Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 24

3219

1443 സഫര്‍ 17

ഇസ്‌ലാമിക നാഗരികതയിലെ  ക്രൈസ്തവ ജീവിതങ്ങള്‍

സദ്‌റുദ്ദീന്‍ വാഴക്കാട്

സാമൂഹിക സഹവര്‍ത്തിത്വത്തിന്റെ സാര്‍വകാലിക മാതൃകകള്‍ ലോകത്തെ പഠിപ്പിച്ചുകൊണ്ടാണ് ഇസ്‌ലാമിക നാഗരികതയുടെ രൂപീകരണവും വികാസവും സംഭവിച്ചിട്ടുള്ളത്. ആവിഷ്‌കാര വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയും ആദരവിന്റെ ഔന്നത്യമുള്ള പാരസ്പര്യവുമാണ് ഈ നാഗരികതയുടെ സവിശേഷതകള്‍. വിശ്വാസം, ആരാധന, ആചാരം, സാംസ്‌കാരിക മുദ്രകള്‍ തുടങ്ങിയവയിലെല്ലാം വൈവിധ്യതയെ പരിപാലിക്കുന്നു എന്നത് ഇസ്‌ലാമിക സാമൂഹികക്രമത്തിന്റെ അടിസ്ഥാന സ്വഭാവമാണ്. നീതി, സാഹോദര്യം, സ്‌നേഹം തുടങ്ങിയ മൂല്യങ്ങളിലാണ് ഇത് നിലകൊള്ളുന്നത്. അപരവല്‍ക്കരണത്തിന്റെ എല്ലാ കരുക്കളെയും അകറ്റി നിര്‍ത്തുന്ന ആദര്‍ശത്തിന്റെ പിന്‍ബലം, ഇസ്‌ലാമിക സാമൂഹികക്രമത്തെ ജനാധിപത്യത്തിന്റെയും മാനവികതയുടെയും ഉത്തുംഗതയില്‍ സ്ഥാനപ്പെടുത്തുന്നു. അന്യതാബോധത്തിന് അവസരം നല്‍കാത്ത ഉള്‍ക്കൊള്ളല്‍ ശേഷിയും ചേര്‍ത്തുവെപ്പും ഏതു മത വിഭാഗത്തിനും സമാധാനപൂര്‍ണമായ സഹജീവനം ഉറപ്പു നല്‍കുന്നു. പുറംതള്ളലിന്റെ പ്രത്യയശാസ്ത്രം ഇസ്‌ലാമിന്റേതല്ല. അപമാനം, വിദ്വേഷ പ്രചാരണം, വെറുപ്പ് ഉല്‍പ്പാദനം, ശത്രുതാ സമീപനം തുടങ്ങിയവയെ ഒരിക്കലും ഇസ്‌ലാം പൊറുപ്പിക്കുകയുമില്ല. പുറമേ സ്‌നേഹത്തിന്റെ സുവിശേഷം പ്രഘോഷിക്കുകയും, അകമേ വെറുപ്പിന്റെ വൈറസുകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന പൗരോഹിത്യ കാപട്യത്തെയും ഇസ്‌ലാം അനുവദിക്കുന്നില്ല. കാരണം, തിന്മകള്‍ തിരിച്ചറിഞ്ഞതിനാല്‍ പൗരോഹിത്യത്തിന് പണ്ടേ വിലക്ക് കല്‍പ്പിച്ചിട്ടുണ്ട് ഇസ്‌ലാം. സാമൂഹിക സുരക്ഷക്ക് ഭംഗം വരാത്തവിധം സമാധാനപൂര്‍ണമാകുന്ന കാലത്തോളം വ്യത്യസ്ത ആശയധാരകളെ ഇസ്ലാമിക നാഗരികത പരിരക്ഷിക്കും. ആത്മാഭിമാനമുള്ള ജീവിതം സമാധാനകാംക്ഷികളായ എല്ലാവര്‍ക്കും ഉറപ്പ് നല്‍കും. ഇസ്‌ലാമിക ദര്‍ശനത്തിന്റെ ദൈവികത തന്നെയാണ് അതിന്റെ നാഗരികതയെ ഇത്രമേല്‍ മനുഷ്യപ്പറ്റുള്ളതാക്കുന്നത്. കാരണം, ദൈവികമായതെന്തും മാനവികമായിരിക്കും. അല്ലെങ്കില്‍, മാനവികതക്ക് അടിയാധാരമാകേണ്ടത് ദൈവികതയാണ്.

മദീനാ ചാര്‍ട്ടറിന്റെ മഹത്വം
മുഹമ്മദ് നബിയുടെ നായകത്വത്തില്‍ ഉയര്‍ന്നുവന്ന മദീന തന്നെയാണ് ഇസ്‌ലാമിക  സാമൂഹിക ക്രമത്തിന്റെ ആദ്യത്തെ ആവിഷ്‌കാര ഭൂമി. ദൈവിക മൂല്യങ്ങളില്‍ ഊട്ടിയുറപ്പിച്ച ഈ സാമൂഹികക്രമത്തിന് ഏക മതാത്മകതയുടെ ശിലാരൂപമായിരുന്നില്ല, ബഹുസ്വരതയുടെ മഴവില്‍ വര്‍ണങ്ങളായിരുന്നു സൗന്ദര്യമേകിയത്. ദൈവികദര്‍ശനം അടിത്തറയായി വര്‍ത്തിച്ചതുകൊണ്ട് ക്രിസ്ത്യന്‍, ജൂത, ബഹുദൈവ മതസമുദായങ്ങളെ ഉള്‍ച്ചേര്‍ത്തുനിര്‍ത്താനുള്ള കരുത്ത് ഇസ്‌ലാമിക നാഗരികതക്ക് സഹജമായിരുന്നു. ഒരു ഹദീസില്‍ വന്നിട്ടുള്ളതുപോലെ, 'മുസ്‌ലിംകളും വിഗ്രഹാരാധകരായ ബഹുദൈവ വിശ്വാസികളും യഹൂദരും എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു സമ്മിശ്ര സമൂഹം' ജീവിച്ച മദീനാ രാഷ്ട്രം മുതല്‍ ഇതിന്റെ ഉജ്ജ്വല മാതൃകകള്‍ ലോകത്തുണ്ട്.
അമ്പത്തിരണ്ട് ഖണ്ഡികകളുള്ള മദീനാ ഭരണഘടന തന്നെ ഇതിന്റെ പ്രധാനപ്പെട്ട പ്രായോഗിക സാക്ഷ്യമാണ്. പൗരത്വം, സഹവര്‍ത്തിത്വം എന്നിവയില്‍ ഇസ്‌ലാമിന്റെ ലോകവീക്ഷണത്തെയാണ് മദീനാ ചാര്‍ട്ടര്‍ വരച്ചുകാണിക്കുന്നത്. ജന്മദേശം, വംശം, മതം, കുലം, വര്‍ണം, ഭാഷ തുടങ്ങിയവയെ പൗരത്വത്തിന്റെ മാനദണ്ഡമാക്കുന്നതിനു പകരം, എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്ന ലോകവിഭാവനയിലാണ് ഇസ്‌ലാമിന്റെ പൗരത്വ കാഴ്ചപ്പാട് കെട്ടിപ്പടുത്തിട്ടുള്ളത്. സാമൂഹിക സുരക്ഷ, നീതിനിര്‍വഹണം എന്നിവയെ ആധാരമാക്കിയുള്ള ഒരു കരാറില്‍ ഒപ്പുവെച്ചുകൊണ്ട് ആര്‍ക്കും ഈ രാഷ്ട്രത്തില്‍ പൗരത്വം സ്വീകരിക്കാവുന്നതാണ്. അങ്ങനെ, വ്യത്യസ്ത മതവിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്നതായിരുന്നു മദീനാ രാഷ്ട്രം. മക്കയില്‍നിന്ന് വന്ന മുസ്‌ലിംകളും യസ്‌രിബുകാരായ മുസ്‌ലിംകളും അവരോട് ചേര്‍ന്നവരും അവരോടൊപ്പം പോരാടിയവരും അവരുടെ കീഴിലുള്ളവരും ചേര്‍ന്ന്, ഒരൊറ്റ സമൂഹമായി (ഉമ്മത്ത്) മാറിയതാണ് മദീന എന്ന് ആ ചാര്‍ട്ടര്‍ വ്യക്തമാക്കുന്നു. അതിലെ ഇരുപത്തിനാല് മുതല്‍ നാല്‍പ്പത്തിയേഴ് വരെയുള്ള ഖണ്ഡികകള്‍ എല്ലാ മതക്കാരെയും ഉള്‍ക്കൊള്ളുന്നതിന്റെ പ്രഖ്യാപനമാണ്. സുരക്ഷ, നീതി, കരാര്‍ പാലനം തുടങ്ങിയവ മദീനാ ചാര്‍ട്ടറില്‍ പ്രധാനമാകുന്നത് തന്നെ, സമാധാനത്തില്‍ പുലരുന്ന ഒരു സാമൂഹിക വ്യവസ്ഥയുടെ നിലനില്‍പ്പ് ഉറപ്പ് വരുത്താന്‍ വേണ്ടിയാണല്ലോ.
മദീനയില്‍ ജീവിച്ചിരുന്ന എല്ലാ മതവിഭാഗങ്ങളോടും ഇടപഴകിയും അവരെ ആദരിച്ചും സംരക്ഷിച്ചുമാണ് മുഹമ്മദ് നബി സമൂഹത്തെ മുന്നോട്ട് നയിച്ചത്. നായകസ്ഥാനത്തിരുന്ന നബി ആരോടുമുള്ള വെറുപ്പ് ഉല്‍പ്പാദിപ്പിച്ചില്ല, വിദ്വേഷം പ്രചരിപ്പിച്ചില്ല. ആരുടെയും നാശം കൊതിക്കുകയോ, അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയോ ചെയ്തില്ല.
മറിച്ച് എല്ലാവരുടെയും സംരക്ഷണ ഉത്തരവാദിത്തം മുഹമ്മദ് നബി ഏറ്റെടുത്തു. ഇതര മത വിഭാഗക്കാര്‍ക്ക് സവിശേഷമായ സംരക്ഷണം നല്‍കി. ഇസ്‌ലാമിക സാമൂഹികക്രമത്തിനകത്ത് സംരക്ഷിത പൗരന്മാരായി ജീവിക്കുന്ന സഹോദര സമുദായക്കാര്‍ക്കു നേരെയുണ്ടാകുന്ന സുരക്ഷാലംഘനങ്ങളും കൈയേറ്റങ്ങളും നിയമസംവിധാനം വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. അത് കുറ്റകൃത്യമായി പരിഗണിക്കുമെന്നാണ് നിയമം. ഇസ്‌ലാമിക നാഗരികതയില്‍ ഇതിന് പ്രത്യേകമായ വ്യവസ്ഥ തന്നെയുണ്ട്. 'പ്രാകൃതമായ പക ദൈവം നിങ്ങളില്‍നിന്ന് എടുത്ത് കളഞ്ഞിരിക്കുന്നു, പ്രപിതാക്കളുടെ പേരിലുള്ള അഹന്തയും തഥാ. ധര്‍മബോധമുള്ള വിശ്വാസിയാകാം, അധര്‍മിയായ ദൗര്‍ഭാഗ്യവാനാകാം. രണ്ടാണെങ്കിലും, മനുഷ്യര്‍ ആദമിന്റെ സന്തതികളാണ്. ആദം മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടവനും'- ഇസ്‌ലാമിക സാമൂഹിക വീക്ഷണത്തിന്റെ മുഖവാചകമാണ് മുഹമ്മദ് നബി ഇവിടെ പഠിപ്പിക്കുന്നത്. മനുഷ്യനെ ഏകോദര സഹോദരനായി കാണുക എന്നതിലും വലിയ ഭരണഘടനാ തത്ത്വം എന്താണുള്ളത്. ഇതനുസരിച്ച് രൂപപ്പെടുന്ന സാമൂഹികക്രമത്തില്‍, വ്യത്യസ്ത മതങ്ങള്‍ അനുശാസിക്കുന്ന വ്യക്തിനിയമങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ സഹോദര സമുദായങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. ഇതര മതക്കാര്‍ക്കുമേല്‍ ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കുന്നത് ഇസ്‌ലാമിക സാമൂഹിക ക്രമത്തിന്റെ സംസ്‌കാരമല്ല. ക്രിമിനല്‍ നിയമങ്ങളില്‍പ്പോലും തങ്ങളുടേതായ മത ശാസനകള്‍ പിന്തുടരാന്‍ ഓരോ വിഭാഗത്തിനും നല്‍കുന്ന അനുവാദത്തെക്കുറിച്ച പണ്ഡിതാഭിപ്രായങ്ങളും കാണാനാവും. വിശ്വാസ, ആരാധനാ, ആചാര  സ്വാതന്ത്ര്യം തീര്‍ത്തും സംരക്ഷിക്കപ്പെടുന്നു.  ശനിയാഴ്ച പുണ്യനാളായതിനാല്‍ അന്ന് യഹൂദര്‍ ജോലി ചെയ്യരുത് എന്നാണ് മത ശാസനയെങ്കില്‍, ഇസ്‌ലാമിക സാമൂഹികക്രമത്തില്‍ ഒരിക്കലും ശനിയാഴ്ച തൊഴിലെടുക്കാന്‍ അവരോട് പറയില്ല. ക്രൈസ്തവര്‍ക്ക് ഞായറാഴ്ചയിലെ കുര്‍ബാനയും മറ്റു ആരാധനകളും ഇസ്‌ലാം തടയില്ല. സംരക്ഷിത പൗരന്മാര്‍ക്ക് ഇതിനെല്ലാം സുരക്ഷ നല്‍കുകയാണ് ഇസ്‌ലാമിക സമൂഹം ചെയ്യുക. മാത്രമല്ല, മുസ്‌ലിം സമൂഹത്തിന് നിഷിദ്ധമായ മദ്യവും പന്നിമാംസവും, നിഷിദ്ധമല്ലാത്ത മതവിഭാഗങ്ങളുടെ കൈയിലെ മൂല്യമുള്ള സമ്പത്തായിത്തന്നെയാണ് ഇസ്‌ലാം പരിഗണിക്കുന്നത്. ക്രൈസ്തവ സഹോദരങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് സൂക്ഷിച്ചിട്ടുള്ള മദ്യമോ പന്നിമാംസമോ ഒരു മുസ്‌ലിം നശിപ്പിച്ചാല്‍, അതിന് നഷ്ടപരിഹാരം നല്‍കാന്‍ ആ മുസ്‌ലിം ബാധ്യസ്ഥനാണെന്ന് ഇസ് ലാമിക നിയമം അനുശാസിക്കുന്നു.
തൗറാത്തിന്റെയും ഇഞ്ചീലിന്റെയും അനുയായികളെ വേദക്കാര്‍ എന്നാണ് ഇസ്‌ലാം വിശേഷിപ്പിക്കുന്നത്. മുഹമ്മദ് നബിയുടെ അയല്‍വാസികളില്‍ വേദക്കാരുമുണ്ടായിരുന്നു. അവരോട് സഹകരിച്ചാണ് നബിയും കുടുംബവും ജീവിച്ചത്. നബി അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി, തിരിച്ച് സമ്മാനങ്ങള്‍ സ്വീകരിച്ചു. അവരുടെ ഭക്ഷണം നബി വാങ്ങിക്കഴിച്ചിരുന്നു.
ഒരു ജൂത സ്ത്രീ ഭക്ഷണത്തില്‍ വിഷംകലര്‍ത്തി നബിക്ക് നല്‍കിയ സംഭവം ചരിത്രപ്രസിദ്ധമാണ്. ഇതെങ്ങനെ സംഭവിച്ചു? ഇതര മതക്കാരെ നബി അകറ്റിനിര്‍ത്തിയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ? മുഖൗഖിസ് രാജാവ് അയച്ചുകൊടുത്ത സമ്മാനം സ്വീകരിക്കാനും നബിക്ക് ഒട്ടും വൈമനസ്യമുണ്ടായിരുന്നില്ല.
'കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്ക് നന്മകള്‍ നേരുക. അവരോട് നിങ്ങള്‍ക്ക് കുടുംബ ബന്ധവും വിവാഹബന്ധവുമുണ്ട്' എന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്.
ക്രൈസ്തവ സമൂഹത്തിന് പ്രത്യേകമായൊരു ആദരവ് മുഹമ്മദ് നബി നല്‍കിയിരുന്നു. നജ്‌റാനില്‍ നിന്ന് വന്ന ക്രൈസ്തവ സഹോദരങ്ങളെ മുഹമ്മദ് നബി സ്വീകരിച്ചിരുത്തിയത് മദീനയിലെ തന്റെ പവിത്രമായ പള്ളിയിലായിരുന്നു. ഇസ്‌ലാമിക സമൂഹം ഏറ്റവും പവിത്രമായി കരുതുന്ന മൂന്ന് പള്ളികളില്‍ ഒന്നാണ് മദീനയിലെ മസ്ജിദുന്നബവി. ഇവിടെ, ക്രിസ്ത്യന്‍ സഹോദരങ്ങളെ സ്വീകരിക്കുക എന്നതുതന്നെ ഒരു ആദരവാണ്. അതിനപ്പുറം, അതിഥികള്‍ക്ക് പ്രാര്‍ഥനയുടെ സമയമായപ്പോള്‍, അതേ മസ്ജിദില്‍ തന്നെ ക്രിസ്ത്യന്‍ പ്രാര്‍ഥന നിര്‍വഹിക്കാന്‍ നബി അവര്‍ക്ക് സൗകര്യം നല്‍കുകയും ചെയ്തു. ഇസ്‌ലാമിക സമൂഹത്തിന്റെ ഉള്‍ക്കൊള്ളല്‍ ശേഷിയുടെ ഉജ്ജ്വലമായ പ്രഖ്യാപനമായിരുന്നു അത്.  ഇത്തരം നിലപാടുകള്‍ മുസ്ലിം സമൂഹത്തിന്റെ പൊതുസംസ്‌കാരമാകണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ്, 'വിശാലതയും സഹനവും അയത്‌നലളിതമായ ശ്രേഷ്ഠ കര്‍മമാണ്' എന്ന ആശയം മുഹമ്മദ് നബി അനുചരന്മാരെ പഠിപ്പിച്ചത്. 'ഏറ്റവും ശ്രേഷ്ഠമായ കര്‍മമേതാണ്?' ഉബാദത്ത് നബിയോട് ചോദിച്ചു. 'യഥാര്‍ഥ ദൈവവിശ്വാസം, സത്യസന്ധത, ദൈവമാര്‍ഗത്തിലെ ധര്‍മസമരം' നബി പ്രതിവചിച്ചു. ഉബാദത്ത് വീണ്ടും: 'ഇതിലേറെ ലഘുവായതാണ് ഞാന്‍ ഉദ്ദേശിച്ചത്.' മുഹമ്മദ് നബിയുടെ മറുപടി ഇങ്ങനെയായിരുന്നു; 'വിശാലതയും സഹനവും.' ഇവിടെ പ്രവാചകന്‍ പ്രയോഗിച്ച, 'സമാഹത്ത്' എന്ന പദത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന മഹാമനസ്‌കത, വിശാലത, ദയാര്‍ദ്രത, വിട്ടുവീഴ്ച, സഹിഷ്ണുത തുടങ്ങിയ മൂല്യങ്ങള്‍ ഇസ്‌ലാമിക സാമൂഹികക്രമത്തിന്റെ മഹിതമുദ്രകളായി എക്കാലത്തും തിളങ്ങിനിന്നിട്ടുണ്ട്. ദയാര്‍ദ്രമാകുമ്പോഴാണ് ഏതൊരു നാഗരികതയും ദൈവികമാകുന്നത്. നീതി പുലരുമ്പോഴാണ് എല്ലാ സാമൂഹിക വ്യവസ്ഥകളും മാനവികമാകുന്നത്. ദൈവികമായ മാനവികതയെ അകത്തും പുറത്തും പ്രതിനിധീകരിക്കുന്നതുകൊണ്ട്, ദയാര്‍ദ്രതയും നീതിയും ഇസ്‌ലാമിക നാഗരികതയുടെ ആണിക്കല്ലുകളായി എക്കാലത്തും നിലകൊള്ളുന്നു.
വിശ്വാസ വൈവിധ്യതയെ ആദരവോടെ ഉള്‍ക്കൊള്ളുകയും, എല്ലാ മതസമുദായങ്ങള്‍ക്കും സ്വാതന്ത്ര്യത്തോടെ പുലരാന്‍ അവസരം നല്‍കുകയും ചെയ്ത ഈ സമീപനം ഇസ്‌ലാമിക നാഗരികതയുടെ തുടര്‍കാലങ്ങളിലും ചേതോഹരമായി ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. ഓരോ മതവിഭാഗത്തിനും താന്താങ്ങളുടെ വിശ്വാസം കൊണ്ടു നടക്കാനും ആരാധനകള്‍ പരസ്യമായിത്തന്നെ നിര്‍വഹിക്കാനും ഭയലേശമില്ലാത്ത അവസരങ്ങള്‍ ഇസ്‌ലാമിക നാഗരികത ഒരുക്കിക്കൊടുത്തിട്ടുണ്ട്. മുഹമ്മദ് നബിയുടെ കാലശേഷം ഖലീഫമാരുടെ ഭരണത്തിലും അമവി, അബ്ബാസി, ഫാത്വിമി, ഉസ്മാനി കാലഘട്ടങ്ങളിലും ഇത് പൊതുവില്‍ പരിപാലിക്കപ്പെട്ടിട്ടുണ്ടെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. നീണ്ട നൂറ്റാണ്ടുകള്‍ നിലനിന്ന സഹവര്‍ത്തിത്വത്തിന്റെ ഈ പ്രായോഗിക പാഠങ്ങള്‍ ലോക ചരിത്രത്തിലെ വിസ്മയക്കാഴ്ച തന്നെയാണ്. കാരണം,  ദേശരാഷ്ട്രങ്ങളുടെ രൂപീകരണവും നിലനില്‍പ്പും പലപ്പോഴും സംഭവിച്ചിട്ടുള്ളത്, വൈവിധ്യതയുടെ പരിപാലനത്തിലല്ല, വംശീയമായ ഉന്മൂലനങ്ങളിലാണ്. നൂറ്റാണ്ടുകള്‍ പുറകോട്ട് സഞ്ചരിച്ചാല്‍ ഇതിന്റെ പേടിപ്പെടുത്തുന്ന രംഗങ്ങള്‍ കാണാനാകുമെങ്കിലും, കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ തന്നെ ഇതിന്റെ മതിയായ അനുഭവസാക്ഷ്യമായി നമ്മുടെ മുന്നിലുണ്ട്.  നീതിപൂര്‍വം വായിക്കുന്നവര്‍ക്ക് ചരിത്രത്തേക്കാള്‍ വലിയൊരു പാഠപുസ്തകവും ആവശ്യമില്ല തന്നെ.

ഇസ്‌ലാമിക നാഗരികതയിലെ പില്‍ക്കാല സാക്ഷ്യങ്ങള്‍
'ക്രൈസ്തവരുടെ  ജീവന്‍, സമുദായം, സമ്പത്ത്, ചര്‍ച്ചുകള്‍, കുരിശ് തുടങ്ങിയവ സുരക്ഷിതവും നിര്‍ഭയവുമായിരിക്കണം. അതിലൊന്നിനും ഭംഗം വരാന്‍ പാടില്ല. അവരുടെ അധിവാസകേന്ദ്രങ്ങളില്‍ മറ്റാരും കുടിയേറരുത്, അവ തകര്‍ക്കരുത്, അവരുടെ സമ്പത്തിന് ശോഷണം സംഭവിക്കരുത്, അവരുടെ മതത്തിനുമേല്‍ ബലാല്‍ക്കാരം നടത്തരുത്' - ചരിത്രത്തില്‍ നക്ഷത്രശോഭയോടെ തിളങ്ങിയ പ്രഖ്യാപനമാണിത്. നീതിമാന്‍ എന്ന് പേരുകേട്ട ഖലീഫ ഉമറാണ് ഇതു പറഞ്ഞത്. ക്രൈസ്തവ പാതിരിമാരുടെ ആവശ്യപ്രകാരം ഫലസ്ത്വീനിലെത്തി, അവിടത്തെ നിയന്ത്രണം ഏറ്റെടുത്തപ്പോഴായിരുന്നു ഈ പ്രഖ്യാപനം. ഒരു ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരി, ക്രൈസ്തവ സഹോദരങ്ങളുടെ സുരക്ഷിതമായ ജീവിതത്തെക്കുറിച്ച് എത്രമേല്‍ ജാഗ്രതയുള്ളവനാണെന്ന് ഇത് പഠിപ്പിക്കുന്നു. ഈ ഫലസ്ത്വീന്‍ സന്ദര്‍ശന വേളയില്‍ സായാഹ്ന നമസ്‌കാരത്തിന്റെ സമയമായി. ക്രൈസ്തവ നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും അവിടത്തെ വലിയ ചര്‍ച്ചില്‍ ഉമര്‍ നമസ്‌കരിക്കാന്‍ കൂട്ടാക്കിയില്ല. ക്രൈസ്തവ പള്ളിയില്‍ മുസ്‌ലിമിന്റെ നമസ്‌കാരം അനുവദനീയമാകാത്തതുകൊണ്ടല്ല ഉമര്‍ അതിന് സന്നദ്ധനാകാതിരുന്നത്. 'ഖലീഫ നമസ്‌കരിച്ച പള്ളിയുടെ മേല്‍ പില്‍ക്കാലത്ത് മുസ്‌ലിംകള്‍ അവകാശവാദം ഉന്നയിക്കാനും അത് പള്ളിയാക്കി മാറ്റാനും ശ്രമം നടന്നേക്കാം' എന്ന ആശങ്കയായിരുന്നു കാരണം. സമാധാനപൂര്‍ണമായ സാമൂഹിക സഹവര്‍ത്തിത്വത്തിന് പോറലേല്‍ക്കുന്നതൊന്നും ഇസ്‌ലാമിക രാഷ്ട്രത്തിനകത്ത് സംഭവിക്കരുതെന്ന ദീര്‍ഘദൃഷ്ടിയോടെയുള്ള നിലപാടാണ് ഖലീഫ ഉമര്‍ ബിന്‍ ഖത്ത്വാബ് അന്ന് കൈക്കൊണ്ടത്. ഒരു ഭരണാധികാരിയുടെ യഥാര്‍ഥ കരുതല്‍ ഇതാണ്.
ക്രിസ്ത്യന്‍ സ്ത്രീയുടെ വീട് പൊളിച്ച് മുസ് ലിം പള്ളി വിപുലീകരിച്ച ഈജിപ്തിലെ ഗവര്‍ണര്‍ അംറുബ്‌നുല്‍ ആസ്വിനെ തിരുത്തിയതും ഖലീഫ ഉമറാണ്. ജനസംഖ്യാ വര്‍ധനവ് പള്ളിയുടെ വിപുലീകരണം അനിവാര്യമാക്കിയിരുന്നു. പൊളിച്ചുമാറ്റിയ വീടിനും സ്ഥലത്തിനും അര്‍ഹമായ വില നല്‍കാന്‍ ഗവര്‍ണര്‍ സന്നദ്ധനുമായിരുന്നു. പക്ഷേ, ഖലീഫ ഉമര്‍ മുസ്‌ലിം പള്ളിക്ക് വേണ്ടിയുള്ള മുസ്‌ലിം ഗവര്‍ണറുടെ വാദങ്ങള്‍ അംഗീകരിച്ചില്ല. കൂട്ടിച്ചേര്‍ത്ത പള്ളിയുടെ ഭാഗം പൊളിച്ചുകളഞ്ഞ്, ക്രിസ്ത്യന്‍ സ്ത്രീയുടെ വീട് തല്‍സ്ഥാനത്തു തന്നെ പണിതുകൊടുക്കാനായിരുന്നു ഖലീഫയുടെ കല്‍പ്പന. പൗരന്മാരോട് മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കാന്‍ ഇസ്‌ലാം ഭരണാധികാരികളെ അനുവദിക്കുന്നില്ല. നാലാം ഖലീഫ അലി ഈജിപ്തിലെ തന്റെ ഗവര്‍ണര്‍ മാലികുല്‍ അശ്തറിന് അയച്ച കത്ത് ഇതിന്റെ രേഖാപരമായ സാക്ഷ്യമാണ്;
'നിന്റെ ഹൃദയത്തില്‍ പൗരന്മാരോട് കാരുണ്യവും സ്‌നേഹവും അനുകമ്പയും നിറയട്ടെ. അവരുടെ വിഭവങ്ങള്‍ ബലാല്‍ക്കാരം പിടിച്ചെടുക്കുന്ന കരം പിരിവുകാരനാകാതിരിക്കുക. അവര്‍ രണ്ടു വിഭാഗമാണ്: ഒന്നുകില്‍ നിന്റെ ആദര്‍ശ സഹോദരങ്ങള്‍. അല്ലെങ്കില്‍ നിന്റെ സമസൃഷ്ടികള്‍. അവര്‍ക്ക് വീഴ്ചകളുണ്ടാകും, അവര്‍ തെറ്റുകള്‍ ചെയ്യും, ബോധപൂര്‍വമായ കുറ്റങ്ങളോ അബദ്ധങ്ങളോ അവര്‍ക്ക് സംഭവിക്കും. നീ അവര്‍ക്ക് നല്‍കേണ്ടത് വിശാലതയും വിട്ടുവീഴ്ചയുമാണ്, ദൈവം നിന്നോട് കാണിക്കണം എന്ന് നീ ആഗ്രഹിക്കുന്ന വിശാലതയും വിട്ടുവീഴ്ചയും. നീ അവരുടെ മുകളിലാണ്. നിനക്ക് മുകളില്‍ നിന്നെ ഭരണമേല്‍പ്പിച്ചയാളുണ്ട്. നിന്നെ ഭരണച്ചുമതല ഏല്‍പ്പിച്ചയാള്‍ക്കു മുകളില്‍ സാക്ഷാല്‍ ദൈവമുണ്ട്.' ഭിന്നമതവിഭാഗങ്ങളില്‍പെട്ട പൗരന്മാരെ, മുസ്‌ലിം ഭരണാധികാരികള്‍ ഉള്‍ക്കൊള്ളേണ്ടത്, 'സമസൃഷ്ടികള്‍' എന്ന സാഹോദര്യ മനസ്സോടെയാണെന്ന് പ്രഖ്യാപിക്കുന്ന ഭരണകൂടത്തിന്റെ നയരേഖയാണിത്.
ഇസ്‌ലാമിക ചരിത്രത്തിലെ ഭരണാധികാരികളും നേതാക്കന്മാരും മുസ്‌ലിം പൊതുസമൂഹവും ക്രൈസ്തവരെയും മറ്റു മത വിഭാഗങ്ങളെയും സാഹോദര്യമനസ്സോടെയാണ് എന്നും സമീപിച്ചിട്ടുള്ളത്. ബഹുസ്വരതയുടെ സാധ്യതകളെ മുസ്‌ലിം ബൗദ്ധിക മണ്ഡലവും ഇസ്‌ലാമിക നാഗരികതയും പ്രയോജനപ്പെടുത്തുകയും ചെയ്തു. ക്രൈസ്തവ - യഹൂദ ന്യായാധിപന്മാര്‍ ഇസ്‌ലാമിക ചരിത്രത്തില്‍ സ്ഥാനം നേടിയതിന്റെ കാരണം അതുതന്നെയാണ്. ഇസ്‌ലാമിക നാഗരികതയുടെ വികാസ വേളകളില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടുന്ന മതവിഭാഗങ്ങള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തുകയുണ്ടായി. 'അവരുടെ ജീവനും സ്വത്തിനും ചര്‍ച്ചുകള്‍ക്കും ഞാന്‍ സുരക്ഷ ഉറപ്പ് നല്‍കിയിരിക്കുന്നു' എന്ന്, മുസ്‌ലിം നേതാവായിരുന്ന ഖാലിദുബ്‌നു വലീദ് ദമസ്‌കസിലെ ക്രൈസ്തവ വിശ്വാസികള്‍ക്ക് അയച്ച സന്ദേശത്തില്‍ കാണാം. രണ്ടാം ഉമര്‍ എന്ന് വിശ്രുതനായ ഖലീഫ ഉമറു ബ്‌നു അബ്ദില്‍ അസീസിന്റെ ഒരു വിജ്ഞാപനം ഇങ്ങനെയാണ്; 'ക്രൈസ്തവരുടെ ചര്‍ച്ചും ജൂതരുടെ സിനഗോഗും അഗ്നിയാരാധനാ ഗേഹവും തകര്‍ക്കരുത്.' അവിവേകികള്‍ തകര്‍ത്ത ഖുസ്തന്‍ത്വീനിലെ  ക്രൈസ്തവ ചര്‍ച്ച്, ഗവര്‍ണര്‍ മൂസബ്‌നു ഈസാ പുനര്‍നിര്‍മിച്ചുകൊടുത്ത സംഭവം ചരിത്രകാരന്മാര്‍ ഉദ്ധരിച്ചിട്ടുണ്ട്. ലൈസു ബ്‌നു സഅ്ദ്, അബ്ദുല്ലാഹിബ്‌നു ലുഹൈഅ എന്നീ രണ്ട് ഇസ്‌ലാമിക പണ്ഡിതന്മാരുടെ അംഗീകാരത്തോടെയായിരുന്നു ചര്‍ച്ചിന്റെ പുനര്‍നിര്‍മാണം; 'രാഷ്ട്ര നിര്‍മാണത്തിന്റെ ഭാഗമാണ് ഇത്. നബിയുടെ അനുചരന്മാരുടെയോ തൊട്ടടുത്ത തലമുറയുടെയോ കാലത്ത്, ഇസ്‌ലാമിക കാലഘട്ടത്തിലാണ് ഈ ചര്‍ച്ചുകള്‍ നിര്‍മിക്കപ്പെട്ടത്' എന്നാണ് ഇരു പണ്ഡിതന്മാരും അതേക്കുറിച്ച് എഴുതിയിട്ടുള്ളത്. ഈജിപ്തില്‍ കോപ്റ്റിക് ക്രൈസ്തവര്‍ കീഴ്‌പ്പെടുത്തി കൊള്ളയടിച്ച് കൈവശപ്പെടുത്തിയിരുന്ന ഓര്‍ത്തഡോക്‌സ് ചര്‍ച്ചുകള്‍, പിന്നീട് ഓര്‍ത്തഡോക്‌സ് ക്രൈസ്തവര്‍ക്ക് തിരിച്ചു വാങ്ങിക്കൊടുത്തത് മുസ്‌ലിംകളായിരുന്നു. റോമന്‍ ആധിപത്യത്തിന്റെ ക്രൂരതകളില്‍ നിന്ന് ക്രൈസ്തവരെയും ചര്‍ച്ചുകളെയും രക്ഷപ്പെടുത്തിക്കൊടുത്തത് മുസ്‌ലിം ഭരണാധികാരികളായിരുന്നു എന്ന് അന്താക്കിയയിലെ പാത്രിയാര്‍ക്കീസ് മീഖാഈല്‍ സാക്ഷ്യപ്പെടുത്തിയത് കാണാം.
ക്രൈസ്തവരും മുസ്‌ലിംകളും ഒരേ കെട്ടിടത്തിന്റെ രണ്ടു ഭാഗങ്ങള്‍, രണ്ട് ആരാധനാലയങ്ങളായി, ചര്‍ച്ചും പള്ളിയുമായി പങ്കുവെക്കുകയും, അതിനകത്തേക്ക് ഒരേ വാതിലിലൂടെ പ്രവേശിച്ച് ആരാധനകള്‍ നിര്‍വഹിക്കുകയും ചെയ്തിരുന്നു. ദമസ്‌കസിലാണ് ഈ പാരസ്പര്യം  പതിറ്റാണ്ടുകള്‍ നിലനിന്നിരുന്നത് എന്ന് ചരിത്രകാരനായ ഇബ്‌നു കസീര്‍ രേഖപ്പെടുത്തുന്നു. ഇസ്‌ലാമിക സമൂഹത്തിന്റെ ഭൂമിശാസ്ത്രപരമായ വികാസ വേളയിലാണ് ഇതിന് തുടക്കം കുറിച്ചത്. ശാമിലേക്കും ദമസ്‌കസിലേക്കുമുള്ള ഇസ്‌ലാമിക സമൂഹത്തിന്റെ ആഗമനത്തോടെ ഈ പങ്കുവെപ്പ് ആരംഭിക്കുകയായിരുന്നു. ദമസ്‌കസിലെ ആ വലിയ ആരാധനാലയത്തിലെ ഒരേ വാതിലിലൂടെ പ്രവേശിച്ച ശേഷം മുസ്‌ലിംകള്‍ വലതുവശത്തെ മസ്ജിദിലേക്കും, ക്രൈസ്തവ സഹോദരങ്ങള്‍ പടിഞ്ഞാറു ഭാഗത്തെ ചര്‍ച്ചിലേക്കും കടന്നുപോകും. ഇരു വിഭാഗവും അവിടെ തങ്ങളുടെ ആരാധനകള്‍ നിര്‍വഹിക്കും. വര്‍ഷങ്ങളോളം തുടര്‍ന്ന ആരാധനാലയത്തിന്റെ ഈ പങ്കുവെപ്പ് ചരിത്രത്തില്‍ ഇസ് ലാമിക നാഗരികതക്കു മാത്രം അവകാശപ്പെട്ടതാണ്. 
ആരാധനാലായത്തില്‍ മാത്രമല്ല, അറിവന്വേഷണത്തിലും പങ്കുവെപ്പിന്റെ സംസ്‌കാരം പുലര്‍ത്താന്‍ ഇസ്‌ലാമിക സമൂഹത്തിന് സാധിച്ചിട്ടുണ്ട്. ഇസ്‌ലാമിന്റെ പ്രാരംഭഘട്ടത്തില്‍ യഹൂദ, ക്രൈസ്തവ പുരോഹിതന്മാരില്‍നിന്ന് പ്രയോജനകരമായ വിജ്ഞാനീയങ്ങള്‍ സ്വീകരിക്കാന്‍ മുസ്‌ലിംകള്‍ മുന്നോട്ടുവന്നിരുന്നു. അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് ദൈവദൂതനായി നിയുക്തനാവുകയാണെന്ന ആദ്യത്തെ പ്രഖ്യാപനം നടത്തുന്നതുതന്നെ, അന്ന് മക്കയില്‍ ജീവിച്ചിരുന്ന ക്രൈസ്തവ പണ്ഡിതന്‍ വറഖത്തുബ്‌നു നൗഫലായിരുന്നു എന്നോര്‍ക്കണം. തോറയും ഇഞ്ചീലും വായിച്ചു പഠിച്ച, പാരമ്പര്യ വിജ്ഞാനീയങ്ങള്‍ സ്വായത്തമായിരുന്ന ഈ ക്രൈസ്തവ പണ്ഡിതന് മോശെയുടെയും യേശുവിന്റെയും പിന്മുറക്കാരനായ മുഹമ്മദിനെ തിരിച്ചറിയുക എളുപ്പമായിരുന്നല്ലോ. ദിവ്യബോധനത്തിന്റെ പൊരുളറിയാന്‍ ചെന്ന പ്രവാചകന്നും പത്‌നി ഖദീജക്കും വേദജ്ഞാനിയായ വറഖത്ത് നല്‍കിയ വിശദീകരണം ഇങ്ങനെയായിരുന്നു; 'ഇത് മോശെക്ക് പ്രത്യക്ഷനായ നാമോസ് പോലെ ഒന്നാണ്. ഇതൊരിക്കലും പൈശാചികമാകാന്‍ ഇടയില്ല.' തുടര്‍ന്ന് ആ ക്രൈസ്തവ പണ്ഡിതന്‍ ഒരു പ്രഖ്യാപനം കൂടി നടത്തി; 'താങ്കളുടെ ദൗത്യനിര്‍വഹണത്തിനിടക്ക് പ്രയാസങ്ങള്‍ വന്നുപെടുമ്പോള്‍ ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ തീര്‍ച്ചയായും ഞാന്‍ താങ്കളെ സംരക്ഷിക്കുകയും എനിക്ക് കഴിയുന്നതു പോലെ പിന്തുണക്കുകയും ചെയ്യും!' നോക്കൂ, തനിക്കറിയാത്ത ഒരനുഭവത്തിന്റെ പൊരുള്‍തേടി ഒരു ക്രൈസ്തവ പണ്ഡിതനെ സമീപിക്കാന്‍ മുഹമ്മദ് നബിക്ക് ഒരു മടിയുമുണ്ടായില്ല. തനിക്ക് ബോധ്യപ്പെട്ട സത്യം തെളിച്ചുപറയാന്‍ ആ പണ്ഡിതന്‍ വൈമനസ്യം കാണിച്ചതുമില്ല. അങ്ങനെ, മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന്റെ തുടക്കം തന്നെ ഒരു ക്രൈസ്തവ പണ്ഡിതന്റെ സുവിശേഷം കേട്ടുകൊണ്ടുകൂടിയായിത്തീര്‍ന്നു.
ഈ രീതി പിന്തുടര്‍ന്ന മുസ്‌ലിം പണ്ഡിതന്മാര്‍ ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്ക് വിരുദ്ധമല്ലാത്ത വിജ്ഞാനീയങ്ങള്‍ ക്രൈസ്തവ പണ്ഡിതരില്‍നിന്ന് സ്വീകരിക്കുകയുണ്ടായി. ഖുര്‍ആന്‍ വ്യാഖ്യാതാവായ മുഖാതിലു ബ്‌നു സുലൈമാന്‍ ബല്‍ഖീ പൂര്‍വവേദങ്ങള്‍ സംബന്ധിച്ച ഖുര്‍ആന്‍ വിവരണങ്ങളും മറ്റും മനസ്സിലാക്കാന്‍ യഹൂദരെയും ക്രൈസ്തവരെയും സമീപിച്ചിരുന്നു. പണ്ഡിതവര്യനായ മുഹമ്മദു ബ്‌നു ഇസ്ഹാഖ് യഹൂദ-ക്രൈസ്തവരില്‍നിന്ന് അറിവ് നേടുകയും 'പ്രഥമ ജ്ഞാനത്തിന്റെ വക്താക്കള്‍' എന്ന് തന്റെ ഗ്രന്ഥത്തില്‍ അവരെ വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്‌ലാമിക സമൂഹത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്രൈസ്തവ -മുസ്‌ലിം വിദ്യാര്‍ഥികള്‍ ഒരുമിച്ചാണ് പഠിച്ചിരുന്നത്. മുസ്‌ലിം അധ്യാപകര്‍ തന്നെയാണ് അവരെയും പഠിപ്പിച്ചിരുന്നത്. ക്രിസ്തുമതക്കാരനായ ഡോക്ടര്‍ മര്‍മൂഖ് യഹ്‌യ, മുസ്‌ലിമായ അബൂ അലിയുടെ അടുത്താണ് അറിവു തേടി ചെന്നത്. ശംസുദ്ദീന്‍ മുഹമ്മദ് ജസ്‌രിയുടെ പാഠശാലയില്‍ ക്രൈസ്തവരും യഹൂദരും മുസ്‌ലിംകളും വിദ്യാര്‍ഥികളായിരുന്നു. യഹൂദമതപണ്ഡിതനായിരുന്ന അബ്ദുസ്സയ്യിദ് ഇസ്‌റാഈലി വിജ്ഞാനം തേടി മുസ്‌ലിം സദസ്സുകളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. സൂഫീ സംഗീത സദസ്സിലും ജൂത-ക്രൈസ്തവരുടെ സാന്നിധ്യമുണ്ടായിരുന്നു. സൂഫീ സിമാഇന്റെ വാതിലുകള്‍ അടച്ചിടരുതെന്ന് അബുല്‍ ഹസന്‍ ഹരീരി പറഞ്ഞത്, യഹൂദ-ക്രൈസ്തവര്‍ക്കുകൂടി വേണ്ടിയായിരുന്നു. ഇത്തരം ചരിത്രാനുഭവങ്ങള്‍ എത്ര വേണമെങ്കിലും ഉദ്ധരിക്കാനാകും.
വൈജ്ഞാനിക രംഗത്ത്, സാമൂഹിക അസ്പൃശ്യതയുടെയും പുറംതള്ളലിന്റെയും സമീപനം മുസ്‌ലിം ലോകം ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ളവരോട് സ്വീകരിച്ചിരുന്നില്ല എന്നതിന്റെ ചരിത്ര സാക്ഷ്യമായാണ് അറിവന്വേഷണത്തിലെ ആദാനപ്രദാനങ്ങളുടെ ഈ അനുഭവങ്ങള്‍ ഇവിടെ പങ്കുവെച്ചത്. വിദ്യാഭ്യാസ മണ്ഡലം പലപ്പോഴും മതസമുദായ വിഭാഗീയതകളുടെ രംഗവേദിയാകാറുള്ളതുകൊണ്ട്, അതില്‍നിന്ന് വ്യത്യസ്തമായി, ഔന്നത്യമുള്ള സമീപനമായിരുന്നു ഇസ്‌ലാമിക നാഗരികത സ്വീകരിച്ചത് എന്ന വസ്തുതക്ക് അടവരയിടേണ്ടതാണ്.
സാമൂഹിക പ്രശ്‌നങ്ങള്‍, രാഷ്ട്രീയ അതിക്രമങ്ങള്‍ തുടങ്ങിയവക്കെതിരെ ഒരു രാഷ്ട്രഘടനക്കകത്ത് ക്രൈസ്തവരും മുസ്‌ലിംകളും ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെയും പ്രാര്‍ഥിച്ചതിന്റെയും അനുഭവങ്ങളും ഇസ്‌ലാമിക നാഗരികതക്ക് പറയാനുണ്ട്. രാജ്യം വരള്‍ച്ചയെ നേരിട്ട ആപത് സന്ധിയില്‍ ഇസ്‌ലാമിക വിധിപ്രകാരം നടന്ന മഴക്കു വേണ്ടിയുള്ള പ്രാര്‍ഥനകളില്‍ ക്രൈസ്തവരെയും യഹൂദരെയും കൂടി പങ്കെടുപ്പിച്ചതും ഇസ്‌ലാമിക പണ്ഡിതര്‍ അത് അംഗീകരിച്ചതും ചരിത്രത്തില്‍ കാണാം. ജോണ്‍ മാസവൈഹിയെ തന്റെ പാഠശാലയുടെ മേധാവിയാക്കാന്‍ ഖലീഫ ഹാറൂന്‍ റശീദിന് മടിയൊന്നും ഉണ്ടായിരുന്നില്ല. മുസ്‌ലിം ഭരണാധികാരികള്‍ ആദരിച്ച് അംഗീകരിച്ച ഡോക്ടര്‍മാര്‍, സാഹിത്യകാരന്മാര്‍, പണ്ഡിതന്മാര്‍ തുടങ്ങിയവരില്‍ ക്രൈസ്തവരും യഹൂദരുമുണ്ടായിരുന്നു. ഭരണരംഗത്ത് ക്രൈസ്തവരെയും ജൂതന്മാരെയും മുസ്‌ലിംകള്‍ ഉള്‍ക്കൊണ്ടിരുന്നുവെന്ന് യൂറോപ്യന്‍ ചരിത്രകാരന്മാര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിലെ മുസ്‌ലിം കേന്ദ്രമായിരുന്ന സ്‌പെയിന്‍ സാമൂഹിക ജീവിതത്തില്‍ കാഴ്ചവെച്ച ഉള്‍ക്കൊള്ളലിന്റെ ബഹുസ്വര  മാതൃകകള്‍ തുല്യതയില്ലാത്തതാണ്.
ക്രൈസ്തവരുടെ മത ചടങ്ങുകള്‍ക്ക് ഇസ്‌ലാമിക രാഷ്ട്രത്തിലെ പൊതു ഇടങ്ങള്‍ സാക്ഷിയായതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ കുരിശും മെഴുകുതിരിയും ബൈബിളും വഹിച്ചുകൊണ്ടു നടന്ന മതഘോഷയാത്രകളില്‍, പാതിരിമാര്‍ ആചാരവസ്ത്രങ്ങളണിഞ്ഞ് അണിനിരക്കുമായിരുന്നു. മാമോദീസ, കുരിശുകയറ്റം, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷങ്ങള്‍ക്ക് മുസ്‌ലിം സാമൂഹിക ക്രമത്തില്‍ യാതൊരു വിലക്കുമുണ്ടായിരുന്നില്ല. നൂറുകണക്കിന് ക്രൈസ്തവ സഹോദരങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ഒരുമിച്ചുചേര്‍ന്ന് എല്ലാവിധ ചടങ്ങുകളോടും കൂടി, കീര്‍ത്തനങ്ങള്‍ ഉറക്കെച്ചൊല്ലി മതചടങ്ങുകള്‍ നടത്തിക്കൊണ്ടിരുന്നത് ഇസ്‌ലാമിക സമൂഹത്തിന്റെ സഹിഷ്ണുതാപൂര്‍ണമായ സമീപനത്തെയാണ് അടയാളപ്പെടുത്തുന്നത്. ഇന്നും ഒരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത്, ഏതു മതവിഭാഗത്തില്‍പെട്ടവര്‍ക്കും ഏറെ സുരക്ഷിതവും സമാധാനപരവും സൗഹാര്‍ദപൂര്‍ണവുമായി ജീവിക്കാനും മത ചടങ്ങുകള്‍ ആചരിക്കാനും സാധിക്കും. എല്ലാവര്‍ക്കും വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതിലായിരിക്കും മുസ്‌ലിം സമൂഹത്തിന്റെ ശ്രദ്ധ. കേരളം മുതല്‍ പ്രവാസ ജീവിതം സമ്പന്നമായ  മുസ്‌ലിംനാടുകള്‍ വരെ നല്‍കുന്ന ഹൃദ്യമായ അനുഭവങ്ങള്‍ ആര്‍ക്കാണ് നിഷേധിക്കാനാവുക! മുസ്‌ലിം സമൂഹവും നേതൃത്വവും സാമൂഹിക സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്ന ഇസ്‌ലാമിക നാഗരികത സഹിഷ്ണുതയിലും സമഭാവനയിലും എന്തുകൊണ്ട് ഇത്രമേല്‍ പ്രോജ്ജ്വലമായി എന്ന ചോദ്യത്തിന്, വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങളാണ് ഇതിനെല്ലാം നിത്യനിദാനം എന്നു മാത്രമാണ് മറുപടി. ക്രൈസ്തവ സമൂഹത്തോടുള്ള സമീപനങ്ങളെ സംബന്ധിച്ച ഖുര്‍ആനിക പാഠങ്ങള്‍ അത്രമേല്‍ മഹത്തരമാണ്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (16-20)
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രബോധനത്തില്‍നിന്ന് ഒളിച്ചോടുന്നവനല്ല മുസ്‌ലിം
ഹാഫിസ് ബശീര്‍ ഈരാറ്റുപേട്ട