മനുഷ്യന് ജീവിക്കുന്നത് അപ്പംകൊണ്ട് മാത്രമല്ല, ദൈവവചനങ്ങള്‍ കൊണ്ടുകൂടിയാണ്
ബൈബിളില്‍ മത്തായിയുടെ സുവിശേഷത്തില്‍ ഇങ്ങനെ ഒരു സംഭവമുണ്ട്: ''പിന്നീട് പിശാചിന്റെ പ്രലോഭനം നേരിടാനായി യേശുവിനെ ആത്മാവ് മരുഭൂമിയിലേക്ക് നയിച്ചു. നാല്‍പതു രാവും നാല്‍പതു പകലും അവന്‍ ഉപവസിച്ചു. പിന്നീട് അവന്നു വിശന്നു. പ്രലോഭകന്‍ വന്നു അവനോടു പറഞ്ഞു: 'നീ ദൈവപുത്രനെങ്കില്‍ ഈ കല്ലുകളോട് അപ്പമാകാന്‍ കല്‍പ്പിക്കുക.' യേശു പറഞ്ഞു: 'മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്, ദൈവത്തിന്റെ തിരുനാവില്‍ നിന്ന് പുറപ്പെടുന്ന എല്ലാ വചനങ്ങളാലും അത്രെ എന്നും' വിശുദ്ധ ലിഖിതത്തില്‍ ഉണ്ടല്ലോ'' (മത്തായി 4: 1-4). യേശുവിനെ പിശാച് തിരുവെഴുത്തുകള്‍കൊണ്ടുതന്നെ പരീക്ഷിക്കുന്നതും അതിന് അദ്ദേഹം തിരുവെഴുത്തുകളുടെ മറ്റു ഭാഗങ്ങള്‍ അഥവാ വേദഗ്രന്ഥത്തിലെ മറ്റു വാക്യങ്ങള്‍ കൊണ്ട് മറുപടി പറയുന്നതുമാണ് രംഗം. നാല്‍പ്പതു ദിവസം വ്രതമെടുത്ത് വിശപ്പനുഭവപ്പെട്ടിരിക്കുന്ന യേശുവിനോട് പ്രലോഭകനായ പിശാച് പറയുന്നത് 'നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകളോട് അപ്പമാകാന്‍ നീ കല്‍പ്പിക്കുക' എന്ന വേദ വചനമുദ്ധരിച്ച് കണ്‍മുന്നിലെ കല്ലിനെ അപ്പമാക്കി വ്രതം മുറിക്കാനാണ്. പക്ഷേ യേശു ആ പ്രലോഭനത്തെ, തെറ്റായ സന്ദര്‍ഭത്തില്‍ പ്രയോഗിക്കപ്പെട്ട ഈ വേദവചനത്തെ മറ്റൊരു വേദവചനം കൊണ്ട് നേരിടുകയാണ്. അത് മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല, തിരുവെഴുത്തുകള്‍ കൊണ്ട് കൂടിയാണ് ജീവിക്കുന്നത് എന്ന ആശയമുള്ള വചനമാണ്.
ഇത് വളരെ ആഴമുള്ള ഒരു തത്ത്വമാണ്. പദാര്‍ഥവാദത്തെയും ആത്മീയതയെയും വേര്‍തിരിക്കുന്ന ഒരു പ്രവാചക പ്രസ്താവനയാണ്. പദാര്‍ഥവാദം അപ്പംകൊണ്ടുള്ള ജീവിതത്തെക്കുറിച്ചു മാത്രം ചിന്തിക്കുമ്പോള്‍ മതം അപ്പംകൊണ്ടുള്ള ജീവിതത്തെ തള്ളിപ്പറയാതെതന്നെ, ജീവിക്കാന്‍ അപ്പം മാത്രം പോരാ തിരുവരുള്‍പ്പാടുകള്‍കൂടി വേണമെന്നു മനസ്സിലാക്കുന്നു. ഭൗതികവാദത്തിലെ പല കൈവഴികളും സ്വന്തം അപ്പത്തെക്കുറിച്ച് മാത്രമല്ല അന്യന്റെ അപ്പത്തെക്കുറിച്ചും പല രീതികളില്‍ ചിന്തിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴും അത് അപ്പത്തെക്കുറിച്ച ആലോചന മാത്രമാണ്. അഥവാ ഭൗതിക ജീവിതാസ്പദങ്ങളെക്കുറിച്ച ചിന്ത മാത്രമാണ്. ഭൗതിക ജീവിതാസ്പദങ്ങള്‍ കൊണ്ടുമാത്രം ജീവിക്കാന്‍ കഴിയുന്നവനല്ല മനുഷ്യന്‍. അവന് തിരുവരുള്‍പ്പാടുകള്‍ കൂടി ഉണ്ടെങ്കിലേ അസ്തിത്വത്തിന് സാഫല്യം നല്‍കി ജീവിക്കാന്‍ കഴിയുകയുള്ളൂ. അതിനു കാരണം മനുഷ്യന്‍ പദാര്‍ഥം മാത്രമല്ല ആത്മാവ് കൂടിയാണ് എന്നതാണ്. ഇവിടെ അപ്പം പദാര്‍ഥത്തെയും തിരുവരുള്‍പ്പാടുകള്‍ ആത്മാവിനെയുമാണ് പ്രതിനിധീകരിക്കുന്നത്. കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍ അപ്പം പദാര്‍ഥമാത്രമാകുമ്പോള്‍, തിരുവരുള്‍പ്പാടുകള്‍ പദാര്‍ഥത്തെയും ആത്മാവിനെയും ഒരുമിച്ചു പ്രതിനിധീകരിക്കുന്നു.
ആരാധനകളെല്ലാം പ്രതീകാത്മകം കൂടിയാണ്. ചില വലിയ അര്‍ഥങ്ങളെ പ്രതീകവല്‍ക്കരിക്കുകയാണ് എല്ലാ ആരാധനാരൂപങ്ങളും ചെയ്യുന്നത്. നോമ്പ് പറയുന്നത്, മനുഷ്യാ നീ വെറും ശരീരവും ശരീരത്തിന്റെ ചോദനകളും മാത്രമല്ല, അതിനപ്പുറം എന്തോ ചിലതുകൂടിയാണ് എന്നാണ്. പദാര്‍ഥാതീതമായ ഒന്നിനെ ജീവിതത്തിലും ശരീരത്തിലും ആവിഷ്‌കരിക്കാനുള്ള ആഹ്വാനമാണ് നോമ്പ്. തിരുവരുള്‍പ്പാടിന്റെ കല്‍പ്പനയനുസരിച്ച് അത് പാലിക്കുന്നുവെന്ന നിശ്ചയത്തോടെ ശരീരത്തിന്റെ വിശപ്പിനും ദാഹത്തിനും അവധി കൊടുത്തു നോക്കുക, അപ്പോള്‍ ആത്മാവിന്റെ വിശപ്പും ദാഹവും കൂടുതല്‍ ശബ്ദത്തില്‍ കേള്‍ക്കാനാവും, അതിനെ ശമിപ്പിക്കാനാവും. ആത്മാവ് ഊര്‍ജസ്വലമാവുകയും ശരീരത്തിന്റെ നിയന്ത്രണമേറ്റെടുക്കുകയും ചെയ്യും. ആത്മാവിനെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുക തിരുവരുള്‍പ്പാടുകളിലൂടെയാണ്. ശരീരത്തിന്റെ ഭക്ഷണം അപ്പമാണെങ്കില്‍ ആത്മാവിന്റെ ഭക്ഷണം ദൈവത്തിന്റെ വെളിപാടുകളാണ്. വെളിപാടിനെ മാറ്റിനിര്‍ത്തി അപ്പംകൊണ്ട് മാത്രമുള്ള ജീവിതം കേവല പദാര്‍ഥജീവിതം മാത്രമായിരിക്കും; അഥവാ ഒരു മൃഗജീവിതം. മനുഷ്യന് മൃഗത്തില്‍ നിന്ന് മനുഷ്യനിലേക്ക് സഞ്ചരിക്കാന്‍ ഒരു വാഹനം വേണം. ആ വാഹനമാണ് ദിവ്യവെളിപാട്. അതിലേറിയാണ് മനുഷ്യനെന്ന മൃഗം മൃഗാവസ്ഥയില്‍നിന്ന് മനുഷ്യാവസ്ഥയിലേക്ക് ആരോഹണം ചെയ്യുന്നത്.
വിശക്കുമ്പോള്‍ ഏതെങ്കിലും വിധേന ഭക്ഷണം കഴിക്കുക എന്നതല്ല മനുഷ്യധര്‍മം. അത് ജന്തുരീതിയാണ്. മനുഷ്യന് ഭക്ഷണത്തോടൊപ്പം അല്ലെങ്കില്‍ ഭക്ഷണത്തെക്കാള്‍ ദൈവത്തിന്റെ അരുളപ്പാടുകള്‍ കൂടി പരിഗണിക്കുക എന്നത് പരമപ്രധാനമാണ്. ആത്മാവിനെക്കുറിച്ച് അറിയാത്തവര്‍ സ്വന്തത്തിന്റെ അല്ലെങ്കില്‍ മറ്റുള്ളവരുടെ കൂടിയോ അപ്പത്തെ കുറിച്ചു മാത്രം ചിന്തിച്ചു മരിച്ചുപോകുന്നു. മനുഷ്യരുടെ ഭൗതികാവശ്യങ്ങളുടെ പ്രശ്നത്തില്‍ പോലും അവര്‍ക്ക് ഒരിക്കലും ശരിയുത്തരം കണ്ടെത്താന്‍ കഴിയാതെ പോവുകയും ചെയ്യുന്നു.
വ്രതവും വെളിപാടും
ഭക്ഷണം കഴിക്കാനുള്ള പിശാചിന്റെ പ്രലോഭനത്തെ യേശു തിരസ്‌കരിച്ചത് ഇങ്ങനെയാണ്. ദൈവികമായ അരുളപ്പാടുകള്‍ അനുസരിച്ചാണ് ഞാന്‍ നോമ്പ് നോറ്റത്, ആ വ്രതം മുറിക്കുന്നതിനും ആ അരുളപ്പാടുകളുടേതായ ചില മുറകളുണ്ട് എന്നാണ് യേശു പിശാചിനോട് പറഞ്ഞതിന്റെ പൊരുള്‍. ദൈവകല്‍പനകൊണ്ടു മാത്രം ഉണ്ടായിത്തീരുന്ന ഒന്നാണ് വ്രതം. അഥവാ ദൈവത്തിന്റെ അരുളപ്പാടുകളും വ്രതവും തമ്മില്‍ അഭേദ്യമായ ചില ബന്ധങ്ങളുണ്ട്; എല്ലാ ആരാധനാകര്‍മങ്ങള്‍ക്കും ഉള്ളതുപോലെ. വ്രതത്തിന് അതിലുപരിയായ ചിലതുണ്ട്; പ്രത്യേകിച്ച് ഖുര്‍ആനിന്റെ വെളിച്ചത്തില്‍ ചിന്തിക്കുമ്പോള്‍.
ഖുര്‍ആനും നോമ്പും
ഖുര്‍ആനും നോമ്പും തമ്മിലുള്ള ബന്ധം ഗാഢവും വിപുലവുമാണ്. അതില്‍ ഏറ്റവും പ്രാഥമികമായത് റമദാന്‍ മാസത്തിലാണ് ഖുര്‍ആന്‍ അവതരിച്ചത് എന്നതാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഖുര്‍ആന്‍ അവതരിച്ച മാസത്തെയാണ് നോമ്പിനു വേണ്ടി അല്ലാഹു തെരഞ്ഞെടുത്തത് എന്നതാണ്. അന്ത്യ വെളിപാടിന്റെ അവതരണത്തിന്റെ വാര്‍ഷികാഘോഷമാണ് റമദാന്‍. ഖുര്‍ആന്‍ ഒരു പ്രബോധന ഗ്രന്ഥമാണ്. അല്ലാഹുവിന്റെ അധ്യാപനമാണത്. ഖുര്‍ആനിന്റെ ശൈലി പൊതുവെ പ്രബോധനത്തിന്റെയും അധ്യാപനത്തിന്റെയും ശൈലിയാണ്. ദൈവദൃഷ്ടാന്തങ്ങള്‍ ഓതി കേള്‍പ്പിക്കാനും സംസ്‌കരിക്കാനും വേദം പഠിപ്പിക്കാനുമാണ് പ്രവാചകനെ നിയോഗിച്ചത് എന്ന് ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട് (അല്‍ ജുമുഅ: 2). അധ്യാപനവും പരിശീലനവും രണ്ടുതരത്തില്‍ ഉണ്ട്. ഒന്ന്, വാചികാധ്യാപനം. മറ്റൊന്ന്, പഠിതാവ് പ്രവൃത്തികളിലൂടെ പഠിക്കുന്നത്. ചില പ്രോജക്റ്റുകള്‍ ചെയ്തുകൊണ്ട് ചില ഭാഗങ്ങള്‍ പഠിക്കുന്ന പുതിയ വിദ്യാഭ്യാസ രീതി ഇതിന്റെ ഉദാഹരണമാണ്. വാചികമായ വിദ്യാഭ്യാസത്തില്‍ അറിവ് സ്വീകരിക്കുന്നത് മസ്തിഷ്‌കമാണ്. എന്നാല്‍ പ്രവൃത്തിയിലൂടെ അറിവ് നേടുമ്പോള്‍ അറിവ് സ്വീകരിക്കുന്നത് ശരീരമാണ്. ആദ്യത്തേതില്‍ മസ്തിഷ്‌കം ശരീരത്തെ സ്വാധീനിക്കുകയാണ് ചെയ്യുന്നതെങ്കില്‍ രണ്ടാമത്തെതില്‍ ശരീരം മസ്തിഷ്‌കത്തെ സ്വാധീനിക്കുകയാണ് ചെയ്യുന്നത്. ഡ്രൈവിംഗ്, കായിക പരിശീലനം എന്നിവയില്‍ മസ്തിഷ്‌കമല്ല ശരീരമാണ് പരിശീലനത്തിന്റെ മാധ്യമം. ഒരു വിദ്യാഭ്യാസ സംസ്‌കരണ പദ്ധതിയില്‍ ഇത് രണ്ടും ഒരേ പോലെ പ്രധാനമാണ്. തലച്ചോറ് ശരീരത്തെയും ശരീരം തലച്ചോറിനെയും ഒരേ ലക്ഷ്യം മുന്‍നിര്‍ത്തി പരസ്പരം സ്വാധീനിക്കുമ്പോഴാണ് ആ ആശയം വ്യക്തിയില്‍ ശരിയായി വേരൂന്നി ഫലം പ്രദാനം ചെയ്യുക.
ഖുര്‍ആന്‍ വാചികമായി പറയുന്ന കാര്യങ്ങള്‍ അഥവാ അല്ലാഹുവിനു മാത്രം അടിമപ്പെടുക എന്ന സത്യം തന്നെയാണ് നോമ്പും പരിശീലിപ്പിക്കുന്നത്. ഖുര്‍ആനിന്റെ ആഹ്വാനമിതാണ്: ''ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ പൂര്‍വികരെയും സൃഷ്ടിച്ച ദൈവത്തിന് അടിമപ്പെടുകയും ആരാധിക്കുകയും ചെയ്യുക. നിങ്ങള്‍ ഭക്തി ഉള്ളവരായേക്കും'' (അല്‍ബഖറ: 21). നോമ്പിന്റെ ലക്ഷ്യമായി ഖുര്‍ആന്‍ പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങളുടെ പൂര്‍വികര്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത് പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഭക്തി ഉള്ളവരായേക്കും'' (അല്‍ബഖറ: 183). ദൈവദാസ്യവും ദൈവഭക്തിയും ആണ് രണ്ട് സൂക്തങ്ങളുടെയും ഉന്നവും ആഹ്വാനവും. പക്ഷേ അവ രണ്ടും കരുപ്പിടിപ്പിക്കുന്ന വഴികള്‍ രണ്ടാണെന്ന് മാത്രം. തീര്‍ത്തും രണ്ടാണ് എന്നും പറയാന്‍ കഴിയില്ല. നോമ്പ് ഖുര്‍ആന്‍ പാരായണത്തിന്റെയും പഠനത്തിന്റെയും ഖുര്‍ആന്‍ നിറഞ്ഞൊഴുകുന്ന നമസ്‌കാരത്തിന്റെയും രാപ്പകലുകള്‍ കൂടിയാണ്. ബുദ്ധിയും ശരീരവും ഒരേ ദിശയില്‍ ഊര്‍ജസ്വലമാകുന്ന കാലം. മസ്തിഷ്‌കവും ശരീരവും ദൈവികമായ പോഷണങ്ങള്‍ സ്വീകരിക്കുന്ന കാലം. ആത്മാവും ശരീരവും തമ്മില്‍ ഭൗതിക ലോകത്ത് പല കാരണങ്ങളാല്‍ കണ്ട് വരുന്ന വൈരുധ്യങ്ങള്‍ പരമാവധി ഇല്ലാതാക്കി മനുഷ്യനെ ദൈവകല്‍പ്പനകളോട് ചേര്‍ത്തുനിര്‍ത്തി സമന്വിതനും സന്തുലിതനുമാക്കുന്ന മനോഹര പരിശീലന പഠനകാലമാണ് നോമ്പ്.
നോമ്പിന്റെ ചിത്രത്തില്‍ ഒരു പുസ്തകവും ഒരു ആത്മപരിശീലന മുറയുമുണ്ട്. നോമ്പിന്റെ പശ്ചാത്തല താളം ഖുര്‍ആനാണ്. പ്രവാചകന് ജിബ്‌രീല്‍ ഖുര്‍ആന്‍ പൂര്‍ണമായി ഓതിക്കൊടുക്കുന്നതും പ്രവാചകനില്‍ നിന്ന് പൂര്‍ണമായി ഓതികേള്‍ക്കുന്നതും റമദാനിലാണ്. വിശ്വാസികള്‍ റമദാനില്‍ ഖുര്‍ആനിലൂടെ ധാരാളമായി സഞ്ചരിക്കുന്നു.
കാലത്തിന്റെ നിരന്തര സഞ്ചാരത്തില്‍ കാലം മനുഷ്യനെ ഓര്‍മിപ്പിക്കുന്നു, എത്ര പട്ടിണിയിലോ സമൃദ്ധിയിലോ ആവട്ടെ മനുഷ്യന് അപ്പം കൊണ്ടു മാത്രം ജീവിക്കാനാവില്ല. അവര്‍ക്ക് ലോകത്തിനപ്പുറത്തുനിന്ന് വരുന്ന തിരുവരുളപ്പാടുകള്‍ കൂടി വേണമെന്ന്. കാലത്തിനകത്തെ ആ സവിശേഷ കാലഖണ്ഡത്തിന്റെ ഒരു ഋതു പോലെ, ആവര്‍ത്തിക്കുന്ന എല്ലാ ഋതുക്കളെയും സ്പര്‍ശിക്കുന്ന ചലനക്രമമുള്ള ഒരു സമയത്തുണ്ടിന്റെ പേരാണ് റമദാന്‍.
Comments