വിദ്വേഷ പ്രചാരണങ്ങളെ ക്രിയാത്മകമായി മറികടക്കുക
കുറവിലങ്ങാട് പള്ളിയില്‍ പാലാ രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രഭാഷണം പ്രാഥമികമായി നിരാകരിക്കുന്നത് നമ്മുടെ സാമൂഹിക സൗഹാര്‍ദാന്തരീക്ഷത്തെയും നിയമവ്യവസ്ഥയെയുമാണ്. അങ്ങേയറ്റം വിഷലിപ്തമായ പ്രഭാഷണം അബദ്ധത്തില്‍ സംഭവിച്ചതല്ല, മുന്‍കൂട്ടി എഴുതി തയാറാക്കിയതാണ് എന്നത് അതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. രാജ്യത്ത് സംഘ് പരിവാര്‍ അധികാരത്തിലെത്തിയതിനു ശേഷം കേരളത്തിന്റെ സൗഹാര്‍ദാന്തരീക്ഷത്തെ അപകടപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിവിധ ഭാഗങ്ങളില്‍നിന്ന് നടക്കുന്നു എന്ന ആശങ്ക നിലനില്‍ക്കുമ്പോള്‍ അതിന് സഹായകമാകുന്ന തരത്തില്‍ ബിഷപ്പ് നടത്തിയ പ്രഭാഷണം അപലപനീയമാണ്. നമ്മുടെ മതനിരപേക്ഷതയെയും കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ ആത്മാഭിമാനത്തെയും അത് സാരമായി മുറിവേല്‍പ്പിക്കുന്നുണ്ട്.
ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ പ്രയോഗങ്ങളിലൂടെ ഇസ്‌ലാമിലെ സാങ്കേതിക ശബ്ദങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന നിലക്ക് മുസ്‌ലിം സമുദായത്തിന്റെ വൈകാരികതയെ ബിഷപ്പ് വ്രണപ്പെടുത്തുന്നു. നാര്‍ക്കോട്ടിക് ജിഹാദ് എന്ന പ്രയോഗം മാത്രമല്ല, പ്രഭാഷണത്തിലെ ഓരോ വാക്കും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പൈശാചികവല്‍ക്കരിക്കുന്നതും വിദ്വേഷവും ഭീതിയും വെറുപ്പും ആഴത്തില്‍ കുത്തിവെക്കുന്നതുമാണ്. സ്‌കൂളുകള്‍, കോളേജുകള്‍, ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍, ട്രെയ്‌നിംഗ് സെന്ററുകള്‍, ഐസ്‌ക്രീം പാര്‍ലറുകള്‍ തുടങ്ങി ആളുകള്‍ കൂടിച്ചേരുന്ന എല്ലാ പൊതു ഇടങ്ങളിലും മുസ്‌ലിം തീവ്രവാദികള്‍ വലവിരിച്ചിരിക്കുകയാണ് എന്നിങ്ങനെ നീളുന്നു ബിഷപ്പിന്റെ ആരോപണം. കലാ -സാംസ്‌കാരിക രംഗങ്ങളിലും ബിസിനസ്സിലും റിയല്‍ എസ്റ്റേറ്റ് മേഖലകളിലുമെല്ലാം ജിഹാദികളുണ്ടെന്നാണ് അച്ചന്റെ കണ്ടെത്തല്‍. മുസ്‌ലിം സമുദായത്തിലെ ഓരോ അംഗത്തെയും അവരുടെ ജീവിതായോധന മേഖലകളില്‍ വെച്ച് തന്നെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുക എന്ന തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തില്‍ മുസ്‌ലിംകളുടെ ഇടയില്‍ കാണപ്പെടുന്ന വിദ്യാഭ്യാസ ഉണര്‍വുകളും സംരംഭകത്വ സന്നദ്ധതയും തീവ്രവാദത്തിന്റെ പ്രകട ലക്ഷണങ്ങളാണെന്ന് ബിഷപ്പ് ആരോപിക്കുന്നു.
ന്യൂനപക്ഷങ്ങളെ രാജ്യത്തിന്റെ ശത്രുക്കളായി കാണുന്ന സംഘ് പരിവാറിന്റെ ഡ്രില്ലിലേക്കും ശാഖകളിലേക്കും ക്രൈസ്തവ സഹോദരങ്ങളെ കൊണ്ടെത്തിക്കുക എന്ന ദൗത്യമാണ് മതമേലധ്യക്ഷന്മാര്‍ ഏറ്റെടുത്തിരിക്കുന്നത് എന്ന് ന്യായമായും സംശയിക്കാം. സംഘ് പരിവാറിനെ പ്രീണിപ്പിച്ച് ചില താല്‍ക്കാലിക നേട്ടങ്ങള്‍ നേടിയെടുക്കാന്‍ ഇത്തരം നിലപാടുകള്‍ ഉപകരിച്ചേക്കാം. തങ്ങളുടെ ഭൗതിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാനോ, ആഭ്യന്തര സംഘര്‍ഷങ്ങളില്‍നിന്ന് വിശ്വാസികളുടെ ശ്രദ്ധ തിരിക്കാനോ, പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ആക്കം കൂട്ടാനോ ഒക്കെയുള്ള ഒരുക്കമായി ഇതിനെ വായിച്ചെടുക്കാവുന്നതാണ്. അതെന്തായിരുന്നാലും സംഘ് പരിവാര്‍ ഉന്മൂലനം ചെയ്യാന്‍ നമ്പറിട്ട് വെച്ചവരുടെ പട്ടികയില്‍ തങ്ങളും അധികം താഴെയല്ലെന്ന തിരിച്ചറിവാണ് ക്രൈസ്തവ നേതൃത്വത്തിനും വിശ്വാസികള്‍ക്കും ആദ്യമായി വേണ്ടത്. രാഷ്ട്രീയ, മത, കക്ഷി ഭേദമന്യേ എല്ലാവരും ഒന്നുചേര്‍ന്ന് സംഘ് പരിവാറിനെ പ്രതിരോധിക്കേണ്ട നിര്‍ണായക സന്ദര്‍ഭത്തില്‍ ആര്‍.എസ്.എസ് ഉല്‍പാദിപ്പിക്കുന്ന മുസ്‌ലിം വിരുദ്ധതക്ക് വളം വെച്ചുകൊടുക്കുന്നു എന്ന അവിവേകമാണ് സംഭവിച്ചിരിക്കുന്നത്. പിന്തിരിയാന്‍ പൗരനെന്ന നിലയിലും വിശ്വാസിയെന്ന നിലയിലും ബിഷപ്പിന് ബാധ്യതയുണ്ട്.
ലൗ ജിഹാദ് ആരോപണത്തെ അന്വേഷണ ഏജന്‍സികളും കോടതിയും തള്ളിയതാണ്. അങ്ങേയറ്റം മുസ്‌ലിം വിരുദ്ധമായ ഒരന്തരീക്ഷത്തില്‍ അന്വേഷണ ഏജന്‍സികളും കോടതിയും അത്തരമൊരു തീര്‍പ്പിലെത്തുന്നതു തന്നെ എത്രമേല്‍ ദുര്‍ബലമാണ് ലൗ ജിഹാദ് ആരോപണമെന്ന് തെളിയിക്കുന്നുണ്ട്. ലൗ ജിഹാദില്ല എന്ന് പാര്‍ലമെന്റിലും വിശദീകരിക്കപ്പെട്ടു. തുടര്‍ന്നും ലൗ ജിഹാദ് ആരോപണം ഉന്നയിക്കുകയും അതില്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള അഭ്യാസമായി മേല്‍ കണ്ടെത്തലുകളെ വിശദീകരിക്കുകയും ചെയ്യുന്ന ബിഷപ്പ് നമ്മുടെ നിയമ സംവിധാനത്തെ നിരാകരിക്കുകയാണ് ചെയ്യുന്നത്.
ക്രൈസ്തവ വിശ്വാസികളിലും പിതാക്കന്മാരിലും പെട്ട വലിയൊരു വിഭാഗവും കേരളീയ പൊതുസമൂഹവും ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ രംഗത്തുവന്നിട്ടുണ്ട് എന്നത് സന്തോഷകരമാണ്. പക്ഷേ, ദുഃഖിപ്പിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാറിന്റെ നിലപാടാണ്. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ, വിദ്വേഷം ആരോപിച്ച് മതപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കനത്ത വകുപ്പുകള്‍ ചുമത്തി കേസെടുത്ത അനുഭവം കേരളത്തിലുണ്ട്. അതിന്റെ പേരില്‍ വര്‍ഷങ്ങളോളം ജയിലുകളില്‍ വിചാരണ പൂര്‍ത്തിയാകാതെ മരണത്തോട് മല്ലിട്ട് കഴിയുന്നവരുമുണ്ട്. പക്ഷേ, ബിഷപ്പിനെതിരെ സര്‍ക്കാറിന് ഒന്നും ചെയ്യാനില്ല! നിയമവ്യവസ്ഥ മൂകമാണോ? അതിനിര്‍ണായകമായ സന്ദര്‍ഭത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ഇടതുപക്ഷ സര്‍ക്കാര്‍ കാര്‍മികത്വം വഹിച്ചു എന്നായിരിക്കും ഭാവികേരളം ചരിത്രവായന നടത്തുക.
ആത്യന്തികമായി ഇത് സംഘ് പരിവാറിനാണ് ഗുണം ചെയ്യുക. ആരായിരുന്നാലും സമൂഹം സംഘര്‍ഷപ്പെട്ടുനില്‍ക്കുക എന്നാണ് അവരാഗ്രഹിക്കുന്നത്. ക്രൈസ്തവ- മുസ്‌ലിം സംഘര്‍ഷം രൂപപ്പെടുന്നതില്‍ ഇരുവിഭാഗത്തിനും ഒരു നന്മയുമില്ല. അതിനാല്‍ ആ അജണ്ടക്ക് ഇരുവിഭാഗവും നിന്നുകൊടുക്കേണ്ടതില്ല. മുസ്‌ലിം സമുദായം ഒരു ആദര്‍ശ സമൂഹമാണ്. ആദര്‍ശാധിഷ്ഠിതമായിരിക്കണം അവരുടെ നിലപാടുകളും സമീപനങ്ങളും. തിന്മയെ മികച്ച നന്മ കൊണ്ട് നേരിടാനേ നമുക്ക് നിര്‍വാഹമുള്ളൂ. വിദ്വേഷപ്രസംഗത്തെ അതേ നാണയത്തില്‍ തിരിച്ചടിക്കുന്നത് നമ്മുടെ രീതിയല്ല. വിദ്വേഷത്തെയും ധ്രുവീകരണത്തെയും നാം ഇസ്‌ലാമിക സാഹോദര്യം കൊണ്ട് നേരിടണം. മാപ്പുസാക്ഷിത്വത്തിന്റെയും വിധേയത്വത്തിന്റെയും ഒതുങ്ങലിന്റെയും രീതിയും നമ്മുടേതല്ല.
ഇസ്‌ലാമിക പ്രവര്‍ത്തകര്‍ ഒരു പ്രബോധക സംഘമാണ്. ഏതു പ്രകോപനങ്ങളിലും നമ്മുടെ അടിസ്ഥാന സമീപനം അതായിരിക്കണം. വിദ്വേഷത്തെയും ധ്രുവീകരണത്തെയും ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെ മറികടക്കാന്‍ നമുക്കാവണം. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും യഥാവിധി മനസ്സിലാക്കിയിട്ടില്ലാത്ത വലിയൊരു വിഭാഗം കേരളത്തിലുണ്ട്. ഇസ്‌ലാമിനോടുള്ള വെറുപ്പും വിദ്വേഷവും എല്ലാം തിടംവെച്ചു വളരുന്നത് അജ്ഞതയുടെ ഈ വളക്കൂറുള്ള മണ്ണിലാണ്. നമ്മുടെ എല്ലാ ശക്തിയും നാം ഉപയോഗിക്കേണ്ടത് ഈ അജ്ഞത നീക്കാനാണ്. അല്ലാഹു ജീവിതമാര്‍ഗമായി നല്‍കിയ ദീനിനെ അവരറിയുന്നില്ലല്ലോ എന്നതുതന്നെയാണ് കാതലായ പ്രശ്‌നം. സമൂഹത്തിലേക്കിറങ്ങുക എന്നതുതന്നെയാണ് ഏതു സന്ദര്‍ഭവും നമ്മോടാവശ്യപ്പെടുന്നത്.
Comments