ഫാഷിസ്റ്റ് കാലത്തെ ഇസ്‌ലാമിക യൗവനം പ്രതീക്ഷയുടെ തുരുത്തുകള്‍
ഐക്യരാഷ്ട്ര സഭയുടെ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ യുവജനങ്ങള്‍ ജീവിക്കുന്നത് ഇന്ത്യയിലാണ്. സ്വാഭാവികമായും അതില്‍ നല്ലൊരു ശതമാനം മുസ്ലിം യൗവനവും. ദൗര്‍ഭാഗ്യവശാല്‍ അരാഷ്ട്രീയതയും അശ്ലീലതയും അരാജകത്വവും അലസതയും അതിരുകളില്ലാത്ത സ്വാതന്ത്ര്യ വാഞ്ഛയുമൊക്കെ അവര്‍ക്കെതിരെ ആരോപിക്കപ്പെടുന്നു. വളരെ ചെറുതല്ലാത്ത ഒരു വിഭാഗം ചെറുപ്പക്കാര്‍ യൗവനത്തിന്റെ സംഹാരാത്മകമായ ഈയൊരു വശത്തെ തങ്ങളുടെ മേല്‍വിലാസമായി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ യൗവനത്തിന്റെ നിര്‍മാണാത്മകതയെ പ്രതിനിധീകരിക്കുന്ന വലിയൊരു ശതമാനം യുവ സമൂഹവുമുണ്ട്. പുതിയ കാലത്തെ മുസ്‌ലിം യുവതലമുറയിലും ഈ രണ്ടു വിഭാഗത്തെയും കാണാം. ഇസ്‌ലാമിന്റെ ധാര്‍മികതയും മൂല്യങ്ങളും പാടെ തിരസ്‌കരിച്ചു യാതൊരു ലക്ഷ്യബോധവും ഇല്ലാതെ ജീവിതം ആസ്വദിക്കുന്ന ഒരു തലമുറ; വിശ്വാസത്തെയും മൂല്യങ്ങളെയും മതം ഉയര്‍ത്തിപ്പിടിക്കുന്ന ധാര്‍മികതയെയും അഭിമാനപൂര്‍വം ഏറ്റെടുക്കുന്ന മറ്റൊരു തലമുറ.
ഇസ്‌ലാംവിരുദ്ധ ശക്തികളെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ പ്രബുദ്ധമായും പക്വതയോടെയും നേരിടുകയും ഇസ്ലാമിക ആദര്‍ശത്തിന്റെ വിശുദ്ധിയും തനിമയും ഉയര്‍ത്തിക്കാട്ടുന്നതിനാവശ്യമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നുണ്ട് രണ്ടാമത് പറഞ്ഞ യുവസമൂഹം. മുസ്‌ലിം സമൂഹത്തിനെതിരെ വെറുപ്പ് ഉല്‍പ്പാദിപ്പിക്കുന്നതിനായി കല്ലുവെച്ച നുണകളെയും, വൈകാരികത കുത്തിനിറച്ച ഇസ്‌ലാംവിരുദ്ധ ശക്തികളുടെ പ്രചണ്ഡമായ പ്രചാരണങ്ങളെയും ചങ്കൂറ്റത്തോടെ നേരിട്ട്, ഒട്ടും ചൂളിപ്പോകാതെ, ക്ഷമാപണ സ്വരമുയര്‍ത്താതെ നീതിപൂര്‍വകവും സത്യസന്ധവുമായ പ്രതിരോധം തീര്‍ക്കുന്ന ആത്മാഭിമാന ബോധമുള്ള തലമുറ. വിശ്വാസവും വിജ്ഞാനവും കൈമുതലാക്കിയ ആ തലമുറ, രണോത്സുകവും ഹിംസാത്മകവുമായ സംഘ് പരിവാര്‍ ഫാഷിസം ഇന്ത്യയില്‍ ഉയര്‍ത്തുന്ന ഭീഷണികളെ തിരിച്ചറിയാനും അതിനെ അഭിമുഖീകരിക്കാനുമുള്ള കരുത്ത് നേടിക്കൊണ്ടിരിക്കുന്നു. ഈ തലമുറയുടെ കരുത്തും ശേഷിയും തിരിച്ചറിഞ്ഞിട്ട് തന്നെയാണ് രാജ്യവ്യാപകമായി നേതൃശേഷിയുള്ള മുസ്‌ലിം ചെറുപ്പക്കാരെ വേട്ടയാടി ജയിലിലടക്കുന്നതും അവരുടെ വിദ്യാഭ്യാസ ശാക്തീകരണ മുന്നേറ്റങ്ങള്‍ക്കെതിരെ മാര്‍ക്ക് ജിഹാദും ലൗ ജിഹാദും ഹിജാബ് വിവാദവും അടക്കം കത്തിച്ചു നിര്‍ത്തി ഭരണകൂട ഒത്താശയോടെ നീക്കങ്ങള്‍ നടക്കുന്നതും.
വെറുപ്പും വിദ്വേഷവും വംശീയതയും മുഖമുദ്രയാക്കിയുള്ള സംഘ് പരിവാര്‍ പ്രചാരവേലകളെ ചെറുക്കാന്‍ അതിനു സമാനമായ സമീപനങ്ങള്‍ സ്വീകരിക്കുന്ന ഒരു ചെറിയ സമൂഹം ഉണ്ട് എന്നുള്ളതും നാം ഗൗരവത്തോടെ കാണേണ്ടതുണ്ട്. മുസ്‌ലിമായതിന്റെ പേരില്‍ മാത്രമാണ് ഹിന്ദുത്വശക്തികളും, ക്രൈസ്തവ വിഭാഗത്തിലെ തീവ്ര ചിന്താഗതിക്കാരും മുസ്‌ലിം സമൂഹത്തിനെതിരെ നിരന്തരമായ പ്രചാരണ കോലാഹലങ്ങള്‍ സൃഷ്ടിക്കുന്നത്. അതിനാല്‍ ഹൈന്ദവ സമൂഹത്തിനെതിരെയും ക്രൈസ്തവ സമൂഹത്തിനെതിരെയും സമാനമായ മുന്‍വിധിയോടുകൂടിയുള്ള പ്രചാരണങ്ങള്‍ സംഘടിപ്പിക്കുക എന്നുള്ളത് ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണ്. അതിനാല്‍ ഇസ്‌ലാമിക ധാര്‍മികതയെ തിരസ്‌കരിച്ചു കൊണ്ടുള്ള ഇത്തരം അതിവൈകാരിക സമീപനങ്ങളില്‍ ആരെങ്കിലും ഭാഗഭാക്കാവുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അവരെ പിന്തിരിപ്പിക്കേണ്ടത് മുസ്‌ലിം നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ്.
മുസ്‌ലിം സമൂഹത്തിന്റെ മുഖം വികൃതമാക്കുന്നതിനായി വ്യാജ ഐഡികളില്‍ പ്രത്യക്ഷപ്പെടുന്ന സൈബര്‍ ഇടങ്ങളിലെ മുസ്‌ലിംവിരുദ്ധരും കുറച്ചല്ല. നിരന്തരമായ പ്രചാരണങ്ങളിലൂടെ ആര്‍.എസ്.എസ് സൃഷ്ടിച്ചെടുത്ത മുസ്ലിംവിരുദ്ധ പൊതുബോധത്തെയും, ഇസ്‌ലാമോഫോബുകളുടെ ഇടപെടലുകളെയും ധീരമായി ചോദ്യം ചെയ്യാനും ആത്മാഭിമാനത്തോടെ സ്വന്തം അസ്തിത്വത്തെ പ്രതിനിധീകരിക്കാനും കഴിയുന്ന മുസ്‌ലിം സമൂഹത്തിലെ പുതിയ തലമുറയുടെ യാത്ര പ്രതീക്ഷയുളവാക്കുന്നതാണ്. ഹിന്ദുത്വ വൈതാളികരുടെ മുന്നില്‍ കൈകൂപ്പിനിന്ന കുത്തുബുദ്ദീന്‍ അന്‍സാരിയില്‍ നിന്നും അതേ ഭീകരരെ വിരല്‍ത്തുമ്പ് കൊണ്ട് വിറപ്പിച്ച ആഇശ റെന്നയിലേക്കും, തക്ബീര്‍ കൊണ്ട് തുരത്തിയ മുസ്‌കാന്‍ ഖാനിലേക്കുമുള്ള മുസ്‌ലിം ഉമ്മത്തിന്റെ പരിവര്‍ത്തനത്തിന്റെ കഥയാണ് ഈ തലമുറ നമ്മോട് പറയുന്നത്.
സംഘടനാപരമായ സങ്കുചിതത്വങ്ങളില്‍ നിന്ന് മുക്തരായി തങ്ങളുടെ പ്രശ്‌നങ്ങള്‍ ഒരുമിച്ച് നിന്ന് പ്രതിരോധിക്കാനുള്ള മുസ്‌ലിം സംഘടനകളിലെ യുവജന കൂട്ടായ്മകളുടെ ശ്രമങ്ങള്‍ തീര്‍ച്ചയായും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. സംഘടനാപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും ശാഖാപരമായ തര്‍ക്കങ്ങള്‍ക്കും കുന്തമുനകളും കവചങ്ങളും ഒക്കെയായി നിന്ന ചെറുപ്പക്കാര്‍, തങ്ങളുടെ പൊതു ശത്രുവിനെതിരെ ഒന്നിച്ചുനില്‍ക്കുന്ന കാഴ്ചകള്‍ കോരിത്തരിപ്പിക്കുന്നതാണ്. കേരളത്തിലെ ഒരു പ്രമുഖ സുന്നി പ്രസ്ഥാനത്തിന്റെ യുവജന വിഭാഗത്തിന്റെ അധ്യക്ഷനെന്ന നിലയില്‍ ഈ വിനീതന്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന പല പരിപാടികളും ഒരുമയുടെ ഈ സന്ദേശമാണ് നല്‍കുന്നത്.
ക്ലബ് ഹൗസ് അടക്കമുള്ള നവ സാമൂഹിക പ്ലാറ്റ്‌ഫോമുകളില്‍, ഹിന്ദുത്വ, തീവ്ര ക്രൈസ്തവ, യുക്തിവാദി സംഘങ്ങളുടെ സംഘടിതമായ ആക്രമണങ്ങളെ വിവിധ സംഘടനാ പശ്ചാത്തലമുള്ള ചെറുപ്പക്കാരുടെ സംഘം പ്രബുദ്ധമായ പ്രത്യാക്രമണങ്ങളിലൂടെ തുരത്തിയോടിക്കുന്നത് പുതിയ കാലത്ത് നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ല. മറുഭാഗത്ത്, അള്‍ട്രാ സെക്യുലറിസത്തെയും ലിബറലിസത്തെയും താലോലിക്കുന്ന, അതിന്റെ പേരില്‍ ഇസ്‌ലാമിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളെ ന്യായീകരിക്കുന്ന, മുസ്‌ലിം പശ്ചാത്തലമുള്ള, ഇടതു-പുരോഗമന-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി നില്‍ക്കുന്ന ചെറുപ്പക്കാരും നിരീശ്വര നിര്‍മത- യുക്തിവാദ പ്രസ്ഥാനങ്ങളുടെ ഭാഗമായി നിന്ന് മുസ്‌ലിം വിരുദ്ധതക്ക് ആക്കം പകരുന്നുണ്ടെന്നതും വിസ്മരിച്ചു കൂടാ. കൂടുതല്‍ ക്രിയാത്മകമായ ബൗദ്ധിക സംവാദങ്ങളിലൂടെ ഇത്തരം ഭീഷണികള്‍ ചെറുക്കേണ്ടത് മുസ്‌ലിം നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ്.
അതോടൊപ്പം തന്നെ, ഫാഷിസ്റ്റു കാലത്തെ ഇന്ത്യന്‍ മുസ്‌ലിംകളുടെ അതിജീവനം സാധ്യമാക്കേണ്ട ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കൂടുതല്‍ കാര്യശേഷിയും നേതൃഗുണവുമുള്ള, ഫാഷിസ്റ്റ്‌വിരുദ്ധ വിദ്യാഭ്യാസം ലഭിച്ച, ഇസ്ലാമിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു തലമുറ കരുത്താര്‍ജിക്കേണ്ടതുമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ വംശീയ ഉന്മൂലന സ്വഭാവമുള്ള കലാപങ്ങളിലൂടെ മുസ്‌ലിംകള്‍ക്കെതിരെ തിരിഞ്ഞ ഹിന്ദുത്വശക്തികള്‍ 2002-ലെ ഗുജറാത്ത് കലാപത്തോടുകൂടി, ഹിംസാത്മകമായ തങ്ങളുടെ കലാപ മുഹൂര്‍ത്തങ്ങള്‍ ആഗോള സമൂഹം ശ്രദ്ധിക്കുന്നു എന്ന് മനസ്സിലാക്കി, സ്വയമായി ആസൂത്രണം ചെയ്യുന്ന ബോംബ് സ്‌ഫോടന പരമ്പരകളുടെ ഉത്തരവാദിത്തം മുസ്‌ലിം ചെറുപ്പക്കാരുടെ തലയില്‍ കെട്ടിവെച്ച്, നേതൃശേഷിയുള്ള മുസ്‌ലിം ചെറുപ്പക്കാരെ ജയിലിലടക്കുകയും, ഒപ്പം തന്നെ ഇസ്‌ലാമോഫോബിയ വളര്‍ത്തുകയുമാണ് ചെയ്തത്. ഹിന്ദുത്വ ശക്തികളുടെ അധികാരാരോഹണത്തിന് ശേഷം മുസ്‌ലിം മുന്നേറ്റത്തെ സമ്പൂര്‍ണമായി തടയുന്ന വിധം കള്ള ആരോപണങ്ങള്‍ക്ക് പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കുകയാണ്. മാര്‍ക്ക് ജിഹാദ്, റേഡി ജിഹാദ്, റോമിയോ ജിഹാദ്, ഹലാല്‍ ജിഹാദ്, ലൗ ജിഹാദ് തുടങ്ങി ഹിജാബ് വിവാദം വരെയുള്ള സകലതും അതിന്റെ ഭാഗമായുള്ളതാണ്.
അധികാരവും ഭരണകൂട സംവിധാനവുമുള്ള, തങ്ങളുടെ പ്രത്യയശാസ്ത്ര സാക്ഷാത്കാരത്തിനായി ഏതു നെറികേടും കാട്ടാന്‍ യാതൊരു മടിയുമില്ലാത്ത കടുത്ത വംശീയ വാദികളായ ഒരു വിഭാഗത്തെ പ്രതിരോധിച്ച് വേണം ഇന്ത്യയിലെ മുസ്‌ലിം ജനസാമാന്യത്തിന്റെ അതിജീവനം സാധ്യമാക്കാന്‍. ഉറച്ച വിശ്വാസവും ജീവിതമൂല്യങ്ങളുമുള്ള ഒരു സമൂഹത്തിന് തീര്‍ച്ചയായും അതിജീവനം സാധ്യമാകും എന്നുള്ളതില്‍ യാതൊരു സംശയവുമില്ല. പുതിയ കാലത്തെ മുസ്‌ലിം ചെറുപ്പക്കാര്‍, എല്ലാ പ്രതിസന്ധികളും ഉള്ളപ്പോള്‍ തന്നെ അതിജീവനത്തിന്റെ കരുത്ത് ആര്‍ജിച്ച് വരികയാണ് എന്നു തന്നെയാണ് നാം കരുതേണ്ടത്.
Comments