Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 27

3215

1443 മുഹര്‍റം 18

അഫ്ഗാനിസ്താനിലെ പിന്നാമ്പുറ കളികള്‍

അഹ്മദ് മുവഫഖ് സൈദാന്‍

ഇരുപതു വര്‍ഷത്തെ രാഷ്ട്രീയ പരീക്ഷണത്തിനു ശേഷം അമേരിക്കന്‍ അധിനിവേശസൈന്യം അഫ്ഗാനിസ്താനില്‍നിന്ന് പുറത്തു കടക്കുകയാണ്. അഫ്ഗാനിലെ വിദേശ അധിനിവേശത്തിന്റെ ഏറ്റവും ദീര്‍ഘിച്ച കാലയളവാണിത്. നേരത്തേ ഈ നാട്ടില്‍ ബ്രിട്ടീഷ് - സോവിയറ്റ് അധിനിവേശങ്ങളും ഉണ്ടായിരുന്നു. സൈനിക അധിനിവേശം പരിഹാരമല്ല എന്നതാണ് ഇതൊക്കെ ബോധ്യപ്പെടുത്തുന്ന കാര്യം. അഫ്ഗാന്‍ രംഗവേദിയില്‍നിന്ന് വിദേശ വന്‍ശക്തികള്‍ പിന്മാറുമ്പോള്‍ പ്രാദേശിക കളിക്കാരും മേഖലാ കളിക്കാരും ഈ ഒഴിവിലേക്ക് ചാടിക്കയറുമെന്നതും സംശയമില്ലാത്ത കാര്യം.
അഫ്ഗാന്‍ സംഘര്‍ഷത്തെ നിര്‍ണയിച്ചിരുന്നത് പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ താല്‍പര്യങ്ങളായിരുന്നു. ഇത്തവണത്തെ പോരില്‍ അമേരിക്ക ദയനീയമായി തോറ്റു എന്നതും സത്യം. ബ്രിട്ടീഷ് പത്രമായ ടൈംസും താലിബാന്‍ പ്രതിനിധികളെ വരവേല്‍ക്കുന്ന വേളയില്‍ ചൈനീസ് വിദേശകാര്യ മന്ത്രിയും അമേരിക്ക തോറ്റു എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇതൊക്കെ വസ്തുതകളായിരിക്കെ, മേഖലയിലെ ഭൗമരാഷ്ട്രീയവും സാമ്പത്തിക താല്‍പര്യങ്ങളുമാണ് ഒരുപക്ഷേ ഇനി മേല്‍ക്കൈ നേടാന്‍ പോകുന്നത്. മേഖലാ ശക്തികള്‍ അതിനു വേണ്ടിയാണ് കച്ചമുറുക്കുന്നത്. തങ്ങളുടെ താല്‍പര്യങ്ങള്‍ നേടാനായി ഓരോ മേഖലാശക്തിയും ആവനാഴിയിലുള്ളത് മുഴുവന്‍ പുറത്തെടുക്കാന്‍ പോകുന്നു. ഈ മത്സരയോട്ടത്തില്‍ മുന്നിലുള്ളത് ചൈനയാണെന്നതും തര്‍ക്കമില്ലാത്ത കാര്യം.

അനുഗ്രഹമോ പരീക്ഷണമോ?

ലോകത്തു തന്നെ 'തടവിലാക്കപ്പെട്ട' അപൂര്‍വം രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്താന്‍. അതായത് ആ രാഷ്ട്രത്തിന് കടല്‍മാര്‍ഗങ്ങള്‍ ഒന്നും തന്നെയില്ല. കടല്‍മാര്‍ഗം ഉപയോഗപ്പെടുത്തണമെങ്കില്‍ കടല്‍ത്തീരമുള്ള അയല്‍ രാഷ്ട്രങ്ങള്‍ കനിയുകയേ നിവൃത്തിയുള്ളൂ. ഈ സൗകര്യം അയല്‍ രാഷ്ട്രങ്ങള്‍ ചെയ്തുകൊടുക്കണമെന്ന അന്താരാഷ്ട്ര നിയമവും നിലവിലുണ്ട്. പാകിസ്താന്നാണ് അത് ചെയ്തുകൊടുക്കാനാവുക. പക്ഷേ കടല്‍മാര്‍ഗം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബ്യൂറോക്രസിയുടെ ചുവപ്പുനാടകളില്‍ കുരുങ്ങുകയാണ് പലപ്പോഴും.
അതേസമയം, അഫ്ഗാനിസ്താന് പാകിസ്താനെ ആവശ്യമുണ്ട് എന്നതു പോലെ തന്നെ പാകിസ്താന് അഫ്ഗാനിസ്താനെയും ആവശ്യമുണ്ട്. ഇന്ത്യയെ പ്രതിരോധിക്കാന്‍ പാകിസ്താന് അഫ്ഗാന്‍ മണ്ണില്‍ സൈനികവും മറ്റുമായ സന്നാഹങ്ങള്‍ വേണ്ടിവരും. ഒപ്പം തങ്ങളുടെ ഭൂപ്രദേശത്തെ പഷ്തൂണ്‍ വംശജരെ പ്രകോപിപ്പിക്കാതിരിക്കാനും പാകിസ്താന്‍ ശ്രദ്ധിക്കേണ്ടിവരും. പാകിസ്താനിലെ പഷ്തൂണ്‍ ജനസംഖ്യ നാല്‍പ്പതു ദശലക്ഷമാണ്. അഫ്ഗാനിലെ പഷ്തൂണ്‍ ജനസംഖ്യയുടെ രണ്ടിരട്ടിയാണിത്. മാത്രവുമല്ല മധ്യേഷ്യയിലും അതിനപ്പുറവുമുള്ള മാര്‍ക്കറ്റുകളിലേക്ക് ചെന്നെത്തണമെങ്കില്‍ അഫ്ഗാനിലൂടെ സഞ്ചാരമാര്‍ഗം തുറന്നുകിട്ടണം പാകിസ്താന്.

ലോക മാര്‍ക്കറ്റുകളിലേക്ക് അതിവേഗ പാതകള്‍

ചൈനീസ് പ്രവിശ്യയായ സിന്‍ജിയാംഗ് (കിഴക്കന്‍ തുര്‍ക്കിസ്താന്‍) അഫ്ഗാനിസ്താനുമായി 56 മൈല്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. ചൈനീസ് ഭൂപ്രദേശങ്ങളിലേക്ക് തള്ളിനില്‍ക്കുന്ന അഫ്ഗാനിലെ വഖാന്‍ ഇടനാഴി (Wakhan Corridor), തങ്ങളുടെ ചരക്കുകളും ഉല്‍പന്നങ്ങളും ലോക മാര്‍ക്കറ്റുകളില്‍ എത്തിക്കാനുള്ള ചൈനയുടെ പുതിയ ആഗോള സാമ്പത്തിക 'മാര്‍ഷല്‍ പ്ലാനി'ല്‍ വളരെ നിര്‍ണായകമാണ്. പഴയ പട്ടുപാതയുടെ മാതൃകയില്‍ പ്ലാന്‍ ചെയ്യപ്പെടുന്ന ഈ രാജപാത One Belt One Road എന്ന പേരിലാണ് ഇന്ന് അറിയപ്പെടുന്നത്. ഇതിന്റെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് ശതബില്യന്‍ ഡോളറുകളാണ് ചൈന പാകിസ്താനിലും അഫ്ഗാനിസ്താനിലും ഇറാനിലുമായി ചെലവിടുന്നത്. ഇതിന്റെ ആദ്യലക്ഷ്യം മധ്യേഷ്യന്‍ മാര്‍ക്കറ്റുകളാണ്; പിന്നെ അറബ് ലോകവും ഇറാനും തുര്‍ക്കിയും യൂറോപ്പും.
അഫ്ഗാനില്‍നിന്ന് അമേരിക്ക പിന്മാറുമ്പോള്‍ ആ ശൂന്യതയിലേക്ക് കയറിനില്‍ക്കാന്‍ ഉത്സാഹിക്കുന്ന ചൈനയെയാണ് നാം കാണുന്നത്. താലിബാന്‍ സംഘത്തെ ക്ഷണിച്ചു വരുത്തി രണ്ട് ദിവസം തുടര്‍ച്ചയായി ചൈന സംഭാഷണം നടത്തുകയുണ്ടായി. ചൈനീസ് വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. 'അഫ്ഗാനിലെ സുപ്രധാന സൈനിക, രാഷ്ട്രീയ ശക്തിയാണ് താലിബാന്‍' എന്ന് ചൈനീസ് സംഘം പുകഴ്ത്തുകയും ചെയ്തു. ഇതിനോട് താലിബാന്‍ സംഘത്തിന്റെ പ്രതികരണം: 'ചൈനീസ് സുരക്ഷയെ അപകടപ്പെടുത്തുന്ന ഒരു ശക്തിയെയും ഞങ്ങളുടെ മണ്ണില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ല.' സിന്‍ജിയാംഗില്‍നിന്ന് അഫ്ഗാനിലെത്തി ചൈനീസ് ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തുന്ന ഉയിഗൂര്‍ മുസ്‌ലിംകളെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ പ്രസ്താവന.
താലിബാന്റെ കാര്യത്തില്‍ രണ്ടു നിലക്ക് ചൈന ആശ്വാസം കൊള്ളുന്നുണ്ട്: ഒന്ന്, താലിബാന് പിന്‍ബലമായി നില്‍ക്കുന്നത് പാകിസ്താനാണ്. പാകിസ്താനാകട്ടെ ചൈനയുമായി ദീര്‍ഘകാല സൗഹൃദത്തിലുമാണ്. രണ്ട്, ചരിത്രം പരിശോധിച്ചാല്‍ താലിബാന്റെ ഐഡിയോളജിക്കല്‍ കാര്‍ക്കശ്യങ്ങളൊക്കെ പാകിസ്താന്‍, കശ്മീര്‍ പോലുള്ള വിഷയങ്ങളിലേ ഉള്ളൂ. മധ്യേഷ്യന്‍ പ്രശ്‌നങ്ങളില്‍ വരെ അവര്‍ക്കൊരു നിലപാടില്ല. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഈയടുത്ത് നടത്തിയ ന്യൂദല്‍ഹി സന്ദര്‍ശനം ഈ പശ്ചാത്തലത്തില്‍ വായിക്കാവുന്നതാണ്. അഫ്ഗാനും ചൈനയുമായിരുന്നു ചര്‍ച്ചാ വിഷയം. ചൈനക്കെതിരെ ഇന്ത്യയെ മുന്നില്‍ നിര്‍ത്താനുള്ള അമേരിക്കയുടെ നീക്കമായി ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നുണ്ട്.

ഗ്യാസ് പൈപ്പ് ലൈന്‍ കളി വീണ്ടും

തൊണ്ണൂറുകളില്‍ താലിബാന്‍ അധികാരം പിടിച്ച ശേഷം അഫ്ഗാന്‍ രാഷ്ട്രീയ ചിത്രത്തില്‍ തുര്‍ക്കുമാനിസ്താന്‍ ഗ്യാസ് പൈപ്പ് ലൈന്‍ ഇടക്കിടെ കടന്നുവരുന്നുണ്ട്. അന്ന് അഫ്ഗാന്‍ കാര്യങ്ങള്‍ക്കായുള്ള അമേരിക്കന്‍ പ്രതിനിധി സല്‍മയ് ഖലീല്‍സാദിന്റെ മാര്‍ഗനിര്‍ദേശത്തില്‍ അമേരിക്കന്‍ കമ്പനിയായ യുനോക്കലും (Unocal) അര്‍ജന്റീനന്‍ കമ്പനിയായ ബ്രിഡാസു(Bridas)മാണ് പൈപ്പ് ലൈന്‍ നിര്‍മാണത്തിന് മത്സരിക്കാന്‍ രംഗത്തുണ്ടായിരുന്നത്. ഈ പൈപ്പ് ലൈന്‍ അഫ്ഗാനിസ്താന്‍, പാകിസ്താന്‍ വഴി ഇന്ത്യ വരെ എത്തിക്കാനായിരുന്നു പദ്ധതി. അന്നതിന്റെ നിര്‍മാണച്ചെലവ് കണക്കാക്കിയത് ഇരുപത് ബില്യന്‍ ഡോളര്‍. ഈ പൈപ്പ് കടന്നുപോകുന്ന പ്രദേശമാകയാല്‍ വാടകയിനത്തില്‍ അഫ്ഗാനിസ്താന് ഒരു ബില്യന്‍ ഡോളറെങ്കിലും കിട്ടുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. ബ്രിഡാസ് കോര്‍പറേഷന്‍ താലിബാന്‍ സംഘത്തെ അമേരിക്കയിലേക്ക് ക്ഷണിച്ചുവരുത്തുകയും അമേരിക്കന്‍ പ്രതിനിധികള്‍ അവരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. അഫ്ഗാനിലെ ആഭ്യന്തരകലാപം കാരണം ഇതു സംബന്ധമായ ചര്‍ച്ച മുന്നോട്ടു പോയില്ല. ഇറാനെതിരെ അന്താരാഷ്ട്ര ഉപരോധം വന്നതോടെ ഇറാന്‍ മണ്ണില്‍ പൈപ്പിടാനും തുര്‍ക്കുമാനിസ്താന് കഴിയാതെയായി. പക്ഷേ അപ്പോഴും പാകിസ്താന്‍ ഈ പ്രോജക്ടിനു പിന്നാലെ തന്നെയുണ്ടായിരുന്നു. സാമ്പത്തിക ലാഭം മാത്രമല്ല, രാഷ്ട്രീയ നേട്ടവും അവര്‍ മുന്നില്‍ കണ്ടിരുന്നു. പൂര്‍ത്തിയാക്കാനാവാതെ ഈ പദ്ധതി ഇങ്ങനെ ദശകങ്ങള്‍ നീണ്ടപ്പോള്‍ ദോഷൈകദൃക്കുകള്‍ ഗ്യാസ് പൈപ്പ് ലൈന്‍ എന്നതിന് പകരം ഡ്രീം പൈപ്പ് ലൈന്‍ എന്ന് വിളിക്കാനും തുടങ്ങി.
1998-ല്‍ പാകിസ്താനില്‍ ബേനസീര്‍ ഭരണകൂടം തകര്‍ന്നപ്പോള്‍ അവരുമായി ഞാന്‍ ഒരു അഭിമുഖം നടത്തിയിരുന്നു. അന്നവര്‍ പറഞ്ഞ ഒരു കാര്യം ഇന്നും ഓര്‍മയിലുണ്ട്; 'നോക്കൂ, എന്റെ ഭരണകൂടത്തെ വീഴ്ത്തിയത് അമേരിക്കന്‍ കമ്പനിയായ യുനോക്കല്‍ ആണ്. അവരുടെ എതിരാളികളാണല്ലോ ബ്രിഡാസ് കമ്പനി. ഗ്യാസ് പൈപ്പിടാനുള്ള കോണ്‍ട്രാക്ട് ഞാന്‍ ബ്രിഡാസിനാണ് നല്‍കിയത്. അത് കിട്ടാത്തതിലുള്ള കലിപ്പിലാണ് യുനോക്കല്‍ എന്റെ മന്ത്രിസഭയെ അട്ടിമറിച്ചത്.'

    
തുറമുഖ യുദ്ധം

വര്‍ഷങ്ങളായി മേഖലയില്‍ രഹസ്യമായി ഒരു 'തുറമുഖ യുദ്ധം' നടന്നുവരുന്നുണ്ട്. ഈ യുദ്ധത്തില്‍ ചില സാമ്പത്തിക ലക്ഷ്യങ്ങളുമായി മേല്‍ക്കൈ നേടാന്‍ ചൈന ശ്രമിക്കുന്നതായി തോന്നാമെങ്കിലും, ആത്യന്തികമായി അവര്‍ ലക്ഷ്യം വെക്കുന്നത് ഭൗമരാഷ്ട്രീയ, സൈനിക മേല്‍ക്കൈ തന്നെയാണ്. അറബിക്കടലിലെ ഗവാദര്‍ തുറമുഖം പ്രവര്‍ത്തനക്ഷമമാക്കുന്നതിന് അമ്പത് ബില്യന്‍ ഡോളറാണ് ചൈന പാകിസ്താന് നല്‍കിയിരിക്കുന്നത്. ചൈനയില്‍നിന്ന് ഗവാദറിലേക്ക് റെയില്‍ പാളങ്ങളും സൂപ്പര്‍ ഹൈവേകളും പണിയുന്നുണ്ട്. ഗവാദര്‍ വഴി ചൈനയില്‍നിന്ന് അറബിക്കടലിലേക്കുള്ള ദൂരം നേരത്തേയുള്ള ആറായിരം കിലോമീറ്ററില്‍നിന്ന് രണ്ടായിരത്തി അഞ്ഞൂറ് കിലോമീറ്ററായി കുറക്കാനും  കഴിയും.
ഈ തുറമുഖത്തിന് നല്ല ആഴമുണ്ടെന്ന് പറയപ്പെടുന്നു. ഏത് കൂറ്റന്‍ കപ്പലുകള്‍ക്കും നങ്കൂരമിടാം. ഭാവിയില്‍ സൈനിക ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താം. അതാണ് അമേരിക്കയെയും മറ്റു പാശ്ചാത്യ നാടുകളെയും അലട്ടുന്നത്. അറബിക്കടലിലെ ഇന്ധന വ്യവഹാരങ്ങളുടെ കടിഞ്ഞാണ്‍ ഇതുവഴി ചൈനയുടെ കൈകളിലെത്തുമെന്ന് അവര്‍ ഭയപ്പെടുന്നു. ഇത്ര വലിയ ഒരു തുറമുഖം സജ്ജമാകുന്നത് ഇന്ത്യക്കും ഭീഷണിയാണ്. മുന്‍കാലങ്ങളിലെ യുദ്ധങ്ങളില്‍ കറാച്ചി തുറമുഖം ഉപരോധിച്ചാല്‍ തന്നെ പാകിസ്താന് ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതി വരുമായിരുന്നു. ഇത്തരം ഉപരോധ സന്ദര്‍ഭങ്ങളില്‍ ബദലായി ഗവാദര്‍ ഉണ്ടാകും എന്നതാണ് പുതിയ സ്ഥിതിവിശേഷം. 

(അല്‍ ജസീറ ചാനലിന്റെ പാകിസ്താനിലെ മുന്‍ കറസ്‌പോണ്ടന്റാണ് സിറിയക്കാരനായ ലേഖകന്‍. 'അഫ്ഗാനിസ്താനിലെ നീണ്ട വേനല്‍' - സൈ്വഫു അഫ്ഗാനിസ്താന്‍ അത്ത്വവീല്‍ - എന്ന പുസ്തകം എഴുതിയിട്ടുണ്ട്).
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (01-03)
ടി.കെ ഉബൈദ്‌

ഹദീസ്‌

നാടുമാറ്റമല്ല, നിലപാടുമാറ്റമാണ് ഹിജ്‌റ
അബ്ദുല്ലത്വീഫ് കൊടുവള്ളി