Prabodhanm Weekly

Pages

Search

2021 സെപ്റ്റംബര്‍ 24

3219

1443 സഫര്‍ 17

കത്തോലിക്കാ മാനവികതയും  മുസ്‌ലിം-ക്രിസ്ത്യന്‍ ബന്ധങ്ങളും

അബ്ദുല്ലത്വീഫ് ചാലിക്കണ്ടി, റോം

2005 ഏപ്രില്‍ രണ്ടിനായിരുന്നു പോപ്പ് ജോണ്‍പോള്‍ രണ്ടാമന്റെ മരണം. റോമില്‍ സ്ഥിരതാമസമാക്കിയ ഞാന്‍ ഏപ്രില്‍ നാലിന് വത്തിക്കാനിലെത്തി. പോപ്പിന്റെ ഭൗതിക ശരീരം കാണുക എന്ന ഒറ്റ ഉദ്ദേശ്യമേ എനിക്കുണ്ടായിരുന്നുള്ളൂ. അവിടെ കണ്ടത്, കിലോമീറ്ററുകളോളം നീളത്തില്‍ ആത്മീയ നേതാവിന്റെ ഭൗതിക ശരീരം ഒരു നോക്കുകാണാന്‍ ക്യൂ നില്‍ക്കുന്ന വലിയൊരു ജനസഞ്ചയത്തെ. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍നിന്ന് ജനങ്ങള്‍ അങ്ങോട്ട് ഒഴുകുകയായിരുന്നു. ഞാനും അതില്‍ ഒരു ബിന്ദുവായി. ഒരു മുസ്‌ലിമായിരിക്കെ മറ്റൊരു മതത്തിന്റെ ആത്മീയ നേതാവിന്റെ ഭൗതിക ശരീരം കാണാന്‍ എല്ലാ തിരക്കുകളും മാറ്റിവെച്ച് എന്തുകൊണ്ട് ഞാനിവിടെ എത്തി എന്ന് ഞാന്‍ സ്വയം ചോദിച്ചു. അപ്പോള്‍ എന്റെ മനസ്സിലേക്ക് വന്നത് റോമില്‍ എത്തിയ ഉടനെയുള്ള എന്റെ അഞ്ചാറ് മാസത്തെ അനുഭവങ്ങളാണ്. വത്തിക്കാനില്‍ ഉയര്‍ന്ന പദവികള്‍ വഹിക്കുന്ന പലരുമായും (അവരില്‍ ആര്‍ച്ച് ബിഷപ്പുമാരുണ്ട്, കര്‍ദിനാള്‍മാരുണ്ട്) ഹൃദ്യമായ ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ഈ കുറഞ്ഞ കാലയളവില്‍ എനിക്ക് സാധിക്കുകയുണ്ടായി. അവരേക്കാളൊക്കെ പ്രായം കുറഞ്ഞ, മറ്റൊരു മതക്കാരനും ഇന്ത്യക്കാരനുമായ എന്നെ എത്ര ആദരവോടെയും സ്‌നേഹത്തോടെയുമാണ് അവര്‍ സ്വീകരിച്ചതെന്ന് നന്ദിപൂര്‍വം ഓര്‍ത്തുപോകുന്നു.
കത്തോലിക്ക ചര്‍ച്ചിനെ സംബന്ധിച്ച് എനിക്കുള്ള ക്രിയാത്മക സമീപനം രൂപപ്പെടുത്തുന്നതില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രഖ്യാപനങ്ങള്‍ക്കുള്ള പങ്കും ഞാന്‍ തദവസരത്തില്‍ ഓര്‍ത്തു. ഈ പ്രഖ്യാപനങ്ങള്‍ക്ക് ഒരു പശ്ചാത്തലമുണ്ട്. രണ്ടാം ലോക യുദ്ധത്തിന് മുമ്പും അത് നടക്കുന്ന കാലത്തും ജര്‍മനിയിലെ നാസിസത്തെയും ഇറ്റലിയിലെ ഫാഷിസത്തെയും ക്രിയാത്മകമായി ചെറുക്കാന്‍ കത്തോലിക്ക ചര്‍ച്ചിന് സാധിച്ചുവോ എന്ന ചര്‍ച്ച പില്‍ക്കാലത്ത് സജീവമാവുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിന്റെ ദുരന്തമെന്ന് വിശേഷിപ്പിക്കാവുന്ന ഹോളോകോസ്റ്റിന്റെ ഇരകള്‍ക്കു വേണ്ടിയും മറ്റു മതവിഭാഗങ്ങളിലെ മര്‍ദിതര്‍ക്കു വേണ്ടിയും ചര്‍ച്ച് വേണ്ട രീതിയില്‍ ശബ്ദിച്ചുവോ എന്ന വിഷയവും ചര്‍ച്ചയില്‍ ഇടം പിടിച്ചു. ചര്‍ച്ച് ഫാഷിസത്തിനും നാസിസത്തിനുമെതിരെ നിലകൊണ്ടെങ്കിലും ആ പ്രതിരോധം ദുര്‍ബലമായിരുന്നു എന്ന നിഗമനത്തിലേക്കാണ് ചര്‍ച്ചകളെത്തിയത്. കൊളോണിയലിസാനന്തരം ലോകത്തുണ്ടായ മാറ്റങ്ങളും ചര്‍ച്ചാ വിഷയമായി. അതിന്റെ ഭാഗമായിട്ട് സംഘടിപ്പിച്ചതാണ് 1962 മുതല്‍ 1965 വരെ നീണ്ട രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍.
ചര്‍ച്ചിന്റെ ഘടനയില്‍ വലിയ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നു ഈ കൗണ്‍സില്‍. ഒരു മുസ്‌ലിമെന്ന നിലക്ക് ഈ പരിഷ്‌കരണങ്ങളില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് കൗണ്‍സില്‍ മുന്നോട്ടു വെച്ച മാനവികതയായിരുന്നു. 1965 ഒകേ്ടാബര്‍ 28-ന് ചര്‍ച്ചകള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് വത്തിക്കാന്‍ കൗണ്‍സില്‍ നടത്തിയ നോസ്‌ട്രെ അറ്റാറ്റെ (Nostra Aetate- 'നമ്മുടെ കാലം') പ്രഖ്യാപനത്തിലാണ്, കത്തോലിക്കാ ചര്‍ച്ചിന്റെ ചരിത്രത്തിലാദ്യമായി മറ്റു മതദര്‍ശനങ്ങളുമായി സംഭാഷണവും സംവാദവും നടത്തണമെന്നും ഈ സംവാദ സംസ്‌കാരം ഒരു വിശ്വാസ പ്രമാണമായി കത്തോലിക്കാ വിശ്വാസികള്‍ക്കിടയില്‍ പ്രചരിപ്പിക്കണമെന്നും തീരുമാനിക്കുന്നത്. പ്രഖ്യാപനത്തിലെ മൂന്നാം ഖണ്ഡികയില്‍ പറയുന്നത് മുസ്‌ലിംകളെക്കുറിച്ചാണ്. അത് ഇങ്ങനെ വായിക്കാം: ''ചര്‍ച്ച് വളരെ ആദരവോടെയാണ് മുസ്‌ലിംകളെ കാണുന്നത്.... നിത്യനും ഏകനും സ്വയം നിലനില്‍ക്കുന്നവനും കാരുണ്യവാനും സര്‍വശക്തനും ആകാശഭൂമികളുടെ സ്രഷ്ടാവുമായ ദൈവത്തില്‍ അവര്‍ വിശ്വസിക്കുന്നു. (ആ ദൈവം പ്രവാചകന്മാരിലൂടെ) മനുഷ്യരോട് സംസാരിച്ചുവെന്നും അവര്‍ വിശ്വസിക്കുന്നു.'' പിന്നെ മുസ്‌ലിംകളോടും ക്രിസ്ത്യാനികളോടുമുള്ള അഭ്യര്‍ഥനയാണ്. ഇരു വിഭാഗവും സംഘര്‍ഷങ്ങളുടെ കഴിഞ്ഞ കാലങ്ങള്‍ മറക്കണം. സമാധാനവും സ്വാതന്ത്ര്യവും സാമൂഹിക നീതിയും ധാര്‍മിക മൂല്യങ്ങളും സംരക്ഷിക്കാന്‍ ഇരു വിഭാഗവും കൈകോര്‍ക്കണം. ഈ മാനവിക ദര്‍ശനത്തിന്റെ ശക്തനായ വക്താവായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍. അതുകൊണ്ടാണ് അദ്ദേഹം മരണപ്പെട്ടപ്പോള്‍ ആ ഭൗതിക ശരീരം ഒരു നോക്കുകാണാന്‍ മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച് ഞാന്‍ വത്തിക്കാനിലെത്തിയത്.
തൊള്ളായിരത്തി അറുപതുകളിലോ എഴുപതുകളില്‍ പോലുമോ ചിന്തിക്കാന്‍ കഴിയാതിരുന്ന കാര്യങ്ങളാണ് ജോണ്‍ പോള്‍ ചെയ്തത്. അദ്ദേഹം ദമസ്‌കസിലെ ഉമയ്യാദ് മസ്ജിദ് സന്ദര്‍ശിക്കുകയും സ്‌നാപക യോഹന്നാന്റേത് (യഹ്‌യാ നബി) എന്ന് കരുതപ്പെടുന്ന ഖബ്‌റിനരികെ പ്രാര്‍ഥിക്കുകയുമുണ്ടായി. സിറിയയിലായിരിക്കെ അദ്ദേഹം ഖുര്‍ആനെ ചുംബിക്കുന്ന ഒരു ഫോട്ടോ പുറത്തു വരികയുണ്ടായി. അക്കാലത്ത് ഞാനെഴുതിയ ക്രിസ്ത്യന്‍-മുസ്‌ലിം സംവാദത്തെക്കുറിച്ച ഇംഗ്ലീഷ് ലേഖനത്തില്‍ ആ ഫോട്ടോ ചേര്‍ക്കുന്നതില്‍ വിരോധമുണ്ടോ എന്ന് എന്റെ സുഹൃത്തും വത്തിക്കാനില്‍ മതാന്തര സംവാദങ്ങളുടെ ചുമതല വഹിക്കുന്ന വ്യക്തിത്വവുമായ ആര്‍ച്ച് ബിഷപ്പ് ഫിറ്റ്‌സ് ജെറാള്‍ഡിനോട് ഞാന്‍ ചോദിക്കുകയുണ്ടായി. ആ ചിത്രം വ്യാജമാണ് എന്ന പ്രചാരണം നടക്കുന്നതുകൊണ്ടാണ് അദ്ദേഹത്തോട് സമ്മതം ചോദിച്ചത്. ഫോട്ടോ ധൈര്യമായി കൊടുത്തോളൂ, ഞാന്‍ ആ സംഭവത്തിന് സാക്ഷിയാണ് എന്ന് ഫിറ്റ്‌സ് ജെറാള്‍ഡ് എനിക്ക് ഉറപ്പുതരികയുണ്ടായി. ഇങ്ങനെ മതങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെ പ്രതീകമായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍. അദ്ദേഹത്തിന്റെ ഭൗതിക ശരീരം കാണാനെത്തിയ ഞാന്‍ ഏതാനും കത്തോലിക്കാ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് ക്യൂവില്‍ നിന്നത്. മുസ്‌ലിമാണെന്നറിഞ്ഞപ്പോള്‍ അവര്‍ എനിക്ക് നല്‍കിയ സ്‌നേഹപരിലാളനകള്‍ ഓര്‍ക്കുന്നു. മതപരവും മറ്റുമായ എന്തെല്ലാം വ്യത്യാസങ്ങളുണ്ടെങ്കിലും മനുഷ്യന്‍ ഒന്നാണ് എന്ന മാനവിക കാഴ്ചപ്പാടാണ് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ ഉണ്ടായിട്ടുള്ളത്.
ജോണ്‍ പോള്‍ രണ്ടാമന്റെ മരണശേഷം പോപ്പായി തെരഞ്ഞെടുക്കപ്പെട്ടത് ബെനഡിക്ട് പതിനാറാമനായിരുന്നു. വിശ്വാസ പ്രമാണങ്ങളെ (Doctrine of Faith) സംരക്ഷിക്കുക എന്ന മധ്യകാല കാര്‍ക്കശ്യങ്ങളെ പുനരാനയിച്ച പോപ്പായിരുന്നു അദ്ദേഹം. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നടത്തിപ്പില്‍ അദ്ദേഹം ധാരാളം പങ്കുവഹിച്ചിട്ടുണ്ടെങ്കിലും പിന്നെ അദ്ദേഹം യാഥാസ്ഥിതികതയുടെ വക്താവായി മാറുകയായിരുന്നു. അദ്ദേഹം ചുമതലേയറ്റതിനു ശേഷം ജോണ്‍ പോളിന്റെ കാലത്തുണ്ടായിരുന്ന ക്രിസ്ത്യന്‍-മുസ്‌ലിം ബന്ധത്തിന്റെ ഊഷ്മളത കുറേയധികം നഷ്ടമായി. അദ്ദേഹത്തിന്റെ ഒരു പ്രസ്താവന വളരെയേറെ സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുകയുണ്ടായി. വാളും ഹിംസയുമല്ലാതെ മറ്റെന്താണ് മുഹമ്മദ് നബി ലോകത്തിന് നല്‍കിയതെന്ന ബെനഡിക്ടിന്റെ ചോദ്യമാണ് ക്രിസ്ത്യന്‍- മുസ്‌ലിം ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയത്.
ബെനഡിക്ട് സ്ഥാനമൊഴിയുകയും ഫ്രാന്‍സിസ് പോപ്പായി ചുമതലയേല്‍ക്കുകയും ചെയ്തതോടെ ബന്ധങ്ങള്‍ പഴയ ഊഷ്മളതയിലേക്ക് വരാന്‍ തുടങ്ങി. അദ്ദേഹം കയ്‌റോയിലെത്തി അല്‍ അസ്ഹര്‍ റെക്ടറുമായി കൂടിക്കാഴ്ച നടത്തി ഒരു പൊതു മാനവിക പത്രിക പുറത്തിറക്കുകയുണ്ടായി. യു.എ.ഇ പോലുള്ള രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. നിരവധി ലോക മുസ്‌ലിം നേതാക്കളെയും പണ്ഡിതന്മാരെയും അദ്ദേഹം വത്തിക്കാനില്‍ സ്വീകരിച്ചു. ഇസ്‌ലാമോഫോബിയക്കെതിരെ ശക്തമായ നിലപാടുകളെടുത്തു. അങ്ങനെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഉയര്‍ത്തിപ്പിടിച്ച മാനവിക കാഴ്ചപ്പാടുകള്‍ അദ്ദേഹം പുനരുജ്ജീവിപ്പിക്കുകയായിരുന്നു.
റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തവാസ്വുല്‍ ഇന്റര്‍നാഷ്‌നല്‍ സെന്റര്‍ ഫോര്‍ ഡയലോഗ് ആന്റ് റിസര്‍ച്ച് എന്ന കൂട്ടായ്മയുടെ സാംസ്‌കാരിക ഉപദേഷ്ടാവ് എന്ന നിലക്ക് വത്തിക്കാനുമായി വളരെ അടുത്ത ബന്ധം ഉണ്ടാക്കിയെടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിനിടെ നിരവധി തവണ വത്തിക്കാന്‍ സന്ദര്‍ശിച്ചു; അവിടെ മതാന്തര സംവാദങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരുമായി ദീര്‍ഘമായി സംസാരിച്ചു. മൂന്നു വര്‍ഷം മുമ്പ് കുഷ്ഠരോഗ നിവാരണത്തിനായി വത്തിക്കാന്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ഇസ്‌ലാമിനെ പ്രതിനിധീകരിച്ച് ഞാന്‍ വിഷയമവതരിപ്പിക്കുകയുണ്ടായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സമ്മേളനത്തിന് എത്തിയവര്‍ ആ അവതരണത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു.
ഇത്തരമൊരു മാനവികതയും സംവാദ സംസ്‌കാരവും കത്തോലിക്കാ ചര്‍ച്ച് അതിന്റെ മതതത്ത്വപാഠ(Catechism)മായി ഉള്‍ക്കൊണ്ടിരിക്കുന്നു എന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. ഇതിന്റെ ഭാഗമായി ധാരാളം ക്രിസ്ത്യന്‍ -മുസ്‌ലിം സംവാദങ്ങളും കൂടിച്ചേരലുകളും നടന്നുവരുന്നു. രണ്ടു വര്‍ഷം മുമ്പ് വത്തിക്കാനില്‍ സംഘടിപ്പിച്ച ഒരു സമ്മേളനം ഓര്‍മ വരികയാണ്. പ്രൊട്ടസ്റ്റന്റ് ഉള്‍പ്പെടെ മറ്റു ക്രൈസ്തവ അവാന്തര വിഭാഗങ്ങളും അതില്‍ പങ്കെടുത്തിരുന്നു. ആഫ്രിക്കയിലും മറ്റും ഭക്ഷണവും പണവും നല്‍കി മതംമാറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്ന പൊതുവികാരമാണ് അതില്‍ ഉയര്‍ന്നത്. ഇതൊരു മതാന്തര സമ്മേളനമായിരുന്നില്ല. ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയിലെ ആഭ്യന്തര ചര്‍ച്ചയായിരുന്നു. എന്നിട്ടു പോലും മുസ്‌ലിം പ്രതിനിധിയെന്ന നിലക്ക് തന്നെ ആ സമ്മേളനത്തില്‍ എനിക്ക് പങ്കെടുക്കാന്‍ അവസരമുണ്ടായി. ഇതൊരു വലിയ മാറ്റമല്ലേ? നാലു വര്‍ഷം മുമ്പ് പോപ്പ് ഫ്രാന്‍സിസുമായി നേരില്‍ കാണാനും സംസാരിക്കാനും അവസരമുണ്ടായപ്പോള്‍ ഭാര്യ സബ്രീന ലീ ഇറ്റാലിയനിലേക്ക് മൊഴിമാറ്റിയ ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും ഞാന്‍ അദ്ദേഹത്തിന് സമ്മാനിച്ചിരുന്നു. ആ കൃതി പ്രത്യേകം സൂക്ഷിച്ചുവെക്കാന്‍ കര്‍ദിനാള്‍ക്ക് നിര്‍ദേശം കൊടുക്കുന്നതും ഞാന്‍ കേട്ടു. ഇസ്‌ലാമോഫോബിയക്കെതിരെ സ്വീകരിക്കുന്ന ശക്തമായ നിലപാടുകളുടെ പേരില്‍ അദ്ദേഹത്തെ അഭിനന്ദിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തി. ഇതുപോലെ ഇംഗ്ലണ്ടിലെ ആംഗ്ലിക്കന്‍ ചര്‍ച്ച് ഭാരവാഹികളുമായും ധാരാളമായി സംവദിക്കാന്‍ അവസരങ്ങളുണ്ടായിട്ടുണ്ട്.
ക്രൈസ്തവ സഹോദരങ്ങളുമായുള്ള എന്റെ സൗഹൃദം വളരെ ചെറുപ്പത്തില്‍ തുടങ്ങിയതാണ്. എന്റെ പിതാവ് തുണിക്കച്ചവടക്കാരനായിരുന്നു. കടയില്‍ തുണിയെടുക്കാന്‍ വരുന്നവരില്‍ ഭൂരിഭാഗവും മലബാറിലെ മലയോര മേഖലകളിലെ ക്രിസ്ത്യാനികളായിരുന്നു. കടമായിട്ടാണ് പലപ്പോഴും തുണി വാങ്ങുക. പറഞ്ഞ സമയത്ത് തന്നെ പണം എത്തിച്ചുതരികയും ചെയ്യും. അവരൊക്കെ ഇടക്കിടെ വീട്ടിലും വരുമായിരുന്നു. പിതാവ് അവരുമായി പല കാര്യങ്ങളും ചര്‍ച്ച ചെയ്യും. ഇതൊക്കെ കണ്ടും കേട്ടുമാണ് ഞാന്‍ വളര്‍ന്നത്. കേരളത്തിന്റെ മറ്റിടങ്ങളിലും ഇങ്ങനെത്തന്നെയാണ് ക്രിസ്ത്യന്‍-മുസ്‌ലിം ബന്ധങ്ങള്‍. കുവൈത്തിലെ വത്തിക്കാന്‍ പ്രതിനിധിയായിരുന്ന ജോസഫ് ആന്‍ഡ്രിയ(1930-2016)യുമായി 2002-2005 കാലത്ത് നടത്തിയ സുദീര്‍ഘമായ സംസാരങ്ങളും ആശയക്കൈമാറ്റങ്ങളും ഇത്തരുണത്തില്‍ ഓര്‍ത്തുപോവുകയാണ്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വളരെയധികം ബഹുമാനിച്ചിരുന്ന വ്യക്തിത്വം. വിദേശത്തെ ഔദ്യോഗിക പദവികളില്‍നിന്ന് വിരമിച്ച് വത്തിക്കാനില്‍ തിരിച്ചെത്തിയപ്പോഴും അദ്ദേഹവുമായുള്ള ഹൃദ്യമായ ബന്ധങ്ങള്‍ തുടര്‍ന്നു. ഒരു മകനെപ്പോലെ ആ വന്ദ്യവയോധികന്‍ എന്നെ കണ്ടു. അദ്ദേഹം അടിയുറച്ച കത്തോലിക്കാ വിശ്വാസിയായിരുന്നു. പക്ഷേ ഇസ്‌ലാമിന്റെ നന്മകളെ അംഗീകരിക്കാന്‍ അദ്ദേഹത്തിന് ഒരു വൈമനസ്യവുമുണ്ടായിരുന്നില്ല.
ഇങ്ങനെ എല്ലാ അര്‍ഥത്തിലും മാനവികതയും സംവാദ സംസ്‌കാരവും കത്തോലിക്കാ ചര്‍ച്ച് ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സന്ദര്‍ഭത്തിലാണ് ദൗര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമോഫോബിയ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത്, ഒരു വിഭാഗം കത്തോലിക്കാ മതമേലധ്യക്ഷന്മാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് വിനാശകരവും ആത്മഹത്യാപരവുമാണ്, മതപ്രമാണമായിത്തന്നെ കത്തോലിക്കാ ചര്‍ച്ച് അംഗീകരിച്ച മാനവിക കാഴ്ചപ്പാടിന് വിരുദ്ധവുമാണ്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (16-20)
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രബോധനത്തില്‍നിന്ന് ഒളിച്ചോടുന്നവനല്ല മുസ്‌ലിം
ഹാഫിസ് ബശീര്‍ ഈരാറ്റുപേട്ട