Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 24

3219

1443 സഫര്‍ 17

വിഷം ചീറ്റുന്ന ബിഷപ്പും  വിഷമത്തിലകപ്പെട്ട ഭരണപക്ഷവും

കെ.സി ജലീല്‍ പുളിക്കല്‍

അസത്യങ്ങളുടെ പ്രചാരണത്തിനപ്പുറം കടുത്ത വംശീയവിദ്വേഷവും ശത്രുതയും പൈശാചികതയും ഇളക്കിവിട്ട് കലാപകലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശേഷിയുള്ളതായിരുന്നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസംഗം. എന്നാല്‍ കേരളീയ സമൂഹം ഉല്‍ബുദ്ധരായതുകൊണ്ടും ആരോപിത സമൂഹം വിവേകമുള്ളവരായതുകൊണ്ടും പ്രകോപനങ്ങള്‍ക്ക് അവര്‍ വശംവദരായില്ല. എത്രതന്നെ പ്രകോപനുണ്ടായാലും ഒരവസരത്തിലും വിവേകം കൈവിട്ടുകൂടെന്ന് നിര്‍ബന്ധമുള്ളവരാണ് മുസ്ലിം സമൂഹം. വിശുദ്ധ ഖുര്‍ആനും പ്രവാചകാധ്യാപനങ്ങളും അവരെ അതിനനുവദിക്കുന്നേയില്ല. കേരളീയ മുസ്ലിം സമൂഹം ഇതുള്‍ക്കൊണ്ടവരാണ്. മാത്രമല്ല, ക്രിസ്തീയ സമൂഹത്തെയോ ബിഷപ്പുമാരെയോ ഒന്നടങ്കം ആക്ഷേപിക്കാനും ഖുര്‍ആന്റെ വക്താക്കളും മുഹമ്മദ് നബിയുടെ അനുയായികളുമായ മുസ്ലിംകള്‍ക്കാവില്ല. ഏറെ ഭക്തരും നിഷ്‌കളങ്കരും സൗമ്യശീലരും സത്യസന്ധരുമായ പുരോഹിതന്മാരും ബിഷപ്പുമാരുമെല്ലാം അവരിലുണ്ടെന്നും ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ടല്ലോ (ആലുഇംറാന്‍ 113). നജ്‌റാനിലെ ക്രിസ്ത്യാനികള്‍ തന്നെ സന്ദര്‍ശിക്കാനായി മദീനയിലെത്തിയപ്പോള്‍ സ്വന്തം പള്ളി അവര്‍ക്ക് ആരാധനക്ക് വിട്ടുകൊടുക്കുകയായിരുന്നു പ്രവാചകന്‍. ക്രിസ്ത്യാനികളോടുള്ള ഈ സഹിഷ്ണുതാ മനോഭാവം മുസ്ലിം എന്നും എവിടെയും എപ്പോഴും കാത്തുസൂക്ഷിച്ചു പോന്നിട്ടുണ്ട്. ഗള്‍ഫ് നാടുകളടക്കം വിവിധ മുസ്ലിം രാജ്യങ്ങളില്‍ വന്‍തോതില്‍ ക്രിസ്ത്യന്‍ സഹോദരന്മാര്‍ പ്രധാന തസ്തികകളിലടക്കം ജോലി ചെയ്യുന്നുണ്ട്. നിരവധി  മലയാളികളും ഉണ്ട് അക്കൂട്ടത്തില്‍.  അവരാരെങ്കിലും ബിഷപ്പ് ഉന്നയിച്ചതുപോലുള്ള വല്ല ആക്ഷേപവുമുന്നയിച്ചിട്ടുണ്ടോ?
യേശുവിന്റെ അധ്യാപനങ്ങളുടെ നിജഃസ്ഥിതി ഖുര്‍ആന്‍ സത്യസന്ധമായി അനാവരണം ചെയ്യുന്നുണ്ടെന്നത് ശരിയാണ്. സത്യസന്ധമായി ഖുര്‍ആന്‍ വായിക്കുന്നവര്‍ യാഥാര്‍ഥ്യം മനസ്സിലാക്കിക്കളയുമോ എന്ന ഭയം അവരിലെ വംശവെറിയന്മാരെ അസ്വസ്ഥരാക്കുന്നു. അതിനാല്‍ മുസ്ലിംകളുമായുള്ള സൗഹൃദം സത്യാന്വേഷണത്തിന് അനുയായികളെ പ്രേരിപ്പിക്കുമെന്ന ആശങ്കയും അവര്‍ക്കുണ്ട്. ശത്രുത വളര്‍ത്തി ക്രൈസ്തവ സഹോദരങ്ങളെ അകറ്റി സത്യാന്വേഷണ പാത അടക്കാമെന്ന് 'ഇസ്ലാം പേടി'ക്കാരായ ഈ വംശവെറിയന്മാര്‍ കരുതുന്നു. ഈ ചെറു വിഭാഗം ആഗോളതലത്തിലുമുണ്ട്. കേരളത്തില്‍ വളരെ കുറവാണ് ഇത്തരം ചിന്താഗതിയുള്ളവര്‍. ബഹുഭൂരിഭാഗം ക്രിസ്ത്യന്‍ സഹോദരങ്ങളും സൗഹൃദം ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ സൗഹൃദമാഗ്രഹിക്കുന്നവരെന്ന് പൊതുവെ കരുതപ്പെടുന്ന പലരും മൗനികളോ, വിഷം  ചീറ്റലിന്റെ വന്‍ വിപത്തുകള്‍ കണ്ടതായി നടിക്കാത്തവരോ ആണ് എന്നത് പ്രശ്‌നമാണ്.
ഇഛാശക്തിയും സമാധാനതല്‍പരതയുമുള്ള ഭരണകൂടം ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമായിരുന്നു. നിയമപാലകര്‍ ഇപ്പോഴും അറിഞ്ഞ ഭാവം നടിക്കുന്നില്ല. മുഖ്യ ഭരണകക്ഷി നേതാവിനോട് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണമാരാഞ്ഞപ്പോള്‍ നിങ്ങള്‍ അവിടന്നും ഇവിടന്നും എന്തെങ്കിലും പെറുക്കിക്കൊണ്ടുവന്ന് എന്നോട് പ്രതികരണമാരായുകയോ എന്ന് ചോദിച്ചു പുഛിക്കുകയായിരുന്നു. പിന്നെ, മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ എന്തായാലും വിഷം ചീറ്റലിനെ ശക്തമായി അപലപിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നു. അവിടെയും സമാധാനകാംക്ഷികള്‍ക്ക് നിരാശ തന്നെ. മുഖ്യമന്ത്രിയോട് പ്രതികരണമാരാഞ്ഞപ്പോള്‍ വിഷം ചീറ്റിയ ബിഷപ്പിന്റെ മഹത്വം വാഴ്ത്താനാണ് അദ്ദേഹം സമയം വിനിയോഗിച്ചത്. അദ്ദേഹത്തില്‍നിന്ന് അഹിതമായതൊന്നുമുണ്ടാവുകയില്ലെന്ന സര്‍ട്ടിഫിക്കറ്റും. അപ്പോള്‍ അദ്ദേഹം ചീറ്റിയതെല്ലാം ഹിതമെന്ന് സാരം. പ്രതികള്‍ മുസ്ലിംകള്‍ തന്നെ എന്ന് വ്യംഗ്യം. സംയമനം പാലിക്കേണ്ടതും മുസ്ലിംകള്‍ തന്നെ. മുസ്ലിം വോട്ട് കിട്ടില്ലെന്ന പേടിയില്ല. സംഘ് പരിവാര്‍ 'പോത്താമ്പി'യെ ചൂണ്ടി പേടിപ്പിച്ചാല്‍ മൊത്തമായും ചില്ലറയായും വോട്ട് തങ്ങളുടെ പെട്ടിയില്‍ വീഴുമെന്ന അനുഭവം ഭരണകക്ഷിക്കുണ്ട്. മുസ്ലിംകള്‍ക്ക് മാത്രം അവകാശപ്പെട്ട സ്‌കോളര്‍ഷിപ്പ് അപ്പുറത്തുള്ളവരെ പ്രീണിപ്പിക്കാന്‍ നല്‍കിയിട്ടും മറ്റു ഏഷണികള്‍ക്ക് വഴങ്ങിയിട്ടും ഇലക്ഷനില്‍ മുസ്ലിം ഭാഗത്തു നിന്ന് ഒരു പ്രശ്നവുമുണ്ടായിട്ടില്ലെന്നാണല്ലോ വിലയിരുത്തല്‍.
പ്രതിപക്ഷ നേതാവ് വിഷം ചീറ്റലിനെ ആദ്യഘട്ടത്തില്‍ ശക്തമായി അപലപിച്ചു. ആരുപദേശിച്ചിട്ടാണെന്നറിയില്ല, പിറ്റേ ദിവസം 'വീണ്ടുവിചാര'മുണ്ടായി. എങ്ങും തൊടാത്ത അഴകൊഴമ്പന്‍ പ്രസ്തവന നടത്തി ഭരണപക്ഷത്തിന്റെ ലൈനിലെത്തി. സൃഷ്ടിപരമായ കാര്യങ്ങളില്‍ ഭരണപക്ഷത്തോടൊപ്പം നില്‍ക്കുമെന്ന് സ്ഥാനമേല്‍ക്കുമ്പോള്‍ പ്രസ്താവിച്ചത് ഇപ്പോഴെങ്കിലും പ്രാവര്‍ത്തികമാക്കാനായ ചാരിതാര്‍ഥ്യമാവാം അദ്ദേഹത്തിന്! 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (16-20)
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രബോധനത്തില്‍നിന്ന് ഒളിച്ചോടുന്നവനല്ല മുസ്‌ലിം
ഹാഫിസ് ബശീര്‍ ഈരാറ്റുപേട്ട