Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 24

3219

1443 സഫര്‍ 17

അവകാശസംരക്ഷണ  പോരാട്ടങ്ങള്‍ 

ടി.കെ ഹുസൈന്‍

ജമാഅത്തെ ഇസ്‌ലാമി നടത്തിയ മനുഷ്യാവകാശ കാമ്പയിന്‍ വലിയ ആത്മസംതൃപ്തി നല്‍കിയ അനുഭവമായിരുന്നു. 'മനുഷ്യന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുക' എന്ന തലക്കെട്ടില്‍ 2004-ലായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍ക്ക് ചിറകു നല്‍കിയ പ്രസ്തുത കാമ്പയിന്‍. കേരളത്തിന്റെ കാമ്പയിന്റെ കണ്‍വീനര്‍ ചുമതല എനിക്കായിരുന്നു. 2003-2007 ചതുര്‍വര്‍ഷ പരിപാടികളിലെ സുപ്രധാന ഇനമായിരുന്നു കാമ്പയിന്‍. മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണം, മനുഷ്യാവകാശ സംരക്ഷണത്തില്‍ സര്‍ക്കാറിന്റെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധക്ഷണിക്കല്‍, പൗരാവകാശങ്ങളെ ഹനിക്കുന്ന കരിനിയമങ്ങളെ ചെറുക്കല്‍, അക്രമത്തിലും തീവ്രതയിലും അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യല്‍, സ്ത്രീകള്‍, കുട്ടികള്‍, ആദിവാസികള്‍ പോലുള്ളവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തല്‍ എന്നിവയായിരുന്നു കാമ്പയിന്റെ ലക്ഷ്യങ്ങള്‍.
2004 ഡിസംബര്‍ 3 മുതല്‍ 12 വരെയാണ് ദേശീയതലത്തില്‍ കാമ്പയിന്‍ നടന്നത്. ഡിസംബര്‍ 3-ന് ജമാഅത്തിന്റെ അഖിലേന്ത്യാ അമീര്‍ ഡോ. അബ്ദുല്‍ ഹഖ് അന്‍സാരി ദല്‍ഹിയിലെ മൗലാനാ ആസാദ് കോളേജില്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ കാമ്പയിന്‍ തുടങ്ങിയത് അന്താരാഷ്ട്ര മനുഷ്യാവകാശദിനമായ ഡിസംബര്‍ പത്തിന്. എറണാകുളത്തെ മറൈന്‍ ഡ്രൈവിലായിരുന്നു ഉദ്ഘാടനം. ഉദ്ഘാടകന്‍ ഡോ. ത്വാഹിര്‍ മഹ്മൂദ്. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍, സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പരീതുപിള്ള, മുന്‍ ആക്റ്റിംഗ് ചെയര്‍മാന്‍ എസ്. ബലരാമന്‍, ജമാഅത്ത് അഖിലേന്ത്യാ ജന. സെക്രട്ടറി മുഹമ്മദ് ജഅ്ഫര്‍, കേരള അമീര്‍ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. 
കാമ്പയിന്‍ കാലയളവില്‍ ധാരാളം പരിപാടികള്‍ക്ക് കേരളം സാക്ഷിയായി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടന്ന മനുഷ്യാവകാശ യാത്ര ശ്രദ്ധേയമായിരുന്നു. ചിത്രകാരന്‍ എം.വി ദേവന്‍ യാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കര്‍ണാടകയിലെ പ്രശസ്ത കവി പി.എസ് പുണിഞ്ചിത്തായ ജാഥാ ക്യാപ്റ്റന്‍ ടി. ആരിഫലി സാഹിബിന് കൊടി കൈമാറി. 'പുലരിപ്പാട്ട്' എന്ന പേരിലുള്ള ചൊല്‍ക്കാഴ്ച പുതുയുഗത്തിന്റെ മന്ത്രമായി മനുഷ്യാവകാശയാത്ര സ്വീകരിച്ചു. കീഴാളവര്‍ഗം നേരിടുന്ന പീഡനങ്ങള്‍, ഭ്രൂണഹത്യ, വര്‍ഗീയത തുടങ്ങിയവ പ്രശ്‌നവല്‍ക്കരിക്കുന്നതായിരുന്നു പുലരിപ്പാട്ടുകള്‍, പുതിയൊരു പ്രഭാതം സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്നവ. സി. ശരത്ചന്ദ്രന്‍ സംവിധാനം ചെയ്ത 'വംശഹത്യയുടെ ഇരകള്‍' ഡോക്യുമെന്ററി അവകാശലംഘനങ്ങള്‍ക്കെതിരെ ഹൃദയവ്യഥയുടെ കാഴ്ചയായിരുന്നു. 14 ജില്ലകളില്‍ 58 കേന്ദ്രങ്ങളിലാണ് യാത്രക്ക് സ്വീകരണങ്ങള്‍ ലഭിച്ചത്. ഓരോ സ്ഥലത്തും അവിടെ കാത്തിരിന്നുവര്‍ നേരിടുന്ന പ്ലാച്ചിമട, എന്‍ഡോസള്‍ഫാന്‍, കടക്കെണി, ആദിവാസിപ്രശ്‌നം പോലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. അരലക്ഷത്തിലധികം പൊതുജനങ്ങളാണ് പരിപാടികളില്‍ സംബന്ധിച്ചത്. 
'പാര്‍ശ്വവത്കൃത സമൂഹവും മനുഷ്യാവകാശങ്ങളും' എന്ന തലക്കെട്ടില്‍ ഡിസംബര്‍ 26-ന് പാലക്കാട്ട് സെമിനാര്‍ നടന്നു. പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ ആയിരുന്നു അധ്യക്ഷന്‍. സ്വാമി അഗ്നിവേശ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ആന്ധ്രപ്രദേശ് ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച അഗ്നിവേശ് സന്യാസജീവിതത്തോടൊപ്പം സാമൂഹികവിഷയങ്ങളിലും ഉറച്ച ശബ്ദമായിരുന്നു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.കെ ശംസുദ്ദീനുമായി ചേര്‍ന്ന് മഹാരാഷ്ട്രയിലെ ജസ്റ്റിസ് എച്ച്. സുരേഷ് പീപ്പ്ള്‍സ് ജുഡീഷ്യല്‍ കമീഷനുവേണ്ടി തയാറാക്കിയ മുത്തങ്ങ സംഭവത്തിന്റെ റിപ്പോര്‍ട്ടും ദേശീയവും പ്രാദേശികവുമായ മനുഷ്യാവകാശ പ്രശ്‌നങ്ങളും ഐക്യരാഷ്ട്രസഭ, ആംനസ്റ്റി എന്നീ അന്തര്‍ദേശീയവേദികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ആദിവാസികളെ സാക്ഷിനിര്‍ത്തി സെമിനാറില്‍ ഭാരതീയ ആര്യസമാജം  ജന. സെക്രട്ടറി കൂടിയായിരുന്ന അഗ്നിവേശ് പ്രഖ്യാപിക്കുകയുണ്ടായി. 
ദലിത്, ന്യൂനപക്ഷങ്ങളോടുള്ള അസഹിഷ്ണുതയെക്കുറിച്ച് രാജ്യനിവാസികളെ ബോധവല്‍ക്കരിക്കാന്‍ 'പീസ് ആന്റ് ഹ്യൂമാനിറ്റി' എന്ന ശീര്‍ഷകത്തില്‍ ദേശവ്യാപകമായി കാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു ജമാഅത്ത്. ദേശീയ-അന്തര്‍ദേശീയ വിഷയങ്ങള്‍ എന്ന വകുപ്പിലാണ് കാമ്പയിന്‍ ഉള്‍പ്പെട്ടത്. വകുപ്പിന്റെ ചുമതല 2016 ജൂണ്‍ 16-ന് ചേര്‍ന്ന ജമാഅത്ത് സംസ്ഥാന കൂടിയാലോചനാ സമിതി എന്നെ ഏല്‍പ്പിച്ചു. പ്രവര്‍ത്തനാസൂത്രണത്തിന് ഏഴംഗ കമ്മിറ്റിയെയും നിര്‍ദേശിച്ചു. കാമ്പയിന്‍ ആസൂത്രണത്തിനും മറ്റും ഹല്‍ഖാ അമീര്‍ എം.ഐ അബ്ദുല്‍ അസീസ് സാഹിബിന്റെ കൂടെ വകുപ്പ് സെക്രട്ടറിയെന്ന നിലയില്‍ ഞാനും കേന്ദ്രത്തിന്റെ ക്ഷണമനുസരിച്ച് ദല്‍ഹി മര്‍കസില്‍ പോയിരുന്നു. കേരളത്തില്‍ 'പീസ് ആന്റ് ഹ്യൂമാനിറ്റി' കാമ്പയിന്‍  പ്രഖ്യാപന പരിപാടി സെപ്റ്റംബര്‍ ഒന്നിന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ കേരള ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്തു. ജമാഅത്തിന്റെ അഖിലേന്ത്യാ ഉപാധ്യക്ഷന്‍ സയ്യിദ് സആദത്തുല്ല ഹുസൈനി പ്രഖ്യാപനം നിര്‍വഹിച്ചു. സ്വാമി ഋതംബരാനന്ദ, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, പെരുമ്പടവം ശ്രീധരന്‍, ഒ.വി ഉഷ തുടങ്ങിയ മത-സാംസ്‌കാരിക പ്രമുഖര്‍ പരിപാടിയില്‍ സന്നിഹിതരായി. സെപ്റ്റംബര്‍ 4-ന് 'കാസര്‍കോടിന്റെ സൗഹൃദം' എന്ന പേരില്‍ ടേബ്ള്‍ ടോക്കും സെപ്റ്റംബര്‍ 9-ന് 'സൗഹൃദമാണ് മലബാറിന്റെ പാരമ്പര്യം' എന്ന പേരില്‍ സൗഹൃദസദസ്സും നടന്നു. പരിപാടികളില്‍ പി. സുരേന്ദ്രന്‍, ശൈഖ് മുഹമ്മദ് കാരകുന്ന്, എം.പി അബ്ദുസ്സമദ് സമദാനി, അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി. ആരിഫലി, അമീര്‍ എം.ഐ അബ്ദുല്‍ അസീസ് എന്നിവര്‍ സംബന്ധിച്ചു. 'മലബാറിന്റെ സൗഹൃദപാരമ്പര്യ'ത്തിന്റെ തുടര്‍ച്ചക്ക് കോട്ടക്കല്‍ പി.എസ് വാരിയര്‍, ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം, ഖാദി മുഹമ്മദ്, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, എ.കെ കോഡൂര്‍ എന്നിവരുടെ കുടുംബങ്ങളെ എം.ജി.എസ് നാരായണന്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു. സഹോദരന്‍ അയ്യപ്പന്റെ പന്തിഭോജനമടക്കമുള്ള സംഭവബഹുലമായ ചരിത്രമുള്ള ചെറായി ഗൗരീശ്വരം ക്ഷേത്രമൈതാനത്ത് നടന്ന സാഹോദര്യസമ്മേളനത്തില്‍ ടി ആരിഫലി, കേരള അസി. അമീര്‍ പി. മുജീബുര്‍റഹ്മാന്‍, ഫാ. പോള്‍ തേലക്കാട്ട്, സ്വാമി അവ്യയാനന്ദ, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, എം.കെ സാനു, ഡോ. കെ.കെ ശശി, എം.ആര്‍ സുരേഷ് എന്നിവര്‍ പങ്കെടുത്തു. 'സമാധാനം മാനവികതക്ക്: മാധ്യമങ്ങളുടെ പങ്ക്' സെമിനാര്‍ കോഴിക്കോട്ട് നടന്നു. ഏഷ്യാനെറ്റ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍, മാധ്യമം-മീഡിയാ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്മാന്‍, മാതൃഭൂമി, മനോരമ തുടങ്ങിയ മുഖ്യധാരാ പത്രങ്ങളിലെ  സീനിയര്‍ പത്രപ്രവര്‍ത്തകര്‍, ജമാഅത്ത് ജന. സെക്രട്ടറി എം.കെ മുഹമ്മദലി എന്നിവര്‍ സംബന്ധിച്ചു. 
പതിനഞ്ചു ദിവസമായിരുന്നു 'പീസ് ആന്റ് ഹ്യൂമാനിറ്റി' കാമ്പയിന്‍. ലഘുലേഖാവിതരണം, വ്യക്തികളുമായി മുഖാമുഖ സംഭാഷണം, ജില്ലാ-ഏരിയാ തലങ്ങളില്‍ സൗഹൃദ കൂട്ടായ്മകള്‍, ഓണക്കിറ്റ് വിതരണം, ടേബ്ള്‍ ടോക്കുകള്‍, സ്ഥിരം ജാഗ്രതാ സമിതി രൂപീകരണം, മാതൃകാ വ്യക്തികളെ ആദരിക്കല്‍, പള്ളികളില്‍ പ്രഭാഷണങ്ങള്‍ തുടങ്ങിയ പരിപാടികള്‍ കാമ്പയിന്റെ ഭാഗമായി വിപു ലമായി സംഘടിപ്പിക്കാന്‍ കഴിഞ്ഞു.

ജസ്റ്റീഷ്യ
പൗരാവകാശ നിഷേധങ്ങളെ നിയമപരമായി നേരിടാനുള്ള ജാലകം ജമാഅത്തിനുള്ളില്‍ വിശാലമായി തുറന്നു കിട്ടി എന്നതായിരുന്നു മനുഷ്യാവകാശ കാമ്പയിനുകളുടെ വലിയ നേട്ടം. സമുദായത്തില്‍ നിര്‍ജീവമായി കിടന്ന മേഖലയാണ് നിയമരംഗം. നിയമമേഖലയെ പോസിറ്റീവായി ഉള്‍ക്കൊള്ളാന്‍ സമുദായത്തിന് സാധിച്ചിരുന്നില്ല. ഇസ്‌ലാമുമായി നിലവിലെ നിയമരംഗത്തിന് ബന്ധമില്ലെന്ന് സമുദായം കരുതി, അവയിലൂടെ ധാര്‍മികതക്കും സത്യസന്ധതക്കും കോട്ടം തട്ടുമെന്ന് തെറ്റിദ്ധരിച്ചു. നുണ പറഞ്ഞാലേ അഭിഭാഷകരംഗത്ത് പിടിച്ചുനില്‍ക്കാനാകൂവെന്ന മിഥ്യാധാരണയും വ്യാപകമായിരുന്നു. നിയമരംഗത്തെ മുസ്‌ലിംകളെ മതത്തിന് എതിരുനില്‍ക്കുന്നവരായി മുദ്രയടിക്കുക പോലുമുണ്ടായി. മറ്റു തൊഴില്‍ മേഖലകളിലെന്ന പോലെ ഈ രംഗത്തും സത്യസന്ധമായി പണിയെടുക്കാനാകുമെന്നാണ് മുസ്‌ലിം അഭിഭാഷകരുടെയും മറ്റും അനുഭവം.
നിയമമേഖലയിലെ സമുദായത്തിന്റെ പിന്നാക്കാവസ്ഥ കാരണം, തെളിവുകളുടെ അടിസ്ഥാനത്തില്‍ വസ്തുതകള്‍ ജുഡീഷ്യറിക്കു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സംജാതമായത്. രാജ്യത്ത് വ്യത്യസ്ത തലങ്ങളിലുള്ള കോടതികളുണ്ട്. അവയിലെ സമുദായ പ്രാതിനിധ്യം ഇതരസമുദായങ്ങളോട് താരതമ്യം ചെയ്യുമ്പോള്‍ തുലോം തുഛമാണ്. നിയമകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം, 24 ഹൈക്കോടതികളില്‍ 601 ജഡ്ജിമാരായിരുന്നു, 'മനുഷ്യന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുക' എന്ന കാമ്പയിന്‍ കാലത്ത് ഉണ്ടായിരുന്നത്. അതില്‍ 26 പേര്‍ മാത്രമാണ് മുസ്‌ലിംകള്‍. ഇന്ന് സുപ്രീം കോടതിയിലെ മുസ്‌ലിം പ്രാതിനിധ്യം ഒരാള്‍ മാത്രമാണ്. 
നിയമരംഗത്തെ മുസ്‌ലിം പിന്നാക്കാവസ്ഥക്ക് പരിഹാരം ഉണ്ടാവണമെങ്കില്‍, മൂല്യബോധവും നീതിബോധവുമുള്ള അഭിഭാഷകര്‍ വളര്‍ന്നുവരണം. നിയമം പഠിച്ചാല്‍ ജോലിസാധ്യതകള്‍ ഉണ്ടാവില്ലെന്ന് കരുതരുത്. ധാരാളം തൊഴില്‍ സാധ്യതകള്‍ ആ മേഖലയിലുണ്ട്. കമ്പനി സെക്രട്ടറി, ലേബര്‍ ഓഫീസര്‍, ലീഗല്‍ അഡൈ്വസിംഗ് തുടങ്ങി പലപല സാധ്യതകള്‍. നിയമപഠനാനന്തരം ഏറെ പേര്‍ തെരഞ്ഞെടുക്കുന്ന ഒരു മേഖലയാണ് രാഷ്ട്രീയം. നിയമത്തില്‍ ഗ്രാജ്വേഷന്‍ നേടി അര്‍ഹത തെളിയിച്ചാല്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വരെയാകാം. 
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ അടിച്ചമര്‍ത്തുന്നതിനാണല്ലോ രാജ്യത്ത് ബ്രിട്ടീഷുകാര്‍ കരിനിയമങ്ങള്‍ കൊണ്ടുവന്നത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ദേശീയനേതാക്കള്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 24-ാം വകുപ്പിനെ കരിനിയമങ്ങളിലെ രാജകുമാരനെന്നാണ് മഹാത്മാ ഗാന്ധി വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷുകാരേക്കാള്‍ ഭീകരമായാണ് ഇന്ത്യ പോട്ട, എസ്മ, ടാഡ പോലുള്ള കരിനിയമങ്ങള്‍ രൂപപ്പെടുത്തിയത്. ആ ഇനത്തിലെ അവസാനത്തേതാണ് യു.എ.പി.എ. കരിനിയമങ്ങള്‍ പ്രകാരം അറസ്റ്റ്‌ചെയ്യപ്പെട്ട ധാരാളം മുസ്‌ലിംകള്‍ വിവിധ ജയിലുകളിലുണ്ട്. ക്രൈം ബ്യൂറോയുടെ റിപ്പോര്‍ട്ടനുസരിച്ച് മുസ്‌ലിം തടവുകാര്‍ മുപ്പത് ശതമാനത്തിലധികം വരുമെന്നാണ്. അവരില്‍ ഭൂരിഭാഗവും നിരപരാധികളാണ്. അവരുടെ കേസുകളേറ്റെടുത്ത് വാദിക്കാന്‍ ചങ്കൂറ്റമുള്ള അഭിഭാഷകര്‍ സമുദായത്തില്‍നിന്ന് ചുരുക്കം പേര്‍ മാത്രം.
നീതിന്യായരംഗത്തെ മുസ്‌ലിം പ്രാതിനിധ്യത്തിന്റെ കുറവ് നികത്തല്‍, മനുഷ്യാവകാശ നിഷേധങ്ങളുടെ പ്രശ്‌നവല്‍ക്കരണം തുടങ്ങിയ ഉദ്ദേശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് 2006-ല്‍ അഭിഭാഷകവേദിയായ ജസ്റ്റീഷ്യ രൂപീകൃതമാകുന്നത്. കുറഞ്ഞ അഭിഭാഷകരെ സംഘടിപ്പിച്ച് 29 അംഗ സംസ്ഥാന കമ്മിറ്റിക്ക് ആദ്യം  രൂപംനല്‍കി. കേരള ഹൈക്കോടതിയിലെ പുളിക്കൂല്‍ അബൂബക്കര്‍, പി. ചന്ദ്രശേഖരന്‍, കോഴിക്കോട് ബാറിലെ അഹ്മദ് കുട്ടി പുത്തലത്ത്, താമരശ്ശേരിയിലെ കെ.എം തോമസ് എന്നിവര്‍ കമ്മിറ്റിയംഗങ്ങളില്‍ ചിലരാണ്. 2007 ഡിസംബര്‍ 15-നായിരുന്നു ജസ്റ്റീഷ്യയുടെ ഔപചാരിക ലോഞ്ചിംഗ്. കോഴിക്കോട്ട് നടന്ന പരിപാടിയില്‍ സുപ്രീംകോടതി റിട്ട. ചീഫ് ജസ്റ്റിസ് എം.എന്‍ വെങ്കട ചെല്ലയ്യയാണ് ലോഞ്ചിംഗ് നിര്‍വഹിച്ചത്. ജസ്റ്റിസ് കെ. സുകുമാരന്‍, അഡ്വ. കെ. രാംകുമാര്‍, അഡ്വ. നന്ദിതാ ഹക്‌സര്‍, ഗുജറാത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ശക്കീല്‍ അഹ്മദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
മുസ്‌ലിംവ്യക്തിനിയമത്തെക്കുറിച്ച് പഠനങ്ങള്‍ നടത്താന്‍ ആക്ഷന്‍ പ്ലാനുണ്ടാക്കി ജസ്റ്റീഷ്യ. വ്യക്തിനിയമത്തിലെ വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയിലെ പോരായ്മകള്‍ തിരിച്ചറിയാനും ബദല്‍സംവിധാനം കാണാനും മൂന്ന് സെമിനാറുകള്‍ സംഘടിപ്പിച്ചു. മുസ്‌ലിംസമുദായത്തിലെ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ചായിരുന്നു സെമിനാറുകള്‍. ജസ്റ്റിസ് കെ.എ ഗഫൂര്‍, ജസ്റ്റിസ് അബ്ദുര്‍റഹീം, ജസ്റ്റിസ് കെമാല്‍ പാഷ എന്നിവരായിരുന്നു സെമിനാറുകള്‍ ഉദ്ഘാടനം ചെയ്തത്. ഡോ. ഹുസൈന്‍ മടവൂര്‍, എം.വി മുഹമ്മദ് സലീം മൗലവി, കെ. അബ്ദുല്ല ഹസന്‍, ഒ. അബ്ദുര്‍റഹ്മാന്‍, ഡോ. ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട്, വി.കെ അലി, ഹുസൈന്‍ സഖാഫി, ശൈഖ് മുഹമ്മദ് കാരകുന്ന്, അഡ്വ. മുഹമ്മദ് അസ്‌ലം, അഡ്വ. മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു. സെമിനാറുകളിലെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് പുസ്തകം പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. കെ. അബ്ദുല്ല ഹസന്നായിരുന്നു പുസ്തകത്തിന്റെ ചുമതല. 
സമുദായസംഘടനകളെ കോര്‍ത്തിണക്കുന്ന കണ്ണിയാണ് ജസ്റ്റീഷ്യ. എല്ലാ വിഭാഗങ്ങളുമായി ജസ്റ്റീഷ്യ സഹകരിച്ചുപോരുന്നു. ധാരാളം കേസുകളില്‍ ജസ്റ്റീഷ്യ കക്ഷി ചേര്‍ന്നിട്ടുണ്ട്. വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളില്‍ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി കേരള ഹൈക്കോടതിയില്‍  കേസ് ഫയല്‍ ചെയ്തിരുന്നു. ഹൈക്കോടതി കേസ് തള്ളിയപ്പോള്‍, സൊസൈറ്റി സുപ്രീംകോടതിയില്‍ പോയി. കേസിന്റെ എതിര്‍കക്ഷികളായി ജസ്റ്റീഷ്യ കേസ് ഫയല്‍ ചെയ്തു.  അതോടൊപ്പം കേസ് ഫയല്‍ചെയ്ത മുജാഹിദ് വിഭാഗത്തിലെ എ.പി അബ്ദുല്‍ ഖാദര്‍ മൗലവിക്കും സമസ്ത പ്രതിനിധികള്‍ക്കും നിയമോപദേശം നല്‍കാനും ജസ്റ്റീഷ്യക്ക് സാധിച്ചു. മുസ്‌ലിംലീഗ് നേതാവ് കെ.പി.എ മജീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേസിന്റെ ബാധ്യതകള്‍ സമുദായസംഘടനകള്‍ ഏറ്റെടുക്കാനും തീരുമാനമായി. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കുള്ള സംവരണം ഭരണഘടനാവിരുദ്ധമാണെന്ന വാദമുയര്‍ത്തി ജസ്റ്റീഷ്യ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട്  മുസ്‌ലിം സംഘടനകളുമായി സംസാരിക്കുകയും ചെയ്തിരുന്നു. എസ്.ഡി.പി.ഐയും ഇന്ത്യന്‍ പ്ലാനിംഗ് ആന്റ് വിജിലന്‍സ് ട്രസ്റ്റും ഹരജി നല്‍കിയിട്ടുണ്ട്. കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണ്.   
ജസ്റ്റീഷ്യയുടെ ശാക്തീകരണത്തിന് കേരളത്തിലെ ലോ കോളജുകളില്‍ അവസാനവര്‍ഷം പഠിക്കുന്ന ദലിത്-ന്യൂനപക്ഷ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ജസ്റ്റീഷ്യ അസോസിയേറ്റ് എന്ന വേദി ഉണ്ടാക്കിയിട്ടുണ്ട്. നൂറോളം വിദ്യാര്‍ഥികള്‍ അംഗങ്ങളാണ്. നിയമരംഗത്തെ ക്ലാറ്റ്, ക്ലീ പോലുള്ള എന്‍ട്രന്‍സ് കോച്ചിംഗുകള്‍ ചെയ്തുകൊണ്ടിരിക്കുന്നു അവര്‍. അസോസിയേറ്റ് ഏഴു സ്ഥലങ്ങളില്‍ കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ടുപോകുന്നു. 2018-ലെ എന്‍ട്രന്‍സ് കോച്ചിംഗില്‍ പരീക്ഷയെഴുതിയ 170 പേരില്‍ 140 പേര്‍ യോഗ്യത നേടി. 40 പേര്‍ സര്‍ക്കാര്‍ മെറിറ്റിലാണ് ക്വാളിഫൈ ചെയ്തത്. മറ്റു പല പരീക്ഷകളിലും ഉന്നത റാങ്കുകള്‍ അസോസിയേറ്റിലെ അംഗങ്ങള്‍ നേടിയിട്ടുണ്ട്. കണ്ണൂരില്‍ നടന്ന പരീക്ഷയില്‍ ഒന്നും മൂന്നും അഞ്ചും റാങ്കുകള്‍ നേടിയത് ജസ്റ്റീഷ്യ എന്‍ട്രന്‍സ് കോച്ചിംഗില്‍നിന്നുള്ള വിദ്യാര്‍ഥികളായിരുന്നു. മുന്‍സിഫ് മജിസ്‌ട്രേറ്റ് എന്‍ട്രന്‍സ് കോച്ചിംഗ് കോഴിക്കോട്ടും എറണാകുളത്തും സംഘടിപ്പിച്ചുവരുന്നു. കൂടുതല്‍ പഠിതാക്കള്‍ നിയമരംഗത്തേക്ക് കടന്നുവരുന്നത് സന്തോഷകരമാണ്. 
ജസ്റ്റീഷ്യ അസോസിയേറ്റിലെ അംഗങ്ങളെ ജൂനിയര്‍ അഡ്വക്കറ്റുമാരായി ഉപയോഗപ്പെടുത്തുന്നുണ്ട്. ജൂനിയര്‍ അഡ്വക്കറ്റുമാര്‍ നേരിടുന്ന പ്രധാന പ്രശ്‌നം സീനിയര്‍ അഡ്വക്കറ്റുമാരില്‍നിന്ന് കുറഞ്ഞ വേതനമേ ലഭിക്കുന്നുള്ളൂവെന്നതാണ്. സാമ്പത്തികപ്രയാസം കാരണം ജോലിതന്നെ ഉപേക്ഷിക്കുന്ന സ്ഥിതിവിശേഷമുണ്ട്. അസോസിയേറ്റിലെ ജൂനിയര്‍ അഡ്വക്കറ്റുമാര്‍ക്ക് സ്‌പോണ്‍സര്‍മാരെ കണ്ടെത്തി വര്‍ഷംതോറും നിശ്ചിത തുക ഇന്‍സെന്റീവായി നല്‍കിവരുന്നു. ഓരോ വര്‍ഷവും വരുന്ന അപേക്ഷകളില്‍നിന്ന് യോഗ്യരെ കണ്ടെത്തിയാണ് അങ്ങനെ ചെയ്യുന്നത്. നിയമരംഗത്ത് സ്ഥിരമായി നില്‍ക്കാനുള്ള സാഹചര്യം ജൂനിയര്‍ അഡ്വക്കറ്റുമാരില്‍ ഉണ്ടാക്കുകയാണ് ഇന്‍സെന്റീവിന്റെ ലക്ഷ്യം. 

എ.പി.സി.ആര്‍
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നിയമസഹായം നല്‍കി സജീവമായി ഇടപെടാന്‍ ജസ്റ്റീഷ്യക്ക് കേരളത്തില്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് അസോസിയേഷന്‍ ഓഫ് പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് (എ.പി.സി.ആര്‍) രൂപീകരിക്കപ്പെടുന്നത്. 1860 സൊസൈറ്റീസ് ആക്ട് പ്രകാരം ദല്‍ഹിയില്‍ 2006-ല്‍ രജിസ്റ്റര്‍ ചെയ്ത സൊസൈറ്റിയാണ് എ.പി.സി.ആര്‍. മുംബൈയിലെ സീനിയര്‍ അഭിഭാഷകന്‍ യൂസുഫ് ഹാത്തിം മുച്ചാലയാണ് പ്രസിഡന്റ്. പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ അതിന്റെ ജന. സെക്രട്ടറിയായിരുന്നു. കേരള ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ അഡ്വ. പൂളിക്കൂല്‍ അബൂബക്കര്‍ വൈസ് പ്രസിഡന്റും. പതിനൊന്നംഗ എക്‌സിക്യൂട്ടീവും രൂപീകരിച്ചു. എ.പി.സി.ആറിന് മൂന്നു തരത്തിലുള്ള അംഗങ്ങളാണുള്ളത്. ജനറല്‍ മെമ്പേഴ്‌സ്, ടെര്‍മിനല്‍ മെമ്പേഴ്‌സ്, പാട്രണ്‍ മെമ്പേഴ്‌സ്. എ.പി.സി.ആറിന്റെ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിമാരും എ.പി.സിആര്‍ ബൈലോ പ്രകാരം ടെര്‍മിനല്‍ അംഗങ്ങളാണ്. ഈ അംഗങ്ങള്‍ക്ക് വാര്‍ഷിക ജനറല്‍ബോഡിയില്‍ പങ്കെടുക്കാനും വോട്ട് ചെയ്യാനും അവകാശമുണ്ട്. നാലുവര്‍ഷമാണ് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെയും എക്‌സിക്യൂട്ടീവിന്റെയും ഭരണകാലാവധി. 2012 ആഗസ്റ്റ് ഒന്നിന് എ.പി.സി.ആര്‍ ബൈലോ ഭേദഗതിയിലൂടെ ഉണ്ടായ നിയമങ്ങളും ചട്ടങ്ങളും  സൊസൈറ്റിക്ക് കരുത്തുനല്‍കുന്നു. 
എ.പി.സി.ആര്‍ കേരള ചാപ്റ്ററിന്റെ രൂപീകരണത്തിനു വേണ്ടി 2017 ജനുവരി 7-ന് എറണാകുളം ഫ്രൈഡേ ക്ലബില്‍ ക്ഷണിക്കപ്പെട്ടവരുടെ യോഗം ചേര്‍ന്നു. ജമാഅത്ത് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി. ആരിഫലി ഉദ്ഘാടനം നിര്‍വഹിച്ചു. അഡ്വ. പൂളിക്കൂല്‍ അബൂബക്കര്‍, ജസ്റ്റിസ് പി.കെ ശംസുദ്ദീന്‍, അഡ്വ. അബൂബക്കര്‍ സബ്ബാക്ക്, അഡ്വ ടി.പി.എം ഇബ്‌റാഹീം ഖാന്‍, അഡ്വ. വിന്‍സെന്റ് ജോസഫ് എന്നിവര്‍ സംബന്ധിച്ചു. പ്രസിഡന്റായി അഡ്വ. പി ചന്ദ്രശേഖറും ജന. സെക്രട്ടറിയായി ടി.കെ ഹുസൈനും വൈസ് പ്രസിഡന്‍ുമാരായി  സി.കെ അബ്ദുല്‍ അസീസും അഡ്വ. നന്ദിനിയും സെക്രട്ടറിയായി സാദിഖ് ഉളിയിലും ട്രഷററായി റശീദ് മക്കടയും തെരഞ്ഞെടുക്കപ്പെട്ടു. അഡ്വ. വിന്‍സെന്റ് ജോസഫ്, ബെന്നി കൊടിയാട്ടില്‍, സജീദ് ഖാലിദ്, ടി. മുഹമ്മദ് വേളം, മിര്‍സാദ്, അഡ്വ. മുഹമ്മദ് സഗീര്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായും നിര്‍ദേശിക്കപ്പെട്ടു. എ.പി.സി.ആറിന്റെ കേരള ഓഫീസ് കോഴിക്കോട് നടക്കാവിലെ തന്‍വീര്‍ കോംപ്ലക്‌സില്‍ അഡ്വ. പി. ചന്ദ്രശേഖരന്‍ തുറന്നു. ഇപ്പോള്‍ ഓഫീസ് എറണാകുളം ടി.ഡി റോഡിലെ ഒരു കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. യു.എ.പി.എ ചുമത്തപ്പെട്ടവര്‍ക്ക് നിയമസഹായം നല്‍കല്‍, ജാമ്യം നേടിക്കൊടുക്കല്‍ എന്നിവയിലൂന്നിയുള്ള എ.പി.സി.ആറിന്റെ സേവനം ശ്രദ്ധേയമാണ്. കേരളത്തില്‍ യു.എ.പി.എ ചുമത്തപ്പെട്ടവരുടെ വിവരങ്ങള്‍ എ.പി.സി.ആര്‍ ശേഖരിച്ചിട്ടുണ്ട്. സേവനങ്ങള്‍ക്ക് വളന്റിയര്‍ കോര്‍ രൂപീകരിച്ചു 2019 നവംബര്‍ 17-ന് എറണാകുളം ഗ്രാന്റ് സ്‌ക്വയര്‍ ഓഡിറ്റോറിയത്തില്‍ എന്‍.ആര്‍.സി, സി.എ.എ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ലീഗല്‍ ബോധവല്‍ക്കരണ ശില്‍പ്പശാലയും എ.പി.സി.ആര്‍ സംഘടിപ്പിച്ചിരുന്നു. 
(തുടരും)
എഴുത്ത്: ശമീര്‍ബാബു കൊടുവള്ളി
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (16-20)
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രബോധനത്തില്‍നിന്ന് ഒളിച്ചോടുന്നവനല്ല മുസ്‌ലിം
ഹാഫിസ് ബശീര്‍ ഈരാറ്റുപേട്ട