Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 24

3219

1443 സഫര്‍ 17

തൊണ്ണൂറ്റി അഞ്ചിന്റെ നിറവില്‍ ശൈഖ് ഖറദാവി

ഇസ്വാം തലീമ

കഴിഞ്ഞ സെപ്റ്റംബര്‍ ഒമ്പതിന് നമ്മുടെയെല്ലാം മഹാഗുരുനാഥന്‍ ഡോ. ശൈഖ് യൂസുഫുല്‍ ഖറദാവിക്ക് തൊണ്ണൂറ്റിയഞ്ച് വയസ്സ് പൂര്‍ത്തിയായി. 9/9/1926-നാണ് അദ്ദേഹത്തിന്റെ ജനനം. ഹിജ്‌രി കലണ്ടര്‍ പ്രകാരം അദ്ദേഹത്തിന് തൊണ്ണൂറ്റി എട്ട് കഴിഞ്ഞിരിക്കുന്നു. ആയുസ്സ് ഒരു ഹിജ്‌രി നൂറ്റാണ്ടിനോടടുത്തെത്തി നില്‍ക്കുന്നു. അദ്ദേഹം ആയുരാരോഗ്യത്തോടെ ഇനിയും ദീര്‍ഘകാലം നമ്മോടൊപ്പം ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. സെപ്റ്റംബര്‍ മാസവുമായി അദ്ദേഹത്തിന്റെ കുടുംബത്തിന് പ്രത്യേക ബന്ധം തന്നെയുണ്ട്. അദ്ദേഹത്തിന്റെ മകനും കവിയുമായ അബ്ദുര്‍റഹ്മാനും പെണ്‍മക്കളില്‍ രണ്ടു പേരും (ഡോ. ഇല്‍ഹാം, ഡോ. സിഹാം) ചില പേരക്കുട്ടികളും ജനിച്ചത് സെപ്റ്റംബറിലാണ്.
കാല്‍ നൂറ്റാണ്ടോളം കാലം ശൈഖിന് ശിഷ്യപ്പെടാനും അദ്ദേഹത്തിനൊപ്പം കഴിയാനും ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഞാന്‍. അദ്ദേഹം നടത്തിയ സുപ്രധാനമായ നിലപാട് പ്രഖ്യാപന സന്ദര്‍ഭങ്ങളിലൊക്കെ അതിന് സാക്ഷിയാകാന്‍ എനിക്ക് കഴിഞ്ഞു. അതിക്രമികള്‍ക്കും സ്വേഛാധിപതികള്‍ക്കുമെതിരെ ഇത്ര കടുത്ത നിലപാടെടുത്ത മറ്റൊരു ഇസ്‌ലാമിക പണ്ഡിതന്‍ നമ്മുടെ കാലത്ത് ഉണ്ടാവില്ല. എപ്പോഴും അദ്ദേഹം അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അശരണര്‍ക്കുമൊപ്പം നിലയുറപ്പിച്ചു.
അവസാന വര്‍ഷങ്ങളില്‍ ഇസ്തംബൂളില്‍ വരുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. 'നാല് കാര്യങ്ങള്‍ എനിക്ക് ലഭിക്കാന്‍ വേണ്ടി താങ്കള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കണം - ആരോഗ്യം, ഇഖ്‌ലാസ്വ് (ആത്മാര്‍ഥത), ബറകത്ത് (അനുഗ്രഹം), സ്വീകാര്യത എന്നിവക്കു വേണ്ടി.' അദ്ദേഹം എന്നോട് പറയും. പിന്നീടൊരിക്കല്‍ തൗഫീഖ് (ഉതവി) എന്ന വാക്കുകൂടി അതോടൊപ്പം ചേര്‍ത്തു പറഞ്ഞു. ഇതെല്ലാം ഏറക്കുറെ സാക്ഷാത്കരിക്കപ്പെട്ട ഒരു മഹത് ജീവിതമാണതെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റും.
ആരോഗ്യസംബന്ധിയാണെങ്കില്‍ പ്രായാധിക്യം കാരണമായുള്ള രോഗങ്ങളാണ് അദ്ദേഹത്തിനുള്ളത്. ഇത്രയേറെ വ്യാജ ചരമവാര്‍ത്തകള്‍ പ്രചരിച്ച മറ്റൊരു പണ്ഡിതന്‍ നമ്മുടെ കാലത്ത് വേറെയുണ്ടാവില്ല. ചിലപ്പോള്‍ ഓരോ മാസവും അത്തരം വ്യാജ മരണവാര്‍ത്ത പ്രചരിക്കും. ആളുകള്‍ നിജഃസ്ഥിതി അറിയാനായി എന്നെ വിളിക്കും. ശൈഖ് സുഖമായിരിക്കുന്നു എന്നു പറഞ്ഞാലൊന്നും അവര്‍ വിശ്വസിക്കുകയില്ല. ഞാന്‍ നേരിട്ട് ശൈഖിനെ വിളിച്ച് ഉറപ്പു വരുത്തണമെന്ന് അവര്‍ പറയും. ഞാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിക്കും. വ്യാജ വാര്‍ത്ത അദ്ദേഹവും അറിഞ്ഞിട്ടുണ്ടായിരിക്കും. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു: 'എല്ലാവര്‍ക്കും വരാനുള്ളതാണ് മരണം. അത് ദൈവവിധിയാണ്. അവധി എത്തിക്കഴിഞ്ഞാല്‍ മുന്തിക്കുകയോ പിന്തിക്കുകയോ ചെയ്യുന്ന പ്രശ്‌നമില്ല. ഞാന്‍ മരിച്ചു കിട്ടാന്‍ ആഗ്രഹിക്കുന്നവരായിരിക്കാം വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത്.'
പ്രതിയോഗികള്‍ അദ്ദേഹത്തിന്റെ മരണമാഗ്രഹിക്കുന്നുണ്ടാവാം. പക്ഷേ ദശലക്ഷങ്ങളാണ് അദ്ദേഹത്തിന്റെ ആരോഗ്യത്തിനു വേണ്ടി ഉള്ളുരുകി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നത്.
തന്റെ വാക്കും പ്രവൃത്തിയും ഇഖ്‌ലാസ്വോടെ ആയിരിക്കാന്‍ പ്രാര്‍ഥിക്കണമെന്നാണല്ലോ രണ്ടാമതായി പറഞ്ഞിരിക്കുന്നത്. ഇക്കാര്യത്തില്‍ ഒരാളുടെയും കര്‍മത്തെക്കുറിച്ച് വിധി പറയാന്‍ നാം മനുഷ്യര്‍ അശക്തരാണ്. ഇഖ്‌ലാസ്വ് ഇല്ലെങ്കില്‍ കര്‍മങ്ങള്‍ സകലതും പാഴായിപ്പോകും എന്ന ഉത്തമ ബോധ്യത്തില്‍നിന്നാണ് അദ്ദേഹം നമ്മോട് അങ്ങനെ ആവശ്യപ്പെടുന്നത്. ബറകത്തിന്റെ കാര്യമാണെങ്കില്‍, അനുഗൃഹീത ആയുസ്സ് എന്നല്ലേ നമുക്ക് ആ ജീവിതത്തെ വിശേഷിപ്പിക്കാനാകൂ. എന്തൊരു ബറകത്താണ് ആ സമയവിനിയോഗത്തില്‍! എന്തു മാത്രം സല്‍ക്കര്‍മങ്ങളില്‍ മുഴുകിയാണ് ആ ജീവിതം തൊണ്ണൂറ്റി അഞ്ച് പൂര്‍ത്തിയാക്കിയിരിക്കുന്നത്!
സമയത്തിന്റെ ബറകത്തിനെക്കുറിച്ച് പറയാം. ഞങ്ങളൊരുമിച്ച് എങ്ങോട്ട് യാത്ര പോകുമ്പോഴും ശൈഖ് ഖറദാവി ഒന്നുകില്‍ എഴുതുകയായിരിക്കും; അല്ലെങ്കില്‍ വായിക്കുകയായിരിക്കും. ഇങ്ങനെയല്ലാതെ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. അദ്ദേഹം എഴുതിയ ലേഖനങ്ങളുടെയോ പുസ്തക ഭാഗങ്ങളുടെയോ ഫത്‌വകളുടെയോ കൈയെഴുത്തു പ്രതികള്‍ എപ്പോഴും എനിക്ക് വന്നുകൊണ്ടിരിക്കും. ഹോട്ടലില്‍ നിന്ന് കിട്ടുന്ന പേപ്പറുകളിലൊക്കെ എഴുതിക്കൊണ്ടിരിക്കും. 'മെനു'വിന്റെ കാലിയായ മറുപുറത്തായിരിക്കും ചിലപ്പോള്‍ എഴുത്ത്! സെമിനാറുകളിലൊക്കെ പങ്കെടുക്കുമ്പോള്‍ കെട്ടുകണക്കിന് കടലാസുകള്‍ കിട്ടുമല്ലോ. അതിന്റെയൊക്കെ മറുപുറങ്ങള്‍ അദ്ദേഹം എഴുതി നിറച്ചിരിക്കും. ഇങ്ങനെ പല നാടുകളിലെ ഹോട്ടലുകളില്‍നിന്ന്, ബാങ്കുകളില്‍നിന്ന്, സെമിനാറുകളില്‍നിന്ന് കിട്ടിയ കടലാസുകളുടെ ശേഖരമായിരിക്കും അദ്ദേഹത്തിന്റെ കൈയെഴുത്തു പ്രതികള്‍. അവ പരിശോധിച്ചാല്‍ ശൈഖ് ഏതൊക്കെ നാടുകള്‍ സന്ദര്‍ശിച്ചു എന്നു വരെ പറയാന്‍ പറ്റും.
അദ്ദേഹത്തെപ്പോലെ ഇത്രയധികം ബൃഹദ് രചനകള്‍ നടത്തിയ മറ്റാരുണ്ട് ഇന്ന് മുസ്‌ലിം ലോകത്ത്? അവയിലധികം അതത് വിഷയങ്ങളിലെ ഒന്നാം റഫറന്‍സുകള്‍ തന്നെയാണ്. പില്‍ക്കാലക്കാര്‍ വികസിപ്പിച്ച ഫിഖ്ഹുല്‍ അഖല്ലിയ്യാത്ത് പോലുള്ള വിജ്ഞാന ശാഖകള്‍ക്ക് ബീജാവാപം നല്‍കിയതും ശൈഖ് ഖറദാവി തന്നെ.
ഇനി അദ്ദേഹത്തിന് ലഭിച്ച സ്വീകാര്യതയെക്കുറിച്ചാണെങ്കില്‍, കിഴക്കും പടിഞ്ഞാറുമുള്ള എത്രയധികം ഭാഷകളിലേക്കാണ് അദ്ദേഹത്തിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളത്! അദ്ദേഹത്തിന്റെ മൊത്തം കൃതികള്‍ ഇരുനൂറിലധികമുണ്ട്. ചില പുസ്തകങ്ങളൊക്കെ അമ്പത് എഡിഷന്‍ പിന്നിട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ചാനല്‍ പരിപാടികള്‍ കാണാറുണ്ടായിരുന്നത് ദശലക്ഷങ്ങളാണ്. ശൈഖിന്റെ വിലാസം അറിയാത്ത ചിലര്‍ 'ഡോ. യൂസുഫുല്‍ ഖറദാവി, ഖത്തര്‍' എന്ന് മാത്രമെഴുതി കത്തയക്കും. കത്ത് കൃത്യമായി ശൈഖിന് ലഭിക്കും. അത്തരം കത്തുകള്‍ ഞാനാണ് തുറന്നുനോക്കുക. മഹാനവര്‍കളേ, ഞങ്ങള്‍ താങ്കളെ സ്‌നേഹിക്കുന്നു, താങ്കളുടെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നു. ഇതായിരിക്കും കത്തുകളുടെ ഉള്ളടക്കം. ജനങ്ങളുടെ കലര്‍പ്പറ്റ സ്‌നേഹം, പ്രാര്‍ഥന. ഇതു തന്നെയല്ലേ ഏറ്റവും വലിയ പൊതു സ്വീകാര്യത.
ശിഷ്ടജീവിതത്തിലും ഇതുപോലെ ബറകത്തുകള്‍ നല്‍കി അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.
(ശൈഖ് ഖറദാവിയുടെ ശിഷ്യനായ ലേഖകന്‍ ഇപ്പോള്‍ ഖത്തറിലെ ജംഇയ്യ ഖൈരിയ്യയില്‍ ജോലിചെയ്യുന്നു).  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (16-20)
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രബോധനത്തില്‍നിന്ന് ഒളിച്ചോടുന്നവനല്ല മുസ്‌ലിം
ഹാഫിസ് ബശീര്‍ ഈരാറ്റുപേട്ട