Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 27

3215

1443 മുഹര്‍റം 18

ഈ പുസ്തകം വായിച്ച് പുസ്തകങ്ങളെ പരിചയപ്പെടാം

ബഷീര്‍ തൃപ്പനച്ചി

ഓരോ പുസ്തകവും ഒരു അനുഭവപ്രപഞ്ചമാണ്. അത്തരം ആശയ പ്രപഞ്ചങ്ങളിലൂടെയുള്ള വായനാ സഞ്ചാരമാണ് മെഹദ് മഖ്ബൂലിന്റെ 'ആയതിനാല്‍ അവസാനത്തെ മനുഷ്യന്‍ ഒറ്റക്കാവില്ല' എന്ന പുസ്തകം. ഒട്ടനേകം പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന ഒരു പുസ്തകം.  വായന  എങ്ങനെയെല്ലാം മനുഷ്യനെ മാറ്റിപ്പണിയുമെന്ന് ഈ പുസ്തകം വായിച്ചു കഴിയുമ്പോള്‍ നമുക്ക് മനസ്സിലാകും. വായന ജീവിതത്തിന്റെ ഭാഗമായവര്‍ക്ക് അതിന്റെ രസം നുകരാനും അത് ഒരു ശീലമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് പ്രചോദനമേകാനും നൂറ് പേജ് മാത്രമുള്ള ഈ പുസ്തകം ഉപകരിക്കും.
ആര്‍ക്കും ഒറ്റയിരിപ്പില്‍ വായിക്കാവുന്ന പുസ്തകമാണിത്. വലിച്ചുനീട്ടാതെ ഒന്നോ രണ്ടോ പേജില്‍ ഒതുങ്ങുന്ന കുറിയ എഴുത്തുകള്‍  മഖ്ബൂല്‍ രചനകളുടെ സവിശേഷതയാണ്. രണ്ട് പേജിലൊതുങ്ങുന്ന, ഒരു പുസ്തകത്തിന്റെ ഉള്ളടക്കത്തിലൂടെയുള്ള  കൊച്ചുയാത്രയില്‍ മറ്റു ഒട്ടനേകം എഴുത്തുകാരും അവരുടെ പുസ്തകങ്ങളും വരികള്‍ക്കിടയിലൂടെ നമ്മളെ അനുഗമിക്കും. ഒടുവില്‍ ഒരു പുസ്തകത്തില്‍നിന്ന് ഒട്ടനേകം പുസ്തങ്ങളിലേക്കുള്ള യാത്രയായത് മാറും.
വായനയുടെ അനുഭൂതി പകരുന്ന പുസ്തകങ്ങള്‍ക്കൊപ്പം നമ്മളെ അസ്വസ്ഥമാക്കുന്ന  എഴുത്തിന്റെ മറ്റൊരു ലോകവും പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നുണ്ട്. നിരന്തരമായ യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വിധേയമായ അഫ്ഗാനിസ്താന്‍, സിറിയ, ഇറാഖ്, ഫലസ്ത്വീന്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ നിസ്സഹായരായ മനുഷ്യരുടെ ജീവിതം രേഖപ്പെടുത്തുന്ന രചനകളാണത്. ജനിച്ചുവളര്‍ന്ന നാടുകളില്‍നിന്ന് നിര്‍ബന്ധിതരായി  പലായനം ചെയ്യേണ്ടി വരുന്നവരുടെ ജീവിതാനുഭവങ്ങള്‍  ശ്വാസമടക്കിപ്പിടിച്ചേ വായിക്കാനാകൂ. മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂല്‍പ്പാലമായ കടല്‍പാതകളിലൂടെ അത്തരം അതിജീവന യാത്രകള്‍ നടത്തിയവര്‍ എഴുതിയ നോവലുകളും ജീവചരിത്രങ്ങളും അടയാളപ്പെടുത്തുന്നുണ്ടിതില്‍. ആ ജീവിതാക്ഷരങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമ്മുടെ കാലത്ത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന മനുഷ്യജീവിതമാണല്ലോ  ഇതെന്നോര്‍ത്ത് ചകിതരായിപ്പോകും.
രാജ്യത്തിനകത്ത് രണ്ടാംതരം പൗരന്മാരെ സൃഷ്ടിക്കുന്ന ഇന്ത്യന്‍ ഫാഷിസത്തിന്റെ വര്‍ത്തമാന ചിത്രങ്ങള്‍ പങ്കുവെക്കുന്ന പുസ്തകങ്ങളും കശ്മീര്‍ എന്ന ഭരണകൂട വേട്ടയുടെ തുറന്ന ജയിലില്‍നിന്നുള്ള പൊള്ളുന്ന അനുഭവമെഴുത്തുകളും   പരിചയപ്പെടുത്തുന്നു ഈ പുസ്തകത്തില്‍. കശ്മീരിയായ ഫെറോസ് റാത്തറിന്റെ ദ നൈറ്റ് ഓഫ് ബ്രോക്കണ്‍ ഗ്ലാസ്, സിയാഉസ്സലാമിന്റെ ലിഞ്ച് ഫയല്‍സ്, സ്‌കൈ ബാബയുടെ വെജിറ്റേറിയന്‍സ് ഒണ്‍ലി എന്നിവ ഇതില്‍ ചിലതാണ്. ഇവക്കൊപ്പം നോവലുകള്‍, കഥകള്‍ കവിതകള്‍, സഞ്ചാരം, പൊളിറ്റിക്‌സ് തുടങ്ങിയവ പ്രമേയമായി വരുന്ന ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പഴയതും പുതിയതുമായ ഒട്ടേറെ രചനകള്‍ മുഖ്യപുസ്തക പരിചയങ്ങളായും അവയിലെ  വരികള്‍ക്കിടയിലായും യഥേഷ്ടം കടന്നുവരുന്നുണ്ട്. മിനിറ്റുകള്‍ കൊണ്ട് വായിച്ചുതീര്‍ക്കാവുന്ന ഒന്നോ രണ്ടോ പേജിലൂടെയുള്ള ഒരു എഴുത്തില്‍ ഇക്കാലത്ത് വായിച്ചിരിക്കേണ്ട ഒന്നിലേറെ പുസ്തകങ്ങളെയും എഴുത്തുകാരെയും നമുക്ക് പരിചയപ്പെടാമെന്നതു തന്നെയാണ് ഈ പുസ്തകത്തിന്റെ മുഖ്യസവിശേഷത.   ആയതിനാല്‍ ഈ കാലത്തെ പുസ്തകങ്ങളെയും വായനകളെയും  പരിചയപ്പെടാന്‍ നമുക്കീ പുസ്തകം വായിക്കാം.
പ്രസാധനം: കൂര ബുക്‌സ്
പേജ്: 100, വില 100  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (01-03)
ടി.കെ ഉബൈദ്‌

ഹദീസ്‌

നാടുമാറ്റമല്ല, നിലപാടുമാറ്റമാണ് ഹിജ്‌റ
അബ്ദുല്ലത്വീഫ് കൊടുവള്ളി