Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 27

3215

1443 മുഹര്‍റം 18

എഫ്.ഡി.സി.എ, ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍

ടി.കെ ഹുസൈന്‍

ബാബരി മസ്ജിദിന്റെ പതനശേഷം ജനാധിപത്യം, മതേതരത്വം, മതസൗഹാര്‍ദം എന്നിവയുടെ സംരക്ഷണത്തിന് ജമാഅത്തിന്റെ മേല്‍നോട്ടത്തില്‍ രൂപീകൃതമായ വേദിയാണ് ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്യൂണല്‍ അമിറ്റി (എഫ്.ഡി.സി.എ). കേന്ദ്ര ജമാഅത്തിന്റെ അസിസ്റ്റന്റ് അമീറായിരുന്ന മൗലാനാ ശഫീഅ് മൂനിസ് സാഹിബിന്റെ കാര്‍മികത്വത്തില്‍ സാമൂഹിക, സാംസ്‌കാരിക, നിയമ, പത്രപ്രവര്‍ത്തന മേഖലകളിലെ പ്രമുഖരെയും മുസ്‌ലിം സമുദായത്തിലെ പ്രമുഖരെയും വിളിച്ചുചേര്‍ത്തായിരുന്നു 1993 ജൂലൈ 11-ന് ദല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ വെച്ച് വേദിയുടെ രൂപീകരണം. യോഗത്തില്‍ ജ. വി.എം താര്‍ക്കുണ്ഡെ, ജ. ആര്‍.എസ് നരൂല, ജ. രജീന്ദര്‍ സച്ചാര്‍, എന്‍.സി പാഞ്ചോലി, അഡ്വ. ഗാര്‍ഗ്, സോളി. ജെ സൊറാബ്ജി, സ്വാമി അഗ്നിവേശ്, കുല്‍ദീപ് നയാര്‍, മുച്കുന്ദ് ദുബെ, സയ്യിദ് യൂസുഫ്, കേരളത്തില്‍നിന്ന് ജ. വി.ആര്‍ കൃഷ്ണയ്യര്‍, പി.സി ഹംസ എന്നിവര്‍ സംബന്ധിച്ചു. എഫ്.ഡി.സി.എയുടെ പ്രഥമ പ്രസിഡന്റായി ജ. വി.എം താര്‍ക്കുണ്ഡെയും ജന. സെക്രട്ടറിയായി മൗലാനാ ശഫീഅ് മൂനിസിനെയും തെരഞ്ഞെടുത്തു. മൂനിസ് സാഹിബായിരുന്നു എഫ്.ഡി.സി.എയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. 
അധികം താമസിയാതെ എഫ്.ഡി.സി.എ കേരള ചാപ്റ്ററും നിലവില്‍വന്നു. എറണാകുളം റെയില്‍വേ സ്റ്റേഷന് അഭിമുഖമുള്ള  മാസ് ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു രൂപീകരണ സമ്മേളനം. ദേശീയ ഭാരവാഹികളായ ജ. താര്‍കുണ്ഡെ, ശഫീഅ് മൂനിസ്, സയ്യിദ് യൂസുഫ് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍നിന്ന് ജ. വി.ആര്‍ കൃഷ്ണയ്യര്‍, കെ. അജിത, പി.കെ ഗോപി, അഡ്വ. മഞ്ചേരി സുന്ദര്‍രാജ്, കെ. പാനൂര്‍ തുടങ്ങി  250-ഓളം പേര്‍ സന്നിഹിതരായി. പി.കെ ഗോപി മനോഹരമായ കവിത ആലപിച്ചത് ഓര്‍ക്കുന്നു. എഫ്.ഡി.സി.എ കേരള ചാപ്റ്ററിന്റെ പ്രഥമ ചെയര്‍മാനായി ദേശീയ കൗണ്‍സില്‍ അംഗം കൂടിയായ ജ. വി.ആര്‍ കൃഷ്ണയ്യര്‍ തെരഞ്ഞെടുക്കപ്പെട്ടു. മാധ്യമം ചീഫ് എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബായിരുന്നു ജന. സെക്രട്ടറി. പി.സി ഹംസ സാഹിബും അഡ്വ. മഞ്ചേരി സുന്ദര്‍രാജും ഞാനും സെക്രട്ടറിമാര്‍. ഒ. അബ്ദുര്‍റഹ്മാന്‍ പത്രപവര്‍ത്തനത്തിലും പി.സി ഹംസ ജമാഅത്തിന്റെ ദേശീയ കാര്യങ്ങളിലും മുഴുകിയതിനാല്‍ 1995 മുതല്‍ എഫ്.ഡി.സി.എ കേരള ചാപ്റ്ററിന് മേല്‍നോട്ടം വഹിച്ചത് ഈയുള്ളവനായിരുന്നു. 
ജമാഅത്തിന്റെ മേല്‍നോട്ടത്തിലാണ് രൂപീകരിച്ചതെങ്കിലും, സ്വതന്ത്ര വേദിയായിരുന്നു എഫ്.ഡി.സി.എ. ജമാഅത്തുമായി അതിന് ഔദ്യോഗിക ബന്ധമില്ല. ബാബരി മസ്ജിദിന്റെ പതനവും മതേതരത്വ, ജനാധിപത്യ ആശയങ്ങളുടെ പ്രതിസന്ധിയുമാണ് എഫ്.ഡി.സി.എയുടെ രൂപീകരണത്തിന് പശ്ചാത്തലമൊരുക്കിയത്. ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് എഫ്.ഡി.സി.എ കാഴ്ചവെച്ചത്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നിലനില്‍പിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംവാദങ്ങള്‍, ക്യാമ്പുകള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍, സിമ്പോസിയങ്ങള്‍, വസ്തുതാന്വേഷണങ്ങള്‍ തുടങ്ങിയവ എഫ്.ഡി.സി.എ സംഘടിപ്പിച്ചു. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും വേദി സഹായകമായിട്ടുണ്ട്.  
ബാബരി മസ്ജിദുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധികള്‍ കേരളത്തില്‍ ജമാഅത്ത് കൈകാര്യം ചെയ്തത് എഫ്.ഡി.സി.എയുടെ ബാനറിലായിരുന്നില്ല. ബാബരി മസ്ജിദ് സംരക്ഷണ സമിതി എന്ന സ്വതന്ത്ര കൂട്ടായ്മക്കു കീഴിലായിരുന്നു. എങ്കിലും, കേരളത്തിലെ മറ്റു പല വിഷയങ്ങളിലും ഇടപെടാന്‍ എഫ്.ഡി.സി.എക്ക് സാധിച്ചിട്ടുണ്ട്. ക്രിമിനല്‍ രാഷ്ട്രീയം, അക്രമ രാഷ്ട്രീയം, രാഷ്ട്രീയ കൊലപാതകം പോലുള്ള വിഷയങ്ങളിലാണ് എഫ്.ഡി.സി.എ കേരള ശ്രദ്ധിച്ചത്. നാദാപുരത്തെ സി.പി.എം-മുസ്‌ലിം ലീഗ് സംഘര്‍ഷം, എ.കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ മുത്തങ്ങയില്‍ ആദിവാസികള്‍ക്കു നേരേ നടന്ന വെടിവെപ്പ് തുടങ്ങിയ വിഷയങ്ങളില്‍ ഇടപെട്ടു. നാദാപുരത്തെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്താന്‍ എഫ്.ഡി.സി.എ സംഘം നാദാപുരം സന്ദര്‍ശിക്കുകയും ആവശ്യമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യാറുണ്ടായിരുന്നു. ആന്ധ്ര, കേരള ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായിരുന്ന ഭാസ്‌കരന്റെ നേതൃത്വത്തില്‍ മേഘാലയ  മുന്‍ ഗവര്‍ണര്‍ മൂര്‍ക്കോത്ത് രാമുണ്ണി, ജ. ജോണ്‍ ജോസഫ്, അഡ്വ. മഞ്ചേരി സുന്ദര്‍രാജ് എന്നിവര്‍ അംഗങ്ങളായ കമ്മിറ്റി, നാദാപുരം സംഘര്‍ഷത്തെക്കുറിച്ച് പീപ്പ്ള്‍സ് ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത് എഫ്.ഡി.സി.എയുടെ പ്രധാന ചുവടുവെപ്പായിരുന്നു. മഹാരാഷ്ട്രയിലെ ജ. എച്ച്. സുരേഷ്, ജ. പി.കെ ശംസുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ മുത്തങ്ങ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കി. ക്രിമിനല്‍ രാഷ്ട്രീയം രക്തംചിന്തിയ കണ്ണൂരില്‍ പലതവണ സമാധാനദൂതുമായി ഗാന്ധിയന്മാരുടെ സഹകരണത്തോടെ പോകാനായതും ജ. കൃഷ്ണയ്യര്‍, മൂര്‍ക്കോത്ത് രാമുണ്ണി, കെ. പാനൂര്‍ എന്നിവരോടൊപ്പം നിരവധി യോഗങ്ങളില്‍ പങ്കെടുക്കാനായതും മനസ്സില്‍ തട്ടിയ അനുഭവങ്ങളായിരുന്നു.

കാല്‍നൂറ്റാണ്ടിന്റെ സ്‌നേഹോഷ്മള ബന്ധം

ഞാന്‍ മലര്‍വാടിയില്‍ മാനേജറായിരിക്കുമ്പോഴാണ് 1990-ല്‍ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ് ജമാഅത്തെ ഇസ്‌ലാമി കേരള അമീറാവുന്നത്. ആ വര്‍ഷം ജൂലൈയില്‍ അദ്ദേഹം എന്നോട് ജമാഅത്ത് സ്റ്റേറ്റ് ഓഫീസില്‍ വരാനാവശ്യപ്പെട്ടു. മൊയ്തീന്‍ പള്ളിക്ക് സമീപമുള്ള ഒയാസിസ് കോമ്പൗണ്ടില്‍ സ്ഥിതിചെയ്യുന്ന ഐ.പി.എച്ച് കെട്ടിടത്തിന്റെ മുകളിലായിരുന്നു ഓഫീസ്. പിന്നീട്, സ്റ്റേഡിയത്തിന്റെ പടിഞ്ഞാറുവശത്തുള്ള കെട്ടിടത്തിലേക്ക് മാറി. എസ്.ഐ.ഒയുടെയും യുവസരണിയുടെയും ഓഫീസുകളും അവിടെതന്നെ. ശൂറാ തെരഞ്ഞടുത്ത മൂന്നു സെക്രട്ടറിമാരില്‍ ഒരാള്‍ ഞാനാണെന്ന വിവരം അറിയിക്കാനാണ് സിദ്ദീഖ് ഹസന്‍ സാഹിബ്  വിളിച്ചത്. പി.സി ഹംസ, അബ്ദുല്‍ ഹകീം എന്നിവരായിരുന്നു മറ്റു സെക്രട്ടറിമാര്‍. 
സെപ്റ്റംബറില്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു. ജനസേവന വകുപ്പായിരുന്നു ചുമതല. അധികം താമസിയാതെ എനിക്ക് മുഖം കോടിപോവുന്ന അസുഖം (ഫേഷല്‍ പാരലൈസ്) വന്നു. തണുപ്പില്‍ യാത്ര ചെയ്തതിനാലാണ് രോഗം വന്നത്. നീലേശ്വരത്തു നിന്നായിരുന്നു പുതിയ ചുമതല ഏറ്റെടുക്കാന്‍ കോഴിക്കോട്ടെത്തിയത്. രാത്രിയില്‍ എനിക്കൊപ്പം ഒരു അതിഥിയും ഉണ്ടായിരുന്നു. താമസിക്കുന്ന കുടിലില്‍ ഒരു മുറിയും അടുക്കളയും മാത്രം. അതിഥിക്ക് മുന്‍ഗണന നല്‍കി തണുപ്പുള്ള ആ രാത്രി അടുക്കളയിലെ സിമന്റ്തറയിലായിരുന്നു ഞാനും സഹധര്‍മിണിയും കിടന്നത്. മുഖത്തിന്റെ അസുഖം മൂര്‍ഛിക്കാന്‍ അതും കാരണമായി. ഫിസിയോതെറാപ്പിയും മറ്റും ചെയ്തതിന്റെ ഫലമായി മൂന്നു മാസത്തിനുള്ളില്‍ അസുഖം ഭേദമായി.
1991-ലാണ് മട്ടാഞ്ചേരിയില്‍ ഹിന്ദു-മുസ്‌ലിം സംഘര്‍ഷം ഉടലെടക്കുന്നത്. ദിവസങ്ങളോളം കലുഷിതമായ അന്തരീക്ഷമായിരുന്നു മട്ടാഞ്ചേരിയിലും പരിസരത്തും. ആ സാഹചര്യത്തിലാണ് ജ. വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ ജ. ജാനകിയമ്മ,  പ്രഫ. പി. പൈലി, അഡ്വ. ബാലഗംഗാധര മേനോന്‍, ജ. നരേന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘം മട്ടാഞ്ചേരിയിലേക്ക് യാത്ര തിരിക്കുന്നുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പെടുന്നത്. 'സ്‌നേഹദൂത്' എന്നാണ് യാത്രയുടെ പേര്.  
യാത്രാസംഘത്തിന്റെ അനുമതി ലഭിക്കുകയാണെങ്കില്‍, സംഘത്തിനൊപ്പം ചേരാന്‍ ജമാഅത്തും തീരുമാനിച്ചു. സിദ്ദീഖ് ഹസന്‍ സാഹിബാണ് അതിന് ചുക്കാന്‍ പിടിച്ചത്. കൃഷ്ണയ്യരെ ബന്ധപ്പെടാന്‍ എന്നെ ചുമതലപ്പെടുത്തി. ആദ്യമായാണ് കൃഷ്ണയ്യരുമായി ബന്ധപ്പെടാന്‍ പോകുന്നത്. കൃഷ്ണയ്യരെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു. ആദ്യം മടിച്ചുവെങ്കിലും, ജമാഅത്തിന്റെ താല്‍പര്യം ആത്മാര്‍ഥമാണെന്ന് മനസ്സിലാക്കിയപ്പോള്‍, സ്‌നേഹദൂതിനൊപ്പം ചേരാന്‍ അദ്ദേഹം അനുമതി നല്‍കി. നിശ്ചിത ദിവസം സിദ്ദീഖ് ഹസന്‍ സാഹിബും പി.സി ഹംസയും ഞാനും സ്‌നേഹദൂതിനൊപ്പം ചേര്‍ന്നു. ആ യാത്രയാണ് കൃഷ്ണയ്യരുമായി അടുപ്പമുണ്ടാകാന്‍ നിമിത്തമാവുന്നത്. കാല്‍നൂറ്റാണ്ട് നീണ്ട സ്‌നേഹോഷ്മള ബന്ധത്തിന് വേദിയാവുകയായിരുന്നു സ്‌നേഹദൂത്. പ്രഥമ കാഴ്ചയില്‍തന്നെ സിദ്ദീഖ് ഹസന്‍ സാഹിബും ഞാനും അദ്ദേഹത്തിന് വേണ്ടപ്പെട്ടവരായി. കൊച്ചിക്കാരനായതിനാല്‍ യാത്രപോകുന്ന എല്ലാ ഊടുവഴികളും എനിക്ക് മനഃപാഠമായിരുന്നു. കൃഷ്ണയ്യര്‍ വഴികാട്ടിയായി എന്നെ ചുമതലപ്പെടുത്തി. 
വര്‍ഗീയത അകറ്റിയ ഹൃദയങ്ങളെ അടുപ്പിക്കുകയെന്ന ദൗത്യമാണ് സ്‌നേഹദൂത് ഏറ്റെടുത്തത്. കലാപബാധിത പ്രദേശങ്ങളിലെത്തിയ യാത്രാസംഘം മരണപ്പെട്ടവരുടെ വീടുകളില്‍ കയറിയിറങ്ങി. ഹൃദയഭേദകമായിരുന്നു എല്ലായിടത്തെയും കാഴ്ചകള്‍. ഓരോ പ്രദേശവും സന്ദര്‍ശിക്കുമ്പോള്‍ അവിടെയുള്ളവരെ ഒരിടത്ത് ഒരുമിച്ചിരുത്തും. ശേഷം, സൗഹാര്‍ദവും സ്‌നേഹവും മുന്‍നിര്‍ത്തി പ്രശ്‌നങ്ങളില്‍നിന്ന് മാറിനില്‍ക്കുമെന്ന പ്രതിജ്ഞ വാങ്ങും. ചില സ്ഥലങ്ങളില്‍ സംഘത്തിന് എതിര്‍പ്പ് നേരിട്ടെങ്കിലും, മിക്ക സ്ഥലങ്ങളിലും അനുകൂല പ്രതികരണമായിരുന്നു. നൂറുശതമാനം മുസ്‌ലിംകള്‍ താമസിക്കുന്ന പുതിയ റോഡ് ജംഗ്ഷനിലെ നിവാസികള്‍ ഹൃദ്യമായാണ് സംഘത്തെ വരവേറ്റത്. മുസ്‌ലിംകള്‍ക്ക് ജംഗ്ഷനില്‍ വലിയ പള്ളിയുണ്ട്. യാത്രാസംഘം ദേശവാസികളെ അവിടെ  വിളിച്ചുകൂട്ടി. കൃഷ്ണയ്യര്‍ ചോദിച്ചു: 'മട്ടാഞ്ചേരിക്ക് ദോഷമുണ്ടാവുന്നത് എറണാകുളത്തിനും കേരളത്തിനും ഇന്ത്യക്കും ലോകത്തിനും അപമാനമല്ലേ? ഇപ്പോഴുണ്ടായ സംഭവങ്ങള്‍ മട്ടാഞ്ചേരിയെക്കുറിച്ച് പുറംലോകത്ത് മോശമായ വാര്‍ത്തകള്‍ പരത്തുന്നില്ലേ? നമുക്ക് തിരിച്ചുപോകേണ്ടതില്ലേ?' കൃഷ്ണയ്യരോട് അനുകൂലഭാവത്തില്‍ ജനം തലകുലുക്കി. 'ഞാന്‍ പറയുന്നത് കേള്‍ക്കാമോ?' കൃഷ്ണയ്യര്‍ ചോദിച്ചു. തീര്‍ച്ചയായും കേള്‍ക്കാമെന്ന് ജനങ്ങള്‍. 'എങ്കില്‍, എല്ലാവരും സമാധാനത്തോടെ പിരിഞ്ഞുപോവുക. ഒരു പ്രശ്‌നവുമുണ്ടാക്കാതെ ഐക്യത്തില്‍ സഹോദരരെ പോലെ കഴിയുക. നാം മനുഷ്യരെന്ന നിലയില്‍ പരസ്പരം സ്‌നേഹിച്ചു ജീവിക്കുക'- ചുരുങ്ങിയ വാക്കുകളില്‍ കൃഷണയ്യര്‍ അവസാനിപ്പിച്ചു.
സുപ്രിംകോടതിയില്‍നിന്ന് റിട്ടയര്‍ ചെയ്ത് കൊച്ചിയിലെ 'സദ്ഗമയ'യില്‍ സ്ഥിരതാമസമാക്കിയപ്പോഴാണ് കൃഷ്ണയ്യര്‍ക്ക് സാമൂഹികരംഗങ്ങളില്‍ സജീവമാകാന്‍ സമയം വേണ്ടുവോളം ലഭിച്ചത്. മനുഷ്യര്‍ക്കുവേണ്ടി ശബ്ദിക്കേണ്ട ഇടങ്ങളില്‍ ആ ശബ്ദം മുഴങ്ങി. മുമ്പിലുള്ളത് ജയില്‍പുള്ളിയോ കൊലയാളിയോ എന്ന വ്യത്യാസമില്ല. ഒരു പ്രത്യയശാസ്ത്രത്തിന്റെയും വക്താവായിരുന്നില്ല കൃഷ്ണയ്യര്‍. എന്നാല്‍, എല്ലാവരുടെയും തോഴനായിരുന്നു. ജനാധിപത്യ, മതേതരത്വ ഇന്ത്യയിലെ 'ലിവിംഗ് ലജന്റാ'യി അദ്ദേഹം. മനുഷ്യാവകാശം, പൗരാവകാശം, നിയമം, സാഹോദര്യം, അഭിഭാഷകവൃത്തി, നീതി, ഭരണം, ഭരണഘടനാ സംരക്ഷണം, സംസ്‌കാരം, സമാധാന യാത്രകള്‍, ദര്‍ശനങ്ങളുമായുള്ള ഇടപഴകല്‍,  ക്രിമിനല്‍വിരുദ്ധത തുടങ്ങി വ്യത്യസ്ത തുറകളില്‍ അദ്ദേഹം നിറസാന്നിധ്യമായി. ആര്‍ക്കും അദ്ദേഹത്തെ സ്വന്തമാക്കാനായില്ല. കാരണം, അദ്ദേഹം എല്ലാവരുടേതുമായിരുന്നു. പ്രായത്തിന്റെയും അവശതയുടെയും കാലത്തുപോലും 'സദ്ഗമയ' സജീവമായിരുന്നു.
മതേതരത്വത്തിന്റെ പ്രതീകമായ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍, ന്യൂനപക്ഷ സമൂഹത്തിനുണ്ടായ മുറിവില്‍ ഏറെ വേദനിച്ച വ്യക്തിയായിരുന്നു കൃഷ്ണയ്യര്‍. പള്ളി തകര്‍ത്തതിനെ തുടര്‍ന്ന് സ്‌ഫോടനാത്മകമായ അന്തരീക്ഷം സംജാതമായ സന്ദര്‍ഭം. ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്യൂണല്‍ അമിറ്റി (എഫ്.ഡി.സി.എ) എന്ന വേദി രൂപവത്കരിക്കപ്പെട്ടപ്പോള്‍ ജ. വി.ആര്‍ കൃഷ്ണയ്യരാണ് അതിന്റെ കേരളാ ചാപ്റ്റര്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതെന്ന് നേരത്തേ സൂചിപ്പിച്ചു. ജനാധിപത്യത്തിനും സമുദായ സൗഹാര്‍ദത്തിനും രൂപീകരിച്ച ഈ വേദിയെ മരണംവരെ സ്മൃതിപഥത്തില്‍ മങ്ങാതെ സൂക്ഷിച്ചു അദ്ദേഹം. എഫ്.ഡി.സി.എയോടൊപ്പം കാല്‍നൂറ്റാണ്ടുകാലം ജമാഅത്തിന്റെ മിക്ക വേദികളിലും കൃഷ്ണയ്യരുണ്ടായിരുന്നു. 1998 ഏപ്രിലില്‍ നടന്ന ഹിറാനഗര്‍ സമ്മേളനം, 1999 ഏപ്രില്‍ 17 മുതല്‍ മെയ് 16 വരെ നീണ്ടുനിന്ന പലിശക്കെതിരെയുള്ള കാമ്പയിന്റെ കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടന്ന ഉദ്ഘാടന സമ്മേളനം, 2005-ല്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന  മനുഷ്യാവകാശ കാമ്പയിന്റെ ഉദ്ഘാടനപരിപാടി, എറണാകുളത്ത് സംഘടിപ്പിച്ച ഇഫ്ത്വാര്‍ പാര്‍ട്ടി എന്നിവയിലെല്ലാം അദ്ദേഹമുണ്ടായിരുന്നു. ജമാഅത്ത് അഖിലേന്ത്യാ അധ്യക്ഷന്‍ സയ്യിദ് ജലാലുദ്ദീന്‍ അന്‍സര്‍ ഉമരിക്ക് മറൈന്‍ ഡ്രൈവില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സദസ്സിനെ അഭിസംബോധന ചെയ്ത്, സ്റ്റേജിന്റെ പിറകിലേക്ക് തിരിഞ്ഞ് 'ഇവര്‍ തീവ്രവാദികളെങ്കില്‍, ഞാനും തീവ്രവാദി'യാണെന്ന  കൃഷ്ണയ്യരുടെ പ്രഖ്യാപനം ധീരമായിരുന്നു.
ഒന്നാം മാറാട് കലാപത്തിന്റെ പ്രതികാരമെന്നോണം ഹിന്ദുസമുദായത്തില്‍നിന്ന് എട്ടു പേര്‍ കൊലചെയ്യപ്പെട്ട സന്ദര്‍ഭം. സ്‌തോഭജനകമായ അന്തരീക്ഷം. കേന്ദ്ര ആഭ്യന്തരമന്ത്രി ഐ.ഡി സ്വാമി, മുഖ്യമന്ത്രി എ.കെ ആന്റണി എന്നിവരുടെ സന്ദര്‍ശനങ്ങള്‍ക്കുശേഷം മാറാട്ടേക്കുള്ള സന്ദര്‍ശനം വിലക്കപ്പെട്ടു. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കു പോലും പോകാനായില്ല. എന്നാല്‍, കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ എഫ്.ഡി.സിഎക്ക് സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചു. സന്ദര്‍ശനത്തിന് അംഗങ്ങളായ നയതന്ത്ര പ്രതിനിധി മൂര്‍ക്കോത്ത് രാമുണ്ണി, കെ പാനൂര്‍, ഗാന്ധിയന്‍ തായാട്ട് ബാലന്‍, അഡ്വ. മഞ്ചേരി സുന്ദര്‍രാജ്, അഡ്വ. പി.എ പൗരന്‍, അഡ്വ. കെ.എം തോമസ്, രാമകൃഷ്ണാശ്രമ മഠാധിപതി ഗോലോകാനന്ദ, കെ. അജിത എന്നിവര്‍ എത്തിച്ചേര്‍ന്നു. യാത്രയില്‍ ടി.കെ ഹുസൈന്‍ ചേരാതിരിക്കലാണ് നല്ലതെന്ന് കെ. പാനൂരും രാമുണ്ണിയും അഭിപ്രായപ്പെട്ടു. കരിപ്പൂരില്‍ എത്തിച്ചേരുന്ന കൃഷ്ണയ്യരുടെ അഭിപ്രായമനുസരിച്ച് തീരുമാനമെടുക്കാമെന്ന് ഞാന്‍ നിര്‍ദേശിച്ചു. എന്റെ നിര്‍ദേശത്തോട് എല്ലാവരും യോജിച്ചു. കൃഷ്ണയ്യരെ സ്വീകരിക്കാന്‍ ഞാനും അഡ്വ. കെ.എം തോമസും കരിപ്പൂരിലെത്തി. പ്രശ്‌നം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുത്തി. 'ജനാധിപത്യവും മതസൗഹാര്‍ദവും ലക്ഷ്യമായി സ്വീകരിച്ച എഫ്.ഡി.സി.എയുടെ ബാനറില്‍ ഹുസൈനെ മുന്നില്‍ നിര്‍ത്തിയാണ് നാം മാറാട് സന്ദര്‍ശിക്കേണ്ടത്. തടഞ്ഞാല്‍ നാം ഒരുമിച്ച് തിരിച്ചുപോരും'- കൃഷ്ണയ്യരുടെ ഉറച്ച തീരുമാനം. എഫ്.ഡി.സിഎയുടെ സന്ദര്‍ശനം സഫലമായി. അരയസമാജം സെക്രട്ടറി സുരേഷുമായി ഇടപെട്ട് ജമാഅത്ത് അമീര്‍ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിന്റെ തൊട്ടടുത്ത ദിവസ(2003 മെയ് 19)ത്തെ മാറാട് സന്ദര്‍ശനത്തിന് വഴിയൊരുക്കാന്‍ എഫ്.ഡി.സി.എ സന്ദര്‍ശനം തെല്ലൊന്നുമല്ല സഹായകമായത്.
രാഷ്ട്രീയ സംഘര്‍ഷമുണ്ടാകുന്ന കണ്ണൂരിന്റെ കണ്ണീരൊപ്പാന്‍ എഫ്.ഡി.സി.എക്ക് നാലുതവണ കൃഷ്ണയ്യര്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. യുവമോര്‍ച്ച നേതാവ് കെ.ടി ജയകൃഷ്ണന്റെ കൊലപാതകമറിയിച്ച് കൃഷ്ണയ്യര്‍ 1999 ഡിസംബറില്‍ എന്നെ വിളിച്ചു: 'അറിഞ്ഞില്ലേ, 18 കുത്തുകളേറ്റ് യുവ അധ്യാപകന്‍ ക്ലാസ്മുറിയില്‍ കൊലചെയ്യപ്പെട്ടിരിക്കുന്നു. വിഷയത്തില്‍ ജന്മഭൂമി ദിനപത്രം എന്റെ അഭിമുഖം ആവശ്യപ്പെട്ടിരിക്കുന്നു. നാം എന്ത് ചെയ്യും?'. ഉടനെ, 'സദ്ഗമയ'യി'ല്‍ പത്രക്കാരെയും ചാനലുകാരെയും വിളിച്ച് എഫ്.ഡി.സി.എ പത്രസമ്മേളനം നടത്തി. താമസിയാതെ, ജയകൃഷ്ണന്‍ മാഷിന്റെയും അദ്ദേഹത്തിനൊപ്പം കൊലചെയ്യപ്പെട്ട കൃഷ്ണന്‍ നായര്‍, മനോജ്, പുളിഞ്ഞോളി ബാലന്‍ എന്നിവരുടെയും വീടുകള്‍ സന്ദര്‍ശിക്കാനും കുടുംബങ്ങളെ ആശ്വസിപ്പിക്കാനും കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ എഫ്.ഡി.സി.എ സംഘം പുറപ്പെട്ടു. സംഘത്തെ മാഷിന്റെ വീട്ടില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ കുടുംബാംഗങ്ങള്‍ ഗേറ്റടച്ചു. മറ്റു വീടുകള്‍ സന്ദര്‍ശിച്ചു തിരിച്ചുപോരുകയായിരുന്നു അന്ന് ദൗത്യസംഘം.
മലങ്കര സഭയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നം പരിഹരിക്കുന്നതിന് ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങളിലെ പുരോഹിതരും അധികാരികളുമായി എഫ്.ഡി.സി.എ ചര്‍ച്ച നടത്തുകയുണ്ടായി. ന്യായയുക്തമായ ചില വ്യവസ്ഥകള്‍ ഇരുകൂട്ടരുടെയും മുന്നില്‍ ഞങ്ങള്‍ സമര്‍പ്പിച്ചു. 2005 സെപ്റ്റംബര്‍ ഒന്നിന് കോട്ടയത്തും സെപ്റ്റംബര്‍ മൂന്നിന് എറണാകുളത്തും ചര്‍ച്ച നടന്നു. സെപ്റ്റംബര്‍ 12-ന് 'സദ്ഗമയ'യില്‍ വെച്ച് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ദ്വിതീയന്‍ കാത്തോലിക്കയുമായി വീണ്ടും ചര്‍ച്ച നടന്നു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍ യാക്കോബായ പക്ഷക്കാരനായ കാത്തോലിക്ക ബസേലിയോസ് തോമസ് പ്രഥമനുമായി പങ്കുവെക്കാന്‍ തീരുമാനിച്ചു. അതിനുവേണ്ടി സെപ്റ്റംബര്‍ 26-ന് ഭാരത് ടൂറിസ്റ്റ് ഹോം വെന്യുവില്‍ യോഗം വിളിച്ചു. യോഗം തുടങ്ങുംമുമ്പ് ഇരുപക്ഷത്തെയും നോക്കി കൃഷ്ണയ്യര്‍ പറഞ്ഞു: ''നിങ്ങളുടെ പാതിരിമാരുടെ വിശുദ്ധ ശരീരങ്ങള്‍ നടുറോഡില്‍ വലിച്ചിഴച്ച മനുഷ്യത്വഹീനമായ സംഭവം അനുസ്മരിച്ചുകൊണ്ട്, പ്രൊഫറ്റ് മുഹമ്മദിന്റെ മനുഷ്യത്വ നടപടിയാണ് ഓര്‍മപ്പെടുത്തുന്നത്. പ്രവാചകനും അനുചരന്മാരും ഇരിക്കുമ്പോള്‍ ഒരു ശവമഞ്ചം കടന്നുപോയി. അപ്പോള്‍ മുഹമ്മദ് നബി ആദരപൂര്‍വം എഴുന്നേറ്റു. അനുയായികള്‍ 'അത് ജൂതന്റെ ശവശരീരമല്ലേ' എന്ന സംശയം പ്രകടിപ്പിച്ചു. 'അത് ഒരു മനുഷ്യനാണ്, ദൈവത്തിന്റെ സൃഷ്ടി, ഏത് മനുഷ്യശരീരത്തോടും നാം ആദരവ് കാണിക്കണം'- പ്രവാചകന്‍ പ്രതിവചിച്ചു. മുഹമ്മദ് മനുഷ്യരോട് ആദരവ് കാണിക്കാന്‍ പഠിപ്പിക്കുമ്പോള്‍ നാം ക്രിസ്തുവിന്റെ അനുയായികള്‍ ശവശരീരം വലിച്ചിഴക്കുന്നു. ലജ്ജാകരം!'' പുരോഹിതശ്രേഷ്ഠര്‍ മൗനമവലംബിച്ചു. ജ. പി.കെ ശംസുദ്ദീന്‍, കവയിത്രി സുഗതകുമാരി, മഹാത്മാ ഗാന്ധി സര്‍വകലാശാലാ മുന്‍ വി.സി ഡോ. സിറിയക് തോമസ് എന്നിവര്‍ പ്രസ്തുത സിറ്റിംഗില്‍ എഫ്.ഡി.സി.എക്കൊപ്പം ഉണ്ടായിരുന്നു. 
അബ്ദുന്നാസിര്‍ മഅ്ദനി കോയമ്പത്തൂര്‍ ജയിലില്‍ വിചാരണക്ക് വിധേയമായി കഴിയുന്ന കാലം. ഒരു കാല്‍ നഷ്ടപ്പെട്ടതിനാല്‍ നടക്കാന്‍ പോലും സാധിക്കുന്നില്ല. പ്രമേഹരോഗത്തോടൊപ്പം ഹൃദ്‌രോഗവും. അദ്ദേഹത്തിന്റെ പേരില്‍ കേരളത്തിലും തമിഴ്‌നാട്ടിലും ക്രിമിനല്‍ കേസുകളുണ്ട്. കേസുകളുടെ വിചാരണ അനന്തമായി നീണ്ടുപോകുന്നു. മഅ്ദനിക്ക് പരോള്‍ ലഭിക്കാന്‍ ഇരു ഗവണ്‍മെന്റുകളോടും യോജിച്ചുപ്രവര്‍ത്തിക്കാന്‍ കൃഷ്ണയ്യര്‍ സമ്മര്‍ദം ചെലുത്തി. അദ്ദേഹം തമിഴ്‌നാട് ഗവണ്‍മെന്റിന് കത്തെഴുതുകയും ദയാവായ്‌പോടെ പ്രശ്‌നത്തെ സമീപിക്കണമെന്ന് മുഖ്യമന്ത്രി ജയലളിതയോട് അഭ്യര്‍ഥിക്കുകയും ചെയ്തു.
ഒരു യാത്ര കഴിഞ്ഞ് നാദാപുരത്തുനിന്ന് മടങ്ങുമ്പോള്‍ ക്ഷീണിതനായ കൃഷ്ണയ്യര്‍ എന്നെ നോക്കി പറഞ്ഞു: 'ഇനി വയ്യ, പരിപാടികളൊക്കെ നിര്‍ത്തുകയാണ്'. എങ്കില്‍, 'ദ വെരി നക്സ്റ്റ് ഡേ യു വില്‍ ഡൈ, സാര്‍' എന്ന് ഉടനെ ഞാന്‍ പറഞ്ഞു. എന്റെ സംസാരത്തിന്റെ പൊരുളെന്തെന്ന് അദ്ദേഹം ആരാഞ്ഞു. 'അങ്ങയെ സംബന്ധിച്ചേടത്തോളം സാമൂഹിക ഇടപെടലുകള്‍ ഒരു മെഡിക്കല്‍ ലഞ്ചാണ്. ആക്ടിവിസം ഉപേക്ഷിച്ചാല്‍, താങ്കള്‍ തിന്നുകയും കുടിക്കുകയും ഉറങ്ങുകയും ചെയ്ത് സ്വന്തത്തിലേക്ക് തിരിയും. മറ്റു പ്രശ്‌നങ്ങളില്‍ ഇടപെടാനില്ലാത്തതിനാല്‍, തന്നിലേക്ക് ചുരുങ്ങും. അത് താങ്കളുടെ മരണത്തിന് തുല്യമായിരിക്കും'- ഞാന്‍ വിശദീകരിച്ചു. വിശദീകരണം കേട്ടപ്പോള്‍, പ്രവര്‍ത്തനം തുടരാമെന്ന് കൃഷ്ണയ്യരുടെ ആത്മഗതം. 
കൃഷ്ണയ്യര്‍ അസുഖബാധിതനായിരിക്കെ ഒരിക്കല്‍ ഫോണില്‍ വിളിച്ചു വിവരങ്ങള്‍ അന്വേഷിച്ചു. ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് കുശലാന്വേഷണം നടത്തി. 'മനസ്സിനൊരു സുഖമില്ല ഹോ'- കൃഷ്ണയ്യരുടെ പ്രതികരണം. അപ്പോള്‍ അദ്ദേഹത്തോട് ഞാനിങ്ങനെ പറഞ്ഞു: 'അങ്ങക്ക് മനസ്സിനു സുഖമിെല്ലന്നോ. ഒരായിരം പാവപ്പെട്ടവരുടെയും ദലിതരുടെയും ആദിവാസികളുടെയും ദുഃഖങ്ങള്‍  മനസ്സിലേറ്റിയ താങ്കള്‍ക്ക് മനസ്സാന്നിധ്യമില്ലായ്മയോ? അങ്ങ്, ദയാപരനായ ഏകദൈവത്തില്‍ ശരണം പ്രാപിച്ചു പ്രാര്‍ഥിക്കൂ; പരലോക ജീവിതത്തില്‍ വിശ്വസിക്കൂ; കാരുണ്യവാനായ ദൈവം താങ്കള്‍ക്ക് മനോസുഖം നല്‍കും; അവന്‍ താങ്കളെ കൈവെടിയില്ല. മറ്റാരും നല്‍കുന്നതിനേക്കാളും പരമസുഖം അവനില്‍നിന്ന് താങ്കള്‍ക്ക് ലഭിക്കും.' മറുതലക്കല്‍നിന്ന് കൃഷ്ണയ്യരുടെ ശബ്ദം: 'ഇത്ര ആധികാരികമായി ദൈവത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചും ആരും എന്നോട് സംസാരിച്ചിട്ടില്ല. ലൈഫ് ആഫ്റ്റര്‍ ഡെത്തിനെക്കുറിച്ച് ഞാനൊരു പുസ്തകം രചിച്ചിട്ടുണ്ട്. ഹുസൈന് നന്ദി'.
കൃഷ്ണയ്യരുടെ അവസാന ദിനങ്ങള്‍. 2014 നവംബര്‍ 15-ന് 'സദ്ഗമയ'യില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഞാനെത്തി. ഏറെ ഇഷ്ടമുള്ള ഈത്തപ്പഴപ്പൊതി അദ്ദേഹത്തിന് നല്‍കാന്‍ സ്റ്റെനോടൈപ്പിസ്റ്റിനോട് പറഞ്ഞു. നൂറുവയസ്സ് തികയുന്ന കൃഷ്ണയ്യര്‍ക്ക് നാട്ടിലെ പൗരവേദി സംഘടിപ്പിക്കുന്ന ആദരിക്കല്‍ ചടങ്ങ് അന്നായിരുന്നു. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലാണ് ചടങ്ങ്. ഗ്രൗണ്ടിലേക്ക് പോകാന്‍ ഒരുങ്ങവെ, ഞാന്‍ പോവുകയാണെന്ന ദ്വയാര്‍ഥമൊഴി കൃഷ്ണയ്യരില്‍ നിന്നുായി. അതെന്നെ തളര്‍ത്തിക്കളഞ്ഞു. കൃഷ്ണയ്യരുമായുള്ള എന്റെ അവസാനസംഗമം കഴിഞ്ഞ് ഇതികര്‍ത്തവ്യഥാമൂഢനായി ഞാന്‍ കോഴിക്കോട്ടേക്ക് യാത്രതിരിച്ചു. 2014 ഡിസംബര്‍ 4-ന് ആ മനുഷ്യസ്‌നേഹി വിടപറഞ്ഞു. അദ്ദേഹത്തിന്റെ ഭൗതികശരീരം രവിപുരം വൈദ്യുതി ശ്മശാനത്തില്‍ എരിഞ്ഞമര്‍ന്ന് ചാരമായതോടെ മനുഷ്യാവകാശ, മതസൗഹാര്‍ദ സന്ദേശം നെഞ്ചിലേറ്റാന്‍ ഇന്ത്യയില്‍ ആരെങ്കിലുമുണ്ടോയെന്ന ചോദ്യം ഉയര്‍ന്നുവരികയാണ്. ഒരു സഹപ്രവര്‍ത്തകന്‍ പറഞ്ഞത് വളരെ പ്രസക്തം: 'വി.ആര്‍ (we are lost) കൃഷ്ണയ്യരുടെ തിരോധാനം ഉണ്ടാക്കിയ നഷ്ടം നികത്താന്‍ ആരാലും സാധ്യമല്ല തന്നെ.' 

(തുടരും)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (01-03)
ടി.കെ ഉബൈദ്‌

ഹദീസ്‌

നാടുമാറ്റമല്ല, നിലപാടുമാറ്റമാണ് ഹിജ്‌റ
അബ്ദുല്ലത്വീഫ് കൊടുവള്ളി