Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 27

3215

1443 മുഹര്‍റം 18

ഖുര്‍ആനില്‍ അശ്ലീല സ്ത്രീവര്‍ണനകളോ?

അബ്ദുല്‍ അസീസ് പൊന്മുണ്ടം

സ്വര്‍ഗവര്‍ണനയെന്ന പേരില്‍ ഖുര്‍ആന്‍ അശ്ലീലം പറയുന്നു, സ്ത്രീ ശരീരത്തെ വര്‍ണിച്ചുകൊണ്ട് പുരുഷന്മാരില്‍ കാമാവേശമുണ്ടാക്കുന്നു എന്ന വിമര്‍ശനം നാസ്തികര്‍ ഉയര്‍ത്താറുണ്ട്. ഖുര്‍ആനിലെ ഹൂറുല്‍ ഈനുകളെ സംബന്ധിച്ച പരാമര്‍ശങ്ങളെ, വിശിഷ്യാ, 'സ്തനം തുടിച്ച സമപ്രായക്കാരായ തരുണികള്‍' എന്ന് പൊതുവെ അര്‍ഥം പറയാറുള്ള സൂറഃ അന്നബഅ് 33-ാം സൂക്തത്തിലെ 'വകവാഇബ അത്‌റാബ' എന്ന പ്രയോഗത്തെ പ്രതിയാണ് ഈ വാദം ഉന്നയിക്കാറുള്ളത്. സ്ത്രീശരീരത്തെയല്ല ഖുര്‍ആനിവിടെ വര്‍ണിച്ചിട്ടുള്ളത്. ദൈവഭക്തരായ പുരുഷന്മാര്‍ക്ക് സ്വര്‍ഗത്തില്‍ ഇണകളാക്കി നല്‍കപ്പെടുന്ന കന്യകകളുടെ പ്രകൃതത്തെയും അവരുടെ ആയുസ്സിലെ ഏറ്റവും സുന്ദരമായ ഘട്ടത്തിന്റെ പ്രത്യേകതകളെയുമാണ്. അതിലാകട്ടെ വിമര്‍ശകര്‍ ആരോപിക്കുന്ന പ്രശ്‌നങ്ങളൊന്നും ഇല്ല താനും. പരാമൃഷ്ട സൂക്തവും അനുബന്ധ സൂക്തങ്ങളും ഖുര്‍ആനില്‍ ഇങ്ങനെ വായിക്കാം: ''സുക്ഷ്മത പുലര്‍ത്തി ജീവിച്ചവര്‍ക്ക് അവിടെ വിജയമുണ്ട്. ഉദ്യാനങ്ങളും മുന്തിരിത്തോട്ടങ്ങളുമുണ്ട്. യുവത്വം തികഞ്ഞ സമപ്രായക്കാരായ ഇണകളുണ്ട്. നിറഞ്ഞ ചഷകങ്ങളുണ്ട്.''
ഈ സൂക്തസമുച്ചയത്തിലെ 'കവാഇബ അത്‌റാബ' എന്ന പ്രയോഗത്തെയാണ് 'യുവത്വം തികഞ്ഞ  സമപ്രായക്കാരികള്‍' എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഉയര്‍ന്ന മാറിടമുള്ള സമപ്രായക്കാരികള്‍ എന്നാണ് ഭാഷാപരമായി നേര്‍ക്കു നേരെയുള്ള അര്‍ഥം. നാസ്തികരെ ഈ വാക്കുകള്‍ ഇക്കിളിപ്പെടുത്തുന്നുണ്ടെങ്കില്‍ അത് അവര്‍ അതിന്റെ ബാഹ്യാര്‍ഥം മാത്രം നോക്കുന്നതുകൊണ്ടാണ്. യഥാര്‍ഥത്തില്‍ തികഞ്ഞ യുവത്വത്തിന്റെ പ്രസരിപ്പിനെയും സൗന്ദര്യത്തെയുമാണ് ആ വാക്കുകള്‍ ദ്യോതിപ്പിക്കുന്നത്. ഈ വര്‍ണനയില്‍ അശ്ലീലതയോ മറ്റുതരത്തിലുള്ള പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ വിമര്‍ശനാത്മകമായ അത്തരം അഭിപ്രായങ്ങള്‍ പറയേണ്ടത് ഏതെങ്കിലും സാധാരണക്കാരല്ല, സാഹിത്യ നിരൂപകരാണ്. കേരളത്തിലെ തലയെടുപ്പുള്ള നിരവധി സാഹിത്യകാരന്മാരും സാഹിത്യ നിരൂപകന്മാരും വിശുദ്ധ ഖുര്‍ആന്‍ വായിച്ചിട്ടുണ്ട്. ഏത് അശ്ലീലതകളെയും ആഭാസത്തരങ്ങളെയും ഭൗതികവാദത്തിന്റെ അടിസ്ഥാനത്തില്‍ ന്യായീകരിക്കാറുള്ള നാസ്തികര്‍ ഖുര്‍ആനില്‍ ദര്‍ശിച്ച അശ്ലീലത പക്ഷേ, ആ സാഹിത്യ നിരൂപകര്‍ക്കൊന്നും അതില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല എന്നത് ചിന്തനീയമാണ്.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ നോവലാണല്ലോ കെ.പി രാമനുണ്ണിയുടെ 'ദൈവത്തിന്റെ പുസ്തകം.' തന്റെ രചനക്കു വേണ്ടി സസൂക്ഷ്മം ഖുര്‍ആന്‍ വായിച്ചിട്ട് രാമനുണ്ണി അതിലെവിടെയും പരിധിവിട്ട സ്ത്രീവര്‍ണന കണ്ടെത്തിയിട്ടില്ല. കെ.ജി രാഘവന്‍ നായര്‍ തയാറാക്കിയ 'അമൃതവാണി' വായിച്ചിട്ടുള്ളവരാണ് മലയാളികളില്‍ പലരും. ഖുര്‍ആനിലെ ഹൂറി വര്‍ണനക്ക് കാവ്യാവിഷ്‌കാരം നല്‍കിയപ്പോള്‍ പ്രതിഭാധനനായ കെ.ജി  രാഘവന്‍ നായര്‍ക്ക് അതിലെ സ്ത്രീവര്‍ണനകളില്‍ ഒരു അസാധാരണത്വവും അനുഭവപ്പെട്ടിട്ടില്ല. ഖുര്‍ആനിലെ സ്ത്രീവര്‍ണന 'അതിരുവിട്ടു'പോയി എന്ന് അദ്ദേഹം പറഞ്ഞതായി കേട്ടുകേള്‍വി പോലുമില്ല. 'യൗവനം തുള്ളിത്തുടിക്കുന്ന തുല്യരാം മൈക്കണ്ണിമാരെയും നല്‍കുന്നെഥേഷ്ടമായ്' എന്നാണ് രാഘവന്‍ നായരുടെ പരിഭാഷ.
അറബിയില്‍ ഭാഷാപരമായി 'ഹാഇള്' എന്നാല്‍ ഋതുരക്തമുള്ളവള്‍/ ആര്‍ത്തവകാരി എന്നാണര്‍ഥം. അതേസമയം, പ്രായപൂര്‍ത്തിയായവള്‍, കുട്ടിപ്രായം വിട്ടവള്‍, മുതിര്‍ന്നവള്‍, പക്വതയെത്തിയവള്‍ എന്നിങ്ങനെയുള്ള അര്‍ഥങ്ങളില്‍ ഈ പദം പ്രയോഗിക്കുക സാധാരണമാണു താനും. ഒരിക്കല്‍ പോലും ആര്‍ത്തവം ഉണ്ടായിട്ടില്ലെങ്കിലും, ആര്‍ത്തവകാരിയല്ലെങ്കിലും പ്രായപൂര്‍ത്തിയായവളെ ഉദ്ദേശിച്ച് ഈ പദം ഉപയോഗിക്കാം. ഹദീസുകളില്‍ തന്നെ അവ്വിധം വന്നിട്ടുണ്ട്. ആഇശ(റ)യില്‍നിന്ന് ഇമാം അബൂദാവൂദ് ഉദ്ധരിച്ച ''മുഖമക്കന/ മൂടുപടം ഇല്ലാതെ 'ഹാഇളി'ന്റെ നമസ്‌കാരം അല്ലാഹു സ്വീകരിക്കില്ല'' എന്ന നബിവചനം ഉദാഹരണം. ആര്‍ത്തവ സമയത്ത് നമസ്‌കാരം സ്വീകാര്യമാകില്ലെന്നു മാത്രമല്ല അത് നിഷിദ്ധം കൂടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ. ആര്‍ത്തവവുമായി നേര്‍ക്കുനേരെ ബന്ധമില്ലാതിരുന്നിട്ടും, ആര്‍ത്തവകാരി എന്നര്‍ഥമുള്ള 'ഹാഇള്' എന്ന പദമാണിവിടെ ഉപയോഗിച്ചിരിക്കുന്നത്. മുതിര്‍ന്ന/ പ്രായപൂര്‍ത്തിയായ സ്ത്രീ എന്ന് മാത്രമാണ് ഇവിടെ അതിന് അര്‍ഥം.
ഇതുപോലെത്തന്നെയാണ് വിശുദ്ധ ഖുര്‍ആനിലെ 'കവാഇബ്' എന്ന പ്രയോഗവും. സ്ത്രീകളുടെ വയസ്സിലെ ഒരു പ്രത്യേക ഘട്ടത്തെ -സുന്ദര യൗവനത്തിന്റെ തുടക്കത്തെ/ പ്രധാന ഘട്ടത്തെ- ഉദ്ദേശിച്ചുകൊണ്ട് പ്രയോഗിക്കാറുള്ള പദമാണത്. സ്തനം തുടിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ആ പ്രായത്തിലുള്ള സ്ത്രീകളെ ഉദ്ദേശിച്ച് കവാഇബ് എന്ന് പ്രയോഗിക്കും. ഉദ്ധൃത ഹദീസില്‍ 'ഹാഇളി'ന്റെ ഭാഷാര്‍ഥം മാത്രം പരിഗണിക്കുന്നത് എത്രത്തോളം അബദ്ധമായിരിക്കുമോ അതുപോലെത്തന്നെ അബദ്ധമായിരിക്കും ഖുര്‍ആനിലെ 78:33-ലെ 'കവാഇബി'നെ അതിന്റെ ഭാഷാര്‍ഥത്തില്‍ മാത്രം കാണുന്നതും വിശദീകരിക്കുന്നതും. ലിബാസ്, സകന്, ലംസ്, ഹര്‍ഥ് തുടങ്ങിയ പദങ്ങളെപ്പോലെ കവാഇബും വിശുദ്ധ ഖുര്‍ആന്‍ ആലങ്കാരികാര്‍ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. ഈ വസ്തുത മനസ്സിലാക്കാതെ, 'കാഇബി'നെ ഭാഷാര്‍ഥത്തില്‍ മാത്രം വായിക്കാന്‍ ശ്രമിച്ചാല്‍ അതുള്‍ക്കൊള്ളുന്ന ശരിയായ ആശയം ഗ്രഹിക്കാനാവില്ല. നാസ്തികരായ ഖുര്‍ആന്‍ വിമര്‍ശകര്‍ക്ക് സംഭവിച്ചതും അതുതന്നെ.
സ്തനങ്ങള്‍ തുടിച്ച, പ്രായാധിക്യം ബാധിച്ച് സ്തനം ഒടിഞ്ഞുതൂങ്ങിയിട്ടില്ലാത്ത സുന്ദരിയായ സ്ത്രീ എന്നതാണ് 'കാഇബ്' എന്നതിന്റെ ഭാഷാര്‍ഥം (ലിസാനുല്‍ അറബ് 1/179, ഖാമൂസുല്‍ മുഹീത്വ് 131). അതേസമയം, യൗവനം പ്രാപിച്ചവള്‍, യുവത്വത്തില്‍ നിലകൊള്ളുന്നവള്‍, യുവത്വത്തിന്റെ പ്രൈമിലുള്ള പെണ്‍കുട്ടി, കരുത്തും ചടുലതയും അങ്ങേയറ്റത്തെ സൗന്ദര്യവുമുള്ള യുവതി എന്നിങ്ങനെയുള്ള അര്‍ഥങ്ങളിലും ഈ പദം സാധാരണയായി അറബി ഭാഷയില്‍ പ്രയോഗിക്കാറുണ്ട്. ഖുര്‍ആന്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്നതും പൊതുവായ ഈ അര്‍ഥങ്ങളില്‍ തന്നെ. സ്വര്‍ഗസ്ത്രീകളുടെ പ്രകൃതം വര്‍ണിക്കുക എന്നതിലുപരി സ്ത്രീകളുടെ ആകാര വടിവോ മാറിടത്തിന്റെ അളവോ തുടിപ്പോ വിവരിക്കലും പുരുഷന്മാരുടെ നൈമിഷിക വികാരങ്ങളെ ഉദ്ദീപിപ്പിക്കലും ഖുര്‍ആന്റെ ഉദ്ദേശ്യമേയല്ല. പൗരാണികരും ആധുനികരുമായ ഭാഷാപണ്ഡിതന്മാരും ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഇബ്‌നു അബ്ബാസ് (റ) പറഞ്ഞതായി ഇമാം ത്വബ്‌രി ഉദ്ധരിക്കുന്നു: 'കവാഇബ അത്‌റാബ' എന്നാല്‍ 'അന്നിസാഉല്‍ മുസ്തവയാത്ത് ' (സമപ്രായക്കാരായ സ്ത്രീകള്‍) എന്നാണര്‍ഥം. ഇമാം മാവര്‍ദി 'അല്‍അദാരി' (കന്യക) എന്നാണ് 'കവാഇബ'ക്ക് അര്‍ഥം നല്‍കിയിരിക്കുന്നത് (അന്നുക്തു വല്‍ ഉയൂന്‍ 6/188). ഇമാം സുയൂത്വി താബിഈ പണ്ഡിതനായ ഇമാം ളഹ്ഹാഖില്‍നിന്നും ഇതേ അഭിപ്രായം ഉദ്ധരിച്ചിട്ടുണ്ട് (അദ്ദുര്‍റുല്‍ മന്‍സൂര്‍ 8/398). അറിയപ്പെട്ട ഭാഷാപണ്ഡിതനായ സുജാജിന്റെ വിവരണം, 'അവര്‍ സമപ്രായക്കാരികളായിരിക്കും. സൗന്ദര്യത്തിന്റെയും യുവത്വത്തിന്റെയും മൂര്‍ത്തീമദ്ഭാവവും' എന്നാണ് (മആനീ അല്‍ഖുര്‍ആന്‍ 4/338).
ഇമാം ഇബ്‌നു ആശൂര്‍ പറയുന്നത് കാണുക: 'കവാഇബ് എന്നത് കാഇബിന്റെ ബഹുവചനമാണ്. പതിനഞ്ചോ അതിനോടടുത്തതോ ആയ വയസ്സെത്തിയ പെണ്‍കുട്ടികളാണ് അതുകൊണ്ട് ഉദ്ദേശിക്കപ്പെടുക. സ്തനം തുടിച്ചവള്‍, വിവാഹപ്രായമായവള്‍ എന്ന അര്‍ഥത്തില്‍ 'കാഇബ്' എന്ന് അവളെ വിളിക്കും' (അത്തഹ്‌രീറു വത്തന്‍വീര്‍ 44/30). പ്രമുഖ അറബി സാഹിത്യകാരനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ശൈഖ് അലി ത്വന്‍ത്വാവി എഴുതുന്നു: 'കവാഇബ അത്‌റാബ എന്നാല്‍ യുവത്വത്തിന്റെ പ്രൈമിലുള്ള പെണ്‍കുട്ടികള്‍ എന്നാണര്‍ഥം. അവരുടെ പ്രായം അടുത്തടുത്തായിരിക്കും. സൗന്ദര്യം, പുതുമ, ഭംഗി എന്നിവയില്‍ തുല്യരും. 'കവാഇബ്' 'കഅബി'ന്റെ ബഹുവചനമാണ്. പ്രായപൂര്‍ത്തിയാകുന്ന ഘട്ടത്തിലെത്തിയ പെണ്‍കുട്ടിയാണത്. ആ പ്രായത്തില്‍ അവളുടെ സ്തനങ്ങള്‍ തുടിച്ചുവരുന്നതിനാല്‍ അവര്‍ അങ്ങനെ അറിയപ്പെടുന്നു' (തഫ്‌സീറുല്‍ വസ്വീത്). 'പ്രായത്തിനൊത്ത സൗന്ദര്യവുമുള്ള തരുണീമണികള്‍' എന്നാണ് സയ്യിദ് ഖുത്വ്ബ് നല്‍കിയ അര്‍ഥം (ഫീ ളിലാലില്‍ ഖുര്‍ആന്‍).
'കവാഇബി'ന്റെ ഭാഷാപരവും സാങ്കേതികവും ആലങ്കാരികവുമായ അര്‍ഥതലങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ആധുനിക പണ്ഡിതനായ ശൈഖ് സ്വാലിഹ് അല്‍ മുനജ്ജിദ് എഴുതുന്നു: 'സ്ത്രീയുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗമല്ല 'കവാഇബ്'. ഒരു പെണ്‍കുട്ടിയിലെ സ്ത്രീത്വത്തിന്റെ അടയാളങ്ങള്‍, അവളുടെ ചെറുപ്പത്തിന്റെ സൂചന, അവളുടെ യൗവനകാല പുതുമ എന്നിവയെ കുറിക്കുന്ന വിശേഷണമാണത്. ഈ പ്രായത്തിലുള്ള പെണ്‍കുട്ടി അവളുടെ സ്ത്രീത്വത്തിന്റെ അടയാളങ്ങള്‍ കാണിക്കാന്‍ തുടങ്ങും. പുരുഷന്മാര്‍ക്ക് അവളുമായി ബന്ധപ്പെടാന്‍ കഴിയും. കവാഇബ് എന്ന വാക്കുകൊണ്ട് സ്തനത്തിന്റെ ഒരു പ്രത്യേക വലുപ്പത്തെ പരാമര്‍ശിക്കലോ അതിന്റെ ആകൃതി വിവരിക്കലോ ഉദ്ദേശ്യമല്ല. മറിച്ച്, യുവത്വത്തിന്റെ പ്രായവും ജീവിതത്തിന്റെ പുതുമയും ഊന്നിപ്പറയുക എന്നതാണ്... സ്ത്രീയുടെ പാതിവൃത്യത്തെയും ആദരണീയതയെയും പരാമര്‍ശിക്കുന്ന സന്ദര്‍ഭങ്ങളിലാണ് അറബികള്‍ ഗദ്യത്തിലും പദ്യത്തിലും 'കവാഇബ്' എന്ന വിശേഷണം ഉപയോഗിക്കാറുള്ളത്. അല്ലാതെ ആകാരവര്‍ണനകളുടെ  പശ്ചാത്തലത്തില്‍ കാമത്തെയും ആനന്ദത്തെയും ഉദ്ദീപിപ്പിക്കുന്നതിനു വേണ്ടിയല്ല. ഒരു അറബി കവി ഏതെങ്കിലുമൊരു പെണ്‍കുട്ടിയെ 'കഅബ്' എന്ന് വിശേഷിപ്പിക്കുമ്പോള്‍, അദ്ദേഹം അവളുടെ സ്തനങ്ങള്‍ നോക്കുകയോ അതിന്റെ വലുപ്പം, ആകൃതി അല്ലെങ്കില്‍ തൂങ്ങിയുള്ള കിടപ്പ് എന്നിവ കാണുകയോ ചെയ്യുന്നില്ലല്ലോ. അതേസമയം ഇത് യുവത്വത്തിന്റെ ചെറുപ്പത്തില്‍ നില്‍ക്കുന്ന ഓരോ സ്ത്രീക്കും ബാധകമായ വിവരണമാണ്. മാത്രമല്ല കവിതയിലെ ഏറ്റവും സൂക്ഷ്മവും മാന്യവും പതംവരുത്തിയതുമായ പ്രയോഗവും' (ഫത്‌വാ നമ്പര്‍ 193409, www.islamqa.com).
വസ്തുത ഇതായിരിക്കെ വിശുദ്ധ ഖുര്‍ആനിലെ 'വകവാഇബ അത്‌റാബ' എന്ന സൂക്തത്തിന്, യൗവനം പ്രാപിച്ച സമപ്രായക്കാരായ പെണ്‍കുട്ടികള്‍, യുവത്വത്തിന്റെ പ്രൈമിലുള്ള വയസ്സൊത്ത പെണ്‍കൊടികള്‍, കരുത്തും ചടുലതയും അങ്ങേയറ്റത്തെ സൗന്ദര്യവുമുള്ള തുല്യവയസ്‌കരായ യുവതികള്‍ എന്നൊക്കെയാണ് എറ്റവും അനുയോജ്യമായ മലയാള പരിഭാഷ. ഇംഗ്ലീഷിലാണെങ്കില്‍ Companions of equal age, buxom maidens of matching age എന്നിങ്ങനെയും. ഇതിലപ്പുറം ഏതെങ്കിലും ഖുര്‍ആന്‍ വ്യാഖ്യാന കൃതികളിലോ പരിഭാഷകളിലോ, സ്തനം തുടിച്ച തരുണികള്‍, തുടുത്ത മാറിടമുള്ളവള്‍, maidens with swelling breasts, maidens with pears-shaped breasts എന്നിങ്ങനെ അര്‍ഥം നല്‍കിയിട്ടുണ്ടെങ്കില്‍ അത്, പ്രസ്തുത പദങ്ങളുടെ ഭാഷാര്‍ഥം മാത്രം പരിഗണിച്ചുകൊണ്ടുള്ളതോ ഒറ്റവാക്കില്‍ ഒതുക്കാന്‍ കഴിയാത്ത ഭാഷാപരമായ പരിമിതിയുടെ ഭാഗമോ ആയിരിക്കാനാണ് സാധ്യത. അതത്ര സൂക്ഷ്മമോ ഖുര്‍ആന്റെ പ്രയോഗത്തോട് പൂര്‍ണമായും നീതിപുലര്‍ത്തുന്നതോ അതിന്റെ സാഹിത്യസൗന്ദര്യം ആവാഹിച്ചതോ അല്ല. കൂടാതെ, വിശദീകരണത്തിന്റെ അഭാവത്തില്‍ തെറ്റിദ്ധാരണകള്‍ക്ക് ഇടവരുത്തുന്നതാണു താനും. അതിനാല്‍തന്നെ അത്തരം പരിഭാഷകളെ പ്രതി ഖുര്‍ആന്റെ മേല്‍ അശ്ലീലതയും സ്ത്രീശരീര വര്‍ണനയും ആരോപിക്കുന്നത് സത്യസന്ധമായ രീതിയല്ല.
സ്വര്‍ഗസ്ത്രീകളെക്കുറിച്ച ഖുര്‍ആന്റെ മറ്റു വര്‍ണനകള്‍ ഇവയാണ്: ''മനുഷ്യന്റെയോ ജിന്നിന്റെയോ സ്പര്‍ശമേല്‍ക്കാത്ത സുന്ദരികളായ തരുണികള്‍. മാണിക്യവും പവിഴമുത്തും പോലുള്ള മനോഹാരികള്‍'' (55: 56-58), ''അന്തഃപുരങ്ങളില്‍ ഒതുങ്ങിക്കഴിയുന്നവരും മനുഷ്യന്റെയോ ജിന്നിന്റെയോ സ്പര്‍ശമേല്‍ക്കാത്തവരുമായ വിശാലാക്ഷികളായ സുന്ദരികള്‍'' (55: 70-72 ), ''വിശുദ്ധ കന്യകമാര്‍. പ്രേമഭാജനങ്ങള്‍. യുവത്വം തുളുമ്പുന്നവര്‍'' (56: 22,23), ''കാത്തുസൂക്ഷിച്ച പവിഴ മുത്തു പോലെ മനോഹാരികളായ തരുണികള്‍'' (56: 35-37 ), ''പട്ടുടയാടകളും കസവു വസ്ത്രങ്ങളുമണിഞ്ഞ വിശാലാക്ഷികളായ ഇണകള്‍'' (44: 53-55, 52: 20).
ഖുര്‍ആനില്‍ സ്വര്‍ഗീയ സ്ത്രീകളെക്കുറിച്ച് പറയുന്ന ഈ സൂക്തങ്ങളില്‍ ഏതിലാണ് അശ്ലീലമുള്ളത്? എവിടെയാണ് സഭ്യേതരമായ പരാമര്‍ശവും സ്ത്രീശരീര വര്‍ണനയും കടന്നുവരുന്നത്? എവിടെയാണ് പുരുഷനില്‍ കാമഭ്രാന്ത് ഇളക്കിവിടുന്ന അതിവര്‍ണനയുള്ളത്? യുവസുന്ദരികള്‍, തരുണികള്‍, കന്യകകള്‍, വിശാലാക്ഷികള്‍, മുത്ത്, പവിഴം, മാണിക്യം, പ്രേമഭാജനം, മധുരഭാഷികള്‍ തുടങ്ങിയ വാക്കുകളാണോ അശ്ലീലവും അസഭ്യവും?! ആണെങ്കില്‍ സ്ത്രീകളെ മിതമായും മാന്യമായും സാഹിതീയമായും വര്‍ണിക്കാന്‍ പറ്റുന്ന ഇതിനേക്കാള്‍ ഉദാത്തമായ അറബി വാക്കുകള്‍ നാസ്തികരുടെ ഡിക്ഷ്ണറിയില്‍ ഏതാണുള്ളത്?! അങ്ങനെയൊന്നുണ്ടെങ്കില്‍ അതവര്‍ ഹാജരാക്കട്ടെ!
മനുഷ്യന് അവന്റെ ആത്യന്തിക വിജയത്തിലേക്കുള്ള വഴി കാണിച്ചുകൊടുക്കുന്ന ദൈവിക ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. നേര്‍മാര്‍ഗം പ്രാപിക്കുന്നതിന് സഹായകമാവുംവിധം സാരോപദേശങ്ങളും കഥാഖ്യാനങ്ങളും സംഭവവിവരണങ്ങളും ഉപമകളും ശുഭവാര്‍ത്തകളും താക്കീതുകളും താത്ത്വിക വിശകലനങ്ങളുമെല്ലാം ഖുര്‍ആനില്‍ മനോഹരമായി വിന്യസിക്കപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ സ്വാഭാവികമായും സ്വര്‍ഗ-നരകങ്ങളെക്കുറിച്ച പരാമര്‍ശങ്ങളുമുണ്ട്. സ്വര്‍ഗീയാനുഗ്രഹങ്ങള്‍ വര്‍ണിക്കുന്നതിനിടക്ക് സ്വര്‍ഗീയ തരുണികളെ പരാമര്‍ശിക്കേണ്ടി വന്നപ്പോഴെല്ലാം അല്ലാഹു അവരുടെ ശാരീരിക അഴകും വടിവും വര്‍ണിക്കാതെ, വിശുദ്ധിയും ലജ്ജാസ്വഭാവവും അതിവിശിഷ്ട സ്ത്രൈണ ഗുണങ്ങളും പ്രകൃതവും പ്രായവും എടുത്തുപറയുകയാണ് ചെയ്തിട്ടുള്ളത്. അതാകട്ടെ ഏതാനും സൂക്തങ്ങളില്‍ പരിമിതവും.
സ്ത്രീയെ മാറ്റിനിര്‍ത്തിയുള്ള കവിതകളോ  കഥകളോ നോവലുകളോ നാടകങ്ങളോ ഇല്ലാത്ത, സ്ത്രീ ഒരഭിവാജ്യ ഘടകമായ സാഹിത്യ ലോകത്ത്, ഏറ്റവും മാന്യവും ഉത്കൃഷ്ടവുമായ ശൈലിയും സമീപനവുമാണ് വിശുദ്ധ ഖുര്‍ആന്‍ കാഴ്ചവെച്ചിട്ടുള്ളത്. എല്ലാവിധ അശ്ലീലതകളില്‍നിന്നും പുരുഷനില്‍ ലൈംഗികാസക്തി ജനിപ്പിക്കുക, അവനെ കാമഭ്രാന്തനാക്കുക തുടങ്ങിയ ന്യൂനതകളില്‍നിന്നും മുക്തമാണ് അതിന്റെ സ്ത്രീവര്‍ണനകളും വിശകലനങ്ങളും. ധാര്‍മികതക്ക് സ്വന്തമായൊരു അടിസ്ഥാനമോ നിര്‍വചനമോ ഇല്ലാത്തവരും, അശ്ലീലതയെയോ ആഭാസത്തരത്തയോ കുറിച്ച് സംസാരിക്കാന്‍ ധാര്‍മികമായി യാതൊരാവകാശവുമില്ലാത്തവരുമാണ് നാസ്തികര്‍. എന്നിട്ടും അവര്‍, 'സ്വര്‍ഗവര്‍ണനയെന്ന പേരില്‍ ഖുര്‍ആന്‍ അശ്ലീലം പറയുന്നു, സ്ത്രീകളുടെ ശരീരത്തെത്തന്നെ വര്‍ണിച്ചുകൊണ്ട് പുരുഷന്മാരില്‍ കാമാവേശമുണ്ടാക്കുന്നു' എന്ന തരത്തിലുള്ള വിമര്‍ശനങ്ങളുമായി രംഗത്തിറങ്ങുന്നുണ്ടെങ്കില്‍ അതിനു കാരണം അവരുടെ ഇസ്‌ലാംവിരോധം മാത്രമല്ല, അറബി ഭാഷാപ്രയോഗങ്ങളുടെ സൗകുമാര്യത ആസ്വദിക്കാനുള്ള ബൗദ്ധിക ശേഷിക്കുറവു കൂടിയാണ്. അര്‍ഥശൂന്യമായ ഇത്തരം ആരോപണങ്ങള്‍ പലതും അറബേതര നാസ്തികരില്‍ ഒതുങ്ങിനില്‍ക്കാനുള്ള കാരണവും അതുതന്നെ.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (01-03)
ടി.കെ ഉബൈദ്‌

ഹദീസ്‌

നാടുമാറ്റമല്ല, നിലപാടുമാറ്റമാണ് ഹിജ്‌റ
അബ്ദുല്ലത്വീഫ് കൊടുവള്ളി