ആത്മവിശ്വാസത്തോടെ ഈ കാലത്തെ നമുക്കതിജീവിക്കാം
കോവിഡ് മഹാമാരി നമ്മുടെ ജീവിതത്തെ ഏറെ ബാധിച്ചു. ഒരാളുടെയും ജീവിതത്തെ അത് തൊടാതെ പോയില്ല. ദേശാതിര്‍ത്തികള്‍ക്കപ്പുറം ലോകത്ത് ജീവിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ മനുഷ്യരുടെയും നിലതെറ്റിച്ചു കോവിഡ്. കണ്ണുകൊണ്ട് കാണാന്‍ പറ്റാത്തൊരു വൈറസ് നമ്മുടെ ജീവിതത്തെ ആകെ ഉഴുതുമറിച്ചു. പെട്ടിക്കട തൊട്ട് രാജ്യാന്തര വിമാനത്താവളങ്ങള്‍ വരെ അടച്ചിടേണ്ടി വന്നു. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സംവിധാനങ്ങള്‍, വ്യാപാര മേഖലകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, യൂനിവഴ്‌സിറ്റികള്‍ തുടങ്ങി എല്ലാ മേഖലകളും സ്തംഭിച്ചു. മഹാമാരി ബാധിക്കാത്ത ഒരു ജനതയും ലോകത്തില്ല. ഇത്തരം മഹാമാരികള്‍ മുമ്പും ലോകത്തുണ്ടായിട്ടുണ്ട്. എന്നാല്‍ അതില്‍നിന്ന് കോവിഡ് കാലം വ്യത്യസ്തമാകുന്നത്, ലോകത്തെ എല്ലാവരെയും അത് ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് ബാധിച്ചു എന്നതിനാലാണ്. ആഗോളവല്‍ക്കരണത്തിന്റെ ഫലമായി ലോകം ആഗോള ഗ്രാമമായി മാറിയപ്പോള്‍ രോഗം അതിവേഗം ലോകത്തെ കീഴടക്കുകയായിരുന്നു. ഉള്ളവനെയും ഇല്ലാത്തവനെയും ഭരണാധികാരിയെയും ഭരണീയനെയും കോവിഡ് വെറുതെ വിട്ടില്ല. വന്‍കിട രാജ്യങ്ങളും ചെറുകിട രാജ്യങ്ങളും കൊറോണയുടെ ശൗര്യമറിഞ്ഞു.
നമ്മള്‍ നേടിയെടുത്ത കഴിവിനെയും മികവിനെയും കുറിച്ച് നമുക്കേറെ അഭിമാനമുണ്ടായിരുന്നു. നമ്മുടെ ശാസ്ത്രത്തിന്റെ വികാസത്തില്‍ നമ്മള്‍ അഹങ്കരിച്ചിരുന്നു. ശാസ്ത്രം എല്ലാറ്റിനും പരിഹാരമാണെന്നായിരുന്നു നമ്മുടെ ധാരണ. എന്തിനെയും നേരിടാനുള്ള കഴിവും പ്രാപ്തിയും നമുക്കുണ്ടെന്ന് നാം ധരിച്ചു. ആയുധങ്ങള്‍ കൊണ്ട് ലോകത്തെ വിറപ്പിച്ചിരുന്ന വലിയ രാജ്യങ്ങള്‍ പോലും പക്ഷേ കൊറോണാ വൈറസിനു മുന്നില്‍ നിരായുധരായിപ്പോയി. ഒന്നാം തരംഗത്തേക്കാള്‍ പ്രഹരശേഷി ഉള്ളതായിരുന്നു കോവിഡിന്റെ രണ്ടാം തരംഗം. ഇപ്പോള്‍ മൂന്നാം തരംഗത്തെ കുറിച്ച ഭീതിയിലാണ് നമ്മള്‍. എങ്ങനെ ഇതിനെ മറികടക്കും എന്ന യാതൊരു ധാരണയും ഇന്നില്ല. ആത്മവിശ്വാസത്തോടെ ലോകത്തെ അഭിമുഖീകരിക്കാന്‍ നമ്മുടെ ശാസ്ത്ര സംവിധാനങ്ങള്‍ക്കോ ഭരണസംവിധാനങ്ങള്‍ക്കോ കഴിയുന്നില്ല. നമ്മളെത്രമാത്രം നിസ്സഹായരാണെന്ന് നമുക്കിന്നേരം ശരിക്കും ബോധ്യമാകുന്നുണ്ട്.
സങ്കീര്‍ണമായ ഈ സാഹചര്യങ്ങളെ കുറിച്ച് നമ്മുടെ മുമ്പാകെ ഒട്ടേറെ വിശകലനങ്ങള്‍ വരുന്നുണ്ട്. കുവൈത്ത് യൂനിവേഴ്‌സിറ്റി അധ്യാപകനും സാമൂഹിക ശാസ്ത്രജ്ഞനുമായ ഡോ. അലി അസ്അദ് വത്വഫ ഇതുമായി ബന്ധപ്പെട്ട് പറഞ്ഞത്, 'പ്രാചീന ദാര്‍ശനിക പുരാണങ്ങളെ മാത്രമല്ല, സകല സര്‍വാംഗീകൃത ജ്ഞാന ശാസ്ത്ര തീര്‍പ്പുകളെയും പിടിച്ചുകുലുക്കിയിരിക്കുന്നു ഈ വൈറസ്' എന്നാണ്.
സെക്കന്റ് കമിംഗ് (രണ്ടാം വരവ്) എന്ന വില്യം ബട്ട്‌ലര്‍ യേറ്റ്‌സിന്റെ കവിതയില്‍ ലോകം എത്തിപ്പെട്ട അരാജകത്വത്തെ കുറിച്ച് കൃത്യമായി പറയുന്നുണ്ട്:
Things fall apart; the centre can not hold;
Mere anarchy is loosed upon the world
(എല്ലാം വീഴുകയാണ്, കേന്ദ്രത്തിന് അടി തെറ്റുകയാണ്, ലോകത്ത് അരാജകത്വം കെട്ടഴിച്ചുവിടുകയാണ്).
പുതിയ ഉത്തരങ്ങളാണ് വേണ്ടത്
ദേശാതിര്‍ത്തികള്‍ക്കപ്പുറം വ്യാപിച്ച മഹാമാരിയെ തോല്‍പ്പിക്കാന്‍ നമുക്ക് പതിവ് ഉത്തരങ്ങള്‍ മതിയാകില്ല. അതിനായി ഇനിയും പുതിയ ഉത്തരങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. വിശുദ്ധ വേദഗ്രന്ഥത്തിന്റെ ഭാഷയില്‍ ഈ കാലത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഒരുപാട് നിരീക്ഷണങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ശിക്ഷയായും പരീക്ഷണമായും, മനുഷ്യന്‍ പ്രകൃതിയെ കൈയേറ്റം ചെയ്തതു കാരണമായുമെല്ലാം ഇങ്ങനെ ദുരിതങ്ങള്‍ നേരിടാം എന്ന് വിശുദ്ധ ഖുര്‍ആന്‍ നിരീക്ഷിക്കുന്നുണ്ട്.
''മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് ആകാശത്തും ഭൂമിയിലും കുഴപ്പങ്ങള്‍ വിതക്കപ്പെട്ടിട്ടുള്ളത്'' (അര്‍റൂം 41).
ദൈവം പ്രപഞ്ചത്തെ വളരെ സുന്ദരമായാണ് സൃഷ്ടിച്ചിട്ടുള്ളത്. ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ, 'പ്രാപഞ്ചിക സംവിധാനത്തിനകത്ത് മനുഷ്യര്‍ക്ക് നന്മയാണ് യഥാര്‍ഥത്തില്‍ ദൈവം സംവിധാനിച്ചു വെച്ചിട്ടുള്ളത്. അവരനനുഭവിക്കുന്ന ദുരന്തം അവരുടെ കരങ്ങളാല്‍ രൂപപ്പെട്ടുവന്നതാണ്' (അന്നിസാഅ് 79) എന്ന്.
ഈ രണ്ട് സൂക്തങ്ങളുടെയും അടിസ്ഥാനത്തില്‍ മനുഷ്യന്റെ ആര്‍ത്തിയാണ് ഇത്തരമൊരു അവസ്ഥയിലേക്ക് പ്രപഞ്ചത്തെ കൊണ്ടെത്തിച്ചത് എന്ന നിഗമനത്തില്‍ നാമെത്തും. സഹനം എത്രയുണ്ട് എന്നും അല്ലാഹു പരീക്ഷിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. വിശപ്പുകൊണ്ടും ശാരീരിക പ്രയാസങ്ങള്‍ കൊണ്ടും പരീക്ഷിക്കും. തിരുത്തലുകളും തിരിച്ചുപോക്കും ആഗ്രഹിച്ചുകൊണ്ട് ചെറുചെറു ശിക്ഷകള്‍ കൊണ്ടും അല്ലാഹു പരീക്ഷിക്കും. അത്തരമൊരു പരീക്ഷണമുഖത്താണ് ഇന്ന് ലോകമുള്ളത്. വിശപ്പിന്റെ പരീക്ഷണം, ഭീതിയുടെ പരീക്ഷണം, അതിനൊരു പരിഹാരവും ഇതുവരെ മനുഷ്യര്‍ കണ്ടെത്തിയിട്ടില്ല. അതിനാല്‍ നമ്മുടെ സമീപനങ്ങളിലും സാരമായി മാറ്റം വരണം. മനുഷ്യരോടും സമൂഹത്തോടും പ്രകൃതിയിലെ മൂല്യവ്യവസ്ഥയോടുമുള്ള നമ്മുടെ നിലപാടുകളും മാറണം.
നമ്മുടെ നാഗരികത വികാസത്തിന്റെ ഉച്ചിയിലല്ല എന്ന് നാം മനസ്സിലാക്കണം. മതങ്ങളെയും ധാര്‍മിക മൂല്യങ്ങളെയുമെല്ലാം വെല്ലുവിളിക്കുന്ന അഹങ്കാരം ഇല്ലാതാകണം. ലോക വ്യവസ്ഥിതിയെ കുറിച്ച കൃത്യമായ പുനരാലോചന നടക്കേണ്ട കാലം കൂടിയാണിത്. ഫ്രീ മാര്‍ക്കറ്റും ലിബറല്‍ ഡെമോക്രസിയുമാണ് ഇന്ന് ലോകത്ത് നിലനില്‍ക്കുന്നത്. അതൊരിക്കലും മനുഷ്യരെ കാണുന്നില്ല. മൂലധന ശക്തികളെയും കോര്‍പ്പറേറ്റുകളെയുമാണ് അത് കെട്ടഴിച്ചുവിട്ടിരിക്കുന്നത്. മനുഷ്യന്റെ ഉപഭോഗ തൃഷ്ണയെ പരമാവധി പ്രലോഭിപ്പിച്ച് അതിനെ കച്ചവടവല്‍ക്കരിച്ചു കൊണ്ടിരിക്കുന്ന, സ്റ്റേറ്റിനെ ഹൈജാക്ക് ചെയ്യുന്ന വലിയ മാര്‍ക്കറ്റ് സിസ്റ്റം ലോകത്ത് ഉണ്ടായിവന്നിട്ടുണ്ട്. അത് തകര്‍ത്തുകളഞ്ഞത് നമ്മുടെ നാട്ടിലുണ്ടായിരുന്ന സാമൂഹിക-ധാര്‍മിക വ്യവസ്ഥിതിയെയാണ്. നാം ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും നമ്മുടെ ജൈവസമ്പത്തുമെല്ലാം അവര്‍ക്കൊരു കച്ചവടച്ചരക്കാണ്. ഫ്രീ മാര്‍ക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്ന ലിബറല്‍ ഡെമോക്രസിക്കകത്ത് യഥാര്‍ഥത്തില്‍ പരിഗണിക്കപ്പെടുന്നത് സാധാരണ മനുഷ്യരോ അവരുടെ താല്‍പ്പര്യങ്ങളോ അല്ല. സര്‍ക്കാര്‍ എന്നത് ഈ സിസ്റ്റത്തിനകത്ത് അരികുവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഭരണകൂടങ്ങളല്ല, വന്‍കിട കോര്‍പ്പറേറ്റുകളാണ് രാഷ്ട്രങ്ങളെ നയിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ താല്‍പര്യത്തിനനുസരിച്ച് നിലനില്‍ക്കുന്ന ഭരണക്രമത്തിനകത്ത് പൗരന്‍ ചൂഷണം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. വ്യക്തിയുടെ രഹസ്യങ്ങളിലേക്ക് വരെ എത്തി നോക്കുകയും അയാളുടെ പൗരാവകാശങ്ങള്‍ കാര്‍ന്നുതിന്നുകയും ചെയ്യുന്നു. പൗരന്‍ അപരവല്‍ക്കരിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.
അസന്തുലിതമായ വ്യവസ്ഥ
രാഷ്ട്ര വ്യവസ്ഥിതി അസന്തുലിതമാണിത്. പ്രകൃതിയെ മാത്രമല്ല, സമ്പദ്‌രംഗത്തെയും സാമൂഹിക ക്രമത്തെയും അത് അസന്തുലിതമാക്കിയിരിക്കുന്നു. ചില കണക്കുകളെടുത്തു നോക്കാം. മര്‍ദക ഭരണകൂടങ്ങളാല്‍ വീടുകള്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 70 ലക്ഷത്തോളമാണ്. ആരുടെ താല്‍പര്യപ്രകാരമാണ് 70 ലക്ഷത്തിന് വീടില്ലാതായതെന്ന് ആലോചിക്കുമ്പോഴാണ് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുക. ഭരണകൂടഭീകരതക്ക് ഇരയായ പാവം മനുഷ്യര്‍ നമ്മുടെ ഉറക്കം കെടുത്തും. പതിനഞ്ച് ദശലക്ഷം ജനങ്ങള്‍ പിറന്ന നാട്ടില്‍നിന്ന് ആട്ടിയിറക്കപ്പെട്ടിരിക്കുന്നു. രാജ്യത്ത് പകുതിയോളം വരുന്ന ജനങ്ങളുടെ സമ്പത്ത് 0.1 ശതമാനം വരുന്ന സമ്പന്നരുടെ കൈയിലാണ്. പൗരന്‍ പരിഗണിക്കപ്പെടുന്നില്ല എന്നതാണ് ഈ സിസ്റ്റത്തിന്റെ പരിമിതി.
കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കാനുള്ള കാരണം രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക അസന്തുലിതത്വമാണ് എന്നൊരു നിരീക്ഷണം ന്യൂയോര്‍ക്ക് ടൈംസില്‍ വന്നിരുന്നു. പാരിസ്ഥിതിക രംഗത്തുള്ള അസന്തുലിതത്വവും ഇതിന് കാരണമായി പറയുന്നു. 3.8 കോടി ജനങ്ങള്‍ക്ക് അമേരിക്കയില്‍ മാത്രം തൊഴില്‍ നഷ്ടപ്പെട്ടു. ടൂറിസം മേഖല രക്ഷപ്പെടണമെങ്കില്‍ 2025 ആകണമെന്നാണ് പറയപ്പെടുന്നത്. 2020 ഫെബ്രുവരി മുതല്‍ 2021 ജൂണ്‍ വരെയുള്ള ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നു. മരുന്ന് കമ്പനികള്‍ക്ക് മാത്രമാണ് മെച്ചമുണ്ടായത്.
കോവിഡ് വാക്‌സിന്‍ സൗജന്യമായി കൊടുക്കാന്‍ കഴിയുന്നില്ല. ആരോഗ്യമേഖല എന്തിനെയും നേരിടാന്‍ തയാറാണെന്ന് പറയുമ്പോള്‍ തന്നെ നമുക്ക് രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ പോലും കഴിയുന്നില്ല. കോവിഡ് ബെഡ് നല്‍കാന്‍ കഴിയുന്നില്ല, ശ്മശാനങ്ങള്‍ തികയുന്നില്ല.
ശരാശരിക്കാരന്റെ ജീവിതം തകര്‍ന്നുകൊണ്ടിരിക്കുന്നു. കറന്റ് ചാര്‍ജും മറ്റു നികുതികളും നല്‍കാന്‍ പറ്റുന്നില്ല. സ്‌കൂള്‍ ഫീസ് കൊടുക്കാന്‍ കഴിയുന്നില്ല. വാഹനം പുറത്തെടുക്കാന്‍ ലോക്ക് ഡൗണ്‍ സമ്മതിക്കില്ല. എങ്കിലും ഇന്‍ഷുറന്‍സ് അടക്കാതിരിക്കാന്‍ പറ്റില്ല. ഒന്നരക്കൊല്ലമായി ജോലിക്ക് പോകാന്‍ പറ്റാത്തവരുണ്ട്. കിറ്റ് കൊണ്ട് തീരുന്നതല്ല ഈ പ്രശ്‌നങ്ങള്‍. ഓട്ടോക്കാര്‍, ബസ്സുകാര്‍, ലൈറ്റ് ആന്റ് സൗണ്ട് മേഖലയിലു#ുള്ളവര്‍. സര്‍വരുടെയും ജീവിതത്തിന്റെ താളം തെറ്റിക്കഴിഞ്ഞിരിക്കുന്നു. 19 കോടി പേര്‍ക്ക് കോവിഡ് ബാധിക്കുകയും 17 കോടി ജനങ്ങള്‍ അതിനെ മറികടക്കുകയും ചെയ്ത ലോകമാണിത്. 40 ലക്ഷം ആളുകള്‍ മരണപ്പെട്ടു. ഈ പ്രയാസങ്ങളെ എങ്ങനെ മറികടക്കും എന്നാണ് ആലോചിക്കേണ്ടത്. ഭയപ്പെടാതെ സധൈര്യം ഈ കാലത്തെ നമ്മള്‍ അഭിമുഖീകരിക്കണം. ഈ കാലവും നമുക്ക് അതിജീവിക്കണം.
മുന്‍കരുതലും
ആത്മവിശ്വാസവുമാണ് ആവശ്യം
രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളെല്ലാം നമ്മളെടുക്കണം. അതില്‍ ജാഗ്രതക്കുറവ് സംഭവിക്കരുത്. നമ്മുടെ ജാഗ്രതക്കുറവ് നമ്മുടെ കുടുംബത്തെയും സമൂഹത്തെയും തന്നെയാണ് ബാധിക്കുക. അസുഖബാധിതരായ ആളുകളുമായി ഇടപഴകാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം. നമ്മള്‍ രോഗവാഹകരായി മാറാന്‍ പാടില്ല. കരുതലിന്റെ കാര്യത്തിലുള്ള ലാഘവത്വം നമ്മെ ഏറെ പ്രയാസങ്ങളിലകപ്പെടുത്തും. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ എന്തെല്ലാം കാര്യങ്ങളുണ്ടോ അതെല്ലാം ചെയ്യണം. വിവാഹചടങ്ങുകള്‍, സല്‍ക്കാരങ്ങള്‍, മരണ വീടുകള്‍ തുടങ്ങിയ ഇടങ്ങളെല്ലാം ഇപ്പോഴും കോവിഡ് വ്യാപനകേന്ദ്രങ്ങളായി മാറുന്നുണ്ട്. പ്രവാചകന്‍ പറഞ്ഞല്ലോ, പകര്‍ച്ചവ്യാധിയുള്ള സ്ഥലത്തു നിന്ന് പുറത്തു പോകരുതെന്നും അങ്ങോട്ടാരും പ്രവേശിക്കരുതെന്നും. ഉമറി(റ)ന്റെ നിലപാടും ഇതായിരുന്നു. അദ്ദേഹം ഒരിടത്തേക്ക് പോകാനിറങ്ങിയപ്പോള്‍ അവിടം പകര്‍ച്ചവ്യാധിബാധിതമാണെന്ന വിവരം കിട്ടുകയാണ്. അതറിഞ്ഞയുടനെ ഉമര്‍ ആ യാത്ര മാറ്റിവെച്ചു. അന്നേരം അബൂ ഉബൈദ (റ) ചോദിച്ചു, അങ്ങ് ദൈവവിധിയില്‍നിന്ന് ഓടിയൊളിക്കുകയാണോ എന്ന്. ദൈവത്തിന്റെ ഒരു വിധിയില്‍നിന്ന് ദൈവത്തിന്റെതന്നെ മറ്റൊരു വിധിയിലേക്കാണ് ഞാന്‍ പോകുന്നത് എന്ന് അതിന് ഖലീഫ ഉമര്‍ മറുപടി നല്‍കുകയും ചെയ്തു. എല്ലാറ്റിനുമുപരി ആത്മവിശ്വാസം ആര്‍ജിക്കേണ്ട കാലമാണിത്. ഭീതി രോഗികളെ തളര്‍ത്താനും മരണത്തിലേക്കുള്ള വഴി എളുപ്പമാക്കാനും കാരണമാകുന്നുണ്ട്. ഈ കാലത്തെയും നമ്മള്‍ മറികടക്കുമെന്ന ആത്മവിശ്വാസത്തോടൊപ്പം പ്രപഞ്ചനാഥന്റെ കഴിവിനെ കുറിച്ചും നമുക്ക് അറിവുണ്ടാകണം. നമ്മുടെ കോണ്‍ഫിഡന്‍സിന്റെ ആധാരം അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസമാണ്. മതത്തെയും വിശ്വാസത്തെയും മാറ്റിനിര്‍ത്തി ആത്മാവിനെ അവഗണിക്കുന്ന തിയറികള്‍ക്ക് വേരുകളില്ല.
എല്ലാ തൊഴിലുകളും മഹത്തരമാണ്
വറുതിയുടെയും തൊഴിലില്ലായ്മയുടെയും ഈ കാലത്ത് എല്ലാ തൊഴിലിനും മഹത്വമുണ്ടെന്ന് മനസ്സിലാക്കി ഏതു തൊഴിലും ചെയ്യാന്‍ മനസ്സിനെ സന്നദ്ധമാക്കണം. തന്റെ പ്രൊഫൈലിനനുസരിച്ചേ ജോലി ചെയ്യൂ എന്ന് വെക്കരുത്. തന്റെ പ്രഫഷനനുസരിച്ച ജോലി അന്വേഷിക്കുന്നതോടൊപ്പം തന്നെ മറ്റു ജോലികള്‍ ചെയ്യാനും നാം മനസ്സിനെ പാകപ്പെടുത്തണം. പ്രവാചകന്മാര്‍ പലപല ജോലികള്‍ ചെയ്തിരുന്നുവെന്ന് ചരിത്രം പറയുന്നു. ഇബ്‌റാഹീം നബിയും അയ്യൂബ് നബിയുമെല്ലാം പല തരത്തിലുള്ള ജോലികള്‍ ചെയ്തിട്ടുണ്ട്. തുന്നല്‍ക്കാരനായിരുന്നു ഇദ്‌രീസ് നബി. ഹൂദ് നബിയും സ്വാലിഹ് നബിയും കച്ചവടക്കാരായിരുന്നു. ശുഐബ് നബിയും മൂസാ നബിയും മുഹമ്മദ് നബിയും ആടിനെ മേച്ചിട്ടുണ്ട്. മുഹമ്മദ് നബി (സ) കച്ചവടവും ചെയ്തിട്ടുണ്ട്. നീ കഴിക്കുന്ന ആഹാരത്തില്‍ ഏറ്റവും മികച്ച ആഹാരം സ്വന്തം കൈകൊണ്ട് അധ്വാനിച്ചുണ്ടാക്കിയതാണ് എന്ന മുഹമ്മദ് നബിയുടെ വാക്കുകള്‍ നമുക്ക് ഓര്‍ക്കാം.
ദുരിതബാധിതര്‍ക്ക്
കാരുണ്യം ചൊരിയയണം
കോവിഡ് വിതച്ച ദുരിതങ്ങള്‍ അതിജീവിക്കാന്‍ സാമൂഹിക കൂട്ടായ്മകള്‍ അനിവാര്യമാണ്. ശരാശരിക്കാരുടെ ജീവിതം വരെ അരപ്പട്ടിണിയിലേക്കോ മുഴുപ്പട്ടിണിയിലേക്കോ വഴിമാറി തുടങ്ങി. രാജ്യത്തെ 55 ശതമാനം ജനങ്ങള്‍ തങ്ങളുടെ ഭക്ഷണക്രമം രണ്ട് നേരത്തേക്ക് ചുരുക്കിയതായി ചില കണക്കുകള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ നമ്മുടെ സാമൂഹിക ഉത്തരവാദിത്തത്തെ കുറിച്ച് നമുക്ക് ബോധമുണ്ടാകണം. മറ്റുള്ളവരെ സ്വന്തത്തേക്കാള്‍ പരിഗണിക്കാന്‍ സാധിക്കണം. കറിയില്‍ അല്‍പം വെള്ളം ചേര്‍ത്തിട്ടെങ്കിലും മറ്റുള്ളവരെ കൂടി ചേര്‍ത്തു പിടിക്കണമെന്ന് പ്രവാചകന്‍ പറയുന്നുണ്ടല്ലോ. ജീവിതത്തിന്റെ താളം തെറ്റിയവരോടൊപ്പം നില്‍ക്കണം. തന്റെ മകന്റെ പഠനത്തോടൊപ്പം അയല്‍ക്കാരന്റെ മകന്റെ പഠനവും ശ്രദ്ധിക്കണം.
കുട്ടികളുടെ വിദ്യാഭ്യാസം ഡിവൈസിനകത്ത് പരിമിതപ്പെട്ട കാലമാണിത്. അധ്യാപകരുമായുള്ള കുട്ടികളുടെ ബന്ധവും കുറയുന്നു. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ വീടിനകത്ത് തളച്ചിടപ്പെടുന്ന കുട്ടികള്‍ വിഷാദ ലോകത്ത് എത്തിപ്പെടാന്‍ സാധ്യതയുണ്ട്. കുടുംബ പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. കോവിഡ് ബാധിച്ച് മരണപ്പെട്ട ആളുകളുടെ വീടുകളിലും കാര്യങ്ങള്‍ കലങ്ങിമറിഞ്ഞിരിക്കും. മാസങ്ങളായി അടഞ്ഞുകിടക്കുന്ന കടകളുടെ ഉടമസ്ഥരും അവരുടെ കുടുംബാംഗങ്ങളും എത്തിപ്പെട്ട മാനസികാവസ്ഥയും വിവരണങ്ങള്‍ക്കതീതമാണ്. അവര്‍ക്കെല്ലാം കൗണ്‍സലിംഗ് നല്‍കണം. ആശകളും പ്രതീക്ഷകളും കൊടുക്കണം. മഹല്ലുകളും ക്ലബ്ബുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഇത്തരം കാര്യങ്ങള്‍ നടക്കേണ്ടതുണ്ട്.
സാമ്പത്തിക അച്ചടക്കം പാലിക്കണം
ഈ കാലത്ത് സാമ്പത്തിക അച്ചടക്കം പരമപ്രധാനമാണ്. യൂസുഫ് നബി ക്ഷാമകാലത്തേക്ക് നെല്‍ക്കതിരുകള്‍ സൂക്ഷിച്ചുവെക്കാന്‍ തന്റെ നാട്ടുകാരോട് നിര്‍ദേശിച്ചിരുന്നല്ലോ. അതുപോലെ സൂക്ഷിച്ചു ജീവിക്കേണ്ട കാലമാണിത്. അത്യാവശ്യങ്ങള്‍ എന്തൊക്കെ എന്ന കാര്യത്തില്‍ നമ്മള്‍ പുനരാലോചന നടത്തണം. കല്യാണവും വീടുപണിയുമെല്ലാം ചെലവ് കുറച്ച് ചെയ്യാന്‍ ശീലിക്കണം. ധൂര്‍ത്തടിക്കാന്‍ തുനിയരുത്. തിന്നാം, കുടിക്കാം, അതിരു കവിയരുത് എന്നാണല്ലോ ഖുര്‍ആനികാധ്യാപനം. മരുന്നിനും ഭക്ഷണത്തിനും ആളുകള്‍ കേണുകൊണ്ടിരിക്കുന്ന കാലത്ത് നമ്മള്‍ ആര്‍ഭാടത്തിന്റെ പിറകെ പോയിക്കൂടാ. പണം കൊണ്ട് അനാവശ്യ കാര്യങ്ങള്‍ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമായി തന്നെ കാണണം. വിവാഹ ചടങ്ങുകള്‍ ഇപ്പോള്‍ ചെറുതായിട്ടുണ്ട്. എന്നാല്‍ പലരും വിവാഹ ചെലവുകള്‍ കുറക്കുന്നില്ല. കോവിഡ് കാലത്തെ വിവാഹ ചടങ്ങ് പല ദിവസങ്ങളിലും സമയങ്ങളിലുമായി പഴയതിനേക്കാള്‍ പ്രൗഢിയോടെ നടത്താനാണ് പലര്‍ക്കും താല്‍പര്യം. കോവിഡ് ദുരിതങ്ങള്‍ക്കിടയില്‍ നാം ഇത്തരം അവിവേകം കാണിക്കരുത്.
കൊറോണാ വൈറസിനെ താല്‍ക്കാലികമായി പ്രതിരോധിക്കാനുള്ള പിടച്ചിലാണ് നമ്മള്‍ നടത്തുന്നത്. ഇതിനേക്കാള്‍ ഭീകരമായ വൈറസുകളെ നാം അഭിമുഖീകരിക്കേണ്ടിവന്നേക്കാം. അതിനാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും നിലനിര്‍ത്താനുമായി ചില ദൈനംദിന ശീലങ്ങള്‍ ജീവിതത്തില്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. മിതഭക്ഷണത്തോടൊപ്പം പ്രതിരോധശേഷി വര്‍ധിപ്പിക്കാനുതകുന്ന ഭക്ഷണങ്ങള്‍, സ്ഥിര വ്യായാമം എന്നിവ ശീലമാക്കണം. അങ്ങനെ ജീവിതത്തെ എഡിറ്റ് ചെയ്യാനും പുതുക്കിപ്പണിയാനും നാം ശ്രമിക്കുക.
ജാഗ്രത കൈവിടാതിരിക്കുക
ഏകാധിപതികള്‍ക്ക് നല്ല കാലമാണ് ഇത്തരം ദുരിത കാലങ്ങള്‍. രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് നീങ്ങുമ്പോള്‍ ഗുണഭോക്താക്കള്‍ ഭരണകൂടങ്ങളും, ഇരകളാക്കപ്പെടുന്നത് സാധാരണക്കാരുമായിരിക്കും. ലോക്ക് ഡൗണിനെ ഏകാധിപതികള്‍ കൃത്യമായി ഉപയോഗപ്പെടുത്തുന്നുണ്ട്. അത്തരമൊരു കാലത്ത് ജനാധിപത്യബോധം കൈമോശം വരാന്‍ പാടില്ല. പ്രതികരണശേഷി നഷ്ടപ്പെടാനോ ജാഗ്രതക്കുറവ് സംഭവിക്കാനോ പാടില്ല. നമ്മുടെ മൗലികാവകാശങ്ങള്‍ വിട്ടുകൊടുക്കരുത്. ഭരണാധികാരികള്‍ കൂടുതലായി ഏകാധിപത്യ പ്രവണത കാണിക്കുന്നത് നമ്മള്‍ കാണുന്നുണ്ട്. പോലീസ് രാജാണ് നടപ്പാക്കപ്പെടുന്നത്. വംശീയ ഭ്രാന്തിന്റെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കുന്നതിനെ കുറിച്ച് ജാഗ്രത വേണം. കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ ഗവണ്‍മെന്റിന് കഴിയാതെ വരുമ്പോള്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ വംശീയ ഭ്രാന്തിനെ കെട്ടഴിച്ചുവിടാനും സാധ്യതകളുണ്ട്.
പുതിയ ലോകക്രമം രൂപപ്പെടുത്തുന്നതില്‍ ഈ പാന്റമിക് കാലം വഴിയൊരുക്കുമെന്ന കാര്യം തീര്‍ച്ചയാണ്. ഒരുപാട് മാറ്റങ്ങള്‍ വരാന്‍ പോകുന്നു. പക്ഷേ ആ മാറ്റങ്ങള്‍ എങ്ങനെയാകണമെന്ന കാര്യത്തില്‍ നമുക്കും ധാരണ വേണം. നമുക്കും സ്വപ്‌നങ്ങളും നിലപാടുകളും വേണം. മനുഷ്യര്‍ പരിഗണിക്കപ്പെടുന്ന, അവരിലെ ദുര്‍ബലര്‍ പരിഗണിക്കപ്പെടുന്ന, അവന്റെ ആവാസ വ്യവസ്ഥ പരിഗണിക്കപ്പെടുന്ന, പ്രകൃതിസൗഹൃദപരമായ ഒരു നാഗരികതക്ക് തറക്കില്ലിടാന്‍ പറ്റണം. അത്തരം ഗുണപരമായ മാറ്റങ്ങള്‍ക്കാവശ്യമായ ചര്‍ച്ചകളും സംവാദങ്ങളും ഈ കാലത്ത് വികാസം പ്രാപിക്കണം. അങ്ങനെ അസന്തുലിതമായ ലോകക്രമത്തിനു പകരം സന്തുലിതത്വവും സമാധാനവും പുലരുന്ന പുതുലോകക്രമത്തിന് കോവിഡാനന്തര ലോകം സാക്ഷ്യം വഹിക്കണം.
(ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീര്‍ പി. മുജീബുര്‍റഹ്മാന്‍ നടത്തിയ ഓണ്‍ലൈന്‍ പ്രഭാഷണത്തിന്റെ ലേഖനാവിഷ്‌കാരം)
Comments