Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 20

3214

1443 മുഹര്‍റം 11

ഭയം ഭരിക്കുന്ന സമുദായം

ഇസ്മാഈല്‍ പതിയാരക്കര, ബഹ്‌െെറന്‍

'സച്ചാറില്‍നിന്നും സംവരണത്തില്‍നിന്നും പുറത്താക്കപ്പെടുന്ന സമുദായം' എന്ന ശീര്‍ഷകത്തില്‍ ശിഹാബ് പൂക്കോട്ടൂര്‍ എഴുതിയ ലേഖനം (ലക്കം 3212) ഒരു സമുദായം എന്ന നിലയില്‍ മുസ്‌ലിം സമൂഹം അനുഭവിക്കുന്ന  വിവേചനത്തിന്റെയും ഒറ്റപ്പെടലിന്റെയും നിസ്സഹായതയുടെയും നേര്‍ചിത്രമായി അനുഭവപ്പെട്ടു.
ന്യായമായ അവകാശങ്ങള്‍ ചവിട്ടിമെതിച്ച് ഭരണകൂടം ധാര്‍ഷ്ട്യം തുടരുമ്പോഴും ഒന്നിച്ചുനിന്നൊരു പ്രസ്താവന നടത്താന്‍ പോലും കഴിയാത്ത തരത്തില്‍ ചിലര്‍ സംഘടനാ സങ്കുചിതത്വവും പകയും സ്വാര്‍ഥ താല്‍പര്യങ്ങളും കൊണ്ടുനടക്കുന്നു എന്നത് വല്ലാതെ വേദനിപ്പിക്കുന്നു. 
അവകാശങ്ങള്‍ക്കു വേണ്ടി പോര്‍മുഖത്തിറങ്ങുമ്പോള്‍ തീവ്രവാദികള്‍ എന്ന ചാപ്പയാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന തിരിച്ചറിവ് അനീതിക്കെതിരെ പ്രതികരിക്കുന്നതില്‍നിന്ന് ചില വ്യക്തികളെയും സംഘടനകളെയും പിറകോട്ടു വലിക്കുന്ന സാഹചര്യമാണിപ്പോള്‍. ഇങ്ങനെ ഉള്‍വലിയലിന്റെയും ഇഛാഭംഗത്തിന്റെയും ഗര്‍ത്തത്തിലേക്ക് വീഴുന്ന സമുദായാംഗങ്ങള്‍ക്ക് ഉണര്‍വും ഉത്തേജനവും ആത്മവിശ്വാസവും നല്‍കാന്‍ ഉതകുന്ന പദ്ധതികള്‍ സമുദായ സംഘടനകള്‍ ഒറ്റക്കും കൂട്ടായും രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. 

 

തുനീഷ്യ തുര്‍ക്കിക്ക് മുന്നറിയിപ്പ്

അബ്ദുല്‍ മാലിക്, മുടിക്കല്‍

ഈജിപ്തിന്റെ ചരിത്രത്തിലാദ്യമായി ജനാധിപത്യരീതിയിലൂടെ ഭരണത്തിലേറിയ മുഹമ്മദ് മുര്‍സിയുടെ മുസ്‌ലിം ബ്രദര്‍ഹുഡ് ഗവണ്‍മെന്റിനെ രക്തരൂഷിതമായ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയാണ് സൈനിക മേധാവിയായിരുന്ന അബ്ദുല്‍ ഫത്താഹ് സീസി അധികാരം പിടിച്ചത്. ഇതിന്റെ പിന്നില്‍ ഇസ്രയേലിന്റെയും മേഖലയിലെ നാടുവാഴി ഭരണകൂടങ്ങളുടെയും കരങ്ങളായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. ഇതിന്റെ ആവര്‍ത്തനമാണ് ഇപ്പോള്‍ തുനീഷ്യയിലും കാണുന്നത്.
സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി നിലകൊള്ളുന്ന ഇസ്‌ലാമിക നവജാഗരണ ശക്തികള്‍ മുന്നേറുന്നിടങ്ങളിലെല്ലാം അതിനെ പിഴുതെറിയുക എന്നതാണ് സാമ്രാജ്യത്വത്തിന്റെയും സയണിസത്തിന്റെയും അവരുടെ സാമന്തന്മാരുടെയും ലക്ഷ്യം. തുര്‍ക്കി ഈ അച്ചുതണ്ടിന്റെ പ്രധാന നോട്ടപ്പുള്ളിയാണ്. ഒരുനാള്‍ അവിടെനിന്നും അട്ടിമറിവാര്‍ത്തകള്‍ കേള്‍ക്കേണ്ടിവന്നേക്കാം. 


ഖാദര്‍ ഫൈസിയുടെ ജീവിതവിവരണം

കെ.കെ ബശീര്‍, കടലായി,  കണ്ണൂര്‍

ബഷീര്‍ തൃപ്പനച്ചി തയാറാക്കിയ കെ.എ ഖാദര്‍ ഫൈസിയുടെ ജീവിത വിവരണം (ലക്കം 9,10) ഏറെ താല്‍പര്യത്തോടെയാണ് വായിച്ചത്. ഫൈസി എഴുതിയ രണ്ട് പുസ്തകങ്ങള്‍ നേരത്തേ വായിക്കാനിടയായിട്ടുണ്ട്. ചെറുതെങ്കിലും അവ രണ്ടും വളരെ ആശയസമ്പുഷ്ടമായിരുന്നു. സൂഫിസവഴിയില്‍ അടിഞ്ഞുകൂടിയ ഇസ്‌ലാമികവിരുദ്ധത കൃത്യമായി വിവരിക്കുന്നുണ്ട്, 'സൂഫിസത്തിന്റെ വേരുകള്‍' എന്ന  പുസ്തകം. ശീഈസത്തില്‍ ചെന്നെത്തുന്ന അതിന്റെ വേരുകള്‍ വ്യക്തമായി ചികഞ്ഞെടുക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.
ഔലിയാ സങ്കല്‍പ്പത്തിലെ ശരിതെറ്റുകളെ കുറിച്ച് ഇമാം ഇബ്‌നുതൈമിയ്യ എഴുതിയ ഗ്രന്ഥത്തിന്റെ വിവര്‍ത്തനം 'അല്ലാഹുവിന്റെ ഔലിയാക്കള്‍' എന്ന പുസ്തകവും പഠനാര്‍ഹമാണ്. ഈ കൃതി വായിക്കുമ്പോള്‍ അല്ലാഹുവിന്റെ ഔലിയാക്കള്‍ എന്ന് അഭിനയിച്ചു നടക്കുകയും അങ്ങനെ കൊണ്ടാടപ്പെടുകയും ചെയ്യുന്ന പലരും പിശാചിന്റെ ഔലിയാക്കളാണെന്ന് മനസ്സിലാക്കാന്‍ കഴിയും.
ഇസ്‌ലാമിക സമൂഹത്തിന് ദിശാബോധം നല്‍കുന്ന രചനകള്‍ ഇനിയുമെഴുതാന്‍ ആരോഗ്യവും ദീര്‍ഘായുസ്സും നല്‍കി അല്ലാഹു ഖാദര്‍ ഫൈസിയെ അനുഗ്രഹിക്കുമാറാകട്ടെ. 


ദാറുന്നുജൂമിന്റെ സേവനങ്ങള്‍

െക. കുഞ്ഞബ്ദുല്ല
ദാറുന്നുജൂം യതീംഖാന നിര്‍വാഹക സമിതിയംഗം, പേരാമ്പ്ര

പ്രബോധനം വാള്യം 78, ലക്കം 9-ല്‍ സദ്‌റുദ്ദീന്‍ വാഴക്കാട് എഴുതിയ 'അനാഥസംരക്ഷണം: പ്രതീക്ഷയുടെ പുതുവഴികള്‍' പഠനാര്‍ഹവും സമാന സ്ഥാപനങ്ങള്‍ക്ക് പ്രചോദകവുമാണ്. സമൂഹത്തിലെ, വിശിഷ്യാ മുസ്‌ലിം സമുദായത്തിലെ അനാഥരും ആശ്രയമറ്റവരും നിരാലംബരുമായ കുഞ്ഞുങ്ങളുടെ സംരക്ഷണമേറ്റെടുത്ത് കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ഉപകാരപ്പെടുന്ന പൗരന്മാരായി അവരെ വളര്‍ത്തിക്കൊണ്ടുവരുന്ന അനാഥാലയങ്ങളുടെ സേവനം നിസ്തുലമാണ്. സാമുദായിക വിദ്വേഷം കത്തിനില്‍ക്കുന്ന സമകാലിക സാഹചര്യത്തില്‍ മുസ്‌ലിം അനാഥാലയങ്ങളുടെ സേവനം വിലമതിക്കപ്പെടുന്നില്ല എന്നത് ഒരു വസ്തുതയാണ്. പുതിയ ശിശു സംരക്ഷണ നിയമം - ജെ.ജെ ആക്ട് - പ്രാബല്യത്തില്‍ വന്നതോടെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് സങ്കീര്‍ണമായ പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. അതേക്കുറിച്ച് ലേഖകന്‍ ഒന്നും പരാമര്‍ശിച്ചുകണ്ടില്ല. കേരളത്തിലെ, പ്രത്യേകിച്ച് മലബാറിലെ പല പ്രശസ്ത സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം പരിചയപ്പെടുത്തിയ ലേഖനത്തില്‍ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ദാറുന്നുജൂം യതീംഖാനയെ വിട്ടുപോയിരിക്കുന്നു.
1976-ല്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്ത, 15 കുട്ടികളുമായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ദാറുന്നുജൂം യതീംഖാനയുടെ 45 വര്‍ഷങ്ങള്‍ പിന്നിട്ട പ്രവര്‍ത്തനങ്ങള്‍ അഗതികളും അനാഥരുമായ നിരവധി കുട്ടികളെ ഉന്നത സാമൂഹിക പദവികളില്‍ എത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇപ്പോഴത്തെ  കേരള മന്ത്രിസഭയിലെ ഒരംഗം, ഫാറൂഖ് കോളേജിലെ പ്രഗത്ഭനായ ഒരു ഇംഗ്ലീഷ് പ്രഫസര്‍ തുടങ്ങി സ്വദേശത്തും വിദേശത്തും വിവിധ പദവികള്‍ വഹിക്കുന്നവരും ഉയര്‍ന്ന സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരും ഉള്‍പ്പെടെയുള്ളവര്‍ ഈ സ്ഥാപനത്തിലെ പൂര്‍വകാല വിദ്യാര്‍ഥികളാണ്. സജീവമായ പൂര്‍വവിദ്യാര്‍ഥി സംഘടന അവര്‍ ഇപ്പോഴും സ്ഥാപനത്തെ ഓര്‍ക്കുന്നു എന്നതിന് തെളിവാണ് 
സ്ഥാപനത്തിനു കീഴില്‍ രണ്ട് ജുമാ മസ്ജിദുകളും ഒരു എയ്ഡഡ് എല്‍.പി സ്‌കൂളും നഴ്സറി, റഗുലര്‍ മദ്‌റസ, ഹോളിഡേ മദ്‌റസ തുടങ്ങിയവയും പ്രവര്‍ത്തിച്ചുവരുന്നു. ആറ് ഡിഗ്രി കോഴ്സുകളോടെ കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ഒരു സെല്‍ഫ് ഫിനാന്‍സ് കോളേജും സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. ആദരണീയനായ വി.ടി കുഞ്ഞാലി മാസ്റ്ററുടെ നിതാന്ത പരിശ്രമങ്ങളുടെയും അദ്ദേഹത്തിന്റെ ആശയം പേരാമ്പ്രയിലെയും പരിസരപ്രദേശങ്ങളിലെയും സമ്പന്നരും അല്ലാത്തവരുമായ വ്യക്തികള്‍ ഏറ്റെടുത്തതിന്റെയും  ഫലമാണ് സ്ഥാപനത്തിന്റെ ഈ നേട്ടങ്ങള്‍.
ജെ.ജെ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത്, അതിന്റെ  വ്യവസ്ഥകളും ചട്ടങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിലെ അന്തേവാസികളില്‍ ഭൂരിഭാഗവും ഇപ്പോള്‍ പെണ്‍കുട്ടികളാണ്. അവരുടെ സര്‍വതോമുഖ വളര്‍ച്ചക്കുതകുന്ന എല്ലാ കാര്യങ്ങളും സ്ഥാപനം ഏറ്റെടുത്തു നടത്തുന്നു. വിദ്യാര്‍ഥികളില്‍ സ്വന്തമായി വീടില്ലാത്തവര്‍ക്ക് ആവശ്യമായ സ്ഥലം കണ്ടെത്തി വീട് നിര്‍മിച്ചു നല്‍കുന്ന പ്രവര്‍ത്തനത്തിലാണിപ്പോള്‍. ഏഴ് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രഫ. സി. ഉമ്മര്‍ സാഹിബാണ്് ഇപ്പോഴത്തെ പ്രസിഡന്റ്. 25 അംഗ നിര്‍വാഹകസമിതി പ്രവര്‍ത്തന മേല്‍നോട്ടം  വഹിക്കുന്നു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി എം.കെ മുഹമ്മദലി സാഹിബ് ഹൈ പവര്‍ കമ്മിറ്റി അംഗമാണ്. 

 

ആത്മഹത്യയില്‍ 'അഭയം'?

ശരീഫ് വേരാട്, ഒറ്റപ്പാലം

സുഖദുഃഖസമ്മിശ്രമാണ് ജീവിതം. പ്രയാസവും എളുപ്പവുമുള്ളതാണത്. സന്തോഷവും സന്താപവും നിറഞ്ഞത്. നശ്വരമായ ഐഹിക ജീവിതം പരീക്ഷണമാണെന്ന് ദൈവിക മതം പഠിപ്പിക്കുന്നു: ''മരണവും ജീവിതവും സൃഷ്ടിച്ചവന്‍. കര്‍മ നിര്‍വഹണത്തില്‍ നിങ്ങളിലേറ്റം മികച്ചവരാരെന്ന് പരീക്ഷിക്കാനാണത്. അവന്‍ അജയ്യനാണ്. ഏറെ മാപ്പേകുന്നവനും'' (ഖുര്‍ആന്‍ 67:2).
പ്രതിസന്ധികളും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വരുമ്പോള്‍ ക്ഷമയോടെയും അവധാനതയോടെയും പെരുമാറാന്‍ ഇസ്‌ലാം പഠിപ്പിക്കുന്നു. ജീവിതത്തില്‍ ജയപരാജയങ്ങളും സാമ്പത്തിക നഷ്ടങ്ങളും, ജീവഹാനി വരെ സംഭവിക്കുമ്പോഴും ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത നല്‍കുന്നു അത്: 
''ഭയം, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ സന്തോഷവാര്‍ത്ത അറിയിക്കുക'' (ഖുര്‍ആന്‍ 2:155).
എന്നാല്‍, പ്രതിസന്ധിഘട്ടങ്ങളില്‍ മറ്റൊരു വഴിയും അന്വേഷിക്കാതെ, വിഷമങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാതെ ആത്മഹത്യയില്‍ 'അഭയം' പ്രാപിക്കുന്നവര്‍ സ്വന്തത്തോടും ജീവന്‍ നല്‍കിയ സ്രഷ്ടാവിനോടും വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളോടും കുടുംബത്തോടും കൃതഘ്‌നതയും അവഗണനയുമല്ലേ കാണിക്കുന്നത്? മാതാപിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും ബാധ്യത വരുത്തിവെക്കുകയല്ലേ അവര്‍? ഇസ്‌ലാം ആത്മഹത്യയെ ശക്തമായി എതിര്‍ക്കുന്നു. സ്വയം നാശത്തിലേക്കാണവര്‍ എടുത്തുചാടുന്നതെന്നും അത്തരക്കാരെ പരലോകത്ത് വേദനയേറിയ ശിക്ഷയാണ് കാത്തിരിക്കുന്നതെന്നും അത് മുന്നറിയിപ്പ് നല്‍കുന്നു.
നബി (സ) പറഞ്ഞതായി അബൂഹുറയ്‌റ (റ) ഉദ്ധരിക്കുന്നു: ''മലമുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തവന്‍ നരകത്തില്‍ ശാശ്വതമായി (മലമുകളില്‍നിന്ന്) ചാടിക്കൊണ്ടേയിരിക്കും. വിഷം കഴിച്ച് മരിച്ചവന്‍ നരകത്തില്‍ വിഷം കഴിച്ചുകൊണ്ടേയിരിക്കും. ഇരുമ്പു കൊണ്ട് മുറിവേല്‍പിച്ച് മരിച്ചവന്‍ നരകത്തില്‍ ശാശ്വതമായി ഇരുമ്പിന്റെ ആയുധം അവന്റെ വയറില്‍ കുത്തിക്കയറ്റിക്കൊണ്ടിരിക്കും'' (ബുഖാരി).
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (77-88)
ടി.കെ ഉബൈദ്‌

ഹദീസ്‌

വേണ്ടാത്തവര്‍ക്ക് അത് ദാനം ചെയ്യാം
അബ്ദുല്ലത്വീഫ് കൊടുവള്ളി