Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 24

3219

1443 സഫര്‍ 17

ഹനീഫ ആവിലാട്

ബശീര്‍ ഉളിയില്‍

കര്‍മപഥത്തില്‍ കാലിടറാതെ, സേവനമായാലും സമരമായാലും സംഘാടനമായാലും ഏറ്റെടുത്തതെല്ലാം പൂര്‍ണവിജയത്തിലെത്തിച്ച കര്‍മോത്സുകനായ പ്രസ്ഥാന പ്രവര്‍ത്തകനായിരുന്നു സോളിഡാരിറ്റി ഉളിയില്‍ യൂനിറ്റ് പ്രസിഡന്റായിരുന്ന ഹനീഫ ആവിലാട്.
ഒരിക്കലെങ്കിലും ബന്ധപ്പെട്ട ആരിലും മരിക്കാത്ത ഓര്‍മകള്‍ ബാക്കിവെച്ചാണ് മുപ്പത്തിയേഴാം വയസ്സില്‍ ഹനീഫ  മറഞ്ഞുപോയത്.  ഓരോ പ്രവൃത്തിയിലും ആത്മാര്‍ഥതയുടെ അടയാളപ്പെടുത്തല്‍ നടത്തിയ ജനസേവകന്‍. മാതൃകകള്‍ അന്യംനിന്നുപോകുന്ന കാലത്ത് ജനസേവനം ദൈവാരാധന തന്നെയെന്ന് ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തിയ ചെറുപ്പക്കാരന്‍.  രംഗവേദിയില്‍ നിറഞ്ഞുനിന്ന് കര്‍മനൈരന്തര്യം കൊണ്ട് കണ്ടുനിന്നവരെയൊക്കെ കൊതിപ്പിച്ചുകൊണ്ടാണ് ഹനീഫ രംഗം വിട്ടൊഴിഞ്ഞത്.  
പെയിന്റിംഗ് ജോലിക്കിടയില്‍ കാലിടറി വീണാണ് ഹനീഫക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ജീവിതായോധനത്തിന്റെ വഴിയില്‍ കൊല്ലപ്പെട്ടാല്‍ അത് രക്തസാക്ഷിത്വമാണെന്നാണ് പ്രവാചകപാഠം. യഥാര്‍ഥത്തില്‍ രക്തസാക്ഷിത്വം ആത്മാര്‍ഥമായി ആഗ്രഹിച്ച ഒരാളായിരുന്നു ഹനീഫ. സദാ സമയം ഒരു പ്രബോധക മനസ്സ് കാത്തുസൂക്ഷിച്ചിരുന്ന ഹനീഫ ബന്ധപ്പെടുന്നവരിലൊക്കെ ഇസ്ലാമിന്റെ വെളിച്ചമെത്തിക്കാന്‍ അഹോരാത്രം അധ്വാനിക്കുകയും ചെയ്തു. പലരെയും ആ വഴിയില്‍ ആനയിച്ചു. ഈ കെട്ട കാലത്ത് ഈ വക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പേടിയില്ലേ എന്ന് ചോദിച്ചവരോട് രക്തസാക്ഷിത്വമാണ് തന്റെ ജീവിതാഭിലാഷം എന്നായിരുന്നു ഹനീഫയുടെ  പ്രതികരണം.
പ്രാസ്ഥാനിക പശ്ചാത്തലമൊന്നുമില്ലാത്ത കൂലിപ്പണിക്കാരനായ ഒരാളുടെ മകനായി ജനിച്ച ഹനീഫക്ക് ഉന്നത വിദ്യാഭ്യാസത്തിനൊന്നും അവസരമുണ്ടായില്ല. നിരന്തര വായനയും പഠനവുമാണ് അദ്ദേഹത്തെ പ്രസ്ഥാന വൃത്തത്തില്‍ എത്തിച്ചത്. വീട്ടിലും നാട്ടിലും തൊഴിലിടങ്ങളിലും തന്റെ ഇസ്ലാമിക വ്യക്തിത്വം പ്രകാശിപ്പിച്ചുകൊണ്ട് പ്രസ്ഥാനത്തിന്റെ സന്ദേശം പ്രസരിപ്പിച്ചു. പ്രിയപത്‌നിയെയും മക്കളെയും ഇസ്ലാമികമായി വളര്‍ത്തി. കരാര്‍ ജോലിക്ക് പകരം ദിവസവേതന കൂലിപ്പണിയാണ് ഹനീഫ എപ്പോഴും ഏറ്റെടുത്തിരുന്നത്. കരാര്‍ വ്യവസ്ഥയില്‍ ചെയ്യുന്ന ജോലിയില്‍ കമീഷന്റെ പേരിലും മറ്റും നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ആളുകള്‍ക്ക് സംശയമുണ്ടാവുകയും അതു മൂലം താന്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനം തെറ്റിദ്ധരിക്കപ്പെടുകയും ചെയ്‌തേക്കുമുള്ള ആശങ്കയായിരുന്നു ഇതിനു കാരണം.
ഹനീഫയുടെ വിയോഗത്തില്‍ ഭാര്യ ശബീന പ്രകടിപ്പിച്ച അസാമാന്യ മനഃസ്ഥൈര്യം കുടുംബത്തിന് അദ്ദേഹം പകര്‍ന്നുകൊടുത്ത ഇസ്ലാമിക ശിക്ഷണത്തിന്റെ മികച്ച നിദര്‍ശനമായിരുന്നു. താന്‍ മരിച്ചാല്‍ അലമുറയിട്ടു കരയരുതെന്നും മരണാനന്തര ചടങ്ങുകളില്‍ അനിസ്ലാമികമായ അത്യാചാരങ്ങള്‍ ഉണ്ടാകരുതെന്നും മക്കളെ ഇസ്ലാമികമായി വളര്‍ത്തണമെന്നും എല്ലാമുള്ള പാഠങ്ങള്‍ ഹനീഫ പകര്‍ന്നുകൊടുത്തതായി അനുസ്മരിച്ച ശബീന, ആകെ ആവശ്യപ്പെട്ടത് കണ്ണൂരില്‍നിന്ന് ഉളിയില്‍ വരെ ആംബുലന്‍സില്‍ മൃതദേഹത്തെ അനുഗമിക്കാന്‍ തന്നെ അനുവദിക്കണം എന്നു മാത്രമായിരുന്നു. ഉപ്പ അല്ലാഹുവിലേക്ക് മടങ്ങുന്നതു കാണാന്‍ ഖബ്‌റടക്കത്തില്‍ മക്കളെ കൂടി പങ്കെടുപ്പിക്കണമെന്നും അവര്‍ ആഗ്രഹിച്ചു. രണ്ടു അഭിലാഷങ്ങളും പൂര്‍ത്തീകരിച്ചപ്പോള്‍ അവര്‍ അല്ലാഹുവിനു സ്തുതിയര്‍പ്പിച്ചു.
അകാല മരണം എന്ന പ്രയോഗം ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ ശരിയല്ലെങ്കിലും നേരത്തേയാണ് ഹനീഫ അല്ലാഹുവിലേക്ക് മടങ്ങിയത്. ''വിശ്വാസികളായവരില്‍, അല്ലാഹുവിനോട് ചെയ്ത പ്രതിജ്ഞ യാഥാര്‍ഥ്യമാക്കിക്കാണിച്ച ചിലരുണ്ട്. ചിലര്‍ അവരുടെ നേര്‍ച്ച പൂര്‍ത്തിയാക്കിക്കഴിഞ്ഞിരിക്കുന്നു. മറ്റു ചിലര്‍ അവസരം കാത്തിരിക്കുകയാകുന്നു'' (വിശുദ്ധ ഖുര്‍ആന്‍: 33:23)

 

വൈദ്യര്‍ ഫസ്‌ലുദ്ദീന്‍

വൈദ്യര്‍ ഫസ്‌ലുദ്ദീന്‍ സാഹിബ് പള്ളുരുത്തി ഹാജി വഴി പ്രസ്ഥാനത്തെ പരിചയപ്പെട്ടാണ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായത്. കൊച്ചി ഹല്‍ഖയില്‍നിന്നാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. 18 വര്‍ഷങ്ങള്‍ക്കു ശേഷം കാക്കനാട് താണപാടത്തേക്ക് താമസം മാറിയതു മുതല്‍ പടമുഗള്‍ ഹല്‍ഖയിലായിരുന്നു. കാക്കനാട്ടേക്ക് താമസം മാറിയെങ്കിലും തന്റെ ചിരകാല സുഹൃത്തുക്കളെ പിരിയാനുള്ള വിഷമത്താല്‍ മിക്കവാറും ദിവസങ്ങളില്‍ കൊച്ചിയിലേക്ക് പോകുമായിരുന്നു. രണ്ടു വര്‍ഷം പടമുഗള്‍ ഹല്‍ഖാ നാസിമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നതോടൊപ്പം തന്റെ കുടുംബത്തെ പ്രസ്ഥാനപാതയില്‍ ഒരുമിപ്പിക്കുന്നതിലും വിജയിച്ചു. ജാതിമതഭേദമന്യേ എല്ലാവരുമായി സൗഹൃദം പുലര്‍ത്തിയിരുന്ന അദ്ദേഹം രണ്ട് സാധനങ്ങള്‍ എപ്പോഴും പോക്കറ്റില്‍ കരുതാന്‍ ശ്രദ്ധിച്ചിരുന്നു. ഒന്ന് മിഠായിയും രണ്ടാമത്തേത് അത്തറുമായിരുന്നു. ഏറ്റവും അടുപ്പമുള്ള ആളുകളെ കാണുമ്പോള്‍ അത്തറ് പുരട്ടിക്കൊടുക്കും. കുട്ടികള്‍ക്ക് മിഠായിയും നല്‍കും. മലര്‍വാടി ബാലസംഘം കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 
മൂത്ത മകന്‍ മുഫീദ് ഫ്രറ്റേണിറ്റി എറണാകുളം ജില്ലാ പ്രസിഡന്റാണ്. ഇളയ മകന്‍ ഇര്‍ശാദ് കൊച്ചിയില്‍ ആയുര്‍വേദ ഡോക്ടര്‍. 

ഡോ. സി.ജെ അബ്ദുര്‍റഹ്മാന്‍


കദിയുമ്മ ഹജ്ജുമ്മ വടക്കാങ്ങര

വടക്കാങ്ങരയിലെ പരേതനായ കരുവാട്ടില്‍ മുഹമ്മദ് കുരിക്കള്‍ എന്ന കുട്ട്യാപ്പു ഹാജിയുടെ പത്‌നി കദിയുമ്മ ഹജ്ജുമ്മ (93) റബ്ബിലേക്ക് യാത്രയായി. മരണത്തെ മുഖാമുഖം കണ്ട രണ്ട് സന്ദര്‍ഭങ്ങളുണ്ടായെങ്കിലും അവര്‍ ദീര്‍ഘായുസ്സോടെ ജീവിക്കണമെന്നതായിരുന്നു ദൈവനിശ്ചയം. 1979-ല്‍ ഹറമില്‍ വെടിവെപ്പ് നടന്ന സമയത്ത് അവര്‍ ഹറമിനകത്തായിരുന്നു. ഹറമിന്റെ വാതിലുകളെല്ലാം കൊട്ടിയടക്കപ്പെട്ടിട്ടും അത്ഭുതകരമാം വിധം എങ്ങനെയോ അവര്‍ അന്ന് രക്ഷപ്പെടുകയായിരുന്നു. യൗവന  പ്രായത്തില്‍ വീടിന്റെ മുന്‍വശത്തുള്ള കിണറില്‍ വീണതായിരുന്നു മറ്റൊരനുഭവം.
പിന്‍തലമുറക്ക് ഒരുപാട് മാതൃകകള്‍ ബാക്കിവെച്ചാണ് അവര്‍  യാത്രയായത്. അവരുടെ ഭര്‍ത്താവ് പരേതനായ മുഹമ്മദ് എന്ന കുട്ട്യാപ്പു ഹാജിയും ഭര്‍തൃസഹോദരനായ പരേതനായ വടക്കാങ്ങര അബ്ദുല്‍ ഖാദിര്‍ മൗലവിയും ആദ്യകാലത്തു തന്നെ വടക്കാങ്ങര പ്രദേശത്ത് ഇസ്‌ലാമിക പ്രസ്ഥാനത്തിന് ബീജാവാപം നല്‍കിയപ്പോള്‍ സമാന്തരമായി പ്രദേശത്തെ വനിതകളെ സംഘടിപ്പിച്ച് വനിതാ ഹല്‍ഖ രൂപീകരിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നവരില്‍ ഒരാളായിരുന്നു അവര്‍. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ തുടക്കത്തില്‍ തന്നെ വനിതാ ഹല്‍ഖ നിലവില്‍ വന്ന അപൂര്‍വം പ്രദേശങ്ങളിലൊന്നായിരുന്നു വടക്കാങ്ങര.
വടക്കാങ്ങരയിലെ ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഏഴ് പതിറ്റാണ്ട് പഴക്കമുണ്ട്. ഇന്ന് പടര്‍ന്നു പന്തലിച്ച വടക്കാങ്ങരയിലെ പള്ളിയും അനുബന്ധ സ്ഥാപനങ്ങളും നില്‍ക്കുന്ന സ്ഥലം നഷ്ടപ്പെടാതെ നിലനിര്‍ത്താന്‍ സഹായകമായത് കദിയുമ്മ താത്തയുടെ ഉദാരതയില്‍നിന്ന് വന്ന രണ്ട് സ്വര്‍ണവളകളായിരുന്നു. ആദ്യകാലങ്ങളില്‍ സ്ഥാപനത്തിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സ്ഥിരമായി ഭക്ഷണം നല്‍കിയിരുന്നത് പരിസരത്തെ വീടുകളില്‍നിന്നായിരുന്നു. അത്തരം വീടുകളില്‍ ഒന്നായിരുന്നു ഇവരുടേതും.
ആരാധനകളിലെ കൃത്യനിഷ്ഠ, പതിവായുള്ള ഖുര്‍ആന്‍ പാരായണം, ഉദാരത, സംസാരത്തിലെ നൈര്‍മല്യം, ആതിഥ്യമര്യാദ ഇവയെല്ലാം അവരുടെ സ്വഭാവ ഗുണങ്ങളായിരുന്നു. ളുഹ്ര്‍ ബാങ്കിനു മുമ്പ് വീട്ടിലെ ജോലികളെല്ലാം പൂര്‍ത്തിയാക്കി  നമസ്‌കാരത്തിനായി കാത്തുനില്‍ക്കുന്ന അവരുടെ പതിവ്  നല്ലൊരു മാതൃകയാണ്. വീട്ടിലേക്ക് കയറിവരുന്ന ആരെയും നിഷ്‌കളങ്കമായ ചിരിയോടെ സ്വീകരിച്ച് എന്തെങ്കിലും കഴിപ്പിച്ച് മാത്രം പറഞ്ഞയക്കുക അവരുടെ ശീലമായിരുന്നു.
മരിക്കുന്നതിന്റെ ഒന്നര വര്‍ഷം മുമ്പ് അബോധാവസ്ഥയിലാകുന്നതു വരെ നല്ല ഓര്‍മ ശക്തിയും കാഴ്ചയുമുണ്ടായിരുന്ന അവര്‍ പ്രബോധനം വാരികയും മാധ്യമം ദിനപത്രവും കൃത്യമായി വായിക്കാറുമുണ്ടായിരുന്നു.
ശാരീരികവും മാനസികവുമായുള്ള തന്റെ വേദനകള്‍ സ്രഷ്ടാവിനോടല്ലാതെ സൃഷ്ടികളോട് പങ്കുവെക്കാന്‍ അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല.  സഹോദര സമുദായാംഗങ്ങളോട് നല്ല അടുപ്പവും സ്‌നേഹവുമായിരുന്നു ഉമ്മാക്ക്. നോമ്പുകാലമായാല്‍ ചുറ്റുമുള്ള ആളുകള്‍ക്ക് നോമ്പുതുറ നടത്തുന്നത് അവരുടെ പതിവായിരുന്നു. മക്കളെ വളര്‍ത്തുന്നതിലും മറ്റുള്ളവര്‍ക്ക് മാതൃകയുണ്ട്. പെണ്‍മക്കളെപ്പോലെത്തന്നെ ആണ്‍മക്കളെയും വീട്ടുജോലികള്‍ ചെയ്യാന്‍ ശീലിപ്പിച്ചിരുന്നു. മക്കള്‍: ഫാത്വിമ, സൈനബ, അബ്ദുസ്സമദ്, അബ്ദുല്‍ അസീസ്, റുഖിയ്യ, നജ്മുദ്ദീന്‍.

സജ്‌ന കരുവാട്ടില്‍


കെ.എച്ച് അബ്ദുല്‍ ഖാദര്‍

ആലുവ ഈസ്റ്റ് പ്രാദേശിക ജമാഅത്തിലെ  പ്രവര്‍ത്തകനായിരുന്ന കെ.എച്ച് അബ്ദുല്‍ ഖാദറിന്റെ (66) നിര്യാണത്തിലൂടെ കൃത്യനിഷ്ഠയും പരന്ന വായനയും വിനയവും ലാളിത്യവും കൈമുതലാക്കിയ  പ്രവര്‍ത്തകനെയാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന് നഷ്ടമായത്. വിജ്ഞാനം ആര്‍ജിക്കാന്‍ ലഭിക്കുന്ന ഒരവസരവും അദ്ദേഹം പാഴാക്കിയിരുന്നില്ല. ഓരോ ലക്കം പ്രബോധനം വാരികയും ഒറ്റ ദിവസം കൊണ്ട് പൂര്‍ണമായി വായിക്കുകയും അതിന്റെ ഉള്ളടക്കം സംബന്ധമായി ഹല്‍ഖാ യോഗത്തില്‍ ചര്‍ച്ചക്ക് തുടക്കം കുറിക്കുകയും ചെയ്യുമായിരുന്നു. ചെറുപ്പകാലത്ത് സംഭവിച്ച ഒരു വാഹനാപകടത്തെ തുടര്‍ന്ന് മൂന്നു വര്‍ഷത്തോളം തുടര്‍ച്ചയാക്കി ചികിത്സിക്കേണ്ടി വന്നിരുന്നു. ജീവിതത്തിലെ പരീക്ഷണങ്ങളെ പതറാതെ ക്ഷമയോടുകൂടി നേരിടാന്‍ അദ്ദേഹത്തിന്  കഴിഞ്ഞു. നാലു പതിറ്റാണ്ട് ഇസ്‌ലാമിക പ്രസ്ഥാനത്തോടൊപ്പം സഞ്ചരിച്ച അദ്ദേഹം പുഞ്ചിരിയോടെയല്ലാതെ  ആരോടും ഇടപഴകിയിരുന്നില്ല. മകന്‍ സജീവ ഇസ്‌ലാമിക പ്രവര്‍ത്തകനാണ്. ഭാര്യ: ഹാജറ. മക്കള്‍: അനൂപ് (ഖത്തര്‍), ഫാത്വിമ, ആഇശ. മരുമക്കള്‍: സത്താര്‍, മസൂദ്, നഈമ.

കെ.എച്ച് നാസ് 


ഹംസ കടന്നമണ്ണ

വിദ്യാഭ്യാസ പ്രവര്‍ത്തകനും പൊതുകാര്യപ്രസക്തനുമായിരുന്ന ഹംസ കടന്നമണ്ണ(76) മത-സാമൂഹിക രംഗങ്ങളില്‍ കര്‍മനിരതനായിരുന്നു.
സ്വദേശത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍നിന്ന് ബിരുദം നേടി. തുടര്‍ന്ന് കോഴിക്കോട് സര്‍വകലാശാലയുടെ അഫ്ദലുല്‍ ഉലമാ പരീക്ഷയും പിന്നീട് എല്‍.ടി.ടി പരീക്ഷയും പാസ്സായി. 1971-ല്‍ അധ്യാപക ജോലിയില്‍ പ്രവേശിച്ച അദ്ദേഹം മങ്കട, പെരിന്തല്‍മണ്ണ, പട്ടിക്കാട്, വെട്ടത്തൂര്‍, പോക്കൂര്‍, മഞ്ചേരി എന്നിവിടങ്ങളിലായി 30 വര്‍ഷം സേവനമനുഷ്ഠിച്ചു. അധ്യാപക രംഗത്തെ വിശിഷ്ട സേവനത്തിന് 1996-ല്‍ ദേശീയ അധ്യാപക അവാര്‍ഡും 2013-ല്‍ വിദ്യാഭ്യാസ മന്ത്രിയുടെ സ്‌നേഹമുദ്രയും കരസ്ഥമാക്കി.
ജമാഅത്തെ ഇസ് ലാമി അംഗമായിരുന്ന ഹംസ മൗലവി മങ്കട കാര്‍കുന്‍ ഹല്‍ഖ സെക്രട്ടറി, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കേരള അംഗം, ജില്ലാ ഇന്‍സ്‌പെക്ടര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.
വിവിധ പള്ളികളില്‍ ജുമുഅ ഖുതുബ നിര്‍വഹിക്കുകയും മദ്‌റസാ അധ്യാപകര്‍ക്ക് അധ്യാപനത്തില്‍ പരിശീലനം നല്‍കുകയും ചെയ്തിരുന്നു. ബാലകഥാമാല, അറബി സാഹിത്യ ഡയറി, മാപ്പിളപ്പാട്ടിന്റെ ലോകം, മുര്‍ശിദുല്‍ മുഅല്ലിം, അന്‍ഗാം, ഖുതൂഫുല്‍ അസ്ഹാര്‍, വനിതാരത്‌നം, മുഹമ്മദ് നമ്പര്‍വണ്‍, മുസാബഖാത്തുല്‍ അദബില്‍ അറബി, ഖുര്‍ആന്‍ പൊരുളറിയാന്‍ എന്നീ കൃതികള്‍ രചിച്ചു. കര്‍ക്കിടകം ബിലാല്‍ മസ്ജിദ് സ്ഥാപകാംഗം കൂടിയായ ഹംസ മാസ്റ്റര്‍ മങ്കട നജാത്തുല്‍ അനാം ട്രസ്റ്റ് അംഗം, കടന്നമണ്ണ മുഈനുല്‍ ഇസ്‌ലാം സംഘം വിദ്യാഭ്യാസ വിഭാഗം കണ്‍വീനര്‍, വേരുംപിലാക്കല്‍ നാഷ്ണല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. വിനയാന്വിതനും സൗമ്യപ്രകൃതനുമായിരുന്ന ഹംസ മൗലവി സമൂഹത്തിലെ എല്ലാ വിഭാഗക്കാരുമായ സൗഹൃദം പുലര്‍ത്തിയിരുന്നു.
ഭാര്യമാര്‍: ഹാജറ (ടീച്ചര്‍ എന്‍.സി.ടി സ്‌കൂള്‍ വേരുംപിലാക്കല്‍), പരേതയായ ഈത്തീരുമ്മ ടീച്ചര്‍.
മക്കള്‍: സിറാജ്, ഇര്‍ഷാദ് (ഇരുവരും സുഊദി അറേബ്യ), അനീസ (ടീച്ചര്‍, അലനല്ലൂര്‍ സ്‌കൂള്‍), ബരീറ (ടീച്ചര്‍, എല്‍.പി.എസ് മുസ്‌ലിയാരങ്ങാടി), സല്‍വ (വിദ്യാര്‍ഥിനി).

പി.എ.എം അബ്ദുല്‍ഖാദര്‍ തിരൂര്‍ക്കാട്


മിസ്രിയ റഹ്മത്ത്

ആലുവക്കടുത്ത വെളിയത്തുനാട് സ്വദേശിയാണ് മിസ്രിയ റഹ്മത്ത് (36). അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയിലെ വിദ്യാര്‍ഥികളുടെ പ്രിയങ്കരിയായ ടീച്ചര്‍ പഠനബോധന രംഗത്തും മദ്‌റസ ട്രെയ്‌നിംഗിലും ക്ലസ്റ്റര്‍ യോഗങ്ങളിലും ഏറെ സജീവത പുലര്‍ത്തിയിരുന്നു.
പാഠപുസ്തകത്തിന്റെ വരക്കും വരികള്‍ക്കുമുളളില്‍ ഒതുങ്ങാതെ സമകാലിക വിഷയങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള മിസ്രിയയുടെ മദ്‌റസ ക്ലാസ്സുകള്‍ കുട്ടികളെ രസിപ്പിക്കുന്നതോടൊപ്പം അവരെ ചിന്തിപ്പിക്കുന്നതു കൂടിയായിരുന്നു.
പറവൂര്‍ മന്നം ഇസ്‌ലാമിയ്യ കോളേജിലെ എ.ഐ.സി പഠനത്തിനു ശേഷം സ്വപരിശ്രമത്താല്‍ എം.എ കരസ്ഥമാക്കിയ ടീച്ചര്‍ സാമൂഹിക പ്രവര്‍ത്തന വേദികളിലും സജീവ സാന്നിധ്യമായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എന്നിവയില്‍ പ്രവര്‍ത്തിച്ചുവന്ന ടീച്ചര്‍ എറണാകുളം ജില്ലാ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
രോഗം മൂര്‍ഛിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍ കഴിയുമ്പോഴും മദ്‌റസയിലെ വിദ്യാര്‍ഥികളും അധ്യാപകരും അവരുടെ പ്രിയങ്കരിയായ ടീച്ചറിന്റെ രോഗശമനത്തിനായി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. എല്ലാവരെയും കണ്ണീരിലാഴ്ത്തി ആഗസ്റ്റ് 12-ന് മിസ്രിയ റഹ്മത്ത് അല്ലാഹുവിലേക്ക് യാത്രയായി.ഫുആദ് സനീന്‍ ഫതഹി ഏക മകനാണ്.

മുഹമ്മദ് ഉമരി വെളിയത്തുനാട്

പി.വി കുഞ്ഞുമുഹമ്മദ് 

ജമാഅത്തെ ഇസ്‌ലാമി ഇരിങ്ങാലക്കുട ഏരിയയിലെ കരൂപ്പടന്ന ഘടകത്തിലെ പ്രവര്‍ത്തകനായിരുന്നു 'പി.വി' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന പി.വി കുഞ്ഞുമുഹമ്മദ് സാഹിബ്. പ്രസ്ഥാന പ്രവര്‍ത്തന രംഗത്ത് മാതൃകാപരമായ ജീവിതമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഒട്ടേറെ പ്രയാസങ്ങളെ തരണം ചെയ്ത് കരൂപ്പടന്നയുടെ മണ്ണില്‍ പ്രസ്ഥാനത്തെ നട്ടുവളര്‍ത്തുന്നതിന് പി.കെ ബശീര്‍ സാഹിബ്, അക്കാലത്തെ മേഖലാ നാസിം കെ.എസ് അബ്ദുല്‍ മജീദ്, പാറയില്‍ ഹംസ തുടങ്ങിയവരോടൊപ്പം അദ്ദേഹം ഊര്‍ജസ്വലനായി പ്രവര്‍ത്തിച്ചു.
കരൂപ്പടന്നയിലെ ദാറുല്‍ ഉലും മദ്‌റസയുടെയും മസ്ജിദുര്‍റഹ്മയുടെയും നിര്‍മാണത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ കഠിന പ്രയത്‌നമു്. പുതു തലമുറക്ക് ആവേശമായിരുന്ന 'പി.വി' ദഅ്‌വാ മേഖലയിലും സജീവമായിരുന്നു.

എ.എസ് ജലീല്‍


ഇബ്‌റാഹീം കുട്ടി തലാംകണ്ടത്തില്‍

കോഴിക്കോട് കോവൂര്‍ ജമാഅത്ത് ഘടകത്തിലെ പ്രവര്‍ത്തകനും നൂറുല്‍ ഇസ്‌ലാം മസ്ജിദ് സെക്രട്ടറിയുമായിരുന്ന ഇബ്‌റാഹീം കുട്ടി തലാംകണ്ടത്തില്‍ (റിട്ട. സര്‍വേ സൂപ്രണ്ട്) അല്ലാഹുവിലേക്ക് യാത്രയായി. സര്‍വീസിലിരിക്കുമ്പോള്‍ തന്നെ സര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് ലഭ്യമാക്കുന്നതിനു വേണ്ടി ശ്രമിച്ചിരുന്നു. സര്‍വീസില്‍നിന്ന് പിരിഞ്ഞ ശേഷം ഈയൊരു പ്രവര്‍ത്തനത്തിനാണ് അദ്ദേഹം കാര്യമായി ഊന്നല്‍ നല്‍കിയത്. നൂറുല്‍ ഇസ്‌ലാം മസ്ജിദ് സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹം പള്ളിക്കു വേണ്ടി ചെയ്ത സേവനങ്ങള്‍ ഏറെ വലുതാണ്.
കോവൂര്‍ മഹല്ലിലെ പ്രയാസപ്പെടുന്നവരുടെ അത്താണിയായിരുന്നു. തന്റെ മുന്നില്‍ സഹായം ചോദിച്ചെത്തുന്നവരെ ജാതിഭേദമില്ലാതെ സഹായിക്കുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്തു.
അകന്നുകഴിയുന്ന കുടുംബങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് അവരെ അടുപ്പിക്കുന്നതില്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്നു. നൂറോളം അംഗങ്ങളുള്ള അദ്ദേഹത്തിന്റെ വലിയ കുടുംബത്തിലെ ബന്ധങ്ങള്‍ ആടിയുലയാതെ നിലനിര്‍ത്തിയതില്‍ അദ്ദേഹം കാണിച്ച ശുഷ്‌കാന്തി ആ കുടുംബത്തിലെ ആര്‍ക്കും മറക്കാനാവില്ല.
അദ്ദേഹത്തിന്റെ സഹധര്‍മിണി അസ്മ കക്കോടി, മെഡിക്കല്‍ കോളേജ് 'കനിവി'ലെ സന്നദ്ധ പ്രവര്‍ത്തകയാണ്. ഓരോ വര്‍ഷവും കനിവിനു വേണ്ടി നല്ലൊരു തുക തന്റെ പ്രിയതമന്റെ സഹായത്തോടു കൂടി ശേഖരിക്കാറുണ്ട്. മക്കളായ ഡോ. നാസര്‍ (മിംസ്), റശീദ, സനല്‍ എന്നിവര്‍ പ്രസ്ഥാന വൃത്തത്തിലുള്ളവരാണ്.

കെ.പി ഖാലിദ് മാസ്റ്റര്‍, കോവൂര്‍


ടി. അബ്ദുല്‍ അസീസ്

നൊച്ചാട്   തൈക്കണ്ടി കുടുംബാംഗമായിരുന്നു തേവറാട്ട് ടി. അബ്ദുല്‍ അസീസ് മൗലവി. കമ്യൂണിസ്റ്റ് അനുഭാവിയായ തേവറാട്ട് കലന്തറുടെ മകന്‍. പിതാവിന്റെ സമ്മതത്തോടെ തന്നെയാണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം പള്ളിദര്‍സില്‍ ചേര്‍ന്നത്. പ്രസ്ഥാന പ്രവര്‍ത്തകനായ സഹോദന്‍ ടി. കുഞ്ഞമ്മത് എപ്പോഴും അനുജന് മത-ഭൗതിക പഠനത്തിന് വേണ്ട സാഹചര്യം ഒരുക്കിക്കൊടുത്തുകൊണ്ടിരുന്നു. അതിനിടെയാണ് പ്രദേശത്തെ പ്രസ്ഥാന പ്രവര്‍ത്തകനായ സി.കെ മമ്മു സാഹിബുമായി ബന്ധപ്പെടുന്നത്. അവര്‍ തമ്മില്‍ ആശയസംവാദവും നടന്നു. ഒടുവില്‍ മര്‍ഹൂം എന്‍. ഇബ്‌റാഹീം സാഹിബിന്റെ പ്രേരണയില്‍ ടി. അബ്ദുല്‍ അസീസ് സാഹിബിനെ കാസര്‍കോട് ആലിയ അറബിക് കോളജില്‍ ചേര്‍ത്തു. ഈ സ്ഥാപനത്തില്‍ പഠിച്ച് ഖുര്‍ആനിലും ഹദീസിലും ഫിഖ്ഹിലും ആഴത്തില്‍ പാണ്ഡിത്യം നേടി. പൗരോഹിത്യത്തെ ചിന്താപരമായി നേരിട്ടു. പ്രാസ്ഥാനിക പ്രതിബദ്ധതയോടെ കുടുംബാംഗങ്ങളില്‍ ആദര്‍ശ പ്രചാരണം നടത്തി; അവരുമായി അടുത്ത ബന്ധം നിലനിര്‍ത്തി. സുഊദിയിലും കുവൈത്തിലും ജോലി ചെയ്തിരുന്നപ്പോഴും പ്രസ്ഥാന പ്രവര്‍ത്തനത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നു.
പ്രവാസ ജീവിതത്തിനു ശേഷം മദ്‌റസാധ്യാപകനായും മസ്ജിദ് ഇമാമായും കര്‍ഷകനായും വ്യാപാരിയായും നല്ലൊരു രാഷ്ട്രീയ പ്രവര്‍ത്തകനായും സകുടുംബം ഇസ്‌ലാമിക പ്രസ്ഥാനത്തെ നെഞ്ചിലേറ്റി.
സാമൂഹിക പ്രതിബദ്ധതയോടെ രാഷ്ട്രീയ -ജനകീയ പ്രവര്‍ത്തന നേതൃത്വത്തിലേക്ക് സഹധര്‍മിണി സീനത്ത് ടീച്ചറെയും ഫ്രറ്റേണിറ്റി പ്രവര്‍ത്തന നേതൃത്വത്തിലേക്ക് മകന്‍ ഹസനുല്‍ ബന്നയെയും ടീന്‍ ഇന്ത്യ നേതൃത്വത്തിലേക്ക് മകള്‍ ജൂമാന ഹസീനെയും വളര്‍ത്തിയെടുത്താണ് അസീസ് സാഹിബ് നമ്മില്‍നിന്ന് വിടവാങ്ങിയത്.

എന്‍.പി.എ കബീര്‍, നിലപ്പാറ


ആര്‍.പി അബ്ദുല്ല

വേളം ശാന്തിനഗര്‍ ഘടകത്തിലെ ആര്‍.പി അബ് ദുല്ല സാഹിബ് യൗവനകാലം മുതല്‍  ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധം സ്ഥാപിച്ച് ജീവിതാന്ത്യം വരെ പ്രസ്ഥാനത്തെ നെഞ്ചേറ്റിയ സജീവ പ്രവര്‍ത്തകനായിരുന്നു. കൂലിപ്പണി എടുത്ത് ജീവിത മാര്‍ഗം കണ്ടെത്തിയ അദ്ദേഹം അനേകം പ്രയാസങ്ങളിലൂടെ കടന്നുപോകേണ്ടിവന്നപ്പോഴും  തന്റെ ദീനീ നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സന്നദ്ധനായില്ല. പ്രാസ്ഥാനിക പ്രതിബദ്ധതയും വിശുദ്ധിയും ജീവിതാന്ത്യം വരെ ഉയര്‍ത്തിപ്പിടിച്ചു.  ഇല്ലായ്മയിലും പ്രാരാബ്ധങ്ങളിലും പരാതിയോ നിരാശയോ അദ്ദേഹത്തെ ബാധിച്ചില്ല. പള്ളിയില്‍ ജമാഅത്തായി നമസ്‌കരിക്കുന്നതില്‍ അദ്ദേഹം കണിശത കാണിച്ചു. ആരോഗ്യം ക്ഷയിച്ച് വീട്ടില്‍നിന്ന് പുറത്തു പോകാന്‍ കഴിയാതാകും വരെ അദ്ദേഹം ഈ ശീലം തുടര്‍ന്നു. വെള്ളപ്പൊക്കം വന്ന് വഴിയെല്ലാം മുട്ടിപ്പോകുന്ന നാളുകളില്‍ പോലും വേറെ വഴികള്‍ താണ്ടി അദ്ദേഹം പള്ളിയിലെത്തുമായിരുന്നു. തന്റെ മക്കളെയും ചെറുപ്രായത്തിലേ പള്ളിയില്‍ കൂടെ കൊണ്ടുപോകാന്‍ അദ്ദേഹം ശ്രദ്ധിച്ചു. യോഗങ്ങളില്‍ ഏല്‍പിക്കപ്പെടുന്ന ഉത്തരവാദിത്തങ്ങള്‍ വൈമനസ്യമില്ലാതെ ഏറ്റെടുത്തു. തനിക്ക് കഴിയും വിധം അത് നിര്‍വഹിക്കുകയും ചെയ്യും. സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളില്‍ ഏറെ താല്‍പര്യം കാണിച്ചു. പ്രബോധനം മുടങ്ങാതെ വായിക്കുകയും പ്രസ്ഥാനത്തിന്റെ സമകാലിക ചലനങ്ങളിലും മുന്നേറ്റങ്ങളിലും വലിയ സന്തോഷവും ആവേശവും പ്രകടിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഭാര്യ ബിയ്യാത്തു ജമാഅത്ത് പ്രവര്‍ത്തകയാണ്. മകന്‍ ആര്‍.പി ജാബിര്‍ ജമാഅത്ത് മെമ്പറും കുറ്റ്യാടി ഏരിയാ സമിതി അംഗവുമാണ്. മറ്റൊരു മകന്‍ ജുബൈര്‍ (ഖത്തര്‍).
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (16-20)
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രബോധനത്തില്‍നിന്ന് ഒളിച്ചോടുന്നവനല്ല മുസ്‌ലിം
ഹാഫിസ് ബശീര്‍ ഈരാറ്റുപേട്ട