Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 27

3215

1443 മുഹര്‍റം 18

മുഹര്‍റം മാസത്തിലെ  'പഞ്ച'യും 'കൂടാര'വും

വി.കെ കുട്ടു ഉളിയില്‍

1960 വരെ തലശ്ശേരിയില്‍ ഒരു വിഭാഗം മുഹര്‍റം മാസത്തിലെ ആദ്യ പത്ത് ദിവസങ്ങളില്‍ 'പഞ്ച'യും 'കൂടാര'വും ആഘോഷിക്കാറുണ്ടായിരുന്നു. മുഹര്‍റം 7-ന് ഇമാം ഹുസൈന്റെ ഛേദിക്കപ്പെട്ട കൈ എന്ന സങ്കല്‍പ്പത്തില്‍ ലോഹം കൊണ്ടുണ്ടാക്കിയ അഞ്ച് വിരലുകളുള്ള കൈപ്പത്തിരൂപം മുഖത്തോട് ചേര്‍ത്തുപിടിച്ച് 10 വയസ്സോളം പ്രായമുള്ള ഒരു കുട്ടിയെ കുതിരപ്പുറത്തു കയറ്റി ബാന്റ്‌വാദ്യങ്ങളോടെയും കുറേ പേരുടെ അകമ്പടിയോടെയും തലശ്ശേരി പട്ടണം ചുറ്റി നടത്തിക്കും. ഇതാണ് 'പഞ്ച'. ഈ ദിവസം പല വീടുകളിലും ഇമാം ഹുസൈനെ അനുസ്മരിച്ച് കുട്ടികള്‍ക്ക് മധുരപാനീയം വിതരണം ചെയ്തിരുന്നു. തലശ്ശേരിയില്‍ ശീഈ വിഭാഗക്കാര്‍ ഉണ്ടായിരുന്നില്ല.
തലശ്ശേരി മെയിന്‍ റോഡില്‍ മട്ടമ്പ്രം പള്ളിക്കും ആലിഹാജി പള്ളിക്കും ഇടയില്‍ ഉണ്ടായിരുന്ന കൂടാരപ്പുരയില്‍ ആയിരുന്നു 'കൂടാരം' നിര്‍മിച്ചിരുന്നത്. താജ് മഹലിന്റെ ആകൃതിയില്‍ നാല് മിനാരങ്ങളോടെ പത്തടി ഉയരത്തിലും ആറടി ചതുരത്തിലും നാല് ആളുകള്‍ക്ക് ചുമക്കത്തക്കവിധം   മുളക്കമ്പുകള്‍ കെട്ടി വര്‍ണക്കടലാസ് കൊണ്ട് അലങ്കരിച്ചുണ്ടാക്കുന്നതായിരുന്നു കൂടാരം.
പഞ്ച പട്ടണത്തില്‍ പ്രദക്ഷിണം ചെയ്തിരുന്നതുപോലെ മുഹര്‍റം പത്തിന് കൂടാരവും നാല് ആളുകള്‍ ചുമന്ന് പട്ടണത്തില്‍ പ്രദക്ഷിണം ചെയ്യും. കുന്തിരിക്കവും ഊദും പുകക്കുന്ന പാത്രങ്ങള്‍ പിടിച്ച് രണ്ടു കുട്ടികള്‍ കൂടാരത്തിനു മുന്നില്‍ നടക്കും. ഘോഷയാത്ര സമ്പന്നരായ മുസ്‌ലിംകളുടെയും ഹിന്ദുക്കളുടെയും വീടിനു സമീപം എത്തിയാല്‍ അല്‍പസമയം അവിടെ നില്‍ക്കും. അവിടെനിന്ന് ഒരു തുക കൂടാരത്തില്‍ ഇട്ടു കഴിഞ്ഞാല്‍ ഘോഷയാത്ര മുന്നോട്ടു നീങ്ങുകയായി. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ഈ കുറിപ്പുകാരനും കുട്ടികളോടൊപ്പം കൂടാര ആഘോഷത്തോടൊപ്പം നടന്നിരുന്നു. പ്രദക്ഷിണം പൂര്‍ത്തിയായാല്‍ കൂടാരം കടലില്‍ ഒഴുക്കുകയായിരുന്നു പതിവ്. ഈ ദിവസങ്ങളില്‍ മെയിന്‍ റോഡില്‍ ലഡു, ജിലേബി, കശുവണ്ടി മിഠായി എന്നിങ്ങനെയുള്ള മധുരപലഹാരങ്ങള്‍ വില്‍പ്പനക്കു വെച്ചിരിക്കും. തലശ്ശേരിയിലെ പുതിയ പുതിയാപ്പിളമാര്‍ ഭാര്യവീട്ടില്‍ വരുമ്പോള്‍ 'കൂടാരം മിഠായി' വാങ്ങി കൊണ്ടു വന്ന് വിതരണം ചെയ്തിരുന്നു.
കൂടാരപ്പുരയുടെ ഉടമകളും കൂടാരപ്പുരക്കു ചുറ്റും താമസിച്ചിരുന്നവരും ഉര്‍ദു മാതൃഭാഷയായിരുന്ന ദഖ്‌നി (ഉലരരമി) മുസ്‌ലിംകളായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി തലശ്ശേരിയില്‍ കോട്ട പണിതതിനു ശേഷം  ടിപ്പുസുല്‍ത്താനുമായി യുദ്ധം ചെയ്ത സന്ദര്‍ഭത്തില്‍ ഹൈദറാബാദിലെ നൈസാമുമായി ബ്രിട്ടീഷുകാര്‍ സഖ്യത്തിലായിരുന്നു. ആ സന്ദര്‍ഭത്തിലാണ് കുറച്ചു ദഖ്‌നി മുസ്‌ലിംകള്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായി തലശ്ശേരിയില്‍ എത്തിയത്. പിന്നീട് അവരില്‍ പലരും ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ തലശ്ശേരിയിലെ കോടതികളിലും റവന്യൂ വകുപ്പിലും ഇംപീരിയല്‍ ബാങ്കിലും (സ്റ്റേറ്റ് ബാങ്കിന്റെ മുന്‍ഗാമി) ജോലിയില്‍ പ്രവേശിച്ചു തലശ്ശേരിയില്‍ സ്ഥിരതാമസമാക്കി.
1950-കളില്‍ തലശ്ശേരിയിലെ മുസ്ലിം സമൂഹത്തില്‍ നവോത്ഥാന-സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നു. ഇസ്‌ലാഹീ-ജമാഅത്തെ ഇസ്‌ലാമി ആശയക്കാരായ യുവാക്കള്‍ക്ക് മുഹര്‍റമിലെ പഞ്ചയും കൂടാരവും തലശ്ശേരി മുസ്‌ലിംകള്‍ക്ക് അപമാനവും കളങ്കവുമാണെന്ന്  ബോധ്യമായിരുന്നു. ഇസ്‌ലാഹീ പ്രസ്ഥാനത്തിലും ജമാഅത്തെ ഇസ്‌ലാമിയിലും പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്ന പയ്യമ്പള്ളി ഉമ്മര്‍ കുട്ടി, സബ്‌രജിസ്ട്രാര്‍ ചാത്താടി അന്ത്രു, പുല്ലമ്പി അബൂബക്കര്‍ മാസ്റ്റര്‍, കെ.പി അബ്ദുല്‍ ഖാദര്‍, സി. അബൂബക്കര്‍ മാസ്റ്റര്‍ എന്നിവരുമായി, കോടതിയില്‍ ജോലി ചെയ്തിരുന്ന ആമില്‍ സാഹിബ് എന്നറിയപ്പെട്ടിരുന്ന ദഖ്‌നി മുസ്ലിംകളില്‍പെട്ട ഇസ്ഹാഖ് അടുത്ത സൗഹൃദത്തിലായിരുന്നു. അദ്ദേഹം ദഖ്‌നി മുസ്‌ലിംകളില്‍ വളരെ സ്വാധീനമുള്ള ആളുമായിരുന്നു.
പഞ്ച-കൂടാര ആഘോഷങ്ങള്‍ പോലുള്ളവ തലശ്ശേരിയില്‍നിന്ന് എന്നത്തേക്കുമായി നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ കൂടാരപ്പുരയില്‍ മുഹര്‍റം മാസം കഴിഞ്ഞ ഉടനെ ഉര്‍ദു ഭാഷ പഠിപ്പിക്കുന്ന ഒരു ക്ലാസ് ആരംഭിച്ചു. ഒഴിവുദിനങ്ങളില്‍ ദഖ്‌നി മുസ്‌ലിം സമൂഹത്തില്‍ പെട്ട ഇസ്ഹാഖ് സാഹിബ് തന്നെയായിരുന്നു ക്ലാസ് എടുത്തത്. തലശ്ശേരിയുടെ പല ഭാഗങ്ങളില്‍നിന്നും വിദ്യാര്‍ഥികള്‍ അവിടെ വന്ന് ഉര്‍ദു ഭാഷ പഠിച്ചു. അവരില്‍ ചിലര്‍ ഉര്‍ദു ഭാഷാധ്യാപകരായി. മറ്റു ചിലര്‍ ഉര്‍ദു ഭാഷാ പ്രാവീണ്യത്തോടെ വടക്കേ ഇന്ത്യയില്‍ ജോലി കണ്ടെത്തി. പിന്നീട് ആ ചെറു സ്ഥാപനം നിലച്ചെങ്കിലും അതിലൂടെ ഉണ്ടായ നേട്ടം, തലശ്ശേരിയില്‍ വളരെ കാലമായി തുടര്‍ന്നുപോന്നിരുന്നു ഒരു അനിസ്ലാമിക അനാചാരാഘോഷം എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ കഴിഞ്ഞു എന്നതാണ്. 


സിദ്ദീഖ് ഹസന്‍ 'അക്ഷരസ്മൃതി' സംഘാടന മാനേജ്‌മെന്റിന്റെ റഫറന്‍സ് 

കെ.പി അന്‍വര്‍ സാദത്ത്, എഴുവന്തല

പ്രബോധനം പ്രസിദ്ധീകരിച്ച പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ 'അക്ഷരസ്മൃതി' വായിച്ചപ്പോള്‍ ഒരു കാലഘട്ടത്തിലൂടെ സഞ്ചരിച്ച അനുഭവം. എഴുത്തുകാര്‍ ഒരു മഹാ ജീവിതത്തെ ഹൃദയത്തില്‍ തൊട്ട് സാക്ഷ്യപ്പെടുത്തിയ ഓര്‍മക്കുറിപ്പുകള്‍. സംഘാടന മാനേജ്‌മെന്റിന്റെ റഫറന്‍സ് ഗ്രന്ഥമായി ഈ വിശേഷാല്‍ പതിപ്പിനെ അടയാളപ്പെടുത്താവുന്നതാണ്. ഓരോ പ്രസ്ഥാന നേതാവും പ്രവര്‍ത്തകനും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്.
കേവലമൊരു അനുസ്മരണപ്പതിപ്പ് എന്നതിലപ്പുറം, ഇസ്‌ലാമിക പ്രവര്‍ത്തകര്‍ കര്‍മജീവിതത്തില്‍ ഹൃദയത്തോട്  ചേര്‍ത്തുവെക്കേണ്ട ഗുണങ്ങളും മൂല്യങ്ങളും വരച്ചുകാട്ടുകയാണ് ഈ ഗ്രന്ഥത്തിലെ ഓരോ പേജും. ത്യാഗപൂര്‍ണമായ ആ ജീവിതത്തെ അക്ഷരങ്ങളിലേക്ക് പകര്‍ത്താന്‍ മുന്നോട്ടുവന്ന എഴുത്തുകാര്‍ക്കും പ്രബോധനത്തിനും അഭിനന്ദനങ്ങള്‍. 


മുഹര്‍റമിന്റെ അകംപൊരുള്‍ വിശദീകരിച്ച ലേഖനം

മമ്മൂട്ടി കവിയൂര്‍

ഹിജ്‌റയുടെ സന്ദേശം പലപ്പോഴായി പലരും എഴുതാറുണ്ട്. പക്ഷേ ലക്കം 3213-ല്‍ പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി എഴുതിയതിന്  പുതുമയുണ്ട്. മൂന്ന് പേജ് വരുന്ന  ലേഖനം ശ്രദ്ധാപൂര്‍വം വായിക്കുന്ന ആര്‍ക്കും മുഹര്‍റമിന്റെ അകംപൊരുള്‍ വ്യക്തമായി മനസ്സിലാക്കാനാവും. മലബാറില്‍ ശീഈ സ്വാധീനമുണ്ടായിരുന്ന കാലത്ത് അവര്‍ കൊണ്ടാടിയിരുന്ന പല അനാചാരങ്ങളും കണ്ടു വളര്‍ന്നവരില്‍ ഈ കുറിപ്പുകാരനുമുണ്ട്. അബ്ദുര്‍റഹ്മാന്‍ സാഹിബിനും പ്രബോധനത്തിനും നന്ദി. 

 

വര്‍ഗീയത തിടംവെക്കുന്ന കേരള രാഷ്ട്രീയം

യൂസുഫ് ഉസ്മാന്‍, ദുബൈ

'മുഹമ്മദ് റിയാസ് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ പ്രതിനിധിയായി കേരള മുഖ്യമന്ത്രിയാകും' - 'മറുനാടന്‍ മലയാളി' എന്ന ഓണ്‍ലൈന്‍ ചാനലിലൂടെ അവതാരകന്‍ ഷാജന്‍ സ്‌കറിയ ഈയിടെ നടത്തിയ 'ആധികാരിക' രാഷ്ട്രീയ പ്രവചനമാണിത്. മുഖ്യമന്ത്രിയുടെ മരുമകന്‍ കൂടിയായ മന്ത്രിസഭയിലെ 'രണ്ടാമനെ' ഒന്നാമനാക്കാന്‍ നടക്കുന്ന 'ഗൂഢശ്രമങ്ങളെ' ഷാജന്‍ ദീര്‍ഘമായി 'അവലോകനം' ചെയ്യുന്നുണ്ട്. ഈയിടെയായി തികഞ്ഞ ഇസ്‌ലാമോഫോബിക്കായി മാറിയ അദ്ദേഹത്തിന് തുറന്ന പിന്തുണയുമായി ഇസ്‌ലാംവെറിയില്‍ പുളയുന്ന ധാരാളം പേര്‍ സൈബര്‍ ലോകത്ത് അയാളുടെ പിന്നാലെയുണ്ട്.
കേരളത്തിലെ മുസ്‌ലിം വോട്ടിംഗ് പാറ്റേണ്‍തന്നെ മുസ്‌ലിംകള്‍ക്കും മറ്റു അവശ ജനവിഭാഗങ്ങള്‍ക്കും എതിരായി എങ്ങനെ മാനിപ്പുലേറ്റ് ചെയ്യാമെന്നുള്ള പരീക്ഷണങ്ങള്‍ വിജയകരമായി നടക്കുന്ന സാഹചര്യത്തില്‍ ഇത്തരം 'പ്രവചനങ്ങള്‍' സൃഷ്ടിക്കുന്ന പ്രത്യാഘാതം നിസ്സാരമായി കണ്ടുകൂടാ. 
സമ്പത്തിന്റെയും ജനസംഖ്യയുടെയും വ്യാജ കണക്കുകള്‍ പറഞ്ഞ് ക്രിസ്ത്യന്‍-മുസ്‌ലിം വിഭജനം ഉണ്ടാക്കിയതിന്റെ 'ഗുണഫലം' ഇടതുപക്ഷം തന്നെ അറിഞ്ഞാസ്വദിക്കുകയാണിപ്പോള്‍. മുഹമ്മദ് റിയാസെന്ന 'ഇസ്‌ലാമിസ്റ്റി'നെ(?!) ചൂണ്ടിക്കാട്ടിയും മറ്റും കേരള രാഷ്ട്രീയത്തില്‍ പിടിമുറുക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമം യു.ഡി.എഫിനെ പിന്നെയും അപ്രസക്തമാക്കും. സി.പി.എം ഇരട്ടത്താപ്പിനും ബി.ജെ.പി ഭീതിക്കുമിടയില്‍ വട്ടം കറങ്ങുന്ന മുസ്‌ലിം പൊളിറ്റിക്‌സിനെ തിരിച്ചുപിടിക്കാന്‍ സമയമായി. അല്ലെങ്കില്‍ തന്നെ ഒരു മുസ്‌ലിം നാമധാരി മുഖ്യമന്ത്രിയാകുന്നത് വലിയ അപരാധവും ആന്റണിയും ഉമ്മന്‍ ചാണ്ടിയും, ഇ.എം.എസ് നമ്പൂതിരിപ്പാട് മുതല്‍ പിണറായി വിജയന്‍ വരെയുള്ളവരും മുഖ്യമന്ത്രിമാരാകുന്നത് ജനാധിപത്യത്തില്‍ 'സ്വാഭാവിക'വും ആകുന്നത് എങ്ങനെയാണ്? വിഭജന രാഷ്ട്രീയത്തിന്റെ ഇരകളായി നിന്നു കൊടുക്കാതെ  ഭരണനിര്‍വഹണത്തില്‍ അര്‍ഹിക്കുന്ന പ്രാതിനിധ്യം നേടിയെടുക്കാന്‍ പാര്‍ശ്വവത്കൃതരായ മുസ്‌ലിംകളാദി പിന്നാക്ക വിഭാഗക്കാര്‍ ശക്തമായി മുന്നോട്ട് വരണം.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (01-03)
ടി.കെ ഉബൈദ്‌

ഹദീസ്‌

നാടുമാറ്റമല്ല, നിലപാടുമാറ്റമാണ് ഹിജ്‌റ
അബ്ദുല്ലത്വീഫ് കൊടുവള്ളി