വിശുദ്ധ വേദം ഹൃദയത്തെ പുണരുമ്പോള്‍
''തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മ്മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മ്മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുന്നു'' (39: 23).
പരീക്ഷണമോ ശിക്ഷയോ എന്നറിയാത്ത നിമിഷങ്ങളിലൂടെ മനുഷ്യര്‍ സഞ്ചരിക്കുമ്പോള്‍ ഓരോ സത്യവിശ്വാസിയും തന്റെ സന്തോഷത്തിലും ദുഃഖത്തിലും അല്ലാഹുവിനെയും വിശുദ്ധ ഖുര്‍ആനെയും ചേര്‍ത്തുപിടിക്കേണ്ടതുണ്ട്. സര്‍വതിന്റെയും പരിസമാപ്തി അല്ലാഹുവിലേക്കാണ്. മനോഗതങ്ങള്‍ അറിയുന്നത് അവനാണല്ലോ. വാക്കുകളുടെയും പ്രവൃത്തികളുടെയും പിന്നാമ്പുറ രഹസ്യങ്ങള്‍ അറിയുന്നവനും, പരീക്ഷണങ്ങളുടെയും പ്രതിസന്ധികളുടെയും പരിണിത ഫലം നിശ്ചയിക്കുന്നവനും അവനാണ്. വിശുദ്ധ ഖുര്‍ആനെ പ്രണയിച്ചു കഴിഞ്ഞാല്‍ ഏത് പ്രതിസന്ധിഘട്ടങ്ങളിലും കൂടെ നില്‍ക്കുന്ന കൂട്ടാളിയെപ്പോലെ, റാഞ്ചാന്‍ വരുന്ന കഴുകനില്‍ നിന്ന് കോഴിക്കുഞ്ഞുങ്ങളെ തന്റെ തൂവലിനടിയില്‍ ഒളിപ്പിക്കുന്ന തള്ളക്കോഴിയെപ്പോലെ വിശുദ്ധ ഖുര്‍ആനെ നമുക്ക് കാണാം. മനഃസംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസവുമാണത്. സൂറഃ യൂസുഫില്‍, യഅ്ഖൂബ് നബി (അ) തന്റെ മക്കളോട് പറയുന്ന മനോഹരമായ ഒരു രംഗമുണ്ട്:
''എന്റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ച് നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച.''
സ്വന്തം ഹൃദയങ്ങള്‍ അല്ലാഹുവുമായി ബന്ധിച്ചവരും അവന്റെ കാരുണ്യത്താല്‍ ആത്മവിശുദ്ധി ആര്‍ജിച്ചവരും ദൈവകാരുണ്യത്തെക്കുറിച്ച് നിരാശരാവുകയില്ല. ദുരന്തങ്ങള്‍ അവരെ നാലുപാടു നിന്നും വലയം ചെയ്താലും, വിഷമങ്ങള്‍ അവരെ വീര്‍പ്പുമുട്ടിച്ചാലും. ദൈവവിശ്വാസത്തിന്റെ ശീതളഛായയാല്‍ ദൈവവിശ്വാസി എല്ലായ്‌പ്പോഴും ദൈവകാരുണ്യത്തിലും അതുവഴി സമാധാനത്തിലുമായിരിക്കും, വിഷമങ്ങളുടെയും ദുരിതങ്ങളുടെയും നടുക്കത്തിലായിരിക്കുമ്പോഴും!
ഖുര്‍ആനെ ഹൃദയവുമായി സംസാരിപ്പിച്ചാല്‍ പിന്നെ എന്താകുമെന്ന് ഖുര്‍ആന്‍ തന്നെ അത് വ്യക്തമാക്കുന്നു.
تَرَىٰۤ أَعۡیُنَهُمۡ تَفِیضُ مِنَ ٱلدَّمۡعِ ... ...
ദൈവദൂതന് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥത്തിലെ സൂക്തങ്ങള്‍ വിശുദ്ധ ഖുര്‍ആനെ പ്രണയിക്കുന്ന യഥാര്‍ഥ വിശ്വാസികള്‍ കേട്ട് കഴിഞ്ഞാല്‍ പിന്നെ അവരുടെ കണ്ണുകളില്‍നിന്ന് അശ്രുകണങ്ങള്‍ ഒഴുകുന്നതായി നിനക്ക് കാണാം. അവരുടെ ഉള്‍ത്തടങ്ങള്‍ വിറകൊള്ളും; ഹൃദയങ്ങള്‍ ലീനമാകും. തങ്ങള്‍ കേട്ട സത്യത്താല്‍ അവര്‍ അഗാധമായി സ്വാധീനിക്കപ്പെട്ടു പോയിരിക്കുന്നു. മനുഷ്യമനസ്സിന്റെ സവിശേഷമായ ഒരവസ്ഥയാണിത്. ഏതെങ്കിലും കാര്യം ഹൃദയത്തെ ആഴത്തില്‍ സ്വാധീനിക്കുകയും അതു പ്രകടിപ്പിക്കാന്‍ വാക്കുകള്‍ മതിയാവാതെ വരികയും ചെയ്യുമ്പോഴാണ് കണ്ണുകള്‍ നിറഞ്ഞൊഴുകുക. വാക്കുകള്‍ക്കു സാധിക്കാത്ത വികാര പ്രകടനം കണ്ണീരിനു സാധിക്കുന്നു! ഒരു യഥാര്‍ഥ വിശ്വാസിയുടെ മസ്തിഷ്‌കത്തെയും മനസ്സിനെയും പിടിച്ചുലക്കുന്ന വിശുദ്ധ ഖുര്‍ആന്റെ വല്ലാത്തൊരു പ്രഖ്യാപനമാണിത്. നാം നമ്മോട് ആത്മാര്‍ഥമായി ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്; വിശുദ്ധ ഖുര്‍ആന്‍ പലപ്പോഴായി പാരായണം ചെയ്യുമ്പോള്‍ അതിലെ ഏതെങ്കിലും ഒരു സൂക്തം ഇമ്മട്ടില്‍ നമ്മുടെ ഹൃദയവുമായി സംവദിച്ചിട്ടുണ്ടോ? ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ പറയുകയുണ്ടായി:
ربما طالعت على الآية الواحدة نحو مائة تفسير
(വിശുദ്ധ ഖുര്‍ആനില്‍നിന്നും ഒരു സൂക്തം വായിച്ചത് കാരണമായി ചിലപ്പോള്‍ നൂറില്‍പരം വ്യാഖ്യാനങ്ങള്‍ വരെയും എനിക്ക് നോക്കേണ്ടി വന്നു). മുന്‍ഗാമികള്‍ എല്ലാവരിലും തങ്ങളുടെ മജ്ജയിലും മാംസത്തിലും അലിഞ്ഞ് ചേര്‍ന്നതായിരുന്നു വിശുദ്ധ ഖുര്‍ആന്‍. അവാച്യമായ ഹൃദയ വികാരങ്ങളോടെയാണ് ഈ സന്ദേശത്തെ അവര്‍ സ്വീകരിച്ചത്. പ്രവാചകന്മാര്‍, സ്വഹാബാക്കള്‍, ലോകം വാഴ്ത്തുന്ന മഹാ പണ്ഡിതന്മാര്‍ ഇവരുടെയൊക്കെ ചര്‍മങ്ങളും ഹൃദയങ്ങളും നാഡീവ്യൂഹങ്ങളുമെന്നു വേണ്ട, സര്‍വാംഗം ദൈവസ്മൃതിയില്‍ വിലയം കൊള്ളുമായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ എന്ന മഹാസാഗരത്തില്‍ പ്രപഞ്ചമാസകലം മുങ്ങിപ്പോവുകയാണ്. തീര്‍ച്ചയായും ഓരോ സൂക്തവും സത്യവിശ്വാസിയുടെ മനസ്സിലേക്കും മസ്തിഷ്‌ക്കത്തിലേക്കും ശരീരത്തിലേക്കും ആഴ്ന്നിറങ്ങേണ്ടതുണ്ട്.
അടുക്കി വെച്ചിരിക്കുന്ന ഈ ഗ്രന്ഥത്തിന്റെ പ്രകൃതത്തിലോ ആഭിമുഖ്യങ്ങളിലോ, ആത്മാവിലോ സവിശേഷതകളിലോ വൈരുധ്യങ്ങളില്ല. അതിന്റെ വിവിധ ഭാഗങ്ങള്‍ പരസ്പര പൊരുത്തവും സാദൃശ്യവും പുലര്‍ത്തുന്നു. അതിലെ കഥകളും സൂചനകളും ലക്ഷ്യങ്ങളും ദൃശ്യങ്ങളും പലകുറി ആവര്‍ത്തിക്കപ്പെടുന്നു. എങ്കില്‍തന്നെയും അതില്‍ വൈരുധ്യങ്ങളില്ല. ഓരോ സന്ദര്‍ഭത്തിലും അത് ആവര്‍ത്തിക്കപ്പെടുന്നത് സാന്ദര്‍ഭിക യുക്തിയുടെ താല്‍പര്യമനുസരിച്ചാണ് . അതുകൊണ്ട് സ്വന്തം രക്ഷിതാവിനെ പേടിക്കുകയും സൂക്ഷിക്കുകയും അതനുസരിച്ചു നിതാന്ത ജാഗ്രതയിലും ഭക്തിയിലും ജീവിക്കുകയും, പ്രതീക്ഷയോടും പ്രത്യാശയോടും കൂടി അവനിലേക്ക് ദൃഷ്ടി തിരിച്ചുകൊണ്ട് കഴിഞ്ഞു കൂടുകയും ചെയ്യുന്നവര്‍, അസാധാരണമായ ഹൃദയ വികാരങ്ങളോടെയാണ് ഈ സന്ദേശത്തെ സ്വീകരിക്കുക. തീര്‍ച്ചയായും അറബി ഭാഷയിലുള്ള ഈ ഖുര്‍ആന്‍ സുവ്യക്തമാണ്.. സുതാര്യമാണ്.. സുബദ്ധമാണ്.. സുദൃഢമാണ്.. യാതൊരു തരത്തിലുള്ള വളച്ചുകെട്ടുമില്ലാതെ സ്വഛമായ പ്രകൃതത്തോട് സംവദിക്കുന്നതുമാണ്...!
Comments