ചുവപ്പ് നരച്ച് കാവിയാകുമ്പോള്‍
സംഘ്പരിവാര്‍ ഫാഷിസത്തിനു കീഴില്‍ രാജ്യം അമര്‍ന്നുകഴിഞ്ഞ സാഹചര്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇസ്‌ലാമോഫോബിക്കാണെന്ന് ആക്ഷേപിക്കുന്നതില്‍ ഔചിത്യമില്ലെന്ന് വിമര്‍ശനമുയരാറുണ്ട്. അത് സൂചിപ്പിച്ചുകൊണ്ടാണ് 'ഇസ്‌ലാമോഫോബിക് മാര്‍ക്‌സിസം: ചെങ്കൊടിയിലെ കാവിപ്പൊട്ടുകള്‍' എന്ന കെ.ടി ഹുസൈന്‍ എഡിറ്റ് ചെയ്ത പുസ്തകത്തിന്റെ ആമുഖം ആരംഭിക്കുന്നത്. ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന സി.പി.എം പക്ഷേ, കുറച്ചു കാലമായി അത്തരം പോരാട്ടങ്ങള്‍ക്കു പകരം ആരെയാണോ സംഘ്പരിവാര്‍ പ്രധാന ശത്രുവായി കാണുന്നത് ആ വിഭാഗത്തിന്റെ രാഷ്ട്രീയപരവും സാംസ്‌കാരികവും സാമൂഹികവുമായ ഉണര്‍വുകളെയും ശാക്തീകരണ സംരംഭങ്ങളെയും പ്രതിസ്ഥാനത്ത് നിര്‍ത്തുകയാണ്. അതിനെതിരെ വെറുപ്പും വിദ്വേഷവും ഇളക്കിവിടാനും ശ്രമിക്കുന്നു. ഈ പശ്ചാത്തലത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഇസ്‌ലാമോഫോബിയ വളര്‍ത്തുന്ന നിലപാടുകളെ നിരൂപണം ചെയ്യുന്ന ഈ ലേഖന സമാഹാരത്തിന് സമകാലിക സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ട്.
ഹിന്ദുത്വ ഏകീകരണ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായി മുസ്‌ലിംകളെ ശത്രുപക്ഷത്ത് നിര്‍ത്തി ധ്രുവീകരണത്തിനായി ബി.ജെ.പി രാജ്യവ്യാപകമായി കൊണ്ടുപിടിച്ച ശ്രമം നടത്തുമ്പോള്‍ അവരാഗ്രഹിക്കുന്ന ഒരു ദ്വന്ദ്വത്തിലേക്ക് കൂട്ടിയിണക്കുന്ന നിലപാടാണ് കേരളത്തില്‍ സി.പി.എം കൊണ്ടുനടക്കുന്നതെന്ന് ഡോ. ആസാദ് 'ബി.ജെ.പിയുടെ മുസ്‌ലിം വിരുദ്ധതക്ക് സി.പി.എം താങ്ങ്' എന്ന ലേഖനത്തില്‍ ആരോപിക്കുന്നു. മുസ്‌ലിം കര്‍തൃത്വത്തിലുള്ള മുന്നേറ്റങ്ങളെയും ചെറുത്തുനില്‍പ്പുകളെയും പൈശാചികവത്കരിച്ച് ഫാഷിസ്റ്റ്‌വിരുദ്ധ ജാഗ്രതയുടെ കൂട്ടായ ശ്രമങ്ങളെ ശിഥിലമാക്കാനാണ് സി.പി.എമ്മിന്റെ നിലപാടുകള്‍ സഹായിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ കാമ്പയിന്‍ നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ച് സി.പി.എം എങ്ങനെയാണ് ഇസ്‌ലാമോഫോബിയയെ രാഷ്ട്രീയ ആയുധമാക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട് പി.ജെ ജെയിംസ്. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന തീവ്ര വലതു നയങ്ങള്‍ കേരളത്തില്‍ നടപ്പാക്കുന്ന പിണറായി സര്‍ക്കാര്‍ അഴിമതി ആരോപണങ്ങളെയും സംഘ്പ്രീണന നയങ്ങളെയും ദുരിതകാല സാഹചര്യത്തില്‍ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്ത് മറികടക്കുകയാണ് ചെയ്തത്. എന്നാല്‍ ഇത് സര്‍ക്കാറില്‍ നിക്ഷിപ്തമായൊരു കടമ എന്നതിനു പകരം പിണറായി സര്‍ക്കാറിന്റെ ഔദാര്യമായി ചിത്രീകരിക്കുകയാണ് ചെയ്തത്. ജനങ്ങളെ അരാഷ്ട്രീയവത്കരിച്ച് വിധേയരാക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം പറയുന്നു. ഹിന്ദുവോട്ടും ക്രിസ്ത്യന്‍ വോട്ടും ലക്ഷ്യം വെച്ച് യു.ഡി.എഫിനു മേല്‍ മുസ്‌ലിം പ്രീണനമാരോപിക്കുകയും മുസ്‌ലിം തീവ്രവാദത്തിന്റെ സഹായികളായി പ്രചരിപ്പിക്കുകയും അതുവഴി പൊതുസമൂഹത്തിലെ ഇസ്‌ലാമോഫോബിയ അന്തരീക്ഷത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയും ചെയ്യുന്ന സി.പി.എമ്മിന്റെ കൗശലത്തിന് കേരളം വലിയ വിലയൊടുക്കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് മുസ്‌ലിം കര്‍തൃത്വത്തില്‍ നടന്ന രാഷ്ട്രീയ സമരങ്ങളോടുണ്ടായിരുന്ന ബന്ധം, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മുസ്‌ലിംകള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ എത്രത്തോളം സഹായിച്ചിട്ടുണ്ടെന്ന് ബംഗാളിലെ ഫറാഇസി മൂവ്‌മെന്റിന്റെയും കേരളത്തിലെ മലബാര്‍ സമരത്തിന്റെയും ഉദാഹരണത്തിലൂടെ സമര്‍ഥിക്കുന്നുണ്ട് കെ.ടി ഹുസൈന്‍, 'കേരള സി.പി.എമ്മും പോരാട്ടങ്ങളിലെ മുസ്‌ലിം കര്‍തൃത്വവും, എന്ന ലേഖനത്തില്‍. ബാബരിയാനന്തരമുള്ള മുസ്‌ലിം ഉണര്‍വുകളെയും ഒടുവില്‍ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിലെ മുസ്‌ലിം നേതൃത്വത്തിലും സാന്നിധ്യത്തിലും വര്‍ഗീയത ആരോപിക്കുന്നതിലേക്ക് ഇടതുപക്ഷം എത്തിച്ചേര്‍ന്നതിന്റെ നാള്‍വഴികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട് ലേഖകന്‍.
രാഷ്ട്രീയ ലക്ഷ്യത്തോടെ സി.പി.എം നടത്തുന്ന ഇസ്‌ലാംവിരുദ്ധ കാമ്പയിന്റെ കുന്തമുന ജമാഅത്തെ ഇസ്‌ലാമിക്കു നേരെ തിരിച്ചുവെച്ചതിനെ കുറിച്ചാണ് ടി.കെ.എം ഇഖ്ബാല്‍ എഴുതുന്നത്. ജമാഅത്തെ ഇസ്‌ലാമിക്കെതിരായ ആരോപണങ്ങളുടെ പൊള്ളത്തരങ്ങള്‍ എടുത്ത് കാണിക്കുന്നതോടൊപ്പം മാര്‍ക്‌സിസത്തിന്റെ തൊഴിലാളിവര്‍ഗ സമഗ്രാധിപത്യ സങ്കല്‍പവും സ്വാതന്ത്ര്യസമരത്തോടുള്ള സമീപനവും ചൂണ്ടിക്കാണിച്ച് വിമര്‍ശനത്തിന്റെ കാപട്യം തുറന്നുകാണുന്നുണ്ട് അദ്ദേഹം.
യൂറോപ്യന്‍ മതേതര സങ്കല്‍പത്തില്‍നിന്ന് ഭിന്നമായി പരസ്പരാശ്രിതത്വത്തിലും സൗഹാര്‍ദത്തിലും രൂപപ്പെട്ട ജീവിത സംസ്‌കാരമായിരുന്നു ഇവിടത്തെ മതേതരത്വം. എന്നാല്‍ വിശ്വാസത്തിനകത്ത്‌നിന്നുകൊണ്ടുള്ള മതേതരത്വത്തെ അംഗീകരിക്കാന്‍ ഇടതുപക്ഷത്തിനായില്ല എന്നു മാത്രമല്ല സംഘ്പരിവാറിന്റെ അധീശ മതസംസ്‌കാരത്തെയും ഇന്ത്യയിലെ മതസഹിതമതേതര്വത്തെയും വേര്‍തിരിച്ചു കാണാനും അവര്‍ക്കാകുന്നില്ല എന്ന് സമദ് കുന്നക്കാവ് 'സി.പി.എമ്മിനോട് മുസ്‌ലിം രാഷ്ട്രീയത്തിന് പറയാനുള്ളത്' എന്ന ലേഖനത്തില്‍ എടുത്തു പറയുന്നു.
ഇസ്‌ലാമും കമ്യൂണിസവും ഭിന്നവിരുദ്ധങ്ങളായ ആശയാദര്‍ശങ്ങളാകുമ്പോഴും മുതലാളിത്ത സാമ്രജ്യത്വ ഏകധ്രുവ അജണ്ടക്കെതിരെ പരസ്പര സഹകരണത്തിന്റേതായ തലങ്ങള്‍ ആഗോളതലത്തിലും ഇന്ത്യന്‍ സാഹചര്യത്തിലും ഇവ പരസ്പരം നിലനിര്‍ത്തിയിട്ടുണ്ട്. ആഗോളതലത്തില്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ നടക്കുന്ന പ്രോപ്പഗണ്ടയും സാമ്രാജ്യത്വ ആക്രമണങ്ങളും കമ്യൂണിസത്തിനെതിരെയും നടക്കുന്നുണ്ട്. ഇന്ത്യയില്‍ ഫാഷിസ്റ്റുകളുടെ ശത്രു മുസ്‌ലിംകള്‍ മാത്രമല്ല കമ്യൂണിസ്റ്റുകള്‍ കൂടിയാണ്. ഈ തിരിച്ചറിവുകള്‍ വിയോജിപ്പുകളേക്കാള്‍ യോജിപ്പിന്റെ തലങ്ങളിലേക്കാണ് എത്തിക്കേണ്ടത്. പക്ഷേ, താല്‍ക്കാലിക രാഷ്ട്രീയ ലാഭങ്ങള്‍ക്കായി ജമാഅത്തെ ഇസ്‌ലാമിയെ മുന്‍നിര്‍ത്തിയുള്ള ഇടതുപക്ഷത്തിന്റെ മുസ്‌ലിംവിരുദ്ധ സമീപനം സംഘ്പരിവാറിനാണ് സഹായകരമാകുന്നതെന്ന് ചൂണ്ടിക്കാണിക്കുകയാണ്, 'ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കെതിരെ മാര്‍ക്‌സിസ്റ്റ് നിഴല്‍യുദ്ധം' എന്ന ലേഖനത്തില്‍ ഒ. അബ്ദുര്‍റഹ്മാന്‍. ഇടതുപക്ഷം നിരന്തരമായി ഉന്നയിക്കുന്ന ജമാഅത്ത്, മൗദൂദി വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നുണ്ട് ലേഖനത്തില്‍.
ഇടതുപക്ഷം മൗലാനാ മൗദൂദിക്കും ജമാഅത്തെ ഇസ്‌ലാമിക്കുമെതിരെ ഉന്നയിക്കുന്ന തീവ്രവാദം, മതരാഷ്ട്രവാദം, ജനാധിപത്യവിരുദ്ധത തുടങ്ങിയ വിമര്‍ശനങ്ങളെ കൃത്യമായി വിശകലനം ചെയ്യുന്ന കെ.ടി ഹുസൈെന്റ ലേഖനങ്ങള്‍ പുസ്തകത്തിലു്.
പല ഇടതുപക്ഷ സൈദ്ധാന്തികരും വിമര്‍ശനവിധേയമാക്കിയിട്ടുള്ള ജനാധിപത്യമെന്ന ആശയത്തെ മൗദൂദി വിമര്‍ശിക്കുമ്പോള്‍ മാത്രം പ്രശ്‌നവല്‍ക്കരിക്കുന്ന കാപട്യത്തെയും വിമോചനത്തിന്റെ വഴിയായി കമ്യൂണിസത്തെ പരിചയപ്പെടുത്തുന്നവര്‍ ഇസ്‌ലാമിനെ വിമോചന പ്രത്യയശാസ്ത്രമായി അവതരിപ്പിക്കുന്നവര്‍ക്കെതിരെ തിരിയുന്നതിലെ ഇരട്ടത്താപ്പും അദ്ദേഹം ചോദ്യം ചെയ്യുന്നുണ്ട്.
ജമാഅത്ത് വിമര്‍ശനത്തില്‍ ഇടതുപക്ഷത്തിന്റെ പ്രധാന റഫറന്‍സ് ആയ ഹമീദ് ചേന്ദമംഗല്ലൂരിന്റെ വിമര്‍ശന രീതിശാസ്ത്രത്തിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കുകയാണ് 'ഇടത് വിമര്‍ശനത്തിന്റെ വേരുകള്‍' എന്ന അധ്യായം.
ഇടത് സൈദ്ധാന്തികനായ കെ.ടി കുഞ്ഞിക്കണ്ണന്റെ 'തീവ്രവാദം, ജമാഅത്ത് വിമര്‍ശനങ്ങള്‍ക്കൊരാമുഖം' എന്ന പുസ്തകത്തിന്റെ ആശയദാരിദ്ര്യത്തെക്കുറിച്ചാണ് ടി. മുഹമ്മദ് എഴുതുന്നത്. മതത്തിന്റെ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകളെ കുറിച്ച് മുതലാളിത്ത ആധുനികതയില്‍നിന്നും വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് വികസിപ്പിക്കാന്‍ ഇടതുപക്ഷത്തിന് കഴിയാതെ പോയതാണ് മതസഹിത സാമൂഹിക പ്രസ്ഥാനങ്ങളുടെ ഇടപെടലുകളെ സത്യസന്ധമായി വിലയിരുത്താന്‍ ഇടതുപക്ഷത്തിന് കഴിയാതെ പോയതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. നല്ല മുസ്‌ലിം, ചീത്ത മുസ്‌ലിം; കള്‍ച്ചറല്‍ ഇസ്‌ലാം, പൊളിറ്റിക്കല്‍ ഇസ്‌ലാം തുടങ്ങിയ ദ്വന്ദ്വ നിര്‍മിതികളിലൂടെ ആഗോളതലത്തില്‍ നടക്കുന്ന ഇസ്‌ലാം വിമര്‍ശനം തന്നെയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ പേരില്‍ ഇവിടെ സി.പി.എമ്മും പ്രചരിപ്പിക്കുന്നത്. ജമാഅത്ത് വിമര്‍ശനത്തിലെ വൈരുധ്യവും ദാരിദ്ര്യവും ഇഴകീറി പരിശോധിക്കുന്നുണ്ട് ലേഖകന്‍.
സംഘ് ഫാഷിസത്തിനെതിരെ നിലപാടെടുക്കുമ്പോള്‍ അതിനുള്ള ജമാഅത്തിന്റെ അര്‍ഹതയെ ചോദ്യം ചെയ്തുകൊണ്ട് ഉയര്‍ന്നുവരുന്ന മുനീര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെയും ഖാദിയാനീ പ്രശ്‌നത്തിന്റെയും യാഥാര്‍ഥ്യങ്ങള്‍ വെളിപ്പെടുത്തുകയാണ് ഡോ. ബദീഉസ്സമാന്‍. വിയോജിക്കുന്നു എന്നതുകൊണ്ട് മാത്രം ഒരാള്‍ക്കെതിരെ നിരന്തരമായി കളവുകളും അപവാദവും പ്രചരിപ്പിക്കുന്നത് എന്തുമാത്രം നികൃഷ്ടമാണെന്ന് അദ്ദേഹം ചോദിക്കുന്നു. വിമര്‍ശനത്തിന്റെ സാമാന്യ മര്യാദകള്‍ പോലും ലംഘിക്കുന്ന പ്രവണതകളെ ചോദ്യം ചെയ്യുകയാണ് 'മുനീര്‍ കമീഷന്‍ റിപ്പോര്‍ട്ട്, മൗദൂദിക്ക് പറയാനുള്ളത്' എന്ന ലേഖനത്തില്‍.
ആര്‍.എസ്.എസിനെയും ജമാഅത്തെ ഇസ്‌ലാമിയെയും തൂക്കമൊപ്പിച്ച് വിമര്‍ശിക്കുന്ന പ്രവണതയെ ചോദ്യം ചെയ്യുകയാണ് വി.എ കബീറിന്റെ ലേഖനം. ജമാഅത്ത് നിരോധനത്തിന്റെ രാഷ്ട്രീയത്തെയും ലേഖനം തുറന്നുകാണിക്കുന്നുണ്ട്. ഭൂരിപക്ഷ മതാധികാരം ഇന്ത്യയെ കാര്‍ന്നുതിന്നുമ്പോള്‍, ഇല്ലാത്ത ന്യൂനപക്ഷ വര്‍ഗീയതയെ കുറിച്ച് പറഞ്ഞ് ആര്‍.എസ്.എസിന്റെ ഭീകരതയെ ലഘൂകരിക്കുന്നത് എത്രമാത്രം അശ്ലീലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ജമാഅത്ത് ആശയത്തിന് അന്തര്‍ദേശീയ ബന്ധമുണ്ടെന്ന ഇടതുപക്ഷത്തിന്റെ ആരോപണത്തെ പരിശോധിക്കുകയാണ്, 'അന്തര്‍ദേശീയത എന്നു മുതലാണ് കമ്യൂണിസ്റ്റുകാര്‍ക്ക് അശ്ലീലമായത്' എന്ന ലേഖനത്തില്‍ പി.ഐ നൗഷാദ്. സി.പി.എമ്മിന്റെ ചരിത്രാനുഭവങ്ങളില്‍നിന്ന്, ജമാഅത്തെ ഇസ്‌ലാമിയുടെ അന്തര്‍ദേശീയ ഇടപെടലുകളും അപ്രകാരമായിരിക്കുമെന്ന വിചാരമാണ് ഈ ആരോപണത്തിന്റെ കാരണമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. വിമോചനത്തിന്റെ പുതുവഴികളിലേക്ക് ജനങ്ങള്‍ വന്നെത്തുമ്പോള്‍ ഉമ്മാക്കി കാണിച്ച് അവരെ തടയാമെന്നത് വ്യാമോഹം മാത്രമായിരിക്കുമെന്നും ലേഖകന്‍ ഉണര്‍ത്തുന്നു.
കനപ്പെട്ട നിരവധി ലേഖനങ്ങള്‍ ചേര്‍ത്തുവെച്ച പുസ്തകം സമകാലിക സാഹചര്യത്തില്‍ ഗൗരവ വായനക്ക് പ്രേരിപ്പിക്കുന്നതാണ്.
Comments