ആത്മാഭിമാനം പകരുന്ന യൗവനം
പുതിയ തലമുറക്ക് സാമൂഹിക ബോധമില്ലെന്ന പഴികള്‍ ഇപ്പോള്‍ കേള്‍ക്കാതെയായിട്ടുണ്ട്. സംഘ് പരിവാര്‍ വംശീയ ഫാഷിസ്റ്റ് അജണ്ടകളുമായി സമൂഹത്തിന്റെ വിവിധ അടരുകളില്‍ ധ്രുവീകരണങ്ങളുണ്ടാക്കുന്ന കാലത്ത് പ്രതികരിക്കുന്ന ജനങ്ങളുടെ വിശിഷ്യാ യുവാക്കളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നു. ഇന്ത്യയിലുടനീളം അലയടിച്ച പൗരത്വ സമരങ്ങളില്‍ നിറഞ്ഞുനിന്ന വിദ്യാര്‍ഥി-യുവജന സാന്നിധ്യങ്ങള്‍ പുതിയ തലമുറയെ കുറിച്ച ധാരണകള്‍ ഒട്ടേറെ തിരുത്തിയിട്ടുണ്ട്.
ഇടപെടലുകള്‍ക്കും പ്രതികരണങ്ങള്‍ക്കും അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതിനും സാമൂഹിക സംഘാടനത്തിനുമെല്ലാം സാധ്യതകള്‍ വര്‍ധിച്ച കാലമാണിത്. ഓരോ വ്യക്തിയും പ്രധാനമാകുന്ന കാലം. മുമ്പ് ആശയങ്ങളും അഭിപ്രായങ്ങളും ജനങ്ങളിലേക്കെത്തിക്കണമെങ്കില്‍ എഴുത്തോ പ്രഭാഷണമോ ആയിരുന്നു വഴി. അതാകട്ടെ ചുരുക്കം പേര്‍ക്കേ സാധിച്ചിരുന്നുള്ളൂ. എഴുത്തുകള്‍ തന്നെ പ്രസിദ്ധീകരണങ്ങള്‍ക്ക് താല്‍പര്യമുള്ളതും നിലവാരവും രാഷ്ട്രീയവുമൊക്കെ പരിഗണിച്ചേ വെളിച്ചം കാണൂ. പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ആളുകള്‍ ഒരുമിച്ച് കൂടണമെങ്കില്‍ സംഘടനകളും പാര്‍ട്ടികളുമൊക്കെ അനിവാര്യമായിരുന്നു. ഇപ്പോള്‍ അവസ്ഥകള്‍ മാറിയിരിക്കുന്നു. സോഷ്യല്‍ മീഡിയാ കാലത്ത് ഒരാള്‍ക്ക് തന്റെ ആശയാഭിപ്രായങ്ങള്‍ മറ്റുള്ളവരോട് പങ്കുവെക്കാന്‍ കൂടുതല്‍ സൗകര്യങ്ങളുണ്ടായിരിക്കുന്നു. പ്രസിദ്ധീകരണങ്ങളുടെയോ സ്റ്റേജുകളുടെയോ ആവശ്യമില്ലാതെ ജനങ്ങളിലേക്ക് ശബ്ദങ്ങളെ എത്തിക്കാനാകുന്നു. ഓരോരുത്തരുടെയും എഡിറ്റര്‍മാര്‍ അവരവര്‍ തന്നെയാകുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രശ്നങ്ങള്‍ ഇത് മുഖേനയുണ്ടാകുന്നു എന്നത് ഇത്തരം സാധ്യതകളുടെ മറ്റൊരു വശമാണ്.
ആശയങ്ങള്‍ പങ്കുവെക്കാനുള്ള ഇടങ്ങള്‍ വര്‍ധിക്കുകയും സൗഹൃദങ്ങള്‍ വിശാലമാവുകയും ചെയ്ത കാലത്ത് മുസ്ലിം യുവതക്കിടയില്‍ സംഘടനകള്‍ക്കതീതമായ ബന്ധങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. സംഘടനകളെ പരസ്പരം സ്വാധീനിക്കാത്ത സൗഹൃദ ഇരുത്തങ്ങള്‍ക്കപ്പുറത്ത് പരസ്പരം പങ്കുവെക്കപ്പെടുകയും ഉള്‍ക്കൊള്ളുകയും സ്വാധീനം ചെലുത്തുകയും ചെയ്യുന്ന സംസ്‌കാരം വളര്‍ന്നു വരുന്നുണ്ട്. അപവാദങ്ങള്‍ ഉണ്ടെങ്കിലും പരസ്പരം പഴിചാരുകയും കുഫ്ര്‍ ആരോപിക്കുകയും ചെയ്യുന്ന പ്രവണതകള്‍ കുറഞ്ഞുവരുന്നു എന്നതും ആരോഗ്യകരമായ അടയാളങ്ങളാണ്.
വര്‍ത്തമാനകാലത്ത് ഉയര്‍ന്നു വരുന്ന പ്രവണതകളെ വൈജ്ഞാനികമായും സംഘടനാപരമായും അഭിമുഖീകരിക്കാന്‍ സഹായകമാകുന്ന ചര്‍ച്ചകള്‍ നടക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വളരെ ക്രിയാത്മകമായൊരു മുന്നേറ്റമാണ്. വിവിധ ധാരകളിലുള്ള യുവ പണ്ഡിതന്മാരും നേതാക്കളും ചിന്തകരുമെല്ലാം ഉള്‍ക്കൊള്ളുന്ന അത്തരം പല ഗ്രൂപ്പുകളും സജീവമായി നിലവിലുണ്ട്. കേവല ചര്‍ച്ചകള്‍ക്കപ്പുറം സംഘടനകളെയും വിവിധ ധാരകളിലുള്ളവരെയും പരസ്പരം സ്വാധീനിക്കാന്‍ അത്തരം കൂട്ടായ്മകള്‍ സഹായിക്കുന്നുണ്ട്.
ആക്രമണങ്ങളുടെയും വിമര്‍ശനങ്ങളുടെയും വിദ്വേഷ പ്രചാരണങ്ങളുടെയും ടാര്‍ഗറ്റ് ഇസ്ലാമും മുസ്ലിംകളുമായിത്തീര്‍ന്ന കാലം പ്രതിസന്ധികളുടേത് എന്നതോടൊപ്പം സാധ്യതകളുടേതുമാണ്. പാര്‍ലമെന്റിലും ചാനലുകളിലും കാമ്പസിലും തെരുവിലും അടുക്കളയിലുമെല്ലാം ഇസ്ലാമിനെക്കുറിച്ച് നിറഞ്ഞ ചര്‍ച്ചകള്‍ രൂപപ്പെടുന്നു. നിരന്തരമായ ഹേറ്റ് കാമ്പയിനുകള്‍ നടക്കുമ്പോള്‍ അപകര്‍ഷബോധത്തിലേക്കും ആത്മനിന്ദയിലേക്കും മാപ്പുസാക്ഷിത്വ മനോഭാവങ്ങളിലേക്കുമൊക്കെ എത്തിച്ചേരുന്ന പ്രവണതകള്‍ ഒരുവശത്ത് രൂപപ്പെടുന്നുണ്ടെങ്കിലും ഇസ്ലാമിനെ കുറിച്ച് ആത്മാഭിമാനത്തോടെ സംസാരിക്കുന്ന ഒരു തലമുറയെ നമുക്കിവിടെ കാണാം. മുസ്ലിം വിദ്യാര്‍ഥി-യുവജന സംഘടനകളും സോഷ്യല്‍ മീഡിയാ ഇന്‍ഫ്ളുവന്‍സേഴ്സുമൊക്കെയായ പലരുടെയും ഇടപെടലുകളും നിലപാടുകളും അഭിമാനബോധം പകര്‍ന്ന് നല്‍കുന്ന രൂപത്തിലുള്ളതാണ്. അരക്ഷിതബോധത്തിലേക്ക് വീണുപോകാതെ ആത്മാഭിമാനവും അന്തസ്സും പകര്‍ന്ന് നല്‍കാന്‍ കഴിയുന്ന ഇടപെടലുകള്‍ നടത്തുക എന്നത് തന്നെയാണ് സമകാലിക സാഹചര്യത്തില്‍ വളരെ പ്രധാനപ്പെട്ട കാര്യം. ആദര്‍ശത്തെ കുറിച്ച അഭിമാനബോധവും വിമോചന പാരമ്പര്യത്തെക്കുറിച്ച ഉള്‍ക്കാഴ്ചയും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന ഉറച്ച മനസ്സുമുള്ള ഒരു സമൂഹമായി നിലകൊള്ളാന്‍ പ്രാപ്തമാക്കുന്ന ഇടപെടലുകള്‍ക്കാണ് സമുദായത്തെ മുന്നോട്ട് നയിക്കാനാവുക. വിമര്‍ശനങ്ങളില്‍നിന്ന് ഓടിയൊളിക്കാത്ത, ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് നിര്‍ത്താതെ മറു ചോദ്യങ്ങള്‍ ചോദിച്ച് ഇസ്ലാമിനെ പ്രതിരോധിക്കുന്ന ഇടപെടലുകള്‍ ഏറെ ക്രിയാത്മകമാണ്.
സമൂഹത്തിന്റെ വിവിധ തുറകളില്‍ മുസ്ലിം ചെറുപ്പക്കാരുടെ വര്‍ധിതവും ക്രിയാത്മകവുമായ സാന്നിധ്യങ്ങളും ഇടപെടലുകളും 'മുഖ്യധാരാ' സമൂഹത്തിലുണ്ടാക്കുന്ന അസ്വസ്ഥതകള്‍ പലപ്പോഴും ഇസ്ലാമോഫോബിക് കമന്റുകളായി പുറത്ത് വരാറുണ്ട്. കലാലയങ്ങള്‍, സിനിമ, സോഷ്യല്‍ മീഡിയ, ബിസിനസ്സ് തുടങ്ങിയ രംഗങ്ങളിലെല്ലാം വളര്‍ന്ന് വരുന്ന മുസ്ലിം ചെറുപ്പത്തിന്റെ സാന്നിധ്യങ്ങളോടുള്ള അസ്‌ക്യത കേവലം കുശുമ്പ് മാത്രമായി കാണാതെ അതിന് പിന്നിലുള്ള വംശീയ ബോധത്തെ തുറന്ന് കാണിക്കേണ്ടതുണ്ട്.
സമുദായത്തെ ആത്മാഭിമാനത്തോടെ പ്രതിനിധീകരിച്ചും പോരാട്ട പാരമ്പര്യങ്ങളെ ചേര്‍ത്തുപിടിച്ചും വിമര്‍ശനങ്ങളെ പ്രതിരോധിച്ചും മുന്നോട്ട് പോകുമ്പോള്‍ ചിലപ്പോഴെങ്കിലും വൈകാരികമായ അവസ്ഥകളിലേക്കെത്തിപ്പെടുക എന്നത് സ്വാഭാവികമാണ്. അതിനാല്‍ തന്നെ സാമുദായിക വികാരമായി അത് മാറുന്നതിനെ കരുതലോടെ കാണേണ്ടതുണ്ട്. എന്നാല്‍ സമുദായത്തിന്റെ ന്യായമായ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നതും വേട്ടയാടപ്പെടുന്നതിന്റെ കാരണം മുസ്ലിം സ്വത്വമാണെന്ന് തുറന്ന് പറയുന്നതുമെല്ലാം തെറ്റായ സാമുദായിക വികാരമായി മുദ്ര കുത്തുന്നതും ശരിയല്ല. സമുദായത്തെ തിന്മയിലും അനീതിയിലും പിന്തുണക്കുകയും, മറ്റുള്ളവര്‍ നമ്മുടെ സമുദായത്തില്‍ പെട്ടതല്ലെന്ന കാരണം കൊണ്ട് അവരോട് വിദ്വേഷവും ശത്രുതയും പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ് തെറ്റായ സാമുദായിക ബോധം. ക്രിയാത്മകമായ ഇടപെടലുകളിലേക്ക് നയിക്കുന്ന സമുദായത്തെക്കുറിച്ച ബോധങ്ങള്‍ ശരിയായ ദിശയിലേക്ക് വഴി കാണിക്കപ്പെടുകയാണ് വേണ്ടത്, അല്ലാതെ അതിനെയെല്ലാം തള്ളിക്കളയലല്ല.
സംഘ് പരിവാറിനെ പ്രതിരോധിക്കേണ്ടത് സമാന സ്വഭാവത്തിലുള്ള പ്രത്യാക്രമണങ്ങളിലൂടെയാണെന്ന് കരുതുന്നത് അപക്വമാണ്. മുസ്ലിംകളുടെ കൈയില്‍ വടിവാളും കുന്തവുമുണ്ടെന്ന പേടിയൊന്നും അവര്‍ക്കില്ല. മറിച്ച് അവരുടെ അജണ്ടകളെ പരാജയപ്പെടുത്താനും അവരുദ്ദേശിക്കുന്ന ജാതീയ മേല്‍ക്കോയ്മയുള്ള സാമൂഹിക ക്രമത്തെ രൂപപ്പെടുത്താനുള്ള ശ്രമങ്ങളെ തടയിടാനുമുള്ള ആശയപരമായ കരുത്തും അനുഭവപരമായ പാരമ്പര്യവും മുസ്ലിം സമുദായത്തിനുണ്ട് എന്നത് അവരെ അലോസരപ്പെടുത്തുന്ന കാര്യമാണ്.
സംഘ് പരിവാര്‍ അതിക്രമങ്ങളോടും അനീതികളോടും പ്രതിഷേധിക്കുമ്പോഴും പ്രതികരിക്കുമ്പോഴും അതൊക്കെ 'സംഘ് പരിവാറിന് സഹായകരമാകും', 'അവരുടെ അജണ്ടകളാണ് വിജയിക്കുക' എന്ന രീതിയിലുള്ള വിമര്‍ശനങ്ങളില്‍ കാര്യമില്ല. മുസ്ലിംകളുടെ ചെയ്തികള്‍ കൊണ്ടാണ് ഇന്ത്യയില്‍ സംഘ് പരിവാര്‍ വളര്‍ന്നതും അധികാരത്തിലെത്തിയതും എന്ന് പറയുംപോലുള്ള ഒരു വര്‍ത്തമാനമാണത്. ഇത്തരത്തില്‍ ചിന്തിച്ച് തുടങ്ങിയാല്‍ ഒന്നിനോടും പ്രതികരിക്കാനാവാതെ നിന്ദ്യമായ അവസ്ഥയിലേക്കായിരിക്കും ഇത് കൊണ്ടെത്തിക്കുക. ഇസ്ലാമിന്റെ ആശയാടിത്തറകളും സാമൂഹിക കാഴ്ചപ്പാടും പലരെയും അസ്വസ്ഥപ്പെടുത്തുന്നതാണ്. സ്വാഭാവികമായും നമ്മുടെ പ്രതികരണങ്ങളും മറ്റും അലോസരങ്ങള്‍ സൃഷ്ടിക്കും. മഹാന്മാരായ പ്രവാചകന്മാര്‍ നിര്‍വഹിച്ച ദൗത്യം തന്നെയാണ് താങ്കള്‍ക്കും നിര്‍വഹിക്കാനുള്ളത് എന്ന് റസൂലുല്ലാഹി(സ)യോട് ഉണര്‍ത്തിക്കൊണ്ട് ഇഖാമത്തുദ്ദീന്‍ എന്ന ലക്ഷ്യത്തെ കുറിച്ച് സംസാരിക്കുന്ന ആയത്തില്‍ പറയുന്നത് 'പ്രവാചകന്‍ പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന ഈ ആദര്‍ശം ബഹുദൈവ വിശ്വാസികള്‍ക്ക് ഏറ്റം അസഹ്യമായിത്തീര്‍ന്നിരിക്കുന്നു' (ഖുര്‍ആന്‍ 42:13) എന്നാണ്. അതേസമയം ബോധപൂര്‍വം പ്രകോപനങ്ങള്‍ സൃഷ്ടിക്കാതിരിക്കുക എന്നത് പ്രധാനമാണ്.
ഇസ്ലാമിക ചിഹ്നങ്ങളെയും പദാവലികളെയും പൈശാചികവത്കരിക്കുന്ന കാലത്ത് അഭിമാനപൂര്‍വം അത്തരം ചിഹ്നങ്ങളെ പ്രതിനിധീകരിക്കുക എന്നത് ക്രിയാത്മക പ്രതിരോധം കൂടിയാണ്. ഇന്ത്യയില്‍ ഭരണഘടന വിഭാവന ചെയ്യുന്ന രാഷ്ട്ര സങ്കല്‍പവും മൗലികാവകാശങ്ങളും തകര്‍ത്തെറിഞ്ഞ് മുന്നോട്ട് പോകുന്ന അധികാരവ്യവസ്ഥയെ തോല്‍പിക്കല്‍ അനിവാര്യമാണ്. ഇത് എല്ലാവരുടെയും പ്രശ്നമാണ്. അതിനാല്‍ മുഴുവന്‍ ജനങ്ങളും ഒരുമിച്ച് നിന്ന് പോരാടുകയാണ് വേണ്ടതെന്നും അവിടെ പൊതു മുദ്രാവാക്യങ്ങളാണ് വേണ്ടതെന്നുമുള്ള വാദവും ആശയവും ശരിയാകുന്നതോടൊപ്പം ഇവിടെ മറ്റു ചില ശരികള്‍ കൂടിയുണ്ട് . അതായത് ഹിന്ദുത്വ ഫാഷിസം എന്നത് രാഷ്ട്രീയ അധികാര ഘടനയുടെ വിഷയം മാത്രമല്ല. അത് സമൂഹത്തിന്റെ വ്യത്യസ്ത അടരുകളില്‍ മേല്‍ക്കോയ്മ സ്ഥാപിക്കുന്ന ആശയങ്ങള്‍ കൂടിയാണ്. സംഘ് പരിവാര്‍ കാലങ്ങളായി നിര്‍മിച്ചെടുത്ത ധാരാളം വ്യവഹാരങ്ങളുണ്ടിവിടെ. മുസ്ലിംവിരുദ്ധത, അപര വിദ്വേഷ ദേശീയ ബോധം, സവര്‍ണത, ഇസ്ലാമോഫോബിയ... ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ അവര്‍ കൊണ്ടുവരുന്ന നിയമങ്ങളും ബില്ലുകളുമെല്ലാം ഇതിന്റെ അടിത്തറകളില്‍നിന്ന് രൂപം കൊള്ളുന്നവയാണ്. അതിനാല്‍ കേവലം രാഷ്ട്രീയ അധികാരത്തെ ഇല്ലാതാക്കിയത് കൊണ്ട് മാത്രമായില്ല, സംഘ് പരിവാര്‍ നിര്‍മിച്ചെടുത്ത വ്യവഹാരങ്ങളും ഇല്ലാതാകണം. അല്ലെങ്കില്‍ വിവേചനങ്ങളും അനീതികളും ഇവിടെ അവശേഷിക്കും. അതിന്റെ ഭാഗമാണ് സംഘ് പരിവാര്‍ പൈശാചികവത്കരിച്ച സമൂഹത്തിന്റെ സ്വത്വവും ഭാഷയും ചിഹ്നങ്ങളുമൊക്കെ സംഘ് വിരുദ്ധ ചേരിയിലുള്ളവര്‍ ബഹുമാനിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുക എന്നത് .
പൗരത്വ വിഷയമായാലും ഹിജാബ് വിഷയമായാലും അതെല്ലാം രാജ്യത്തിന്റെ പ്രശ്നമായാണ്, മുസ്ലിം പ്രശ്നമായല്ല അന്വേഷിക്കേണ്ടത് എന്ന് പറയുന്നവര്‍ ഇത് മുസ്ലിം സമൂഹത്തെ ബാധിക്കുന്ന പ്രശ്നം തന്നെയാണെന്ന് അറിയാത്തത് കൊണ്ടല്ല, മറിച്ച് അങ്ങനെ അവതരിപ്പിച്ചാല്‍ മറ്റു ജനവിഭാഗങ്ങളുടെ പിന്തുണ നഷ്ടപ്പെടും എന്ന ആശങ്കയാലാണ് അത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത്. അത്തരമൊരു ആശങ്ക ശരിയായിരിക്കുമ്പോഴും അങ്ങനെയല്ലല്ലോ സമൂഹം കാര്യങ്ങളെ മനസ്സിലാക്കേണ്ടത്. തങ്ങളെ ബാധിക്കുന്ന വിഷയത്തിലേ തങ്ങളിറങ്ങേണ്ടതുള്ളൂ എന്ന സ്വാര്‍ഥവും സങ്കുചിതവുമായ ബോധങ്ങളെ വളര്‍ത്താനാണ് അത് കാരണമാവുക. മുസ്ലിംകളെ അപരവത്കരിക്കാന്‍ സമ്മതിക്കില്ല, അവര്‍ ഞങ്ങളുടെ സഹോദരങ്ങളാണ്, അല്ലാഹു അക്ബര്‍ എന്ന മുദ്രാവാക്യം ജയ് ശ്രീറാം എന്ന കൊലവിളി പോലെയല്ല, തക്ബീര്‍ വിളി അക്രമികള്‍ക്ക് മുന്നില്‍ അടിപതറാതിരിക്കാനുള്ള ഊര്‍ജ സ്രോതസ്സാണെങ്കില്‍ ഇവിടെ വിളിക്കപ്പെടുന്ന ജയ് ശ്രീറാമുകള്‍ ഹിംസാത്മക ആക്രോശങ്ങളാണ് എന്നൊക്കെ അവര്‍ കൂടി പറയുമ്പോള്‍ അതിന് മനോഹാരിത കൂടും. ഇങ്ങനെയുള്ള തുറന്ന് പറച്ചിലുകള്‍ മുസ്‌ലിംകളല്ലാത്തവര്‍ കൂടി പങ്കുവെക്കുന്നു എന്നത് ആശാവഹമാണ്. അധികാര രാഷ്ട്രീയത്തില്‍നിന്നും പുറന്തള്ളിയാല്‍ അവസാനിക്കുന്നതാണ് സംഘ് ഫാഷിസം, അതിനാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ കാര്യങ്ങള്‍ പരിഹരിക്കപ്പെടും എന്ന ലളിതമായ വിചാരങ്ങളും താല്‍ക്കാലിക പരിഹാരങ്ങളുമാണ് ലക്ഷ്യമെങ്കില്‍ സമരങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കുമൊന്നും രാഷ്ട്രീയ കൃത്യതകളുടെയൊന്നും വലിയ ആവശ്യമില്ല. എന്നാല്‍ രാഷ്ട്രീയ അധികാരം മാത്രമല്ല സാമൂഹിക ഘടനയില്‍ അനീതിയും വിവേചനങ്ങളും ഇല്ലാതാകണമെങ്കില്‍ അവര്‍ നിര്‍മിച്ചെടുത്ത ഡിസ്‌കോഴ്സുകളും ഇല്ലാതാകേണ്ടതുണ്ട് എന്നതിനാല്‍ സമരങ്ങളിലും മറ്റും പൊളിറ്റിക്കല്‍ കറക്ട്നസും പ്രധാനമാണ്.
വര്‍ത്തമാനകാല ഇന്ത്യയില്‍ പ്രതിസന്ധികള്‍ക്ക് നടുവില്‍ നില്‍ക്കുന്ന മുസ്ലിം സമുദായത്തിന് അതിജീവനത്തിന്റെ കരുത്ത് പകരുന്നതില്‍ യുവാക്കള്‍ക്ക് വലിയ പങ്കുണ്ട്. പ്രതിസന്ധികളും വെല്ലുവിളികളും തുറന്ന് തരുന്ന വലിയ സാധ്യതകള്‍ കൂടിയുണ്ട്. ഇസ്ലാം, ചര്‍ച്ചയുടെ കേന്ദ്ര സ്ഥാനത്ത് വന്ന കാലം കൂടിയാണിത്. തീര്‍ച്ചയായും ശരിയായ അര്‍ഥത്തിലുള്ള സത്യസാക്ഷ്യ നിര്‍വഹണം നടത്തപ്പെടുമ്പോള്‍ അതിജീവനം മാത്രമല്ല ഇസ്ലാമിക ആശയങ്ങളുടെ അതിജയം കൂടി സാധ്യമാകും.
'മനുഷ്യനെ നാം ആദരിച്ചിരിക്കുന്നു' എന്ന അല്ലാഹുവിന്റെ പ്രഖ്യാപനമാണ് മനുഷ്യര്‍ക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ അംഗീകാരം. അസ്തിത്വത്തില്‍ ആദരണീയതയുണ്ടാവുകയും ആശയത്തില്‍ അന്തസ്സുണ്ടാവുകയും ജീവിതത്തില്‍ അഭിമാനകരമായ പ്രതിനിധീകരണം സാധ്യമാവുകയും ചെയ്യുക എന്നത് ഏതൊരു ജനതയെ സംബന്ധിച്ചും അവരുടെ മുന്നോട്ടുപോക്കിന് ഊര്‍ജം നല്‍കുന്ന ഘടകങ്ങളാണ്. മതബോധവും ദൈവവിശ്വാസവുമെല്ലാം മനുഷ്യര്‍ക്കിടയില്‍ കുഴപ്പങ്ങള്‍ മാത്രമാണ് സൃഷ്ടിക്കുന്നതെന്നും, മനുഷ്യന്റെ പുരോഗതിക്ക് മതാധ്യാപനങ്ങള്‍ തടസ്സമാണെന്നുമുള്ള വാദങ്ങള്‍ക്ക് കൂടുതല്‍ പ്രചാരണം ലഭിക്കുന്ന സാഹചര്യങ്ങള്‍ ചുറ്റിലുമുണ്ട്. യുക്തിചിന്ത, ശാസ്ത്രബോധം തുടങ്ങിയവക്കൊക്കെ എതിരാണ് ദൈവവിശ്വാസവും മതസങ്കല്‍പങ്ങളുമെന്നും, മനുഷ്യ ചരിത്രത്തെ നയിച്ചതിലോ നാഗരികതയെയും സംസ്‌കാരത്തെയും ക്രിയാത്മകമായി മുന്നോട്ട് കൊണ്ടുപോയതിലോ വിശ്വാസങ്ങള്‍ക്കും മതത്തിനും ഒരു പങ്കുമില്ലെന്നും ആവര്‍ത്തിച്ചുള്ള വര്‍ത്തമാനങ്ങളുണ്ടാകുന്നു. ആത്മീയതയെയും സാമൂഹികതയെയും വിശ്വാസത്തെയും യുക്തിവിചാരത്തെയും ദൈവത്തോടുള്ള കടപ്പാടിനെയും മനുഷ്യരോടുള്ള ബന്ധങ്ങളെയും ചേര്‍ത്തുവെച്ച് നൂറ്റാണ്ടുകളോളം ലോകത്തിന് വെളിച്ചം പകര്‍ന്ന ഇസ്ലാമിക നാഗരികതക്കും സംസ്‌കാരത്തിനും നേരെ കണ്ണടച്ചേ അവര്‍ക്കിത്തരം ജല്‍പനങ്ങള്‍ തുടരാനാകൂ. വിശ്വാസരാഹിത്യത്തിലേക്കും മതനിരാസത്തിലേക്കും പലരും ആകര്‍ഷിക്കപ്പെടുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ മനുഷ്യന് വെള്ളവും വെളിച്ചവും നല്‍കുന്ന ഇസ്ലാമിക ദര്‍ശനത്തെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്ന യുവത്വം രൂപപ്പെട്ടുവരേണ്ടതുണ്ട്.
ഇസ്ലാമിന്റെ ഏകദൈവ കാഴ്ചപ്പാടും മാനവിക വിമോചനത്തെക്കുറിച്ച അടിസ്ഥാന സന്ദേശങ്ങളും അതിന് നിരവധി ശത്രുക്കളെ സമ്മാനിക്കുന്നുണ്ട്. അതിനാല്‍ തന്നെ സംഘര്‍ഷഭരിതമായിരുന്നു ഇസ്ലാമിക ചരിത്രത്തിലെ പല ഏടുകളും. അധികാരവും സമ്പത്തും വംശമഹിമയും സ്വാധീനങ്ങളും ഉപയോഗിച്ച് ജനങ്ങളെ ചൂഷണം ചെയ്തിരുന്ന വിഭാഗങ്ങള്‍ എല്ലാ കാലത്തുമുണ്ടായിരുന്നു. അത്തരം അധികാരങ്ങളോടും അനീതികളോടും കലഹിച്ചുകൊണ്ടായിരുന്നു പ്രവാചകന്മാരും വിശ്വാസികളും എഴുന്നേറ്റ് നിന്നത്. ഏതൊരാശയത്തിന്റെ പേരിലാണോ വേട്ടയാടപ്പെടുന്നത് അതേ ആശയത്തെ അഭിമാനകരമായി പ്രതിനിധീകരിച്ച് അതിജീവിക്കുക എന്നതാണ് നിര്‍വഹിക്കപ്പെടേണ്ട സത്യസാക്ഷ്യ ദൗത്യം.
കേവല നിലനില്‍പല്ല, അഭിമാനകരമായ ജീവിതമാണ് പ്രധാനം. ഐഡന്റിറ്റിയും സ്വാതന്ത്ര്യവും അവകാശങ്ങളുമൊക്കെയുള്ള സമുദായമായി ഇവിടെ നിലനില്‍ക്കണം. അത് മറ്റാരുടെയും ഔദാര്യത്തിലല്ല, ഈ നാടിന്റെ അവകാശികളായിട്ട് തന്നെ. ഈ രാജ്യത്തെ ജനങ്ങളുടെ മുതുകിനെ ഞെരുക്കുന്ന ഭാരങ്ങളിറക്കി കൊടുക്കുന്ന, വിവിധങ്ങളായ അടിമത്തങ്ങളില്‍നിന്ന് അവരെ വിമോചിപ്പിക്കുന്ന, നിര്‍ഭയത്വവും നീതിയും ഉറപ്പു ലഭിക്കുന്ന ഒരു സമൂഹത്തിന്റെ നിര്‍മാണത്തിന് നേതൃപരമായ പങ്കുവഹിക്കാന്‍ കരുത്തുള്ള ദര്‍ശനം കൈയിലുള്ളവരാണ് ഈ സമുദായം. ഇസ്ലാമിക ആദര്‍ശത്തെ പ്രകാശിപ്പിക്കുന്ന അഭിമാനകരമായ നിലനില്‍പിന്, ദൈവിക ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ അനീതിയുടെ ആശയങ്ങളെയും വ്യവസ്ഥകളെയും അതിജയിക്കാനുള്ള കരുത്ത് സാധ്യമാക്കുക എന്നത് സമുദായത്തിന്റെ മുഖ്യ അജണ്ടയാവണം.
ആദം (അ) മുതല്‍ മുഹമ്മദ് നബി (സ) വരെയുള്ളതും അതിനു ശേഷമുള്ളതുമായ വിമോചന ചരിത്രമുണ്ട് ഇസ്ലാമിന്. പ്രതിസന്ധികള്‍ അതിജീവിച്ച കഥകള്‍ മാത്രമല്ല, ഇസ്ലാമിക സംസ്‌കാരത്തിന്റെ അതിജയത്തിന്റെ അധ്യായങ്ങള്‍ കൂടിയാണ് ചരിത്രം. അത് മനുഷ്യര്‍ മനുഷ്യര്‍ക്ക് മേല്‍ അടിച്ചേല്‍പിക്കുന്ന അടിമത്തങ്ങളുടെ ചങ്ങലകള്‍ പൊട്ടിച്ചെറിയുകയും ആത്മീയവും ഭൗതികവുമായ മുന്നോട്ട് പോക്ക് സാധ്യമാക്കുകയും ചെയ്ത വിമോചന വിപ്ലവങ്ങളുടെ പാരമ്പര്യം കൂടിയാണ്.
Comments