അത് ഞങ്ങളുടെ രക്തമാണ്
ശിക്കാരകളുടെ ഇരിപ്പിടം തുടച്ച്
വിശപ്പടക്കാന്‍ ഏതാനും
നാണയത്തുട്ടുകള്‍ക്കായൊരുവന്‍
ജലയാത്രക്ക് ക്ഷണിക്കുന്നു
ധാല്‍ തടാകപ്പരപ്പില്‍
പങ്കായത്തിന്റെ ദ്രുതചലനം
തടാകത്തിലെ കാറ്റിന്
വിഷാദങ്ങളുടെ നീറ്റല്‍
അവന്റെ ചുണ്ടുകള്‍ കൂട്ടിമുട്ടുമ്പോള്‍
ഉര്‍ദു ഗസലിന്റെ ചാറ്റല്‍
കശ്മീരീ മുളകരച്ച
അരപ്പില്‍ കിടന്നുപൊള്ളിയ
ഒരു മീനുടല്‍
ഉച്ചയൂണിനൊപ്പം
രുചിമുകുളങ്ങളിലേക്ക് ചെകിള വിടര്‍ത്തി
സര്‍, അത് മുളകിന്
മുമ്പത്തേക്കാള്‍ എരിവ് കൂടിയതല്ല
അത് ഞങ്ങളുടെ രോഷമാണ്!
ചോപ്പ് കൂടിയതല്ല
അത് ഞങ്ങളുടെ രക്തമാണ്!
ഇനി കായ്ക്കുന്നില്ലെന്ന്
വാശിപിടിച്ച ആപ്പിള്‍തോട്ടങ്ങള്‍
അവന്റെ സ്പര്‍ശത്താല്‍
എത്ര പൊടുന്നനെയാണ്
ഗര്‍ഭിണിയാകുന്നത്!
ഝലം നദിക്ക്
കണ്ണുനീരിന്റെ രുചി,തിള
അതിനേക്കാള്‍ മുറിവാഴമുള്ള
അദൃശ്യമായൊരു നദി
അവന്റെ കണ്ണില്‍ ഓളം വെട്ടുന്നു
മിണ്ടാതെ തലതാഴ്ത്തി
നില്‍ക്കും ആപ്രിക്കോട്ടുകള്‍
അതിഥികളെ കാണുമ്പോള്‍
ചൂളമടിക്കാന്‍ ചുണ്ടു കൂര്‍പ്പിക്കും
ചിനാര്‍ മരങ്ങള്‍
വെടിപ്പുക പാറുന്ന
താഴ്‌വാരത്ത് നിന്നും
തുലിപ് പൂക്കളെറുത്ത്
സമ്മാനിച്ചുകൊണ്ടവന്‍ പറഞ്ഞു:
'അടുത്ത വേനലില്‍
ഇനിയും വരണം സര്‍'
ജമ്മുതാവി-കേരള എക്‌സ്പ്രസിലിരുന്ന്
കശ്മീരീ ആപ്പിളിന്റെ തൊലി
ചവച്ചു തുപ്പുമ്പോള്‍
ഒരശരീരി പോലെ
അവന്റെ വാക്കുകള്‍:
അത് നിറയെ
ഞങ്ങളുടെ രക്തമാണ്
സര്‍!
Comments