Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 20

3214

1443 മുഹര്‍റം 11

മുഹര്‍റം പവിത്ര മാസം

മുശീര്‍

മുഹര്‍റം മാസത്തെ നോമ്പിന്
വല്ല പ്രത്യേകതയും ഉണ്ടോ?

തീര്‍ച്ചയായും മുഹര്‍റം മാസത്തിന്  പ്രത്യേകതയും ശ്രേഷ്ഠതയും  ഉണ്ട്. അക്കാര്യം പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ടതുമാണ്. നോമ്പനുഷ്ഠിക്കുന്ന വിഷയത്തില്‍ റമദാന്‍ കഴിഞ്ഞാല്‍ നബി (സ) ഏറ്റവുമധികം പ്രാധാന്യം നല്‍കിയിരുന്നത്  ആശൂറാഅ് നോമ്പിനായിരുന്നു. തിരുമേനി (സ) ഹിജ്റക്കു മുമ്പ് മക്കയില്‍ വെച്ചും ഹിജ്റക്കു ശേഷം മദീനയില്‍ വെച്ചും മുടങ്ങാതെ അനുഷ്ഠിച്ചിരുന്നു മുഹര്‍റം പത്തിലെ ആശൂറാഅ് നോമ്പ്.  ജൂതന്മാരും അന്നേ ദിവസം നോമ്പനുഷ്ഠിക്കുന്നുണ്ടെന്നും മൂസാ നബിയുടെ ചര്യ പിന്‍പറ്റുകയാണ് അതിലൂടെ അവര്‍ ചെയ്യുന്നതെന്നും തന്റെ അവസാന കാലത്ത് മനസ്സിലാക്കിയ നബി (സ), മൂസാ നബിയോട് ജൂതന്മാര്‍ക്കുള്ളതിനേക്കാള്‍ കൂറും കടപ്പാടും  തങ്ങള്‍ക്കാണെന്നും, അതിനാല്‍ അടുത്ത വര്‍ഷം താന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ മുഹര്‍റം ഒമ്പതും കൂടി നോമ്പനുഷ്ഠിക്കും എന്നും പറഞ്ഞിരുന്നു. പക്ഷേ, അടുത്ത മുഹര്‍റമിനു മുമ്പേ നബി (സ) മരണപ്പെട്ടതിനാല്‍ ആ ആഗ്രഹം നിറവേറ്റാന്‍ കഴിഞ്ഞില്ല.
മുഹര്‍റം മാസത്തിലെ നോമ്പിന്റെ പ്രത്യേകതയും ശ്രേഷ്ഠതയും വിവരിക്കുന്ന സ്വഹീഹായ ധാരാളം ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അബൂഹുറയ്റ(റ)യില്‍നിന്ന്. നബി (സ) പറയുകയുണ്ടായി: 'റമദാന്‍ നോമ്പ് കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠമായ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹര്‍റം മാസത്തിലെ നോമ്പാണ്, ഫര്‍ദ് നമസ്‌കാരം കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠതയുള്ള നമസ്‌കാരം രാത്രി നമസ്‌കാരമാണ്' (മുസ്ലിം: 2812).
നബി (സ) 'അല്ലാഹുവിന്റെ മാസം' എന്ന് മുഹര്‍റമിനെ പ്രത്യേകം അല്ലാഹുവിലേക്ക് ചേര്‍ത്തുപറഞ്ഞിട്ടുണ്ട്. ഇതിന് അറബി ഭാഷയില്‍ 'മഹത്വവല്‍ക്കരിക്കാനും ആദരിക്കാനും വേണ്ടിയുള്ള ചേര്‍ത്തിപ്പറയല്‍' (ഇദാഫതു തശ്‌രീഫിന്‍ വതഅ്‌ളീം) എന്നാണ് പറയുക. അതിനാല്‍ മുഹര്‍റം മാസം പരമാവധി നന്മകള്‍ ചെയ്തും തിന്മകളില്‍നിന്ന് വിട്ടുനിന്നും അതിന്റെ പവിത്രതയും  ആദരവും കാത്തുസൂക്ഷിക്കുക.
 ആശൂറാ നോമ്പിന് പ്രത്യേകം പുണ്യവും പ്രതിഫലവുമുണ്ടെന്ന് നബി (സ) അറിയിച്ചിട്ടുണ്ട്: 
''അറഫാ ദിനത്തിലെ നോമ്പ് കൊണ്ട് അതിനു  മുമ്പുള്ള ഒരു വര്‍ഷത്തെയും അതിനു ശേഷമുള്ള ഒരു വര്‍ഷത്തെയും പാപങ്ങള്‍ പൊറുക്കപ്പെടുമെന്നും ആശൂറാഅ് നോമ്പ് കാരണം അതിനു മുമ്പുള്ള ഒരു വര്‍ഷത്തെ പാപങ്ങളും പൊറുക്കപ്പെടുമെന്നും  ഞാന്‍ അല്ലാഹുവില്‍നിന്ന് പ്രതീക്ഷിക്കുന്നു'' (മുസ്ലിം: 2803). 
മുഹര്‍റം ഒമ്പതിനാണ് താസൂആഅ് എന്ന് പറയുന്നത്. ആ ദിവസം നോമ്പനുഷ്ഠിക്കുന്നതും സുന്നത്താണ്.
അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) പറയുന്നു: നബി (സ) ആശൂറാഅ് ദിവസം നോമ്പനുഷ്ഠിക്കുകയും മറ്റുള്ളവരോട് അതിന് കല്‍പിക്കുകയും ചെയ്തപ്പോള്‍ അവര്‍ (സ്വഹാബികള്‍) പറയുകയുണ്ടായി: 'പ്രവാചകരേ, ഇന്നേ ദിവസത്തെ ജൂത-ക്രൈസ്തവര്‍ മഹത്വപ്പെടുത്തുന്നുണ്ടല്ലോ.' അപ്പോള്‍ നബി (സ) പറഞ്ഞു: 'അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം  ഒമ്പതാമത്തെ ദിവസവും (താസൂആഅ്) നാം നോമ്പനുഷ്ഠിക്കുന്നതാണ്.' ഇബ്നു അബ്ബാസ് (റ) പറഞ്ഞു: 'അടുത്ത വര്‍ഷം വന്നപ്പോഴേക്ക് തിരുമേനി (സ) വഫാത്തായിരുന്നു' (മുസ്ലിം: 2722). 

പവിത്ര മാസങ്ങള്‍ എന്നൊന്നുണ്ടോ, ഉണ്ട്ങ്കില്‍ ഏതൊക്കെ?
പവിത്രമാസങ്ങള്‍  എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

അല്ലാഹു ചില മാസങ്ങളെ പവിത്ര മാസങ്ങളായി നിശ്ചയിച്ചിരിക്കുന്നു. അവ നാലെണ്ണമാണ്. അതിലൊന്നാണ് ഹിജ്റ കലണ്ടര്‍ പ്രകാരം ഒന്നാമത്തെ മാസമായ മുഹര്‍റം. ഹദീസുകളില്‍ മുഹര്‍റമിനെ അല്ലാഹുവിന്റെ മാസം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.  പവിത്ര മാസങ്ങളില്‍ പരമാവധി നന്മകള്‍ അധികരിപ്പിക്കുകയും തിന്മകളില്‍നിന്ന് വിട്ടുനില്‍ക്കുകയും  ചെയ്യേണ്ടതുണ്ട്. അല്ലാഹു പറയുന്നു: ''ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം മുതല്‍ക്കേ അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം പവിത്രമാക്കപ്പെട്ട (യുദ്ധം വിലക്കപ്പെട്ട) മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ (നാല്) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോടു തന്നെ അക്രമം പ്രവര്‍ത്തിക്കരുത്'' (അത്തൗബ 36).
അല്ലാഹു പവിത്ര മാസങ്ങള്‍ നാലെണ്ണമാണെന്നേ പറഞ്ഞിട്ടുള്ളൂവെങ്കിലും, അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കിയത് നബി(സ)യാണ്. 
അബൂബക്‌റയില്‍നിന്ന് നിവേദനം. നബി (സ) പറഞ്ഞു: 'കാലം അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ച ദിവസത്തെ അതേ കാലഗണനയില്‍ തന്നെ വന്നു ചേര്‍ന്നിരിക്കുന്നു. വര്‍ഷം എന്ന് പറയുന്നത് പന്ത്രണ്ട് മാസമാണ്, അവയില്‍ നാലെണ്ണം പവിത്ര മാസങ്ങളാണ്, മൂന്നെണ്ണം തുടര്‍ച്ചയായുള്ളവയാണ്, ദുല്‍ഖഅദ, ദുല്‍ ഹിജ്ജ, മുഹര്‍റം എന്നിവയാണത്. ജുമാദയുടെയും ശഅ്ബാന്റെയും ഇടയിലുള്ള മുളറിന്റെ റജബാണ് നാലാമത്തേത്' (ബുഖാരി: 4662).
പന്ത്രണ്ടു മാസങ്ങളെക്കുറിച്ച് പൊതുവായി പറഞ്ഞ ശേഷം അതില്‍ നാലെണ്ണം പ്രത്യേകം പവിത്രമാണ് എന്ന് എടുത്തു പറഞ്ഞിരിക്കുന്നു. ഏതു മാസത്തിലായാലും തെറ്റുകള്‍ ചെയ്യരുത് എന്നു തന്നെയാണ് ഇസ്ലാം പഠിപ്പിക്കുന്നതെങ്കിലും, ഈ നാലു മാസങ്ങളില്‍ തെറ്റുകള്‍ ചെയ്യരുത് എന്നു പറഞ്ഞത് ഈ മാസങ്ങളില്‍ ചെയ്യുന്ന പാപത്തിന്റെ  ഗൗരവം വര്‍ധിക്കും എന്നതിനാലാണ്.

മുഹര്‍റം മാസവുമായി ബന്ധപ്പെട്ട്  അത് ദുഃഖത്തിന്റെ സ്മരണയാണ് എന്നു പറഞ്ഞ് ചില ചരിത്ര സംഭവങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ടല്ലോ?
ഇസ്ലാമിക ചരിത്രത്തിലെ കറുത്ത അധ്യായമാണ് നബി(സ)യുടെ പേരമകന്‍ ഹുസൈന്‍ (റ) രക്തസാക്ഷിയായ സംഭവം. അതൊരു മുഹര്‍റം പത്തിനായിരുന്നു. ഈ സംഭവത്തെ മുന്‍നിര്‍ത്തി ശീഈ വിഭാഗങ്ങള്‍ മുഹര്‍റം പത്തിനെ കറുത്ത ദിനമായാണ് ആചരിച്ചുവരുന്നത്. വിലാപവും മാറത്തടിയും നിലവിളിയും മാരകായുധങ്ങളെടുത്ത് സ്വന്തം ശരീരത്തെ പീഡിപ്പിക്കലുമൊക്കെ അതിന്റെ ഭാഗമായി നടന്നുവരുന്നു. മുഹര്‍റം പത്തിന്റെ യഥാര്‍ഥ പൊരുളറിയാതെയും അതിന്റെ ചൈതന്യം മനസ്സിലാക്കാതെയും തിരുമേനിയുടെ സുന്നത്ത് പിന്‍പറ്റാതെയും നടത്തുന്ന, പില്‍ക്കാലത്ത് രൂപപ്പെട്ട ആചാരങ്ങള്‍ എന്നേ അവയെപ്പറ്റി പറഞ്ഞുകൂടൂ. അവരിലെ പരിഷ്‌കരണവാദികള്‍ ഇതിനെ വിമര്‍ശിക്കുകയും വിലക്കുകയും ചെയ്തിട്ടുണ്ട്.  ഹുസൈന്‍ (റ) രക്തസാക്ഷി(ശഹീദ്) ആണെന്നതും അല്ലാഹുവിന്റെ സ്വര്‍ഗ പൂങ്കാവനത്തില്‍ ഇടം നേടിയ മഹാനാണെന്നതും അഹ്ലുസ്സുന്നയുടെ വിശ്വാസപ്രമാണമാണ്. അഹ്ലു ബൈത്തിനെ സ്നേഹിക്കാനും ബഹുമാനിക്കാനും ഓരോ വിശ്വാസിയും കല്‍പിക്കപ്പെട്ടതിനാല്‍ അതില്‍ വീഴ്ച വരുത്താനും പാടില്ല. അതു പക്ഷേ, അല്ലാഹുവോ പ്രവാചകനോ പഠിപ്പിക്കാത്ത, അവര്‍ വിലക്കിയ മാര്‍ഗങ്ങളിലൂടെ ആകാന്‍ പാടില്ലാത്തതാണ്.

മുഹര്‍റം മാസം ശകുനത്തിന്റെ മാസമാണെന്ന വിശ്വാസം
പൊതുവേ നിലനില്‍ക്കുന്നുണ്ട്. ഇതിന് വല്ല അടിസ്ഥാനവുമുണ്ടോ?

മുഹര്‍റം മാസത്തെ മോശപ്പെട്ട മാസമായും നഹ്‌സിന്റെ മാസമായുമൊക്കെ കാണുന്നവര്‍ അല്ലാഹു ആദരിച്ച മാസത്തെ അനാദരിക്കുകയാണ് ചെയ്യുന്നത്. തങ്ങള്‍ക്ക് ജീവിതത്തില്‍ ഉണ്ടാകുന്ന നന്മകളെയും പ്രയാസങ്ങളെയും കാലത്തിലേക്ക് ചേര്‍ത്തു പറയുകയും ശകുനം കണക്കാക്കുകയും ചെയ്തിരുന്നത് ജാഹിലിയ്യാ കാലത്തെ വിശ്വാസമായിരുന്നു. ഏറ്റവും പവിത്രമാക്കപ്പെട്ട മാസങ്ങളിലൊന്നായി അല്ലാഹു മുഹര്‍റം മാസത്തെ വിശേഷിപ്പിക്കുമ്പോള്‍ ചിലരതിനെ അശുഭകരമായ മാസമായും നല്ല കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ അനുയോജ്യമല്ലാത്ത മാസമായും കണക്കാക്കുന്നു. എത്ര നീചമായ പ്രവൃത്തി!
കാലത്തെ പഴിക്കുകയെന്നത് ശറഇല്‍ വിലക്കപ്പെട്ടതാണ്. ഖുദ്‌സിയായ ഒരു ഹദീസില്‍ ഇപ്രകാരം കാണാം:

عَنْ أَبِي هُرَيْرَةَ قَالَ: قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: « قَالَ اللَّهُ تَعَالَى: يُؤْذِينِي ابْنُ آدَمَ يَسُبُّ الدَّهْرَ، وَأَنَا الدَّهْرُ، بِيَدِي الْأَمْرُ أُقَلِّبُ اللَّيْلَ وَالنَّهَارَ ».- رَوَاهُ الْبُخَارِيُّ: 2006.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: നബി (സ) പറഞ്ഞു: അല്ലാഹു പറഞ്ഞു: 'കാലത്തെ പഴിക്കുന്നതിലൂടെ ആദം സന്തതി എന്നെ ഉപദ്രവിക്കുന്നു. ഞാനാകുന്നു കാലം. എന്റെ കൈയിലാണ് നിയന്ത്രണം. ഞാന്‍ രാവും പകലും മാറ്റിമറിക്കുന്നു' (ബുഖാരി: 2006, മുസ്ലിം: 6000).
ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം ബഗവി പറയുന്നു: ''തങ്ങള്‍ക്ക് അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ കാലത്തെ കുറ്റപ്പെടുത്തുക എന്നത് അറബികളുടെ രീതിയായിരുന്നു. കാരണം തങ്ങള്‍ക്ക് ബാധിക്കുന്ന ദുരനുഭവങ്ങളും പ്രയാസങ്ങളും അവര്‍ കാലത്തിലേക്ക് ചേര്‍ത്തിയാണ് പറഞ്ഞിരുന്നത്. 'അവരെ കാലത്തിന്റെ ഭയാനകത പിടികൂടി, അവരെ കാലം തുടച്ചുനീക്കി' എന്നെല്ലാം അവര്‍ പറയുമായിരുന്നു. തങ്ങള്‍ക്ക് ഉണ്ടാകുന്ന അപകടങ്ങളെ കാലത്തിലേക്ക് ചേര്‍ത്തുപറയുക വഴി അവയെല്ലാം നിയന്ത്രിക്കുന്നവനെയാണ് അവര്‍ കുറ്റപ്പെടുത്തുന്നത്'' (ശറഹുസ്സുന്ന: 3386).
മുസ്ലിം സമുദായത്തില്‍ മുഹര്‍റമിനെ സംബന്ധിച്ച് നിലനില്‍ക്കുന്ന ഇത്തരം  ധാരണകളും ആചാരങ്ങളും തികച്ചും പ്രമാണവിരുദ്ധമാണ്. അല്ലാഹു ആദരിച്ച വര്‍ഷാദ്യമാസത്തെ വരവേല്‍ക്കുന്നതിനു പകരം മ്ലാനവദനരായി ദുശ്ശകുനം കണ്ടപോലെ ജനങ്ങള്‍ അതിനെ അഭിമുഖീകരിക്കുന്ന വൈരുധ്യമാണ് നാം കാണുന്നത്. മുഹര്‍റമിലെ ആദ്യ പത്തു ദിവസം നഹ്സ് അഥവാ ദുശ്ശകുനമായി ചിലര്‍ കാണുന്നു. ജീവിതത്തിലെ പ്രധാന കാല്‍വെപ്പുകളൊന്നും ഈ ദിവസങ്ങളില്‍ നടത്താതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. വിവാഹം, തൊഴില്‍, കച്ചവടം, വീടുവെക്കല്‍, വീട്ടില്‍ താമസം തുടങ്ങല്‍ തുടങ്ങിയ ഒരു കാര്യവും ചെയ്യാന്‍ പറ്റാത്ത അശുഭ മുഹൂര്‍ത്തമായി അവര്‍ ഈ പത്തു ദിവസങ്ങളെ കണക്കാക്കുന്നു. ഇസ്ലാമിക പ്രമാണങ്ങളുമായി ഒരു ബന്ധവുമില്ലാത്ത വിശ്വാസമാണിത്. അല്ലാഹു ആദരിച്ച ദിവസങ്ങളെ നാം ദുശ്ശകുനമായി കാണുകയോ?
ഇസ്‌ലാമില്‍ ഏതെങ്കിലും ദിവസങ്ങള്‍ക്കോ  മാസങ്ങള്‍ക്കോ  ദുശ്ശകുനമില്ല, നഹ്‌സ് ഇല്ല എന്നാണ് ഇസ്‌ലാമിക പ്രമാണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. മുഹര്‍റം മാസത്തില്‍ 'നഹ്‌സ്' ഉണ്ടെന്നു പറയുന്നത് ശീഈ വിഭാഗമാണ്. ദുശ്ശകുനം, നഹ്‌സ് പോലുള്ള വിശ്വാസങ്ങള്‍ അവരുടേതു മാത്രമാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (77-88)
ടി.കെ ഉബൈദ്‌

ഹദീസ്‌

വേണ്ടാത്തവര്‍ക്ക് അത് ദാനം ചെയ്യാം
അബ്ദുല്ലത്വീഫ് കൊടുവള്ളി