മൊറോക്കോയില്‍നിന്നുള്ള പാഠങ്ങള്‍
മൊറോക്കോയിലെ ജസ്റ്റിസ് ആന്റ് ഡവലപമെന്റ് പാര്‍ട്ടി 1997-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ (അന്ന് പാര്‍ട്ടിക്ക് മറ്റൊരു പേരായിരുന്നു) കിട്ടിയ സീറ്റ് 12. ഈ മാസം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കിട്ടിയത് 13 സീറ്റ്. പക്ഷേ ഇതിനിടക്കുള്ള കാലം ഈ പാര്‍ട്ടി വന്‍ രാഷ്ട്രീയ മുന്നേറ്റം നടത്തിയ ഘട്ടമായിരുന്നു. സഖ്യകക്ഷികളോടൊപ്പം തുടര്‍ച്ചയായി പത്തു വര്‍ഷം മൊറോക്കോ ഭരിച്ച പാര്‍ട്ടി. അതിനാല്‍ തന്നെ പാര്‍ട്ടിയുടെ ഒടുവിലത്തെ പ്രകടനം വളരെ ദയനീയമായിരുന്നുവെന്ന് പറയാതെ വയ്യ. കടുത്ത രാഷ്ട്രീയ പ്രതിയോഗികള്‍ പോലും ഇത്ര വലിയ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ല. 2011-ല്‍ 107 സീറ്റും 2016-ല്‍ 125 സീറ്റും ലഭിച്ചിരുന്നു ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് എന്ന ഈ ഇസ്‌ലാമിസ്റ്റ് കക്ഷിക്ക്. അവരാണ് കൂട്ടുകക്ഷി മന്ത്രിസഭയുണ്ടാക്കി പത്തു വര്‍ഷം മൊറോക്കോ ഭരിച്ചതും. ഈ തിരിച്ചടിയുടെ കാരണങ്ങളെക്കുറിച്ച് മുടിനാരിഴ കീറിയുള്ള വിശകലനങ്ങളാണ് അറബ് മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്നത്.
പരാജയത്തിന് പറയപ്പെടുന്ന കാരണങ്ങളെ രണ്ടായി സംക്ഷേപിക്കാമെന്ന് അറബ് കോളമിസ്റ്റായ ഫിറാസ് അബൂഹിലാല്‍ പറയുന്നു. ഒന്ന്, 2011-ല്‍ കൊണ്ടുവന്ന ഭരണഘടനക്കു ശേഷം രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടം വളരെ കുറഞ്ഞുപോയിരുന്നു. നിര്‍ണായകമായ ഒരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഏതു പാര്‍ട്ടിയുണ്ടാക്കുന്ന മന്ത്രിസഭക്കും ഉണ്ടാകില്ല. ഈ പരിമിതി തിരിച്ചറിഞ്ഞുകൊണ്ട് തന്ത്രപരമായി നീങ്ങിയതാണ് ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിക്ക് തുണയായത്. പക്ഷേ കഴിഞ്ഞ നാലു വര്‍ഷക്കാലം ഈ പരിമിതി തിരിച്ചറിഞ്ഞ് സ്ട്രാറ്റജി രൂപപ്പെടുത്തുന്നതില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ ഡോ. സഅ്ദുദ്ദീന്‍ ഉസ്മാനി നേതൃത്വം നല്‍കിയ ഭരണകൂടം വലിയ പരാജയമായിരുന്നു. പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും പ്രധാനമന്ത്രിയുമായ അബ്ദുല്‍ ഇലാഹ് ബെന്‍കീറാന് രാജാവും സില്‍ബന്ധികളും തീര്‍ക്കുന്ന കടമ്പകള്‍ സമര്‍ഥമായി മറികടക്കാന്‍ കഴിഞ്ഞിരുന്നു. പാര്‍ട്ടിയുടെ ഈ ആഭ്യന്തര ദൗര്‍ബല്യമാണ് രണ്ടാമത്തെ കാരണം. മറ്റു കാരണങ്ങളൊക്കെ ഇവ രണ്ടുമായി ചേര്‍ത്ത് വിശദീകരിക്കാവുന്നതേയുള്ളൂ.
രാഷ്ട്രീയ പാര്‍ട്ടിയില്‍ ഭിന്നതകള്‍ സ്വാഭാവികമാണ്. ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയില്‍ അത് മറനീക്കി പുറത്തുവന്നത് മുന്‍ പാര്‍ട്ടി അധ്യക്ഷനും പ്രധാനമന്ത്രിയുമായ ബെന്‍കീറാനെ മാറ്റി നിര്‍ത്തി സഅ്ദുദ്ദീന്‍ ഉസ്മാനിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപവത്കരിക്കാന്‍ തീരുമാനമെടുത്തപ്പോഴാണ്. കുശാഗ്രബുദ്ധിയായ ബെന്‍കീറാന് രണ്ടാമതൊരു ഊഴം നല്‍കാതിരിക്കുക എന്നത് രാജാവിന്റെ ശാഠ്യമായിരുന്നു. അതിന്റെ പേരില്‍ ആറേഴു മാസം മന്ത്രിസഭയുണ്ടാക്കുന്നത് വൈകിപ്പിക്കുക കൂടി ചെയ്തു രാജാവ്. സകല വ്യവസ്ഥകളും അംഗീകരിച്ച് സഅ്ദുദ്ദീന്‍ ഉസ്മാനി രംഗത്തെത്തിയപ്പോള്‍ അത് പിറകില്‍ നിന്നുള്ള കുത്തായി ബെന്‍കീറാന് തോന്നുക സ്വാഭാവികം. തുടര്‍ന്ന് ഉടലെടുത്ത ഭിന്നതകള്‍ ഈ കനത്ത പരാജയത്തോടെ രൂക്ഷമാകാതിരിക്കില്ല. ആ വിട്ടുവീഴ്ച ശരിക്കുമൊരു വീഴ്ചയായിരുന്നുവെന്ന് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിച്ചു. ഭരണഘടന പ്രകാരം വിദേശകാര്യമുള്‍പ്പെടെയുള്ള പ്രധാന വകുപ്പുകള്‍ രാജാവിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്. ആ അധികാരമുപയോഗിച്ചാണ് രാജാവ് ഏകപക്ഷീയമായി ഇസ്രയേലുമായി ബന്ധങ്ങള്‍ സാധാരണ നിലയിലാക്കാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി സഅ്ദുദ്ദീന്‍ ഉസ്മാനിക്ക് മുന്നില്‍ രണ്ട് മാര്‍ഗങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകില്‍, ഭരണത്തില്‍നിന്ന് ഇറങ്ങിപ്പോരുക. അല്ലെങ്കില്‍, രാജാവ് പറഞ്ഞിടത്തെല്ലാം ഒപ്പിട്ടുകൊടുക്കുക. നിര്‍ഭാഗ്യവശാല്‍ രണ്ടാമത്തെ നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. ഇസ്രയേലുമായി ബന്ധം സാധാരണ നിലയിലാക്കാനുള്ള സകല പേപ്പറുകളിലും ഇസ്‌ലാമിസ്റ്റായ ഉസ്മാനിയെക്കൊണ്ട് രാജാവ് ഒപ്പുവെപ്പിക്കുക തന്നെ ചെയ്തു. അപ്പോഴും, ഇതാണ് തിരിച്ചടിയുടെ സുപ്രധാന കാരണം എന്ന വിശകലനം ഭാഗികമായേ ശരിയാകുന്നുള്ളൂ. കാരണം ഈ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത വലിയ പാര്‍ട്ടികളില്‍ മിക്കവയും ഇസ്രയേലുമായി ബന്ധം സാധാരണ നിലയിലാക്കുന്നതിനെ അനുകൂലിച്ചവയാണ്. അവക്ക് എന്തുകൊണ്ട് തിരിച്ചടിയുണ്ടായില്ല? അതേസമയം ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്കില്‍ വന്‍ ചോര്‍ച്ചയുണ്ടായി എന്നതും വസ്തുതയാണ്. രാഷ്ട്രത്തിന്റെ സകല പ്രശ്‌നങ്ങള്‍ക്കും ജീര്‍ണിച്ച രാജഭരണമാണ് കാരണമെന്നും അതിനെ തുടച്ചുമാറ്റാതെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ലെന്നും പ്രഖ്യാപിച്ച മറ്റൊരു ഇസ്‌ലാമിസ്റ്റ് കക്ഷിയായ ഹറകതുത്തൗഹീദ് വല്‍ ഇസ്വ്‌ലാഹ് (ഇവര്‍ക്കാണ് കൂടുതല്‍ അംഗബലമെന്ന് പറയപ്പെടുന്നു) ഇത്തവണ പതിവുപോലെ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയെ പിന്തുണക്കുകയുണ്ടായില്ല. മറ്റൊരു വലിയ വിഭാഗം വോട്ടര്‍മാരും കളംമാറ്റിച്ചവിട്ടി. ഈ വോട്ടുകളിലധികവും സലഫി ചായ്‌വുള്ള ഇസ്തിഖ്‌ലാല്‍ പാര്‍ട്ടിക്കാണ് പോയത്. ഇസ്തിഖ്‌ലാല്‍ പാര്‍ട്ടിക്ക് നേരത്തേ 41 സീറ്റായിരുന്നു; ഇപ്പോഴത് ഇരട്ടിയായി വര്‍ധിച്ചു, 81.
കൂട്ടുകക്ഷികളുടെ കടുംപിടിത്തവും ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിക്ക് വിനയായി. പാഠശാലകളില്‍ അറബിക്കുള്ള അതേ പ്രാധാന്യം ഫ്രഞ്ചിന് നല്‍കിയതും മറ്റും ഘടകക്ഷികള്‍ നിയന്ത്രിക്കുന്ന അതത് വകുപ്പുകളായിരുന്നു. പാര്‍ട്ടി അതിന് എതിരുമായിരുന്നു. പക്ഷേ ഭരണകൂടത്തെ നയിക്കുന്നവരെന്ന നിലക്ക് ധാര്‍മിക ഉത്തരവാദിത്തത്തില്‍നിന്ന് അവര്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല. ഘടകകക്ഷികളുടെ ഇത്തരം സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ കഴിയാതിരുന്നത് ദുര്‍ബല ഭരണകൂടം എന്ന പ്രതീതി സൃഷ്ടിച്ചു. നിരവധി മനുഷ്യാവകാശ പ്രശ്‌നങ്ങളും ഇക്കാലയളവില്‍ ഉയര്‍ന്നുവരികയുണ്ടായി. സാമ്പത്തിക രംഗത്ത് ശ്രദ്ധേയമായ ചുവടുവെപ്പുകളൊന്നും നടത്താനായില്ല. പാര്‍ട്ടി അതിന്റെ ഇസ്‌ലാമിക ഐഡന്റിറ്റി നഷ്ടപ്പെടുത്തുന്നുവെന്ന തോന്നല്‍ കൂടി ഉണ്ടായതോടെ തകര്‍ച്ച പൂര്‍ണമായി.
Comments