Prabodhanm Weekly

Pages

Search

2021 ആഗസ്റ്റ് 20

3214

1443 മുഹര്‍റം 11

ഒളിഞ്ഞും തെളിഞ്ഞുമുള്ള ജനാധിപത്യധ്വംസനങ്ങള്‍

തൊള്ളായിരത്തി തൊണ്ണൂറുകളുടെ മധ്യത്തില്‍ വടക്കനാഫ്രിക്കന്‍ രാജ്യങ്ങളില്‍ 'ജനാധിപത്യ മധുവിധി' (ഉര്‍സുന്‍ ദിംഖാറിത്വി) എന്നൊരു പ്രയോഗം ഇസ്‌ലാമിസ്റ്റ്് വൃത്തങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്നു. 1995-ല്‍ അള്‍ജീരിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ അവിടത്തെ ഇസ്‌ലാമിക പ്രസ്ഥാനമായ 'ഹിംസ്വി'ന്റെ തലവന്‍ മഹ്ഫൂള് നഹ്‌നാഹും മത്സരിക്കാനുണ്ടായിരുന്നു. തെരഞ്ഞെടുപ്പു തിരിമറികളുടെ പൊടിപൂരമായിരുന്നു. ആര് ജയിക്കുമെന്ന് നേരത്തേ തന്നെ അറിയാം. നഹ്‌നാഹിന് തോല്‍ക്കുകയല്ലാതെ നിവൃത്തിയില്ല. പക്ഷേ തെരഞ്ഞെടുപ്പില്‍ നടന്ന കൃത്രിമങ്ങളെക്കുറിച്ചൊന്നും അദ്ദേഹം മിണ്ടിയതേയില്ല. അതേപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ജനാധിപത്യത്തിന്റെ മധുവിധുവില്‍ കല്ലുകടി വേണ്ട.' ജനാധിപത്യത്തിന്റെ സംക്രമണ ദശയില്‍ ഇതുപോലുള്ള കല്ലുകടികള്‍ സ്വാഭാവികമാണെന്നും അതില്‍ കടിച്ചുതൂങ്ങാതെ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുപോകണമെന്നും സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. 'ശൂറോക്രസി' എന്ന സംജ്ഞ തന്നെ അദ്ദേഹം വികസിപ്പിക്കുകയുണ്ടായി. ഇസ്‌ലാമിലെ ശൂറയുടെയും പാശ്ചാത്യ ദേശത്ത് വികാസം കൊണ്ട ഡെമോക്രസിയുടെയും സമന്വയം. ഈ രണ്ട് ആശയങ്ങള്‍ എങ്ങനെ സമന്വയിക്കാനാണ് എന്ന് അദ്ദേഹത്തിന്റെ സ്വന്തം അനുയായികള്‍ തന്നെ വലരെയധികം ബഹളം കൂട്ടിയിരുന്നു. ഇന്നിപ്പോള്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ പുതിയ തലങ്ങളിലേക്ക് കാലെടുത്തു വെച്ച ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ സാമൂഹിക, രാഷ്ട്രീയ മാറ്റത്തിന്റെ ഏറ്റവും ശക്തമായ ടൂളുകളിലൊന്നായി ജനാധിപത്യത്തെ സ്വീകരിച്ചുകഴിഞ്ഞു. വിവിധ നാടുകളില്‍ അറബ് വസന്ത വിപ്ലവങ്ങള്‍ അരങ്ങേറിയ ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ശക്തിപരീക്ഷണത്തിനിറങ്ങി. ഏറക്കുറെ സംശുദ്ധമായി നടന്ന തെരഞ്ഞെടുപ്പുകളിലൊക്കെ അവര്‍ നല്ല പ്രകടനം കാഴ്ചവെച്ചു. ചിലേടത്ത് പ്രസിഡന്റ് പദവികളില്‍ അവരോധിക്കപ്പെട്ടു. ചിലേടത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കൂട്ടുകക്ഷി മന്ത്രിസഭയുണ്ടാക്കി. മറ്റു ചിലയിടങ്ങളില്‍ മുഖ്യ പ്രതിപക്ഷമായി. 'ജനാധിപത്യ മധുവിധു'വായി ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ഈ രാഷ്ട്രീയ മുന്നേറ്റത്തെ കാണുന്നവരുണ്ട്.
പക്ഷേ, മുന്‍ തുനീഷ്യന്‍ പ്രസിഡന്റ് മുന്‍സിഫ് മര്‍സൂഖി വിശേഷിപ്പിച്ച 'ആഗോള ഉപജാപക സംഘം' ഇസ്‌ലാമിസ്റ്റുകള്‍ക്ക് നായകത്വമോ പങ്കാളിത്തമോ ഉള്ള മുഴുവന്‍ ജനാധിപത്യ പരീക്ഷണങ്ങളെയും ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. സകല നവ കൊളോണിയല്‍ സാമ്രാജ്യത്വ ശക്തികളുടെയും പിന്തുണ ഈ ഉപജാപക സംഘങ്ങള്‍ക്കുണ്ട്. ഈജിപ്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ചത് ഈ ഉപജാപക സംഘമാണ്. തുനീഷ്യയിലെ അട്ടിമറിക്കു പിന്നിലുള്ള ദുഷ്ട കരങ്ങളും മറ്റാരുടേതുമല്ല. അതു സംബന്ധമായി അന്നഹ്ദ പ്രസ്ഥാന നായകന്‍ റാശിദുല്‍ ഗന്നൂശി ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനവും ഒരു അറബ് രാഷ്ട്രീയ നിരീക്ഷകന്റെ വിശകലനവും ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജനാധിപത്യം ശൈശവാവസ്ഥയിലുള്ള അറബ് നാടുകളില്‍ അതിനെ ഡീപ്പ് സ്റ്റേറ്റിനെ ഉപയോഗിച്ച് അട്ടിമറിക്കുമ്പോള്‍, ജനാധിപത്യം വേരുറച്ച ഇന്ത്യയെപ്പോലുള്ള നാടുകളില്‍ അത്തരം നഗ്നമായ കൈയേറ്റങ്ങള്‍ക്ക് ഒട്ടേറെ തടസ്സങ്ങളുണ്ടെന്ന് നമ്മെ ഭരിക്കുന്നവര്‍ക്കറിയാം. ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പരിധികള്‍ ചുരുക്കിക്കൊണ്ടു വന്ന് ആ ആശയങ്ങള്‍ക്ക് കരുത്ത് പകരുന്ന സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. ഇന്ത്യന്‍ ഭരണഘടനക്കെതിരെയും ഇത്തരം ഒളിയാക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വര്‍ഷത്തേക്ക് കടക്കുന്ന വേളയില്‍ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും ഭാവിയെന്ത് എന്ന സുപ്രധാന ചോദ്യമാണ് ഉയര്‍ത്തിക്കൊണ്ടു വരേണ്ടത്. ഈ മൗലിക ചോദ്യം ഉയര്‍ത്തപ്പെടാതിരിക്കാനാണ് ഭരണം നിയന്ത്രിക്കുന്ന ജനാധിപത്യവിരുദ്ധ ശക്തികള്‍ ഒരു വര്‍ഷത്തെ പരിപാടികള്‍ ആവിഷ്‌കരിക്കുന്നതെന്ന തിരിച്ചറിവും നമുക്കുണ്ടാവണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-38 / സ്വാദ്‌ (77-88)
ടി.കെ ഉബൈദ്‌

ഹദീസ്‌

വേണ്ടാത്തവര്‍ക്ക് അത് ദാനം ചെയ്യാം
അബ്ദുല്ലത്വീഫ് കൊടുവള്ളി