അഫ്ഗാനിസ്താന് സാമ്രാജ്യങ്ങളുടെ ശവപ്പറമ്പില്‍ തകര്‍ന്നൊടുങ്ങിയ യാങ്കി നുണക്കോട്ടകള്‍
അമേരിക്ക അഫ്ഗാനില്‍ നടത്തിയ 20 വര്‍ഷം നീണ്ട അധിനിവേശ യുദ്ധം ഒരു നീണ്ടകാലമെന്ന് തോന്നാം. ചരിത്രത്തെ കുറച്ചുകൂടി വലിയ കാന്‍വാസില്‍ കാണുമ്പോള്‍, ചരിത്രത്തിനു ഗതിവേഗം കൂടിയ ഹ്രസ്വമായ കാലമാണ് ഇത്. ഒന്നാലോചിച്ചുനോക്കുക; 1970-കളുടെ അന്ത്യം ചരിത്രഗതിയെ സാരമായി സ്വാധീനിച്ച നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. അതില്‍ സുപ്രധാനമായ രണ്ടു സംഭവങ്ങളായിരുന്നു ഇറാന്‍ വിപ്ലവവും സോവിയറ്റ് യൂനിയന്റെ അഫ്ഗാനിസ്താന്‍ അധിനിവേശവും. ഒരര്‍ഥത്തില്‍ തുടര്‍ന്നുണ്ടായ സുപ്രധാനമായ സംഭവങ്ങളെല്ലാം ഇതിന്റെ അനുരണനങ്ങള്‍ മാത്രമായിരുന്നുവെന്ന് മനസ്സിലാക്കാം. ഇറാന്‍ വിപ്ലവത്തെ തുടര്‍ന്ന് ആ വിപ്ലവ സര്‍ക്കാരിനെ മറിച്ചിടാനുള്ള ശ്രമത്തിന്റെ ഭാഗമായി നാല്‍പത് വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴും തുടരുന്ന ഇറാന്‍ ഉപരോധവും പത്തു വര്‍ഷം നീണ്ട ഇറാന്‍ -ഇറാഖ് യുദ്ധവുമുണ്ടായി. ഇരു രാജ്യങ്ങളെയും നശിപ്പിച്ച ആ യുദ്ധം വളര്‍ന്നുവരാനിടയുള്ള ഇസ്‌ലാമിക ശക്തിയെ തടയാന്‍ വേണ്ടത്ര പര്യാപ്തമായില്ലെന്ന് മനസ്സിലാക്കിയ സാമ്രാജ്യത്വ ശക്തികള്‍ ഇസ്‌ലാമിക ശക്തി ഉയര്‍ത്താനിടയുള്ള 'ഭീഷണി'യെ മുന്‍കൂറായി നശിപ്പിക്കാനുള്ള (പ്രീ എംപ്റ്റീവ്) ശ്രമത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്ത കുടില തന്ത്രങ്ങളുടെ ഭാഗമായി സംഭവിച്ചതാണ് സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശവും തുടര്‍ന്നുണ്ടായ അമേരിക്കയുടെയും യൂറോപ്യന്‍ ശക്തികളുടെയും പ്രത്യക്ഷമായ പശ്ചിമേഷ്യന്‍ ഇടപെടലുകളും ഇറാഖ് അധിനിവേശ യുദ്ധങ്ങളും അതിനെ തുടര്‍ന്ന് ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്ന അനന്തര സംഭവവികാസങ്ങളും. മറുവശത്ത്, സോവിയറ്റ് യൂനിയന്റെ അഫ്ഗാന്‍ അധിനിവേശത്തെ, സോവിയറ്റ് കമ്യൂണിസ്റ്റ് സാമ്രാജ്യത്വത്തിന്റെ കിഴക്കോട്ടേക്കുള്ള വ്യാപനമായായിരുന്നു അന്ന് ലോകം കണ്ടിരുന്നത്. പക്ഷേ, അഫ്ഗാന്‍ മുജാഹിദുകളുടെ പത്ത് വര്‍ഷക്കാലം നീണ്ട പോരാട്ടം, സോവിയറ്റ് കമ്യൂണിസ്റ്റ് സാമ്രാജ്യത്വത്തിന്റെ തകര്‍ച്ചക്കും സോവിയറ്റ് യൂനിയന്റെ ശിഥിലീകരണത്തിനുമാണ് അന്തിമ വിശകലനത്തില്‍ കാരണമായത്.
അഫ്ഗാനില്‍ സോവിയറ്റ് യൂനിയന്റെ ചെമ്പട പരാജയപ്പെട്ടത് അമേരിക്ക കാരണമായിട്ടാണെന്ന് തെറ്റായ രൂപത്തില്‍ വിലയിരുത്തി ആശ്വസിക്കുന്ന ചില മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികളുണ്ട്. ഇത് ചരിത്ര വസ്തുതയുമായി തീരെ യോജിക്കുന്നതല്ല. എങ്കില്‍ സോവിയറ്റ് അധിനിവേശത്തിന്റെ ഏതാണ്ട് ഒന്നര നൂറ്റാണ്ട് മുമ്പ്, 1842-ല്‍ അക്കാലത്തെ സാമ്രാജ്യത്വ ശക്തിയായിരുന്ന ബ്രിട്ടന്റെ അധിനിവേശ ശ്രമവും, സോവിയറ്റ് സാമ്രാജ്യത്വത്തിന്റെ അധിനിവേശം അവസാനിച്ച് കേവലം പത്തു വര്‍ഷത്തിനു ശേഷം മാത്രം തുടങ്ങിയ അമേരിക്കയുടെ അധിനിവേശ ശ്രമവും അഫ്ഗാനിസ്താനില്‍ പരാജയപ്പെട്ടത് ആരുടെ പിന്തുണ കൊണ്ടായിരുന്നുവെന്ന് വിശദീകരിക്കപ്പെടേണ്ടതായുണ്ട്. പട്ടിണി കിടന്നാലും ഒരു ശക്തിയുടെ മുമ്പിലും കീഴടങ്ങാന്‍ തയാറില്ലാതെ, തലയുയര്‍ത്തി പിടിക്കുന്ന അഫ്ഗാനികളുടെ സ്വാതന്ത്ര്യവാഞ്ഛക്കും ഇഛാശക്തിക്കും മുമ്പിലാണ് ഈ സാമ്രാജ്യത്വശക്തികള്‍ മുഴുക്കെ പരാജയപ്പെട്ടത് എന്നതാണ് വസ്തുത. ഇന്ത്യ പോലുള്ള ഒരു രാജ്യത്തെ ഇരുനൂറ് വര്‍ഷക്കാലം ഭരിച്ച ബ്രിട്ടന് അഫ്ഗാനില്‍നിന്ന് മൂന്ന് വര്‍ഷം കൊണ്ട് പിന്‍വാങ്ങേണ്ടി വന്നിരുന്നുവെന്ന കാര്യം ഓര്‍ക്കണം. കമ്യൂണിസ്റ്റ് റഷ്യയുടെ കിരാതമായ സൈനിക അധിനിവേശ ശ്രമം പത്തു വര്‍ഷവും അമേരിക്കയുടേത് ഇരുപതു വര്‍ഷവും നീണ്ടുപോയെന്നു മാത്രം.
സാമ്രാജ്യത്വശക്തികള്‍ തകരുന്നത്
ഇറാന്‍-ഇറാഖ് യുദ്ധം അവസാനിക്കുന്നതും സോവിയറ്റ് യൂനിയന്‍ അഫ്ഗാനില്‍ പരാജയപ്പെട്ട് ശിഥിലീകൃതമാകുന്നതും ഒരേ കാലത്താണ്. ഇത് മുസ്‌ലിം ലോകത്തെ ഇസ്‌ലാമിക നവജാഗരണത്തെ ശക്തിപ്പെടുത്തുമെന്ന് അമേരിക്കയും പശ്ചാത്യശക്തികളും ഭയപ്പെട്ടപ്പോഴാണ് മധ്യപൗരസ്ത്യദേശത്ത് സദ്ദാമിന്റെ കുവൈത്ത് അധിനിവേശം നടക്കുന്നതും അഫ്ഗാനിസ്താന്‍ ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലമരുന്നതും. മനുഷ്യചരിത്രം ദര്‍ശിച്ച എല്ലാ സാമ്രാജ്യശക്തികളുടെയും പതനം നമ്മെ നിരന്തരമായി പഠിപ്പിക്കുന്ന നാല് കാര്യങ്ങളുണ്ട്. അതില്‍ ഒന്നാമത്തെ പാഠം, എല്ലാ സാമ്രാജ്യശക്തികളും അതിന്റെ താല്‍പര്യങ്ങള്‍ക്കും നിലനില്‍പിനും ഭീഷണിയായി വളരാനിടയുള്ള ശക്തികളെ മുളയിലേ ഇല്ലാതാക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും പ്രീ എംപ്റ്റീവായ സ്‌ട്രൈക്കുകള്‍ നിരന്തരം നടത്തുകയും ചെയ്യാറുണ്ട് എന്നതാണ്. സാഹിത്യ സൃഷ്ടികളിലെയും പുരാണ കഥകളിലെയും മാത്രം പ്രമേയമല്ല അത്. ഗ്രീക്ക്, റോമന്‍, പേര്‍ഷ്യന്‍, ബ്രിട്ടീഷ്, ഫ്രഞ്ച് സാമ്രാജ്യങ്ങളുടെ ചരിത്രം പഠിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്. അതു തന്നെയാണ് സോവിയറ്റ് യൂനിയന്റെ കാര്യത്തില്‍ കണ്ടതും ഇപ്പോള്‍ അമേരിക്ക നേരിട്ടുകൊണ്ടിരിക്കുന്നതായി നാം കാണുന്നതും.
രണ്ടാമത്തെ ചരിത്ര വസ്തുത, ഈ സാമ്രാജ്യ ശക്തികളൊക്കെ അവര്‍ ഭയപ്പെട്ടിരുന്നതും ഒഴിവാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നതുമായ തകര്‍ച്ചക്ക് അന്തിമമായി വിധേയപ്പെടുന്നുവെന്നതാണ്. അതുകൊണ്ടാണല്ലോ, ലോകത്ത് പുതിയ ശക്തികള്‍ ഉയര്‍ന്നുവരുന്നതും ശാക്തിക ചേരികള്‍ നിരന്തരമായി മാറിമാറി വരുന്നതും. മൂന്നാമത്തെ വസ്തുത, ഏതൊരു കാലത്തും നിലവിലുണ്ടായിരുന്ന സാമ്രാജ്യശക്തികള്‍ പരാജയപ്പെട്ടതും തകര്‍ന്നടിഞ്ഞതും അതിന്റെ എതിരാളിയായി ആ കാലത്ത് നിലനിന്നിരുന്ന പ്രതിസാമ്രാജ്യശക്തികളുടെ പ്രഹരമേറ്റിട്ടായിരുന്നില്ല എന്നതാണ്. റോമാ സാമ്രാജ്യം തകര്‍ന്നത് പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെയോ പേര്‍ഷ്യന്‍ സാമ്രാജ്യം തകര്‍ന്നത് റോമാ സാമ്രാജ്യത്തിന്റെയോ ആക്രമണ ഫലമായിട്ടായിരുന്നില്ല. ബ്രിട്ടീഷ് -ഫ്രഞ്ച് സാമ്രാജ്യത്വങ്ങളും അവസാനിച്ചത് അവര്‍ക്കിടയില്‍ ഉണ്ടായ പരസ്പര ആക്രമണങ്ങളുടെ ഫലമായിട്ടായിരുന്നില്ല. സാമ്രാജ്യങ്ങള്‍ പരസ്പരം പങ്കിട്ടെടുക്കലിന്റെ ചില ധാരണകളില്‍ എത്തിച്ചേരുകയാണ് പതിവ്. ഇന്നും അത് അങ്ങനെത്തന്നെ. അവയൊക്കെയും തകര്‍ന്നത് അവ പ്രാകൃതരെന്നോ അസംസ്‌കൃതരെന്നോ വിശേഷിപ്പിച്ച ദുര്‍ബല വിഭാഗങ്ങളുടെ പ്രഹരമേറ്റുകൊണ്ടായിരുന്നു. അത് അവര്‍ പ്രതീക്ഷിക്കാത്ത ദേശങ്ങളില്‍നിന്നും ജനവിഭാഗങ്ങളില്‍നിന്നുമാണ് എപ്പോഴും ഉണ്ടാകാറുള്ളത്. നാലാമതായി, സാമ്രാജ്യത്വം വളരുമ്പോള്‍ അതോടൊപ്പം അതിനുള്ളില്‍ അള്ളിപ്പിടിച്ചു നില്‍ക്കുന്ന ചില ജൈവിക ദൗര്‍ബല്യങ്ങളും ആന്തരിക വൈരുധ്യങ്ങളും ശക്തിപ്പെട്ടുകൊണ്ടേയിരിക്കും. ഈ ദൗര്‍ബല്യങ്ങളും വൈരുധ്യങ്ങളും അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തുകയും, മുകളില്‍ പറഞ്ഞ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില ദുര്‍ബല വിഭാഗങ്ങളില്‍നിന്ന് തുടരത്തുടരെ പ്രഹരമേല്‍ക്കുകയും ചെയ്യുമ്പോഴാണ് ജനതതികള്‍ക്കു മേല്‍ വിനാശം വിതക്കുന്ന വന്‍ശക്തികള്‍ കൊമ്പു കുത്തി വീഴുന്നതായി ചരിത്രത്തില്‍ നാം കാണുന്നത്.
മനുഷ്യചരിത്രം ദര്‍ശിച്ച, ഏറ്റവും ദീര്‍ഘകാലം നിലനിന്ന രാഷ്ട്രീയ വ്യവസ്ഥ ഇസ്‌ലാമിക ഖിലാഫത്തിന്റേതായിരുന്നു. ആയിരത്തി മൂന്നൂറിലേറെ വര്‍ഷക്കാലം അതിന്റെയെല്ലാ നിംനോന്നതികളോടും കൂടി നിലനിന്ന ഖിലാഫത്ത് വ്യവസ്ഥ അവസാനിച്ച് നൂറു വര്‍ഷം തികയുമ്പോഴേക്ക് ബ്രിട്ടീഷ്-ഫ്രഞ്ച് സാമ്രാജ്യത്വവും, സോവിയറ്റ് സാമ്രാജ്യത്വവും അവസാനിച്ചു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഒടുക്കത്തിന്റെ തുടക്കമാരംഭിച്ചുവോ? അതല്ല, പകരം ഉയര്‍ന്നുവരാനിടയുള്ളതെന്ന് അമേരിക്കന്‍ സാമ്രാജ്യത്വം ഭയപ്പെടുന്ന ശക്തികള്‍ക്കെതിരായ പുതിയ ഉപജാപ പ്രവൃത്തികളുടെയും പ്രീ-എംപ്റ്റീവ് ആക്രമണങ്ങളടെയും തുടര്‍ കാലമാണോ ഇനി ലോകം കാണാന്‍ പോകുന്നത്? ഈ ചോദ്യങ്ങളാണ് സാമ്രാജ്യങ്ങളുടെ ശവപ്പറമ്പായ അഫ്ഗാന്റെ മണ്ണില്‍ തകര്‍ന്നടിഞ്ഞ യാങ്കി നുണക്കോട്ടകള്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്.
അയല്‍ രാജ്യങ്ങളുമായി പങ്കിടുന്ന അതിര്‍ത്തികള്‍ മുഴുവന്‍ പിടിച്ചടക്കി, ഹെറാത്ത്, കാണ്ഡഹാര്‍, ഗസ്നി, കുന്ദുസ്, ജലാലാബാദ്, മസാറേ ശരീഫ് തുടങ്ങിയ പ്രധാന നഗരങ്ങള്‍ കീഴടക്കി, കാബൂള്‍ ലക്ഷ്യമാക്കി വിജയകരമായി നീങ്ങിയ താലിബാന്‍ പട 1975-ല്‍ വിയറ്റ്‌നാം യുദ്ധത്തില്‍നിന്ന് പിന്‍വാങ്ങാന്‍ അമേരിക്ക തീരുമാനിച്ചപ്പോള്‍ സൈഗോണിലെ കവാടങ്ങളില്‍ വടക്കന്‍ വിയറ്റ്‌നാമിലെ പോരാളികള്‍ നിലയുറപ്പിച്ചതിനെ കൃത്യമായും ഓര്‍മപ്പെടുത്തുന്നുണ്ട്.
തന്ത്രപ്രാധാന്യമുള്ള രാജ്യം
നാലു കോടി ജനങ്ങള്‍ അധിവസിക്കുന്ന ദരിദ്രവും പിന്നാക്കവുമായ അഫ്ഗാനിസ്താന്‍ ഭൗമരാഷ്ട്രീയത്തില്‍ ഏറെ തന്ത്രപ്രാധാന്യമുള്ള രാജ്യമാണ്. അഫ്ഗാനിസ്താനും താജികിസ്താന്‍, ഉസ്‌ബെകിസ്താന്‍, കസാഖിസ്താന്‍, കിര്‍ഗിസ്താന്‍ തുടങ്ങിയ ഇതര മധ്യേഷ്യന്‍ നാടുകളും സമുദ്രങ്ങള്‍ അതിരിടാത്ത ലാന്റ് -ലോക്ക്ഡ് രാജ്യങ്ങളാണ്. ഈ രാജ്യങ്ങള്‍ക്ക് കടല്‍മാര്‍ഗമുള്ള ചരക്കു കടത്തിന്, അഫ്ഗാനിസ്താന്‍ സാധാരണനില പ്രാപിച്ചാല്‍, ചെലവും ദൂരവും സമയവും പരിഗണിക്കുമ്പോള്‍ ഏറ്റവും നല്ല തുറമുഖം പാകിസ്താനിലെ കറാച്ചിയാണ്. ഇതിനു പുറമെ, തുര്‍ക്കുമാനിസ്താനും ഇതര മധ്യേഷ്യന്‍ നാടുകളും എണ്ണയും പ്രകൃതിവാതകങ്ങളും സമൃദ്ധമായുള്ള രാജ്യങ്ങളാണ്. ഇവരുടെ ദക്ഷിണേഷ്യയിലേക്കുള്ള പൈപ്പ് ലൈന്‍ കടന്നുപോകേണ്ടതും അഫ്ഗാനിസ്താനിലൂടെയാണ്. ഈയൊരു പ്രാധാന്യത്തിനു പുറമെ, അമേരിക്കയുടെ എതിര്‍ ശക്തികളായി വളര്‍ന്നുവരാന്‍ പ്രത്യക്ഷ സാധ്യതയുള്ള ചൈനയുമായും റഷ്യയുമായും ഏറെ അടുത്ത് നില്‍ക്കുന്ന രാജ്യമാണ് അഫ്ഗാനിസ്താന്‍. ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത വിലകൂടിയ ലോഹങ്ങളായ കോപ്പറിന്റെയും കോബാള്‍ട്ടിന്റെയും നയോബിയത്തിന്റെയും ലിഥിയത്തിന്റെയും മാത്രമല്ല 1.4 മില്യന്‍ മെട്രിക് ടണ്ണിന്റെ റെയര്‍ എര്‍ത്ത് മെറ്റലി(REM)ന്റെയും ശേഖരമുള്ള രാജ്യവുമാണ്. അഫ്ഗാനിസ്താനെ 'ലിഥിയത്തിന്റെ സുഊദി അറേബ്യ' എന്നാണ് ഒരു ക്ലാസ്സിഫൈഡ് പെന്റഗണ്‍ മെമോ വിശേഷിപ്പിച്ചത് (fraserinstitute.org പുനഃപ്രസിദ്ധീകരിച്ച The American Magazine ഓണ്‍ലൈനില്‍ വന്ന ലേഖനം). മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, ഹൈബ്രിഡ് എഞ്ചിനുകള്‍, കമ്പ്യൂട്ടര്‍ കംപോണന്റ്‌സ്, ലൈസേഴ്‌സ്, ബാറ്ററികള്‍, ഫൈബര്‍ ഒപ്റ്റിക്‌സ്, സൂപ്പര്‍ കണ്ടക്‌ടേഴ്‌സ് തുടങ്ങി ആധുനിക സാങ്കേതിക വിദ്യ ഉല്‍പാദിപ്പിക്കുന്ന ഉപകരണങ്ങളുടെ നിര്‍മാണത്തിലും, കാറ്റലിസ്റ്റ് നിര്‍മാണത്തിലും ഏറെ ഉപയോഗിക്കുന്ന Rare Earth Metal-ന്റെ ഖനന -വിതരണ കുത്തക നിലവില്‍ ചൈനയുടെ കൈവശമാണ്. ഇതൊക്കെ കൂടി കണ്ടുകൊണ്ടായിരിക്കണം നേരത്തേ സോവിയറ്റ് യൂനിയനും ഇപ്പോള്‍ അമേരിക്കയും അഫ്ഗാനിസ്താനെ ഒരു സാമന്ത രാജ്യമാക്കി മാറ്റാന്‍ അധിനിവേശം നടത്തിയത്. ഇതോടൊപ്പം ശ്രദ്ധിക്കേണ്ടതാണ് ചൈനയുടെ ONE ROAD ONE BELT (OROB) പദ്ധതിയില്‍ അഫ്ഗാനിസ്താന് ഉണ്ടാകാന്‍ പോകുന്ന നിര്‍ണായക സ്ഥാനം. ആ പദ്ധതിയുടെ ഭാഗമായുള്ള പുരാതന പട്ടുപാത പുനരുദ്ധാരണത്തില്‍ അഫ്ഗാനിസ്താന്റെ രാഷ്ട്രീയ സ്ഥിരതക്ക് നിര്‍ണായക പ്രാധാന്യമാണുള്ളത്. 2013-ല്‍ ഷി ജിന്‍പിങ് പ്രസിഡന്റായി അധികാരത്തിലേറിയ ഉടനെയാണ് OROB സംബന്ധമായ പ്രഖ്യാപനം ചൈന നടത്തിയത്. എങ്കിലും അതു സംബന്ധമായ ചൈനയുടെ പര്യാലോചന എപ്പോഴാണ് തുടങ്ങിയതെന്നതിനെ കുറിച്ച് ഒരു വിവരവും ലഭ്യമല്ല. അമേരിക്കന്‍ ഇന്റലിജന്‍സിന് അതു സംബന്ധമായി എന്തെങ്കിലും വിവരം നേരത്തേ ചോര്‍ത്തിക്കിട്ടിയിരുന്നോ എന്നും അതിന്റെ സാധ്യതക്കു കൂടി തടയിടാന്‍ വേണ്ടിയായിരുന്നോ അഫ്ഗാന്‍ അധിനിവേശത്തിന് അമേരിക്ക പദ്ധതിയാവിഷ്‌കരിച്ചത് എന്നും തീര്‍ത്തുപറയാന്‍ സാധിക്കില്ല.
ഗവാദര്‍ തുറമുഖത്തിന്റെ രാഷ്ട്രീയം
അതെന്തു തന്നെയായാലും, ആ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ ഒന്ന് പാകിസ്താനാകുന്ന സാഹചര്യം നിലവിലുണ്ട്. അതിന്റെ കൂടി ഭാഗമായി ചൈന പാകിസ്താനിലെ ഗവാദറില്‍ പണിയുകയും വികസിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന തുറമുഖം ചൈന ഉള്‍ക്കൊള്ളുന്ന ഫാര്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കും യൂറോപ്പിനും മധ്യപൗരസ്ത്യദേശത്തിനും അറബിക്കടല്‍ വഴി ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുമിടയിലെ ഹബ് ആയി മാറുന്ന സാഹചര്യത്തെ മറികടക്കാന്‍ കൂടിയായിരുന്നു ഇന്ത്യ- ഇറാന്‍- അഫ്ഗാനിസ്താന്‍ സംയുക്താഭിമുഖ്യത്തില്‍ ഗള്‍ഫ് ഓഫ് ഒമാന്‍ തീരത്ത് നിര്‍മിക്കുന്ന ഇറാനിലെ ഛബര്‍ തുറമുഖം. നരേന്ദ്ര മോദിയുടെ 2016-ലെ ഇറാന്‍ സന്ദര്‍ശനത്തിന്റെ കൂടി ഫലമെന്നോണം അതിന്റെ ഓപ്പറേഷന്‍ ഭാഗികമായി ഇന്ത്യ ഏറ്റെടുക്കുന്ന സാഹചര്യമുണ്ടായെങ്കിലും, ഇതു സംബന്ധമായി ഇന്ത്യക്കും ഇറാന്നും അഫ്ഗാനിസ്താനുമിടയിലെ വീക്ഷണവ്യത്യാസങ്ങള്‍ കാണാതിരുന്നുകൂടാ. ഇന്ത്യ, ഛബര്‍ തുറമുഖത്തെ പാകിസ്താനിലെ ഗവാദര്‍ തുറമുഖത്തിന്റെ പ്രതിയോഗിയായി കാണുമ്പോള്‍, ഇറാനും അഫ്ഗാനിസ്താനും ഗവാദറിന്റെ സഹോദര തുറമുഖമായിട്ടാണ് ഛബറിനെ കാണുന്നത്.
ഛബര്‍ തുറമുഖത്തിന് പരമാവധി അഫ്ഗാനിസ്താനിലേക്കും മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കും പഴയ സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളിലേക്കുമുള്ള ചരക്കുകളുടെ ട്രാന്‍സിറ്റ് പോര്‍ട്ട് ആകാന്‍ മാത്രമേ സാധിക്കൂ. പഴയ പട്ടുപാത(Silk Route)യിലൂടെയുള്ള വാണിജ്യത്തെ പുനരുജ്ജീവിപ്പിക്കുക കൂടി ചെയ്യുന്ന ചൈനയുടെ ONE ROAD ONE BELT പദ്ധതി ഭൗമരാഷ്ട്രീയത്തിലും ലോക സാമ്പത്തിക ഘടനയിലും ദൂരവ്യാപക മാറ്റങ്ങള്‍ ഉണ്ടാക്കും. ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയും (CPEC) ഇതിന്റെ തന്നെ ഭാഗമാണ്.
മുട്ടുമടക്കി അമേരിക്ക
ഖത്തറിന്റെ മാധ്യസ്ഥതയില്‍ താലിബാനുമായി നേരിട്ട് സംസാരിക്കാന്‍ അമേരിക്ക തയാറാവുകയും അഫ്ഗാനിസ്താനില്‍നിന്ന് പരാജയം സമ്മതിച്ച് തലയൂരാന്‍ തീരുമാനിക്കുകയുമാണുണ്ടായത്. താലിബാനില്‍നിന്ന് ഒരിളവും ചര്‍ച്ചാ വേളയില്‍ അമേരിക്കക്ക് ലഭിച്ചില്ല എന്നത് താലിബാനുമായി അമേരിക്കയുണ്ടാക്കിയത് ഒരു സമാധാന കരാറല്ലെന്നും, മറിച്ച് യുദ്ധക്കരാറായിരുന്നുവെന്നും തെളിയിക്കുന്നു. അതാണ് അമേരിക്കന്‍ പിന്മാറ്റത്തോടനുബന്ധിച്ച് താലിബാന്‍ നടത്തിയ മുന്നേറ്റം വ്യക്തമാക്കുന്നത്.
ഗ്രീക്കുകാരില്‍നിന്ന് തുടങ്ങി മംഗോളിയരും ബ്രിട്ടീഷുകാരും സോവിയറ്റ് യൂനിയനും അഫ്ഗാനില്‍ അനുഭവിച്ചതെന്തോ, അതിപ്പോള്‍ അമേരിക്കക്കും കിട്ടിയെന്നു മാത്രം. അഫ്ഗാനിന്റെ ചരിത്രത്തില്‍ രണ്ടു വിഭാഗങ്ങള്‍ക്ക് മാത്രമാണ് രാഷ്ട്രീയമായി ദീര്‍ഘകാലം ഭരിക്കാനും അതിന്റെ സംസ്‌കാരത്തിലും ജീവിതത്തിലും സ്വാധീനം ചെലുത്താനും സാധിച്ചതായി കാണാന്‍ സാധിക്കുക. അതില്‍ ഒന്ന്, പേര്‍ഷ്യയിലെ മാതൃകാ ഭരണാധികാരി സൈറസിന്റെ പിന്‍ഗാമിയായ ദാരിയസിന്റെ ഭരണത്തിനു കീഴില്‍ ബി.സി 559-ല്‍ അഫ്ഗാനിസ്താന്‍ വന്നപ്പോഴായിരുന്നു. ബി.സി. 330-ല്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി പേര്‍ഷ്യന്‍ സാമ്രാജ്യത്തെ പരാജയപ്പെടുത്തുന്നതു വരെ 229 വര്‍ഷക്കാലം അത് തുടര്‍ന്നു. വിശുദ്ധ ഖുര്‍ആന്‍ ദുല്‍ഖര്‍നൈനി എന്ന് വിശേഷിപ്പിച്ചത് സൈറസ് രാജാവിനെക്കുറിച്ചാണെന്ന ശക്തമായ വാദം നിലവിലുണ്ട്. അതിനു ശേഷം അഫ്ഗാന്‍ ജനത സ്വീകരിച്ച ഏക ജീവിത ദര്‍ശനവും സംസ്‌കാരവും ഇസ്‌ലാമിന്റേതു മാത്രമായിരുന്നു. ഇസ്‌ലാമിനെ അവിടെനിന്ന് പിഴുതെറിയാന്‍ ബ്രിട്ടീഷ് - സോവിയറ്റ്- അമേരിക്കന്‍ സാമ്രാജ്യത്വങ്ങള്‍ നടത്തിയ സകല സൈനിക ശ്രമങ്ങളെയും പരാജയപ്പെടുത്തി അഫ്ഗാനിസ്താന്‍ ആത്മാഭിമാനത്തോടെ തലയുയര്‍ത്തി നിലകൊള്ളുന്നു.
ഇതെഴുതുമ്പോള്‍ അഫ്ഗാനിലെ അമേരിക്കന്‍ പാവ ഭരണാധികാരി അശ്‌റഫ് ഗനി കാബൂള്‍ വിട്ടോടുകയും യാതൊരു ചെറുത്തുനില്‍പുമില്ലാതെ അധികാരം താലിബാന് വിട്ടുകൊടുക്കുകയും ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ അഫ്ഗാനിസ്താനില്‍ ഇതുവരെ ഇന്‍വെസ്റ്റ് ചെയ്തതൊക്കെ വൃഥാവിലായിപ്പോയേക്കുമോ എന്ന ആശങ്ക ഉയര്‍ന്നിരിക്കുന്നു. ഇറാനിലെ ഛബര്‍ തുറമുഖം കൊണ്ട് ഉദ്ദേശിച്ച തന്ത്രപരമായ ലക്ഷ്യങ്ങള്‍ നേടാന്‍ സാധിക്കാതെ വന്നേക്കാം. ഇറാനെതിരെയുള്ള ഉപരോധത്തില്‍നിന്ന് ഛബര്‍ തുറമുഖത്തെ അമേരിക്കന്‍ ഭരണകൂടം നിലവില്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഭാവിയില്‍ അത് അങ്ങനെത്തന്നെ തുടരുമോ എന്ന ആശങ്ക ഇറാനുമായി ബന്ധപ്പെട്ട സംരംഭങ്ങളില്‍ അവശേഷിക്കുന്നുണ്ട്. ഇതിനു പുറമെ, അമേരിക്കയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ അധീശത്വത്തെ ശക്തമായി എതിര്‍ക്കുന്ന ഇറാന്‍, ആ ലക്ഷ്യത്തിനു കൂടി സഹായകമാകാവുന്നതും ബഹുധ്രുവ ലോകത്തിന്റെ സൃഷ്ടിയിലേക്ക് നയിക്കാന്‍ ഇടയുള്ളതുമായ ചൈനയുടെ ONE BELT ONE ROAD പദ്ധതിയുടെ ഭാഗമാകാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. ഇതിനെല്ലാമപ്പുറം, ഇറാനും അഫ്ഗാനിസ്താനും ചൈനയില്‍നിന്നുള്ള ഇറക്കുമതിക്കും ചൈനയിലേക്കുള്ള ഓയില്‍, ഗ്യാസ് തുടങ്ങിയവയുടെ കയറ്റുമതിക്കും പാകിസ്താനിലെ ഗവാദര്‍ തുറമുഖത്തെ തന്നെ ആശ്രയിക്കേണ്ടതായും വരും. ചൈനയുടെ OBOR പദ്ധതിയുടെ വിഷയത്തിലെന്ന പോലെ, അഫ്ഗാനിസ്താനിലെ ഭരണമാറ്റ വിഷയത്തിലും അത് ഭൗമരാഷ്ട്രീയത്തിലുണ്ടാക്കിയേക്കാവുന്ന തുടര്‍ചലന വിഷയത്തിലും മോദി സര്‍ക്കാര്‍ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. അമേരിക്കയും റഷ്യയും കമ്യൂണിസ്റ്റ് ചൈനയും താലിബാനുമായി നേരിട്ട് സംഭാഷണം നടത്തിക്കൊണ്ടിരിക്കെയാണ്, അഫ്ഗാനിസ്താനിലെ മാറ്റം ഏറെ സ്വാധീനിക്കാനിടയുള്ള, ആ മാറ്റത്തിലെ ഒരു പ്രധാന സ്റ്റേക്ക് ഹോള്‍ഡറായ അയല്‍പക്കത്തെ ഇന്ത്യ ഒരുവിധ നയവും തന്ത്രവും ഇല്ലാതെ ഗനി ഭരണകൂടത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് നിലകൊണ്ടത്.
ചൈനയുടെ തന്ത്രങ്ങള്‍
കമ്യൂണിസ്റ്റ് ചൈനയില്‍ പീഡിതരായി കഴിയുന്ന ഉയിഗൂര്‍ മുസ്‌ലിംകള്‍ നിവസിക്കുന്ന സിന്‍ജിയാംഗ് പ്രവിശ്യ അഫ്ഗാനിസ്താന്റെയും പാകിസ്താന്റെയും ഇന്ത്യയുടെയും അതിര്‍ത്തിയോട് ചേര്‍ന്നാണ് നിലകൊള്ളുന്നത്. കശ്മീര്‍ ഇന്ത്യക്കെന്ന പോലെ, മറ്റൊരു രാജ്യവുമായുള്ള തര്‍ക്കസ്ഥലമല്ലെങ്കിലും, തികച്ചും വ്യത്യസ്തമായ സാമൂഹിക-രാഷ്ട്രീയ കാരണങ്ങളാല്‍ മുസ്‌ലിം ഭൂരിപക്ഷ സിന്‍ജിയാംഗിനെയും, അതിന്റെ അതിര്‍ത്തിയിലുള്ള താലിബാന്റെ കീഴിലെ അഫ്ഗാനിസ്താനെയും ഇതര മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളെയും ചൈനയും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഏതു കാലത്തും കാലാവസ്ഥയിലും പാകിസ്താനുമായി സൂക്ഷിക്കുന്ന സൗഹൃദം മുതലാക്കിയാണ് ഈ പ്രശ്‌നത്തെ അന്താരാഷ്ട്രതലത്തില്‍ ചൈന നേരിടുന്നത്. പാകിസ്താനെ ഇടനിലക്കാരാക്കി അഫ്ഗാനിസ്താനില്‍ താലിബാനെ പിന്തുണച്ച് അഫ്ഗാനിന്റെ പുനര്‍നിര്‍മാണത്തിന് സാമ്പത്തികവും സാങ്കേതികവുമായ സഹായം നല്‍കി അഫ്ഗാനിസ്താനെ സൈനിക അധിനിവേശമില്ലാതെ സാമന്ത രാജ്യമാക്കി മാറ്റുക എന്നതാവാം ചൈനയുടെ തന്ത്രം. എന്നാല്‍, അഫ്ഗാനിലെ സോവിയറ്റ് യൂനിയന്റെയും അമേരിക്കയുടെയും സൈനിക പരാജയം തന്നെ, ചൈനക്ക് ആ വിഷയത്തില്‍ വേണ്ടത്ര പാഠങ്ങള്‍ നല്‍കുന്നുണ്ട്.
അമേരിക്കയുടെ സഖ്യകക്ഷിയായി നിന്നുകൊണ്ടുതന്നെ താലിബാനെ സഹായിച്ച പാകിസ്താന്റെ ഇരട്ടസമീപനം കൂടിയാണ് അന്തിമമായി അമേരിക്കയുടെ അഫ്ഗാന്‍ പരാജയത്തിന് കാരണമായത് എന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. ഇത് പാകിസ്താന്നും അമേരിക്കക്കുമിടയില്‍ ഇപ്പോള്‍ തന്നെ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ബന്ധത്തെ ഭാവിയില്‍ കൂടുതല്‍ വഷളാക്കാനാണ് സാധ്യത. ഇറാന്‍വിരുദ്ധ താലിബാനെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ ഇറാനില്‍നിന്ന് തുടക്കത്തില്‍ ലഭിച്ചിരുന്ന സഹകരണം പ്രസിഡന്റ് ബുഷിന്റെ 'തിന്മയുടെ അച്ചുതണ്ട്' പ്രസംഗവും, തുടര്‍ന്നു നടന്ന ഇറാഖ് ആക്രമണവും കാരണമായി പൂര്‍ണമായും ഇല്ലാതാവുകയായിരുന്നു. താലിബാനോട് ഒട്ടും യോജിപ്പില്ലെങ്കിലും, അതിലേറെ വലിയ ഭീഷണിയും അപകടകാരിയുമായ അമേരിക്കയെ വെച്ചുപൊറുപ്പിക്കാതിരിക്കാനുള്ള വിവേകം, ഇന്ത്യയെ ഒഴിച്ചുനിര്‍ത്തിയാല്‍ ഇറാനുള്‍പ്പെടെ മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കുമുണ്ടായിരുന്നു എന്നതാണ് വസ്തുത.
കഴിഞ്ഞ ഇരുപത് വര്‍ഷമായി അഫ്ഗാന്‍ വിഷയത്തില്‍ അമേരിക്ക പുറത്തുവിട്ട വിവരങ്ങളെല്ലാം പെരുംനുണകളായിരുന്നുവെന്നു മാത്രമല്ല, ആ വിഷയത്തില്‍ ബുഷും ഒബാമയും ട്രംപും ഉള്‍പ്പെടെയുള്ള മുഴുവന്‍ രാഷ്ട്രീയ -സൈനിക നേതൃത്വവും അമ്പേ പരാജയപ്പെടുകയായിരുന്നുവെന്നും കൂടിയാണ് ഇപ്പോള്‍ അഫ്ഗാനില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തെളിയിക്കുന്നത്. അഫ്ഗാനിസ്താന്റെ പുനര്‍നിര്‍മാണത്തിന്ന് നിശ്ചയിക്കപ്പെട്ട സ്‌പെഷ്യല്‍ ഇന്‍സ്പെക്ടര്‍ ജനറലും (SIGAR- Special Inspector Genaral for Afghanistan Reconstuction) ലീഡ് ഇന്‍സ്പെക്ടര്‍ ജനറലും (LIG) അമേരിക്കന്‍ കോണ്‍ഗ്രസ്സിന് അഫ്ഗാനില്‍ അമേരിക്കയുടെ അധിനിവേശമുണ്ടാക്കുന്ന പുരോഗതി സംബന്ധമായി ഓരോ മൂന്നു മാസത്തിലും റിപ്പോര്‍ട്ട് നല്‍കാറുണ്ട്. ഇതെല്ലാം വ്യക്തമാക്കുന്നത്, അഫ്ഗാന്‍ യുദ്ധവിഷയത്തിലെ റിപ്പോര്‍ട്ടിംഗുകളില്‍ അധികവും, നുണകള്‍ എഴുതിയും പറഞ്ഞും കേട്ടും പരസ്പരം ആസ്വദിക്കുകയും ആശ്വസിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന പൊതു നുണകാര്യാലയ പ്രവര്‍ത്തനം മാത്രമായിരുന്നുവെന്നാണ്.
താലിബാനും പാശ്ചാത്യ മീഡിയയും
മൂത്തു മുരടിച്ച യാഥാസ്ഥിതികത പുലര്‍ത്തുന്ന താലിബാനോട് നമുക്ക് നിരവധി വിയോജിപ്പുകളുണ്ട്. അവര്‍ക്ക് നേരത്തേയുണ്ടായിരുന്നത് തലതിരിഞ്ഞ നിലപാടുകളും മുന്‍ഗണനാക്രമവുമായിരുന്നു. എന്നു കരുതി അവരെ കുറിച്ച് പശ്ചാത്യ മാധ്യമങ്ങളും, പൂജ്യം വിശ്വാസ്യതയുള്ള നമ്മുടെ നാട്ടിലെയടക്കമുള്ള ഇസ്‌ലാമോഫോബിക് മാധ്യമങ്ങളും പടച്ചുവിടുന്നതൊക്കെ സത്യമാണെന്ന മട്ടില്‍ വെള്ളം തൊടാതെ വിഴുങ്ങണമെന്ന വാദം ശരിയല്ല. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് കൊമേഡിയന്‍ കൂടി ആയിരുന്ന നാസര്‍ മുഹമ്മദ് വധിക്കപ്പെട്ടപ്പോഴുള്ള മാധ്യമങ്ങളുടെ പ്രചണ്ഡമായ താലിബാന്‍വിരുദ്ധ പ്രചാരണം. വാര്‍ത്ത കേട്ടാല്‍ തോന്നിപ്പോവും, അദ്ദേഹം കൊമേഡിയനായതുകൊണ്ടാണ് വധിക്കപ്പെട്ടത് എന്ന്. അപ്പോള്‍ ഇരുപതു വര്‍ഷമായി അമേരിക്കന്‍ പാവഭരണകൂടം വാഴുകയായിരുന്ന അഫ്ഗാനിസ്താനില്‍ നാസര്‍ മുഹമ്മദ് എന്ന ഒരൊറ്റ കൊമേഡിയന്‍ മാത്രമേയുള്ളോ എന്നും സ്വാഭാവികമായും ചോദിച്ചുപോകും. ഈ വിഷയത്തിലെ താലിബാന്റെ പ്രതികരണം ശ്രദ്ധേയമായിരുന്നു. മാറിയ സാഹചര്യത്തില്‍ അത് നല്‍കാനുള്ള സന്മനസ്സ് മിക്ക മുഖ്യധാരാ അമേരിക്കന്‍ പ്രിന്റ് മാധ്യമങ്ങളും കാണിച്ചിരുന്നു. എന്നാല്‍ മുഖ്യധാരാ ഇന്ത്യന്‍ മാധ്യമങ്ങള്‍ താലിബാന്റെ ആ പ്രതികരണം ശരിയായ രൂപത്തില്‍ നല്‍കാന്‍ പോലും ധൈര്യം കാണിച്ചില്ല. എപ്പോഴും തോക്കും വഹിച്ചു നടക്കുന്ന നാസര്‍ മുഹമ്മദ് അഫ്ഗാന്‍ ദേശീയ പോലീസ് സേനയില്‍ അംഗമായിരുന്നുവെന്നും, നിരവധി താലിബാന്‍ സൈനികരെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിയായിരുന്നുവെന്നും വ്യക്തമാക്കിയ താലിബാന്‍ വക്താവ് ദബീഹുല്ലാഹ് മുജാഹിദ്, അദ്ദേഹത്തെ പിടികൂടിയ താലിബാന്‍ സേന ജുഡീഷ്യല്‍ പ്രോസസ്സിന് വിധേയമാക്കാതെ അദ്ദേഹത്തെ വധിച്ചത് ശരിയായില്ലെന്നും, അങ്ങനെ വധിച്ച താലിബാന്‍ സൈനികരെ വിചാരണക്ക് വിധേയമാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
യാഥാസ്ഥിതികരായ അധിനിവേശവിരുദ്ധ പോരാളികളെ ഭീകരരായി ചിത്രീകരിച്ചുകൊണ്ട് അമേരിക്കയും അമ്പതോളം സഖ്യരാജ്യങ്ങളും ചേര്‍ന്ന് നടത്തിയ യുദ്ധമാണ് അതേ താലിബാനെ അംഗീകരിച്ചുകൊണ്ട് അവര്‍ക്കു തന്നെ ഇപ്പോള്‍ അവസാനിപ്പിക്കേണ്ടതായി വന്നത്.
2021 ഏപ്രില്‍ പതിനാലിന് ജോ ബൈഡന് പറയേണ്ടിവന്നു; 'അഫ്ഗാനിസ്താനില്‍ നാം നമ്മുടെ ലക്ഷ്യങ്ങള്‍ നേടിക്കഴിഞ്ഞു. ബിന്‍ ലാദിന്‍ മരിച്ചു. അഫ്ഗാനിസ്താനിലെ അല്‍ഖാഇദ ദുര്‍ബലപ്പെട്ടു. ആയതിനാല്‍ ഈ നിത്യയുദ്ധം നിര്‍ത്താന്‍ സമയമായി' (വാഷിംഗ്ടണ്‍ പോസ്റ്റ്, ഏപ്രില്‍ 15, 2021). ഈ ബഡായി പറയുമ്പോള്‍ പ്രസിഡന്റ് ബൈഡന്‍ മറന്നുപോയ ഒരു കാര്യമുണ്ട്; ഉസാമാ ബിന്‍ ലാദിന്‍ മരിച്ചതായി അമേരിക്ക ഉറപ്പിച്ചിട്ട് പത്തു വര്‍ഷത്തിലേറെയായി. ബിന്‍ ലാദിന്റെ അന്ത്യം മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍, ഇത്രയേറെ സൈനിക നഷ്ടവും സാമ്പത്തിക നഷ്ടവും വരുത്തിവെച്ച് വീണ്ടുമൊരു പത്തു വര്‍ഷം കൂടി അമേരിക്കന്‍ സേന അഫ്ഗാനില്‍ തുടരേണ്ട കാര്യമെന്തായിരുന്നു? ഏതായാലും പൊതുവെ ഏറെ നയതന്ത്രപരമായി സംസാരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് 'ബിന്‍ ലാദിനെ ഞങ്ങള്‍ കൊന്നു'വെന്ന മുന്‍ പ്രസിഡന്റുമാരുടെ വീമ്പു ഭാഷയില്‍നിന്ന് ഭിന്നമായി 'ബിന്‍ ലാദിന്‍ മരിച്ചു'വെന്ന് മാത്രമാണ് പറഞ്ഞതെന്നത് ശ്രദ്ധേയമാണ്. മുമ്പെപ്പോഴോ മരിച്ചുപോയ ബിന്‍ ലാദിനെ, അദ്ദേഹം മരിച്ചു മറമാടപ്പെട്ടുവെന്ന് ഉറപ്പിച്ച ശേഷം, തങ്ങളുടെ ഇളിഭ്യത മറച്ചുവെക്കാന്‍ 'ഓപ്പറേഷന്‍ നെപ്റ്റിയുന്‍ സ്പിയറി'ലൂടെ വീണ്ടും 'കൊന്ന്', ആരുമറിയാതെ ഒബാമ സര്‍ക്കാര്‍ കടലില്‍ 'മുക്കിയ' കഥയില്‍ വീണ്ടും സംശയം ജനിപ്പിക്കുന്നതായി പ്രസിഡന്റ് ബൈഡന്റെ ഈ പ്രസ്താവന.
അഫ്ഗാന്‍ വിഷയത്തില്‍ പ്രസിഡന്റ് ബൈഡന്‍ 2021 ജൂലൈ 8-നു നടത്തിയ പ്രസ്താവന (വാഷിംഗ്ടണ്‍ പോസ്റ്റ് ജൂലൈ 9) സത്യസന്ധത തീരെയില്ലാത്തതായിരുന്നുവെന്ന് അതിലെ ഉള്ളടക്കം വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം അന്ന് പറഞ്ഞ ഓരോ കാര്യവും മുമ്പ് അമേരിക്കന്‍ പ്രസിഡന്റുമാര്‍ പറഞ്ഞിരുന്ന കാര്യങ്ങളുമായും നിലവിലുള്ള യാഥാര്‍ഥ്യങ്ങളുമായും ചേര്‍ത്തുവെച്ചുനോക്കുക.
1. പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു: 'ഞങ്ങള്‍ അഫ്ഗാനിസ്താനില്‍ രാഷ്ട്രനിര്‍മാണത്തിനു വേണ്ടി പോയിട്ടില്ല. അഫ്ഗാനിസ്താന്റെ ഭാവി എങ്ങനെയായിരിക്കണമെന്നും അവരുടെ രാജ്യം എങ്ങനെ ഭരിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശവും ഉത്തരവാദിത്തവും പൂര്‍ണമായും അഫ്ഗാന്‍ ജനതക്കാണ്.'
2002 ഏപ്രിലില്‍ വിര്‍ജീനിയ മിലിറ്ററി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ബുഷ് അഫ്ഗാനിസ്താന്റെ പുനര്‍നിര്‍മാണത്തിന് ഒരു മാര്‍ഷല്‍ പ്ലാന്‍ പ്രഖ്യാപിച്ചിരുന്നുവെന്ന കാര്യം പ്രസിഡന്റ് ബൈഡന്‍ ഇവിടെ സൗകര്യപൂര്‍വം മറന്നു!
2. 'നാറ്റോ സഖ്യകക്ഷികളും അഫ്ഗാന്‍ യുദ്ധത്തില്‍ അമേരിക്കയോടൊപ്പം നിന്നുകൊണ്ട് പങ്കാളിത്തം വഹിച്ച ഇതര രാജ്യങ്ങളുമായി ചേര്‍ന്ന് ഞങ്ങള്‍ ഇപ്പോള്‍ അഫ്ഗാന്‍ നാഷ്‌നല്‍ സെക്യൂരിറ്റി ഫോഴ്സില്‍ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന മൂന്നു ലക്ഷം സൈനികരെ പരിശീലിപ്പിക്കുകയും അവര്‍ക്ക് അത്യാധുനിക ആയുധങ്ങള്‍ നല്‍കി സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമെ, ഞങ്ങള്‍ നല്ല പരിശീലനം നല്‍കിയ, ഇപ്പോള്‍ സേവനം അനുഷ്ഠിക്കാത്ത നിരവധി സൈനികര്‍ വേറെയുമുണ്ട്. ഇതോടൊപ്പം ചേര്‍ക്കേണ്ടതാണ് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ പരിശീലിപ്പിക്കപ്പെട്ട ലക്ഷക്കണക്കിന് അഫ്ഗാന്‍ നാഷ്‌നല്‍ ഡിഫന്‍സ് ആന്റ് സെക്യൂരിറ്റി ഫോഴ്‌സുകള്‍. ഞാന്‍ ഊന്നിപ്പറയുന്നു; ഞങ്ങള്‍ അഫ്ഗാന്‍ പങ്കാളികള്‍ക്ക് എല്ലാവിധ ഉപകരണങ്ങളും പരിശീലനങ്ങളും ആധുനിക മിലിറ്ററി സംവിധാനങ്ങളും എക്യുപ്പ്‌മെന്റുകളും നല്‍കി. ഞങ്ങള്‍ അത് നല്‍കുന്നതും സാമ്പത്തിക സഹായം ചെയ്യുന്നതും തുടരുകയും ചെയ്യും. അവര്‍ക്ക് അവരുടെ വ്യോമശക്തി കൈകാര്യം ചെയ്യാനുള്ള കഴിവ് ഉണ്ടെന്ന് ഞങ്ങള്‍ ഉറപ്പു വരുത്തും.'
താലിബാന്റെ അപ്രതിഹതമായ സൈനിക മുന്നേറ്റവുമായി തട്ടിച്ചുനോക്കിയാല്‍ തന്നെ അഫ്ഗാന്‍ ദേശീയ സേനയുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ബൈഡന്‍ ഈ പറഞ്ഞത് വെറും ബഡായി മാത്രമാണെന്ന് ഏതൊരു സാമാന്യ നിരീക്ഷകനും ബോധ്യപ്പെടും. അമേരിക്കയുടെ പ്രസിഡന്റ് ആരായാലും, ഏതു പാര്‍ട്ടിക്കാരനായാലും അന്താരാഷ്ട്ര വിഷയങ്ങളുടെ ഉള്ളടക്കത്തില്‍ അവരെല്ലാവരും പുലര്‍ത്തുന്ന നിലവാരം ട്രംപിന്റേതു തന്നെയാണ്; ഭാഷയിലും ശൈലിയിലും മാത്രമേ വ്യത്യാസം കാണുകയുള്ളൂ.
Comments