ചെറിയ പരസ്യം, വലിയ സന്ദേശം
''എന്റെ പിതാവ് അബ്ദുല്ല മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ വെച്ച് കൊല്ലം സ്വദേശി ലൂഷ്യസിന്റെ പക്കല്‍നിന്ന് കടമായി വാങ്ങിയ തുക തിരികെ നല്‍കാനുണ്ട്. ഇദ്ദേഹമോ ഇദ്ദേഹത്തിന്റെ അനുജന്‍ ബേബിയോ ഈ പരസ്യം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ബന്ധപ്പെടുക (നാസര്‍ 7736662120).''
ആഴ്ചകള്‍ക്ക് മുമ്പ് പത്രത്തില്‍ വന്ന് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ പരസ്യ വാചകങ്ങളാണിത്. അത്യപൂര്‍വവും അസാധാരണവുമായ ഒരു പരസ്യം. 1978-80 കാലഘട്ടം. തിരുവനന്തപുരം പെരുമാതുറ മാടന്‍വിള അബ്ദുല്ല പൊന്നു വിളയുന്ന അറബ് നാട്ടിലേക്ക് യാത്രയായി. പല പല സ്വപ്‌നങ്ങളുമായി യു.എ.ഇയുടെ വിവിധ എമിറേറ്റുകളില്‍ ജോലി ചെയ്തു. പക്ഷെ, പ്രതീക്ഷകള്‍ ചിറകറ്റ് വീഴുകയായിരുന്നു. ചെയ്തിരുന്ന ജോലിപോലും നഷ്ടപ്പെട്ടു. ജോലിക്ക് വേണ്ടിയുള്ള അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കെ കൊല്ലം സ്വദേശിയായ ലൂഷ്യസ് പ്രവാസ ലോകത്ത് അബ്ദുല്ലയുടെ സഹചാരിയായി കടന്നുവന്നു. രണ്ട് പേരും ഗള്‍ഫ് സ്വപ്‌നങ്ങളുമായി മരുഭൂമിയില്‍ വന്നിറങ്ങിയവര്‍. നാട്ടില്‍ വെച്ചോ വിദേശത്തുവെച്ചോ പരിചയമില്ലാതിരുന്ന ലൂഷ്യസ്, അബ്ദുല്ലക്ക് ഒരു ജോലി കണ്ടെത്താന്‍ ആയിരം ദിര്‍ഹം നല്‍കി. പ്രവാസ ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയില്‍ അബ്ദുല്ലയും ലൂഷ്യസും ഒരിക്കലും സംഗമിക്കാത്ത കൈവഴികളിലൂടെ അകന്നുപോവുകയും ചെയ്തു.
കാലമേറെ കഴിഞ്ഞു. പ്രവാസ ജീവിതം മതിയാക്കി അബ്ദുല്ല നാട്ടില്‍ മടങ്ങിയെത്തി. ചെറിയ ചെറിയ ജോലികള്‍ ചെയ്ത് ജീവിതം മുന്നോട്ടു പോയി. ജോലിയില്ലാതെ അലഞ്ഞ മരുഭൂമിയില്‍ സഹായത്തിന്റെ കുളിര്‍മഴയായി പെയ്ത ലൂഷ്യസും ആയിരം ദിര്‍ഹമും അബ്ദുല്ലയുടെ ഹൃദയത്തില്‍ വിങ്ങുന്ന ഓര്‍മയായി നിലനിന്നു. കടം കടമയാണെന്നും അത് ജീവിതത്തില്‍ അനിവാര്യമായും വീട്ടേണ്ട അമാനത്താണെന്നും മനസ്സിലാക്കിയ അബ്ദുല്ല ലൂഷ്യസിനെ അന്വേഷിച്ചുകൊണ്ടേയിരുന്നു. തന്റെ മരണത്തിന് മുമ്പ് തന്നെ ലൂഷ്യസിനെ കണ്ട് കടം വീട്ടണമെന്ന അന്ത്യാഭിലാഷം സാക്ഷാല്‍ക്കരിക്കപ്പെടാന്‍ ഇടയില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വിഷയം മക്കളുമായി പങ്കുവെച്ചു. പ്രവാസ ജീവിതത്തില്‍ ലൂഷ്യസിനു നല്‍കാനുള്ള ആയിരം ദിര്‍ഹം, പിതാവിന്റെ കാലശേഷമാണെങ്കിലും വീട്ടണമെന്ന് ഒരു വസ്വിയ്യത്തായി അബ്ദുല്ല മക്കളെ ഉണര്‍ത്തി. മക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യം ചെയ്തിട്ടും പ്രതീക്ഷകള്‍ വിഫലമായി. ഒടുവില്‍ കൂട്ടുകുടുംബങ്ങളും കൂടപ്പിറപ്പുകളുമില്ലാത്ത ഗള്‍ഫ് ജീവിതത്തില്‍ കൈനിറയെ പണം നല്‍കിയ ലൂഷ്യസിനെയും കുടുംബത്തെയും നേരില്‍ കണ്ട് കടം വീട്ടാന്‍ സാധിക്കാതെ അബ്ദുല്ല ഇഹലോകവാസം വെടിഞ്ഞു. പക്ഷേ പിതാവ് തന്റെ ജീവിതാഭിലാഷമായി ഹൃദയത്തില്‍ സൂക്ഷിച്ച് നല്‍കിയ വസ്വിയ്യത്ത് മക്കള്‍ സന്തോഷപൂര്‍വം ഏറ്റെടുത്തു. പിതാവിന്റെ പരലോക മോക്ഷം സാധ്യമാകണമെങ്കില്‍ മക്കള്‍ നിര്‍ബന്ധമായും വസ്വിയ്യത്ത് പൂര്‍ത്തീകരിക്കണം എന്ന തിരിച്ചറിവുള്ള മക്കള്‍ പത്ര പരസ്യവും നല്‍കി. അവസാനം ഒരു കഥാന്ത്യം പോലെ ലൂഷ്യസിന്റെ കുടുംബത്തെ കണ്ടെത്തി. ലൂഷ്യസും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കുടുംബവും അബ്ദുല്ലയുടെ മക്കളും കവിള്‍ത്തടം നനക്കുന്ന കണ്ണീരോര്‍മകളോടെ സംഗമിച്ചു. അബ്ദുല്ലയുടെ മക്കള്‍ ആയിരം ദിര്‍ഹമിനു തുല്യമായ പണം നിറമനസ്സോടെ വെച്ചു നീട്ടി. ലൂഷ്യസിന്റെ കുടുംബം നിര്‍ബന്ധത്തിനു വഴങ്ങി മനമില്ലാ മനസ്സോടെ ആ പണം ഏറ്റുവാങ്ങി. മരുഭൂമിയില്‍ പെയ്ത സഹാനുഭൂതിയുടെ തെളിനീര്‍ രണ്ട് കുടുംബങ്ങളുടെ കണ്ണീരോര്‍മകളായി സംഗമിച്ചു.
സാമൂഹിക ജീവിയാണ് മനുഷ്യന്‍. പരസ്പര സഹകരണത്തിലാണ് ആ ജീവിതം മുന്നോട്ടു പോകുന്നത്. ക്ഷേമവും ഐശ്വര്യവും നിരന്തരമായി ആരുടെയും ജീവിതത്തില്‍ നിലനില്‍ക്കുകയില്ല. എത്ര വലിയ സ്വര്‍ണത്തൂമ്പയുള്ളവനും ഒരുവേള അയല്‍വീട്ടിലെ നാടന്‍ തൂമ്പ ആവശ്യമായി വരും. വ്യക്തിയും കുടുംബവും സമൂഹവും രാഷ്ട്രങ്ങളും നിലനില്‍ക്കുന്നത് തന്നെ പ്രതിസന്ധി ഘട്ടങ്ങളില്‍ കൈത്താങ്ങായി മാറുന്ന കടമിടപാടുകളിലൂടെയാണ്. പ്രയാസമനുഭവിക്കുന്ന മനുഷ്യനെ സഹായിക്കുക എന്ന അര്‍ഥത്തില്‍ കടമിടപാടുകളെ ഇസ്‌ലാം അനുവദിക്കുകയും കടം കൊടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കടമിടപാടുകള്‍ എഴുതിവെക്കണമെന്നും അതിനു സാക്ഷികളുണ്ടാകണമെന്നും അത് രേഖപ്പെടുത്തണമെന്നും കടബാധിതന് ലഘൂകരണം നല്‍കുന്നത് പുണ്യമാണെന്നുമൊക്കെ ഖുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നത് അതിലെ ഏറ്റവും വലിയ സൂക്തത്തിലാണ്.
പരസ്പര വിശ്വാസത്തിലൂടെ നടത്തപ്പെടുന്ന സാമ്പത്തിക ഇടപാടുകള്‍ കടബാധിതന്‍ ജീവിതത്തില്‍ തിരിച്ചുകൊടുക്കേണ്ട അമാനത്താണ് എന്ന ബോധ്യം കടബാധിതന് ഉണ്ടാകണം. വീട്ടാന്‍ സാധിക്കുന്ന കടമിടപാടുകളേ നടത്തുകയുള്ളൂ എന്ന നിര്‍ബന്ധബുദ്ധിയാണ് ധീരമായ നിലപാട്. ലോണുകള്‍ അലങ്കാരമായി കാണുന്ന ഇക്കാലത്ത് അത് പ്രത്യേകിച്ചുമുണ്ടാകണം. കടമിടപാടുകളെ സംബന്ധിച്ച് ഗൗരവപ്പെട്ട നിര്‍ദേശങ്ങളാണ് പ്രവാചകന്‍ (സ) പഠിപ്പിക്കുന്നത്.
മുഹമ്മദ് ബ്‌നു ജഹ്ശ് ഉദ്ധരിക്കുന്നു: 'നബി (സ) മദീനാ പള്ളിയിലേക്ക് കടന്നുവന്നു. മയ്യിത്ത് കിടത്തുന്ന തിണ്ണയില്‍ അദ്ദേഹം ഇരുന്നു. കണ്ണുകള്‍ അടച്ചു. മുഖം ആകാശത്തേക്കുയര്‍ത്തി. കൈകള്‍് നെറ്റിയില്‍ അമര്‍ത്തി നബി ഉച്ചത്തില്‍ പറഞ്ഞു. സുബ്ഹാനല്ലാഹ്, സുബ്ഹാനല്ലാഹ്... എത്ര കടുത്ത വചനങ്ങളാണീ ഇറങ്ങിയിരിക്കുന്നത്.' ഭയവിഹ്വലരായ സ്വഹാബികള്‍ അടുത്ത ദിവസമാണ് അതിന്റെ വിശദീകരണം പോലും ആരാഞ്ഞത്. പ്രവാചകന്‍ വളരെ ഗൗരവത്തില്‍ പറഞ്ഞു: ''കടം തന്നെയാണ് വിഷയം. ഒരാള്‍ മൂന്ന് പ്രാവശ്യം ജീവിക്കുകയും ആ മൂന്നു തവണയും രക്തസാക്ഷിയാവുകയും ചെയ്താല്‍ പോലും തന്റെ കടം വീട്ടുന്നത് വരെ ആരെയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയില്ല'' (നസാഈ).
മയ്യിത്തിന്റെ കടബാധ്യത ആരെങ്കിലും ഏറ്റെടുക്കുന്നത് വരെ നബി (സ) മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം കൊടുക്കുമായിരുന്നില്ല. അലി (റ) പറയുന്നു: ''നബി(സ)യുടെ മുന്നില്‍ ഒരു ജനാസ കൊണ്ടുവന്നാല്‍ നബി (സ) അദ്ദേഹത്തിന്റെ കര്‍മങ്ങളെക്കുറിച്ചൊന്നും അന്വേഷിക്കാറില്ല. എന്നാല്‍ കടബാധ്യതയെക്കുറിച്ച് നബി അന്വേഷിക്കും. കടബാധിതനാണെന്ന് പറഞ്ഞാല്‍ നമസ്‌കരിക്കാതെ മാറി നില്‍ക്കും. കടബാധിതനല്ലെന്ന് പറഞ്ഞാല്‍ നമസ്‌കരിക്കുകയും ചെയ്യും.'' കടമിടപാടുകള്‍ വീട്ടുകയോ അല്ലെങ്കില്‍ മറ്റൊരാള്‍ അത് ഏറ്റെടുക്കുകയോ ചെയ്താലല്ലാതെ അദ്ദേഹത്തിന് വേണ്ടിയുള്ള പ്രാര്‍ഥനകള്‍ പോലും ആകാശകവാടം വിട്ട് ദൈവസന്നിധിയിലെത്തുകയില്ല എന്ന് പ്രവാചക വചനങ്ങള്‍ ഉദ്‌ബോധിപ്പിക്കുന്നുണ്ട്.
സ്വന്തമായി വീട്ടേണ്ട ബാധ്യതയെ സംബന്ധിച്ചും അന്യന്റെ അവകാശത്തെ സംബന്ധിച്ചും എത്ര വലിയ ജാഗ്രതയാണ് പരേതനായ അബ്ദുല്ല വെച്ചു പുലര്‍ത്തിയിരുന്നത്! എത്ര കരുതലോടെയാണ് അദ്ദേഹത്തിന്റെ മക്കള്‍ ആ വസ്വിയ്യത്ത് പൂര്‍ത്തീകരിച്ചത്. അനര്‍ഹമായതൊന്നും ഉദരത്തിലോ സമ്പാദ്യത്തിലോ ഉണ്ടാകാന്‍ പാടില്ലെന്നും അവിഹിതമായതൊന്നും മക്കള്‍ക്ക് അനന്തരാവകാശമായി പകര്‍ന്ന് കൊടുക്കരുതെന്നുമുള്ള വലിയ ജീവിതപാഠമാണ് പരേതനായ അബ്ദുല്ല മക്കളിലൂടെ പകര്‍ന്നു നല്‍കിയത്. മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ മരിച്ച് അനന്തരസ്വത്ത് വീതം വെക്കുന്നതിന് മുന്നെ അവരുടെ വസ്വിയ്യത്തും കടവുമാണ് ആദ്യം വീട്ടേണ്ടതെന്ന ഖുര്‍ആനിക പാഠം ജീവിതം കൊണ്ട് സാക്ഷാത്കരിച്ചു മക്കള്‍. കാലമേറെ കഴിഞ്ഞിട്ടും ശരീരം തമ്മിലകന്നിട്ടും കടം എന്നും ഒരു കടമയാണെന്നും അത് വീട്ടല്‍ പരലോകബോധമുള്ള വിശ്വാസിയുടെ സ്വര്‍ഗപ്രവേശനത്തിന് അനിവാര്യമാണെന്നും കര്‍മസാക്ഷ്യം സൃഷ്ടിച്ചു അബ്ദുല്ലയുടെ കുടുംബം. വിശ്വസിച്ചേല്‍പിച്ച സമ്പത്താണല്ലോ അമാനത്ത്. അത് വഞ്ചനയില്ലാതെ തിരിച്ചേല്‍പിക്കലാണല്ലോ ഈമാന്‍. പിടക്കോഴി കൂവുന്നതും പൂവന്‍ കോഴി മുട്ടയിടുന്നതും മാത്രമാണ് അന്ത്യദിനത്തിന്റെ അടയാളമെന്ന് തെറ്റിദ്ധരിച്ച് പൂവന്‍ കോഴിയുടെ മുട്ടയും പിടക്കോഴിയുടെ കൂവലും പ്രതീക്ഷിച്ചിരിക്കുന്ന മുസ്‌ലിം ഉമ്മത്ത് അമാനത്തുമായി ചേര്‍ത്തുവെച്ച ഖിയാമത്തിന്റെ അടയാളം ഒന്ന് വേറിട്ട് തന്നെ മനസ്സിലാക്കണം. ആഗതന്‍ തിരുദൂതരോട് അന്വേഷിച്ചു: 'എപ്പോഴാണ് അന്ത്യദിനം?' നബി (സ) പറഞ്ഞു: 'എപ്പോഴാണോ അമാനത്തുകള്‍ നഷ്ടപ്പെടുന്നത് അപ്പോഴാണ് അന്ത്യദിനം.' വിശ്വസിച്ചേല്‍പിച്ചതെന്തും വര്‍ഷമെത്ര കഴിഞ്ഞാലും കടമയും കടപ്പാടുമായി കണ്ട് തിരിച്ചേല്‍പിക്കണമെന്ന വലിയ പാഠം പരേതനായ അബ്ദുല്ല മക്കളെയും സമൂഹത്തെയും പഠിപ്പിച്ചിരിക്കുന്നു.
Comments