സമൂഹവും സംഘടനകളും ഉള്‍ക്കൊള്ളല്‍ ശേഷി ആര്‍ജിക്കണം
ദൃശ്യതയുടെ രാഷ്ട്രീയം ധീരമായി ആവിഷ്‌കരിക്കുന്ന മുസ്‌ലിം യുവത്വത്തിന്റെ കാലമാണിത്. അറിവും ആദര്‍ശപരതയും സ്വത്വ ചിന്തകളും സാമൂഹിക ബോധവും കൈമുതലായുള്ള ചടുലമായ മുസ്‌ലിം യുവത, സവിശേഷതകള്‍ ഏറെയുള്ളവരാണ്. ഇസ്‌ലാമിക സമൂഹത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്തുക മാത്രമല്ല, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് ചരിത്രപരമായ പങ്കുവഹിക്കുക കൂടി ചെയ്തു എന്നതാണ് സമീപകാല മുസ്‌ലിം യുവതയുടെ അടയാളപ്പെടുത്തേണ്ട സവിശേഷതകള്‍.
പണ്ട് മാറ്റിനിര്‍ത്തപ്പെട്ടിരുന്ന, തങ്ങള്‍ക്ക് സ്ഥാനമില്ലാതിരുന്ന ഒരുപാട് ഇടങ്ങളിലേക്ക് കയറിയെത്താന്‍ മുസ്‌ലിം യുവതക്ക് സാധിച്ചിരിക്കുന്നു. വിദ്യാഭ്യാസ മേഖലകളിലേക്കും മറ്റു പൊതു ഇടങ്ങളിലേക്കും പ്രവേശനം കിട്ടിയിട്ടുള്ള, പ്രവേശന സാധ്യത ഉണ്ടാക്കിയെടുത്തിട്ടുള്ള കാലമാണിത്. ഒട്ടും കാണാതിരുന്ന ഉന്നതവിദ്യാഭ്യാസ മേഖലകളിലും സിനിമയിലും സാഹിത്യത്തിലുമെല്ലാം മുസ്‌ലിം യുവതക്ക് പ്രതിനിധികളായി സംസാരിക്കാന്‍ അവസരങ്ങള്‍ ലഭിക്കുന്നു. ഞങ്ങളുടെ ശബ്ദങ്ങള്‍ക്ക് അലങ്കാര രൂപത്തില്‍ അവസരങ്ങള്‍ തരികയല്ല, അനിവാര്യത കാരണം ഇടം ലഭിക്കുകയും ആ ശബ്ദം സമൂഹം ശ്രദ്ധയോടെ ശ്രവിക്കുകയുമാണ്. സാമൂഹിക ഇടങ്ങളിലെ അനിവാര്യ ഘടകമായി പുതിയ മുസ്‌ലിം തലമുറ മാറിക്കഴിഞ്ഞിരിക്കുന്നു. മുസ്‌ലിം പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ഉറച്ച ശബ്ദങ്ങള്‍ കേള്‍ക്കാതെ ഒരു പ്രഭാതവും പുലരുകയോ, പ്രദോഷം അസ്തമിക്കുകയോ ചെയ്യുന്നില്ല.
മുസ്‌ലിം യുവതക്ക് ഇങ്ങനെ കയറി നില്‍ക്കാനുള്ള കഴിവിന്റെ അടിസ്ഥാനം എന്താണ് എന്നതും ആലോചിക്കേണ്ടതുണ്ട്. ഒരു ഘട്ടം വരെ, പെണ്‍കുട്ടികള്‍ അവര്‍ വളര്‍ന്നു വരുന്ന സമയത്ത് സ്വന്തം സ്വത്വം തിരിച്ചറിഞ്ഞിരുന്നുവെങ്കിലും അതിനെക്കുറിച്ച് സംസാരിക്കുന്നത് പൊതുസമൂഹത്തില്‍ വിലയിടിക്കുന്ന കാര്യമായിരുന്നു. ഒരേസമയം 'ഞാന്‍ ഒരു മുസ്‌ലിം ആകുന്നു' എന്നും 'ഞാന്‍ ഒരു പെണ്‍കുട്ടി ആകുന്നു' എന്നും പറയുന്നത് നിലനില്‍ക്കുന്ന പൊതുബോധത്തില്‍ അംഗീകരിക്കപ്പെടാന്‍ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഇങ്ങനെ തുടങ്ങി ഒരുപാട് കാര്യങ്ങള്‍ നമ്മെ പുറകോട്ട് വിളിക്കുന്നുണ്ടായിരുന്നു. പക്ഷേ, സമീപകാലത്ത് രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്.
ഇന്ത്യയിലെ മുസ്‌ലിം യുവതയുടെ ആര്‍ജജവമുള്ള മുന്നേറ്റത്തില്‍ പൗരത്വസമരം വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. ആ സമര കാലത്ത് ഇന്ത്യയിലെ എല്ലാ ന്യൂനപക്ഷങ്ങളും മുസ്ലിംകള്‍ മാത്രമല്ല, ദലിത്-ക്വിയര്‍ സമൂഹങ്ങള്‍ ഉള്‍പ്പെടെ തങ്ങളുടെ സ്വത്വം വിളിച്ചു പറഞ്ഞ് ഈ രാജ്യത്തിന്റെ ഭരണഘടനയോട് ചേര്‍ന്നുനിന്നുകൊണ്ട്, വിശാലമായ ജനാധിപത്യബോധത്തിലേക്ക് രാജ്യ നിവാസികളെ വളര്‍ത്തിയിട്ടുണ്ട്. അത് ഒരു പരിധി വരെ നമ്മുടെ പൊതുബോധത്തെയും ജനാധിപത്യബോധത്തെയും സ്വാധീനിച്ചിട്ടുമുണ്ട്. ആ പൊതു ഇടത്തില്‍ നിന്നുകൊണ്ട് സ്വത്വം വിളിച്ചു പറയാന്‍ നമുക്ക് വലിയ ധൈര്യം ലഭിക്കുന്നു. ഏതെങ്കിലും തരത്തില്‍ തന്നെ പുറകിലേക്ക് വലിക്കുന്നതോ, അപകര്‍ഷത സൃഷ്ടിക്കുന്നതോ അല്ല ഇതെന്ന് ഈ പൗരത്വ സമരകാലം നമുക്ക് ബോധ്യപ്പെടുത്തി തന്നിട്ടുണ്ട്. സ്ത്രീകളും കാമ്പസുകളും വിദ്യാര്‍ഥികളും തുടങ്ങിവെച്ച മനോഹരമായ സമരങ്ങളുടെ കാലമായിരുന്നു അത്. അതുകൊണ്ടുതന്നെ ഒരു പെണ്‍കുട്ടി എന്ന നിലയ്ക്ക് പൗരത്വ സമരം എനിക്ക് തന്നിട്ടുള്ള ആത്മവിശ്വാസം വളരെ വലുതാണ്.
2013-ലാണ് ഞാന്‍ എല്‍.എല്‍.ബിക്ക് ചേരുന്നത്. അപ്പോഴും നിയമപഠനം നമ്മുടെ പെണ്‍കുട്ടികള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല എന്ന് കരുതുന്ന ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു. നമുക്ക് വിശ്വസിക്കാന്‍ പ്രയാസം തോന്നും. ഇന്നുമുണ്ട് നിയമമൊന്നും പെണ്‍കുട്ടികള്‍ക്ക് പറ്റിയതല്ല എന്ന് പറയുന്നവര്‍. ഇത്തരം കോഴ്‌സിന് പോകുമ്പോഴുള്ള പിന്‍വിളികള്‍ ഇപ്പോഴും വളരെ കൂടുതലാണ്. ഞാന്‍ പഠിച്ച ക്ലാസ്സില്‍ എണ്‍പതോളം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. അതില്‍ അഞ്ച് പേര്‍ മാത്രമായിരുന്നു മുസ്‌ലിം പെണ്‍കുട്ടികള്‍. ഗവണ്‍മെന്റ് ലോ കോളേജില്‍, പരസ്പരം ഇടപഴകിയുള്ള പഠനവും ജീവിതവുമാണ്. എല്ലാ വിഭാഗത്തിലുമുള്ള ആളുകളുമായിട്ടും നമുക്ക് ഇടപഴകേണ്ടി വരിക സ്വാഭാവികം. അതൊക്കെ നമ്മളെ സ്വാധീനിക്കുകയും ചെയ്യാം. ഇത്തരം ചിന്താ പ്രക്രിയകള്‍ക്കിടയിലാണ് നമ്മള്‍ ജീവിക്കേണ്ടത്. ലോ കോളേജിലെ പൊതുബോധത്തിന് അകത്തു നമ്മുടെ ഒരു ഇടം കണ്ടെത്തുക എന്നത് നമ്മള്‍ സ്വയം തന്നെ പ്രയത്‌നിച്ച് നേടേണ്ടതാണ്.
അവിടെ എം.എസ്.എഫ് സംഘടനാ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഒരുപാട് ചിന്താധാരകള്‍ക്കുള്ളില്‍ നമ്മുടെ ഒരു ചെറിയ ചിന്താധാര. കൊടുത്തും വാങ്ങിയും ഒക്കെത്തന്നെയാണ് ഓരോരുത്തരും വളരുന്നത്. ലോ കോളേജിന്റെ മാത്രം അവസ്ഥയല്ല ഇത്. ഇന്ന് ധാരാളം കുട്ടികള്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലേക്ക് ഉപരിപഠനത്തിനു പോകുന്നത് സാധരണമാണ്. ഭിന്ന ജനവിഭാഗങ്ങളുമായി, ആശയ പ്രയോഗങ്ങളുമായി മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഇടപഴകാന്‍ അവസരം ലഭിക്കുന്നു. ആദര്‍ശ ബോധം മുറുകെപ്പിടിക്കുന്ന മുസ്‌ലിം തലമുറയെ സംബന്ധിച്ചേടത്താളം, ഇതൊക്കെ സാമൂഹിക ബോധം രൂപപ്പെടുത്തുന്നതിനും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന്നും സഹായകമായ ഘടകങ്ങളാണ്. കേരളത്തില്‍ നിന്നു കൊണ്ട് നമ്മള്‍ സംസാരിക്കുന്ന ന്യൂനപക്ഷ രാഷ്ട്രീയമോ നമ്മള്‍ കാണുന്ന കാഴ്ചകളോ അല്ല മറ്റിടങ്ങളിലുള്ളത്. വൈരുധ്യമെന്ന് തോന്നിക്കാവുന്ന വൈവിധ്യത വലിയൊരു പരിശീലന കളരിയാണ്.
സാഹോദര്യത്തിന്റെയും വിശാലതയുടെയും രാഷ്ട്രീയ ഇടങ്ങളിലേക്ക് കയറിവരാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അതിലെ തിരഞ്ഞെടുപ്പുകളും വലിയ തോതില്‍ സഹായിക്കുന്നുണ്ട്. മൊത്തത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തെ തന്നെ ഇത് സ്വാധീനിക്കുന്നുവെന്നാണ് മനസ്സിലാകുന്നത്. പുതിയ മുസ്‌ലിം തലമുറ ഒറ്റക്ക് തുഴയാനാണ് പഠിക്കുന്നത്. അവര്‍ കണ്ടിട്ടുള്ള കഴിഞ്ഞ മുപ്പത് വര്‍ഷത്തെ ചരിത്രത്തില്‍ അവര്‍ക്ക് മുന്‍ മാതൃകകള്‍ ഇല്ല. അതിനുമുമ്പത്തെ വളരെ സമ്പന്നമായ സംസ്‌കാരത്തിന്റെ പാരമ്പര്യം ചരിത്രത്തിലുണ്ട്. പക്ഷേ, വളര്‍ന്നുവന്ന കാലത്ത്, പിന്തുടരേണ്ട മാതൃകകള്‍ അവര്‍ കണ്ടിട്ടില്ല. അതുകൊണ്ട് മുസ്‌ലിം ചെറുപ്പം, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ ഉണ്ടാക്കുന്ന ബൗദ്ധിക, രാഷ്ട്രീയ മുന്നേറ്റത്തിന്റെ ആനുപാതികത നമ്മുടെ ആണ്‍കുട്ടികള്‍ക്കിടയില്‍ ഉണ്ടോ എന്ന ആശങ്കയും എനിക്കുണ്ട്. പുതിയ തലമുറക്ക് ആശയാവിഷ്‌കാരങ്ങളും ദൃശ്യതയും ഉറപ്പു വരുത്താനും രാഷ്ട്രീയ പോരാട്ടങ്ങള്‍ തുടരാനും സോഷ്യല്‍ മീഡിയ വലിയ അളവില്‍ സഹായകമാകുന്നു. ആര് ശ്രമിച്ചാലും അപ്രത്യക്ഷരാക്കാന്‍ കഴിയാത്ത വിശാലമായ പ്ലാറ്റ്‌ഫോമാണ് സോഷ്യല്‍ മീഡിയ തുറന്ന് തന്നിട്ടുള്ളത്.
പുതിയ മുസ്‌ലിം സമൂഹം നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനപ്പെട്ടത് സമൂഹത്തിന് അല്ലെങ്കില്‍ സംഘടനകള്‍ക്ക് ഉള്‍ക്കൊള്ളല്‍ ശേഷി (Inclusiveness) ഇല്ല എന്നതാണ്. ആവശ്യമില്ലാത്ത ആഭ്യന്തര കലഹങ്ങളില്‍ കുടുങ്ങി, നമ്മെ ഉന്നംവെക്കുന്ന ബാഹ്യ പ്രതിയോഗികള്‍ക്ക് തന്നെ വീണ്ടും വീണ്ടും വഴികള്‍ ഉണ്ടാക്കി കൊടുക്കുകയാണ്. ഇപ്പോള്‍, നാം ജീവിക്കുന്ന കാലത്തു മറ്റെല്ലാത്തിനുമപ്പുറം ഉള്‍ക്കൊള്ളാനുള്ള ശേഷി നമ്മുടെ സമൂഹം, പ്രത്യേകിച്ച് മുസ്‌ലിം സമൂഹം ആവശ്യപ്പെടുന്നുണ്ട്. പക്ഷേ അതിനിടയിലും നമ്മള്‍ ഗ്രൂപ്പ് തിരിഞ്ഞ്, അല്ലെങ്കില്‍ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് മുകളില്‍ വിഘടിച്ചു നില്‍ക്കാനാണ് താല്‍പര്യപ്പെടുന്നത്. പലപ്പോഴും പുതിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാവുകയോ ആരോഗ്യകരമായ സംവാദങ്ങള്‍ക്ക് വഴിയൊരുക്കുകയോ ചെയ്യുന്നില്ല.
പുതുതലമുറ ഉയര്‍ത്തുന്ന ആശയങ്ങളും നിലപാടുകളും സദ് ഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് നാം അവസരം കൊടുക്കേണ്ടതുണ്ട്, ഒരുമയുടെ രാഷ്ട്രീയം പറയേണ്ടതുമുണ്ട്. വിശാലതയുടെ രാഷ്ട്രീയം തുറക്കാത്തതാണ് ഒന്നാമത്തെ പ്രശ്‌നം. അത്തരത്തില്‍ ഒരു ആഭ്യന്തര സംവാദത്തിന് അവസരം കൊടുക്കുന്നില്ലെങ്കില്‍ അതാണ് ഏറ്റവും വലിയ അപകടം. ഒരുപാട് കാര്യങ്ങള്‍ മാറ്റങ്ങള്‍ക്ക് വിധേയമാവേണ്ടതുണ്ട്. പുതിയ തലമുറ വ്യത്യസ്തമായ നിരവധി കാര്യങ്ങള്‍ സംഭാവന ചെയ്യുന്നുണ്ട്. അവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ ശരിയുണ്ടെങ്കില്‍ അതുള്‍ക്കൊള്ളാന്‍ മുസ്‌ലിം സംഘടനാ സമൂഹം പ്രാപ്തി നേടണം.
മാറ്റം ഉള്‍ക്കൊള്ളാനുള്ള ശേഷി ഉണ്ടാവേണ്ടത് ശരിക്കും മുകള്‍തട്ടിലുള്ളവര്‍ക്കാണ്. അങ്ങനെ വരുമ്പോഴേ അതിന് പ്രതിഫലനങ്ങള്‍ ഉണ്ടാകൂ. സംഘടനകളുടെ വേരുകളില്‍ ആഴ്ന്നുനില്‍ക്കുന്ന ഒരു സാമൂഹിക സ്വഭാവമാണ് കേരളത്തിലെ മുസ്‌ലിം സമുദായത്തിനുള്ളത്. ആരെങ്കിലും ഒറ്റപ്പെട്ടുനില്‍ക്കുന്നുണ്ടെങ്കില്‍ അത് വളരെ വിരളമാണ്. സംഘടനകള്‍ എന്ത് ചെയ്താലും അത് നേരിട്ട് സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് സംഘടനകളുടെ തീരുമാനങ്ങള്‍ ഫലപ്രദമായ ഇടപെടലായിത്തീരുന്നത്. സമരങ്ങളിലും ആശയ പ്രബോധനങ്ങളിലും നമുക്കത് കാണാന്‍ സാധിക്കും. ആയതിനാല്‍ ചെറിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുകയാണെങ്കില്‍ തന്നെ അത് സമൂഹത്തെ ഒന്നാകെ ഗുണപരമായി സ്വാധീനിക്കുന്നതാകും. മുകള്‍ തട്ടില്‍ മാറ്റമുണ്ടായാല്‍ അത് തീര്‍ച്ചയായും താഴെ തട്ടിലും പ്രതിഫലിക്കും. മുസ്‌ലിം പ്രശ്‌നങ്ങളെ മുസ്‌ലിംകള്‍ നേരിടേണ്ടത് പഴയ തമ്മില്‍ത്തല്ലുകള്‍ ഒഴിവാക്കി ആരോഗ്യകരമായ സംവാദങ്ങള്‍ സംഘടനകള്‍ക്കുള്ളിലും സംഘടനകള്‍ തമ്മിലും നടത്തിക്കൊണ്ടാണ്. അഭിപ്രായവ്യത്യാസങ്ങളില്‍ കടിച്ചുതൂങ്ങേണ്ട സമയം തീര്‍ന്നു. അതിനുള്ള താല്‍പര്യം പുതിയതലമുറയ്ക്ക് ഇല്ല.
ഇന്ത്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്താണെന്ന് പറയുന്നതിന് മുമ്പ് ആരാണ് ഇന്ത്യന്‍ മുസ്‌ലിം എന്ന് മനസ്സിലാക്കണം. പ്രാക്ടീസിംഗ് മുസ്‌ലിം മാത്രമല്ല, ഇവിടത്തെ സവര്‍ണ ഹിന്ദുത്വത്തിന് മുറിവേല്‍പ്പിക്കുന്ന ആരും ഇന്ത്യന്‍ മുസ്‌ലിമിന്റെ കള്ളിയില്‍ ഉള്‍പ്പെടുന്നവരാണ്. ഹിന്ദുത്വത്തെ പേടിപ്പിക്കുന്ന ഒരു പൊളിറ്റിക്കല്‍ ഐഡന്റിറ്റി ആണത്. ആ ഒരു ഐഡന്റിറ്റിക്കും ഒരു ഏകത രൂപപ്പെട്ടുവരേണ്ടതുണ്ട്. നിലവിലുള്ള രാഷ്ട്രീയ സമ്മര്‍ദത്തെ നേരിടാന്‍ എല്ലാ മതന്യൂനപക്ഷങ്ങളെയും, മതേതര വിശ്വാസികളേയും കൂട്ടിപ്പിടിച്ചുള്ള മുന്നേറ്റം ആവശ്യമാണ്. ഇത് യാഥാര്‍ഥ്യമാവുക എന്നത് തത്ത്വം പറയുന്നതുപോലെ അത്ര എളുപ്പമല്ല. പക്ഷെ, അത് സാധ്യമാണ് എന്ന് കാണിച്ചുതന്ന ഒരു പൗരത്വ പ്രക്ഷോഭ കാലം നമുക്ക് മുമ്പിലുണ്ട്. നമ്മുടെ ഉള്ളിലുള്ള സങ്കുചിതത്വം മാത്രമാണ് അതിന് തടസ്സമായി നില്‍ക്കുന്നത്. വേട്ടക്കാരന്റെ വാള്‍ കഴുത്തിനുമുകളില്‍ നില്‍ക്കുമ്പോള്‍ ആ സങ്കുചിതത്വമല്ല, ഒരുമയാണ് അനിവാര്യമെന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്.
ഭരണഘടനയെ മുന്‍നിര്‍ത്തി, 'എല്ലാ ജനാധിപത്യ വിശ്വാസികളും ഫാഷിസിസ്റ്റുകള്‍ക്കെതിരെ' എന്ന ദ്വന്ദ്വം സൃഷ്ടിക്കാന്‍ നമുക്ക് കഴിയണം, അങ്ങനെ ഒരു സമരം സാധ്യമാണ്. ഇന്ത്യന്‍ ഭരണഘടനയെ തന്നെ റദ്ദ് ചെയ്യുമെന്ന തരത്തിലുള്ള നടപടികള്‍ വളരെ ആശങ്കയോടുകൂടിയാണ് ഞാന്‍ കാണുന്നത്. ഏറ്റവും നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട നിയമ സംവിധാനങ്ങള്‍ തന്നെ പ്രത്യക്ഷമായി അധികാര സ്ഥാപനങ്ങളുമായി സൗഹൃദത്തിലായി കുറെയധികം ആളുകളുടെ നിയമ ലംഘനത്തിലേക്ക് വഴിനടത്തുന്നത് ശരിയായ നടപടിയല്ല. പക്ഷെ അതുകൊണ്ടൊന്നും ഭരണഘടനയെ അവിശ്വസിക്കാന്‍ കഴിയില്ല, കാരണം അത് ഭരണഘടനയുടെയോ അതിലെ ഉള്ളടക്കത്തിന്റെയോ പ്രശ്‌നമല്ല.
മുസ്‌ലിം പ്രശ്‌നത്തെ രാജ്യത്തിന്റെ പ്രശ്‌നമായി മനസ്സിലാക്കാന്‍ മാത്രമുള്ള രാഷ്ട്രീയ സാക്ഷരതയിലേക്ക് സമൂഹം ഒന്നാകെ വളര്‍ന്നിട്ടില്ല. ഇന്ത്യന്‍ മുസ്‌ലിമിന്റെ പ്രശ്‌നം സത്യത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ തന്നെ പ്രശ്‌നമാണ്. അത് മനസ്സിലാകാത്ത, രാഷ്ട്രീയ സാക്ഷരതയില്‍ മുന്നേറിയിട്ടില്ലാത്ത ബഹുജന സമൂഹത്തോട് ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു മാത്രമേ നമുക്ക് ആശയവിനിമയം നടത്താന്‍ സാധിക്കുകയുള്ളു. ബൗദ്ധിക വേദികളില്‍, മുസ്‌ലിമിന്റെ പ്രശ്‌നം മതത്തിന്റെ കൂടി പ്രശ്‌നമായി അവതരിപ്പിക്കുമ്പോഴും, പൊതുജനങ്ങള്‍ക്കു മുമ്പില്‍ അതിനെ ഭരണഘടനയുടെ പ്രശ്‌നമായി അവതരിപ്പിക്കുന്നത് തെറ്റിദ്ധരിപ്പിക്കാനല്ല, അതിനെ അങ്ങനെ ഉള്‍ക്കൊള്ളാനുള്ള ഒരു രാഷ്ട്രീയ വളര്‍ച്ചയിലേക്കേ നമ്മള്‍ എത്തിയിട്ടുള്ളു എന്നതുകൊണ്ടാണ്. മുസ്‌ലിം പ്രശ്‌നങ്ങളെക്കുറിച്ച് അക്കാദമിക സെമിനാറുകളിലും ബൗദ്ധിക സംവാദങ്ങളിലും ഉയര്‍ത്തുന്ന സിദ്ധാന്തങ്ങളും ഭാഷകളും പ്രയോഗങ്ങളും പൊതു സമൂഹത്തിന്റെ സാമാന്യബോധത്തെ മനസ്സിലാക്കാതെ അവതരിപ്പിക്കുന്നത് ഗുണകരമാകില്ല.
വരച്ചു വെച്ച വാര്‍പ്പു മാതൃകകളില്‍ നിന്ന് വ്യത്യസ്തമായി, ഞങ്ങള്‍ ഇങ്ങനെയൊന്നുമല്ല, ഞങ്ങള്‍ സ്‌നേഹവും വികാരങ്ങളും മൂല്യങ്ങളുമുള്ള മനുഷ്യരാണ് എന്ന് പറഞ്ഞ് മുസ്‌ലിംകള്‍ പൊതു ഇടങ്ങളില്‍ സജീവമാവുകയാണ് വേണ്ടത്. പ്രശ്‌നങ്ങളെ മറികടന്ന് ആസൂത്രിതമായി, ചിലപ്പോഴൊക്കെ നിശ്ശബ്ദമായി പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ നമുക്ക് അതിജീവിക്കാന്‍ സാധിക്കും. നിശ്ശബ്ദമായ പണികള്‍ എന്നതുകൊണ്ടുദ്ദേശിച്ചത്, തെരുവില്‍ അധികം ബഹളം വെക്കാത്ത ക്രിയാത്മക നീക്കങ്ങളാണ്. ഉദാഹരണത്തിന് സിനിമ; മുസ്‌ലിം നാമമുള്ള സിനിമകള്‍, അല്ലെങ്കില്‍ സംവിധായകരുള്ള സിനിമകള്‍ വരുമ്പോള്‍ കേരളത്തിലെ പൊതുബോധത്തെ ഇത് അസ്വസ്ഥമാക്കുന്നു. മലയാള സിനിമയെ മലപ്പുറത്തിന്റെ ആലയില്‍ കൊണ്ടുകെട്ടുന്നു എന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നു. അത്തരത്തില്‍ ഒരു ബോധം നിലനില്‍ക്കുമ്പോള്‍ ഇതിനെതിരെ രണ്ടു തരത്തില്‍ നമുക്ക് പ്രതികരിക്കാം. ഒന്ന്, ഇത് അങ്ങനെയല്ല, ഞങ്ങള്‍ ഇങ്ങനെ ഉദ്ദേശിക്കുന്നില്ല എന്നൊക്കെ പറഞ്ഞ് ബഹളമുണ്ടാക്കലാണത്. രണ്ടാമതായി, അത്തരത്തിലുള്ള സിനിമകള്‍ വീണ്ടുമുണ്ടാക്കി പ്രതികരിക്കുകയാണ്. നമ്മളുണ്ടാക്കുന്ന സിനിമയുടെ വിശ്വാസ്യതയെ സംബന്ധിച്ച് നമുക്ക് സംശയമില്ലാത്തിടത്തോളം നമുക്കത് തുടരാം.
മുസ്‌ലിം സമൂഹത്തിന്റെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരണം. ഇനിയും നമ്മള്‍ തുടര്‍ന്നുവന്ന രൂപത്തിലാണ് മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ പുതിയ തലമുറ വഴിമാറി നടക്കും. അധികാരവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മേഖലക്ക് ഊന്നല്‍ നല്‍കണം. നിലവില്‍ പല സംഘടനകളും സിവില്‍ സര്‍വീസിന് കോച്ചിംഗുകള്‍ നല്‍കുന്നുണ്ട്, എന്നാല്‍ അവ എത്രത്തോളം ദീര്‍ഘവീക്ഷണത്തോടെയാണ് മുന്നോട്ട് പോകുന്നത് എന്ന കാര്യത്തില്‍ സംശയമുണ്ട്. സംഘടനകള്‍ ശൈലി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദ്വന്ദങ്ങളിലായാണ് ചില മുസ്‌ലിം സംഘടനകളും, അവയുടെ വിദ്യാര്‍ഥി-യുവജന വിഭാഗവും നില്‍ക്കുന്നത്. ഇങ്ങനെ സമാന്തര രേഖകളായി പുതിയ തലമുറയും സംഘടനകളും പോയിക്കഴിഞ്ഞാല്‍ അരാജകത്വമായിരിക്കും ഫലം. രണ്ടിനെയും സംഗമിപ്പിക്കാന്‍ പറ്റിയ ഒരു പോയിന്റില്‍ നമ്മള്‍ എത്തണം. അതിനുള്ള പരിശ്രമം സംഘടനകളുടെ ഭാഗത്ത് നിന്നുതന്നെ ഉണ്ടാകണം.
ഇന്ത്യയില്‍ ഫാഷിസത്തിന്റെ പ്രയോഗവല്‍ക്കരണം നടക്കില്ല എന്ന് ശുഭാപ്തിവിശ്വാസത്തോടു കൂടി നമുക്ക് പറയാന്‍ കഴിയും. കാരണം, ഇന്ത്യയിലെ ജനങ്ങളുടെ പ്രതിപക്ഷത്തില്‍ നമുക്ക് പ്രതീക്ഷയുണ്ട്. ഒരു ഏകാധിപതിയും വാഴില്ല എന്ന പ്രതീക്ഷയാണല്ലോ നമ്മളെ മുന്നോട്ട് നയിക്കുന്നത്. ഇന്ത്യയിലെ വിദ്യാര്‍ഥികളിലും തെരുവുകളിലും സമരവീഥികളിലും നമുക്ക് പ്രതീക്ഷയുണ്ട്. ഇന്ത്യയുടെ യുവത്വത്തിന് ആ ഏകാധിപത്യം തടുക്കാനുള്ള കരുത്തുണ്ട്. പൗരത്വ സമരകാലമാണ് ഫാഷിസം ഇന്ത്യയില്‍ വാഴുമെന്ന എന്റെ ധാരണകളെ തിരുത്തിയത്. പൗരത്വ സമരവും കര്‍ഷക സമരവും എടുത്തുനോക്കിയാല്‍ സമരങ്ങളുടെ കരുത്ത് ബോധ്യമാവും. സ്വാതന്ത്ര്യ സമരകാലത്തിനു ശേഷം ഇതുവരെ കണ്ടിട്ടില്ലാത്ത തീക്ഷണ സമരങ്ങള്‍ക്കാണ് ഇന്ത്യ സാക്ഷിയായത്. ഈ കരുത്തിനെ അതിജീവിക്കാനുള്ള മിഷനറി ഫാഷിസത്തിന്റെ അടുത്തില്ല. അതുകൊണ്ടു തന്നെ ഇന്ത്യയിലെ ബഹുജന പ്രതിപക്ഷം വിജയിക്കും.
ഇടതുപക്ഷത്തിന്റെ ലിബറലിസം ഏതോ അര്‍ഥത്തില്‍ മുസ്‌ലിം വിദ്യാര്‍ഥികളെ ടാര്‍ഗറ്റ് ചെയ്യുന്നുണ്ട്. ഇടതുപക്ഷത്തിന് യഥാര്‍ഥത്തില്‍ രണ്ട് മുഖങ്ങള്‍ ഉണ്ട്. ഒരുവശം വല്ലാതെ നിറമുള്ളതായി തോന്നാം. എന്നാല്‍ മറുവശം വിഷമുള്ളതാണ്. ഒരേ സമയം അവര്‍ക്ക് ജനാധിപത്യത്തെയും സര്‍ഗാത്മകതയെയും കുറിച്ച് മനോഹരമായി സംസാരിക്കാന്‍ പറ്റും. പക്ഷെ കമ്യൂണിസത്തിന്റെ അടിസ്ഥാന ഉള്ളടക്കത്തില്‍ ഇതൊന്നുമില്ല. കാപട്യത്തിന്റെ രാഷ്ട്രീയമാണ് അവര്‍ മുന്നോട്ടുവെക്കുന്നത്. ലിബറലിസം രസമുള്ള ആശയമാണ്. എന്നാല്‍ അതിലൂടെ അരാജകത്വം കടത്തിവിടുന്നത് ഗൗരവപ്പെട്ട പ്രശ്‌നമാണ്. ധാര്‍മിക അടിത്തറ ഏതൊരു സമൂഹത്തിനും അനിവാര്യമാണ്. ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന ലിബറലിസം യഥാര്‍ഥത്തില്‍ അവനവനിസം (അവനവനിലേക്ക് ചുരുങ്ങല്‍) ആണ്. മൂല്യങ്ങളെ നിരാകരിക്കലാണത്. മുസ്‌ലിം സമുദായത്തിന് മാത്രമല്ല സമൂഹത്തിന് പൊതുവില്‍ അത് ദോഷമുണ്ടാക്കും. കുടുംബത്തെയാണ് അവര്‍ വെല്ലുവിളിക്കുന്നത്. ശരിയാണ്, കുടുംബത്തിനകത്തെ ചില പരമ്പരാഗത സമീപനങ്ങളില്‍ മാറ്റങ്ങളുണ്ടാവണം. എന്നാല്‍ ആ മാറ്റങ്ങള്‍ക്കു വേണ്ടി കുടുംബം എന്ന സിസ്റ്റത്തെ പൊളിക്കുകയല്ല ചെയ്യേണ്ടത്. കുടുംബത്തെ പൊളിക്കുക എന്നതാണ് ഇടതുപക്ഷം മുന്നോട്ടുവെക്കുന്നത്. ഈ പൊളിറ്റിക്‌സ് ഒരു പരിഹാരമല്ല, മാറ്റങ്ങള്‍ക്ക് വിധേയമാക്കാനുള്ള പ്രായോഗിക ശ്രമങ്ങള്‍ നടത്തുകയാണ് വേണ്ടത്. മുസ്‌ലിം സമൂഹത്തെ അവര്‍ ടാര്‍ഗറ്റ് ചെയ്യുന്നത് സത്യമാണ്. പുതിയ മുസ്‌ലിം സമൂഹവും പഴയ മുസ്‌ലിം സമൂഹവും തമ്മിലെ വിടവ് വലുതാണ്, അത് മുതലെടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അത് വിജയിക്കുന്നതിനു മുമ്പ് ആ വിടവ് നികത്താനുള്ള ശ്രമങ്ങള്‍ നമ്മുടെ ഭാഗത്ത് നിന്നുമുണ്ടാവണം.
Comments