അത് ഭൂമിയെ ഒരാവൃത്തി
വായിക്കാന്‍ വന്നതാകും.

മധു നുകരും
എന്റെ വണ്ടെവിടെ?

ആകാശത്ത് വട്ടമിട്ടുപറക്കുന്ന
ബോംബര്‍ വിമാനങ്ങളുടെ 
ഇരമ്പല്‍ കേള്‍ക്കേ
ചോദ്യം ചുണ്ടിനടിയില്‍ പൂഴ്ത്തുന്നു
പൂക്കള്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 60-63
ടി.കെ ഉബൈദ്‌

ഹദീസ്‌

വംശീയതയില്‍ അഭിരമിക്കുന്ന ചാണക വണ്ടുകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌