Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 24

3219

1443 സഫര്‍ 17

പാലാ ബിഷപ്പിന്റെ പൊയ് വെടിയും ഭരണകൂട നിസ്സംഗതയും

പി.പി അബ്ദുര്‍റസാഖ്

ഇസ്ലാമും ക്രിസ്ത്യാനിറ്റിയും ലോകത്ത് ഏറ്റവും കൂടുതല്‍ സാധര്‍മ്യമുള്ള, വിശ്വാസപരമായി ഏറെ അടുത്തു നില്‍ക്കുന്ന രണ്ട് മത വിഭാഗങ്ങളാണ്. യേശുവിന്റെ ദിവ്യത്വത്തില്‍ വിശ്വസിക്കുന്ന ക്രിസ്ത്യാനികളില്‍നിന്ന്  വ്യത്യസ്തമായി  യേശുവിനെ മഹാനായ പ്രവാചകനായി വിശ്വസിക്കുകയും ആദരിക്കുകയും ചെയ്യുന്ന, യൂനിറ്റേറിയന്‍ ക്രിസ്ത്യാനികളെ പോലെ ഏക ദൈവത്തിലും, എല്ലാ ക്രിസ്ത്യാനികളെയും പോലെ പൂര്‍വ പ്രവാചകരിലും അവര്‍ക്കവതീര്‍ണമായ പൂര്‍വ വേദങ്ങളിലും, പരലോകത്തെ രക്ഷാ ശിക്ഷയിലും മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ക്രിസ്ത്യാനികളില്‍നിന്നും ഭിന്നമായി മുസ്‌ലിംകള്‍ യേശുവിന്റെ ദിവ്യത്വത്തെയും ആദിപാപത്തെയും കുരിശു മരണത്തെയും അതിലൂടെയുള്ള മോക്ഷ സങ്കല്‍പത്തെയും അംഗീകരിക്കുന്നില്ല. തോറയിലും ഇഞ്ചീലിലും പ്രവചിക്കപ്പെട്ടു എന്ന് മുസ്‌ലിംകള്‍  വിശ്വസിക്കുന്ന മുഹമ്മദ് നബിയുടെ അന്ത്യ പ്രവാചകത്വത്തെ ക്രിസ്ത്യാനികളും നിഷേധിക്കുന്നു. ബൈബിള്‍ ചരിത്രാഖ്യാനത്തിന്റെ പശ്ചാത്തല ഭൂമിയും ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട മുഴുവന്‍ പ്രവാചകരും ജീവിച്ച പ്രദേശവുമായ മധ്യ പൗരസ്ത്യ ദേശത്തെ ഇസ്ഹാഖിന്റെയും ഇശ്മായേലിന്റെയും പിന്‍തലമുറയിലെ മഹാ ഭൂരിപക്ഷം ജനങ്ങളും, ഇപ്പോഴത്തെ ക്രിസ്തുമതവിശ്വാസത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്ന പോള്‍ ജനിച്ച നാടും ബൈസന്ത്യന്‍ സാമ്രാജ്യത്തിന്റെ കേന്ദ്രവും ആയിരുന്ന ആധുനിക തുര്‍ക്കിയിലെ ജനങ്ങളിലെ ബഹു ഭൂരിപക്ഷവും യേശുവിനെ സംബന്ധിച്ചും മുഹമ്മദിനെ സംബന്ധിച്ചും ഇസ്‌ലാം മുന്നോട്ടു വെക്കുന്ന വീക്ഷണം സ്വീകരിച്ചതായിട്ടാണ് കാണുന്നത്.  എന്നാല്‍ ബൈബിളില്‍ തീരെ പരാമര്‍ശ വിധേയമാകാത്ത യൂറോപ്പ്, അമേരിക്ക, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ബഹുഭൂരിപക്ഷവും ക്രിസ്തീയ വിശ്വാസം കൊണ്ടു നടക്കുന്നവരാണ്. അമേരിക്കയിലും ആസ്‌ത്രേലിയന്‍ ഭൂഖണ്ഡങ്ങളിലും ക്രിസ്ത്യാനിറ്റി എങ്ങനെയാണ് പ്രചരിച്ചത് എന്നത് വേറെ തന്നെ പഠിക്കേണ്ട വിഷയമാണ്. 
ചരിത്രപരമായി ചിന്തിച്ചാല്‍ ഇസ്‌ലാമിനും ക്രൈസ്തവതക്കുമിടയിലെ വിശ്വാസ സംബന്ധമായ തര്‍ക്കങ്ങള്‍  കിഴക്കും പടിഞ്ഞാറും തമ്മിലെ സംഘര്‍ഷമായിട്ടാണ് മാറിയത്. ഈ സംഘര്‍ഷത്തിന്റെ ഭാഗമായി പതിനഞ്ചാം നൂറ്റാണ്ടില്‍ കത്തോലിക്ക വിശ്വാസികളായ ഫെര്‍ഡിനാന്റിന്റെയും ഇസബെല്ലയുടെയും നേതൃത്വത്തില്‍ മുസ്‌ലിം സ്‌പെയിന്‍ കീഴടക്കിയപ്പോള്‍, ഏതാണ്ട് അതേ കാലത്ത്  മുഹമ്മദുല്‍ ഫാത്തിഹ് കൂടുതല്‍ ചരിത്രപ്രധാനമായ ബൈസന്ത്യ ജയിച്ചടക്കുകയുണ്ടായി. മുസ്‌ലിംകളുടെ കൈയില്‍നിന്ന് ജറൂസലം മോചിപ്പിക്കാനായി പതിനൊന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ പോപ്പ് അര്‍ബന്‍ രണ്ടാമന്‍  കുരിശ് യുദ്ധത്തിന് ആഹ്വാനം ചെയ്തതും ഏതാണ്ട് എട്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം സുല്‍ത്താന്‍ സ്വലാഹുദ്ദീന്റെ നേതൃത്വത്തില്‍ മുസ്‌ലിം സൈന്യം റിച്ചാര്‍ഡിന്റെ നേതൃത്വത്തിലുള്ള കുരിശ് സൈന്യത്തെ പരാജയപ്പെടുത്തി ജറൂസലം തിരിച്ചു പിടിച്ചതും ഈ സംഘര്‍ഷത്തിലെ മറ്റൊരു അധ്യായമാണ്. സ്‌പെയിന്‍ മുസ്‌ലിംകളില്‍നിന്നും പിടിച്ചെടുത്തപ്പോഴും (Reconquista), കുരിശു യുദ്ധം നടന്നപ്പോഴും ഉണ്ടായ കൂട്ടക്കൊലകളില്‍നിന്നും രക്തച്ചൊരിച്ചിലില്‍ നിന്നും എത്ര ഭിന്നമായിരുന്നു ബൈസന്ത്യ മുസ്‌ലിംകള്‍ ജയിച്ചടക്കിയപ്പോഴും  ജറൂസലം കുരിശ് സൈന്യത്തില്‍നിന്ന് സ്വലാഹുദ്ദീന്‍ വീണ്ടെടുത്തപ്പോഴുമുള്ള അവസ്ഥ എന്നറിയാന്‍  എച്ച്.ജി  വെല്‍സിന്റെ The Outline Of History, കരന്‍ ആംസ്‌ട്രോങ്ങിന്റെ Holy War; Jerusalem: One City, Three Faiths തുടങ്ങിയ പുസ്തകങ്ങള്‍ വായിച്ചാല്‍ മതിയാവും.  ഇതേ വ്യത്യാസം ഇസ്ലാമിനു കീഴില്‍ വന്ന മധ്യ പൗരസ്ത്യ ദേശം, വടക്കു പടിഞ്ഞാറന്‍ ആഫ്രിക്ക, സിന്ധ്, അഫ്ഗാനിസ്താന്‍, കോക്കസ് മേഖലകള്‍ എന്നിവക്കും  ക്രിസ്ത്യാനിറ്റി കീഴടക്കിയ അമേരിക്കന്‍ ഭൂഖന്ധം, ആസ്‌ത്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ പ്രദേശങ്ങള്‍ക്കുമിടയിലും കാണാന്‍ കഴിയും. ഈ യുദ്ധങ്ങളും സംഘര്‍ഷങ്ങളും ഇപ്പോഴും ലോകത്തിന്റെ പല ഭാഗങ്ങളിലും പല തലങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഭീകരതക്കെതിരെ എന്ന പേരില്‍ 2001-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ നേതൃത്വത്തില്‍ തുടങ്ങിയ യുദ്ധം ഇതിന്റെ പല മുഖങ്ങളില്‍ ഒന്നായിരുന്നു.
കാലവും സ്ഥലവും മാറിയതറിയാതെ, ഇപ്പോള്‍ കേരളത്തില്‍ കത്തോലിക്കരില്‍ ഒരു വിഭാഗം മധ്യകാല നൂറ്റാണ്ടുകളെ ഓര്‍മിപ്പിച്ചുകൊണ്ടു മുസ്‌ലിംകള്‍ക്കെതിരെ നടത്തുന്ന അപവാദ പ്രചാരണ യുദ്ധത്തെയും ഇതിന്റെ ഭാഗമായി തന്നെ വേണം കരുതാന്‍. മുസ്‌ലിംകളോട് കേരളത്തിലെ വലിയൊരു വിഭാഗം ക്രിസ്തീയ പുരോഹിതന്മാര്‍ ഇത്രയേറെ വെറുപ്പും വിദ്വേഷവും  പുലര്‍ത്തുന്നതിന്ന് കേരളീയതയുടെ മാത്രമായ ഒരു ചരിത്ര പശ്ചാത്തലവും കൂടിയുണ്ട്.  അധിനിവേശ ശക്തികളായ പോര്‍ച്ചുഗീസുകാരുമായും ബ്രിട്ടീഷുകാരുമായും കേരളീയ മുസ്‌ലിംകള്‍ നിരന്തര സമരത്തിലും സംഘര്‍ഷത്തിലുമേര്‍പ്പെട്ടപ്പോള്‍  അധിനിവേശ ശക്തികളെ മതപരവും സാമ്പത്തികവുമായ കാരണങ്ങളാല്‍ എപ്പോഴും പിന്തുണച്ചിരുന്ന കേരളത്തിലെ ക്രിസ്ത്യാനികളുമായുള്ള  സംഘട്ടനമായി ചിലയിടങ്ങളില്‍ ചിലപ്പോഴെങ്കിലും അത് മാറിയിട്ടുണ്ടായിരുന്നു.  മലബാര്‍ വിപ്ലവകാലത്ത് തൃശൂര്‍ നഗര പ്രദേശത്ത് നടന്ന സംഘര്‍ഷം ഇതിന് ഉദാഹരണമാണ്. പോര്‍ച്ചുഗീസ്-ബ്രിട്ടീഷ് അധിനിവേശ ശക്തികളോടൊപ്പം വന്ന മിഷനറിമാര്‍ക്ക് കേരളത്തിന്റെയും ഇന്ത്യയിലെയും മണ്ണില്‍ ആസ്‌ത്രേലിയയിലും ന്യൂസിലാന്റിലും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും അവര്‍ എന്താണോ ചെയ്തത്  അത് ആശയ തലങ്ങളിലും വംശഹത്യാതലത്തിലും സാക്ഷാല്‍ക്കരിക്കാന്‍ സാധിക്കാതെ പോയത്, ഇവിടെയുണ്ടായിരുന്ന ശക്തമായ മുസ്‌ലിം സാന്നിധ്യം കൊണ്ടുകൂടിയായിരുന്നു.
ഈ ചരിത്ര പശ്ചാത്തലവും കേരളത്തിലെ അരമനകളിലും ഇടവകകളിലും കുറേ കാലമായി നടക്കുന്നതായി പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട  മുസ്‌ലിം സമുദായത്തിന്ന് നേരെ വിദ്വേഷവും വെറുപ്പും ഉണ്ടാക്കുന്ന പ്രചാരണങ്ങളും, ഇപ്പോള്‍ വിവാദമായിരിക്കുന്ന പാലാ ബിഷപ്പിന്റെ പ്രസംഗവും  ഒറ്റപ്പെട്ട സംഭവം അല്ലെന്നാണ് പറഞ്ഞു വരുന്നത്.  അല്‍പം ചില ബിഷപ്പുമാരെയും അച്ചന്മാരെയും ഒഴിച്ചുനിര്‍ത്തിയാല്‍,  മിക്ക ക്രിസ്ത്യന്‍ ബിഷപ്പുമാരും അച്ചന്മാരും പെരും നുണകളുമായി  ഇസ്ലാമിനെയും മുസ്‌ലിംകളെയും സ്വകാര്യ സദസ്സുകളില്‍ കരിവാരിത്തേക്കുന്നത് തുടരുകയാണെന്നാണ് അത് തെളിയിക്കുന്നത്.  മുസ്‌ലിംകളോടു വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന രൂപത്തില്‍ ക്രിസ്ത്യന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നടക്കുന്ന വിഷലിപ്ത പ്രചാരണങ്ങള്‍ പുറത്തു വന്നതും, ആ വിഷയത്തില്‍ നേരത്തേ ദൃശ്യമാധ്യമങ്ങളില്‍ പ്രൈം ടൈം ചര്‍ച്ചകള്‍ നടന്നതുമാണ്. കാപ്പിപ്പൊടിയച്ചന്റെ ഇടക്കിടെ വരുന്ന വിഷം വമിക്കുന്ന സംസാരങ്ങള്‍ ഏറെ വൈറല്‍ ആയതാണല്ലോ.  കൊല്ലം ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഓണ്‍ലൈന്‍ ക്ലാസ്സില്‍ കുട്ടികള്‍ക്ക് 'അറിയാതെ' ഇട്ടുകൊടുത്തുപോയതും മധ്യദക്ഷിണ കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തില്‍ വ്യാപകമായി പ്രചരിച്ചതുമായ, 'കാര്‍ട്ടൂണ്‍ ജോസേട്ടന്റെ'  നാവിലൂടെ മുസ്‌ലിം സമുദായത്തോടുള്ള വെറുപ്പ് മാത്രം ഉല്‍പാദിപ്പിക്കുന്ന വീഡിയോ പറയുന്നതും ഈ വിഷലിപ്ത വൈരവും വെറുപ്പും വളരെ ആസൂത്രിതമായും പ്രചണ്ഡമായും ക്രിസ്തീയ സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നാണ്. പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തിന്ന് ശേഷം പാലയില്‍ തന്നെ കുര്‍ബാനക്ക് നേതൃത്വം കൊടുക്കാന്‍ വന്ന ടി.ഒ.ആര്‍ രാജീവിന്റെ, മുസ്‌ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കാന്‍ വരെ ആവശ്യപ്പെട്ടുകൊണ്ടുള്ള വര്‍ഗീയ പ്രസംഗത്തില്‍ പ്രതിഷേധിച്ചു മീഡിയക്ക് മുമ്പില്‍ വന്ന, ബിഷപ് ഫ്രാങ്കോയുടെ വിഷയത്തില്‍ റിബലുകളായിത്തീര്‍ന്ന കന്യാസ്ത്രീകള്‍ പറഞ്ഞത് ഈ  കാളകൂട വിസര്‍ജനം ഇതാദ്യമല്ല എന്നാണ്. 
ഇതൊക്കെ ഇരുമ്പുമറ പൊട്ടിച്ച് പുറത്തു വന്ന കാര്യങ്ങളാണ്. പുറത്തു വരാത്ത പ്രചാരണങ്ങളെ സംബന്ധിച്ച് ഊഹിക്കുക സാധ്യമല്ല.  ഇല്ലാത്ത 'ലൗ ജിഹാദി'നെ   പൊടിതട്ടിയെടുക്കുക മാത്രമല്ല പാലാ ബിഷപ്പും ടി.ഒ.ആര്‍ രാജീവുമൊക്കെ ചെയ്തത്. പുതിയ 'നാര്‍ക്കോട്ടിക് /ലഹരി ജിഹാദി'നെ കുറിച്ചും, മുസ്‌ലിംകള്‍ നടത്തുന്ന തട്ടുകടകളും ജ്യൂസ് കടകളും റസ്റ്റോറന്റുകളും ഐസ്‌ക്രീം പാര്‍ലറുകളും ഓട്ടോ റിക്ഷയുമെല്ലാം 'ലഹരി ജിഹാദ്' മുന്‍ നിര്‍ത്തി ബഹിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും ക്രിസ്തീയ സമൂഹത്തെ അവര്‍ ഉണര്‍ത്തുന്നുണ്ട്.  അവര്‍ മുസ്‌ലിംകളില്‍ നിന്നും നേരിടുന്ന ഭീഷണികളെ സംബന്ധിച്ച് കുഞ്ഞാടുകളെ 'താക്കീതും' ചെയ്യുന്നുണ്ട്. അവിടെയും അവസാനിപ്പിക്കാതെ, സ്‌കൂളിലും കോളേജിലും യൂനിവേഴ്‌സിറ്റികളിലും ക്ലബ് ഹൗസുകളിലും മുസ്‌ലിംകളുമായി പരസ്പരം ഇടകലര്‍ന്നും സംവദിച്ചും ജീവിക്കാതിരിക്കാനും ക്രിസ്തീയ സമൂഹത്തെ പാലാ ബിഷപ്പും  ടി.ഒ.ആര്‍ രാജീവുമൊക്കെ 'ഉപദേശിക്കുക'യും ചെയ്യുന്നുണ്ട്.
പാലാ ബിഷപ്പ് എഴുതി തയാറാക്കിയാണ് വിഷയം അവതരിപ്പിച്ചത് എന്ന കാര്യം വിസ്മരിച്ചുകൂടാ.  അത് പിന്നീട് പ്രസിദ്ധീകരിക്കപ്പെടുകയും യൂട്യൂബില്‍ അപ്ലോഡ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനൊക്കെ കെ.സി.ബി.സിയും 'കാസ'യും അതിന്റെ മുഖപത്രമായ ദീപികയും നിരവധി കത്തോലിക്കാ പുരോഹിതന്മാരും മേലൊപ്പ് വെക്കുകയും ചെയ്തിട്ടുമുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിഭാഗം ക്രിസ്തീയ വിശ്വാസികള്‍ ഇതിനെ  ന്യായീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. സംഘ് പരിവാര്‍ ഇതിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
എന്താണ് ക്രിസ്തീയ പുരോഹിതന്മാര്‍ യഥാര്‍ഥത്തില്‍ ഭയപ്പെടുന്നത്?  എന്താണ് ഈ വിഷലിപ്ത പ്രചാരവേലക്കു പിന്നിലെ പ്രേരകങ്ങള്‍? എന്തൊക്കെയാണ് ഇതുകൊണ്ട് ലക്ഷ്യം വെക്കുന്നത്? ഭാവനയില്‍ നെയ്‌തെടുത്തുണ്ടാക്കി പ്രചരിപ്പിക്കുന്ന  'ലൗ ജിഹാദ്', 'ലഹരി ജിഹാദ്' എന്നിവ പോലുള്ള അപസര്‍പ്പക കഥകളുടെ  മറപിടിച്ചുകൊണ്ടു ശരിക്കും ആശങ്കിക്കുന്ന മറ്റെന്തോ കാര്യങ്ങളെ തടയാനുള്ള വൃഥാ ശ്രമമാണോ ക്രിസ്തീയ പുരോഹിതന്മാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്? ഉള്ളില്‍ ഉരുണ്ടുകൂടി മുട്ടിനില്‍ക്കുന്ന   ഇസ്ലാമിനോടുള്ള  ഈറയും  വെറുപ്പും വിദ്വേഷവും എവിടെയെങ്കിലും ഛര്‍ദിക്കാതിരിക്കാന്‍ ക്രിസ്തീയ പുരോഹിതന്മാര്‍ക്ക് സാധിക്കാത്ത അവസ്ഥ സംജാതമായതുകൊണ്ടുള്ള വായിളക്കമാണോ കേരളം ഈ കേള്‍ക്കുന്നതൊക്കെ?! വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതു പോലെ, വായില്‍നിന്നും പുറത്തുവന്ന വെറുപ്പും വിദ്വേഷവും തന്നെ ഇത്രത്തോളമുണ്ട്!  അപ്പോള്‍ മനസ്സില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് എത്രമാത്രം ഭീകരവും ബീഭത്സവുമായിരിക്കും?! (3:118)
പരസ്പരം പോരടിക്കുന്ന ഒട്ടുമിക്ക ക്രിസ്തീയ സഭകളും ഒന്നിക്കുന്ന ഏക കാര്യം ഇസ്‌ലാം മതത്തോടും മുസ്‌ലിംകളോടുമുള്ള വെറുപ്പും വിദ്വേഷവും ആയത് എന്തുകൊണ്ടായിരിക്കും?  പെരും നുണ പറയുന്നതിന് പകരം ബൈബിളും ഖുര്‍ആനും യഥാര്‍ഥ ചരിത്രവും ഒക്കെ ഉദ്ധരിച്ച് ക്രിസ്ത്യന്‍-മുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ ആശയപരവും ആരോഗ്യകരവുമായ ആദാന-പ്രദാനത്തിന്റ ഒരു പാലം പണിയാന്‍ ഈ പുരോഹിതന്മാര്‍ എന്തുകൊണ്ട് ശ്രമിക്കുന്നില്ല? 
അതിനു പകരം,  അച്ചന്മാരും കാപ്യാര്‍മാരും കുഞ്ഞാടുകളും മുസ്‌ലിംകളുടെ നേരെ വെറുപ്പും വൈരവും വിദ്വേഷവും പറഞ്ഞും പ്രചരിപ്പിച്ചും  നടക്കുന്നത് എന്തിനാണ്? വെള്ളം കടക്കാത്ത ഉള്ളറകളില്‍ കുഞ്ഞാടുകളെ തളച്ചിടുകയാണോ ലക്ഷ്യം? ഇതര മതവിഭാഗങ്ങളില്‍നിന്നും വ്യത്യസ്തമായി,  ക്രിസ്ത്യന്‍ മതവിശ്വാസികളുടെ മേലുള്ള പൗരോഹിത്യത്തിന്റെ പിടിത്തം അതി ശക്തമാണെന്ന് അറിയാം. എന്നാലും ഈ കാലത്ത് കേരളം പോലുള്ള ഒരു ബഹുസ്വര സമൂഹത്തെ സമുദായങ്ങളുടെ വാട്ടര്‍ ടൈറ്റ് കമ്പാര്‍ട്ട്‌മെന്റുകളില്‍ തളച്ചിടുകയെന്നത് സാധിക്കുന്ന കാര്യമാണോ? സാധിച്ചാലും, ചെയ്യുന്നത് ആശാസ്യമാണോ?
മധ്യപൗരസ്ത്യദേശത്ത് ജനിച്ച യേശുവിന്റെ പേരില്‍ പില്‍ക്കാലത്ത് രൂപം കൊണ്ട പോളിയന്‍ ക്രിസ്ത്യാനിറ്റിക്ക് പ്രവാചകന്‍ മുഹമ്മദിന്റെ ആഗമനത്തിനു ശേഷം ഇസ്ലാമിന്റെ സാനിധ്യമില്ലാത്ത പ്രദേശങ്ങളില്‍ മാത്രമേ പിടിച്ചുനില്‍ക്കാന്‍ സാധിച്ചിട്ടുളളൂവെന്ന ചരിത്രസത്യം കേരളത്തിലെ സഭകളെയും അച്ചന്മാരെയും ചകിതരാക്കുന്നുണ്ടോ? മിഷനറി പ്രവര്‍ത്തനങ്ങള്‍ക്ക് കോടിക്കണക്കിനു ഡോളര്‍ ഓരോ വര്‍ഷവും ചെലവഴിച്ച്, ആസൂത്രിതവും സംഘടിതവുമായ മിഷനറി പ്രവര്‍ത്തനം നടത്തുന്ന ക്രിസ്ത്യാനിറ്റിയില്‍നിന്നും  ഭിന്നമായി ഇസ്‌ലാമിക പ്രബോധനത്തിന്ന് വേണ്ടി വിഭവങ്ങള്‍ നീക്കിവെക്കുകയോ സംഘടിതമായ ആസൂത്രിത പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യാത്ത, എന്നാല്‍ തുറന്ന ചര്‍ച്ചകളും സെമിനാറുകളും സിമ്പോസിയങ്ങളും സൗഹൃദ സംഗമങ്ങളും ബഹുമത കൂടിച്ചേരലുകളും സംഘടിപ്പിക്കുന്ന മുസ്‌ലിം മതവിഭാഗത്തിലേക്ക് സത്യാന്വേഷികള്‍ ആകര്‍ഷിക്കപ്പെടുന്നത്  സഭകളെയും അച്ചന്മാരെയും പുരോഹിതന്മാരെയും അസ്വസ്ഥഭരിതരും ആശങ്കാകുലരുമാക്കുന്നുണ്ടോ? ആ അസ്വസ്ഥതകളും ആശങ്കകളും പുരോഹിതന്മാര്‍ നടത്തുന്ന ഈ വെറുപ്പ് ഉല്‍പാദന വ്യവസായം കൊണ്ട് ദൂരീകരിക്കാന്‍ സാധിക്കുമോ? അതല്ല, അത് കേരളീയ സമൂഹത്തില്‍ പുതിയ പ്രശ്‌നങ്ങള്‍ക്ക് ജന്മം നല്‍കുകയാണോ ചെയ്യുക? തുറന്ന മനസ്സിനെയും ആരോഗ്യപൂര്‍ണവും പരസ്പര ആദരവിലധിഷ്ഠിതവുമായ സംവാദങ്ങളെയും, ജനങ്ങള്‍ അവരുടെ ബുദ്ധിപരമായ ബോധ്യത്തിനും മനസ്സാക്ഷിക്കുമനുസരിച്ച് വിശ്വാസം കൈക്കൊള്ളുന്നതിനെയും തിരസ്‌കരിക്കുന്നതിനെയും ഭയാശങ്കകളോടെ കാണേണ്ടതുണ്ടോ? അന്തിമമായി മുസ്‌ലിംകളും ക്രിസ്ത്യാനികളും സത്യം സാക്ഷാല്‍ക്കരിക്കാനും അതുവഴി പരലോക മോക്ഷത്തിന്നുമല്ലേ ശ്രമിക്കുന്നതും ശ്രമിക്കേണ്ടതും?
ക്രിസ്തീയ സഭകള്‍ അവയുടെ യുക്തിരഹിതവും പ്രമാണവിരുദ്ധവും, ബൈബിള്‍ പ്രവാചകന്മാരുടെ ചരിത്രത്തോടും അധ്യാപനങ്ങളോടും യോജിക്കാത്തതുമായ വിശ്വാസസംഹിതകളെ സംബന്ധിച്ച് ആഭ്യന്തരമായി നേരിടുന്ന ചോദ്യങ്ങളില്‍നിന്നും സംശയങ്ങളില്‍നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണോ മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കെതിരെ ഇത്തരം പൊയ്‌വെടികളുതിര്‍ക്കുന്നത്?  പുരോഹിതന്മാരുടെ അഴിമതിയില്‍നിന്നും ലൈംഗിക ചൂഷണ കഥകളില്‍നിന്നും കന്യാമഠങ്ങളിലെ അനാഥ കുട്ടികളുടെ വേരുകള്‍ സംബന്ധമായ വിവാദങ്ങളില്‍നിന്നും അവിടത്തെ കിണറുകളിലും മറ്റും പൊന്തിവരുന്ന സ്ത്രീകളുടെ ശവശരീരങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളില്‍നിന്നും ചര്‍ച്ച വഴിതിരിച്ചുവിടാന്‍, പ്രതിസന്ധി നേരിടുമ്പോള്‍ പാകിസ്താനെയും മുസ്‌ലിംകളെയും കരുവാക്കി തടി കൈച്ചലാക്കാന്‍ ശ്രമിക്കുന്ന സംഘ് പരിവാറിനെ മാതൃകയാക്കി മുസ്‌ലിംകളുടെ മേല്‍ ഒന്ന് പാഞ്ഞു കയറിനോക്കുന്നതാണോ ഈ പുരോഹിതന്മാര്‍? അതിനു വേണ്ടി മുസ്‌ലിംകളെ  ശത്രുവായി പ്രതിസ്ഥാനത്ത് നിര്‍ത്തുകയാണോ?
ബ്രിട്ടീഷ് ഭരണത്തിനു ശേഷം സ്വാര്‍ഥ താല്‍പര്യ സംരക്ഷണ യാത്രക്ക് ഉപയോഗിച്ച കോണ്‍ഗ്രസ് എന്ന ആന ക്ഷീണിച്ചു പരവശയായി തീരാറായി എന്ന് തിരിച്ചറിഞ്ഞപ്പോള്‍, ഇനി സംഘ് പരിവാറിന്റെ നരിപ്പുറത്ത് കയറി സഞ്ചരിക്കാന്‍ അവരുടെ ഒന്നാം നമ്പര്‍ ശത്രുക്കളായി അവരെണ്ണുന്ന മുസ്‌ലിംകളെ, നട്ടാല്‍ മുളക്കാത്ത നുണകളുടെയും കെട്ടിച്ചമച്ച കഥകളുടെയും അകമ്പടിയോടെ  ആക്രമിച്ച്, സംഘ് പരിവാര്‍ പ്രീതി നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണോ  പുരോഹിതന്മാര്‍ നടത്തുന്ന ഈ വിദ്വേഷ കാമ്പയിന്‍?
ബ്രിട്ടീഷ് ഭരണത്തോട് നിരന്തരം സമരം ചെയ്തു ജീവിച്ചതു കൊണ്ടു കൂടി സാമൂഹിക ജീവിതത്തിന്റെ സകല മേഖലകളിലും പിന്നാക്കം പോയിരുന്ന കേരളത്തിലെ മുസ്‌ലിം സമുദായം സ്വപ്രയത്‌നം കൊണ്ട് സാമ്പത്തികമായും വിദ്യാഭ്യാസപരമായും മറ്റും അടുത്ത കാലത്ത് ഉണര്‍ന്നെണീക്കുന്നുവെന്ന പ്രതീതി എല്ലാവരിലും ജനിപ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിന്റെയും ശേഷം വന്ന ഭരണകൂടങ്ങളുടെയും അകമഴിഞ്ഞ പിന്തുണയോടെ ഇതുവരെയും ആ മേഖലകളെയൊക്കെ കുത്തകയാക്കിവെച്ചിരുന്ന ക്രിസ്ത്യന്‍ സമുദായത്തിന്റേതല്ലാത്ത സംരംഭങ്ങളും സംവിധാനങ്ങളും ഉയര്‍ന്നുവരുന്നതിലെ കുശുമ്പും കുന്നായ്മയും കാരണം അത്തരം സംരംഭങ്ങളെയും സംവിധാനങ്ങളെയും ബഹിഷ്‌കരിച്ച് പരാജയപ്പെടുത്താന്‍ കുഞ്ഞാടുകളോട് ആവശ്യപ്പെടുക കൂടിയായിരുന്നോ പാലായിലെ ബിഷപ്പ്? ആ പ്രസംഗത്തില്‍ മുസ്‌ലിംകളുടെ സാമ്പത്തിക-വിദ്യാഭ്യാസ സംരംഭങ്ങളില്‍നിന്നും വിട്ടുനില്‍ക്കാന്‍ അദ്ദേഹം ആവശ്യപ്പെടുന്നുമുണ്ട്.  മുസ്‌ലിംകള്‍ക്കെതിരെ ക്രിസ്ത്യന്‍ പുരോഹിതര്‍ നടത്തുന്ന ഈ വിദ്വേഷ കാമ്പയിനിന് മുകളില്‍ പറഞ്ഞ മാനങ്ങളെല്ലാം ഉണ്ടെന്നു വേണം മനസ്സിലാക്കാന്‍.

ഇസ്ലാമിന് ലഹരിയുമായി എന്തു ബന്ധം!
ലഹരി നിയമപരമായി നിഷിദ്ധമാക്കിയ ലോകത്തിലെ ഏക മതമാണ് ഇസ്‌ലാം. കേരളത്തിലെ ഏറക്കുറെ മുഴുവന്‍ അബ്കാരി മുതലാളിമാരും ഏത് സമുദായങ്ങളില്‍നിന്നുള്ളവരാണെന്ന് ഈ ക്രിസ്തീയ പുരോഹിതന്മാര്‍ക്ക് അറിയാത്തതല്ലല്ലോ. കള്ളിനും ക്രിസ്ത്യാനിറ്റിക്കുമിടയിലെ ബിബ്‌ളിക്കല്‍ ബന്ധവും അവര്‍ക്കറിയാത്തതല്ല. ഡ്രഗ് മാഫിയ വാഴുന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ ബൊളീവിയ, കൊളമ്പിയ, മെക്‌സിക്കോ പോലുള്ള രാജ്യങ്ങള്‍ കത്തോലിക്കാ രാജ്യങ്ങളാണെന്നും എല്ലാവര്‍ക്കും അറിയാം. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ലഹരി ഉപയോഗം ഏറ്റവും കുറവുള്ള രാജ്യങ്ങളാണ് മുസ്‌ലിം രാജ്യങ്ങളെന്നും മുസ്‌ലിം ജനവിഭാഗങ്ങളെന്നും അറിഞ്ഞുകൂടാത്തവരായി ആരും ഉണ്ടാവില്ല. കേരളത്തിലെയും സ്ഥിതി വ്യത്യസ്തമല്ല.
താലിബാന്റെ ഒന്നാം ഊഴത്തില്‍ ഏറക്കുറെ പൂര്‍ണമായും അവസാനിച്ചിരുന്ന അഫ്ഗാനിലെ ഓപ്പിയം കൃഷി ഇരുപത് വര്‍ഷത്തെ അമേരിക്കന്‍ അധിനിവേശകാലത്ത് തഴച്ചുവളരുകയായിരുന്നു എന്ന വസ്തുതയും ആര്‍ക്കും മറച്ചുപിടിക്കാനാവില്ല. എന്നിട്ടും പാലാ ബിഷപ്പ് കേരളത്തിലെ മുസ്‌ലിംകളെ 'ലഹരി ജിഹാദ്' നടത്തുന്നവരായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു! ആളുകള്‍ അവരവരുടെ പശ്ചാത്തലത്തില്‍നിന്നാണ് ചിന്തിക്കുകയെന്ന് പറയുന്നത് എത്രമാത്രം അര്‍ഥവത്താണ്! ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും ചൈനയിലും ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തകര്‍ ഉപയോഗിച്ച, അവര്‍ അനുവദനീയമായി കരുതുന്ന മാര്‍ഗത്തെ,  സ്വയം തന്നെ ലഹരിയെ നിഷിദ്ധമായി വിശ്വസിക്കുന്ന  മുസ്‌ലിംകളുടെ തലയില്‍ 'ജിഹാദ്' എന്ന പവിത്ര പദവുമായി ചേര്‍ത്തു വെച്ചുകെട്ടാന്‍ ദൈവത്തിനും മനുഷ്യനുമിടയില്‍ മറയായും വന്മതിലായും നിലകൊള്ളുന്ന ഈ ചൂഷക പുരോഹിതപ്പരിഷകള്‍ക്ക് ചില്ലറ തൊലിക്കട്ടിയൊന്നും മതിയാവില്ലെന്നു വേണം മനസ്സിലാക്കാന്‍.
കേരളത്തില്‍ ഒരു കോടി മുസ്‌ലിംകളും എഴുപത് ലക്ഷം ക്രിസ്ത്യാനികളും ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ എത്ര മുസ്‌ലിംകള്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ 'കെണി'യില്‍ അകപ്പെടുത്തിയിട്ടുണ്ടെന്നാണ് ഈ പുരോഹിതന്മാര്‍ പറയുന്നത്?! കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തില്‍ എത്ര അച്ചന്മാരും കന്യാസ്ത്രീകളും ഉണ്ടാവും? വളരെ ചെറിയ ശതമാനം മാത്രമായിരിക്കുമെന്നു ഉറപ്പാണല്ലോ?
ആ ന്യൂനാല്‍ ന്യൂനവിഭാഗമായ അച്ചന്മാരുടെ കെണിയില്‍ വീഴുന്ന കന്യാസ്ത്രീകളുടെ എണ്ണമെടുത്ത് അതിന്റെ അനുപാതം ഈ പുരോഹിതന്മാര്‍ നോക്കിയിട്ടുണ്ടോ ? തെളിഞ്ഞ അഭയാ കേസുകള്‍ക്കപ്പുറം തെളിയാത്തതും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതുമായ എത്ര കേസുകള്‍ ഉണ്ടാകുമെന്ന് ഈ പുരോഹിതര്‍ പഠിച്ചുനോക്കിയിട്ടുണ്ടോ? അതിന്റെ കാരണങ്ങള്‍ ഒന്നും പഠിക്കാതെ മുസ്‌ലിംകളുടെ ഇല്ലാത്ത കെണിയെ സംബന്ധിച്ച് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഭയപ്പെടുത്തി 'ബോധവല്‍ക്കരിക്കുന്ന' പുരോഹിതന്മാര്‍ യഥാര്‍ഥത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ കൊച്ചാക്കുകയും ഇകഴ്ത്തുകയും നിന്ദിക്കുകയുമാണ് ചെയ്യുന്നത്. ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മദ്യാസക്തരും ലഹരിക്ക് അടിപ്പെട്ടവരുമായ ക്രിസ്ത്യന്‍ പുരുഷന്മാരുടെ ഗൃഹപീഡനങ്ങളെ ഭയന്നും ശാന്തമായ കുടുംബ ജീവിതം ആഗ്രഹിച്ചും മറ്റു വഴികള്‍ തേടിപ്പോകുന്നുണ്ടോ എന്നാണ് ഈ പുരോഹിതന്മാര്‍ യഥാര്‍ഥത്തില്‍ പഠനവിധേയമാക്കേണ്ടത്.
മുസ്‌ലിം നാമധാരികളായ യുക്തിവാദികളും മാര്‍ക്‌സിസ്റ്റുകാരും മുസ്‌ലിം സമുദായത്തിന്റെ പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്.  പിന്നാക്ക സമുദായത്തിന്റെ പേരില്‍ എന്തെങ്കിലും സംവരണാനുകൂല്യങ്ങള്‍ ഉണ്ടെങ്കില്‍ അത് സ്വന്തമാക്കാന്‍ കൂടിയായിരിക്കണം ആ പേര് അവര്‍ നിലനിര്‍ത്തുന്നത്! അതവരുടെ സ്വാതന്ത്ര്യം. ഇസ്‌ലാം മത വിശ്വാസികള്‍ക്ക് മദ്യവും ലഹരിയും മതപരമായി തന്നെ നിഷിദ്ധമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മുസ്‌ലിം നാമധാരികളായ യുക്തിവാദികള്‍ക്കും മാര്‍ക്‌സിസ്റ്റുകാര്‍ക്കും അത് നിഷിദ്ധമല്ല.  അവര്‍ ചെയ്തു കൂട്ടുന്നതും ഇസ്ലാമിന്റെയും മുസ്‌ലിംകളുടെയും അക്കൗണ്ടില്‍ വരവ് വെച്ചുകൊണ്ട് അതിനെ 'നാര്‍ക്കോ ജിഹാദ്' ആയി ചിത്രീകരിച്ച് കുരിശ് യുദ്ധം നടത്തുക! എങ്ങനെയുണ്ട് കഥ?! അങ്ങനെ മുസ്‌ലിം നാമധാരികളായ യുക്തിവാദികളും മാര്‍ക്‌സിസ്റ്റുകാരും ലഹരി ഉപയോഗിച്ച് ഇസ്‌ലാമിക 'പ്രബോധനം' നടത്തുന്നുവെന്ന് പറയുക! എന്തൊരു 'സുന്ദര' ഭാവനയാണിത്?! ഇവരുടെ ഭാവനാശേഷി സമ്മതിച്ചു കൊടുക്കണം.
ഒരു കാര്യം ഉറപ്പാണ്. മുസ്‌ലിം സമുദായത്തിലുള്ളവര്‍  ഇസ്‌ലാമിക ധാര്‍മികതയെ കുറിച്ച് ഒരു ബോധവുമില്ലാതെ,  മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലും അതുപോലുള്ള നിര്‍മത പ്രസ്ഥാനങ്ങളിലും എത്തിപ്പെട്ടു, ക്രമേണ മുസ്‌ലിം സ്വത്വം തന്നെ നഷ്ടപ്പെട്ട്  അനിസ്‌ലാമീകരിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കിക്കൊണ്ട് മാത്രമേ മുസ്‌ലിം നാമധാരികളിലെ ലഹരി ഉപയോഗം അവസാനിപ്പിക്കാന്‍ സാധിക്കൂ. ഈ വിഷയത്തില്‍ മുസ്‌ലിം സമൂഹം പുലര്‍ത്തേണ്ട ജാഗ്രതയെ കൂടിയാണ് പാലാ ബിഷപ്പ് ഉയര്‍ത്തിവിട്ട ഈ വിവാദം അടയാളപ്പെടുത്തിയത്.
സ്വാര്‍ഥംഭരികളായ അച്ചന്മാരുടെ പീഡനവുമായും  നിഷ്‌കളങ്കരായ കന്യാസ്ത്രീകളുടെ വേദനയുമായും ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു സംശുദ്ധ ജീവിതം നയിക്കുന്ന ക്രിസ്തീയ പുരോഹിതന്മാര്‍ക്ക് ശരിക്കും വിഷയീഭവിക്കേണ്ടിയിരുന്നത്.  ഈയടുത്ത കാലത്ത് കേരളം കണ്ട അനിതരസാധാരണമായ ഒരു സമരത്തെ നയിച്ചത്  കന്യാസ്ത്രീകളായിരുന്നുവെന്ന കാര്യമെങ്കിലും പാലാ ബിഷപ്പിനും അദ്ദേഹത്തിന്റെ കാളകൂടത്തിന് മേലൊപ്പ് ചാര്‍ത്തുന്ന കെ.സി.ബി.സിക്കും ഓര്‍ത്തുകൂടായിരുന്നോ? ഭീമാകാരമായൊരു മഞ്ഞുകട്ടയുടെ മുകളറ്റം മാത്രമായിരുന്നു  അന്ന് ആ കന്യാസ്ത്രീകള്‍ പുറത്തുകൊണ്ടുവന്നിരുന്നത്. അവര്‍ ജനങ്ങള്‍ക്കു മുമ്പില്‍ തുറന്നുകാണിച്ചതാവട്ടെ രോഗത്തിന്റെ ലക്ഷണം മാത്രവുമായിരുന്നു.
കന്യകാത്വവും ബ്രഹ്മചര്യയും കുമ്പസാരവും ഒന്നിച്ചുവന്നാല്‍ പിന്നെ അവിടെ പിശാച് മാത്രമേ പ്രവര്‍ത്തിക്കൂ എന്ന കാര്യം ഏറ്റവും നന്നായി അറിയുന്നയാളുകള്‍ അച്ചന്മാര്‍ ആയിരിക്കില്ലേ? ആ വിഷയത്തില്‍ വല്ല സംശയവും ഉണ്ടെങ്കില്‍, പാലാ ബിഷപ്പിന് കൂട്ടുകാരനായ ബിഷപ്പ് ഫ്രാങ്കോയോട് ചോദിച്ചാല്‍ മതിയാകുമായിരുന്നു.
പ്രകൃതിപരമായ ചോദനയെ അടിച്ചമര്‍ത്തുന്നതു കാരണം ആ ചോദനയെ അവിഹിതമാര്‍ഗത്തില്‍ തിരിച്ചുവിട്ട്, സാംസ്‌കാരികമായി ജീര്‍ണിച്ച്, വെള്ളതേച്ച ശവക്കല്ലറ പോലെ ആയിരത്തീരുകയാണ് ആ പൗരോഹിത്യ സംവിധാനം തന്നെ എന്നതാണ് വസ്തുത.
മനുഷ്യമനസ്സ് മന്ത്രിക്കുന്നതു പോലും  കേള്‍ക്കാന്‍ സാധിക്കുന്ന കരുണാമയനായ ദൈവം മനുഷ്യന്റെ  കണ്ഠനാഡിയോളം അവനോടു  സമീപസ്ഥമായിരിക്കെ, ആ ദൈവത്തോട്  മാത്രം പറയേണ്ടതും അവനോടുമാത്രം പറയാന്‍ പാടുള്ളതുമായ കാര്യങ്ങള്‍ ദൈവത്തിനും  മനുഷ്യനുമിടയില്‍ മറയും വന്മതിലുമായി നില്‍ക്കുന്ന  പുരോഹിതന്മാരോട് കുമ്പസരിക്കണമെന്ന് പറയുന്നത് ചൂഷണത്തിന്റെ  വലിയ വാതില്‍ തന്നെയാണ് തുറന്നുവെക്കുന്നത്.  വിവാഹിതരോ അല്ലാത്തവരോ ആയ സ്ത്രീകളും പെണ്‍കുട്ടികളും ലൈംഗിക വികാരത്തെ അടിച്ചമര്‍ത്തി ജീവിക്കുന്ന പുരോഹിതന്മാരോട് അത്തരം കാര്യങ്ങള്‍ പറയേണ്ടിവരുന്ന സാഹചര്യത്തെ കുറിച്ചൊന്നു  ചിന്തിച്ചുനോക്കുക.  എത്രയെത്ര സ്ത്രീകള്‍ പുറത്തു പറയാന്‍ സാധിക്കാത്ത രൂപത്തില്‍ ബ്ലാക്മെയ്‌ലിംഗിന്നും മറ്റും വിധേയമാകുന്നുണ്ടാവും! മഠങ്ങളില്‍ കന്യകകള്‍ ആയി പ്രവര്‍ത്തിക്കാന്‍ ആളുകളെ കിട്ടാത്ത ഈ കാലത്ത്, കന്യാമഠങ്ങളിലെ അനാഥ കുട്ടികള്‍ക്കു പിന്നിലെ കഥ അന്വേഷണവിധേയമാക്കേണ്ട വിഷയമാണ്. അതു സംബന്ധമായൊന്നും ചിന്തിക്കാതെ, മതങ്ങള്‍ക്കതീതമായി വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളും പൊതു സമൂഹവും ഇടപഴകുന്നതിനെയും കൂട്ടുകൂടുന്നതിനെയും ഭയപ്പെടുന്ന  പുരോഹിതമാരുടെ മനസ്സിന് സന്തുലനം നഷ്ടപ്പെട്ടിരിക്കുന്നുവെന്നു പറയാതിരിക്കാന്‍ നിര്‍വാഹമില്ല.
മനുഷ്യപ്രകൃതിക്കും ജൈവപ്രകൃതിക്കും വിരുദ്ധമായ കന്യകത്വത്തെയും, വിവാഹം നിഷിദ്ധമാക്കുന്ന സന്യാസത്തെയും ബ്രഹ്മചര്യയെയും, മനുഷ്യന്റെ കണ്ഠനാഡിയേക്കാള്‍ സമീപത്തിരിക്കുന്ന ദൈവത്തിനും മനുഷ്യനുമിടയില്‍ മറയായും വന്മതിലായും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന പൗരോഹിത്യത്തെയും, ദൈവത്തോട് നേരിട്ട് കുറ്റം ഏറ്റു പറഞ്ഞ് പ്രാര്‍ഥിക്കുന്നതിനു പകരം ചൂഷകരായ പുരോഹിതന്മാരുടെ  മുന്നില്‍ പോയി കുമ്പസരിക്കുന്ന, മനുഷ്യസമത്വത്തിനും  മഹത്വത്തിനും  അന്തസ്സിനും അഭിമാനത്തിന്നും യോജിക്കാത്ത  അധമത്വത്തെയുമൊക്കെ പഠനവിധേയമാക്കുന്ന ക്രിസ്ത്യന്‍ ജനാവിഭാഗങ്ങളിലുണ്ടാവുന്ന മാനസിക പരിവര്‍ത്തനമാണ് യഥാര്‍ഥത്തില്‍ ഈ പുരോഹിതന്മാരെ ഭയപ്പെടുത്തുന്നത് എന്നു വേണം കരുതാന്‍.  എങ്കില്‍, പ്രശ്നത്തിന്റ  മര്‍മം സ്പര്‍ശിക്കാതെ, 'ലൗ ജിഹാദെ'ന്നും 'ലഹരി ജിഹാദെ'ന്നും പേരിട്ടതുകൊണ്ടൊന്നും  ഈ മാനസാന്തരങ്ങള്‍ അവസാനിപ്പിക്കാനാവില്ല.  യുക്തിരഹിതമായ വിശ്വാസത്തിന്റെ തടവറക്കുള്ളില്‍  ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും അടക്കിയൊതുക്കിനിര്‍ത്താനുമാവില്ല.  പണവും അധികാര ശക്തിയും ഉപയോഗിച്ച് പുറത്തുവരാന്‍ അനുവദിക്കാതെ തുടരുന്ന ഭീകര ചൂഷണങ്ങളും   മനുഷ്യാവകാശ ലംഘനങ്ങളും അനുഭവിക്കുന്നവരും അത് കാണുന്നവരും യുക്തിഭദ്രവും പ്രകൃതിപരവും, ചരിത്രപരതയുടെയും പ്രമാണങ്ങളുടെയും പിന്‍ബലവുമുള്ള  മറ്റു മാര്‍ഗങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നത് തുടരുകതന്നെ ചെയ്യും. ഒരു അപ്രഖ്യാപിത ജയിലില്‍ അകപ്പെട്ടവരുടെ മോചനത്തിന് മറ്റാരും ശ്രമിക്കില്ല. അവരവര്‍ കെട്ടുപൊട്ടിച്ചുവരുകയേ നിര്‍വാഹമുള്ളൂ.
അച്ചന്മാര്‍ സൂര്യനെയാണ്  ഊതിക്കെടുത്താന്‍ നോക്കുന്നത്.  മധ്യകാല നൂറ്റാണ്ടില്‍ യൂറോപ്പിലെ ഭരണകൂടങ്ങളുടെ പിന്‍ബലത്തില്‍ സകലമാന കുതന്ത്രങ്ങളും പയറ്റിയിട്ടും  പാപ്പസിക്ക് അത് സാധിച്ചിട്ടില്ലന്ന ചരിത്രസത്യമെങ്കിലും പാലാ ബിഷപ്പും മറ്റും ഓര്‍ക്കുന്നത് നന്നായിരിക്കും.
പാശ്ചാത്യ ക്രിസ്തീയ സാമ്രാജ്യത്വത്തിന്റെ  സമ്പൂര്‍ണ  ആധിപത്യത്തിന് എന്നും തടസ്സം നിന്നതും ഇപ്പോഴും ശക്തമായ പ്രതിരോധം തീര്‍ക്കുന്നതും അതിശക്തവും അജയ്യവുമായ പ്രത്യയശാസ്ത്രത്താല്‍ പ്രചോദിതരായ, ആഗോള തലത്തില്‍  തന്നെ ശക്തമായ സാന്നിധ്യമുള്ള, മുസ്‌ലിംകളും അവരുടെ ആദര്‍ശമായ ഇസ്‌ലാമുമാണ് എന്ന കാര്യം ക്രിസ്തീയ പുരോഹിതന്മാരെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നതായി പാലാ ബിഷപ്പിന്റെയും കാപ്പിപ്പൊടിയച്ചന്റെയും കാര്‍ട്ടൂണ്‍ ജോസേട്ടന്റെയും ഇതര പുരോഹിതന്മാരുടെയും പ്രസംഗങ്ങള്‍ കേള്‍ക്കുമ്പോള്‍ ആര്‍ക്കും തോന്നിപ്പോകും.  സ്വാഭാവികമായും ഈ പ്രതിരോധത്തെ ദുര്‍ബലീകരിക്കുന്നതിനുവേണ്ടി  ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തേജോവധം ചെയ്യുവാനുള്ള ഗൂഢ  പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നത് കാലവും രൂപവും എത്രതന്നെ മാറിയാലും  പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെയും അല്‍പം ചിലതൊഴിച്ചു നിര്‍ത്തിയാല്‍  മിക്ക ക്രിസ്ത്യന്‍ സഭകളുടെയും  സ്ഥിരം അജണ്ടയായി മാറിയില്ലെങ്കിലേ അത്ഭുതമുള്ളൂ. 
അങ്ങനെയാണ് കളവാക്കലിന്റെയും മറച്ചുവെക്കലിന്റെയും സത്യവും അസത്യവും കൂട്ടിക്കലര്‍ത്തി അവതരിപ്പിക്കുന്നതിന്റെയും പ്രവാചക വ്യക്തിത്വത്തെ  തേജോവധം ചെയ്യുന്നതിന്റെയും, മുസ്‌ലിം ജന വിഭാഗങ്ങളെ കരിവാരിത്തേക്കുന്നതിന്റെയുമൊക്കെ സാധ്യതകളെ പാപ്പസിയുടെ പിന്തുണയോടെ പാശ്ചാത്യ സാമ്രാജ്യത്വം കൂടുതല്‍ ശക്തമായി നടപ്പാക്കി തുടങ്ങിയത്. ആ സാമ്രാജ്യത്വത്തിന്റെ മൂടുതാങ്ങികളായ പുരോഹിതന്മാര്‍  ക്രിസ്ത്യന്‍ ജന വിഭാഗങ്ങള്‍ക്ക് മുമ്പില്‍ ഛര്‍ദിച്ചുകൊണ്ടിരിക്കുന്ന 'ലൗ ജിഹാദും' 'ലഹരി ജിഹാദും' മുസ്‌ലിം കുട്ടികള്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തുന്നതിനെ സംബന്ധിച്ച ഭീതിയുമൊക്കെ ഈ തേജോവധത്തിന്റെയും കരിവാരിത്തേക്കലിന്റെയും ഭാഗം തന്നെയാണ്.

അപരവത്കരണവും രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കും
കേരളത്തില്‍ മുസ്‌ലിം അപരവത്കരണത്തിന്റെയും വര്‍ഗീയ ധ്രുവീകരണത്തിന്റെയും ഈ ഭീകരാവസ്ഥ സംജാതമാക്കുന്നതില്‍ ഭരണകൂടങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുള്ള പങ്കും പരിശോധിക്കപ്പെടേണ്ടതാണ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വി. എസ് അച്യുതാനന്ദന്‍ ദല്‍ഹിയില്‍ വെച്ച് നടത്തിയ കാളകൂട പ്രസ്താവനയും പിണറായി വിജയന്റെ ഒന്നാം ഊഴത്തിലെ ഡി.ജി.പി ആയിരുന്ന ലോക്‌നാഥ് ബെഹ്റ റിട്ടയര്‍ ചെയ്യുമ്പോള്‍ നടത്തിയ പെരും നുണകളുമാണ് ഇപ്പോള്‍ മുസ്‌ലിം വിരോധം വെച്ചുപുലര്‍ത്തുന്ന ക്രിസ്തീയ മതവിശ്വാസികളും സംഘ് പരിവാറും പാലാ ബിഷപ്പിന്റെ വിഷലിപ്ത പ്രസ്താവനയെ പൊലിപ്പിച്ചും വെളുപ്പിച്ചുമെടുക്കാന്‍ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്നത്.   അവരുടെ വിഷലിപ്ത പ്രസ്താവനകള്‍ക്ക് ഇപ്പോള്‍ നടക്കുന്ന നാര്‍ക്കോട്ടിക് കുരിശ് യുദ്ധവുമായി ഒരു ബന്ധവുമില്ലാതിരിക്കെയാണിത്. ഇനി വരാന്‍ പോകുന്ന കേരളീയ കുരിശു യുദ്ധത്തില്‍ 'വിദ്യാഭ്യാസ ജിഹാദ്' കൂടി ഉണ്ടായിരിക്കുമെന്ന് മാത്രം.  'മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ് പാസ്സാകുന്നത്' എന്ന വി.എസ് അച്യുതാനന്ദന്റെ പൊട്ട പ്രസ്താവനയായിരിക്കും അപ്പോളിവര്‍ തെളിവായി ഉദ്ധരിക്കുക.
കേരളത്തിന് ഈ സാമുദായിക ധ്രുവീകരണ ദുരന്തം സമ്മാനിച്ചതില്‍ സി.പി.എമ്മിനും പിണറായി വിജയന്‍ സര്‍ക്കാരിനും നിര്‍ണായക പങ്കുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത്, കോടിയേരിയും വിജയരാഘവനും പിണറായിയുമൊക്കെ ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ വേണ്ടി സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചു നടത്തിയ പ്രസ്താവനകള്‍ റീവൈന്‍ഡ് ചെയ്തു നോക്കിയാല്‍ ഇത് വ്യക്തമാകും. മദ്‌റസ പെന്‍ഷന്‍ പോലുള്ള നട്ടാല്‍ മുളക്കാത്ത വിഷ നുണകള്‍ സംഘ് പരിവാരും ക്രിസ്തീയ സമുദായത്തിലെ പ്രബല വിഭാഗവും പറഞ്ഞു പ്രചരിപ്പിച്ചപ്പോള്‍ മുസ്‌ലിം അപരവല്‍ക്കരണത്തിലൂടെ തെരഞ്ഞെടുപ്പു വിജയം ഉറപ്പാക്കാന്‍ പിണറായി ഭരണകൂടം പാലിച്ചതും  കാളകൂടം ഒളിപ്പിച്ചുകടത്തിയതുമായ അര്‍ഥഗര്‍ഭമായ മൗനങ്ങള്‍ പരിശോധിച്ചുനോക്കുക. ശ്രീവാസ്തവയെയും ലോക്‌നാഥ് ബഹ്‌റയെയും വെച്ചുകൊണ്ട് മുസ്‌ലിം സമുദായത്തെ തന്നെ പിശാചുവല്‍ക്കരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഓര്‍ക്കുക. മുസ്‌ലിം ജനവിഭാഗങ്ങളെ വിഷലിപ്ത വാക്കുകള്‍ കൊണ്ടും ക്രൂരകൃത്യങ്ങള്‍ കൊണ്ടും സംഘ് പരിവാര്‍ ഫാഷിസ്റ്റ് ശക്തികള്‍ ആക്രമിച്ചപ്പോള്‍ പിണറായി ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായ ബോധപൂര്‍വമായ കൃത്യവിലോപങ്ങളെ കുറിച്ച് ചിന്തിച്ചുനോക്കുക. 
സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിയോഗിച്ച പാലോളി കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ മുസ്‌ലിംകളെ ഉദ്ദേശിച്ചു മാത്രം നടപ്പാക്കിയ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് സംഘ് പരിവാറും ക്രൈസ്തവ വിഭാഗങ്ങളും പടച്ചുവിട്ട വര്‍ഗീയ പ്രചാരണത്തെ പിണറായി ഭരണകൂടം അന്യായമായി പിന്തുണച്ചതിന്റെ കൂടി പരിണതിയല്ലേ ഇപ്പോഴത്തെ എല്ലാ പരിധിയും വിട്ടുള്ള പാലാ ബിഷപ്പിന്റെ ഈ കാളകൂടമെന്ന്  ആലോചിച്ചു നോക്കുക. പിണറായി ഭരണകൂടം വലതുപക്ഷ ക്രിസ്തീയ തീവ്ര വര്‍ഗീയവാദികള്‍ക്കും സംഘ് പരിവാര്‍ വിഷ സര്‍പ്പങ്ങള്‍ക്കും ഭരണകൂട സംരക്ഷണം നല്‍കുന്നത് എന്തുകൊണ്ട്? സാമൂഹിക സ്പര്‍ധ ഉണ്ടാക്കുന്ന ഇത്തരം വിഷയങ്ങളില്‍ അഴകൊഴമ്പന്‍ ഉപദേശം കൊണ്ട് മതിയാക്കാന്‍ പിണറായി വിജയനെ പള്ളിയിലച്ചനായിട്ടല്ല കേരള ജനത തെരഞ്ഞെടുത്തിട്ടുള്ളതെന്ന് സി.പി.എമ്മും പിണറായി സര്‍ക്കാരും മനസ്സിലാക്കണം. മുസ്‌ലിംകള്‍ അന്യായമായി ആക്രമിക്കപ്പെടുമ്പോള്‍ വെറും അഴകൊഴാമ്പന്‍ പ്രസ്താവനകള്‍  കൊണ്ടുണ്ടാക്കിയ പൊട്ടെല്ല് ആണ് പിണറായിക്കുള്ളതെങ്കില്‍, മുസ്‌ലിം നാമധാരികള്‍ ആരോപണവിധേയരാകുമ്പോള്‍, അതൊരു ലഘു ലേഖയാണെങ്കില്‍ പോലും, വളരെ പക്ഷപാതിത്വപരമായി പെരുമാറുന്ന ഒരു ആഭ്യന്തര മന്ത്രിയായിട്ടാണ് അദ്ദേഹത്തെ കാണാന്‍ സാധിക്കുന്നത്.  ഇതെന്തു മനഃസ്ഥിതിയെയാണ് സൂചിപ്പിക്കുന്നത്?! നീതിന്യായവും ക്രമസമാധാനവും ഒരു ഭരണസംവിധാനത്തിന്റെ ഏറ്റവും സുപ്രധാന ബാധ്യതയാണെങ്കില്‍ അതില്‍ അമ്പേ പരാജയപ്പെട്ട ഒരു സര്‍ക്കാറാണിത്. കേരളമെന്ന തോണി മറിഞ്ഞാല്‍ പുറം നല്ലത് എന്ന് കരുതുന്നവരാണെന്ന് തോന്നും സി.പി.എമ്മിനെയും സഖാക്കളെയും കണ്ടാല്‍!
പാലാ ബിഷപ്പ് എഴുതിത്തയാറാക്കി  നടത്തിയതുപോലുള്ള വര്‍ഗീയവും വിഷലിപ്തവുമായ പ്രസ്താവന നടത്താന്‍ മുസ്‌ലിംകള്‍ക്ക് വിശ്വാസപരമായും ധാര്‍മികമായും പറ്റില്ല.  ഇതിന്റെയൊന്നും നാല്‍പതയലത്തു പോലും വരാത്ത ഒരു പരാമര്‍ശം നാക്കുപിഴയായി ഒരു മൗലവിയുടെയോ മുസ്‌ലിയാരുടെയോ ഭാഗത്തു നിന്നും വന്നുവെന്ന് കരുതുക. എന്തായിരിക്കും കേരളത്തിലെ പിണറായി ഭരണകൂടത്തിന്റെയും സി.പി.എമ്മിന്റെയും അതിന്റെ പോഷക സംഘടനകളുടെയും സമീപനം?  മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണത്തിലെ കഴുത്തിലെ 'V' കട്ടിനെ ഒരു മുജാഹിദ് മൗലവി അവരുടെ വനിതകള്‍ക്കുള്ള ക്ലാസ്സില്‍ വത്തക്ക കഷ്ണത്തോട് ഉപമിച്ചപ്പോള്‍ (ഈ പരാമര്‍ശം കേരളത്തിലെ മറ്റൊരു സമുദായത്തെയും ബാധിക്കുന്നതല്ല!) കേരളത്തെയാകെ ഇളക്കിമറിച്ച എസ്.എഫ്.ഐയും മറ്റും പാലാ ബിഷപ്പിന്റെ വിഷലിപ്ത പ്രസ്താവനയുടെ വിഷയത്തില്‍ ഇപ്പോള്‍ അര്‍ഥ ഗര്‍ഭവും വാചാലവുമായ  മൗനം പുലര്‍ത്തുന്നത് എന്തുകൊണ്ടാണ്? വിഷപ്പാമ്പുകള്‍ക്ക് അവിടെയും ഒരു കുറവുമില്ല എന്നല്ലേ അതിന്റെ അര്‍ഥം?
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (16-20)
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രബോധനത്തില്‍നിന്ന് ഒളിച്ചോടുന്നവനല്ല മുസ്‌ലിം
ഹാഫിസ് ബശീര്‍ ഈരാറ്റുപേട്ട