ഉദ്ഗ്രഥനം സാധിക്കേണ്ടത് മൗലികാവകാശം നിഷേധിച്ചുകൊണ്ടല്ല
സ്വതന്ത്ര ഇന്ത്യയില്‍ നാളുകളായി വിവിധ മത വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ അവരുടെ വിശ്വാസ പ്രകാരം വസ്ത്രധാരണം നടത്തുന്നുണ്ട് എന്നത് ഒരു പുതിയ സംഭവമല്ല. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശത്തിന്റെ ഭാഗം കൂടിയാണത്. അത് നിഷേധിക്കുക എന്നത് മൗലികാവകാശ ലംഘനമാണെന്ന് മനസ്സിലാക്കാന്‍ യാതൊരു പ്രയാസവുമില്ല. വിഷയത്തോടുള്ള കര്‍ണാടക ഗവണ്‍മെന്റിന്റെയും നിരോധമേര്‍പ്പെടുത്തിയ സര്‍ക്കാര്‍ പി.യു കോളേജ് അധികൃതരുടെയും ശ്രദ്ധയില്‍ പെടാതെ പോയ പല വിഷയങ്ങളും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതായിട്ടുണ്ട്. ഒന്നാമതായി മുകളിലുദ്ധരിച്ച മൗലികാവകാശം തന്നെ പ്രശ്‌നം. നമ്മുടെ ഭരണഘടനയുടെ ആമുഖം (പ്രിയാംബ്ള്‍) ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ്, മതേതരത്വ, ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്ന ഭരണഘടനയുടെ മൂന്നാം ഭാഗത്ത് ആറ് വിധത്തിലുള്ള മൗലികാവകാശങ്ങള്‍ പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 25,26,27,28 പ്രതിപാദിക്കുന്ന മത സ്വാതന്ത്ര്യത്തിനുള്ള അവകാശവും, 29,30 പ്രതിപാദിക്കുന്ന സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങളും പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. ഓരോ മതാനുയായിക്കും തങ്ങളുടെ വിശ്വാസമനുസരിച്ച് ആചാരാനുഷ്ഠാനങ്ങളും ജീവിത രീതികളും പിന്തുടരാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഇതിന്റെ് നിഷേധം ഭരണഘടനാ തത്ത്വങ്ങളുടെ നിഷേധവും ലംഘനവുമായേ കാണാന്‍ കഴിയുകയുള്ളൂ. രണ്ടാമതായി, ഓരോ മതക്കാരും അവരുടെ വ്യത്യസ്തമായ രീതികള്‍ ഉപേക്ഷിക്കണമെന്ന വാദം രാജ്യത്തിന്റെ മതനിരപേക്ഷതക്കും ഉദ്ഗ്രഥനത്തിനും നിരക്കുന്നതല്ല. വ്യത്യസ്ത മത വിഭാഗങ്ങളെ ഒന്നിച്ചിരുത്തി, അവര്‍ക്ക് പഠിക്കാനും ജീവിക്കാനുമുള്ള അവസരങ്ങള്‍ വിദ്യാലയങ്ങളില്‍ ഉണ്ടാകുമ്പോഴാണ് ദേശീയോദ്ഗ്രഥനവും സാമുദായിക ഐക്യവും സാക്ഷാല്‍ക്കരിക്കപ്പെടുക. അതിലൂടെ സഹിഷ്ണുതയുടേതായ മനോഭാവം അങ്കുരിപ്പിക്കാന്‍ സാധിക്കുകയും ചെയ്യും. മതമേതായാലും ആചാര സമ്പ്രദായങ്ങളെന്തായാലും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും നൂലിഴ ബന്ധത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ഒരു കണ്ണിയായി നമ്മുടെ വളരുന്ന തലമുറ ഉയര്‍ന്നുവരേണ്ടതുണ്ട്. വസ്ത്രധാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കാണുന്ന വ്യത്യസ്തത പരസ്പര ഭിന്നിപ്പിന്റെ ലക്ഷണങ്ങളല്ലെന്നും, ഒരുമയുടെയും സഹിഷ്ണുതാ മനോഭാവത്തിന്റെയും ഒരിക്കലും തേച്ചുമായ്ച്ചു കളയാന്‍ കഴിയാത്ത ശക്തമായ അടിത്തറകളാണെന്നും നമ്മുടെ കുട്ടികള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഈ ധാരണ രൂഢമൂലമാകുമ്പോള്‍ മാത്രമേ വൈവിധ്യത്തില്‍ ഏകത്വം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുകയുള്ളൂ. വര്‍ണ മനോഹരമായ ഒരു പൂന്തോട്ടമാണ് ഇന്ത്യയെന്നും, അതിലെ ഇമ്പമാര്‍ന്ന പുഷ്പങ്ങളാണ് നമ്മളെന്നും അനുഭവിച്ചറിയാന്‍ കഴിയേണ്ടതുണ്ട്.
എല്ലാം കുത്തകകള്‍ പറയുന്നത് പോലെ
വി.എം ഹംസ മാരേക്കാട്
ഏതോ സിനിമാപ്പാട്ടില്‍ പറഞ്ഞപോലെ അമ്മായിയപ്പന് പണമുണ്ടെങ്കില്‍ കല്യാണം പരമാനന്ദം. നമ്മുടെ ഭരണാധികാരികളുടെ അമ്മായിയപ്പന്‍ ഐ.എം.എഫ് ആണ്. അതുകൊണ്ട് കടം വാങ്ങി ഭരണം കുശാലാക്കാം. കേരള മക്കള്‍ കടഭാരം പേറി അങ്ങനെ നില്‍ക്കുന്നു.
രാഷ്ട്രീയക്കാര്‍ എന്നൊരു കൂട്ടര്‍ കേരളത്തില്‍ ഇല്ല. എല്ലാവര്‍ക്കും ഭരണപങ്കാളിത്തമാണ് വേണ്ടത്. മന്ത്രിമാരുടെ ധാരാളിത്തം കൂടുതലാണ്. പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം വളരെ കൂടുതല്‍. ഇവിടത്തെ ആദ്യത്തെ സംഘടിത ശക്തി രാഷ്ട്രീയക്കാരാണ്. സാധാരണക്കാര്‍ക്ക് സംഘടനയില്ല. അവര്‍ ദുര്‍ബലരാണ്. അവരുടെ ജോലി, കച്ചവടം, കൃഷി എന്നിവ ഇപ്പോള്‍ നടക്കുന്നില്ല. അതുകൊണ്ട് താഴെ തട്ടില്‍ പണത്തിന്റെ ഒഴുക്ക് നിലച്ചിരിക്കുന്നു. സുഖലോലുപത രാഷ്ട്രീയക്കാരെ മുച്ചൂടും വലയം ചെയ്തിരിക്കുന്നു. സോവിയറ്റ് റഷ്യയുടെ തകര്‍ച്ചക്ക് മുഖ്യ കാരണം സുഖലോലുപതയും അഴിമതിയുമാണ്. കേരളത്തിലിപ്പോള്‍ നവ ലിബറല്‍ ഇക്കോണമിയും നിയോ ഫ്യൂഡല്‍ സമൂഹവുമാണ് ഉള്ളത്. സിവില്‍ സമൂഹത്തില്‍ ജാതീയത നിലനിര്‍ത്തിയത് രാഷ്ട്രീയക്കാരാണ്. അവര്‍ക്ക് വോട്ട് ബാങ്കാണ് ആവശ്യം.
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ പരുങ്ങലിലാണ്. കറവപ്പശുക്കളായി പെട്രോള്‍, മദ്യം, ലോട്ടറി എന്നിവയാണുള്ളത്. നികുതി പിരിച്ചല്ല, കടം വാങ്ങിയാണ് ഭരണം നടത്തുന്നത്. ധനം സമാഹരിക്കാനാണ് ധനമന്ത്രി ഉത്സാഹം കാണിക്കേണ്ടത്. കെട്ടിട നികുതിയും കാര്‍ഷിക നികുതിയും യഥാവിധി പിരിക്കുന്നില്ല. സമ്പന്നരില്‍നിന്നും നികുതി പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയാറല്ല. ഉല്‍പാദന മേഖലയില്‍നിന്ന് ഒരു തരത്തിലുള്ള സാമ്പത്തിക സംഭാവനയുമില്ല. കേരളോല്‍പന്നങ്ങളെ മൂല്യവര്‍ധിത ചരക്കാക്കി മാറ്റാനുള്ള ശ്രമങ്ങളില്ല. അത് മറ്റു സ്റ്റേറ്റുകളിലേക്ക് പോവുകയാണ്. വ്യവസായ അന്തരീക്ഷമോ വ്യവസായ സംസ്‌കാരമോ ഇല്ലാത്തതു മൂലം വ്യവസായികള്‍ ഇവിടെ ഹെഡ് ഓഫീസ് വെച്ച് തമിഴ്‌നാട്ടിലേക്കും മറ്റും കൂടുമാറുകയാണ്.
ഈ സാഹചര്യത്തിലാണ് കെ. റെയില്‍ - സില്‍വര്‍ ലൈന്‍ വിവാദം ഉയരുന്നത്. ഇതുവരെ കൊച്ചി മെട്രോക്ക് ആയിരം കോടി രൂപ നഷ്ടമുണ്ട്. ഇതാര് നികത്തും? ഐ.എം.എഫില്‍നിന്ന് തന്നെ കടമെടുക്കേണം. തിരുവനന്തപുരം, കന്യാകുമാരി റെയില്‍വേ ലൈന്‍ ഡബ്ലിംഗ്, നിലമ്പൂര്‍ നഞ്ചങ്കോട് ലൈന്‍, തലശ്ശേരി മൈസൂര്‍ ലൈന്‍ ഇതൊക്കെ കടലാസില്‍ കിടക്കുകയാണ്. നല്ലൊരു ഭരണം ഉറപ്പാക്കാനാണ് ജനം എല്‍.ഡി.എഫിനെ വീണ്ടും ഭരണത്തിലേറ്റിയത്. വോട്ടിംഗ് പരിശോധിച്ചാല്‍ സാധാരണക്കാര്‍ തെരഞ്ഞെടുപ്പില്‍ പൊതുവെ ആരോടാണ് ആഭിമുഖ്യം കാണിച്ചതെന്ന് തിരിച്ചറിയാനാകും.
വിവിധ ആവശ്യങ്ങള്‍ക്ക് ജനങ്ങള്‍ തെരുവിലാണ്. ഭരണം കാര്യക്ഷമമാവണമെങ്കില്‍ ജനപ്രിയ പദ്ധതികളുണ്ടാവണം. കെ. റെയിലിന് ചെലവ് അറുപതിനായിരം കോടിയെന്നും ലക്ഷം കോടിയെന്നും പറയുന്നു. ഭീമമായ അഴിമതിക്കഥകളാകും അത് നടപ്പാക്കുമ്പോള്‍ പുറത്ത് വരിക. ജനവിരുദ്ധ പദ്ധതികളല്ല നമുക്കാവശ്യം. ഗ്രാമീണ റോഡുകള്‍, സ്‌റ്റേറ്റ് ഹൈവേ, നാഷണല്‍ ഹൈവേ എന്നിവ അധികവും സഞ്ചാരയോഗ്യമല്ല. കുടിവെള്ള പ്രശ്‌നം, കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ജല ദൗര്‍ലഭ്യം, വൈദ്യുതി പ്രശ്‌നങ്ങള്‍ ഇവയൊന്നും പരിഹരിക്കാന്‍ കാര്യക്ഷമമായ സംവിധാനങ്ങളില്ല. വിലക്കയറ്റം പിടിച്ചാല്‍ കിട്ടാത്തവിധം വാണം പോലെ കുതിച്ചുയരുന്നു. സ്‌റ്റേറ്റ് തലത്തില്‍ പരിഹാരം കാണാവുന്ന ധാരാളം ഫോര്‍മുലകളുണ്ട്. അതിനൊന്നും മെനക്കെടാതെ കുത്തകകള്‍ പറഞ്ഞതിനനുസരിച്ച് നീങ്ങുകയാണ്.
എം.സി എന്ന എജൂക്കേറ്റര്‍
ഡോ. പി.എ റഹ്മാന്‍ പുലാപ്പറ്റ (പ്രസിഡന്റ്, എ.എ.എം.ഐ)
പ്രബോധനത്തില്‍ (ലക്കം 3241) ഇനാമുര്‍റഹ്മാന്‍ എഴുതിയ 'സ്‌നേഹം വിതറി കടന്നുപോയൊരാള്‍' എന്ന അനുസ്മരണക്കുറിപ്പ് വായിച്ചു. എം.സി, എം.സി അബ്ദുല്ല മൗലവി, എം.സി ഉസ്താദ് എന്നീ പേരുകളില്‍ കേരളത്തിലുടനീളം അറിയപ്പെട്ട വന്ദ്യ ഗുരുനാഥന്‍ എല്ലാവര്‍ക്കും എല്ലാ തരത്തിലും പ്രിയങ്കരനായിരുന്നു. മണ്ണാര്‍ക്കാട് ഇര്‍ശാദ് കോളേജിലും ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജിലും കേരളത്തിലെ നിരവധി മദ്‌റസകളിലും എം.സി പഠിപ്പിച്ച വിദ്യാര്‍ഥികള്‍ക്ക് അദ്ദേഹത്തെക്കുറിച്ച് നല്ല അനുഭവങ്ങളേ പറയാനുള്ളൂ. ഞങ്ങള്‍ക്ക് മണ്ണാര്‍ക്കാട് ഇര്‍ശാദ് കോളേജില്‍ ഖുര്‍ആനും ഫിഖ്ഹുസ്സുന്നയുമാണ് പഠിപ്പിച്ചിരുന്നത്.
അധ്യാപകന്‍ എന്ന 'ഭയ'ത്തിന് പകരം എം.സിയുടെ ക്ലാസ് സന്തോഷവും താല്‍പര്യവും പകരുന്നതായിരുന്നു. ചിരിച്ചുകൊണ്ട് വിജയിപ്പിച്ചെടുത്ത അധ്യാപന ശൈലിയുടെ ഉടമ. ആധുനിക വിദ്യാഭ്യാസ കാഴ്ചപ്പാടുമായി തികച്ചും ഒത്തുപോകുന്ന രീതിശാസ്ത്രം. ക്ലാസ് കഴിഞ്ഞാലും നമ്മുടെ സംശയങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ചോദിക്കാം. ചോദിച്ച് മനസ്സിലാക്കുന്നവരെ ചേര്‍ത്തു പിടിച്ച് പുറത്ത് അല്ലെങ്കില്‍ തലയില്‍ രണ്ടു കൊട്ടും കൊട്ടി പറഞ്ഞ് വിടുന്ന എം.സിയെ ആര്‍ക്കും മറക്കാനാവില്ല. ഈ നൂതന മനശ്ശാസ്ത്ര രീതി വിദ്യാര്‍ഥികളെ പഠനത്തില്‍ നിര്‍ത്തിയതുമില്ല. പഠിപ്പിച്ച കാര്യങ്ങള്‍ 35 വര്‍ഷങ്ങള്‍ക്കിപ്പുറവും പലര്‍ക്കും ഓര്‍ത്തെടുക്കാനും കഴിയും. എം.സിയുടെ വിദ്യാര്‍ഥികള്‍ ഇന്ന് സമൂഹത്തിന്റെ വലിയ തുറകളില്‍ എത്തിയിട്ടും അവര്‍ അദ്ദേഹത്തെ വീണ്ടും വീണ്ടും കാണാനും സ്‌നേഹം പങ്കുവെക്കാനും ആഗ്രഹിച്ചിരുന്നു. എന്റെ തന്നെ വിവിധ പഠന വഴികളില്‍ എം.സിയുടെ അധ്യാപന രീതിയെക്കുറിച്ച് പലപ്പോഴും ഓര്‍ത്തിട്ടുണ്ട്. എം.സി.ജെ കോഴ്‌സിന് പഠിക്കുമ്പോള്‍ റിപ്പോര്‍ട്ടില്‍ എങ്ങനെ വായനക്കാരനെ സ്വാധീനിക്കാമെന്ന് ആലോചിക്കുമ്പോള്‍ എം.സിയില്‍നിന്നും കുറെ കാര്യങ്ങള്‍ ഓര്‍ത്തെടുത്തിട്ടുണ്ട്. എം.എഡിന് പഠിക്കുമ്പോഴും, ശേഷം ബി.എഡ് ട്രെയ്‌നിംഗ് കോളേജില്‍ പഠിപ്പിക്കുമ്പോഴും (എടുത്തിരുന്നത് സൈക്കോളജി ആയിരുന്നു) ഒക്കെ എം.സി എന്ന ആ വലിയ എജുക്കേറ്റര്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. എന്നെ മാത്രമല്ല ഇതുപോലുള്ള നൂറ് കണക്കിന് വിദ്യാര്‍ഥികളെയും.
പുതിയ തലമുറക്കുള്ള സന്ദേശം
പി.വി മുഹമ്മദ് ഈസ്റ്റ് മലയമ്മ
'ധീരരാവുക, വിനയാന്വിതരാവുക' എന്ന ജമാഅത്ത് സംസ്ഥാന അധ്യക്ഷന്‍ എം.ഐ അബ്ദുല്‍ അസീസ് എഴുതിയ മുഖവാക്ക് (2022 ഫെബ്രുവരി 18) വായിച്ചു. ത്യാഗത്തിന്റെയും സഹനത്തിന്റെയും ഉജ്ജ്വല ജീവിത മാതൃകകള്‍ സമര്‍പ്പിച്ചവരായിരുന്നു ഇബ്‌റാഹീം നബിയും മൂസാ നബിയും മുഹമ്മദ് നബിയും. സത്യത്തിനും ധര്‍മത്തിനും നീതിക്കും വേണ്ടി പോരാടി അവര്‍ ഇന്നത്തെ തലമുറകള്‍ക്ക് വഴികാട്ടികളായി നിലകൊള്ളുന്നു അന്ത്യപ്രവാചകന്‍ വളര്‍ത്തിയെടുത്ത സ്വഹാബിവര്യന്മാരും എല്ലാ ജനവിഭാഗങ്ങള്‍ക്കും മാതൃകാ പുരുഷന്മാരാണ്. ഹൈടെക് യുഗത്തിലൂടെ കടന്നുപോകുന്ന ഇന്നത്തെ തലമുറയെ തസ്‌കിയത്തും തര്‍ബിയത്തും നല്‍കി അവരെ അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊണ്ട് മുന്നോട്ടു പോകാന്‍ തയാറാക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്.
Comments