Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 18

3244

1443 ശഅ്ബാന്‍ 15

യുവ സംവാദം ആരംഭിക്കുന്നു

'എന്റെ സമുദായത്തിന്റെ പ്രായം അറുപതിനും എഴുപതിനുമിടക്കാണ്' എന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. വ്യക്തിയുടെ ശരാശരി പ്രായത്തെക്കുറിച്ചാവാം അതിലെ സൂചന. ആയുസ്സിനെ നാല് ഭാഗമാക്കി തിരിച്ചാല്‍ പതിനാല് വയസ്സ് വരെ ശൈശവവും കുട്ടിക്കാലവുമാണ്. പതിനാല് മുതല്‍ നാല്‍പത് വയസ്സ് വരെ യുവത്വ കാലം. അത് കഴിഞ്ഞ് മധ്യവയസ്സ്, പിന്നെ വാര്‍ധക്യം. മേല്‍ കൊടുത്ത ഹദീസിന്റെ കാലഗണനയില്‍ എടുത്താല്‍ ഈ ആയുസ്സിന്റെ നാല്‍പ്പത് ശതമാനവും യുവത്വമാണ്. നാല്‍പ്പത് കഴിഞ്ഞും യുവാവിന്റെ പ്രസരിപ്പോടെ നടക്കുന്നവര്‍ ധാരാളമുള്ളതിനാല്‍ ശതമാനക്കണക്ക് വീണ്ടും മാറ്റിയെഴുതേണ്ടി വരും. എങ്ങനെ നോക്കിയാലും ശരാശരി ആയുസ്സില്‍ ഏറ്റവും ദൈര്‍ഘ്യമുള്ളതും അതിപ്രധാനവും യുവത്വം തന്നെ. പ്രവാചകന്മാരുടെ പ്രബോധന ചരിത്രം വിശുദ്ധ ഖുര്‍ആനില്‍ പരതിയാല്‍ ആ ദൗത്യത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടവരില്‍ ബഹുഭൂരിഭാഗവും യുവാക്കളായിരുന്നുവെന്ന് കാണാം. പ്രവാചകദൗത്യം വിജയിപ്പിച്ചെടുക്കാന്‍ ഈ പ്രവാചകാനുയായികള്‍ എന്തും ബലി കൊടുക്കാന്‍ തയാറായി. നബി (സ) വിടവാങ്ങുന്നതിന് മുമ്പ് എടുത്ത സുപ്രധാന തീരുമാനങ്ങളിലൊന്ന്, പുറപ്പെടാനിരുന്ന മുസ്‌ലിം സൈന്യത്തിന്റെ സര്‍വ സൈന്യാധിപനായി ഉസാമതു ബ്‌നു സൈദ് എന്ന കൗമാരക്കാരനെ നിയോഗിച്ചതാണെന്ന് നാം ആവേശത്തോടെ എഴുതാറും പ്രസംഗിക്കാറുമുണ്ട്.
ഈ പ്രാമുഖ്യവും പരിഗണനയും സമകാലിക മുസ്‌ലിം സമൂഹം അവരുടെ യുവനിരക്ക് നല്‍കുന്നുണ്ടോ എന്നത് സുപ്രധാനമായ ചോദ്യമാണ്. യുവാക്കളെ കടിഞ്ഞാണേല്‍പ്പിക്കാതിരിക്കാന്‍ മുസ്‌ലിം കൂട്ടായ്മകള്‍ പല പല ന്യായങ്ങള്‍ നിരത്തുന്നതാണ് നമുക്ക് കാണാന്‍ കഴിയുക. യുവത്വത്തിന്റെ ഊക്കും ശക്തിയും ആവേശവും തിരിച്ചറിയാത്തത് കൊണ്ട് നേതൃത്വത്തിന് സംഭവിക്കുന്ന വലിയ വീഴ്ചയാണിത്. വിശുദ്ധ ഖുര്‍ആനിലെ അര്‍റൂം അധ്യായത്തിലെ 54-ാം സൂക്തം അവര്‍ മനസ്സിരുത്തി വായിച്ചിരുന്നെങ്കില്‍ ഈ അബദ്ധം പിണയില്ലായിരുന്നു. ആ സൂക്തത്തില്‍ മനുഷ്യന്‍ ദുര്‍ബലനായി ജനിക്കുന്നു, ദുര്‍ബലനായി, വൃദ്ധനായി ഒടുങ്ങുന്നു എന്ന് പറഞ്ഞിരിക്കുന്നു. ശൈശവത്തിന്റെയും വാര്‍ധക്യത്തിന്റെയുമിടയിലുള്ള യുവത്വ കാലത്താണ് മനുഷ്യന്‍ മുഴുവന്‍ ശക്തി (ഖുവ്വഃ)യുമാര്‍ജിക്കുക എന്നും സൂചിപ്പിച്ചിരിക്കുന്നു. പക്ഷേ ആ യുവശക്തിയെ വേണ്ടവണ്ണം ഉപയോഗപ്പെടുത്താനുള്ള ഗൗരവപ്പെട്ട നീക്കങ്ങളൊന്നും പൊതുവെ പരമ്പരാഗത നേതൃത്വങ്ങളില്‍ നിന്നുണ്ടാവാറില്ല.
സമീപകാല ചരിത്രം പരിശോധിച്ചാല്‍ 2011-ലെ അറബ് വസന്ത വിപ്ലവങ്ങളോടെ യുവശക്തി കൂടുതല്‍ ദൃശ്യത കൈവരിച്ചതായി കാണാന്‍ കഴിയും. പ്രക്ഷോഭങ്ങള്‍ അവര്‍ തന്നെ പ്ലാന്‍ ചെയ്യുകയും നയിക്കുകയുമായിരുന്നു. ഇന്ത്യയിലെ യുവത ഈ ദൃശ്യത കൈവരിക്കുന്നത് സി.എ.എ, എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭങ്ങളോടെയാണ്. മുസ്‌ലിം സമൂഹത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യുന്ന വിധത്തില്‍ ഫാഷിസ്റ്റ് ഭരണകൂടം നിയമനിര്‍മാണങ്ങളുമായി വന്നപ്പോള്‍ അതിനെതിരെ പ്രതിഷേധത്തിന്റെ അലമാലകള്‍ തീര്‍ത്തത് മുഖ്യമായും മുസ്‌ലിം യുവത തന്നെയായിരുന്നു. അതിന്റെ നേതൃനിരയിലെ പലരും കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളും യുവതീയുവാക്കളുമായിരുന്നു. അവര്‍ വിസ്മയം സൃഷ്ടിക്കുന്നത് പ്രക്ഷോഭരംഗങ്ങളില്‍ മാത്രമല്ല. വിവിധ അക്കാദമിക മേഖലകളില്‍, ശാസ്ത്ര രംഗങ്ങളില്‍, നവംനവങ്ങളായ സംരംഭകത്വങ്ങളില്‍, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍, നിയമപ്പോരാട്ടങ്ങളില്‍ അവരുടെ നിറസാന്നിധ്യമുണ്ട്. അവര്‍ക്ക് പല പല പുതു കാര്യങ്ങളും നമ്മോട് പറയാനുണ്ട്, പരിഭവങ്ങള്‍ പങ്ക് വെക്കാനുണ്ട്, തിരുത്തുകള്‍ നിര്‍ദേശിക്കാനുണ്ട്. അതിനുള്ള അവസരമൊരുക്കുകയാണ് പ്രബോധനം വാരിക ഈ ലക്കം മുതല്‍. ഇനി ചെറുപ്പം നമ്മോട് തുറന്നു സംവദിക്കട്ടെ. പുതിയ കാലത്ത് നാം ശ്രദ്ധയൂന്നേണ്ട ഇടങ്ങള്‍ ഏതൊക്കെയെന്ന് ചൂണ്ടിക്കാണിക്കട്ടെ. വിവിധ കൂട്ടായ്മകളില്‍, മേഖലകളില്‍ നേതൃത്വപരമായ പങ്ക് വഹിക്കുന്ന യുവാക്കള്‍ ഈ സംവാദത്തില്‍ അണിനിരക്കുന്നുണ്ട്. അവരുടെ വര്‍ത്തമാനങ്ങള്‍ക്കായി നമുക്ക് കാതോര്‍ക്കാം.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 60-63
ടി.കെ ഉബൈദ്‌

ഹദീസ്‌

വംശീയതയില്‍ അഭിരമിക്കുന്ന ചാണക വണ്ടുകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌