മതേതര സഖ്യ ചര്‍ച്ചകള്‍ വീണ്ടും
2024-ലെ പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് പ്രതിപക്ഷ ഐക്യത്തിനുള്ള ചലനങ്ങള്‍ ആരംഭിച്ചതാണ് ദേശീയ രാഷ്ട്രീയത്തിലെ ഒടുവിലത്തെ വിശേഷം. മോദി ടീമിനെ നിര്‍ബാധം കയറൂരിവിട്ടാല്‍ ഇന്ത്യന്‍ ഭരണഘടന തന്നെ അപ്രസക്തവും നിഷ്‌ക്രിയവുമായി മാറും എന്ന തിരിച്ചറിവാണ് മതേതര പാര്‍ട്ടികളെ പൊതുവെ പിടികൂടിയിരിക്കുന്ന ആശങ്കക്കടിസ്ഥാനം. അത്രതന്നെയോ അതിലുപരിയോ സ്വന്തം ഭാവിയെക്കുറിച്ച പരിഭ്രാന്തി മിക്ക പാര്‍ട്ടികളെയും പിടികൂടിയിരിക്കുന്നു. അക്കാര്യത്തില്‍ കോണ്‍ഗ്രസ്സാണ് പ്രഥമ സ്ഥാനത്ത്. കോണ്‍ഗ്രസ്മുക്ത ഭാരതം എന്ന അജണ്ട യാഥാര്‍ഥ്യമാക്കാന്‍ ഏതറ്റം വരെയും പോകും എന്ന് ഹിന്ദുത്വവാദികള്‍ ഇതിനകം തെളിയിച്ചുകഴിഞ്ഞു. ജനങ്ങള്‍ കോണ്‍ഗ്രസ്സിനനുകൂലമായി വിധിയെഴുതിയ സംസ്ഥാനങ്ങളില്‍ പോലും കള്ളപ്പണവും സ്ഥാനമാനങ്ങളെക്കുറിച്ച ഓഫറും യഥേഷ്ടം ഉപയോഗിച്ച് ജനപ്രതിനിധികളെ കൂറുമാറ്റുന്ന സംഭവങ്ങള്‍ കര്‍ണാടകയിലും മധ്യപ്രദേശിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പുതുശ്ശേരിയിലും അരങ്ങേറി; രാജസ്ഥാനില്‍ അശോക് ഗഹ്‌ലോട്ടിന്റെ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ പതനം സമയത്തിന്റെ മാത്രം പ്രശ്‌നമാണ്. കരുത്തനും തന്ത്രജ്ഞനുമായ നേതാവിന്റെ അഭാവത്തില്‍ കോണ്‍ഗ്രസ് അനിശ്ചിതത്വത്തിന്റെ തടവറയിലാണ്. പാവം സോണിയ രാഹുലിന്റെ വഴുതിക്കളിക്ക് മുന്നില്‍ തീരുമാനമെടുക്കാനാവാതെ കിതക്കുന്നു. നെഹ്‌റു കുടുംബത്തിനു പുറത്തു നിന്നൊരു സാരഥിയെ കണ്ടെത്താന്‍ അവര്‍ക്കാവുന്നില്ല. ക്ഷമ നശിച്ച മറ്റു നേതാക്കളാവട്ടെ രണ്ടും കല്‍പിച്ച് ചില നീക്കങ്ങളിലേര്‍പ്പെടുന്ന കാഴ്ചയാണിപ്പോള്‍. പ്രമുഖ നിയമജ്ഞനായ കപില്‍ സിബലിന്റെ നേതൃത്വത്തില്‍ 23 കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് നേതൃസ്ഥാനത്തെ തെരഞ്ഞെടുപ്പിനും അഴിച്ചുപണിക്കും വേണ്ടി സോണിയക്ക് കത്തെഴുതിയതിന തുടര്‍ന്നുളവായ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് മാത്രമല്ല ശക്തിപ്രാപിക്കുകയും ചെയ്യുന്നു. രാഹുല്‍ ഗാന്ധി പ്രസിഡന്റ് പദവി ഏറ്റെടുക്കുകയോ സാധ്യമല്ലെങ്കില്‍ നെഹ്‌റു കുടുംബത്തിന്റെ പുറത്തു നിന്ന് യോഗ്യനായ പകരക്കാരനെ കണ്ടെത്തുകയോ ചെയ്യാതെ ഇനി ഒരടി മുന്നോട്ട് നീങ്ങാന്‍ സാധ്യമല്ലെന്നാണ് അവര്‍ ആവര്‍ത്തിക്കുന്ന മുന്നറിയിപ്പ്. കോവിഡ് വ്യാപനത്തിന് തടയിടപ്പെട്ടതിനു ശേഷം സമ്പൂര്‍ണ എ.ഐ.സി.സി വിളിച്ചുചേര്‍ത്ത് പ്രശ്‌നപരിഹാരം തേടാമെന്ന ഉറപ്പ് അനിശ്ചിതമായി നീളുകയാണ്. അതിനിടെ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ ഒരുവക തൃപ്തികരമായി നടന്നുവന്ന പഞ്ചാബ് ഭരണം നവജ്യോത് സിംഗ് സിദ്ദുവിന്റെ ഇടച്ചിലിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായി; ഹൈക്കമാന്റിന്റെ ഇടപെടല്‍ സിദ്ദുവിനെ പി.സി.സി പ്രസിഡന്റ് പദവിയിലെത്തിച്ചുവെങ്കിലും അമരീന്ദര്‍ സിംഗ് തൃപ്തനല്ല. ഇതിനോടകം പ്രാദേശിക പാര്‍ട്ടികളായി കഴിഞ്ഞ സി.പി.എം-സി.പി.ഐ കക്ഷികള്‍ കേരളത്തിലെ വന്‍ ജയത്തോടെ ആത്മവീര്യം വീണ്ടെടുത്ത മാനസികാവസ്ഥയിലാണ്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സ്‌കോര്‍ ബോര്‍ഡില്‍ ബി.ജെ.പി ഇനിയും സ്ഥലം പിടിച്ചിട്ടില്ലെന്നിരിക്കെ പ്രതിപക്ഷ കൂട്ടായ്മയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വലുതായ സംഭാവനകളൊന്നും നല്‍കാനാവില്ല. ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്സും തമിഴ്‌നാട്ടിലെ ഡി.എം.കെയും ബിഹാറിലെ ആര്‍.ജെ.ഡിയുമാണ് സമീപകാലത്ത് ശക്തി തെളിയിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രതിപക്ഷ ഐക്യശ്രമങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുന്നതും ഈ പാര്‍ട്ടികളുടെ ഉറച്ച നിലപാടുകളാണ്. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ ശിവസേന എന്‍.സി.പി-കോണ്‍ഗ്രസ്സ് കക്ഷികളുമായി ചേര്‍ന്ന് ബി.ജെ.പിയെ അധികാരത്തില്‍നിന്ന് കുടഞ്ഞെറിഞ്ഞതിനാല്‍ അവിടെയും കാവിപ്പട പ്രതിരോധത്തിലാണ്.
ഈ പശ്ചാത്തലത്തില്‍ കപില്‍ സിബല്‍ തന്റെ ജന്മദിനാഘോഷത്തിന് ക്ഷണിച്ചുവരുത്തിയ പ്രതിപക്ഷ നേതാക്കളുടെ സംഗമം പുതിയ അഭ്യൂഹങ്ങള്‍ക്ക് ഇടം നല്‍കിയിട്ടുണ്ട്. ശരദ് പവാര്‍ (എന്‍.സി.പി), സീതാറാം യച്ചൂരി (സി.പി.എം), ലാലുപ്രസാദ് യാദവ് (ആര്‍.ജെ.ഡി), ഡറിക് ഒബ്രിയാന്‍ (തൃണമൂല്‍), തിരുച്ചി ശിവ (ഡി.എം.കെ), സഞ്ജയ് റാവത്ത് (ശിവസേന), ഉമര്‍ അബ്ദുല്ല (നാഷ്‌നല്‍ കോണ്‍ഫറന്‍സ്), പിനാകി മിശ്ര (ബി.ജെ.ഡി) തുടങ്ങിയ നേതാക്കള്‍ പ്രതിപക്ഷ കൂട്ടായ്മയിലേക്ക് സൂചനകള്‍ നല്‍കി. കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ പ്രതിനിധികള്‍ പങ്കെടുത്തില്ലെങ്കിലും ആഗസ്റ്റ് 20-ന് പ്രതിപക്ഷ നേതാക്കളെ സോണിയ ഗാന്ധി ക്ഷണിച്ചിട്ടുണ്ട്. ബംഗാളും ത്രിപുരയുമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ തൃണമൂലുമായി സഹകരിക്കാന്‍ തയാറാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കിയതും ഇതോടു ചേര്‍ത്തു വായിക്കണം. വ്യക്തിപരമായി ഇഷ്ടങ്ങളുടെയും സീറ്റ് വിഭജനത്തിന്റെയും മറ്റു പലതിന്റെയും പേരില്‍ മുന്നണികള്‍ അവസാന നിമിഷം തകരുന്നതാണ് ഗതകാലാനുഭവങ്ങളെന്നത് വസ്തുതയാണ്. നേതാക്കളെയും പാര്‍ട്ടികളെയും ഹൈജാക്ക് ചെയ്യാന്‍ പ്രലോഭനങ്ങളോ ഭീഷണികളോ പ്രയോഗിക്കുന്ന ബി.ജെ.പിയുടെ തന്ത്രം പൂര്‍വാധികം ശക്തമായി തുടരുമെന്നതിലും സംശയമില്ല. അവിഹിത സ്വത്ത് സമ്പാദ്യത്തിന്റെയോ ആദായ നികുതിയുടെയോ പേരില്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയും പൂര്‍വാധികം മോശമായി പ്രയോഗിക്കപ്പെടാനാണ് സാധ്യത. ഇതൊക്കെ അനുഭവ യാഥാര്‍ഥ്യങ്ങളായിരിക്കെത്തന്നെ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയും അമിത് ഷായും ദിവസങ്ങളോളം ക്യാമ്പടിച്ച്, പൗരത്വനിഷേധ ഭീഷണികള്‍ പോലും മുഴക്കിയിട്ടും തൃണമൂല്‍ നേതാക്കളില്‍ പലരെയും ചാക്കിട്ടു പിടിച്ചിട്ടും ഫലമെന്തായി എന്നാലോചിക്കുമ്പോള്‍ അചഞ്ചലമായ ജനഹിതത്തിനു മുന്നില്‍ അവിഹിത അടവുകള്‍ പരാജയപ്പെടുമെന്ന ശുഭാപ്തിയില്‍ യാഥാര്‍ഥ്യബോധമില്ലെന്ന് പറയാനാവില്ല. സങ്കുചിത വിഭാഗീയത താല്‍പര്യങ്ങള്‍ പൊതു ലക്ഷ്യത്തിനു വേണ്ടി മാറ്റിവെക്കുകയെങ്കിലും ചെയ്യാന്‍ മതേതര പാര്‍ട്ടികള്‍ തയാറുണ്ടോ എന്നതാണ് മര്‍മപ്രധാനമായ ചോദ്യം.
അടുത്ത വര്‍ഷം ആദ്യത്തില്‍ നടക്കാനിരിക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പാണ് പ്രതിപക്ഷ കൂട്ടായ്മക്ക് മുന്നിലെത്തുന്ന നിര്‍ണായക പരീക്ഷണം. ക്രമസമാധാന പാലനത്തിലും ആരോഗ്യ രംഗത്തും തൊഴിലില്ലായ്മ നേരിടുന്നതിലും വന്‍ പരാജയമായ യോഗി ആദിത്യനാഥ് സര്‍ക്കാറിനെ തൂത്തെറിയാന്‍ പ്രതിപക്ഷം ഒത്തുപിടിച്ചാല്‍ സാധിക്കും. യു.പി നഷ്ടപ്പെട്ടാല്‍ ഹിന്ദുത്വ ബ്രിഗേഡിനു പിടിച്ചുനില്‍ക്കാനാവില്ല. പ്രധാന പ്രതിപക്ഷ കക്ഷികളായ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയും മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയും സോണിയ-രാഹുല്‍-പ്രിയങ്ക ടീമും ഒന്നിച്ചാല്‍ യോഗിയുടെ തിരിച്ചുവരവിനെ പ്രതിരോധിക്കാനാവുമെന്നാണ് യു.പിയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു ഫലങ്ങള്‍ നല്‍കുന്ന സൂചന. ഇതേത്തുടര്‍ന്ന് യോഗിയുടെ പ്രതിഛായ മെച്ചപ്പെടുത്താനും പാര്‍ട്ടിക്കകത്തു തന്നെ മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന എതിര്‍ശബ്ദങ്ങളൊതുക്കാനും ബി.ജെ.പി നേതൃത്വം തീവ്രശ്രമം നടത്തുന്നതില്‍നിന്ന് സംഗതികളുടെ ഗതി മനസ്സിലാക്കാനാവും. ജനപിന്തുണ വലുതായി നഷ്ടപ്പെട്ട ബി.എസ്.പി വീണ്ടെടുപ്പിന് പഴയ ദലിത്-ബ്രാഹ്മണ ഐക്യമുദ്രാവാക്യവുമായി രംഗത്തിറങ്ങിയതും ബി.ജെ.പിയുടെ മുട്ട് വിറപ്പിക്കുന്നുണ്ട്. മായാവതിയുടെ ഒടുവിലത്തെ ഊഴം സാധ്യമാക്കിയത് സവര്‍ണാധിപത്യത്തിനെതിരെ കാന്‍ഷിറാം ബീജാവാപം ചെയ്ത ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ അടിത്തറ മറന്ന് ബ്രാഹ്മണരുമായി കൈകോര്‍ത്തപ്പോഴായിരുന്നു. ജാതി മുഖ്യശക്തിയായ യു.പി രാഷ്ട്രീയത്തില്‍ യോഗി തങ്ങളെ പീഡിപ്പിക്കുകയും അവഗണിക്കുകയുമാണെന്ന തോന്നല്‍ 13 ശതമാനം വരുന്ന ബ്രാഹ്മണരില്‍ ശക്തമാണ്. 23 ശതമാനം വരുന്ന ദലിത് വോട്ടുകള്‍ കൂടി ചേര്‍ത്താല്‍ യു.പി ഒരിക്കല്‍കൂടി മായാവതിക്ക് ഭരിക്കാനാവും എന്ന കണക്കുകൂട്ടലാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഡ്വ. സതീശ് ശര്‍മ അവതരിപ്പിക്കുന്നത്. ജൂലൈ 23-ന് അദ്ദേഹം അയോധ്യയില്‍ വിളിച്ചുചേര്‍ത്ത ബഹുജന്‍ ദാര്‍ശനിക സംഗമം ജനപങ്കാളിത്തത്തില്‍ ബി.ജെ.പിയെയും ഇതര പാര്‍ട്ടികളെയും ഞെട്ടിച്ചു. തുടര്‍ന്ന് മഥുര, ഫിറോസാബാദ്, സഹാറന്‍പൂര്‍, ബറേലി, മുറാദാബാദ് തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാം 'ബ്രാഹ്മണ-ദലിത്' ഐക്യപ്രദര്‍ശനം ബുദ്ധിജീവി-ദാര്‍ശനിക സംഗമം എന്ന ബാനറില്‍ സംഘടിപ്പിക്കാനാണ് ശര്‍മ പരിപാടി തയാറാക്കിയിരിക്കുന്നത്. 19 എം.എല്‍.എമാരില്‍ ഏഴ് മാത്രം അവശേഷിച്ച ബി.എസ്.പിയുടെ ഉയിര്‍ത്തെഴുന്നേല്‍പിന് വഴിയൊരുക്കാന്‍ ഇതുകൊണ്ട് മാത്രം സാധിച്ചുകൊള്ളണമെന്നില്ല. ബംഗാളിലെ അനുഭവത്തില്‍നിന്ന് പാഠം പഠിച്ചു നിര്‍ണായകമായ മുസ്‌ലിം വോട്ടര്‍മാര്‍, മതേതര സഖ്യം യാഥാര്‍ഥ്യമായാല്‍ അതിന്റെ പിന്നില്‍ അണിനിരക്കാനും സാധ്യതയുണ്ട്. ബി.ജെ.പി ഭയപ്പെടുന്നതും ഇത്തരമൊരു സാഹചര്യമാണ്. പക്ഷേ അഖിലേഷ് യാദവും പ്രിയങ്കാ ഗാന്ധിയും ഏതു ദിശയില്‍ നീങ്ങുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു മതേതര ഐക്യം എന്ന സ്വപ്‌നത്തിന്റെ സാക്ഷാത്കാരം.
Comments