Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 27

3215

1443 മുഹര്‍റം 18

തിരിച്ചുവരവ്

കഥ / പി.എം.എ ഖാദര്‍

ഇരുളില്‍ പറക്കുന്ന വിമാനത്തിനകത്ത് അണഞ്ഞുകിടന്നിരുന്ന വിളക്കുകള്‍ ഇമയിടയില്‍ മിന്നിവിടര്‍ന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാം താമസിയാതെ പറന്നിറങ്ങുമെന്ന വിളംബരം വന്നു.
ജാലകത്തിലൂടെ ഞാന്‍ താഴേക്ക് നോക്കി. വെള്ളകീറുന്ന ചക്രവാളത്തിനു കീഴെ ചാറല്‍ മഴയില്‍ നനയാന്‍ തുടങ്ങുന്ന ഭൂമി. 
നീണ്ട പ്രവാസത്തിനു ശേഷമുള്ള ഈ തിരിച്ചുവരവില്‍, ആയുസ്സില്‍ അവശേഷിക്കുന്ന കാലം വസിക്കാനുള്ള എന്റെ നാട്. ഹൃദയസ്പന്ദം കേള്‍ക്കാവുന്നത്ര ഉച്ചത്തിലാകുന്നത് ഞാനറിഞ്ഞു. 
മനുഷ്യരില്‍ പകരുന്ന ഒരു വൈറസ് ചൈനയിലെവിടെയോ പൊട്ടിപ്പുറപ്പെട്ടുവെന്ന വാര്‍ത്ത സഹയാത്രികര്‍ ചര്‍ച്ച ചെയ്യുന്നതിനിടെ വിമാനം നിലം തൊട്ടു.
ടൂറിസ്റ്റ് ടാക്‌സിയുമായി അന്‍വര്‍ എത്തുമെന്ന് വീട്ടില്‍നിന്ന് നേരത്തേ സന്ദേശമുണ്ടായിരുന്നു.  വേനലവധികളില്‍ കോളേജില്‍നിന്ന് നാട്ടിലെത്തുമ്പോഴൊക്കെ പഠിപ്പിക്കാറുണ്ടായിരുന്ന മദ്‌റസയില്‍, പണ്ടെന്നോ എന്റെ വിദ്യാര്‍ഥിയായിരുന്നത്രെ അവന്‍. 
എമിഗ്രേഷന്‍,  കസ്റ്റംസ് കവാടങ്ങള്‍ താണ്ടി പുറത്തെത്തിയ ഞാന്‍,  പ്രിയപ്പെട്ടവരെ  സ്വീകരിക്കാന്‍ എത്തിയവരുടെ നീണ്ട മനുഷ്യനിരയില്‍ അന്‍വറിനെ തെരഞ്ഞു. അവന്റെ മുഖം ഊഹിച്ചെടുക്കാന്‍ പ്രയാസപ്പെടുന്നതിനിടയില്‍ പിന്നില്‍നിന്ന് ആരോ വിളിച്ചു: 'സാര്‍.'
തിരിഞ്ഞുനോക്കിയപ്പോള്‍ ജീന്‍സും കറുത്ത ടീഷര്‍ട്ടും ക്യാപ്പും ധരിച്ച നാല്‍പതുകാരന്‍ എന്നെനോക്കി മന്ദഹസിച്ചു. 
'അന്‍വറാണോ?'
'അതേ സാര്‍.'
ട്രോളി എന്റെ കൈയില്‍നിന്ന് ഏറ്റുവാങ്ങി, അവന്‍ പാര്‍ക്ക് ചെയ്ത കാറിനു നേരെ നടന്നു. എന്റെ ഭാവി കാര്യങ്ങള്‍ അവന്റെ കൈയില്‍ ഭദ്രമാണെന്ന ഭാവത്തില്‍, ഉറച്ച കാല്‍വെപ്പുകളോടെ അന്‍വര്‍ നടക്കുന്നത് ഞാന്‍ കൗതുകത്തോടെ നോക്കി.  ടീഷര്‍ട്ടിന്റെ പിന്നില്‍ ആലേഖനം ചെയ്ത ചിത്രം അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്; ഭ്രമണപഥങ്ങള്‍ക്കുള്ളില്‍ അ എന്ന ഇംഗ്ലീഷ് അക്ഷരം. ബോധപൂര്‍വമാണെങ്കില്‍ താന്‍ നാസ്തികനാണ് എന്ന പരസ്യപ്രഖ്യാപനം.
ഒരു നിമിഷം ഞാന്‍ ഓര്‍ത്തുപോയി, ക്ലാസ്സില്‍ ഏറ്റവും ഈണത്തില്‍ ഖുര്‍ആന്‍ ഓതുന്ന ഒരു കിളുന്തു പയ്യനെ. 
'അര്‍റഹ്മാന്‍. അല്ലമല്‍ ഖുര്‍ആന്‍. ഖലഖല്‍ഇന്‍സാന്‍ ... അല്ലമഹുല്‍ ബയാന്‍ ...'
പിന്‍സീറ്റില്‍ ഇരിക്കാന്‍ അവന്‍ ഭവ്യതയോടെ ഡോര്‍ തുറന്നു പിടിച്ചു. അവസാനിച്ച ഔദ്യോഗിക ജീവിതത്തിന്റെ വേദനകള്‍ മറക്കാന്‍ സീറ്റില്‍ തലചായ്ച്ചു, ദീര്‍ഘമായി നിശ്വസിച്ചു ഏതാനും നിമിഷങ്ങള്‍ ഞാന്‍ കണ്ണുകള്‍ അടച്ചിരുന്നു. 
രാജവീഥിയില്‍നിന്ന് പിരിയുന്ന വഴിത്തിരിവിലേക്ക് കയറുമ്പോള്‍ അന്‍വര്‍ കാറിന്റെ സ്റ്റെറിയോ പ്ലേയര്‍ തുറക്കുന്നതും സീഡി ഫോള്‍ഡര്‍ പരതുന്നതും ഞാന്‍ കണ്ടു. അടുത്ത രണ്ടു മണിക്കൂര്‍ നേരം നീണ്ടുനിന്നേക്കാവുന്ന എന്റെ യാത്ര ഹൃദ്യവും ആനന്ദകരവുമാക്കാനുള്ള ഉദ്യമം. 
ഇടിവെട്ട് പോലെ സംഗീതം വന്നു.
വുഡ്യൂ ഡാന്‍സ്
ഇഫ് ഐ അസ്‌കഡ്യൂറ്റു ഡാന്‍സ്
വുഡ്യൂ റണ്‍
ആന്‍ നെവര്‍ ലുക്ക് ബാക്
വുഡ്യൂ ക്രൈ
ഇഫ്യൂ സോമി ക്രയിങ്
അവിശ്വസനീയമായ ഈ നടപടിയില്‍ എന്റെ കണ്ണുകള്‍ വിടര്‍ന്നു. അന്‍വര്‍ എനിക്കു വേണ്ടി എന്റിക് ഇഗ്ലഷ്യസിനെ സമര്‍പ്പിക്കുന്നു. 
ആംഗലേയ സാഹിത്യത്തില്‍ ബിരുദം നേടി,  ആശിച്ച തൊഴില്‍ കിട്ടാതെ വന്നപ്പോള്‍ മൂന്നാര്‍ സന്ദര്‍ശിക്കാനെത്തുന്ന ബിലാത്തി വിനോദസഞ്ചാരികളെ കാറില്‍ ചുമക്കാന്‍ വിധിക്കപ്പെട്ട കുടുംബനാഥന്‍. 
അനുവാചകന്റെ താല്‍പര്യം മനസ്സിലാക്കി അനുയോജ്യമായ വിഭവം സമര്‍പ്പിക്കാനുള്ള അവന്റെ പ്രോഗ്രാമിംഗ് വൈഭവത്തില്‍ ഞാന്‍ ശരിക്കും നടുങ്ങി.
ദീര്‍ഘകാലത്തെ വിദേശവാസത്തിനിടയില്‍ ഞാന്‍ ആധുനിക സംഗീതത്തില്‍ തല്‍പരനായി മാറിയിരിക്കും എന്ന് ഊഹിക്കാനുള്ള അവന്റെ സാമര്‍ഥ്യത്തെ ശ്ലാഘിക്കാതെ ഞാന്‍ നിശ്ശബ്ദനായി. ഈ സംഗീതം എന്നെ ആകര്‍ഷിക്കുന്നില്ല എന്ന ഭാവമണിഞ്ഞു ഞാന്‍ പുറത്ത് തകര്‍ത്തു പെയ്യാനൊരുങ്ങുന്ന മഴ നോക്കിയിരുന്നു. 
അന്‍വര്‍ സീഡി ഫോള്‍ഡറില്‍ പരതുന്നത് ഞാന്‍ ഇടം കണ്ണിട്ടു നോക്കി. 
ഹം തെരെ ശഹ്ര്‍ മേ ആയെഹെ
മുസാഫിര്‍ കെ തരാ...
സിര്‍ഫ് ഇക് ബാര്‍ മുലാഖാത് കാ മൗഖാ ദേദേ
വാര്‍ധക്യത്തിലേക്ക് കയറുന്ന ഏതു കലാസ്വാദകനും ഇഷ്ടമായേക്കാവുന്ന ഗസലിലേക്കുള്ള അവന്റെ ചുവടുമാറ്റത്തില്‍ ഞാന്‍ ഉള്ളാലെ ചിരിച്ചു.
സീഡി ഫോള്‍ഡറില്‍ അവന്റെ കൈകള്‍ വീണ്ടും പരതി. 
മാപ്പിളഗാനങ്ങള്‍, മത്സ്യം വില്‍ക്കാന്‍ പോകുന്ന ഏതോ ഒരു ഇക്ക കുടുംബസമേതം സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിക്കുന്ന സിറ്റ്‌കോമിന്റെ ശബ്ദരേഖ എന്നിങ്ങനെ പലതും അവന്‍ മാറിമാറി പ്രക്ഷേപണം ചെയ്യവേ അകലെ പള്ളിമിനാരങ്ങള്‍ ദൃശ്യമായി. 
എന്റര്‍ടൈന്റ്‌മെന്റ്‌സ് എനിക്ക് ഇഷ്ടമാകുന്നില്ല എന്ന് ബോധ്യപ്പെട്ടിട്ടാകണം പെട്ടെന്ന് അവന്‍ ന്യൂസിലേക്ക് മലക്കം മറിഞ്ഞു.  ഇന്നലെ രാത്രി ഏതോ ചാനലില്‍ നടന്ന സംവാദത്തിലെ ഒരു പരാമര്‍ശം ഓര്‍മിപ്പിച്ചു അവന്‍ ചോദിച്ചു:
'സാര്‍ കണ്ടിരുന്നോ?'
'ഇല്ല, ഞാന്‍ കാണാറില്ല.'
'എന്നാലും അഴിമതി ശരിയാണോ സാര്‍?'
'എവിടെ വികസനമുണ്ടോ അവിടെ അഴിമതി ഉണ്ട്, ദൈവരാജ്യം വരുംവരെ.'
'എന്നാല്‍ ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത് സാര്‍ ഇത് പറയണം.'
'എനിക്ക് രാത്രിത്തല്ല് ഇഷ്ടമല്ല അന്‍വര്‍.'
അവന്‍ ഉറക്കെ ചിരിച്ചുകൊണ്ടിരുന്നു.
'അന്‍വര്‍, ആ പള്ളിയുടെ അരികില്‍ വണ്ടിയൊന്ന് നിര്‍ത്തു. സ്വുബ്ഹ് തെറ്റി.'
വഴിയോരത്ത് പള്ളിക്കു മുന്നില്‍ അവന്‍ വണ്ടിയൊതുക്കി. പള്ളിയിലേക്ക് നടക്കുമ്പോള്‍ ഞാന്‍ പിന്നിലേക്ക് തിരിഞ്ഞുനോക്കി. കട്ടിമീശ വെച്ച ആ പരുക്കന്‍ മനുഷ്യന്‍ നിര്‍വികാരനായി സ്റ്റിയറിംഗില്‍ താളം പിടിച്ച് ഇരിക്കുന്നു.
മദ്‌റസയിലെ മരബെഞ്ചിലിരുന്ന് നമസ്‌കാരത്തിന്റെ ഫര്‍ദുകള്‍ ചൊല്ലിപ്പഠിക്കുന്ന ഒരു കൊച്ചുബാലന്റെ മുഖം മനസ്സില്‍ മിന്നിമാഞ്ഞു. പണ്ടെന്നോ വായിച്ചു മറന്ന ചിത്രകാരന്റെ കഥ ഓര്‍മയില്‍ തെളിഞ്ഞു. 
ഉണ്ണിയേശുവിനെ വരച്ചെടുക്കാന്‍ മാതൃക തേടിനടന്ന വിശ്വചിത്രകാരന്‍ ഒടുവില്‍ കണ്ടെത്തിയ കുഞ്ഞിന്റെ അമ്മയോട് അനുവാദം വാങ്ങി ഉണ്ണിയേശുവിന്റെ നിര്‍മല മുഖം വരച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം അതേ ചിത്രകാരന്‍, യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ചിത്രം വരയ്ക്കാന്‍ ഒരുങ്ങി. മാതൃകയാക്കാന്‍ അയാള്‍ ക്രൂരനായ ഒരു കുറ്റവാളിയെ തെരഞ്ഞ് ഒരു  തടവറയിലെത്തി. ചിത്രം വരച്ചുകൊണ്ടിരിക്കെ മാതൃകയായി ഇരുന്നുകൊടുത്ത കുറ്റവാളിയുടെ കണ്ണുകള്‍ നിറയുന്നതു കണ്ട്  ചിത്രകാരന്‍ അത്ഭുതംകൂറി. ശൈശവത്തില്‍ തന്നെ മാതൃകയാക്കിയാണ് ഏതോ ചിത്രകാരന്‍ ഉണ്ണിയേശുവിനെ വരച്ചതെന്ന് അമ്മ പറയാറുണ്ടെന്ന് അയാള്‍ വിതുമ്പി.  
ധൃതിയില്‍ വുദൂ എടുത്ത് സ്വുബ്ഹ് നമസ്‌കരിക്കുകയായിരുന്നു ഞാന്‍.
ഫാതിഹക്ക് ശേഷം സൂറത്ത് ഓതിക്കൊണ്ടിരിക്കെ എന്റെ ചുമലില്‍ ആരുടെയോ കരസ്പര്‍ശം. പിന്നില്‍ ആരോ എന്നെ തുടര്‍ന്ന് നമസ്‌കരിക്കുന്നു എന്ന മുന്നറിയിപ്പ്. 
നമസ്‌കാരം പൂര്‍ത്തിയാക്കി സലാം വീട്ടി ഞാന്‍ വെറുതെ പിന്നിലേക്ക് തിരിഞ്ഞുനോക്കി. 
അന്‍വര്‍! കണ്ണുകളടച്ച് ദിക്‌റുകള്‍ ഉരുവിട്ട് അവനിരിക്കുന്നു.
ആ മന്ത്രങ്ങള്‍ ഭൂമിയുടെ അതിരുകള്‍ ഭേദിച്ച്, ഭ്രമണപഥങ്ങള്‍ താണ്ടി, അനന്തമായ ആകാശലോകത്തേക്കുയര്‍ന്നു, ഈശ്വരസിംഹാസനത്തിന് മുന്നില്‍ പ്രാര്‍ഥനയായി നിപതിച്ചിരിക്കണം.
നിഷ്‌കളങ്കമായ ആ ബാല്യഭാവം അവന്റെ മുഖത്ത് തെളിയുന്നത് ഞാന്‍ കണ്ടു.

വര: ആഇശ നിമ്മി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍ (01-03)
ടി.കെ ഉബൈദ്‌

ഹദീസ്‌

നാടുമാറ്റമല്ല, നിലപാടുമാറ്റമാണ് ഹിജ്‌റ
അബ്ദുല്ലത്വീഫ് കൊടുവള്ളി