Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 27

3215

1443 മുഹര്‍റം 18

കൊട്ടാര ജാലവിദ്യക്കാര്‍

കെ.പി.എ റസാഖ് കൂട്ടിലങ്ങാടി

വിശുദ്ധ ഖുര്‍ആനില്‍ നിരവധി അധ്യായങ്ങളിലായി പ്രതിപാദിക്കുന്നുണ്ട് മൂസാ നബി(അ)യുടെ ചരിത്രം. സ്വേഛാധിപതിയും ക്രൂരനുമായ ഫറോവയോട് അല്ലാഹു തനിക്ക് നല്‍കിയ അമാനുഷിക ദൃഷ്ടാന്തങ്ങളുമായി പൊരുതുന്ന മൂസായുടെ ചരിത്രം സത്യവിശ്വാസികളെ ആവേശം കൊള്ളിക്കുന്ന സംഭവവികാസങ്ങളാല്‍ നിര്‍ഭരമാണ്. അക്കാലത്തെ ഇസ്‌ലാമിക സമൂഹമായ ഇസ്‌റാഈല്യര്‍ ഫറോവയുടെ ആട്ടും തുപ്പുമേറ്റ് വിറകുവെട്ടികളും വെള്ളംകോരികളുമായി അടിമകളായി ജീവിച്ചുകൊണ്ടിരിക്കുകയാണ്. ഫറോവയെ ഇസ്‌ലാമിന്റെ ശാദ്വലതീരങ്ങളിലേക്ക് ക്ഷണിക്കുകയും സ്വന്തം ജനതയായ ഇസ്രാഈല്യരെ അടിമത്തത്തില്‍നിന്ന് മോചിപ്പിക്കുകയുമായിരുന്നു അല്ലാഹു അദ്ദേഹത്തെ ഏല്‍പിച്ച പ്രധാന ദൗത്യം.
മൂസായുടെ ദൗത്യം തന്റെ അധികാരവും സിംഹാസനവും തട്ടിത്തെറിപ്പിക്കുമെന്ന് തിരിച്ചറിഞ്ഞ ഫറോവ തന്റെ ശക്തി മുഴുവന്‍ അതിനെ പരാജയപ്പെടുത്താനായി വിനിയോഗിക്കുകയാണ്. കൊട്ടാരത്തിലെ ആദ്യ കൂടിക്കാഴ്ചയില്‍ മൂസാ (അ) കാണിച്ച അമാനുഷിക ദൃഷ്ടാന്തങ്ങള്‍ കേവല ജാലവിദ്യകളാണെന്ന് അയാള്‍ തെറ്റിദ്ധരിച്ചു. അതിനെ നിഷ്പ്രയാസം മറികടക്കാമെന്നും രാജ്യനിവാസികള്‍ക്കു മുമ്പില്‍ മൂസായെ മലര്‍ത്തിയടിച്ച് തന്റേതായതെല്ലാം സംരക്ഷിച്ചു നിര്‍ത്താമെന്നും അയാള്‍ വ്യാമോഹിച്ചു.
മൂസായുമായി ഒരു മഹാമത്സരത്തെപ്പറ്റി രാജ്യമാകെ വിളംബരം ചെയ്തു. അഖില ഈജിപ്തിലെയും ഏറ്റവും പ്രഗത്ഭരായ ജാലവിദ്യക്കാരെ കൊണ്ടുവരാന്‍ കല്‍പനയിറക്കി. നിശ്ചിത ദിവസം മഹാമൈതാനിയില്‍ മൂസായും ജാലവിദ്യക്കാരും മുഖാമുഖം നില്‍ക്കുകയാണ്. വിജയിച്ചാല്‍ തങ്ങള്‍ക്കു വേണ്ട പ്രതിഫലങ്ങളെകുറിച്ച് ഫറോവയോട് വിലപേശുകയാണ് ജാലവിദ്യക്കാര്‍. ജയിച്ചാല്‍ രാജാവിനും രാജകിങ്കരന്മാര്‍ക്കും രാജ്യനിവാസികള്‍ക്കും മുമ്പില്‍ തങ്ങള്‍ വീരനായകരായി വാഴ്ത്തപ്പെടും. രാജാവില്‍നിന്ന് ലഭിക്കുന്ന സമ്മാനങ്ങള്‍ക്കും കണക്കുണ്ടാവില്ല. രാജകൊട്ടാരത്തിന്റെ കവാടങ്ങള്‍ തങ്ങള്‍ക്കായി എപ്പോഴും തുറന്നുകിടക്കും. സദസ്സില്‍ വി.ഐ.പി ലോഞ്ചുകളിലായിരിക്കും തങ്ങളുടെ സ്ഥാനം. ഫറോവയുടെ ഏറ്റവും അടുപ്പക്കാരില്‍ ഉള്‍പ്പെടുത്തുമെന്ന് ഫറോവ തന്നെ വാക്കു പറഞ്ഞതുമാണല്ലോ. ദുന്‍യാവാണ് വലുതെന്ന് കരുതുന്നവര്‍ക്ക് ഇതില്‍പരം മറ്റെന്ത് ആശിക്കാന്‍!
മത്സരം ആരംഭിച്ചു. ഫറോവയുടെ ശക്തിപ്രതാപത്താല്‍ തങ്ങള്‍ ജയിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ജാലവിദ്യക്കാര്‍ തങ്ങളുടെ കൈയിലെ വടികളും കയറുകളും മൈതാനത്തേക്കിട്ടു. അവ പാമ്പുകളായി മൂസാക്ക് പോലും ഉള്‍ഭയമുണ്ടാക്കുമാറ് മൈതാനം നിറഞ്ഞ് ഇഴഞ്ഞുകൊണ്ടിരുന്നു. അല്ലാഹു പറഞ്ഞപ്രകാരം മൂസാ തന്റെ കൈയിലെ വടി നിലത്തിടേണ്ട താമസം അതൊരു മഹാസര്‍പ്പമായി ഫണം വിടര്‍ത്തി. മൈതാനിയിലെ സര്‍വ പാമ്പുകളെയും അത് വിഴുങ്ങിക്കളഞ്ഞു. ജാലവിദ്യക്കാരുടെ ആഭിചാരങ്ങളൊന്നും വിലപ്പോയില്ല.
തലമുറകളായി ജാലവിദ്യ അഭ്യസിക്കുന്നവരാണ് അവിടെ ഒത്തുകൂടിയവര്‍. ജാലവിദ്യയുടെ പതിനെട്ടടവും പയറ്റിത്തെളിഞ്ഞവര്‍. തങ്ങളിപ്പോള്‍ കണ്ടത് ജാലവിദ്യയോ ആഭിചാരമോ കണ്‍കെട്ടോ അല്ലെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടുകഴിഞ്ഞു. പ്രപഞ്ചനാഥന്റെ അപാരമായ ശക്തിവിശേഷങ്ങള്‍ക്കാണ് തങ്ങളിപ്പോള്‍ സാക്ഷികളായത്. ഫറോവയും സദസ്യരും നോക്കിനില്‍ക്കെ ആ ആഭിചാരകര്‍ പ്രഖ്യാപിച്ചു; ഞങ്ങള്‍ മൂസായുടെ റബ്ബില്‍ വിശ്വസിച്ചിരിക്കുന്നു. അല്ലാഹുവിലുള്ള വിശ്വാസം പ്രഖ്യാപിച്ച് പിന്നെ സുജൂദില്‍ വീഴുന്നു.
കുതന്ത്രങ്ങള്‍ പരാജയപ്പെട്ട് അപമാനിതനും ക്ഷുഭിതനുമായിത്തീര്‍ന്ന ഫറോവ ജാലവിദ്യക്കാരുടെ കൈകാലുകള്‍ എതിരായി ഛേദിക്കുമെന്നും ഈന്തപ്പനത്തടിയില്‍ ക്രൂശിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു. 'ഞങ്ങളെ സൃഷ്ടിച്ചതാരോ അവനാണ് സത്യം, തെളിഞ്ഞ ദൃഷ്ടാന്തങ്ങള്‍ ഞങ്ങള്‍ക്ക് വന്നു കിട്ടിയ ശേഷവും നിനക്ക് മുന്‍ഗണന നല്‍കാന്‍ സാധ്യമല്ല. നിനക്ക് തോന്നിയത് വിധിക്കുക. നശിക്കുന്ന ഈ ലോകത്തല്ലേ നിനക്ക് വിധിക്കാനാവുക' - ഇതായിരുന്നു അവരുടെ പ്രതികരണം. അല്ലാഹുവില്‍ ഞൊടിയിടയില്‍ അവര്‍ക്കുണ്ടായിത്തീര്‍ന്ന വിശ്വാസം ഒരു പ്രകമ്പനത്തിനും ഇളക്കാന്‍ പറ്റാത്തവിധം രൂഢമൂലമായിരുന്നു. അല്‍പം മുമ്പ് വരെ സ്ഥാനമാനങ്ങള്‍ക്കും സമ്മാനത്തിനും വിലപേശിയിരുന്നവര്‍ ഏറ്റവും വിലപ്പെട്ട അവരുടെ ജീവന്‍തന്നെ പ്രപഞ്ചനാഥന്റെ തൃപ്തിക്കായി ബലികൊടുക്കാന്‍ തയാറായിരിക്കുകയാണ്. അവര്‍ക്ക് അല്ലാഹു മതി. തങ്ങള്‍ ഇത്രയും കാലം ചെയ്ത കുറ്റങ്ങള്‍ക്ക് പ്രപഞ്ചനാഥനും കാരുണ്യവാനുമായ അല്ലാഹു മാപ്പ് ചെയ്യില്ലേ എന്ന ആശങ്ക മാത്രമാണ് അവരെ അലട്ടുന്നത്. കുരിശിലെ ഇഞ്ചിഞ്ചായ മരണത്തെ അവര്‍ അചഞ്ചലരായി അഭിമുഖീകരിച്ചു. വിശ്വാസത്തിനു മാത്രം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്ന പരിവര്‍ത്തനം.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (01-03)
ടി.കെ ഉബൈദ്‌

ഹദീസ്‌

നാടുമാറ്റമല്ല, നിലപാടുമാറ്റമാണ് ഹിജ്‌റ
അബ്ദുല്ലത്വീഫ് കൊടുവള്ളി