Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 24

3219

1443 സഫര്‍ 17

കേരള സി.പി.എമ്മും  ഇസ്‌ലാമോഫോബിയയും

കെ.പി ഹാരിസ്

കേരളത്തിലെ തുടര്‍ഭരണത്തെ കുറിച്ച് അരുന്ധതി റോയ് പറയുന്നത് ഇങ്ങനെയാണ്: ''ഓരോ അഞ്ചു വര്‍ഷം കഴിയുമ്പോഴും അധികാരത്തിലിരിക്കുന്നവരെ പുറത്താക്കി ഭരണകൂടത്തെ അച്ചടക്കം പഠിപ്പിച്ച് നേര്‍വരയില്‍ നിര്‍ത്തുകയായിരുന്നു ജനങ്ങള്‍ ഇതുവരെ ചെയ്തുകൊണ്ടിരുന്നത്. അങ്ങനെത്തന്നെയാണ് ചെയ്യേണ്ടതും. പക്ഷേ ഇപ്രാവശ്യം ആ ചാക്രികത മുറിഞ്ഞിരിക്കുന്നു. അത് എന്നെ കുറച്ച് അസ്വസ്ഥപ്പെടുത്തുന്നുണ്ട്. വേറൊന്നിനുമല്ല, സി.പി.എമ്മിന്റെ ഗുണത്തെ കരുതി തന്നെ. തുടര്‍ച്ചയായി അധികാരത്തിലിരിക്കുക എന്നത് സ്വയം നശിപ്പിക്കപ്പെടുന്നതിനുള്ള വഴിയാണ്. കേരളം സംഘ് പരിവാറിനും അതിന്റെ ഹിന്ദുരാഷ്ട്ര പ്രോജക്ടിനുമെതിരെ ശക്തമായി നിലകൊള്ളുന്നുണ്ട്. പക്ഷേ ക്രൈസ്തവ സമൂഹത്തിലെ പല സ്ഥാപനങ്ങളും, സി.പി.എമ്മിലെതന്നെ ചില വിഭാഗങ്ങളും ഉള്‍പ്പെടെ ഇസ്‌ലാമോഫോബിയയുടെ അസ്വസ്ഥകരമായ അടയാളങ്ങള്‍ കാണിക്കുന്നു'' (അരുന്ധതി റോയ്, മാതൃഭൂമി ഓണപ്പതിപ്പ് 2021).
മുസ്‌ലിംവിരുദ്ധത നിറഞ്ഞാടുന്ന സംസ്ഥാനമായി നമ്മുടെ കേരളം മാറുന്നതിന്റെ അടയാളങ്ങള്‍ കണ്ടു തുടങ്ങുകയാണോ? സംഘ് പരിവാറിനോടൊപ്പം ചുവടുവെച്ച് ക്രൈസ്തവ സമൂഹത്തില്‍നിന്നുള്ള ഒരു ചെറിയ ന്യൂനപക്ഷവും സി.പി.എമ്മും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങളില്‍നിന്ന് മനസ്സിലാവുന്നത് എന്താണ്? ഇല്ലാത്ത ലൗ ജിഹാദിനെതിരെ മുസ്‌ലിം സമൂഹത്തെ ശത്രുപക്ഷത്ത് നിര്‍ത്തി സംഘ് പരിവാറിനൊപ്പം മുസ്‌ലിംഭീതി പടര്‍ത്തിയ ക്രൈസ്തവ സഭയിലെ ചിലയാളുകള്‍ 'ഈശോ' എന്ന സിനിമക്കെതിരെയും ഹാലിളകുകയുണ്ടായി. ഈശോ എന്ന സിനിമയുമായി ബന്ധപ്പെട്ട മുഴുവന്‍ ചര്‍ച്ചകളിലും ബോധ്യപ്പെടുന്നത്, സിനിമയുടെ ഈശോ എന്ന പേരല്ല, മറിച്ച് നാദിര്‍ഷാ എന്ന മുസ്‌ലിം പേരാണ് പ്രശ്‌നം എന്നതാണ്. നാദിര്‍ഷാ എന്ന മുസ്‌ലിം ഈ സിനിമ ചെയ്താല്‍ മതേതരത്വത്തിന് വലിയ ഇടിവുകള്‍ സംഭവിക്കും എന്ന പൊതുബോധത്തെ നിര്‍മിച്ചെടുക്കാനുള്ള വലിയ ശ്രമമാണ് നടക്കുന്നത്. അഥവാ സവര്‍ണ മതേതരത്വം കനിഞ്ഞരുളിയ ഇടത്തില്‍നിന്ന് മാത്രം ഒരു മുസ്‌ലിം സിനിമയെടുത്താല്‍ മതി എന്ന്. കേരളത്തില്‍ ഇതിനു മുമ്പ് എത്രയോ സിനിമകള്‍ ദൈവനാമത്തിലും പ്രവാചക നാമത്തിലും ഉണ്ടായിട്ടുണ്ട്. ഇതിനെയെല്ലാം തമസ്‌കരിച്ച് നാദിര്‍ഷാ എന്ന മുസ്‌ലിം പേരുള്ള ഒരാള്‍ ഈശോ എന്ന പേരില്‍ സിനിമ എടുക്കേണ്ടതില്ല എന്ന തിട്ടൂരമാണ് ഇവര്‍ ഇറക്കിയിരിക്കുന്നത്. അഥവാ ഇത് പഴയ കേരളമല്ല, സംഘ് പരിവാറിന്റെ മുസ്‌ലിംവിരുദ്ധതയെ ഉള്‍ക്കൊള്ളാന്‍ പാകപ്പെട്ട പുതിയ കേരളമാണ് എന്നര്‍ഥം. യു.ഡി.എഫ് നടത്തിയ പ്രതീകാത്മക മന്ത്രിസഭക്കെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം നടത്തിയ പ്രസ്താവനയാണ് മറ്റൊരു ഉദാഹരണം. ''പ്രതീകാത്മക മന്ത്രിസഭയില്‍ കോണ്‍ഗ്രസ്സ് പുറത്താണ്. സ്പീക്കറും മുഖ്യമന്ത്രിയുമൊക്കെ ലീഗാണ്. നാടകത്തിലെങ്കിലും കോണ്‍ഗ്രസ്സിന് ഒരു നല്ല വേഷം കൊടുക്കാമായിരുന്നു.'' സി.എച്ച് മുഹമ്മദ് കോയ എന്ന മുസ്‌ലിം കുറഞ്ഞ കാലമാണെങ്കിലും മുഖ്യമന്ത്രിയായി ഇരുന്ന സംസ്ഥാനമാണ് നമ്മുടെ കേരളം. അദ്ദേഹത്തിന്റെ മുഖ്യമന്ത്രിപദത്തിനു ശേഷം നാല് പതിറ്റാണ്ട് പിന്നിട്ട ഇന്നത്തെ കേരളത്തില്‍ പ്രതീകാത്മക മന്ത്രിസഭയില്‍ പോലും ഒരു മുസ്‌ലിം മുഖ്യമന്ത്രിയായിരിക്കുന്നത് വലിയ അപരാധമായി കാണുന്ന കേരളീയ പൊതുബോധമാണ് റഹീമിന്റെ പ്രസ്താവനയിലൂടെ വെളിപ്പെട്ടിരിക്കുന്നത്. സവര്‍ണപൊതുബോധം പതിറ്റാണ്ടുകളായി ഉല്‍പാദിപ്പിച്ച മുസ്‌ലിംവിരുദ്ധത എത്ര സമര്‍ഥമായാണ് പുരോഗമനമെന്ന് പറയപ്പെടുന്ന ഒരു യുവജന പ്രസ്ഥാനത്തിന്റെ നേതാവിനെ പോലും സ്വാധീനിക്കുന്നത്. ലോക്‌സഭയില്‍നിന്ന് രാജിവെച്ച് കേരളത്തിലേക്ക് കുഞ്ഞാലിക്കുട്ടി വരുന്നത് മുഖ്യമന്ത്രിയാകാനാണ് എന്ന പ്രസ്താവന നടത്തിയ സി.പി.എമ്മില്‍നിന്ന് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല. ഇതുപോലുള്ള മുസ്‌ലിംവിരുദ്ധ പ്രസ്താവനകള്‍ക്ക് സവര്‍ണ പൊതുബോധം കനിഞ്ഞരുളിയ വിജയമാണ് കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ ഇടതുപക്ഷത്തിന് ലഭിച്ചത് എന്ന നിരീക്ഷണം പ്രസക്തമാകുന്നത് ഇവിടെയാണ്. 
മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ് പരീക്ഷകളില്‍ വിജയിക്കുന്നത് എന്ന പ്രസ്താവന നടത്തിയത് വി.എസ് അച്യുതാനന്ദന്‍ എന്ന കമ്യൂണിസ്റ്റ് നേതാവാണ്. അദ്ദേഹത്തിന്റെ പ്രസ്താവന തെറ്റാണെന്നും വസ്തുതാവിരുദ്ധമാണെന്നും മുഴുവന്‍ കേരളീയര്‍ക്കും ബോധ്യപ്പെട്ടതാണ്. ഒരു ജനത എന്ന നിലയില്‍ മലപ്പുറത്തെ പൗരസമൂഹം ഒറ്റക്കെട്ടായി നടത്തിയ തീവ്രയത്‌നത്തിന്റെ ഫലമായി നേടിയെടുത്തതാണ് ഈ വിജയങ്ങള്‍. അവിടെയാണ് ആ വിദ്യാര്‍ഥിസമൂഹത്തെ അവരുടെ സമുദായം 'മുസ്‌ലിം' ആയി എന്ന ഒറ്റക്കാരണത്താല്‍ അവഹേളിച്ച് പ്രസ്താവനയിറക്കുന്നത്. ഇത് പിന്‍വലിക്കാന്‍ വി.എസ് അച്യുതാനന്ദന്‍ തയാറായില്ല, അദ്ദേഹത്തെ തിരുത്താന്‍ സി.പിഎമ്മും മുന്നോട്ടു വന്നില്ല. ഇത്തരം അപഹാസ്യമായ പ്രസ്താവനകള്‍ വരുന്നത് പാര്‍ട്ടി ഇപ്പോഴും ഉപേക്ഷിക്കാന്‍ തയാറില്ലാത്ത സവര്‍ണ ബോധത്തില്‍നിന്നാണ്. ഇരുപത് വര്‍ഷം കൊണ്ട് കേരളം ഇസ്‌ലാമിക രാജ്യമാകും എന്ന് പ്രസ്താവന നടത്തിയതും ഇതേ വി.എസ് അച്യുതാനന്ദന്‍ തന്നെ. ഇത്തരത്തില്‍ മുസ്‌ലിംഭീതി ഉല്‍പാദിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നതിന്റെ ഒരുപാട് ഉദാഹരണങ്ങള്‍ ഇനിയുമുണ്ട്. മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണെന്ന് മറ്റൊരു മുന്‍മന്ത്രി നടത്തിയ പ്രസ്താവനയും ഈ ഗണത്തില്‍പെട്ടതാണ്. ഒരു പ്രദേശത്തെ ജനതയെ മുഴുവന്‍ വര്‍ഗീയവാദികളായി ചിത്രീകരിക്കുന്ന ഇത്തരം പ്രസ്താവനകള്‍ സി.പി.എമ്മില്‍ അന്തര്‍ഭവിച്ച സവര്‍ണ വിധേയത്വം തന്നെയാണ് പുറത്തു കൊണ്ടുവരുന്നത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും സംഘ്പരിവാര്‍ തന്നെ വിജയിച്ചുകൊണ്ടിരിക്കുന്ന ഒരു സാംസ്‌കാരിക-സാമൂഹിക പരിസരമാണ് കേരളത്തിലുള്ളത് എന്നര്‍ഥം. ഇത്തരത്തില്‍ സംഘ് പരിവാറിന്റെ സവര്‍ണ മേല്‍ക്കോയ്മാ വാദത്തെ, മുസ്‌ലിംവിരുദ്ധ രാഷ്ട്രീയത്തെ ബോധപൂര്‍വമോ അല്ലാതെയോ കൊണ്ടുനടക്കുന്നവരായി പാര്‍ട്ടി മാറിയിരിക്കുന്നു എന്നതിന്റെ എത്രയെങ്കിലും ഉദാഹരണങ്ങളില്‍ ചിലത് മാത്രമാണിവ. ജനാധിപത്യത്തിന്റെ സൗന്ദര്യം, ന്യൂനപക്ഷങ്ങളും മൂലക്കിരുത്തപ്പെട്ടവരും മുകളിലേക്ക് കയറിവരുമ്പോള്‍ മാത്രമേ സാര്‍ഥകമാവുകയുള്ളൂ എന്ന പാഠം നാം ഇനിയും പഠിച്ചിട്ടില്ല. മുസ്‌ലിംകള്‍ രാഷ്ട്രീയമായി സംഘടിച്ചാല്‍ അത് ദേശരാഷ്ട്ര സങ്കല്‍പങ്ങള്‍ക്ക് എതിരാണെന്ന, ഇപ്പോഴും നിലനില്‍ക്കുന്ന അന്ധവിശ്വാസത്തെ തിരുത്താതെ ഇത്തരം മുസ്‌ലിംഭീതിയെ മറികടക്കാന്‍ സാധിക്കുകയില്ല. മുസ്‌ലിംഭീതി നിരന്തരം ഉല്‍പാദിപ്പിക്കുന്ന സംഘ് പരിവാര്‍ ഇന്ത്യയില്‍, അവരോടൊപ്പം റൂട്ട് മാര്‍ച്ച് ചെയ്യാന്‍ സി.പിഎമ്മിനെ ആവശ്യമില്ല എന്ന് പറഞ്ഞുകൊടുക്കാന്‍ ആ പാര്‍ട്ടിയില്‍ ഇപ്പോള്‍ ആളുകളില്ല എന്നത് മറ്റൊരു ദുരന്തമാണ്. നമ്പൂതിരി ഇല്ലത്തെ പട്ടിണിയില്‍ വിഷമിക്കുന്ന പുരോഗമന കലാ സാഹിത്യ പ്രസ്ഥാനം തന്നെയാണ് സവര്‍ണ സംവരണത്തിനു വേണ്ടി സിദ്ധാന്തങ്ങള്‍ നിര്‍മിച്ചുകൊടുക്കുന്നത്. ഇവിടെ സവര്‍ണ സംവരണത്തിനെതിരെ ശബ്ദിക്കുന്നവര്‍ തീവ്രവാദികള്‍ ആയിത്തീരുന്ന ഒരു കേരളീയ പരിസരം രൂപപ്പെടുത്തുന്നതും അവര്‍ തന്നെയാണ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അട്ടിമറിച്ച് പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിം സമുദായത്തിന് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ റദ്ദ് ചെയ്യപ്പെട്ട സ്ഥിതിവിശേഷവും ഇവിടെ രൂപപ്പെട്ടു. ഇതില്‍നിന്നൊക്കെ ശ്രദ്ധ തിരിക്കാന്‍ മുഹര്‍റം ചന്ത പോലുള്ള പൊടിക്കൈകള്‍ മതിയാവും എന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. ഇത്തരം മുസ്‌ലിംവിരുദ്ധ പൊതുബോധ നിര്‍മിതിയില്‍നിന്ന് ക്രൈസ്തവ സഭയും സി.പി.എമ്മും പിന്മാറാന്‍ തയാറാകുന്നില്ലെങ്കില്‍ മുസ്‌ലിം അപരവല്‍ക്കരണത്തില്‍ സംഘ്പരിവാറിനോടൊപ്പം സഞ്ചരിച്ചവര്‍ എന്നായിരിക്കും ചരിത്രം അവരെ രേഖപ്പെടുത്തുക.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (16-20)
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രബോധനത്തില്‍നിന്ന് ഒളിച്ചോടുന്നവനല്ല മുസ്‌ലിം
ഹാഫിസ് ബശീര്‍ ഈരാറ്റുപേട്ട