Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 18

3244

1443 ശഅ്ബാന്‍ 15

എന്താണ് ഫിഖ്ഹ്, ആരാണ് ഫഖീഹ്?

നൗഷാദ് ചേനപ്പാടി

ഫിഖ്ഹ് എന്നാല്‍ 'ശരിയായ ഗ്രാഹ്യം' (الفقه - الفهم الصحيح)  എന്നാണ് സാമാന്യമായ അര്‍ഥം. കുറേക്കൂടി വിപുലമായിപ്പറഞ്ഞാല്‍  العلم بالشٌيء وفهمه എന്നാണ്. അഥവാ ഒരു കാര്യത്തെ അതിന്റെ യാഥാര്‍ഥ്യത്തോടെ അറിയുകയും അതിനെ സമഗ്രമായും അഗാധമായും ഗ്രഹിക്കുകയും ചെയ്യുക. ഫിഖ്ഹിന് കര്‍മശാസ്ത്രം എന്ന് നേര്‍ക്കുനേരെ ഒരര്‍ഥമില്ല. പില്‍ക്കാലത്ത് വന്നു ചേര്‍ന്ന ഒരു പ്രയോഗമാണത്. അതും ഇന്നു നാം മനസ്സിലാക്കിയിട്ടുള്ള പരിമിതാര്‍ഥത്തിലുമല്ല. ഏതെങ്കിലും മദ്ഹബിന്റെ അടിസ്ഥാനത്തില്‍ എഴുതപ്പെട്ടിട്ടുള്ള കിതാബുകളിലെ നിയമങ്ങള്‍ അതേപടി മനസ്സിലാക്കുന്നതാണല്ലോ നമുക്കറിയാവുന്ന ഫിഖ്ഹ്;  അതിന് പ്രമാണങ്ങളില്‍  നിന്നുള്ള തെളിവുകള്‍ എന്താണെന്നറിയാതെയാണെങ്കിലും.
ഫിഖ്ഹിന്റെ സാങ്കേതികാര്‍ഥം ഇപ്രകാരമാണ്.
الفقه اصطلاحا : العلم بالأحكام  الشٌرعيٌة العمليٌة المكتسبة من اُدلٌتها التٌفصيليٌة
അതായത് വിശദമായ തെളിവുകളില്‍നിന്നും നിര്‍ധാരണം ചെയ്‌തെടുക്കപ്പെടുന്ന ശരീഅത്തിന്റെ കര്‍മപരമായ നിയമങ്ങളെക്കുറിച്ചുള്ള അറിവ്. അപ്പോള്‍ സാങ്കേതികമായി ഫിഖ്ഹിന് കര്‍മശാസ്ത്രം  എന്നു പറയണമെങ്കിലും നിയമങ്ങള്‍ക്കടിസ്ഥാനമായിട്ടുള്ള തെളിവെന്താണെന്നറിയണം.
ഫിഖ്ഹിന്റെ കേന്ദ്രാശയം ഇങ്ങനെയാണ്:
وصول إلي حقيقة باطن الشٌيء
അതായത്, ഒരു കാര്യത്തിന്റെ ആന്തരിക യാഥാര്‍ഥ്യത്തിലേക്കെത്തിച്ചേരുക.
നല്ല ഗ്രാഹ്യശേഷിയുള്ള ഒട്ടകത്തിന് അറബികള്‍ 'ഫഹ്‌ലുന്‍ ഫഖീഹ്' (فحل فقيه ) എന്നു പറയും. അതായത് ഒരു ഒട്ടകക്കൂറ്റന് ഇണ ചേരണമെന്ന് തോന്നുമ്പോള്‍ ഒരു പെണ്ണൊട്ടകത്തെ സമീപിക്കുന്നു. ആ പെണ്ണൊട്ടകത്തിനും താല്‍പര്യമുണ്ടെങ്കില്‍ ഈ ഒട്ടകക്കൂറ്റന്‍ അത് മനസ്സിലാക്കി അവളെ സമീപിക്കുന്നു. ആ പെണ്ണൊട്ടകം  ഗര്‍ഭിണിയാണെങ്കില്‍,  തന്നെ സമീപിക്കുന്ന ഒട്ടകത്തിന്റെ മുഖത്തേക്ക് അവള്‍ മൂത്രമൊഴിക്കും. ഇല്ലെങ്കില്‍ അവളുടെ പുറം ഭാഗത്ത് ഗര്‍ഭത്തെ സൂചിപ്പിക്കുന്ന ഒരു പ്രത്യേക ഗന്ധമുണ്ടായിരിക്കും. ഇതില്‍ നിന്ന് അവള്‍ ഗര്‍ഭിണിയാണ്, അവള്‍ക്കതില്‍ താല്‍പര്യമില്ല എന്നു മനസ്സിലാക്കി ആണൊട്ടകം പിന്തിരിഞ്ഞു പോകുന്നു. ഇങ്ങനെയുള്ള ഒട്ടകക്കൂറ്റനാണ് ഫഹ്‌ലുന്‍ ഫഖീഹ്. അഥവാ ബാഹ്യമായ ചേഷ്ടകളില്‍ നിന്നും അടയാളങ്ങളില്‍ നിന്നും ആന്തരികമായ യാഥാര്‍ഥ്യം നന്നായി ഗ്രഹിക്കാനും അറിയാനും കഴിയുക.
ഇസ്‌ലാമിലെ പണ്ഡിതനും ഇങ്ങനെയായിരിക്കണം. കാലാകാലങ്ങളില്‍ മുസ്‌ലിം ഉമ്മത്ത് നേരിടുന്ന പ്രശ്നങ്ങളില്‍  ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഏറ്റവും യുക്തവും പ്രായോഗികവുമായ നിയമവും പരിഹാരവും നിര്‍ദേശിച്ചു കൊടുക്കുന്ന സൂക്ഷ്മഗ്രാഹിയായ പണ്ഡിതന്‍. അല്ലാതെ ഓരോരോ കാലങ്ങളില്‍ എഴുതിവെച്ച, അതും തഖ്‌ലീദിന്റെ/അന്ധമായ അനുകരണത്തിന്റെ കാലഘട്ടങ്ങളില്‍ എഴുതപ്പെട്ട  മദ്ഹബുകളിലെ കിതാബുകളുടെ ഇബാറത്തുകള്‍/ഉദ്ധരണികള്‍ അതേപടി നോക്കി പറഞ്ഞു കൊടുക്കുന്നവനല്ല ഇസ്‌ലാമിലെ ഫഖീഹ്. താന്‍ ഏത്  കാലത്താണ്, ഏത് ലോകത്താണ് ജീവിക്കുന്നത് എന്നും, മുസ്‌ലിംകള്‍ ന്യൂനപക്ഷമാണോ  ഭൂരിപക്ഷമാണോ, അല്ലെങ്കില്‍ ഇസ്‌ലാമിക ഭരണം നിലനില്‍ക്കുന്നിടത്താണോ അതോ അനിസ്‌ലാമിക ഭരണം നിലവിലുള്ളിടത്തോ എന്നൊന്നും അറിയാതെയും നോക്കാതെയും മതവിധി കൊടുക്കുന്നവനെയും ഫഖീഹ് എന്ന് പറയാനാവില്ല. പില്‍ക്കാല ഹനഫീ പണ്ഡിതരില്‍ അഗ്രഗണ്യനായിരുന്ന ഇബ്‌നുല്‍ ആബിദീന്‍ തന്റെ ഹഖീഖത്തുല്‍ ഫിഖ്ഹ് എന്ന നിബന്ധത്തില്‍ പറയുന്നു:
و من لم يكن عالما بأهل زمانه فهو جاهل (തന്റെ കാലഘട്ടത്തില്‍ ജീവിക്കുന്ന ജനങ്ങളെപ്പറ്റി അറിയാത്തവന്‍ ജാഹില്‍ / അജ്ഞാനി ആണ്). മദ്ഹബിന്റെ ഇമാമീങ്ങളെയും പണ്ഡിതരെയും അവര്‍  ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ ഉസൂലുകളെയും (കര്‍മശാസ്ത്ര നിയമങ്ങള്‍ക്കടിസ്ഥാനമായ മൗലിക തത്ത്വങ്ങള്‍)അവഗണിച്ചു, ഒന്നോ രണ്ടോ ഹദീസുകളെടുത്ത് ഹദീസിങ്ങനെയാണ്, അതാണ് നിയമം, അതുതന്നെയാണ് ശരി എന്നു പറയുന്ന വളയമില്ലാ ചാട്ടത്തെയും ഫിഖ്ഹ് എന്നു പറയാന്‍ നിവൃത്തിയില്ല.
അറബി ഭാഷയിലും സാഹിത്യത്തിലും വ്യുല്‍പത്തി നേടി ഖുര്‍ആന്റെയും സുന്നത്തിന്റെയും അഗാധതകളിലേക്ക്  ഊളിയിട്ടു  അതില്‍ നിന്നും മുത്തുകളും ചിപ്പികളും രത്‌നങ്ങളും കണ്ടെത്തിയെടുക്കുന്നവനാണ് യഥാര്‍ഥത്തില്‍ ഫഖീഹ്. ഇങ്ങനെയുള്ള ഫഖീഹുകളുടെയും  പണ്ഡിതരുടെയും ഇമാമീങ്ങളുടെയും അനുഗൃഹീത കാലമായിരുന്നു ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ ശോഭനമായ ഘട്ടം. ഈ രീതിയില്‍ പഠിച്ചാലേ ദീനിന്റെ അന്തഃസത്തയും യാഥാര്‍ഥ്യവും കണ്ടെത്താന്‍ സാധിക്കൂ. ദീനില്‍ ശരിയായ ഗ്രാഹ്യം നേടാന്‍ ഓരോ വിഭാഗത്തില്‍ നിന്നും ഒരു സംഘം ഇറങ്ങിപ്പുറപ്പെടണമെന്നാണ് ഖുര്‍ആന്റെ കല്‍പന (9: 122).
فلولا نفر من كلٌ فرقة منهم طائفة ليتفقهوا في الدٌين.....
ഇവിടെ പുറപ്പെട്ടു പോകുന്നതിന്  'നഫറ' എന്ന വാക്കാണ്  പ്രയോഗിച്ചിരിക്കുന്നത്. പോവുക എന്നര്‍ഥമുള്ള 'ദഹബ' എന്നോ മറ്റോ അല്ല. അതിപ്രധാനമായ ഒരു കാര്യത്തിനു വേണ്ടി ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിനാണ്  'നഫറ' പ്രയോഗിക്കുകയെന്ന് ഇമാം റാസി പറയുന്നു. ജിഹാദിനും ദീനില്‍ അവഗാഹം നേടുന്നതിനും വേണ്ടി പുറപ്പെടുന്നതിനാണ് ഖുര്‍ആന്‍ ഈ പദം പ്രയോഗിച്ചിട്ടുള്ളത്. ഏറ്റവും പ്രധാനപ്പെട്ടവയാണല്ലോ അവ രണ്ടും. ലി യത്തഅല്ലമൂ എന്നല്ല ലി യതഫഖ്ഖഹൂ എന്നാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത് എന്നുകൂടി ശ്രദ്ധിക്കുക. ദീനില്‍ ഇല്‍മ് നേടല്‍ നിര്‍ബന്ധമാണ്. ആ നേടിയ ഇല്‍മിനെ ശരിയായി ഗ്രഹിക്കുക എന്നതും അത്ര തന്നെ പ്രാധാന്യമേറിയതാണ്. ഇബാദത്ത്, ദീന്‍ എന്നീ പദങ്ങളുടെ ശരിയായ അര്‍ഥം ഗ്രഹിക്കാതിരുന്നത് പലരുടെയും ദീനി കാഴ്ചപ്പാടിനെ തന്നെ വികലമാക്കുന്നത് നാം കാണുന്നുണ്ടല്ലോ. അവരിലും ആലിമീങ്ങള്‍ ഉണ്ടല്ലോ. ഖുര്‍ആനിലെ ഇലാഹ്, റബ്ബ്, സ്വമദ്, നുസുക്ക്, ദുആ എന്നീ പദങ്ങള്‍ ശരിയായി ഗ്രഹിക്കാതെ പോയതിന്റെ ദുരന്തമാണ് മുസ്‌ലിംകളിലെ ഭൂരിപക്ഷവും ശിര്‍ക്കുപരമായ വിശ്വാസങ്ങളില്‍ പെട്ടു പോയപ്പോള്‍ നാം കണ്ടത്. ജിഹാദ് എന്ന സാങ്കേതിക പദത്തെ ശരിയായി മനസ്സിലാക്കാതെപോയതിന്റെ അനന്തരഫലവും നാം കാണുന്നുണ്ടല്ലോ. അപ്പോള്‍ ദീനില്‍ ഫിഖ്ഹ് ഉണ്ടാവുക എന്നത് അടിസ്ഥാന വിഷയം തന്നെയാണ്. മേല്‍ സൂക്തത്തില്‍, ലി യഫ്ഖഹൂ എന്നല്ല ലി യതഫഖ്ഖഹൂ എന്നാണ് പറഞ്ഞിരിക്കുന്നതെന്നും ശ്രദ്ധിക്കുക. ഭാഷാപരമായി പറഞ്ഞാല്‍, തഫഅല വസ്‌നില്‍ വരുന്ന ഈ പ്രയോഗത്തിന്  തദ്‌രീജ് (ക്രമാനുഗതികത്വം) ഉണ്ടായിരിക്കും.  കുറേശ്ശെ കുറേശ്ശെയായി എന്നര്‍ഥം. ദീനില്‍ ഒറ്റയടിക്ക് അവഗാഹവും  ഗ്രാഹ്യതയും നേടാനാവില്ലല്ലോ.  പടിപടിയായിട്ടല്ലേ അത് സാധിക്കുകയുള്ളൂ.
നിയമങ്ങളെപ്പറ്റിയുള്ള  ആയത്തുകള്‍ ഇറങ്ങുന്നതിന് മുമ്പ് മക്കാ കാലഘട്ടത്തിലിറങ്ങിയ ഖുര്‍ആനിക സൂക്തങ്ങളിലും ഫിഖ്ഹ് എന്ന പ്രയോഗം വന്നിട്ടുണ്ട്.
ما نفقه كثيرا ممٌا تقول 
(നീ പറയുന്നതിലധികവും ഞങ്ങള്‍ക്ക് ഗ്രഹിക്കാന്‍ കഴിയുന്നില്ല- ഹൂദ് 91)
ولكن لا تفقهون تسبيحهم
(എന്നാല്‍ അവയുടെ തസ്ബീഹുകള്‍ നിങ്ങള്‍ക്ക് ഗ്രഹിക്കാന്‍ കഴിയുകയില്ല- അല്‍ ഇസ്‌റാഅ് 44)
و جعلنا علي قلوبهم اكنٌة أن يفقهوه   
(നാം അവരുടെ ഹൃദയങ്ങള്‍ക്കുമേല്‍ മൂടികളിട്ടിരിക്കുന്നു അതിനാലവര്‍ അത് ഗ്രഹിക്കുന്നില്ല - അല്‍അന്‍ആം 25). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 60-63
ടി.കെ ഉബൈദ്‌

ഹദീസ്‌

വംശീയതയില്‍ അഭിരമിക്കുന്ന ചാണക വണ്ടുകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌