ഊന്നുവടികള്‍
സൈനബ് ചാവക്കാട്
ചിതലിനോട് മാത്രം
കഥ പറയുന്ന
ഒരു ഊന്നുവടി
ആരവങ്ങളൊടുങ്ങിയ
അറയുടെ മൂലയിലിരിപ്പുണ്ട്.
അനക്കമില്ലാത്ത
ഉണക്കങ്ങളുടെ ഭാഷ
ചിതലിന് മാത്രമേ തിരിയൂ.
മേത്തരം വിത്തില്‍നിന്ന്
മുളപൊട്ടി
പടര്‍ന്നു പന്തലിച്ച
മരക്കമ്പ്
മിനുസപ്പെടുത്തിയതാണത്രെ.
മണ്ണതിരുകള്‍ താണ്ടി
ഉര്‍വരതകളെ കണ്ടെടുത്ത
വേരുകളില്‍നിന്നായിരുന്നു
പല നടത്തങ്ങളുടെയും
ഭാരം പേറാനുള്ള
ബലം കിട്ടിയത്.
ഊന്നുവടികളൊക്കെ
അങ്ങനെയാണ്,
ഒരു പച്ചയുടെ
മൊത്തം ആയുഷ്‌കാലത്തിനായി
ജീവനീര്‍ പകര്‍ന്നിട്ടല്ലേ
ഉണങ്ങിയത്.
പണ്ട്
ചിതലരിച്ചിട്ടും വീഴാതിരുന്ന
ഒരു ഊന്നുവടിയുണ്ടായിരുന്നു,
പ്രകൃതിഭാഷ വായിച്ച്
ഒരു സാമ്രാജ്യഭാരം
മുഴുവന്‍ ഏറ്റി നടന്ന്
കരുത്ത് തെളിയിച്ചത്...
Comments